അന്നം നൽകുന്ന അരുമകൾ

കൊക്കറ്റിൽ

എട്ടു വർഷം മുമ്പ് ജെസീലയെ പെണ്ണുകാണാൻ ചെല്ലുമ്പോൾ കെട്ടിട നിർമാണമേഖലയിലെ ജോലിക്കാരനായിരുന്നു കോഴിക്കോടിനടുത്ത് കുണ്ടായിത്തോട് ബൈത്തുൽഖാൻസ് വീട്ടിൽ ഫിറോസ്ഖാൻ. അന്ന് അലങ്കാരപ്പൂച്ചവളർത്തലാണ് ജോലിയെന്നു പറഞ്ഞിരുന്നെങ്കിൽ പെണ്ണു കിട്ടില്ലായിരുന്നെന്ന് ചിരിയോടെ ഫിറോസ്ഖാൻ പറയുന്നു. എന്നാൽ ഇന്ന് ജെസീലയുടെ വീട്ടിൽ പെണ്ണാലോചിച്ച് ഒരു പെറ്റ് സംരംഭകൻ എത്തിയാൽ വീട്ടുകാർ ധൈര്യമായി കെട്ടിച്ചുകൊടുക്കുമെന്ന് ഫിറോസ്ഖാന് ഉറപ്പുണ്ട്. കാരണം പൂച്ച, പക്ഷി വളർത്തൽ മാത്രം വരുമാനമാർഗമാക്കി ഫിറോസ്ഖാനും ജെസീലയും മക്കളും അവരുടെ കൂട്ടുകുടുംബവും അന്തസ്സായി ജീവിക്കുന്നത് അവർ കാണുന്നുണ്ട്. പെറ്റ് സംരംഭകനോട് സമൂഹത്തിനുണ്ടായിരുന്ന സമീപനം മാറിയെന്നു മാത്രമല്ല, മികച്ച വരുമാനമാർഗമാണിതെന്നു ബോധ്യംവരികയും ചെയ്തിരിക്കുന്നു.

പേർഷ്യൻ പൂച്ചയുമായി ഫിറോസ് ഖാൻ

ഫിറോസ്ഖാനു പണ്ടേയുണ്ട് പക്ഷി–പൂച്ച പ്രേമം. പേർഷ്യൻ പൂച്ചക്കുഞ്ഞുങ്ങളെ വിറ്റും ബ്രീഡിങ്ങിലൂടെയുമെല്ലാം മോശമല്ലാത്ത വരുമാനവും വന്നിരുന്നു. എങ്കിലും എന്താണു ജോലിയെന്ന് ആരെങ്കിലും ചോദിച്ചാൽ അവർക്കു ബോധ്യപ്പെടുന്ന ഒരു മറുപടി വേണമല്ലോ. അതുകൊണ്ട് നിർമാണമേഖലയിൽതന്നെ തുടർന്നു.

വായിക്കാം ഇ - കർഷകശ്രീ

ആറു വർഷം മുമ്പ് ആ രംഗം വിടുമ്പോൾ 1000 രൂപ ദിവസക്കൂലിയുണ്ടായിരുന്നു. മാസം ചുരുങ്ങിയത് 25,000 രൂപ വരുമാനം. എന്നാൽ അതിലേറെ പ്രതിഫലം തന്റെ അരുമപ്പൂച്ചകളും പക്ഷികളും സ്ഥിരമായി മാസംതോറും നൽകുന്നുവെന്ന് കണ്ടതോടെ ഇനിയങ്ങോട്ട് ഇതുതന്നെ ജീവിതമാർഗം എന്നു നിശ്ചയിച്ചു. തീരുമാനം തെറ്റിയില്ല, ദരിദ്രമായ ജീവിതസാഹചര്യങ്ങളിൽനിന്ന് വളർന്നുവന്ന ഫിറോസ്ഖാന്‍ ഇന്ന് മൂന്നു സെന്റ് സ്ഥലവും നല്ലൊരു വീടും സ്വന്തമാക്കിയത് ഈ സംരംഭത്തിലൂടെയാണ്. ഈ വീടിന്റെ ടെറസ്സിലാണ് അരുമകളും പാർക്കുന്നത്.

പൂച്ചകൾ ജെസീലയുടെയും അരുമകൾ

പൊന്നുരുക്കുന്ന പൂച്ചകൾ

പൂച്ചകൾ സ്വാർഥരാണെന്ന് നായ്സ്നേഹികൾ വിമർശിക്കാറുണ്ട്. നായ യജമാനനോട് ഭക്തിയുള്ള ജന്തുവാണെങ്കിൽ യജമാനൻ തങ്ങളെ മാനിക്കണം എന്ന മട്ടും ഭാവവുമാണ് പൂച്ചകൾക്ക്. പൗരാണിക മനുഷ്യർ പൂച്ചയെ ദൈവമായി ആരാധിച്ചിരുന്നെന്നും പൂച്ച ഇപ്പോഴും ആ ഓർമയുടെ ഹാങ്ങോവറിലാണെന്നും തമാശപോലുമുണ്ട്. അകത്തളജീവിതം ഇഷ്ടപ്പെടുന്ന പേർഷ്യൻ പൂച്ചകൾ അൽപം ഗമ കൂടിയ ജന്തുതന്നെയെന്നു ഫിറോസ്ഖാനും സമ്മതിക്കുന്നു. പ്രഭുക്കളുടെ അരുമകളായിരുന്ന ഈയിനം മധ്യേഷ്യയിൽ അറിയപ്പെട്ടിരുന്നത് ഇറാനിയൻ പൂച്ചകളെന്നാണ്. പിന്നീട് ഈ നീളൻ രോമക്കാർ യൂറോപ്പിനും അരുമകളായി. ലോകമെമ്പാടുമുള്ള പൂച്ച ജനുസ്സുകളിൽ ഏറ്റവും ഡിമാൻഡുള്ളതും പേർഷ്യൻ ഇനങ്ങൾക്കുതന്നെ. 25,000നും 35,000നും ഇടയിൽ വരും ഓരോന്നിന്റെയും വില.

കമ്പിളിക്കെട്ടുപോലെ രോമങ്ങൾ, ഉരുണ്ട ശരീരം, വലിയ തല, പരന്ന മുഖം, ചെറിയ ചെവികൾ എന്നിങ്ങനെ രൂപപ്രകൃതിയുള്ള പേർഷ്യൻ ഇനങ്ങള്‍ പൊതുവേ ശാന്തശീലരാണ്. അതുകൊണ്ടുതന്നെ മടിയിലെടുത്തുവച്ച് ഓമനിക്കാൻ ആളുകൾ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സെമി പഞ്ച്, കോബി ക്യാറ്റ്, ഡോൾഫെയ്സ്, കലീക്കോ ഇനങ്ങളുടെയും ഏഷ്യൻ ഇനമായ ലൈലാക് പോയ്ന്റർ ഇനത്തിന്റെയും ആൺപൂച്ചകളെ ഉപയോഗിച്ചുള്ള പ്രജനനമാണ് ഫിറോസ്ഖാന്റെ മുഖ്യ വരുമാനസ്രോതസ്സ്. കേരളത്തിൽ ഡോഗ് ബ്രീഡർമാർ ഏറെയുണ്ടെങ്കിലും ക്യാറ്റ് ബ്രീഡർമാർ കുറവാണ്. മാസം രണ്ടുമൂന്നു പേരെങ്കിലും പെൺപൂച്ചകളുമായി പേർഷ്യൻ ഇനങ്ങളെത്തേടിയെത്തും. ബ്രീഡിങ് ഫീസ് 7500 രൂപ. 56 മുതൽ 65 ദിവസം വരെയാണ് പൂച്ചകളുടെ ഗർഭകാലം. ഒരു പ്രസവത്തിൽ 5–8 കുഞ്ഞുങ്ങൾ. അവയെ വിറ്റും ലഭിക്കും മികച്ച വരുമാനം. വീട്ടമ്മമാർക്ക് ശ്രദ്ധവയ്ക്കാവുന്ന സംരംഭമാണിതെന്നും പൊന്നു വാങ്ങാനുള്ള പണം പൂച്ച നൽകുമെന്നും ഫിറോസ്ഖാൻ.

പണമേകുന്ന പക്ഷികൾ

ഫിഞ്ചസുകളെ പരിപാലിക്കുന്ന മകൻ ഷാഹുൽ ഖാൻ

പൂച്ചകൾക്കു പ്രിയം വർധിക്കുന്നത് അടുത്ത കാലത്താണെങ്കിൽ പക്ഷികൾക്കു കേരളത്തിൽ പണ്ടേ വിപണിയുണ്ട്. പ്രാവുകളാണ് ആദ്യം ജനപ്രീതി നേടിയത്. സമീപവർഷങ്ങളിൽ പക്ഷേ, പ്രാവു വിപണിയുടെ ചിറകൊടിഞ്ഞു. കാരണം സംരംഭകർതന്നെയെന്ന് ഫിറോസ്ഖാൻ. നൂറോ ഇരുനൂറോ രൂപയ്ക്കു ലഭിക്കുന്ന നാടൻ പ്രാവുകളെ ഉപയോഗിച്ച് വില കൂടിയ വിദേശയിനങ്ങളുടെ മുട്ടകൾ കണക്കില്ലാതെ വിരിയിച്ചു വിപണിയിലിറക്കി. അതോടെ വിലയിടിഞ്ഞു. പൊന്മുട്ടയിടുന്ന താറാവിനെ കൊന്നുവെന്നു പറയാം.

എന്നാൽ ഒട്ടേറെപ്പേർ പ്രാവുവളർത്തൽ ഒഴിവാക്കിയതുമൂലമാവാം അടുത്ത നാളുകളിൽ ഡിമാൻഡ് ഉയരുന്നുണ്ടെന്ന് ഫിറോസ്ഖാൻ. ഏതായാലും പ്രാവിനെക്കാൾ തൽക്കാലം ഈ സംരംഭകന്റെ ശ്രദ്ധ ആഫ്രിക്കൻ ലവ് ബേർഡ്സ്, ഫിഞ്ചസ്, കൊക്കറ്റീലുകൾ എന്നിവയിലാണ്.

വിപണിയിൽ പ്രിയമുള്ള കൊക്കറ്റിൽ

എല്ലാക്കാലത്തും മികച്ച ഡിമാൻഡുള്ള പക്ഷികളാണ്, കലപില ബഹളത്തിൽ മുന്നിൽ നിൽക്കുന്ന ആഫ്രിക്കൻ ലവ് ബേർഡ്സ്. പീച്ച് ഫേസ്, മാസ്കഡ്, ഫിഷർ എന്നിവയാണ് ഇന്നു വിപണിയിൽ പ്രചാരമുള്ള ആഫ്രിക്കൻ ലവ് ബേർഡ്സ് ഇനങ്ങൾ. കിളിബഹളങ്ങളിൽ അത്ര താൽപര്യമില്ലാത്തവർക്ക് പതിഞ്ഞ ശബ്ദമുള്ള ഫിഞ്ചസുകളെ ഇഷ്ടപ്പെടും. നമ്മുടെ നാട്ടിലെ കുഞ്ഞിക്കുരുവികളോട് സാദൃശ്യമുള്ള ഫിഞ്ചസിനെയും വയൽക്കുരുവികളായ ജാവാ സ്പാരോസിനെയും തേടിയെത്തുന്നവർ ഏറെയെന്നു ഫിറോസ്ഖാൻ.

അരുമപ്പക്ഷികളുടെ ആരാധകർ ഹൃദയത്തോടു ചേർത്തു നിർത്തുന്ന കുഞ്ഞിത്തത്തകളായ ബഡ്ജീസ് എന്ന ബഡ്ജറിഗർ ലവ്ബേർഡ്സിന്റെ വലിയ ശേഖരവും ഫിറോസ്ഖാനുണ്ട്. ഓസ്ട്രേലിയൻ ബഡ്ജീസാണ് കേരളത്തിൽ പ്രചാരം നേടിയിട്ടുള്ളത്. ജനസമ്മതിയുടെ കാര്യത്തിൽ ബഡ്ജീസിനൊപ്പം നിൽക്കുന്നവയാണ് ഓസ്ട്രേലിയൻ കൊക്കറ്റീലുകൾ. ഇണക്കി വളർത്തിയാൽ നന്നായി സംസാരിക്കുന്ന കൊക്കറ്റീലുകളുടെ തലപ്പൂവും ഉടലഴകും ആരെയും വശീകരിക്കും.

ഈ രംഗത്തേക്ക് ഇനിയും ഒട്ടേറെ സംരംഭകർ കടന്നുവരണം എന്ന അഭിപ്രായക്കാരനാണ് ഫിറോസ്ഖാൻ. എവിടെയെങ്കിലുമൊക്കെ ഒന്നോ രണ്ടോ സംരംഭകർ ഉയർന്നുവന്നതുകൊണ്ടു കാര്യമില്ല. കൂടുതൽ പേർ വരുമ്പോഴാണ് വിപണി വിശാലമാവുന്നത്. അപ്പോൾ മാത്രമേ പെറ്റ്സ് ഇനങ്ങളെത്തേടുന്ന അയൽനാട്ടുകാരുടെ കണ്ണിൽ കേരളം ഒരു ലക്ഷ്യസ്ഥാനമാകുകയുള്ളൂ. ഈ ഉദ്ദേശ്യത്തോടെതന്നെ ഫിറോസ്ഖാൻ ഒരു പുസ്തകവുമെഴുതി, പേര്; അന്നം നൽകും ഓമനകൾ.

ഫോൺ: 9020994214