സദ്ദാമും ഹുസൈനുമാണ്; പക്ഷേ യുദ്ധത്തിനില്ല

തൃശൂർ∙  അത് കാളേം പോത്തുമൊക്കെയാണെടേയ്... എന്നു പറയും മുൻപ് ഈ ഭീകരൻമാരെക്കുറിച്ച് അൽപം കേട്ടോളു. പേര് സദ്ദാം, ഹുസൈൻ, കുദ്ധൂസ്, ബുറാഖ്.... കാട്ടുപോത്തിന്റെ വലുപ്പവും തൂക്കവുമുള്ള വളർത്തു കാളകൾ. മോറ വർഗത്തിൽപ്പെട്ടവയാണ്. കണ്ടാൽ ഭീകരൻ. പേരുകേട്ടാൽ വിറയ്ക്കും പക്ഷേ, ആളു സൗമ്യൻ.

ഏതു കുട്ടിക്കും ഇതിന്റെ മുകളിൽ കയറിയിരിക്കുകയോ തലയിൽ തലോടുകയോ ചെയ്യാം. തൃശൂർ ഫെസ്റ്റിൽ പ്രദർശനത്തിനു കൊണ്ടുവന്നിരിക്കുന്ന കൂറ്റൻ കാളകളാണിവ. ഒരു വെള്ളപ്പോത്തുമുണ്ട്. പേര് ബുറാഖ്. ഉയരത്തിലാണു ബുറാഖിന്റെ മികവ്. കാളകൾ 1800 – 2000 കിലോ തൂക്കം വരും.

ആന്ധ്രയിൽ നിന്നാണു ഹുസൈന്റെ വരവ്. സദ്ദാം ഗുജറാത്തിൽ നിന്നും. ദേഹം നല്ലെണ്ണ തേച്ച് രോമങ്ങൾ ചീകിയൊരുക്കി രാജകീയമായി വേണം പരിപാലിക്കാൻ. കാളപ്പോരിനോ കാളയോട്ടത്തിനോ ഒന്നും ഇരെ കിട്ടില്ല. പ്രദർശന മൃഗമാണിവ. അഞ്ചും പത്തും ലക്ഷം രൂപ വില വരും.

കോടികൾ വിലവരുന്ന ഹരിയാനയിലെ യുവരാജ് പോത്തിന്റെ വർഗത്തിൽ പെട്ടതാണെന്നാണു കാളകളുടെ ഉടമ കാട്ടൂർ തളിയപ്പാടത്ത് ഷാനവാസ് അബ്ദുല്ല പറയുന്നത്. ഇമ്മാതിരി ഏഴെണ്ണമാണു ഷാനവാസിന്റെ വീട്ടിൽ.

ഇനി തീറ്റ കേട്ടോളൂ.

ആപ്പിൾ അഞ്ചുകിലോ, പാൽ പത്തുലീറ്റർ ഇവ നിർബന്ധം മറ്റു തീറ്റകൾ തരംപോലെയും ഉടമയുടെ കഴിവുപോലെയും കൊടുത്താൽ മതി; സിംപിൾ.

തൃശൂർ ശക്തൻ എക്സിബിഷൻ മൈതാനത്തു നടക്കുന്ന തൃശൂർ ഫെസ്റ്റിലാണ് ഇവയെ എത്തിച്ചിരിക്കുന്നത്. 

കാണികൾ ഇവയ്ക്കൊപ്പം സെൽഫിയെടുക്കാനായി തിരക്കു കൂട്ടുന്നുണ്ട്.