ഡെയറി ഫാമുകളിലെ നിശബ്ദവില്ലൻ അനാപ്ലാസ്മ, മുൻകരുതൽ വേണം
നമ്മുടെ നാട്ടിൽ വ്യപകമല്ലാതിരുന്ന പല രോഗങ്ങളും അടുത്ത കാലത്തായി പശുക്കള്‍ക്കിടയില്‍ കണ്ടുവരുന്നുണ്ട്. പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാംക്രമികരോഗങ്ങളിൽ പ്രധാനമാണ് പശുക്കളിലെ അനാപ്ലാസ്മ രോഗം. അനാപ്ലാസ്മ എന്ന പേര് കേൾക്കുമ്പോൾ ഭൂരിഭാഗം ക്ഷീര കർഷക സുഹൃത്തുക്കൾക്കും അൽപ്പം അപരിചിതത്വം
നമ്മുടെ നാട്ടിൽ വ്യപകമല്ലാതിരുന്ന പല രോഗങ്ങളും അടുത്ത കാലത്തായി പശുക്കള്‍ക്കിടയില്‍ കണ്ടുവരുന്നുണ്ട്. പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാംക്രമികരോഗങ്ങളിൽ പ്രധാനമാണ് പശുക്കളിലെ അനാപ്ലാസ്മ രോഗം. അനാപ്ലാസ്മ എന്ന പേര് കേൾക്കുമ്പോൾ ഭൂരിഭാഗം ക്ഷീര കർഷക സുഹൃത്തുക്കൾക്കും അൽപ്പം അപരിചിതത്വം
നമ്മുടെ നാട്ടിൽ വ്യപകമല്ലാതിരുന്ന പല രോഗങ്ങളും അടുത്ത കാലത്തായി പശുക്കള്‍ക്കിടയില്‍ കണ്ടുവരുന്നുണ്ട്. പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാംക്രമികരോഗങ്ങളിൽ പ്രധാനമാണ് പശുക്കളിലെ അനാപ്ലാസ്മ രോഗം. അനാപ്ലാസ്മ എന്ന പേര് കേൾക്കുമ്പോൾ ഭൂരിഭാഗം ക്ഷീര കർഷക സുഹൃത്തുക്കൾക്കും അൽപ്പം അപരിചിതത്വം
നമ്മുടെ നാട്ടിൽ വ്യാപകമല്ലാതിരുന്ന പല രോഗങ്ങളും അടുത്ത കാലത്തായി പശുക്കള്‍ക്കിടയില്‍ കണ്ടുവരുന്നുണ്ട്. പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാംക്രമികരോഗങ്ങളിൽ പ്രധാനമാണ് പശുക്കളിലെ അനാപ്ലാസ്മ രോഗം. അനാപ്ലാസ്മ എന്ന പേര് കേൾക്കുമ്പോൾ ഭൂരിഭാഗം ക്ഷീര കർഷക സുഹൃത്തുക്കൾക്കും അൽപ്പം അപരിചിതത്വം തോന്നാമെങ്കിലും ഇന്ന് നമ്മുടെ സങ്കരയിനം ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ജേഴ്സി പശുക്കളിൽ കാണുന്ന വിളർച്ചയുടെ അഥവാ രക്തക്കുറവിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഈ അനാപ്ലാസ്മാ രോഗാണുവാണ്. പശുക്കളിലെ മഞ്ഞപ്പനിയെന്ന പേരിലും അനാപ്ലാസ്മ രോഗം അറിയപ്പെടുന്നുണ്ട്. പശുക്കളുടെ ശരീരത്തിനുള്ളിൽ കയറിക്കൂടിയാൽ ക്രമേണ പശുക്കളുടെ ആരോഗ്യവും പ്രത്യുൽപ്പാദന ശേഷിയും ഉൽപ്പാദനമികവുമെല്ലാം ക്ഷയിപ്പിക്കുന്ന നിശബ്ദനായ വില്ലനാണ് അനാപ്ലാസ്മ. പശുക്കളുടെ പ്രതിരോധശേഷി തീരേ കുറയുന്ന സാഹചര്യങ്ങളിൽ രോഗം മൂർച്ഛിച്ച് പശുക്കൾ അകാലമൃത്യുയടയാനും സാധ്യത ഏറെ.
ആരാണ് ഈ അനാപ്ലാസ്മ?
റിക്കറ്റ്ഷ്യ എന്ന അണുകുടുംബത്തിലുള്‍പ്പെടുന്ന അനാപ്ലാസ്മ എന്നയിനം രക്തപരാദങ്ങളായ ബാക്ടീരിയകളാണ് അനാപ്ലാസ്മ രോഗം ഉണ്ടാക്കുന്നത്. രോഗകാരികളായ നിരവധി ഉപവിഭാഗങ്ങള്‍ ഉണ്ടെങ്കിലും അനാപ്ലാസ്മ മാർജിനേൽ എന്ന് പേരായ രോഗാണു കാരണമായുണ്ടാവുന്ന അനാപ്ലാസ്മ രോഗമാണ് കേരളത്തില്‍ സാധാരണ കാണപ്പെടുന്നത്. രോഗാണുക്കളെ പ്രധാനമായും പശുക്കളിലേക്ക് പടര്‍ത്തുന്നത് രക്തം ആഹാരമാക്കുന്ന പട്ടുണ്ണി/വട്ടൻ (Tick) എന്നറിയപ്പെടുന്ന ബാഹ്യപരാദങ്ങളാണ്. പശുക്കളെ കടിക്കുന്ന ചിലയിനം ഈച്ചകൾക്കും രോഗം പടർത്താൻ ശേഷിയുണ്ട്. രോഗവാഹകരായ പട്ടുണ്ണികളുടെ ഉമിനീർ ഗ്രന്ഥിയിലാണ് രോഗാണുക്കൾ വാസമുറപ്പിക്കുക. പട്ടുണ്ണികള്‍ രക്തമൂറ്റിക്കുടിക്കുമ്പോള്‍ അവയുടെ ഉമിനീര്‍ വഴി പശുക്കളുടെ ശരീരത്തിലെത്തുന്ന രോഗാണുക്കള്‍ ചുവന്ന രക്തകോശങ്ങളിലാണ് കടന്നുകയറുകയും പെരുകുകയും ചെയ്യുക. ഇത് ചുവന്ന രക്തകോശങ്ങളുടെ നാശത്തിന് വഴിയൊരുക്കും. പിന്നീട് ക്രമേണ പശുക്കളുടെ ശരീരത്തിലെ തൊണ്ണൂറ് ശതമാനത്തിലധികം ചുവന്ന രക്തകോശങ്ങളിലും കടന്നുകയറി കോശങ്ങളെ നശിപ്പിക്കാൻ അനാപ്ലാസ്മ രോഗാണുക്കൾക്ക് കഴിയും. ചുവന്ന രക്തകോശങ്ങളുടെ നാശം പശുക്കളിൽ വിളർച്ചക്കും മഞ്ഞപ്പിത്തത്തിനുമെല്ലാം വഴിയൊരുക്കും.
കിടാക്കളെ മുതല്‍ ഏതു പ്രായത്തിലുള്ള പശുക്കളെയും രോഗം ബാധിക്കും. എങ്കിലും മുതിർന്ന പശുക്കളെ അപേക്ഷിച്ച് കിടാക്കളും കിടാരികളും അനാപ്ലാസ്മയ്ക്കെതിരെ കൂടുതൽ പ്രതിരോധശേഷി പുലർത്തുന്നതായി കാണാം. നാടൻ പശുക്കളുമായി താരതമ്യപ്പെടുത്തിയാൽ ഹോൾസ്റ്റീൻ, ജഴ്സി സങ്കരയിനം പശുക്കളിലാണ് കൂടുതൽ രോഗ സാധ്യത. ശരീരസമ്മര്‍ദ്ദം കാരണം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി കുറയാനിടയുള്ളതിനാൽ മഴക്കാലത്തും കടുത്തവേനലിലും പ്രസവത്തോടനുബന്ധിച്ചും ദീര്‍ഘദൂരം യാത്ര ചെയ്ത് കൊണ്ടുവരുന്ന പശുക്കളിലും അനാപ്ലാസ്മ രോഗത്തിന് സാധ്യതയേറെയാണ്. പശുക്കളിൽ നിഷ്ക്രിയരായി കഴിയുന്ന രോഗാണുക്കൾ അനുകൂല സാഹചര്യം ലഭിക്കുമ്പോൾ പെരുകുന്നതാണ് രോഗം തീവമാവുന്നതിന് കാരണം. മാത്രമല്ല വേനൽ ജനുവരി മുതൽ മേയ് വരെ നീളുന്ന വരണ്ട മാസങ്ങളിൽ രോഗവാഹകരായ പട്ടുണ്ണികൾ പെരുകുന്നതും രോഗം ബാധിക്കാനുള്ള സാധ്യത കൂട്ടും. പശുക്കളില്‍ മാത്രമല്ല, എരുമകളിലും ആടുകളിലും രോഗസാധ്യതയുണ്ട്. പശുക്കളെ അപേക്ഷിച്ച് എരുമകളിലും പോത്തുകളിലും അനാപ്ലാസ്മ കൂടുതൽ മാരകമാണ്. കേരളത്തിൽ ആടുകളിൽ കാണുന്ന വിളർച്ചക്ക് പ്രധാനപ്പെട്ട ഒരു കാരണം അനാപ്ലാസ്മയാണ്.
ഈ ലക്ഷണങ്ങൾ കണ്ടാൽ അനാപ്ലാസ്മ സംശയിക്കാം
രോഗാണുക്കൾ ശരീരത്തിലെത്തി സാധാരണ ഗതിയിൽ രണ്ട് മുതൽ അഞ്ച് ആഴ്ചകൾക്കകം രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. എന്നാൽ, ചില സാഹചര്യങ്ങളിൽ ലക്ഷണങ്ങൾ പ്രകടമാവാൻ എടുക്കുന്ന ഈ ഇൻക്യൂബേഷൻ കാലയളവ് രണ്ടാഴ്ച മുതൽ മൂന്നു മാസം വരെ നീളാനും ഇടയുണ്ട്. കിടാരികളെ അപേക്ഷിച്ച് മുതിർന്ന പശുക്കളാണ് രോഗ ലക്ഷണങ്ങൾ തീവ്രമായി പ്രകടിപ്പിക്കുക. വിളർച്ച, ക്രമേണയുള്ള മെലിച്ചിൽ, ശരീരക്ഷീണം, തീറ്റയോടുള്ള മടുപ്പ്, പാല്‍ ഉല്‍പ്പാദനം ഘട്ടം ഘട്ടമായി കുറയല്‍, മദിലക്ഷണങ്ങൾ കാണിക്കാതിരിക്കൽ, 105 ഡിഗ്രി ഫാരൻഹീറ്റിന് മുകളിൽ പനി, വിറയല്‍, ശ്വാസമെടുക്കാനുള്ള പ്രയാസം, ചുമ തുടങ്ങിയവയാണ് രോഗത്തിന്‍റെ തുടക്കകത്തിലുള്ള ലക്ഷണങ്ങള്‍. ലക്ഷണങ്ങൾ ചിലപ്പോൾ ഒന്നോ രണ്ടോ ആഴ്ചകൾ നീണ്ടുനിൽക്കും. ക്രമേണ പശുക്കള്‍ തളര്‍ന്ന് കിടപ്പിലാവുകയും വിളർച്ചയും മഞ്ഞപ്പിത്തവും ശ്വാസതടസവും മൂര്‍ച്ഛിച്ച് മരണം സംഭവിക്കുകയും ചെയ്യും. നല്ല ആരോഗ്യവും പ്രതിരോധ ശേഷിയുമുള്ള പശുക്കളിൽ ശരീര സമ്മർദമുണ്ടാവുന്ന പ്രതികൂല സാഹചര്യങ്ങളിലാണ് രോഗം തീവ്രമാവുക. അനാപ്ലാസ്മ ബാധിച്ച ഗര്‍ഭിണിപശുക്കളില്‍ പ്രസവത്തോടനുബന്ധിച്ച് രോഗം കൂടുതല്‍ തീവ്രമാവാനും പ്രസവത്തെ തുടര്‍ന്ന് പശുക്കള്‍ വീണുപോവാനും സാധ്യതയുണ്ട്. പശുക്കളുടെ ഗര്‍ഭമലസാനുമിടയുണ്ട്.
അനാപ്ലാസ്മയെ അകറ്റിനിർത്താൻ
അനാപ്ലാസ്മ രോഗം തടയാനുള്ള ഏറ്റവും ഉത്തമ മാർഗം രോഗം പടര്‍ത്തുന്ന പട്ടുണ്ണികളുടെ നിയന്ത്രണം തന്നെയാണ്. പശുക്കളുടെ ശരീരത്തിന് പുറത്ത് നേരിട്ടും വെള്ളത്തിൽ ലയിപ്പിച്ചും പ്രയോഗിക്കാവുന്നതും ഉള്ളില്‍ ഗുളികരൂപത്തില്‍ നല്‍കാവുന്നതും തൊലിക്കിടയില്‍ കുത്തിവയ്ക്കാവുന്നതുമായ ബാഹ്യപരാദ നിയന്ത്രണ മരുന്നുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. സിന്തറ്റിക് പൈറന്തോയിഡ്, അമിട്രാസ്, ഐവര്‍മെക്ടിന്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട രാസസംയുക്തങ്ങള്‍ അടങ്ങിയതാണ് ഈ ബാഹ്യപരാദനാശിനികളില്‍ ഭൂരിഭാഗവും. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രസ്തുത മരുന്നുകള്‍ കൃത്യമായ ഇടവേളകളില്‍ നിര്‍ദേശിക്കപ്പെട്ട അളവില്‍, പശുക്കളുടെ ശരീരത്തിലും തൊഴുത്തിലും പരിസരത്തും ഉപയോഗിക്കുന്നതില്‍ ക്ഷീരകര്‍ഷകര്‍ ഒരു ഉപേക്ഷയും കാണിക്കരുത്. ഉദാഹരണത്തിന് 1% വീര്യമുള്ള ഫ്ലുമെത്രിൻ ലായനി പട്ടുണ്ണിനാശിനിയായി ഉപയോഗിക്കാം. Flupor Poron, NAASH, FLUMINTAS തുടങ്ങിയ ബ്രാൻഡ് പേരുകളില്‍ ഈ മരുന്ന് ലഭ്യമാണ്. ഉരുവിന്റെ നട്ടെല്ലിന്റെ തുടക്കം മുതല്‍ വാലിന്റെ കടഭാഗം വരെ നട്ടെല്ലിന്റെ മുകളിലൂടെ ലേപനം പുരട്ടണം. കിടാക്കളടക്കം എല്ലാ ഉരുക്കളുടെ ശരീരത്തിലും പട്ടുണ്ണിനാശിനികള്‍ പ്രയോഗിക്കാന്‍ മറക്കരുത്. മേയാൻ വിടുന്നതിന് മുൻപ് പശുക്കളുടെ മേനിയിൽ പട്ടുണ്ണികളെ അകറ്റുന്ന ലേപനങ്ങൾ പ്രയോഗിക്കുന്നത് ഉചിതമാണ്.
പശുക്കളുടെ ശരീരത്തില്‍ പ്രയോഗിച്ചതിന്‍റെ രണ്ട് ഇരട്ടി ഗാഢതയില്‍ മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ച് തൊഴുത്തിലും പരിസരത്തും തളിക്കണം. വെള്ളത്തിൽ ലയിപ്പിച്ച് ഉപയോഗിക്കാവുന്ന പട്ടുണ്ണിനാശിനി മരുന്നുകളാണ് ഇതിനായി ഉപയോഗിക്കേണ്ടത് . തൊഴുത്തിന്റെ തറയുടെയും ഭിത്തിയുടെയും ചെറിയ സുഷിരങ്ങളിൽ പട്ടുണ്ണികൾ മുട്ടയിട്ട് പെരുകാൻ ഇടയുള്ളതിനാൽ ഇവിടെയെല്ലാം പട്ടുണ്ണിനാശിനികൾ തളിക്കാൻ വിട്ടുപോവരുത്. കാരണം പട്ടുണ്ണികളും പട്ടുണ്ണികളുടെ മുട്ടകളും അവ വിരിഞ്ഞിറങ്ങുന്ന ലാര്‍വകളും ഒളിച്ചിരിക്കുന്നത് ഇത്തരം സുഷിരങ്ങളിലാണ്. യാതൊരു ആഹാരവും കൂടാതെ 2 മുതല്‍ 7 മാസം വരെ ഇവിടെ സുഖസുഷുപ്തിയില്‍ കഴിയാന്‍, അനുകൂലാവസ്ഥയില്‍ പട്ടുണ്ണികളുടെ ലാര്‍വകള്‍ക്ക് സാധിക്കും. പിന്നീട് പുറത്തിറങ്ങി രക്തമൂറ്റുകയും ചെയ്യും. തൊഴുത്തിന്റെ ഭിത്തിയിലെ സുഷിരങ്ങളും വിള്ളലുകളും സിമന്‍റ് ചേര്‍ത്തടയ്ക്കാനും ശ്രദ്ധിക്കണം. ഒപ്പം ബാഹ്യപരാദങ്ങള്‍ക്കെതിരായ മരുന്നുകള്‍ ചേര്‍ത്ത് തൊഴുത്തിന്‍റെ ഭിത്തികളില്‍ വെള്ള പൂശുകയും ചെയ്യാം.
ഒരേതരം പട്ടുണ്ണി നാശിനി തന്നെ സ്ഥിരമായി ഉപയോഗിക്കുന്നതിന് പകരം ഇടയ്ക്ക് മാറ്റി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പട്ടുണ്ണികള്‍ മരുന്നിനെതിരെ പ്രതിരോധശേഷിയാർജിക്കുന്നത് തടയാനാണിത്. തൊഴുത്തിന്‍റെ 2-21/2 മീറ്റര്‍ ചുറ്റളവില്‍ വളര്‍ന്നിരിക്കുന്ന പുല്ലും കളകളുമെല്ലാം നശിപ്പിച്ച് കളയണം. ഒപ്പം മതിയായ ജലവാര്‍ച്ച ഉറപ്പുവരുത്തി മെറ്റല്‍ വിരിക്കുകയും ചെയ്യാം. രക്തമൂറ്റിയ ശേഷം പശുക്കളുടെ ശരീരം വിട്ടിറങ്ങുന്ന പട്ടുണ്ണികള്‍ക്ക് മുട്ടയിട്ട് പെരുകുന്നതിനും ലാര്‍വകള്‍ വളര്‍ച്ച പ്രാപിക്കുന്നതിനും ഇത്തരം പാഴ്ച്ചെടികളും മറ്റും അനുകൂല സാഹചര്യം ഒരുക്കും. ഒറ്റത്തവണ 3000 ലധികം മുട്ടകളാണ് ഒരു പട്ടുണ്ണി മാത്രം പുറന്തള്ളുക. ഇത്രയും മുട്ടകള്‍ വിരിഞ്ഞ് രക്തമൂറ്റിക്കുടിക്കുകയും രോഗം പരത്തുകയും ചെയ്യുന്ന ലാര്‍വകള്‍ പുറത്തിറങ്ങിയാലുണ്ടാവുന്ന അപകടം ഊഹിക്കാമല്ലോ.
രോഗവാഹകരായ കടിയീച്ചകളെ നിയന്ത്രിക്കുന്നതിനായി തൊഴുത്തിൽ രാത്രികാലങ്ങളിൽ പച്ചകർപ്പൂരം അല്ലെങ്കിൽ കുന്തിരിക്കം ഉപയോഗിച്ച് പുകയ്ക്കുന്നത് ഉത്തമമാണ്. ആര്യവേപ്പ്, തുമ്പ, പാണൽ തുടങ്ങിയ പച്ചിലകൾ ഉപയോഗിച്ച് തൊഴുത്തിൽ പുകയിടുകയും ചെയ്യാം. വേപ്പെണ്ണ, പൂവത്തെണ്ണ തുടങ്ങിയവ തൊഴുത്തിലും പശുവിന്റെ ശരീരത്തിലും തളിക്കുന്നതും കടിയീച്ചകളേയും കൊതുകിനേയും അകറ്റും. ഫാമിനുള്ളിലും പരിസരത്തും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ചാണകം നനഞ്ഞ് വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണം. കടിയീച്ചകളുടെ പ്രജനനകേന്ദ്രമായ വളക്കുഴിയിൽ ആഴ്ചയിൽ രണ്ട് തവണ ഒരു കിലോ കുമ്മായത്തിൽ 250 ഗ്രാം ബ്ലീച്ചിംഗ് പൗഡർ ചേർത്ത മിശ്രിതം വിതറുന്നത് കടിയീച്ചകളെ നിയന്ത്രിക്കാൻ സഹായിക്കും.
രോഗ ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാതെ ചില പശുക്കൾ അനാപ്ലാസ്മ രോഗാണുവിന്‍റെ വാഹകരാവാൻ ഇടയുണ്ട്. പ്രസവം, പ്രതികൂല കാലാവസ്ഥ, ദീർഘ യാത്ര തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ ഈ പശുക്കളിലും രോഗാണുക്കൾ സജീവമായി രോഗം ഉണ്ടാക്കിയേക്കാം. മാത്രമല്ല ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാത്ത ഈ പശുക്കൾ മറ്റു പശുക്കളിലേക്ക് രോഗവ്യാപനത്തിനു വഴിയൊരുക്കുകയും ചെയ്യും . അനാപ്ലാസ്മ അണുവിന്റെ നിശബ്ദവാഹകരായ ഇത്തരം പശുക്കളെ കണ്ടെത്തുന്നതിനായി ഫാമുകളില്‍ രണ്ട് മാസത്തിൽ ഒരിക്കൽ രക്തപരിശോധന നടത്തുന്നത് ഉചിതമായ രോഗനിയന്ത്രണ മാര്‍ഗമാണ്. പ്രത്യേകിച്ച് പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ടോ മൂന്നോ ആഴ്ചകൾക്ക് മുൻപ് രക്തപരിശോധന നടത്തുന്നത് അഭികാമ്യമാണ്. ആട്, എരുമ, പോത്ത് ഫാമുകളിലും ഇത്തരം പരിശോധനകള്‍ നടത്തണം.
പശുക്കൾക്ക് സമ്മർദ്ദ സാഹചര്യങ്ങളെ അതിജീവിക്കാൻ ആവശ്യമായ ആരോഗ്യ ശേഷിയും പ്രതിരോധ ശക്തിയും ഉറപ്പാക്കുന്നതിനായി സിങ്ക്, കോപ്പർ, ജീവകം ഇ, സെലീനിയം, അയൺ തുടങ്ങിയ ധാതുജീവകങ്ങൾ മതിയായ അളവിൽ അടങ്ങിയ മിശ്രിതങ്ങളും ( ഉദാഹരണം- ന്യൂട്രിസെൽ പൗഡർ, അഗ്രിമിൻ ഫോർട്ടി തുടങ്ങിയവ) , കരൾ ഉത്തേജന മരുന്നുകൾ എന്നിവ പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തണം.
ഫാമുകളിലേക്ക് പുതുതായി പശുക്കളെ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് 3 ആഴ്ചക്കാലം പ്രത്യേകം മാറ്റി പാര്‍പ്പിച്ച് (ക്വാറന്‍റൈന്‍) നിരീക്ഷിക്കാനും, രക്തം പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം മറ്റ് പശുക്കള്‍ക്കൊപ്പം ചേര്‍ക്കാനും ശ്രദ്ധിക്കണം. രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നപക്ഷം ഉടന്‍ ചികിത്സ ഉറപ്പാക്കാന്‍ മറക്കരുത്.
അണുവിമുക്തമാക്കാത്ത കുത്തിവയ്‌പ് സൂചികൾ അപകടകാരി
പട്ടുണ്ണികളും കടിയീച്ചകളും വഴി മാത്രമല്ല, ഉപയോഗിച്ച കുത്തിവയ്‌പ് സൂചികളും സിറിഞ്ചുകളും ശരിയായി അണുവിമുക്തമാക്കാതെ മറ്റു പശുക്കളില്‍ വീണ്ടും ഉപയോഗിക്കുന്നതു വഴിയും രക്തപരാദങ്ങള്‍ പടരാന്‍ ഇടയുണ്ട്. ചെവിയിൽ കമ്മലടിക്കാൻ ഉപയോഗിക്കുന്ന ഇയർ ടാഗിങ് ഉപകരണങ്ങൾ, കൊമ്പ് കളയാൻ കിടാക്കളിൽ ഉപയോഗിക്കുന്ന ഡീഹോണിങ് ഉപകരങ്ങൾ എന്നിവ ഓരോ തവണ ഉപയോഗിച്ചതിന് ശേഷം അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കുന്നതും രോഗവ്യാപനത്തിന് ഇടയാക്കും. സൂചികളും സിറിഞ്ചും രക്തവുമായി സമ്പർക്കത്തിൽ വരുന്ന മറ്റുപകരണങ്ങളും അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം.
അനാപ്ലാസ്മ രോഗം സംശയിച്ചാല്‍
തങ്ങളുടെ പശുക്കളിൽ അനാപ്ലാസ്മ രോഗം സംശയിച്ചാല്‍ കർഷകർ രോഗനിർണയത്തിനും ചികിത്സകള്‍ക്കുമായി വെറ്ററിനറി ഡോക്ടറുടെ സേവനം ഉടന്‍ തേടണം. തൈലേറിയ രോഗം, ബബീസിയ രോഗം, ട്രിപ്പാനോസോമ രോഗം, പാസ്ച്ചുറെല്ല തുടങ്ങിയ സമാന രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗങ്ങളില്‍ നിന്നെല്ലാം അനാപ്ലാസ്മ രോഗാണുവിനെ പ്രത്യേകം വേര്‍തിരിച്ച് മനസിലാക്കി ചികിത്സ നല്‍കേണ്ടതുണ്ട്. ചിലപ്പോള്‍ ഒന്നിലധികം ഇനം രോഗാണുക്കളുടെ സാന്നിധ്യവും ഉണ്ടാവാനിടയുണ്ട്. ഇതറിയുന്നതിനും, രോഗാണു തീവ്രത കൃത്യമായി വിലയിരുത്തുന്നതിനും, ചികിത്സാക്രമം നിശ്ചയിക്കുന്നതിനും രക്തപരിശോധന പ്രധാനമാണ്.
രോഗാണുവിനെ നശിപ്പിക്കുന്ന ഇമിഡോകാർബ്, ഓക്സിടെട്രാസൈക്ലിൻ തുടങ്ങിയ ആന്റിബയോട്ടിക് മരുന്നുകള്‍ രോഗാരംഭത്തില്‍ തന്നെ പ്രയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്. ഗുരുതരമായ വിളർച്ച ബാധിച്ച പശുക്കൾക്ക് രക്തനിവേശനം നടത്തുകയോ കൃത്രിമ പ്ലാസ്മ നൽകുകയോ വേണ്ടി വരും. ഇതിനുള്ള സംവിധാനങ്ങൾ ഇന്നുണ്ട്. പ്രോബയോട്ടിക്കുകളും, അയണ്‍, കോപ്പർ, സെലീനിയം, ഫോളിക് ആസിഡ്, ജീവകം ഇ എന്നിവയെല്ലാം അടങ്ങിയ ധാതു ജീവക മിശ്രിതങ്ങളും ശരീരത്തിന്‍റെ ആരോഗ്യവും പ്രതിരോധശക്തിയും വീണ്ടെടുക്കുന്നതിനായി തുടർച്ചയായി പശുക്കള്‍ക്ക് നല്‍കണം. അനാപ്ലാസ്മ രോഗാണു കരളിനേൽപ്പിച്ച കേടുപാടുകൾ തീർക്കുന്നതിനായി കരൾ സംരക്ഷണ-ഉത്തേജന മരുന്നുകളിലൊന്ന് തുടർച്ചയായി ഒരു മാസം പശുക്കൾക്ക് നൽകണം. സിലിമാരിൽ, ടെഫ്രോളി, ബെക്സോ ലീവ്, ലീവ് 52 തുടങ്ങിയ വിവിധ ബ്രാൻഡുകളിൽ കരൾ ഉത്തേജന മരുന്നുകൾ വിപണിയിൽ സുലഭമാണ്. രോഗം ഭേദമായതിന് മൂന്നാഴ്ചകള്‍ക്ക് ശേഷം വീണ്ടും രക്തപരിശോധന നടത്തി രോഗാണുസാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
രോഗത്തിൽ നിന്ന് രക്ഷപ്പെട്ടാൽ വീണ്ടും രോഗം വരുമോ?
കൃത്യസമയത്തെ രോഗനിർണയവും ചികിത്സയും വഴി തീവ്രരോഗത്തിൽ നിന്ന് പശുക്കൾ രക്ഷപ്പെടും. എങ്കിലും ഭാവിയിൽ വീണ്ടും രോഗമുണ്ടാവാനുള്ള സാധ്യത ഉണ്ട് . കാരണം അനാപ്ലാസ്മ ഉൾപ്പെടെയുള്ള രക്തപരാദങ്ങൾ ഒരിക്കൽ പശുക്കളുടെ ശരീരത്തിൽ കയറി കഴിഞ്ഞാൽ അവയെ പൂർണമായും ഒഴിവാക്കുക എന്നത് പ്രായോഗികമല്ല. പശുക്കളുടെ ജീവിതകാലം മുഴുവൻ ചുരുങ്ങിയ അളവിൽ അവ രക്താണുക്കളിലും ശരീരാവയവങ്ങളിലും ഒളിച്ചിരിക്കും. പ്രസവം, കാലാവസ്ഥാമാറ്റം, ദീർഘ യാത്ര തുടങ്ങി ശരീരസമ്മർദ്ദം ഉണ്ടായി സ്വാഭാവിക പ്രതിരോധം കുറയുന്ന സാഹചര്യങ്ങളിൽ ഈ രോഗാണുക്കൾ പെരുകി വീണ്ടും രോഗമുണ്ടായേക്കാം . അതിനാൽ രോഗബാധയിൽ നിന്ന് രക്ഷപെട്ട പശുക്കളെ രണ്ട് മാസത്തിൽ ഒരിക്കലെങ്കിലും അല്ലെങ്കിൽ പ്രസവത്തോടനുബന്ധിച്ചും രക്ത പരിശോധന നടത്തുന്നത് പ്രധാനമാണ്.