അണലിയെ കൊന്ന് വീട്ടുകാരെ രക്ഷിച്ചു: നായ്ക്കുട്ടിയുടെ ജീവൻ തിരിച്ചുപിടിച്ച് ഡോക്ടർമാർ
Mail This Article
വീട്ടുമുറ്റത്തുവന്ന അണലിയെ കൊന്ന് വീട്ടുകാർക്ക് സുരക്ഷ നൽകിയ നായ്ക്കുട്ടി തിരികെ ജീവിതത്തിലേക്ക്. ആക്രമണത്തിനിടെ മുഖത്ത് കടിയേറ്റ നായ്ക്കുട്ടിയെ ആറു ഡോസ് ആന്റിസീറം കുത്തിവച്ചാണ് ഡോക്ടർമാർ രക്ഷപ്പെടുത്തിയത്.
മൂന്നു വയസുള്ള സ്പിറ്റ്സ് ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ എന്നത്തെയുംപോലെ രാവിലെ ആറിന് ഉടമ അഴിച്ചുവിട്ടപ്പോഴായിരുന്നു സംഭവം. ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് പാമ്പിനെ കൊന്നുവച്ചിരിക്കുന്നത് കണ്ടത്. പിന്നീട് ഛർദ്ദിക്കാൻ തുടങ്ങിയ പത്തുമണിയോടെ ഉടമ ആറ്റിങ്ങൽ വെറ്ററിനറി ഹോസ്പിറ്റലിൽ എത്തിച്ചു.
അണലിയുടെ കടിയേറ്റാൽ രക്തം കട്ടപിടിക്കില്ല. അതുകൊണ്ടുതന്നെ മുഖത്തെ മുറിവിൽനിന്ന് രക്തം പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. മനുഷ്യരിൽ ഉപയോഗിക്കുന്ന ആന്റിവെനം ഉടൻതന്നെ നൽകി. രണ്ടു വയൽ ആന്റിവെനം ഒറ്റത്തവണ നൽകുന്ന രീതിയിൽ ഒരു മണിക്കൂർ ഇടവിട്ട് മൂന്നു തവണ ആന്റിവെനം നൽകി. ഓരോ തവണ മരുന്നു നൽകുമ്പോഴും രക്തം കട്ടയാകാനെടുക്കുന്ന സമയം പരിശോധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
പാമ്പിന്റെ കടിയേറ്റാൽ സാധാരണ സ്വീകരിക്കുന്ന ചികിത്സാ പ്രോട്ടോകോളിൽ രക്തം കട്ടയാകാനെടുക്കുന്ന സമയം (WBCT-Whole Blood Clotting Time) പരിശോധിക്കേണ്ടതുണ്ട്. രക്തം കട്ട പിടിക്കുന്നതിന് 20 മിനിറ്റിൽ കൂടുതൽ സമയം എടുത്താൽ അത് ഗുരുതരമാണ്. സാധാരണ രക്തം 6–7 മിനിറ്റിൽ കട്ടയാകേണ്ടതാണ്. അണലിയുടെ കടിയേറ്റാൽ ഇതിന് 20 മിനിറ്റിൽ കൂടുതൽ വരാം. ആറു വയൽ ആന്റിവെനം നൽകിയതോടെ രക്തം സാധാരണ രീതിയിൽ കട്ടപിടിക്കാൻ തുടങ്ങി. അതോടെ മറ്റു മരുന്നുകൾ തുടങ്ങി. രക്തം പരിശോധിച്ച് ക്രയാറ്റിൻ നില സാധാരണയായി എന്ന് ഉറപ്പിച്ചശേഷമാണ് നായയെ ഡിസ്ചാർജ് ചെയ്തത്.
ആന്റിവെനം ഒരു വയലിന് 650 രൂപയോളം വിലയുണ്ട്. 4 വയൽ ആശുപത്രിയിലുണ്ടായിരുന്നു. അവസാന രണ്ടു ഡോസ് മാത്രമാണ് ഉടമയ്ക്ക് പുറമേനിന്ന് വാങ്ങേണ്ടിവന്നത്.
ഡോ. സി.ജെ. നിതിൻ, ഡോ. അഞ്ജിത, ഇന്റേൺഷിപ് വിദ്യാർഥികളായ ഡോ. ഭാഗ്യ ഉണ്ണിത്താൻ, ഡോ. എസ്.അനവദ്യ, ഡോ. റോഹിൻ എന്നിവരടങ്ങിയ സംഘമാണ് ചികിത്സിച്ചത്.
English summary: Viper Bite Poisoning in Dogs