‘ബസ്സ് കടന്നു പോകുന്നതിനിടെ വഴിയരികിൽനിന്ന് പുല്ല് തിന്നുന്ന കുവിയെ ഞാൻ കണ്ടു’: കുവി– ഭാഗം 6
പ്രളയം കൊണ്ടുപോയതിന്റെ ബാക്കിയായുള്ള വഴിയെന്നു മാത്രം പറയാവുന്നിടത്തു കൂടി ജീപ്പ് ചെരിഞ്ഞും, തെറിച്ചും, ചാടിയും മുന്നോട്ടു പോയി. ചില സ്ഥലങ്ങളിൽ രണ്ടു വീലും നിലം തൊടാതെ സഞ്ചരിച്ചു. ജീപ്പിന്റെ ബാലൻസ് തെറ്റാതിരിക്കാൻ കൂടെയുള്ളവർ ജീപ്പിന്റെ വശങ്ങളിൽ തൂങ്ങിയും ആടിയുമൊക്കെ നല്ല പോലെ
പ്രളയം കൊണ്ടുപോയതിന്റെ ബാക്കിയായുള്ള വഴിയെന്നു മാത്രം പറയാവുന്നിടത്തു കൂടി ജീപ്പ് ചെരിഞ്ഞും, തെറിച്ചും, ചാടിയും മുന്നോട്ടു പോയി. ചില സ്ഥലങ്ങളിൽ രണ്ടു വീലും നിലം തൊടാതെ സഞ്ചരിച്ചു. ജീപ്പിന്റെ ബാലൻസ് തെറ്റാതിരിക്കാൻ കൂടെയുള്ളവർ ജീപ്പിന്റെ വശങ്ങളിൽ തൂങ്ങിയും ആടിയുമൊക്കെ നല്ല പോലെ
പ്രളയം കൊണ്ടുപോയതിന്റെ ബാക്കിയായുള്ള വഴിയെന്നു മാത്രം പറയാവുന്നിടത്തു കൂടി ജീപ്പ് ചെരിഞ്ഞും, തെറിച്ചും, ചാടിയും മുന്നോട്ടു പോയി. ചില സ്ഥലങ്ങളിൽ രണ്ടു വീലും നിലം തൊടാതെ സഞ്ചരിച്ചു. ജീപ്പിന്റെ ബാലൻസ് തെറ്റാതിരിക്കാൻ കൂടെയുള്ളവർ ജീപ്പിന്റെ വശങ്ങളിൽ തൂങ്ങിയും ആടിയുമൊക്കെ നല്ല പോലെ
പ്രളയം കൊണ്ടുപോയതിന്റെ ബാക്കിയായുള്ള വഴിയെന്നു മാത്രം പറയാവുന്നിടത്തു കൂടി ജീപ്പ് ചെരിഞ്ഞും, തെറിച്ചും, ചാടിയും മുന്നോട്ടു പോയി. ചില സ്ഥലങ്ങളിൽ രണ്ടു വീലും നിലം തൊടാതെ സഞ്ചരിച്ചു. ജീപ്പിന്റെ ബാലൻസ് തെറ്റാതിരിക്കാൻ കൂടെയുള്ളവർ ജീപ്പിന്റെ വശങ്ങളിൽ തൂങ്ങിയും ആടിയുമൊക്കെ നല്ല പോലെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. വലിയ കുലുക്കങ്ങളിൽ നായ്ക്കൾക്ക് അപകടമൊന്നും പറ്റാതിരിക്കാൻ ഞാനും സാബുസാറും സ്‌റ്റെഫിയെയും ജെനിയെയും എടുത്ത് മടിയിൽ വച്ച് ഒരു കൈ കൊണ്ട് അവരെ ചുറ്റി പിടിച്ചും മറുകൈ കൊണ്ട് ജീപ്പിൽ മുറുകെ പിടിച്ചും ഇരുന്നു.
കുറച്ചു നേരത്തെ ആ സാഹസിക യാത്രയ്ക്കു ശേഷം, കുലുക്കം കുറഞ്ഞു. ജീപ്പ് ഒരു മൈതാനം പോലെ ഭംഗിയുള്ള സ്ഥലത്തിന് സമീപമെത്തി. വലതു വശത്തെ മൈതാനം പോലുള്ള സ്ഥലത്ത് ധാരാളം സാധനങ്ങൾ അടിഞ്ഞുകൂടി കിടക്കുന്നു. പ്രളയം കൈക്കലാക്കിയിരുന്ന ഗ്രാമത്തിലെ ഒട്ടുമിക്ക സാധനങ്ങളും അവിടവിടെ കൊണ്ടുവച്ചിരിക്കുന്നു. കുറെ ജീവിതങ്ങളുടെ പ്രതീക്ഷകളും, നീക്കിയിരുപ്പുകളുമെല്ലാം അവിടെ വന്നു പൂർണ വിരാമമിട്ടു നിൽക്കുന്നു. രണ്ടു ജീപ്പിന്റെ അവശിഷ്ടങ്ങൾ അവിടെ ചിതറി കിടക്കുന്നു. വാതിൽ, ജനൽ പടികൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, ജയലളിതയുടെ പഴയ അമ്മ ടിവികൾ, കുഞ്ഞ് മക്കളുടെ സ്കൂൾ ബാഗുകൾ തുടങ്ങി ആ ഗ്രാമത്തിലെ മിക്ക സാധനങ്ങളും അവിടെ അടിഞ്ഞിരിക്കുന്നു. ജീപ്പ് മുന്നോട്ട് വീണ്ടും പോയി കുത്തിയൊലിക്കുന്ന കന്നിയാറിന്റെ തീരത്ത് നിന്നു.
പിറകെ വന്ന ജീപ്പുകളിൽനിന്ന് ഓഫീസർമാരും അഡ്വഞ്ചർ ക്ലബ്ബുകാരും ഇറങ്ങി. ഓഫീസർമാരുടെ നിർദ്ദേശപ്രകാരം കന്നിയാറിന്റെ അക്കരെ തിരയാൻ തീരുമാനിച്ചു. അവിടെ ഇതുവരെ ആരും തിരച്ചിൽ നടത്തിയിട്ടില്ലെന്ന് പറഞ്ഞു. കന്നിയാറിനെ മറികടക്കാൻ പ്രളയം പകുതി മുക്കാലും ചായ്ച്ച് വച്ച മരം ഞങ്ങൾ കന്നിയാറിന് കുറുകെ മറിച്ചിട്ടു. അതിൽ കൂടി അക്കരെ കടക്കുന്നതിനു വേണ്ടി അഡ്വഞ്ചർ ക്ലബ്ബുകാർ ആറിനു കുറുകെ ഒരു കയർ കെട്ടി. സ്റ്റെഫിയെ എടുത്ത് തോളിൽ വച്ച് ഞാൻ മുൻപിൽ നടന്നു. ഒരു കൈ കൊണ്ട് തോളിലിരിക്കുന്ന സ്റ്റെഫിയെ മുറുകെ പിടിച്ചു മറിച്ചിട്ട മരത്തിലൂടെ പതിയെ പിച്ചവച്ചു നടന്നു. പകുതി വരെ എത്തിയപ്പോൾ സ്റ്റെഫിയെയും തോളിൽ വച്ച് മുന്നോട്ട് പോകാൻ പ്രയാസം അനുഭവപ്പെട്ടപ്പോൾ പെട്ടന്ന് അഡ്വഞ്ചർ ക്ലബിലെ സാനു മുന്നിലേക്കു വന്നു സ്റ്റെഫിയെ എന്റെ തോളിൽനിന്നെടുത്ത് കൈകളിൽ വച്ചു കൊണ്ട് ആറു കടന്നു. പിന്നാലെ ഞാനും അതിന് പിറകെ NDRFലെ രക്ഷാപ്രവർത്തകരും ആറു കടന്ന് അക്കരെയെത്തി.
അക്കരെയുള്ള കൊടുങ്കാട്ടിൽ ഓരോ മുക്കും മൂലയും അരിച്ചുപെറക്കുന്നതിനിടയിൽ ചാറ്റൽമഴയെത്തി. എല്ലാവരും അത് വകവയ്ക്കാതെ നനഞ്ഞുകൊണ്ട് തിരച്ചിൽ തുടർന്നുകൊണ്ടിരുന്നു. റെയിൻകോട്ടിനു മുകളിൽ കൂടി കുളയട്ടകൾ ഇരച്ചു കയറുന്നുണ്ടായിരുന്നു. കൂടെ വന്നവർ ഉപ്പ് വിതറി അവയെ തുരത്തി കൊണ്ടിരുന്നു. സ്റ്റെഫിയുടെ വെള്ള രോമങ്ങൾ പലയിടത്തും കുളയട്ടയുടെ ആക്രമണത്താൽ രക്തം പടർന്നിരുന്നു. വിശദമായ തിരച്ചിലിനിടയിൽ സന്നദ്ധ സംഘടനകൾ ആഹാരവുമായി എത്തി. മഴയത്തു കാട്ടിലൂടെ ചതുപ്പിലും ചെളിയിലും വെളത്തിലും കൂടിയുള്ള ദീർഘമായ നടത്തം എല്ലാവരെയും ക്ഷീണിതരാക്കിയിരുന്നു. നിലത്തിരുന്നാൽ അട്ട കയറുമെന്ന പേടിയിൽ എല്ലാവരും നിന്നുകൊണ്ട് തന്നെ ആഹാരം കഴിച്ചു. കൂടെയുണ്ടായിരുന്ന അഡ്വഞ്ചർ ക്ലബിലെ സാനു പറഞ്ഞു.
‘സാർ കൈയ്യിൽ അട്ട കടിച്ചെന്ന് തോന്നുന്നു. രക്തമൊഴുകി വരുന്നുണ്ട്.’
ഞാൻ വേഗം കോട്ടഴിച്ചു. കൈമുട്ടിന് മുകളിലായി അട്ട കടിച്ചു വിട്ടു പോയിടത്തുനിന്ന് രക്തം ഒഴുകുന്നുണ്ട്. ആറ്റിലിറങ്ങി കൈ കഴുകി. രക്തം നിൽക്കാതായപ്പോൾ ആഹാരം പൊതിഞ്ഞുകൊണ്ടുവന്ന ന്യൂസ് പേപ്പർ കീറിയെടുത്ത് മുറിവിൽ ഒട്ടിച്ചു വച്ചിട്ട് വീണ്ടും തിരച്ചിലാരംഭിച്ചു. സമയം വൈകിയപ്പോൾ ചാറികൊണ്ടിരുന്ന മഴ ശക്തമായി. കന്നിയാറ്റിലെ ഒഴുക്ക് വീണ്ടും കൂടിയതും ശക്തമായ മഴയും ഞങ്ങളുടെ തിരച്ചിൽ മുന്നോട്ട് പോകുന്നതിന് വിഘാതമായി നിന്നു. ഞങ്ങൾ തിരികെ നടന്നു. സ്റ്റെഫിയെ എടുത്ത‌് വീണ്ടും തോളിൽ വച്ച് ആറിനു കുറുകെ കിടന്ന മരം വളരെ കഷ്ടപ്പെട്ടു കടന്നു. മഴ കൂടിയതു കാരണം കുറുകെ കിടന്ന മരത്തിനെ കുലുക്കിക്കൊണ്ടാണ് ഇപ്പോൾ ആറൊഴുകുന്നത്. അക്കരെ കടന്നപ്പോൾ ആരൊ വിളിച്ച് പറയുന്നതു കേട്ടു .
‘എല്ലാവരും ആറിന്റെ അടുത്തുനിന്ന് മാറിനിൽക്ക് വെള്ളം കലങ്ങിയാണ് ഒഴുകി വരുന്നത്... പെട്ടന്ന് വെള്ളം കൂടാം...’
എല്ലാവരും പെരുമഴയിൽ നനഞ്ഞും നനയാതെയും ജീപ്പുകളിൽ കയറി. വശങ്ങളിൽ പടുതയൊന്നുമില്ലാത്ത ജീപ്പിൽ എല്ലാവരും നനഞ്ഞൊലിക്കുന്ന റെയിൻകോട്ടോടെ തന്നെ കയറിയിരുന്നു. സ്റ്റെഫിയുമായി ഞാൻ ജീപ്പിന്റെ മുൻ സീറ്റിൽ കയറിയിരുന്നു. ജീപ്പ് പതിയെ വന്ന വഴിയിലൂടെ മുന്നോട്ടു പോയി. ഇരച്ച് പെയ്യുന്ന പെരുമഴ, വന്ന വഴിയും സ്ഥലങ്ങളുമൊക്കെ അപരിചിതമാക്കിക്കൊണ്ടിരുന്നു. ജീപ്പിന്റെ പഴകിയ വൈപ്പർ ബ്ലെയ്ഡ് ഗ്ലാസ്സിലെ വെള്ളം വകഞ്ഞു മാറ്റാൻ കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഡ്രൈവർ തല വെളിയിലിട്ട് ജീപ്പ് മുന്നോട്ട് എടുത്തുകൊണ്ടിരുന്നു.
ഞങ്ങൾ രാവിലെ വന്ന വഴിയിൽ കൂടി വെള്ളം കുത്തിയൊഴുകി വലിയ കുഴിയും ആയിട്ടുണ്ട്. ജീപ്പ് അതിസാഹസികമായി തന്നെ മുന്നോട്ടു പോയി. പെട്ടിമുടി കാണാൻ തുടങ്ങിയപ്പോൾ തന്നെ വൈപ്പർ വകഞ്ഞുമാറ്റുന്ന വെള്ളത്തിനിടയിൽ കുവിയെ അവിടെങ്ങാനും കാണുന്നുണ്ടോന്ന് ഞാൻ നോക്കിയിരുന്നു. ജീപ്പ് ഞങ്ങളുടെ ഇടിവണ്ടിയുടെ സമീപം കൊണ്ടുനിർത്തി. ഞങ്ങളുടെ ഡോഗുകളെ വേഗം വണ്ടിയിൽ കയറ്റി നല്ലപോലെ തുടച്ച് വൃത്തിയാക്കി. എല്ലാ നായ്ക്കളുടെയും ബോഡി ബെൽറ്റുകൾ അഴിച്ചു മാറ്റിയപ്പോൾ അട്ടകൾ രക്തമൂറ്റിപ്പോയതിന്റെ ധാരാളം പാടുകൾ ശരീരം നിറയെ. അതെല്ലാം തുടച്ച് വൃത്തിയാക്കി മരുന്നുകൾ പുരട്ടിക്കൊണ്ടിരുന്നപ്പോൾ ബസ്സിനു വെളിയിൽ ഒരു കുര കേട്ടു. അത് കേട്ടു സ്റ്റെഫി മുതുകിലെ രോമമൊക്കെ ഉയർത്തി ഉച്ചത്തിൽ കുരച്ചു. സ്റ്റെഫിയുടെ കുര തീരുന്നതിന് മുൻപു തന്നെ വെളിയിൽനിന്ന് മറുപടി കുര വന്നു. ഞാൻ വന്നു വാതിലിൽ കൂടി നോക്കിയപ്പോൾ കുവി മഴയിൽ കുളിച്ചൊലിച്ച് താഴെ നിൽക്കുന്നു. ഞങ്ങൾ വന്ന് വണ്ടിയിൽ കയറുന്നത് കണ്ടിട്ട് വന്നതാണെന്ന് തോന്നുന്നു. ഞാൻ സ്റ്റെഫിക്ക് ആഹാരം കൊടുത്ത് ബസ്സിൽ ലോക്ക് ചെയ്ത് റെയിൻ കോട്ടോടെ താഴേക്ക് ഇറങ്ങിച്ചെന്നു. ഞാൻ ഇറങ്ങി ചെന്നപ്പോൾ അവൾ വട്ടം ചുറ്റാനും എന്തൊക്കെയൊ സംസാരിക്കാനും തുടങ്ങി. ഞാൻ ചുമ്മാ അവളോട് കുശലം ചോദിച്ചു.
‘നീ വല്ലതും കഴിച്ചോ? വാ... നമ്മുക്ക് മെസ്സിൽ പോയി എന്തെങ്കിലുമുണ്ടോന്ന് നോക്കാം...’
അതിനൊക്കെ വാലിളകി പോകുന്ന രീതിയിലുള്ള വാലാട്ടലും ചെറുകുരകളുമായിരുന്നു മറുപടി.
നല്ല തണുപ്പിൽ കൈകൾ പിറകിൽ ഇറുകെ കെട്ടി ഞാൻ മെസ്സിലേക്ക് നടന്നു പോയി. അവൾ തുള്ളിച്ചാടി എന്റൊപ്പം വന്നു. മഴ കുറഞ്ഞ് വീണ്ടും ചാറലായി. ചാറ്റൽമഴയിൽ കഴിക്കാൻ മെസ്സിൽ സന്നദ്ധ സംഘടനകൾ കൊണ്ടുവന്ന ബ്രഡും കട്ടൻ കാപ്പിയുമുണ്ടായിരുന്നു. ഗ്ലാസ്സിൽ പകർന്ന് കിട്ടിയ കാപ്പിയും ഒരു പാക്കറ്റ് ബ്രഡുമെടുത്തുകൊണ്ട് ഞാൻ മെസ്സിന്റെ വശത്തുള്ള പടിയിൽ വന്നിരുന്നു. എന്നോടൊപ്പം ബ്രഡ്ഡിൽ നിന്ന് മണം വിടാതെ അവളും വന്നു നിന്നു. പടിയിലെ വെള്ളം കൈ കൊണ്ട് വടിച്ച് മാറ്റി പകുതി പാക്കറ്റ് ബ്രഡ് ഞാൻ കീറി പടിയിൽ വച്ചു കൊടുത്തു. അവളത് ആർത്തിയോടെ കഴിച്ചു. ഞാനും എന്റെ കയ്യിലെ ബ്രഡ് കട്ടൻ കാപ്പിയിൽ മുക്കി കഴിച്ചു കൊണ്ടിരുന്നു. അവളുടെ ബ്രഡ് തീർന്ന് കഴിഞ്ഞപ്പോൾ വീണ്ടും എന്നേ നോക്കി മൂളി. വിശപ്പിന്റെ കാഠിന്യത്തിൽ എന്റെ ബ്രഡ് മുഴുവനും ഞാൻ തിന്നു തീർന്നിരുന്നു. പൊഴിഞ്ഞ് ഗ്ലാസിൽ വീണ് കുതിർന്ന ബ്രഡ് ഞാൻ ഒരു പേപ്പറിലേക്ക് കൊട്ടിയിട്ട് നീക്കിവച്ചു കൊടുത്തു. അതും അവളാർത്തിയോടെ കഴിച്ചു. ഞാൻ തിരികെ ബസിൽ വന്നു കയറി. കുവി ബസ്സിന്റെ ചവിട്ടുപടിക്ക് താഴെ വന്ന് ഉള്ളിലേക്കു നോക്കിയിരുന്നു.
തിരികെ ബസിൽ വന്ന് കയറിയപ്പോൾ എബിനും സുനിലും നല്ല ശരീരവേദനയെന്ന് പറഞ്ഞു പനിക്കുള്ള മരുന്ന് തപ്പുകയായിരുന്നു. എനിക്കും ശരീരവേദന കൂടി വരുന്നു. അട്ടകടിച്ച സ്ഥലത്തോക്കെ നല്ല നീരും വേദനയുമായി. പനി കലശലാകുന്നതിന് മുന്നെ ഞങ്ങളെയുംകൊണ്ട് ഇടിവണ്ടി മൂന്നാർ വന്നു. പോകുന്നതിനു മുൻപ് അവളെ അവിടെല്ലാം തിരഞ്ഞിട്ടും കണ്ടില്ല. ചെറിയൊരു വിഷമത്തോടെയായിരുന്നു മൂന്നാറിലേക്കു പോയത്. ആശുപത്രിയിൽ നിന്ന് കിട്ടിയ ഇഞ്ചക്ഷൻകൊണ്ട് പനി മുക്കാലും മാറി. വൈകിട്ട് ടൗണിലിറങ്ങിയപ്പോൾ അവൾക്കുവേണ്ടി മറക്കാതെ ബിസ്ക്കറ്റും ബണ്ണും വാങ്ങി വച്ചു.
അടുത്ത ദിവസം രാവിലെ ബസ്സ് കുലുങ്ങി കുലുങ്ങി പെട്ടിമുടി എത്താറായപ്പോൾ തന്നെ ഞാൻ അവളെ പരതി. ബസ്സ് കടന്നു പോകുന്നതിനിടയിൽ വഴിയരികിൽനിന്ന് പുല്ല് കടിച്ച് പറിച്ച് തിന്നുന്ന കുവിയെ ഞാൻ കണ്ടു. ഞാൻ അവളെ ‘ഡീ കുവീ’ന്ന് വിളിച്ചപ്പോൾ പെട്ടന്ന് ഞെട്ടിയവൾ തല വെട്ടിച്ച് എന്നെ നോക്കി. പിന്നെയവൾ വളരെ വേഗത്തിൽ ഞങ്ങളുടെ ഇടിവണ്ടിക്കൊപ്പമെത്താൻ ഓടി. അതുകണ്ട് പതുക്കെ ഉരുണ്ട് നീങ്ങുന്ന വണ്ടിയുടെ ഫൂട്ട്ബോർഡിലേക്ക് ഞാൻ ഇറങ്ങി നിന്നിട്ട് പറഞ്ഞു.
‘നിനക്ക് ഞാൻ ബിസ്ക്കറ്റും ബണ്ണും വാങ്ങിയിട്ടുണ്ട്... വാ...’
ബസ്സ് നിർത്തി ഞാൻ താഴെയിറങ്ങിയതും അവളോടി വന്ന് എന്റെ ദേഹത്ത് ചാടിക്കേറിയതും ഒരുമിച്ചായിരുന്നു...
തുടരും...
കുവി ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവി ഭാഗം രണ്ട് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവി ഭാഗം മൂന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവി ഭാഗം നാല് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവി ഭാഗം അഞ്ച് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
English summary: Lifestory of Pettimudi Dog Kuvi- Part 6