കുഞ്ഞൻ നായ്ക്കളിൽനിന്ന് ‘കുഞ്ഞ’ല്ലാത്ത വരുമാനം; ഇത് കുഞ്ഞൻ നായ്ക്കളുടെ കൂട്ടുകാരൻ
Mail This Article
പശുവിനെയും ആടിനെയും കോഴിയെയും വളർത്തുന്നവരുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണ് എന്നാൽ അരുമ മൃഗങ്ങളുടെയും പക്ഷികളുടെയും കാര്യം നേരെ വിപരീതമാണ്. കൂടുതൽ ആളുകൾ താൽപര്യത്തോടെ ഈ രംഗത്തേക്ക് കടന്നുവരുന്നതായി കാണാം. വിശേഷിച്ച് നായ്ക്കളെ വളർത്താൻ പുതിയ തലമുറ കൂടുതൽ ഉത്സാഹം കാണിക്കുന്നു. പണ്ടൊക്കെ നാം നായയെ വളർത്തിയിരുന്നത് വീട്ടുകാവ ലിനായിരുന്നെങ്കിൽ ഇന്ന് സ്ഥിതി മാറി. സഹചാരിയായാണ് ഏറെപ്പേരും ഇന്ന് നായ്ക്കളെ കാണുന്നത്. അതുകൊണ്ടുതന്നെ അവയ്ക്കുവേണ്ടി കൂടുതൽ സമയവും സമ്പത്തും ചെലവഴിക്കാൻ മടിക്കാറുമില്ല. സംരംഭം എന്ന നിലയിൽ നായ വളർത്തലിന്റെ പ്രസക്തിയും സാധ്യതയും ഇതുതന്നെ. ലക്ഷങ്ങൾ വിലയുള്ള നായ്ക്കളുടെ പ്രജനനം തുടക്കക്കാർക്ക് തീരെ ചേർന്നതല്ല. സങ്കീർണവും ചെലവേറിയതുമാണത്. എന്നാൽ താരതമ്യേന കുറഞ്ഞ വിലയുള്ള കുഞ്ഞൻ നായ്ക്കളുടെ പ്രജനനത്തിലൂടെ ഈ മേഖലയിൽ ചുവടുറപ്പിക്കാനാകും. അത്തരത്തിൽ കുഞ്ഞൻ നായ്ക്കളിലൂടെ മികച്ച വരുമാനം നേടുന്ന യുവാവിനെ പരിചയപ്പെടാം.
അഞ്ചു വർഷം മുൻപ് ഒരു കുഞ്ഞൻ പഗ്ഗിനെ വാങ്ങുമ്പോൾ പാലാ എലിവാലി നടുവിലേക്കുറ്റ് ടോജോ ടോമിയുടെ മനസ്സ് നിറയെ കൗതുകവും നായ് പ്രേമവും മാത്രമാണുണ്ടായിരുന്നത്. ഇന്ന് ഇരുപതോളം കുഞ്ഞൻ നായ്ക്കള്‍ ഈ യുവാവിന് തരക്കേടില്ലാത്ത വരുമാനവഴി കൂടിയാണ്. 10 സ്പിറ്റ്സ്, ഒരു പോമറേനിയൻ, 7 ഡാഷ്ഹണ്ട്, 3 പഗ്, ഓരോന്നു വീതം ബീഗിൾ, ലാബ്രഡോർ, അമേരിക്കൻ ബുള്ളി, ഇംഗ്ലിഷ് ബുൾഡോഗ് എന്നിങ്ങനെയാണ് ടോജോയുടെ നായ് ശേഖരം.
രണ്ട് കാരണങ്ങളാലാണ് കുഞ്ഞൻ നായ്ക്കളുടെ പ്രജനനത്തിൽ ശ്രദ്ധിക്കുന്നതെന്ന് ടോജോ പറഞ്ഞു. കുറഞ്ഞ മുതൽമുടക്ക്: കെന്നൽ ക്ലബ് റജിസ്ട്രേഷനുള്ള നായ്ക്കളെപ്പോലും 10,000-15,000 രൂപയ്ക്കു ലഭിക്കും. അതുകൊണ്ടുതന്നെ നഷ്ടസാധ്യത കുറവ്.
സാധാരണക്കാർക്കിടയിൽ കൂടുതൽ വിപണനസാധ്യത: വില കുറവായതുകൊണ്ടും തീറ്റ, സ്ഥലം എന്നി വ കുറഞ്ഞ തോതിൽ മതിയെന്നതിനാലും ഇവയോട് സാധാരണക്കാര്‍ക്കും താൽപര്യം.
വീടിനോടു ചേർന്ന് ഇരുപതോളം ചെറുകൂടുകൾ നായ്ക്കൾക്കായി തീർത്തിരിക്കുന്നു. പ്രത്യേകം വേലികെട്ടി തിരിച്ചിരിക്കുന്ന സ്ഥലത്ത് രാവിലെ ഇവയെ അഴിച്ചുവിടും. മുതിർന്ന നായ്ക്കൾക്ക് ഒരു നേരമാണ് ഭക്ഷണം. അതേസമയം കുട്ടികൾക്കും ഗർഭിണികൾക്കും 2 നേരമായാണ് ഭക്ഷണം നൽകുക. മുലയൂട്ടുന്നവയാണെങ്കിൽ 4 നേരവും ഭക്ഷണം നൽകും. ചിക്കൻ ചേർത്ത് ചോറാണ് പ്രധാന ഭക്ഷണം, ഡ്രൈ ഫുഡും നൽകാറുണ്ട്.
അനുഭവ പാഠങ്ങൾ
പോമറേനിയൻ, സ്പിറ്റ്സ്, ബീഗിൾ തുടങ്ങി പ്രസവിക്കാൻ പ്രയാസമില്ലാത്ത ഇനങ്ങളായിരിക്കും തുടക്കത്തിൽ നല്ലത്. ഒന്നോ രണ്ടോ നായ്ക്കുട്ടികളെയും അവയ്ക്കുള്ള കൂടും മാത്രം വാങ്ങിയാൽ മതി. കെസിഐ(കെന്നൽ ക്ലബ് ഓഫ് ഇന്ത്യ) സർട്ടിഫിക്കറ്റുള്ളതും ലക്ഷണമൊത്തതുമായ നായ്ക്കുട്ടികൾക്ക് 10,000 രൂപയിലേറെ വില കിട്ടും. അവയുടെ കുട്ടികൾക്കും അതേ വില കിട്ടണമെങ്കിൽ പെഡിഗ്രി സർട്ടിഫിക്കറ്റുള്ള നായ്ക്കളുമായി മാത്രം ക്രോസ് ചെയ്യുക. അല്ലാത്തപക്ഷം വില മൂന്നിലൊന്നായി താഴും. പോഷകസമൃദ്ധമായ തീറ്റ, യഥാസമയം വാക്സിനേഷൻ, വിരയിളക്കൽ, ഫുഡ് സപ്ലിമെന്റുകൾ എന്നിവ മുടക്കരുത്. നായ്ക്കളുടെ പ്രസവമെടുക്കാനും കുട്ടികളെ പരിചരിക്കാനും സൗകര്യമില്ലാത്തവർക്ക് ആൺ നായ്ക്കളെ വളര്‍ത്തി ഇണ ചേർക്കലിനായി പ്രയോജനപ്പെടുത്താം. ഇതും മികച്ച വരുമാനസാധ്യത തന്നെ. എന്നാൽ ഒരു ബ്രീഡറായി പേരെടുത്ത ശേഷം സ്റ്റഡ് സർവീസ് നടത്തുന്നതാവും കൂടുതൽ നല്ലത്. 10,000 രൂപ മുടക്കി ഡാഷ്ഹണ്ട് നായയെ വാങ്ങിയെന്നു കരുതുക. ഒരു പ്രസവത്തിൽ 4–8 കുഞ്ഞുങ്ങളെ ലഭിക്കും. ചാമ്പ്യൻ ഡോഗുമായി ക്രോസ് ചെയ്തു കിട്ടിയ കുട്ടികളാണെങ്കിൽ ഇതേ നിരക്കിൽ വിൽക്കാം. അല്ലാത്ത പക്ഷം 3000–3500 രൂപയാണ് കിട്ടുക. എങ്കിൽപോലും ഒരു പ്രസവത്തിൽ കുറഞ്ഞത് 6 നായ്ക്കുട്ടികളിൽനിന്ന് 18,000 രൂപയോളം പ്രതീക്ഷിക്കാം.
ഫോൺ: 9496084160