ADVERTISEMENT

കൃത്യ സമയത്ത് ചികിത്സ നൽകുകയെന്നതാണ് അരുമമൃഗങ്ങളോട് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം. കാരണം, തങ്ങളുടെ അവസ്ഥ എന്തെന്ന് പറയാൻ കഴിയാത്ത മിണ്ടാപ്രാണികൾ പലപ്പോഴും രോഗലക്ഷണങ്ങൾ പുറമേ കാണിച്ചുതുടങ്ങുന്നതുതന്നെ രോഗം തീവ്രതയിലേക്ക് എത്തുമ്പോഴാണ്. അതുകൊണ്ടുതന്നെ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾത്തന്നെ വിദഗ്ധ ചികിത്സ നൽകാൻ ശ്രദ്ധിക്കണം. ഏതാനും നാളുകൾക്കു മുൻപ് എന്റെ മുൻപിൽ വന്ന ഒരു കേസ് ഇവിടെ പങ്കുവയ്ക്കുന്നു. ആടിന്റെ രോഗം ഉടമതന്നെ നിശ്ചയിച്ചുകഴിഞ്ഞു. പിന്നെ മരുന്നു കൊടുക്കുക എന്നതാണ് ഡോക്ടറുടെ ഉത്തരവാദിത്തം! പക്ഷേ അത് വലിയ അപകടത്തിന്റെ തുടക്കമായിരുന്നു.

‘‘ആടിന്റെ കാലിനൊരു വേദന, പുരട്ടാൻ ഇത്തിരി മരുന്നു വേണം’’ എന്നു പറഞ്ഞായിരുന്നു അന്ന് റുഖിയാ ബീവി വെറ്ററിനറി ഡിസ്പെൻസറിയിലേക്ക് വന്നത്. ഏതാനും ആടുകളെ വളർത്തുന്ന കർഷകയാണ് റുഖിയ ബീവി. ഗർഭിണിയായ ആടിനു കാലു വേദനയാണെന്ന് പറഞ്ഞായിരുന്നു ഈ വരവ്. 

വിവരങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. തണുപ്പു മൂലമുള്ള കാലു വേദന തന്നെയെന്ന് റുഖിയാ ബീവി.

കാലു വേദനയുടെ മരുന്ന് തൽക്കാലത്തേക്കു കൊടുക്കുമ്പോഴും മനസ്സിൽ ഒരാശങ്ക ബാക്കിയുണ്ടായിരുന്നു. പക്ഷേ, ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കേണ്ടതാണെന്ന് റുഖിയാ ബീവിക്കു യാതൊരു തോന്നലുമില്ല. പിന്നെന്തു ചെയ്യും?

‘‘കുറവില്ലെങ്കിൽ നാളെ എന്തായാലും ഒന്ന് നോക്കണം കേട്ടോ.’’ എന്നു പറഞ്ഞെങ്കിലും ‘‘അതൊക്കെ കുറയും ഡോക്ടറെ...’’ എന്നും പറഞ്ഞ് അളർ ഡിസ്പെൻസറിയുടെ പടിയിറങ്ങി.

രണ്ടു ദിവസം വിവരങ്ങളൊന്നുമറിയാതെ കടന്നു പോയി. മൂന്നാം ദിവസം രാവിലെ ആശുപത്രിയിലെത്തിയതേ കണ്ണിൽപ്പെട്ടത് വഴിക്കണ്ണുമായി ഇരിക്കുന്ന റുഖിയാ ബീവിയെയായിരുന്നു. കണ്ണുകളിൽ സംഭ്രമം നിഴലിച്ചിരുന്നു.

‘‘വേഗം വാ ഡോക്ടറെ. വീടു വരെ ഒന്നു വരണം. ആട് എഴുന്നേൽക്കുന്നില്ല.’’

‘‘വരാം. രണ്ടു ദിവസം എവിടെയായിരുന്നു‌?’’

‘‘ലേശം കുറവുണ്ടായിരുന്നു. മാറുമെന്ന് കരുതി. പക്ഷേ, പ്രതീക്ഷ തെറ്റി. ഗർഭം അലസിപ്പോയി. ഇപ്പോൾ അകിടിനും ലേശം നീരുള്ളതു പോലെ തോന്നുന്നു. അന്നു തന്നെ ഡോക്ടറെ വിളിച്ചു കൊണ്ടു വന്ന് കാണിച്ചാൽ മതിയായിരുന്നു.’’ റുഖിയാബീവിയുടെ സ്വരത്തിൽ വിഷമം നിറഞ്ഞു നിന്നിരുന്നു.

‘‘സമയം കളയേണ്ട. വേഗം പോയി നോക്കാം.’’

കാർമേഘാവൃതമായ ആകാശത്തെയും മഴച്ചാറ്റലിനെയും വകവയ്ക്കാതെ ഓട്ടോറിക്ഷയിൽ കയറി. റുഖിയാ ബീവിയുടെ വീട്ടിലെത്തിയപ്പോൾ മയക്കത്തിലെന്ന പോലെ നീണ്ടു നിവർന്നു കിടക്കുകയാണ് ആട്. അകിടുനീര് വന്ന് വീർത്തിരിക്കുന്നു. നിറത്തിനും വ്യത്യാസം വന്നിരിക്കുന്നു.

‘Gangrenous Mastitis’ ആടുകളിലെ മാരകമായ ഒരുതരം അകിടു വീക്കം.

മഴക്കാലത്ത് ഈ അണുബാധ കൂടുതലായി കാണപ്പെടുന്നു. പലപ്പോഴും കർഷകർ ശ്രദ്ധിക്കാതെ പോകുന്ന അസുഖം. അകിടിന്റെ വേദന കാലുവേദനയായി തെറ്റിദ്ധരിക്കപ്പെടുന്നു. ബാക്ടീരിയകൾ അകിടിന്റെ ഒരു ഭാഗം തന്നെ നശിപ്പിക്കുന്നു. ചികിത്സ വൈകിയാൽ മരണവും സംഭവിക്കാം.

ആദ്യ ദിവസം തന്നെ അകിടിന് എന്തെങ്കിലും മാറ്റങ്ങളുണ്ടോ എന്നു ചോദിച്ചിട്ടും അതു ശ്രദ്ധിക്കാൻ തയാറാകാതിരുന്നതിൽ റുഖിയാ ബീവിക്ക് കുറ്റബോധം തോന്നി. എങ്ങനെയെങ്കിലും ഇവളെ രക്ഷിക്കണം ഡോക്ടറെ എന്ന് എന്നോട് പറഞ്ഞു. 

‘‘നമുക്ക് ശ്രമിച്ച് നോക്കാം. രോഗം വല്ലാതെ കൂടിയിരിക്കുന്നു.’’ എന്നു പറയാനേ എനിക്ക് അപ്പോൾ തോന്നിയുള്ളൂ. കാരണം, ആടിന്റെ അവസ്ഥ കൂടുതൽ സങ്കീർണമായിരുന്നു. 

ചികിത്സ ആരംഭിച്ചു. 3 ദിവസം കഴിഞ്ഞപ്പോഴേക്കും അവൾ പതിയെ എഴുന്നേറ്റു. പക്ഷേ അകിടിന്റെ ഭാഗത്ത് തൊലി കറുത്ത് ശുഷ്കിച്ചിരുന്നു. റുഖിയാ ബീവിക്ക് ഒരു പ്രതീക്ഷയൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ട്.

‘‘ഇനി രക്ഷപ്പെടുമായിരിക്കും. അല്ലേ ഡോക്ടറെ.’’ 

‘‘രക്ഷപ്പെടും. പക്ഷേ, അകിടും പാലുമൊന്നും ഇനി പ്രതീക്ഷിക്കാനാവില്ല.’’ എന്നു ഞാൻ പറഞ്ഞു.

‘‘അവൾ രക്ഷപ്പെട്ടു കിട്ടിയാൽ മതി ഡോക്ടറെ. എന്റെ ശ്രദ്ധക്കുറവുകൊണ്ട് പറ്റിയതല്ലേ...’’

അഞ്ചാം ദിവസം റുഖിയാബീവിയുടെ വീട്ടിലെത്തുമ്പോൾ പ്ലാവില തിന്നുകൊണ്ടിരിക്കുന്ന ആടിനെ കണ്ടപ്പോൾ മനസ്സിനൊരു സമാധാനം. 

പക്ഷേ, അകിടിനു പകരം നിൽക്കുന്ന കറുത്ത തുണി പോലെയുള്ള തൊലി അവളുടെ ആത്യന്തികമായ വിധിയിലേക്ക് വിരൽ ചൂണ്ടിയപ്പോൾ മനസ്സിന്റെ കോണിലെവിടെയോ പേരറിയാത്തൊരു നൊമ്പരം!!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com