മൃതദേഹത്തിനു കാവലായി പൊലീസും ഫോറസ്റ്റും; ജനമധ്യത്തിൽ പോസ്റ്റ്മോർട്ടം; മരണകാരണം കണ്ട് കിളി പോയി!
വാർത്താമാധ്യമങ്ങളിൽ കാട്ടുപന്നിയും അവ മൂലമുള്ള വിളനാശവും ഒക്കെ നിറയുന്നതിനിടയ്ക്കാണ് ഇന്നത്തെ പത്രത്തിൽ ഒരു കാട്ടുപന്നി മരണപ്പെട്ട വാർത്ത കണ്ടത്. അപ്പോൾ ഓർമകൾ 18 വർഷക്കാലം മുന്നേയുള്ള ഒരു സംഭവത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. 2006ലെ ഓഗസ്റ്റ് മാസം, ഞാൻ കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ മൃഗാശുപത്രിയിലെ
വാർത്താമാധ്യമങ്ങളിൽ കാട്ടുപന്നിയും അവ മൂലമുള്ള വിളനാശവും ഒക്കെ നിറയുന്നതിനിടയ്ക്കാണ് ഇന്നത്തെ പത്രത്തിൽ ഒരു കാട്ടുപന്നി മരണപ്പെട്ട വാർത്ത കണ്ടത്. അപ്പോൾ ഓർമകൾ 18 വർഷക്കാലം മുന്നേയുള്ള ഒരു സംഭവത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. 2006ലെ ഓഗസ്റ്റ് മാസം, ഞാൻ കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ മൃഗാശുപത്രിയിലെ
വാർത്താമാധ്യമങ്ങളിൽ കാട്ടുപന്നിയും അവ മൂലമുള്ള വിളനാശവും ഒക്കെ നിറയുന്നതിനിടയ്ക്കാണ് ഇന്നത്തെ പത്രത്തിൽ ഒരു കാട്ടുപന്നി മരണപ്പെട്ട വാർത്ത കണ്ടത്. അപ്പോൾ ഓർമകൾ 18 വർഷക്കാലം മുന്നേയുള്ള ഒരു സംഭവത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. 2006ലെ ഓഗസ്റ്റ് മാസം, ഞാൻ കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ മൃഗാശുപത്രിയിലെ
വാർത്താമാധ്യമങ്ങളിൽ കാട്ടുപന്നിയും അവ മൂലമുള്ള വിളനാശവും ഒക്കെ നിറയുന്നതിനിടയ്ക്കാണ് ഇന്നത്തെ പത്രത്തിൽ ഒരു കാട്ടുപന്നി മരണപ്പെട്ട വാർത്ത കണ്ടത്.
അപ്പോൾ ഓർമകൾ 18 വർഷക്കാലം മുന്നേയുള്ള ഒരു സംഭവത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.
2006ലെ ഓഗസ്റ്റ് മാസം, ഞാൻ കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ മൃഗാശുപത്രിയിലെ വെറ്റിനറി സർജനായി ജോലി നോക്കുന്ന കാലം.
സർക്കാർ സർവീസിൽ കയറിയിട്ട് അധികമായിട്ടില്ല. ഹൈറേഞ്ച് പ്രദേശമായതിനാൽ വ്യത്യസ്ത കേസുകൾ ഒട്ടേറെ കൈകാര്യം ചെയ്യാനുള്ള അവസരം ലഭിക്കുന്നുമുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം ഓഫീസിൽനിന്ന് വീട്ടിലെത്തി അര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ഫോൺ കോൾ. കട്ടിപ്പാറ ഉൾപ്പെടുന്ന ഫോറസ്റ്റ് റേഞ്ചിലെ ഒരു ഉദ്യോഗസ്ഥനാണ്. ഒരു കാട്ടുപന്നി കട്ടിപ്പാറ പഞ്ചായത്തിലെ ഒരു റോഡിൽ മരണപ്പെട്ട നിലയിൽ കാണപ്പെട്ടിരിക്കുന്നു. കാട്ടുപന്നി വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പരിധിയിൽ വരുന്ന മൃഗമാണ്. അതിനാൽ അതിനെ പോസ്റ്റ്മോർട്ടം ചെയ്ത് മരണകാരണം കണ്ടെത്തണം. അദ്ദേഹം ആശുപത്രിയുടെ മുന്നിൽ വന്നു നിന്നാണ് വിളിക്കുന്നത്.
വെറ്ററോ ലീഗൽ കേസ്... മനസ്സ് മന്ത്രിച്ചു. അതായത് നിയമത്തിന്റെ ഇടപെടലുകൾ ഉള്ള വെറ്ററിനറി കേസ്. സൂക്ഷിച്ചു കൈകാര്യം ചെയ്യണം അല്ലെങ്കിൽ കോടതി കയറി ഇറങ്ങേണ്ടി വരും.
ഒരു നിമിഷത്തെ അമ്പരപ്പിനു ശേഷം മനോനില വീണ്ടെടുത്ത് ഞാൻ പറഞ്ഞു.
ഞാനിപ്പോൾ തന്നെ ആശുപത്രിയിലേക്ക് വരാം. ഇളയ മകൾക്ക് ഒന്നര വയസ് മാത്രം പ്രായമായതിനാൽ ഉച്ചയ്ക്കുള്ള ഇടവേളകളിൽ വീട്ടിൽ പോയി വരാനുള്ള സൗകര്യത്തിന് ആശുപത്രിയിൽനിന്ന് നടന്നെത്താവുന്ന ദൂരത്തുതന്നെയാണ് വാടക വീട് എടുത്തത്. ഞാൻ ഓഫീസിൽനിന്നും വന്നു കഴിഞ്ഞപ്പോൾ തന്നെ വീട്ടിലേക്ക് പോകാൻ ഒരുങ്ങിനിന്നിരുന്ന സെർവന്റിനോട് ഇത്തിരി നേരം കൂടി കുട്ടികളെ ഒന്ന് നോക്കാൻ ഏൽപ്പിച്ചിട്ട് പെട്ടെന്ന് ആശുപത്രിയിലേക്ക് ഓടിയെത്തി.
വിവരങ്ങളൊക്കെ വിശദമായി ചോദിച്ചറിഞ്ഞു. ഉദ്യോഗസ്ഥരുടെ സംശയം ആരെങ്കിലും വാഹനമിടിച്ച് കൊന്നതാണോ എന്നാണ്. അതിന് സാക്ഷികളോ തെളിവുകളോ ഇല്ല താനും. ഇരുവശങ്ങളിലും ഇടതൂർന്ന മരങ്ങളുള്ള സ്ഥലങ്ങൾ ആയതിനാൽ കാൽതെറ്റി മരത്തിലിടിച്ച് താഴെ റോഡിലേക്കു വീണതാവാനും സാധ്യതയുണ്ട്.
എന്തായാലും പ്രാഥമിക അന്വേഷണത്തിന് ശേഷം വെറ്ററോ ലീഗൽ കേസുകളുടെ ആദ്യ നടപടിയായ അപേക്ഷ കൈപ്പറ്റൽ നടത്തി. ഫോറസ്റ്റ് ഓഫീസർമാരിൽനിന്നും പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള അപേക്ഷ വാങ്ങി. അവർ അപ്പോൾ തന്നെ എഫ്ഐആറും തയാറാക്കിയിരുന്നു അതും കണ്ട് ബോധ്യപ്പെട്ട് കോപ്പി കൈപ്പറ്റി.
സർവീസിലെ ആദ്യത്തെ വെറ്ററോ ലീഗൽ കേസ് ആയിരുന്നു അത്. തിയറി പഠിച്ചിട്ടുണ്ടെങ്കിലും അന്നുവരെ ചെയ്യേണ്ടി വന്നിട്ടില്ല.
എന്തായാലും സഹപ്രവർത്തകരോടു ചോദിച്ചും പഴയ നോട്ടുകൾ മറിച്ചു നോക്കിയും ഞാൻ ഒരു അങ്കത്തിനായി തയാറെടുത്തു. അന്നൊന്നും ഇതുപോലെ ഗൂഗിളിന്റെ സഹായം പ്രചാരത്തിൽ ഇല്ല. നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയതിനു ശേഷം പോസ്റ്റ്മോർട്ടം ചെയ്യേണ്ട നേരം ആയപ്പോൾ സമയം അഞ്ചര.
5 മണിക്കു ശേഷം പോസ്റ്റ്മോർട്ടം പാടില്ല എന്ന നിയമം ഉള്ളതിനാൽ പോസ്റ്റ്മോർട്ടം പിറ്റേ ദിവസത്തേക്കു മാറ്റിവച്ചു. മാറ്റിവച്ചു കഴിഞ്ഞപ്പോൾ രാത്രി മൃതദേഹം എങ്ങനെ സൂക്ഷിക്കും എന്നതായി ആശങ്ക. ആ സമയം കൊണ്ട് തന്നെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് മൃഗാശുപത്രി പരിസരത്തേക്കു കൊണ്ടുവന്നിരുന്നു.
കട്ടിപ്പാറ പൊതുവേ മഴ കൂടുതലുള്ള പ്രദേശമാണ്. അന്നത്തെ ദിവസം ആണെങ്കിൽ നല്ല മഴ ചാറ്റലും ഉണ്ട്. എന്തായാലും പുറത്ത് മൃതദേഹം ഇട്ടിരുന്നാൽ രാത്രിയിൽ പട്ടിയോ മറ്റോ വന്ന് കടിച്ചാലോ എന്നുള്ള ഒരു പേടിയുമുണ്ട്. എന്തായാലും നാട്ടുകാരെല്ലാം കൗതുകം നിറഞ്ഞ കണ്ണുകളുമായി കാഴ്ച കാണാനായി കൂടിയിട്ടുണ്ട്.
മൃതദേഹം സൂക്ഷിക്കാൻ ഒരു മാർഗ്ഗവും കാണാതിരുന്നപ്പോൾ മൃഗാശുപത്രിയുടെ വാതിൽ തുറന്നു കൊടുക്കുകയേ എനിക്കു നിവൃത്തിയുണ്ടായിരുന്നുള്ളൂ. മൃഗാശുപത്രിയുടെ ഒരു ഭാഗത്ത് കാട്ടുപന്നിയെ സുരക്ഷിതമായി സൂക്ഷിച്ച് അന്ന് രാത്രി പോലീസ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഓഫീസർമാരും കൂടി അതിനു കാവൽ നിന്നു.
പിറ്റേന്ന് രാവിലെ 10ന് പകൽ വെളിച്ചത്തിൽ ഞങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ തയാറായി നിന്നു.
മൃഗാശുപത്രിയുടെ പരിസരത്ത് വൃത്തിയുള്ള ഒരു സ്ഥലത്ത് വൃത്തിയുള്ള ഒരു ഷീറ്റിൽ പോസ്റ്റ്മോർട്ടം ചെയ്യാനായി കാട്ടുപന്നിയുടെ മൃതദേഹം കിടത്തി. രാവിലെ മുതൽ നാട്ടുകാർ അപൂർവ കാഴ്ച കാണാനായി എത്തിത്തുടങ്ങിയിരുന്നു. പോലീസ് ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എല്ലാം അവിടെ കൂടിയിരുന്നു.
വെറ്ററിനറി സർജന്മാർക്ക് മാത്രമായിരിക്കും ഇങ്ങനെ പൊതുജനമധ്യേനിന്ന് ഓപ്പറേഷൻ ആയാലും പോസ്റ്റ്‌മോർട്ടം ആയാലും നടത്തേണ്ടി വരിക.
സഹായത്തിനായി എന്റെ ആശുപത്രിയിലെ ജീവനക്കാരും ഉണ്ട്. ഉറ്റു നോക്കുന്ന കണ്ണുകൾക്കിടയിലൂടെ ഞാൻ പോസ്റ്റ്‌മോർട്ടം നടപടികൾ മുന്നോട്ടു നീക്കി. ഇന്നായിരുന്നെങ്കിൽ അപ്പോൾ തന്നെ ലൈവിലൂടെ യൂട്യൂബിലും ഫേസ്ബുക്കിലും എത്തിയേനേ.
ഓരോ അവയവങ്ങൾ മുറിക്കുമ്പോഴും ആൾക്കാർ അതിനെപ്പറ്റി സംശയങ്ങൾ ചോദിക്കാൻ തുടങ്ങി. കുറെ കഴിഞ്ഞപ്പോൾ ഫോറസ്റ്റ്കാരും പോലീസുകാരും ചേർന്ന് അത് നിയന്ത്രിച്ചു. എല്ലാവരെയും അകലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി ആവശ്യത്തിന് ഫോട്ടോകളും മറ്റും എടുത്തു. മരണകാരണം തലച്ചോറിനേറ്റ ശക്തമായ ആഘാതം അതിനെ തുടർന്നുണ്ടായ രക്തസ്രാവവുമാണെന്ന് മനസ്സിലായി. പക്ഷേ സ്ഥിരീകരിക്കണമെങ്കിൽ കെമിക്കൽ എക്സാമിനേഷൻ ലാബിൽ നിന്നുള്ള റിപ്പോർട്ട് കൂടി ലഭിക്കണമായിരുന്നു.
മൃതദേഹം തുറന്നപ്പോൾ അസുഖകരമായ ഒരു ഗന്ധം വായുവിൽ നിറഞ്ഞിരുന്നു. കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് സാമ്പിളുകൾ ഫോറസ്റ്റുകാരോട് ഒപ്പം ചേർന്ന് അയയ്ക്കുവാനായി തയാറാക്കിയത് വളരെ ശാസ്ത്രീയമായ രീതിയിൽ ആയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ആ കാട്ടുപന്നിയുടെ മരണം എന്നെ സംബന്ധിച്ചിടത്തോളം സർവീസ് ജീവിതത്തിലെ ഒരു വേറിട്ട അനുഭവമായി മാറിയിരുന്നു.
കേസ് അന്വേഷണത്തിനിടയിൽ വാഹനം ഇടിച്ചതിന്റെ യാതൊരു തെളിവും കണ്ടെത്താനായില്ല. എന്നാൽ യാതൊരു പ്രകോപനവും ഇല്ലാതെ എങ്ങനെ മരത്തിലോ മറ്റോ ചെന്ന് ഇടിച്ച് തലയ്ക്ക് ആഘാതം ഉണ്ടായി എന്നത് പിന്നീടാണ് വെളിവായത്.
അതായിരുന്നു രസകരമായ വസ്തുത. കാടിനുള്ളിൽ ആൾക്കാർ അനധികൃതമായി വാറ്റ് നടത്താറുണ്ടായിരുന്നു അവർ ഉപേക്ഷിച്ചു പോയ പാത്രങ്ങളിൽ നിന്ന് കാട്ടുപന്നി അത് അകത്താക്കുകയും ബാലൻസ് തെറ്റി കാട്ടിലെ പലപല മരങ്ങളിൽ ഇടിച്ച് അവസാനം റോഡിലേക്ക് വീഴുകയായിരുന്നത്രേ. പോസ്റ്റ് മോർട്ടസമയത്ത് വായുവിൽ നിറഞ്ഞ അസുഖകരമായ ഗന്ധത്തിന്റെ ഗുട്ടൻസ് അവസാനം മനസിലായി.
അന്ന് അങ്ങനെ കാട്ടുപന്നിയുടെ മരണത്തിന് ഉത്തരവാദികളായി ആരെയും കണ്ടെത്താനാവാതെ മരത്തിലിടിച്ച് തലച്ചോറിനേറ്റ ക്ഷതം മൂലം മരണപ്പെട്ടു എന്ന രീതിയിൽ ആ ഫയൽ ക്ലോസ് ചെയ്യുകയായിരുന്നു.