പറഞ്ഞത് മുഖവിലയ്ക്കെടുക്കാത്ത ഉടമ; പശുവിനെ ഓടിച്ചിട്ടു പിടിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ: അന്ന് കണ്ടത് ഇനി ഒരിക്കലും കാണാൻ ആഗ്രഹമില്ലാത്ത കാഴ്ച
രണ്ടു പതിറ്റാണ്ടു കാലത്തെ വെറ്ററിനറി ചികിത്സ കാലത്തിനിടയിൽ ഒട്ടനവധി പേവിഷബാധ കേസുകൾ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. ചിലത് നായകളിലാവും, ചിലത് പശുക്കളിൽ, ചിലത് ആടുകളിൽ... ചിലപ്പോഴൊക്കെ മൃഗങ്ങളിലെ ലക്ഷണങ്ങൾ ഉടമകളുടെ ശ്രദ്ധയിൽ പെടാതെ പോയിട്ടുണ്ട്. കുറേ ദിവസമായി നായ ഭക്ഷണം കഴിക്കുന്നില്ല
രണ്ടു പതിറ്റാണ്ടു കാലത്തെ വെറ്ററിനറി ചികിത്സ കാലത്തിനിടയിൽ ഒട്ടനവധി പേവിഷബാധ കേസുകൾ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. ചിലത് നായകളിലാവും, ചിലത് പശുക്കളിൽ, ചിലത് ആടുകളിൽ... ചിലപ്പോഴൊക്കെ മൃഗങ്ങളിലെ ലക്ഷണങ്ങൾ ഉടമകളുടെ ശ്രദ്ധയിൽ പെടാതെ പോയിട്ടുണ്ട്. കുറേ ദിവസമായി നായ ഭക്ഷണം കഴിക്കുന്നില്ല
രണ്ടു പതിറ്റാണ്ടു കാലത്തെ വെറ്ററിനറി ചികിത്സ കാലത്തിനിടയിൽ ഒട്ടനവധി പേവിഷബാധ കേസുകൾ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. ചിലത് നായകളിലാവും, ചിലത് പശുക്കളിൽ, ചിലത് ആടുകളിൽ... ചിലപ്പോഴൊക്കെ മൃഗങ്ങളിലെ ലക്ഷണങ്ങൾ ഉടമകളുടെ ശ്രദ്ധയിൽ പെടാതെ പോയിട്ടുണ്ട്. കുറേ ദിവസമായി നായ ഭക്ഷണം കഴിക്കുന്നില്ല
രണ്ടു പതിറ്റാണ്ടു കാലത്തെ വെറ്ററിനറി ചികിത്സ കാലത്തിനിടയിൽ ഒട്ടനവധി പേവിഷബാധ കേസുകൾ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. ചിലത് നായകളിലാവും, ചിലത് പശുക്കളിൽ, ചിലത് ആടുകളിൽ... ചിലപ്പോഴൊക്കെ മൃഗങ്ങളിലെ ലക്ഷണങ്ങൾ ഉടമകളുടെ ശ്രദ്ധയിൽ പെടാതെ പോയിട്ടുണ്ട്.
കുറേ ദിവസമായി നായ ഭക്ഷണം കഴിക്കുന്നില്ല എന്നതായിരിക്കും പ്രശ്നമായി പറയുന്നത്. നായ്ക്കളെ പരിശോധിക്കുമ്പോഴായിരിക്കും അവയിൽ മൂക സ്വഭാവത്തിലുള്ള പേവിഷബാധയുടെ ലക്ഷണങ്ങളും ഉണ്ടെന്ന് മനസ്സിലാകുന്നത്. എന്നാൽ സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകളും ഇപ്പോഴും റേബീസ് അഥവാ പേവിഷ ബാധ എന്നു പറഞ്ഞാൽ അക്രമസ്വഭാവമുള്ളത് എന്നാണ് മനസ്സിലാക്കിയിരിക്കുന്നത്.
പേവിഷബാധയ്ക്ക് രണ്ട് വകഭേദങ്ങളുണ്ട്
1. അക്രമസ്വഭാവമുള്ളതും
2. മൂകസ്വഭാവമുള്ളതും
അതിന്റെ ലക്ഷണങ്ങൾ താഴെ പറയുന്ന രീതിയിലാണ് .
അക്രമ സ്വഭാവമുള്ള വിഭാഗത്തിൽ നായ്ക്കൾ വളരെ അക്രമാസക്തരായിരിക്കും, എന്തിനോടെന്നില്ലാതെ കുരയ്ക്കും, വായിൽനിന്ന് കൊഴുത്ത ഉമിനീർ എപ്പോഴും ഒലിക്കുന്നതായി കാണാം, ലക്ഷ്യമില്ലാതെയുള്ള ഓട്ടം തുടങ്ങിയവ ലക്ഷണങ്ങളിൽ ചിലതാണ്. വെള്ളമിറക്കാനുള്ള ബുദ്ധിമുട്ടും ലക്ഷണങ്ങളിൽ ഒന്നാണ്.
മൂക സ്വഭാവത്തിലുള്ള പേ വിഷബാധയുടെ ലക്ഷണങ്ങളിലൊന്ന് പെട്ടെന്ന് രണ്ടുമൂന്നു ദിവസം കൊണ്ട് തന്നെ നായ ക്ഷീണിക്കുന്നതും ഭക്ഷണം കഴിക്കാതെ ഒരു മൂലയിൽ ഒതുങ്ങിക്കൂടുന്നതുമാണ്. ഉടമസ്ഥനോടു പോലും ചിലപ്പോൾ യാതൊരു പരിചയവും കാണിക്കില്ല.
പലപ്പോഴും ആടുകളെ പട്ടി കടിച്ചതിനുശേഷം ഇൻജക്‌ഷൻ എടുത്ത് തീരുന്നതിനു മുന്നേ പേവിഷബാധ ലക്ഷണങ്ങളോടുകൂടി ആടുകൾ ചത്തുപോയ അവസരങ്ങളുണ്ട്. ചിലപ്പോഴൊക്കെ ആടുകൾക്കു പരിചിതമല്ലാത്ത നായ്ക്കളുടെ കടിയേറ്റതിനു ശേഷം പേവിഷബാധ പ്രതിരോധകുത്തിവയ്പ്പ് തുടങ്ങി, രണ്ടോ -മൂന്നോ ഡോസ് കഴിഞ്ഞ് കാണാത്തപ്പോൾ വിളിക്കുമ്പോൾ അതിനെ വിറ്റു എന്നു ഞെട്ടലോടെ കേട്ട അവസരങ്ങളും ഉണ്ട്.
പശുക്കളിലെ പേവിഷബാധയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇന്നു കൂടുതലായി പറയാൻ പോകുന്നത്. തുറസായ സ്ഥലങ്ങളിൽ മേയാൻ വിടുന്ന പശുക്കളിലും ചുറ്റുമതിൽ ഇല്ലാത്ത സ്ഥലങ്ങളിൽ തൊഴുത്തിൽ നിൽക്കുന്ന പശുക്കളിലുമൊക്കെ രാത്രികാലങ്ങളിൽ ഉടമസ്ഥൻ അറിയാതെ തന്നെ പേവിഷബാധയുള്ള നായയുടെ കടിയേൽക്കാൻ സാധ്യതയുണ്ട്. പേവിഷബാധ നായയുടെ കടിയിൽനിന്നു മാത്രമല്ല വരുന്നത്. രോഗബാധയുള്ള പൂച്ചയിൽനിന്നോ വവ്വാലിൽനിന്നോ ഒക്കെ വരാം. പലപ്പോഴും രോഗം ബാധിച്ച പശു ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയാലും പശുവിന്റെ ഉടമസ്ഥന് അത് പേ വിഷബാധ ആണെന്ന് അംഗീകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടായ സന്ദർഭങ്ങളും ഉണ്ട്.
അങ്ങനെ ഒരു സംഭവം പറയാം.
ഏകദേശം 10 വർഷം മുന്നേ ഒരു ദിവസം രാവിലെ... എന്റെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ഒരു വീട്ടിലെ കർഷക പശുവിനെ കുത്തിവയ്ക്കണം എന്ന് പറഞ്ഞു എന്നെ വിളിക്കുന്നു. പശുവിന്റെ അടുത്ത് തന്നെ നിന്ന് വിളിച്ചത് കൊണ്ടാവാം പശുവിനെ നിർത്താതെയുള്ള കരച്ചിൽ എനിക്ക് മൊബൈലിൽ കൂടി കേൾക്കാമായിരുന്നു. കരച്ചിലിൽ പന്തികേടു തോന്നിയ ഞാൻ ഉടനെ അവരോട് ചോദിച്ചു.
ഈ കരച്ചിൽ എപ്പോഴാണ് തുടങ്ങിയത്. അത് രണ്ട് ദിവസമായി. ഇന്നും നല്ല കരച്ചിൽ. ഇന്ന് സാർ ഒന്ന് വരണം.
ശരി ഞാൻ വന്നു നോക്കാം എന്നു പറഞ്ഞ് ഫോൺ വെച്ചു.
അര മണിക്കൂറിനുള്ളിൽ ആ വീട്ടിലെത്തി. അവിടെ ചെന്നപ്പോൾ പശുവിന്റെ ഭാവവും ലക്ഷണങ്ങളും ഒക്കെ കണ്ടപ്പോൾ എനിക്ക് ഇത് പേവിഷബാധയാണോ എന്ന് ഒരു സംശയം തോന്നി. ആ സംശയം പറഞ്ഞപ്പോൾ ഉടമസ്ഥ ഒരുതരത്തിലും സമ്മതിക്കാൻ തയാറല്ല. അവിടെ പട്ടി കടിച്ച യാതൊരു സംഭവവും ഉണ്ടായിട്ടില്ല എന്നാണ് അവർ പറയുന്നത്. എന്നാൽ ആ വീടിന് ചുറ്റുമതിലൊന്നുമില്ല. തുറസായ തുറന്ന രീതിയിലുള്ള ഒരു തൊഴുത്തിലാണ് പശു നിൽക്കുന്നത്. ഈ സാഹചര്യങ്ങളൊക്കെ ഞാൻ ചൂണ്ടിക്കാണിച്ചെങ്കിലും അവർ അത് അംഗീകരിക്കാൻ തയാറായില്ല.
ഞാൻ എന്തായാലും ആ പശുവിന് ബീജം കുത്തിവയ്ക്കില്ല. ഇത് പേവിഷബാധയുടെ ലക്ഷണമാണ്. ചിലപ്പോൾ നിങ്ങളറിയാതെ പശുവിന് രോഗം ബാധിച്ച നായയുടേയോ പൂച്ചയുടേയോ വവ്വാലിന്റെയോ കീരിയുടേയോ കടിയേറ്റിട്ടുണ്ടാകും. ഇപ്പോഴത്തെ അവസ്ഥയെ പറ്റി സംശയം ഉണ്ടെങ്കിൽ നിങ്ങൾക്ക് വേറെ ഏതെങ്കിലും ഡോക്ടർമാരെ വിളിച്ചു ഒന്നുകൂടി കാണിക്കാം എന്ന് പറഞ്ഞ് ഞാൻ ആ വീട്ടിൽ നിന്നും പോന്നു. ആ വീട്ടിൽനിന്ന് തിരിച്ചു പോകുന്നതിനു മുന്നേ ചില കാര്യങ്ങൾ കൂടി പറഞ്ഞു. ആ പശുവിനെ നല്ല ബലമുള്ള ഒരു കയർ ഉപയോഗിച്ച് കെട്ടിയിടണം, പശുവിന്റെ ഉമിനീരുമായി സമ്പർക്കം വരാതെ സൂക്ഷിക്കണം തുടങ്ങിയ കാര്യങ്ങളാണ് പറഞ്ഞത്. പക്ഷേ അവർ അതൊന്നും മുഖവിലയ്ക്ക് എടുത്തതായി എനിക്കു തോന്നിയില്ല. എന്തായാലും ഞാൻ പറയാനുള്ളത് പറഞ്ഞ് ഉള്ളിലൊരാശങ്കയോടെ തിരികെ വീട്ടിലേക്കു പോയി.
അന്നൊരു അവധി ദിവസമായിരുന്നു. പിറ്റേ ദിവസം ഉച്ചയായപ്പോൾ ഒരു ഫോൺകോൾ.
മുൻപേ പറഞ്ഞ കർഷകയാണ്. പശു കയറും പൊട്ടിച്ച് ഓടിയത്രേ.
കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാത്തതു കൊണ്ട് അവർ കയർ മാറ്റിയിരുന്നില്ല. പശു കയർ പൊട്ടിച്ച് ഒരേക്കറോളം വരുന്ന പറമ്പു മുഴുവൻ ഓടുകയാണ്. സർവതും കുത്തിമറിച്ചുകൊണ്ട്, മണ്ണ് കുത്തിയെറിഞ്ഞ് അക്രമാസക്തയായി ഓടിപ്പായുന്ന പശുവിനെ പിടിക്കാൻ പറ്റുന്നില്ലത്രേ. വേറെ എന്തൊക്കെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന ചോദ്യത്തിന് ഇപ്പോഴും കരച്ചിൽ ഉണ്ടെന്നും നിർത്താതെ കരഞ്ഞുകരഞ്ഞ് ഇപ്പോൾ ഒച്ച അടച്ചു തുടങ്ങിയിരിക്കുന്നു എന്നും അവർ പറഞ്ഞു. അവർ അടുത്തേക്കു ചെന്നിട്ടും ചീറ്റിക്കൊണ്ടുവരികയാണ്. ആരെയും അടുത്തേക്ക് അടുപ്പിക്കുന്നില്ല. അവർ വിഷമത്തോടെ പറഞ്ഞു. കുറച്ചു സമയത്തിനുള്ളിൽ ഞാൻ അവിടെ ചെല്ലുമ്പോൾ ആ സ്ഥലത്തെ വെറ്ററിനറി സർജൻ എത്തിയിട്ടുണ്ട്. കൂടാതെ ഫയർഫോഴ്സും എത്തിയിട്ടുണ്ട്. പിന്നീട് കണ്ടത് ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്തതും ഇനി കാണാൻ ആഗ്രഹമില്ലാത്തതുമായ സംഭവങ്ങൾ ആയിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഒരു പശുവിനെ ഓടിച്ചിട്ട് പിടിക്കാൻ ശ്രമിക്കുന്നു. മണിക്കൂറുകളുടെ ശ്രമഫലമായി അവർ ആ ദൗത്യം വിജയകരമായി പൂർത്തിയാക്കി.
പശുവിനെ പിടിച്ചു ഒരു സ്ഥലത്ത് സുരക്ഷിതമായി കെട്ടിയിട്ടു. ചുറ്റും കൂടിയ ആൾക്കാർക്കിടയിൽ പലവിധ അഭിപ്രായങ്ങൾ ഉയർന്നുവന്നു. ഇതിനെ ദയാവധം ചെയ്തു കൂടെ എന്നായി ചിലർ. പക്ഷേ അതിന്റെ നിയമ നൂലാമാലകൾ അവിടുത്തെ വെറ്ററിനറി സർജനും ഞാനും ചേർന്ന് ചൂണ്ടിക്കാണിക്കുകയും പത്തു ദിവസം പശുവിനെ നിരീക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു. പേ വിഷബാധയുടെ ക്ലാസിക്കൽ ലക്ഷണങ്ങളുമായിനിന്ന ആ പശു മൂന്നു ദിവസത്തിനുശേഷം മരണമടഞ്ഞു. അതിനുശേഷം പശുവിനെ കൈകാര്യം ചെയ്ത എല്ലാവരും പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. കൂടാതെ ആ പശുവിന്റെ 5 മാസമായ പശുക്കുട്ടിക്കും കുത്തിവയ്പ്പ് എടുത്തു. കുത്തിവയ്പ്പു കാലയളവ് പൂർത്തിയാക്കിയ പശുക്കിടാവിന് അപകടം ഒന്നും സംഭവിച്ചില്ലെങ്കിൽ കൂടി രണ്ടു മാസം കഴിഞ്ഞപ്പോൾ അതിനെ അവർ വിറ്റു.
അങ്ങനെ പല സ്ഥലങ്ങളിലും പേവിഷബാധയുടെ അതിഭീകരമായ ലക്ഷണങ്ങൾ പശുക്കളിൽ കാണാനിട വന്നിട്ടുണ്ട് അവിടെയെല്ലാം തുടക്കത്തിൽ ഈ രോഗം മനസ്സിലാക്കുന്നതിനു നമ്മൾ നന്നേ ബുദ്ധിമുട്ടും. കാരണം മൃഗങ്ങൾക്ക് 90% അസുഖങ്ങളുടെയും ആദ്യലക്ഷണം വിശപ്പില്ലായ്മയാണ്. മിണ്ടാപ്രാണികളായ തങ്ങളുടെ രോഗികളെ ലക്ഷണങ്ങളിലൂടെയും പരിശോധനയിലൂടെയും മാത്രം രോഗനിർണയം നടത്തി ചികിത്സിക്കുന്നവരാണല്ലോ വെറ്ററിനറി ഡോക്ടർമാർ. പക്ഷേ ആ ഡോക്ടർമാർക്കു പോലും ശരിയായ ലക്ഷണങ്ങൾ വെളിവാകുന്നതിനു മുന്നേ ഒരു പേവിഷബാധ കേസ് ശ്രദ്ധയിൽ പെടാതെ പോയേക്കാം.
അങ്ങനെയും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ആദ്യദിവസം വിശപ്പില്ലായ്മ ലക്ഷണം പറഞ്ഞതനുസരിച്ച് പോയി പരിശോധിച്ചു. മറ്റു ലക്ഷണങ്ങളോ നായകടിയുടെ ചരിത്രമോ ഇല്ലാതിരുന്നതിനാൽ കയ്യിൽ ഗ്ലൗസ് ഇടാതെ തന്നെ ഇഞ്ചക്ഷൻ ചെയ്തു.
പിന്നീടുള്ള ദിവസങ്ങളിൽ പശു പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയപ്പോൾ അന്ന് ഇൻജക്‌ഷൻ എടുത്തപ്പോൾ ഒരു തുള്ളി രക്തം കയ്യിൽ പറ്റിയത് ഓർത്തത്. കയ്യിൽ എന്തെങ്കിലും ചെറിയ മുറിവ് ഉണ്ടായിരുന്നിരിക്കുമോ എന്നു ഭയന്ന് പ്രതിരോധ കുത്തിവയ്പ്പെടുത്ത് ആശങ്കയോടെ ദിവസങ്ങൾ തള്ളിനീക്കിയ അനുഭവം ഉണ്ട്. അങ്ങനെ എത്രയെത്ര അനുഭവങ്ങൾ.
പേവിഷബാധ അതിഭീകരമായ ഒരു അസുഖം തന്നെയാണ്. അതിനെ നിയന്ത്രിക്കാൻ നമ്മൾ നമ്മുടെ നായ്ക്കൾക്ക് പ്രതിരോധ കുത്തി വയ്പ് ചെയ്തേ മതിയാകൂ. വളർത്തു നായ്ക്കളുടെ മാത്രമല്ല തെരുവുനായ്ക്കൾക്കും കൃത്യമായ പ്രതിരോധ കുത്തിവയ്പിലൂടെയും തെരുവുനായ നിയന്ത്രണത്തിലൂടെയും മാത്രമേ ഈ രോഗത്തെ പ്രതിരോധിക്കാൻ കഴിയുള്ളൂ. എല്ലാ പഞ്ചായത്തുകളിലും നമ്മുടെ വളർത്തു നായ്ക്കളെയും ഇപ്പോൾ തെരുവ് നായ്ക്കളെയും മൃഗസംരക്ഷണ വകുപ്പ് വാക്സിനേഷൻ നടത്തിവരുന്നു. അങ്ങനെ സമഗ്രമായ ഒരു പ്രതിരോധയജ്ഞത്തിലൂടെ ഒരു പരിധിവരെ നമുക്ക് പേവിഷബാധയെ നിയന്ത്രിക്കാൻ സാധിക്കും.
ഓർക്കുക പേവിഷബാധ മാരകമാണ് അതിന് ചികിത്സയില്ല.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.