ADVERTISEMENT

മൃഗസംരക്ഷണമേഖലയിൽ ഒട്ടേറെ നഷ്ടങ്ങൾ വരുത്തിവച്ച വർഷമാണു കടന്നു പോകുന്നത്.

നവംബർ മാസത്തിൽ അളന്ന പാലിന് ലീറ്ററിന് 15 രൂപ അധികവില മിൽമ പ്രഖ്യാപിച്ചത് ആ മേഖലയിലെ കർഷകർക്ക് ചെറിയ ആശ്വാസമായി. 

കുട്ടിക്കർഷകർ വളർത്തിയ പശുക്കൾ സസ്യവിഷബാധ മൂലം മരണപ്പെട്ടപ്പോൾ കേരളം സഹായഹസ്തം നീട്ടിയത് നന്ദിയോടെ നമുക്ക് സ്മരിക്കാം. അപ്പോഴും കേരളത്തിലെ മുഴുവൻ കന്നുകാലികളേയും ഇൻഷുർ ചെയ്യും എന്ന സർക്കാരിന്റെ ആവർത്തിച്ചുള്ള പ്രഖ്യാപനം പലപ്പോഴും കടലാസിൽ ഒതുങ്ങുന്നു. 

പഞ്ചായത്ത് തലത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം കന്നുകുട്ടികൾക്ക് സബ്സിഡി നിരക്കിൽ തീറ്റ നൽകുന്ന ‘കന്നുകുട്ടി പരിപാലന പദ്ധതി’ഏറെക്കുറെ ഇല്ലാതായി. ജനിക്കുന്ന കുട്ടികൾക്ക് കൂടിയ വിലയ്ക്ക് തീറ്റ നൽകി വളർത്തി പശുവാക്കി നിലനിർത്താൻ കഴിയാത്തതിനാൽ, കന്നുകുട്ടികളെ ഇറച്ചി ആവശ്യത്തിനായി വിറ്റഴിക്കുന്ന പ്രവണതയും പോയവർഷത്തിൽ കൂടുതലായുണ്ടായി.

ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ മിൽമയുടെ ആദ്യത്തെ പാൽപ്പൊടി നിർമാണ ഫാക്ടറി പ്രവർത്തന സജ്ജമായി ഉദ്ഘാടനം ചെയ്യപ്പെട്ടു എന്നത് നമുക്ക് എടുത്ത് പറയാവുന്നതാണ്. എന്നാൽ അതിന്റെ ലാഭനഷ്ട സാധ്യതകൾ എത്രത്തോളം എന്ന് കാത്തിരുന്നു കാണണം. 

കോവിഡ് സമയത്ത് മിൽമയുടെ വിപണനം കുറയുകയും സംഭരണം കൂടുകയും ചെയ്തപ്പോൾ, അന്യസംസ്ഥാനത്ത് പാൽ കൊണ്ടുപോയി കൂടിയ കൂലി നൽകി പാൽപ്പൊടി ആയി മാറ്റേണ്ട സാഹചര്യമുണ്ടായി. എന്നാൽ കോവിഡ് സാഹചര്യം മാറി തുടർന്നുള്ള വർഷങ്ങളിൽ പ്രതിദിനം ഏകദേശം 5 ലക്ഷത്തോളം ലീറ്റർ പാലാണ് അന്യസംസ്ഥാനത്ത് നിന്ന് കൊണ്ടു വരുന്നത്. അതിനർഥം ഇവിടെ അധികമായി പാൽ ഉൽപാദിപ്പിക്കുന്നില്ല എന്നതാണ്. അപ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യം പാൽ അധികമായി ഉൽപാദിപ്പിക്കുന്നില്ലെങ്കിൽ പിന്നെ സംഭരിച്ച് സൂക്ഷിക്കാൻ ഒരു പാൽപ്പൊടി ഫാക്ടറിയുടെ ആവശ്യം എന്താണ്?

മുടങ്ങാതെ പാൽ സ്വയംപര്യാപ്തമാകും എന്നു പ്രഖ്യാപിക്കുന്നതല്ലാതെ, ഉൽപാദനത്തിൽ യാതൊരു വർധനയും 2024ൽ ഉണ്ടായില്ല. ഉൽപാദനത്തിൽ ഏകദേശം 7 ശതമാനത്തോളം കുറവാണ് മുൻവർഷത്തേക്കാൾ 2024ൽ രേഖപ്പെടുത്തിയത്. വരും വർഷങ്ങളിൽ സ്വയംപര്യാപ്തമാവും എന്ന് പ്രതീക്ഷിക്കാനും കഴിയില്ല. അപ്പോൾ പാൽപ്പൊടി ഫാക്ടറി വെള്ളാനയാകുമോ?

കോഴി, താറാവ്, പന്നി കർഷകർക്ക് ദുരിതത്തിന്റെ വർഷമാണ് കടന്നു പോയത്. ഇറച്ചിക്കോഴി വിപണിയിലെ വിലവ്യതിയാനവും അസ്ഥിരതയും ചെറുകിട കർഷകരെ കുറച്ചെങ്കിലും ഈ മേഖലയിൽനിന്ന് അകറ്റി. പക്ഷിപ്പനി, ആന്റിബയോട്ടിക് പ്രതിരോധ ബാക്ടീരിയ തുടങ്ങിയ വാർത്തകൾ മൂലം ഇറച്ചിക്കോഴി വില ഉൽപാദനച്ചെലവിനേക്കാൾ കുറഞ്ഞു. മുടക്കുമുതൽ തിരിച്ചു കിട്ടും എന്ന് ഉറപ്പില്ലാത്ത മേഖലയായി ഇറച്ചിക്കോഴി വ്യവസായം മാറി. 

പക്ഷിപ്പനി ബാധ മൂലം ഡിസംബർ 31 വരെ കോഴി, താറാവ് എന്നിവയെ ആലപ്പുഴ ജില്ലയിലും പരിസരത്തും വളർത്താൻ പാടില്ലെന്നുള്ള സർക്കാർ ഉത്തരവു മൂലം ഈ മേഖലയിലുള്ളവരുടെ വരുമാന മാർഗം നിലച്ചതു പോലെയാണ്. ഡിസംബർ 31നു ശേഷം എന്നു മുതൽ വളർത്തിത്തുടങ്ങാനാവുമെന്ന് സർക്കാർ തലത്തിൽ ഇതുവരെ തീരുമാനമുണ്ടായില്ല. പന്നിപ്പനി പടർന്ന് പിടിക്കാതിരിക്കാൻ പന്നി ഫാമുകളിലെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് 2024ലും തുടർന്നു. അതിർത്തി കടന്നുള്ള പന്നിവരവിന് നിരോധനം ഉണ്ടെങ്കിലും കേരളത്തിലേക്ക് നിർബാധം പന്നികൾ എത്തുന്നുണ്ടെന്നാണ് വിവരം. ജീവനോടെയും ഇറച്ചിയായും പോർക്ക് ഇവിടെ എത്തുമ്പോൾ ബുദ്ധിമുട്ടിലാകുന്നത് സാധാരണക്കാരായ കർഷകരാണ്. അതിർത്തി കടന്നുള്ള പന്നിവരവിനെ തടയാൻ അധികാരമുള്ളവർ കണ്ണടയ്ക്കുമ്പോൾ കർഷകരുടെ ഭാഗത്തുനിന്ന് കടത്തൽ നിയന്ത്രിക്കാനുള്ള പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നത് പ്രശംസനീയമാണ്. പന്നിക്കർഷകർക്ക് സന്തോഷകരമായ വര്‍ഷമായിരുന്നില്ല 2024.

കേരളത്തിലെ മുട്ട ഉൽപാദനത്തിൽ സിംഹഭാഗവും അടുക്കളമുറ്റത്തെ കോഴി വളർത്തൽ പദ്ധതിയിൽ നിന്നാണ്. എന്നാൽ 2024ല്‍ പക്ഷിപ്പനി ഭീതി മൂലം പല പഞ്ചായത്തിലും കോഴിവിതരണം പദ്ധതി നടപ്പിലാക്കാക്കാൻ കഴിയാത്തത് എഗ്ഗർ നഴ്സറികളേയും മുട്ടയുൽപാദനത്തേയും ബാധിച്ചിട്ടുണ്ട്. 

തെരുവുനായ്ക്കളുടെ കൂട്ടത്തോടെയുള്ള കടിയേറ്റ് വയോധിക മരണമടഞ്ഞ ദുഃഖവാർത്തയും 2024ൽ നാം കേട്ടു. തെരുവ് നായ്ക്കൾക്ക് വാക്സീൻ നൽകും, വന്ധ്യംകരിക്കും, അക്രമകാരികളെ പുനരധിവസിപ്പിക്കും തുടങ്ങിയ പതിവ് പല്ലവികൾക്കപ്പുറം യാതൊരു ശാശ്വത പരിഹാരവും ഈ വിഷയത്തിലുണ്ടായില്ല. തണ്ണീർമുക്കം പഞ്ചായത്തിൽ പേവിഷബാധയേറ്റ് നാലു പശുക്കൾ ചത്ത വാർത്തയും ഏതാനും ദിവസങ്ങൾക്കു മുൻപു പുറത്തുവന്നു.

26 ബ്ലോക്കുകളില്‍ കൂടി വെറ്ററിനറി ആംബുലൻസ് സംവിധാനം വരുന്നു എന്ന പ്രഖ്യാപനം കേട്ട്, ആംബുലൻസിനു വേണ്ടി കാത്തിരിക്കുന്നവർക്ക് നിരാശയായിരുന്നു ഫലം.

English Summary:

Kerala Animal Husbandry: A Year of Challenges and Disappointments, Milk Production Down, Farmers Struggle: Kerala's 2024 Animal Husbandry Report, Bird Flu, Swine Flu Hit Kerala's Poultry and Pig Farmers Hard, Stray Dogs, Rabies Outbreaks Plague Kerala's Animal Welfare, Milma's New Factory: A Solution or a White Elephant?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com