പുഴുക്കളെ കോഴിത്തീറ്റയാക്കി മാറ്റുന്ന പ്രഭാതകുസുമൻ

DSCN4189
SHARE

ഒരു പുഴു’ എന്നു കേൾക്കുമ്പോൾ ആരുമൊന്നു മുഖം ചുളിക്കും. പുഴു വളർത്തി പണമുണ്ടാക്കാം എന്നു കേട്ടാലോ... ഇന്തൊനീഷ്യയിലും ചൈനയിലുമെല്ലാം ഇങ്ങനെ ‘പുഴുവരിക്കുന്ന ഫാക്ടറികൾ’ നടത്തി കാശുവാരുന്നവരുണ്ട്; ചില്ലറക്കാരല്ല, വൻകിടക്കാർ. ഉണക്കി സംസ്കരിച്ച കോഴിത്തീറ്റ മുതൽ ഇൻഡസ്ട്രിയൽ ലൂബ്രിക്കന്റ്സ് വരെ നീളുന്ന മൂല്യവർധിത പുഴു ഉൽപന്നങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളിൽ താൽപര്യമുള്ളവർ ഇന്റർനെറ്റിൽ തിരയട്ടെ. നമുക്കു തൽക്കാലം അടുക്കളമുറ്റത്തെ കോഴിവളർത്തലിനെ പുഴു പരിപാലനവുമായി ബന്ധിപ്പിക്കുന്ന തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ എസ്എൻ പുരത്തുള്ള ചിറയിൽ വീട്ടിൽ പ്രഭാതകുസുമൻ എന്ന ബാങ്കുദ്യോഗസ്ഥനെ പരിചയപ്പെടാം.

കൃഷിയിലുള്ള താൽപര്യമാണ് സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യയിൽ ഒാഡിറ്ററായ പ്രഭാതകുസുമനെ പുഴു(maggot)വിലെത്തിച്ചത്. മുട്ടക്കോഴിവളർത്തൽ തുടങ്ങിയതോടെ ചെലവു കുറഞ്ഞതും പോഷകപ്രധാനവുമായ കോഴിത്തീറ്റയെക്കുറിച്ച് അന്വേഷണം തുടങ്ങി. കാലിഫോർണിയ സർവകലാശാലയിൽ നിന്നുള്ള ഒരു പഠനം ശ്രദ്ധയിൽപ്പെടുന്നത് അങ്ങനെ. മണികണ്്ഠനീച്ച അഥവാ കാളീച്ച (black soldier fly)യുടെ ലാർവയെ കോഴി, മൽസ്യം എന്നിവയ്ക്കുള്ള തീറ്റയാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള പഠനമായിരുന്നു അത്. അന്വേഷണം വ്യാപിപ്പിച്ചപ്പോൾ സംഗതി   വെറും സിദ്ധാന്തമല്ലെന്നും പ്രയോഗത്തിൽ വരുത്തി വരുമാനം നേടുന്നവരുണ്ടെന്നും കണ്ടു.

വ്യാവസായികാടിസ്ഥാനത്തിൽ പുഴു വളർത്തുന്നതിനെക്കാൾ സാധാരണക്കാർക്ക് അതെങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലാണ് പ്രഭാതകുസുമന്റെ ശ്രദ്ധ പതിഞ്ഞത്. ജൈവമാലിന്യങ്ങൾ ലാർവയുടെ ഭക്ഷണമാക്കി മാറ്റാമെന്നും കോഴിത്തീറ്റയിൽ ദിവസേന ഇരുപതു ശതമാനം ലാർവ ഉൾപ്പെടുത്തി പ്രോട്ടീൻ സമ്പുഷ്ട  ഭക്ഷണം തയാറാക്കാമെന്നും മനസ്സിലായതോടെ പരീക്ഷണം തുടങ്ങി. ഈച്ചയെ ആകർഷിക്കാനും അവയ്ക്കു  മുട്ടയിടാനും സാഹചര്യം, മുട്ട വിരിയുന്ന ലാർവയ്ക്കു ഭക്ഷണം, ലാർവയെ ശേഖരിക്കാന്‍ സംവിധാനം എന്നിവ സജ്ജമാക്കി. വിരിഞ്ഞെത്തിയ ലാർവ മുട്ടക്കോഴികൾക്കു നൽകിയപ്പോൾ അവയ്ക്കും  പ്രിയം. അടുക്കളമാലിന്യങ്ങൾ എവിടെ ഉപേക്ഷിക്കും എന്ന ആശങ്കയ്ക്കു പരിഹാരമായി.  ഒപ്പം പണച്ചെലവില്ലാതെ മികച്ച കോഴിത്തീറ്റ കിട്ടുകയും ചെയ്യുന്നു.

BSF-Maggot

പുഴുവിന്റെ വഴികൾ

കേടായ ഭക്ഷ്യാവശിഷ്ടങ്ങളിലും മറ്റു ജൈവമാലിന്യങ്ങളിലും ഈച്ച വന്നിരിക്കുന്ന കാഴ്ച എല്ലാവർക്കും പരിചിതം. ഇക്കൂട്ടത്തിൽ black soldier fly അഥവാ മണികണ്ഠനീച്ചയാണ് നമ്മുടെ ശ്രദ്ധ പതിയേണ്ട ഈച്ചയിനം. ഉഷ്ണമേഖലാപ്രദേശങ്ങളിൽ കാണുന്ന ഈ ഈച്ച, ചീഞ്ഞു മണം വന്നു തുടങ്ങുന്ന ജൈവമാലിന്യങ്ങൾ തേടിയെത്തുന്നത് അതു ഭക്ഷിക്കാനല്ല, മറിച്ച് അതിൽ മുട്ടയിടാനാണെന്ന് പ്രഭാതകുസുമൻ. മുട്ട വിരിഞ്ഞുവരുന്ന ലാർവയ്ക്കു ഭക്ഷണം വേണം. അതാണ് ഈ അവശിഷ്ടങ്ങൾ.

ജനിച്ച് ഏഴാം ദിവസമാണ്  ഈച്ച മുട്ടയിടുന്നത്.  700–900 മുട്ടകളിടും. അടുത്ത തലമുറയെ ഉൽപാദിപ്പിക്കുന്നതോടെ ഈച്ചയുടെ ആയുസ്സൊടുങ്ങും.  2–3 ദിവസത്തിനുള്ളിൽ മുട്ടകൾ വിരിയും. വിരിഞ്ഞിറങ്ങുന്ന ലാർവകൾ കണക്കില്ലാതെ തിന്നും. 8–10 ദിവസം ഇങ്ങനെ തിന്നു മുന്നേറുമ്പോഴുള്ള പുഴുക്കളുടെ വളർച്ചനിരക്കിനെ ഇറച്ചിക്കോഴിയോട് ഉപമിക്കാമെന്നു പ്രഭാതകുസുമൻ. പിറന്നു വീണ് നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽത്തന്നെ ഏതാണ്ട് നാനൂറിരട്ടി വളർച്ച.

bsf_diagonal

മുട്ട വിരിഞ്ഞിറങ്ങുമ്പോൾ വെളുത്ത നിറമുള്ള പുഴുക്കൾ,  വളരുന്നതിന് അനുസരിച്ച് തവിട്ടു നിറത്തിലേക്കു മാറും. 8–9 ദിവസങ്ങൾ  കഴിയുന്നതോടെ ഈ പുഴുക്കൾ സമാധിദശ (പ്യൂപ്പ)യിലേക്ക് എത്തുന്നു. 10–12 ദിവസങ്ങൾ പിന്നിടുന്നതോടെ പ്യൂപ്പ പിളർന്ന് ഈച്ച പറന്നകലും. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുവിനാണ് വാണിജ്യ പ്രാധാന്യം. മൂന്നു–നാലു ദിവസം പ്രായമായ പുഴുവിൽ 50–55 ശതമാനം പ്രോട്ടീനുണ്ടാവും. 35 ശതമാനം കൊഴുപ്പ്, 5 ശതമാനം കാൽസ്യം. പ്രായം കൂടുന്നതോടെ പ്രോട്ടീന്റെ അളവു കുറഞ്ഞുവരും, കൊഴുപ്പിന്റെ അളവു കൂടും. പ്രോട്ടീന്‍ സമ്പന്നമായിരിക്കുന്ന പ്രായത്തിലാണ് ഇവയെ കോഴിത്തീറ്റയാക്കി മാറ്റേണ്ടത്.

ഒരു ദിവസത്തെ കോഴിത്തീറ്റയിൽ 20 ശതമാനം ലാർവ ഉൾപ്പെടുത്തിയാൽ കോഴിക്ക് ആവശ്യമായ പ്രോട്ടീൻ ഉറപ്പാക്കാം. കാൽസ്യം ഉൾപ്പെടെയുള്ള മറ്റു ഘടകങ്ങളും  ഈ തീറ്റയിൽ വേണ്ടത്രയുണ്ട്. ഈ ലാർവയെ വിളവെടുത്ത് അതേപടി  ഉണക്കി പായ്ക്കു ചെയ്ത് കോഴി, മൽസ്യത്തീറ്റകളാക്കി വിൽക്കുന്ന സംരംഭകർ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലുണ്ടെന്ന് പ്രഭാതകുസുമൻ ചൂണ്ടിക്കാണിക്കുന്നു.

black-soldier-fly-on-leaf

നമ്മുടെ നാട്ടില്‍ വാണിജ്യാടിസ്ഥാന ത്തിലുള്ള പുഴു ഉൽപാദനത്തിന് എത്ര പേർ തയാറാവും എന്നതു സംശയം. അതേസമയം 100–200 മുട്ടക്കോഴികളെ അടുക്കളപ്പുറത്തു പരിപാലിക്കുന്ന ചെറു സംരംഭകർക്ക് ഈ തീറ്റപ്പുഴുക്കൾ തീറ്റച്ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായകമാവും. വീട്ടുവളപ്പിൽ അഴിച്ചുവിട്ടു വളർത്തുന്ന നാടൻകോഴികൾ പറമ്പിലിറങ്ങി ചിതലും പുഴുക്കളുമെല്ലാം കൊത്തിത്തിന്നുന്നത് എല്ലാവർക്കും പരിചിതമാണല്ലോ. അവയുടെ ആരോഗ്യത്തിന്റെ രഹസ്യവും അതുതന്നെ. പരിമിതമായ സ്ഥല സൗകര്യത്തിൽ വളർത്തുന്ന കോഴികളുടെ കാര്യത്തിൽ, പ്രത്യേകം തയാറാക്കുന്ന ഈ പുഴുത്തീറ്റ നൽകി സമീകൃതാഹാരം ഉറപ്പാക്കാം. വാസ്തവത്തിൽ, കടകളിൽനിന്നു വാങ്ങി നൽകുന്ന കോഴിത്തീറ്റയെക്കാൾ എന്തുകൊണ്ടും മികച്ചതാണ് ഈ തീറ്റപ്പുഴുക്കളെന്നു പ്രഭാതകുസുമൻ. 

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഈച്ചയെ ആകർഷിക്കാനും മുട്ടവിരിഞ്ഞെത്തുന്ന പുഴുക്കളെ ശേഖരിക്കാനും ശാസ്ത്രീയ സംവിധാനവും സാമാന്യമായ മുന്നറിവുകളും ആവശ്യമാണ്. വീടുകൾക്കു യോജിച്ച പുഴു ഉൽപാദന സംവിധാനം  പ്രഭാതകുസുമൻ നിർമിച്ചുകഴിഞ്ഞു. ഈ മേഖലയിൽ താൽപര്യമുള്ളവർക്ക്  അറിവുകൾ പകരാനും തയാർ.

ഫോൺ: 8778044326

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WASTE MANAGEMENT
SHOW MORE
FROM ONMANORAMA