ഇന്നു കേരളത്തിന്‍്റെ പ്രധാന പ്രശ്നം മാലിന്യസംസ്കരണമാണ്. അറവുമാലിന്യങ്ങളിൽ കൂടുതലും കോഴി അവശിഷ്ടങ്ങളാണ്. പലരും ഇവ കുഴിച്ചുമൂടുകയോ പന്നികൾക്കും മറ്റും തീറ്റയായി നൽകുകയോ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുകയോ ആണു പതിവ്. കോഴി അവശിഷ്ടങ്ങളിൽ സംസ്കരിക്കാൻ ഏറ്റവും പ്രയാസം തൂവലുകളാണ്. എന്നാൽ മണ്ണിരയെ ഉപയോഗിച്ച് ഇവ കമ്പോസ്റ്റാക്കാം.
കോഴി അവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കി മാറ്റാൻ അവ നിക്ഷേപിക്കുന്ന സ്ഥലത്ത് ച. മീറ്ററിൽ 15000 – 20000 മണ്ണിരയെങ്കിലും വേണം. നല്ലവണ്ണം ശ്രദ്ധിച്ചാൽ ഒരു ച. മീറ്ററിൽ 50000 മണ്ണിരയെ വരെ വളർത്തിയെടുക്കാം. കോഴി അവശിഷ്ടങ്ങൾ മണ്ണിരടാങ്കിൽ നിക്ഷേപിക്കുന്നതിനു മുൻപ് അവയെ അതിന്റെ ഭാരത്തിന്റെ മുപ്പതു മുതൽ അൻപതു ശതമാനം വരെ പച്ചച്ചാണകക്കുഴമ്പുമായി നന്നായി കലർത്തണം. ഒരു ച. മീറ്റർ സ്ഥലത്ത് പതിനഞ്ചു കിലോ കോഴി അവശിഷ്ടം എന്ന തോതിൽ നിക്ഷേപിക്കാം.
ടാങ്കിൽ നിക്ഷേപിച്ചിട്ടുള്ള കോഴി അവശിഷ്ടങ്ങൾ സാധാരണ കമ്പോസ്റ്റ്, മണ്ണിരക്കമ്പോസ്റ്റ്, മരപ്പൊടി, പാറപ്പൊടി എന്നിവ ഏതെങ്കിലും ഉപയോഗിച്ച് നന്നായി മൂടിയിടണം. അല്ലെങ്കിൽ ഈച്ചശല്യം വളരെയധികം ഉണ്ടാകും. മേൽപറഞ്ഞ വിധത്തിൽ ടാങ്കിൽ നിക്ഷേപിച്ചിട്ടുള്ള കോഴി അവശിഷ്ടം നനഞ്ഞ ചണച്ചാക്ക് ഉപയോഗിച്ച് മൂടിയിട്ടാൽ അവ പെട്ടെന്ന് കമ്പോസ്റ്റായി മാറും. ചണച്ചാക്ക് ഇല്ലെങ്കിൽ കറുത്ത പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മൂടിയാലും മതി. എന്നാൽ കമ്പോസ്റ്റ് ഉൽപാദനത്തിന് കൂടുതൽ സമയമെടുക്കും.
ഏഴ് – എട്ട് ദിവസം കഴിയുമ്പോൾ കോഴി അവശിഷ്ടത്തിലുള്ള മാംസഭാഗങ്ങൾ കമ്പോസ്റ്റായി മാറും. തൂവലുകൾ മാത്രമേ ബാക്കിവരികയുള്ളൂ. സ്ഥലം ഉണ്ടെങ്കിൽ അങ്ങനെ പാകമായ കോഴി അവശിഷ്ടങ്ങൾ ഇളക്കി നന്നായി നനച്ചിടുകയോ പറ്റുമെങ്കിൽ കുറച്ചു പച്ചച്ചാണകക്കുഴമ്പ് തളിച്ച് കൂട്ടിയിടുകയോ ചെയ്യണം. പതിനഞ്ചു കിലോ കോഴി അവശിഷ്ടത്തിന് അര ച. മീറ്റർ സ്ഥലം മതി.
നന്നായി ശ്രദ്ധിച്ചാൽ മേൽപറഞ്ഞ വിധത്തിൽ കോഴി അവശിഷ്ടങ്ങൾ പതിനഞ്ചു മുതൽ പതിനെട്ടു ദിവസത്തിനുള്ളിൽ മണ്ണിരക്കമ്പോസ്റ്റായി മാറും. കോഴിത്തൂവലുകൾ കമ്പോസ്റ്റായി മാറിയില്ലെങ്കിൽ അവയെ അടുത്ത തവണ കോഴിയവശിഷ്ടങ്ങളുമായി കലർത്തി മണ്ണിരക്കമ്പോസ്റ്റ് ടാങ്കിൽ നിക്ഷേപിക്കാം. സാധാരണ 45 ദിവസം പ്രായമായ ഇറച്ചിക്കോഴിയുടെ കാലിലെ എല്ലുകളൊഴിച്ച് ബാക്കിയെല്ലാം 15–18 ദിവസത്തിനകം കമ്പോസ്റ്റായി മാറും.
കോഴി അവശിഷ്ടങ്ങൾ മണ്ണിരക്കമ്പോസ്റ്റാക്കി മാറ്റുന്നതിനായി നിക്ഷേപിക്കുന്ന ടാങ്കിൽ ആവശ്യത്തിന് മണ്ണിരയും നനവും വേണം. ഒരിക്കലും നനവ് അധികമാകരുത്. അവശിഷ്ടങ്ങൾ ടാങ്കിൽ ഒരിക്കലും മൂടാതെ ഇടരുത്. അല്ലെങ്കിൽ പരിസരമലിനീകരണം ഉണ്ടാകും.
വിലാസം: കൃഷി ജോയിന്റ് ഡയറക്ടർ (റിട്ട.), ജയഭവൻ, അഴിക്കാൽ,
കാട്ടാക്കട, തിരുവനന്തപുരം