ഗാര്‍ഹികമാലിന്യം ഉറവിടത്തില്‍ െജെവവളമാക്കാനുള്ള യന്ത്രവും സാങ്കേതികവിദ്യയും. ഗാർഹികമാലിന്യത്തിന്റെ 80 ശതമാനത്തിലധികവും ജൈവ മാലിന്യമാണ്. നിലവിലുള്ള ജൈവമാലിന്യ സംസ്കരണമാർഗങ്ങള്‍ക്ക് എല്ലാംതന്നെ കൂടുതൽ സമയവും സ്ഥലവും ആവശ്യമുണ്ട്. മാത്രമല്ല, ജൈവ മാലിന്യങ്ങൾ കുറെ നാളുകൾ കൂട്ടിയിടുമ്പോൾ അന്തരീക്ഷ മലിനീകരണമുണ്ടാകുന്നു. കമ്പോസ്റ്റിങ്ങിനായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളിൽനിന്നുണ്ടാകുന്ന ആസിഡുകളും, ഓക്സീകരണം പൂർത്തിയാകാത്ത സംയുക്തങ്ങളും കലർന്ന വെള്ളത്തിലൂടെ കുളങ്ങളും, കായലുകളും, തോടുകളും മലിനമാകും. ഈ സാഹചര്യത്തിലാണ് ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ വേഗത്തിൽ സംസ്കരിക്കുന്ന സാങ്കേതികവിദ്യ കേരള കാർഷിക സർവകലാശാലയുടെ ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ വികസിപ്പിച്ചെടുത്തത്. തിരുവനന്തപുരം വെള്ളായണി കാർഷിക കോളജിൽ ഉരുത്തിരിച്ചെടുത്ത ‘ശുചിത’ എന്ന സാങ്കേതികവിദ്യയിലുള്ള യന്ത്രത്തിന് രണ്ടു ഭാഗമാണുള്ളത്. ഒരു ജൈവമാലിന്യ അരവുയന്ത്രവും ഇരട്ട പുറംചട്ടയോടു കൂടിയ, താപനിയന്ത്രണ സംവിധാനമുള്ള സംസ്കരണ സംഭരണിയും.
ഉറവിടത്തിൽ വേർതിരിച്ചെടുത്ത ജൈവമാലിന്യം അരവുയന്ത്രത്തിൽ നിക്ഷേപിക്കുന്നു. സംസ്കരണ സംഭരണിയിലേക്കു വീഴുന്ന ജൈവമാലിന്യ മിശ്രിതത്തിലേക്ക് അര മണിക്കൂർ ഇടവേളയിൽ രണ്ടു രാസ സംയുക്തങ്ങൾ ചേർത്ത് 100 ഡിഗ്രി സെൽഷ്യസിൽ തിളപ്പിക്കുന്നു. ഒരു മണിക്കൂർനേരത്തെ താപ, രാസ പ്രക്രിയയിലൂടെ ജൈവമാലിന്യം വിഘടിച്ച്, പരിവർത്തനം പൂർത്തീകരിച്ച് ജൈവവളമായി ഉപയോഗിക്കാൻ പാകമാകുന്നു. ഇതിൽ ചെറിയ തോതിൽ ചകിരിച്ചോറ്, കരി എന്നിവ ചേർത്ത് ഉണക്കിയെടുക്കാം.
ഗാർഹിക മാലിന്യം അന്നന്നുതന്നെ സംസ്കരിച്ച് ഗുണമേന്മയുള്ള സമീകൃത ജൈവവളം തയാറാക്കാമെന്നതാണ് ഈ രീതിയുടെ പ്രധാന മെച്ചം. സംസ്കരിച്ചെടുത്ത ജൈവവളത്തിന് തീരെ ദുർഗന്ധമില്ല. യുവജനങ്ങൾക്കും സ്ത്രീകൾക്കും സ്വയംസഹായ സംഘങ്ങൾക്കും ഇത് തൊഴിലവസരവും വരുമാനമാർഗവുമാക്കാം.
ദിവസവും കൈകാര്യം ചെയ്യേണ്ട മാലിന്യത്തിന്റെ അളവ് അനുസരിച്ചുവേണം യന്ത്രത്തിന്റെ ശേഷി നിർണയിക്കാൻ. ഇരുപതു കിലോ മുതൽ 100 കിലോ വരെ ജൈവമാലിന്യം സംസ്കരിക്കാൻ പര്യാപ്തമായ വ്യത്യസ്ത ശേഷികളിൽ യന്ത്രങ്ങൾ ലഭ്യമാണ്. 25 കിലോ ക്ഷമതയുള്ള യന്ത്രം പ്രവർത്തിക്കാൻ ഒരു ദിവസം കേവലം രണ്ട് ചതുരശ്രമീറ്റർ സ്ഥലവും മൂന്നു യൂണിറ്റ് വൈദ്യുതിയുമേ ആവശ്യമുള്ളൂ. 25 കിലോ ജൈവമാലിന്യത്തിൽ നിന്ന് ഏഴ് കിലോ സംപുഷ്ട ജൈവവളം ലഭിക്കും. ഒരു കിലോ വളം 55 രൂപ നിരക്കിൽ വിൽക്കാം. നൂറു കുടുംബങ്ങളുള്ള റസിഡൻസ് അസോസിയേഷനിലേക്ക് നാല് യന്ത്രങ്ങൾ വേണ്ടിവരും. ഇതിന്റെ പ്രാഥമിക നിക്ഷേപം ഏതാണ്ട് 20 ലക്ഷം രൂപയാകും. ഇങ്ങനെയൊരു യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ഒരാൾ മതി. നഗരപ്രദേശങ്ങളിലും ഫ്ളാറ്റുകളിലും പച്ചക്കറിച്ചന്തകളിലും ഹോട്ടലുകളിലും ഓഡിറ്റോറിയങ്ങളിലും മറ്റും ജൈവസംസ്കരണത്തിന് ‘ശുചിത്വ’ യന്ത്രം അനുയോജ്യമാണ്. കാർഷിക കോളജിലും തിരുവല്ലത്തും അടൂർ ശ്രീബുദ്ധ എൻജിനീയറിങ് കോളജിലും തിരുവനന്തപുരം കോട്ടൺഹിൽ എൽ പി സ്കൂളിലും ഈ യന്ത്രം സ്ഥാപിച്ചിട്ടുണ്ട്.
വെള്ളായണി കാർഷിക കോളജിൽ വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യയുടെ പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. ഡോ. സി.ആർ. സുധർമയീദേവി, ഡോ. കെ.സി. മനോരമ തമ്പാട്ടി, ഡോ. എൻ. സെയ്ഫുദ്ദിൻ, ഡോ. വി. ഗണേശൻ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.
വിലാസം: അവസാന വർഷ ബിരുദ വിദ്യാർഥിനി, കാർഷിക കോളജ്,വെള്ളായണി.
ഫോൺ: (ഡോ. നവിൻ ലെനോ)
9447501346