എല്ലാം ദ്രവിക്കട്ടെ മണ്ണിൽ

മഴക്കാലത്തു ലഭിക്കുന്ന ജലം പിടിച്ചുനിർത്താൻ വേണ്ടി പറമ്പിൽ ചാലുകീറി ചകിരിയും ഉണങ്ങിയ ഓലയും മറ്റും നിറച്ചതിനു സമീപം ലേഖകൻ. ചിത്രം: ധനേഷ് അശോകൻ

രണ്ടായിരത്തിൽ കെഎസ്ഇബിയിലെ ജോലിയിൽനിന്നു വിരമിച്ചതിനു ശേഷമാണു കർഷക കുടുംബാംഗമായ എന്റെ മനസ്സിൽ കൃഷിയാഗ്രഹം മുളപൊട്ടിയത്. തിരുവല്ല നിരണത്തുനിന്നു വന്ന ഞാൻ പാലക്കാട് നെന്മാറയ്ക്കടുത്ത് ആറ് ഏക്കർ സ്ഥലം വാങ്ങി. അവിടെ 350 തെങ്ങും 500 കവുങ്ങും കുറച്ചു തേക്കും ഉണ്ടായിരുന്നു.

ചുവപ്പും മഞ്ഞയും കലർന്ന മണൽചേരുവയുള്ള വളക്കൂറില്ലാത്ത മണ്ണായിരുന്നു. ഇവിടെ കുളങ്ങളും കുഴൽകിണറും ഉണ്ടായിരുന്നു. മാർച്ച് മാസത്തോടെ കുളങ്ങൾ വറ്റും. അയൽവീട്ടുകാർക്കു കുടിവെള്ളത്തിനു കൊടുത്തതിനു ശേഷമാണു കുഴൽകിണറിലെ വെള്ളം കൃഷിയാവശ്യത്തിന് ഉപയോഗിക്കുക. ഇതു രണ്ടു മണിക്കൂർ മാത്രമേ കിട്ടുമായിരുന്നുള്ളൂ. തുള്ളിനന പരീക്ഷിച്ചെങ്കിലും അതും പരാജയപ്പെട്ടു.

ആ സമയത്തു മലയാള മനോരമ ‘പലതുള്ളി’ പദ്ധതിയുടെ ഭാഗമായി നടത്തിയ ജലസംരക്ഷണ ക്ലാസിൽ പങ്കെടുക്കുകയും ക്ലാസെടുക്കാൻ വന്ന ഡോ. ജോസ് റാഫേൽ കൃഷിയിടം സന്ദർശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം 25 അടി നീളത്തിൽ രണ്ട് അടി വീതിയിൽ ഒന്നര അടി താഴ്ചയിൽ അഞ്ചു ചാലുകൾ കീറി അതിൽ ചകിരി നിറച്ചു മണ്ണിട്ടു തടയണ ഉണ്ടാക്കി.

അടുത്ത വർഷം ഏപ്രിൽ മാസം വരെ കുളങ്ങളിലെ വെള്ളം വറ്റിയില്ലെങ്കിലും വേനൽ രൂക്ഷമായതോടെ വലിയ മാറ്റം കണ്ടില്ല. അടുത്ത വർഷം സ്ഥലത്തിന്റെ ഉയർന്ന ഭാഗത്ത് 10 ലക്ഷം ലീറ്റർ വെള്ളം ശേഖരിക്കാവുന്ന വലിയ സംഭരണി നിർമിച്ചു. മഴക്കാലത്ത് ഇതിൽ വെള്ളം നിറച്ചു നിർത്തിയാൽ വേനൽക്കാലത്തു കുറച്ചുകൂടി വെള്ളം ലഭ്യമാകുമെന്നു മനസ്സിലാക്കി. അടുത്ത രണ്ടു വർഷം ഒരുവിധം കാര്യങ്ങൾ മുന്നോട്ടുപോയെങ്കിലും 2005–06 ലെ കൊടുംവേനലിൽ കൃഷിക്കു വെള്ളം തികയാതെ വന്നു.

ഇതിനിടെ സുഭാഷ് പലേക്കറുടെ പ്രകൃതികൃഷിയെക്കുറിച്ച് അറിയുകയും കൂടുതൽ പഠിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിർ‌ദേശ പ്രകാരം ചാലുകളുടെ ആഴം ആറ് അടിയായി കൂട്ടുകയും വീതി മൂന്നടി ആക്കുകയും ചെയ്തു. ഇടയിലെല്ലാം 40 ചാലുകൾ കീറി.

ചാലിൽ തെങ്ങിന്റെ അവശിഷ്ടങ്ങളും കരിയിലകളുമിട്ടു നിറച്ചു. അതിനു മുകളിൽ ശീമക്കൊന്നയുടെ ഇലകളും കമ്പുകളും വെട്ടിയിട്ടു. ജീവാമൃതം ഉണ്ടാക്കി മാസത്തിൽ രണ്ടു തവണ ചാലുകളിൽ ഒഴിച്ചു. എന്നെ അതിശയിപ്പിച്ച രണ്ടു കാര്യങ്ങൾ ഇതോടെ സാധ്യമായി. 1. നാലു മാസത്തിനുള്ളിൽ ചാലിൽ നിക്ഷേപിച്ചതെല്ലാം പൊടിഞ്ഞു തീർന്ന് ഇല്ലാതാകുകയും ഹ്യൂമസ് (humas) ഉണ്ടാകുകയും ചെയ്തു. 2. സ്ഥലത്തിന്റെ താഴ്ന്ന ഭാഗത്തുണ്ടായിരുന്ന രണ്ടു കുളങ്ങളും കിണറുകളും നിറയുകയും കടുത്ത വേനലിൽപോലും വറ്റാതെ ജലസമൃദ്ധി സാധ്യമാകുകയും ചെയ്തു.

അതിനുശേഷം ഇന്നുവരെ ഈ ജലസമൃദ്ധി തുടരുന്നു. എന്റെ സ്ഥലത്തു മാത്രമല്ല, സമീപവാസികളുടെ കിണറുകളിലും ജലസ്രോതസ്സുകളിലുമുണ്ടായ ജലസമൃദ്ധി എന്നെ സന്തോഷിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് ഏഴ് അടിയോളം വെള്ളമുണ്ടായിരുന്നു. ഈ കടുത്ത വേനലിലും മൂന്നടിയോളം വെള്ളം കുളങ്ങളിലും കിണറുകളിലുമുണ്ട്.

40 ചാലുകൾ നിർമിക്കുന്നതിന് 10,000 രൂപയാണ് ആകെ ചെലവ്. ചാലുകളുടെ വശങ്ങളിൽ ശീമക്കൊന്ന വച്ചുപിടിപ്പിച്ചതോടെ അവ വെട്ടിക്കൊണ്ടുവരാനുള്ള ചെലവും ഇല്ലാതായി. ഇപ്പോൾ ജോലിക്കാരുടെ സഹായമില്ലാതെ നല്ല രീതിയിൽ നനയ്ക്കാൻ സാധിക്കുന്നു.

ഇപ്പോൾ നേരത്തേ ഉണ്ടായിരുന്ന മരങ്ങൾക്കു പുറമേ 25 ജാതി, 150 കൊക്കോ, 25 പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും ചേന, ചേമ്പ്, കാച്ചിൽ, വാഴ, പാവൽ, വഴുതന, മത്തൻ, ചീര, വെണ്ട, പടവലം തുടങ്ങി ഒട്ടേറെ പച്ചക്കറികളും കൃഷി ചെയ്യുന്നു. കഴിഞ്ഞ അഞ്ചു വർഷമായി പച്ചക്കറികളും പഴങ്ങളും പുറത്തുനിന്നു വാങ്ങുന്നില്ല. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കൊടുക്കുകയും ചെയ്യുന്നു.

നമ്മുടെ കൃഷിയിടത്തിലും സ്ഥലങ്ങളിലും ഹ്യൂമസിന്റെ അളവു കുറഞ്ഞതിനാലായിരിക്കണം കിണറുകളും കുളങ്ങളും ജലസ്രോതസ്സുകളും വറ്റുന്നത്. കാടുകളിൽ മരങ്ങളുടെ ഇലയും തണ്ടും വേരുകളും ദ്രവിച്ചു ഹ്യൂമസ് ഉണ്ടാകുന്നതിനാലാണു മലകളിൽ നീരൊഴുക്കുണ്ടാകുന്നത്.

നമ്മുടെ പറമ്പിലും കൃഷിയിടത്തിലുമുള്ള ഹ്യൂമസിനെ പിടിച്ചുനിർത്താനും കൂടുതലായി ഉണ്ടാക്കാനുമായാൽ നമുക്കു കടുത്ത വേനലിലും ജലസമൃദ്ധി സാധ്യമാക്കാനാകുമെന്നാണ് എന്റെ അനുഭവം തെളിയിക്കുന്നത്.

(പാലക്കാട് അയിലൂർ മൂല സ്വദേശിയായ ലേഖകൻ 2015ലെ മലയാള മനോരമ ‘പലതുള്ളി’ അവാർഡ് ജേതാവാണ്)