തിളങ്ങുന്ന മാസ്മരിക രൂപം; മെക്സിക്കോയെ പ്രതിഫലിപ്പിച്ച് മ്യൂസിയോ സൗമയ
Mail This Article
മെക്സിക്കോ സിറ്റിയിലെ ഒരു സ്വകാര്യ മ്യൂസിയവും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക സ്ഥാപനവുമാണ് മ്യൂസിയോ സൗമയ. ലെബനീസ്-മെക്സിക്കൻ ശതകോടീശ്വരൻ കാർലോസ് സ്ലിം ഹെലുവിന്റെ ഭാര്യയും 1999ൽ അന്തരിച്ച സൗമയ ഡോമിറ്റിന്റെ പേരിലാണ് മ്യൂസിയം അറിയപ്പെടുന്നത്. 15–ാം നൂറ്റാണ്ട് മുതൽ 20–ാം നൂറ്റാണ്ട് വരെ ഉണ്ടായിരുന്ന 66,000ലധികം സൃഷ്ടികളും ശിൽപങ്ങളുമുള്ള ഈ മ്യൂസിയം, അതിന്റെ രൂപ ഭംഗി കൊണ്ടു തന്നെ പ്രസിദ്ധമാണ്.
1994ൽ തുറന്ന മ്യൂസിയ സൗമയയുടെ യഥാർത്ഥ കെട്ടിടം മെക്സിക്കോ സിറ്റിയുടെ തെക്ക് ഭാഗത്തുള്ള പ്ലാസ ലോറെറ്റോയിലാണ്. ന്യൂവോ പോളാൻകോ ജില്ലയിലെ പ്ലാസ കാർസോയിലെ പുതിയ കെട്ടിടം, കാർലോസ് സ്ലിം ഹെലുവിന്റെ മരുമകൻ, മെക്സിക്കൻ ആർക്കിടെക്റ്റ് ഫെർണാണ്ടോ റൊമേറോയാണ് രൂപകല്പന ചെയ്തത്. 2011ൽ തുറന്നു പ്രവർത്തിച്ച പ്ലാസ കാർസോയിലെ ഈ കെട്ടിടമാണ് സൂര്യപ്രകാശത്താൽ പ്രകാശിക്കുന്ന മാസ്മരിക രൂപം കൊണ്ട് ജനശ്രദ്ധ നേടിയത്.
ഷഡ്ഭുജാകൃതിയിലുള്ള 16,000 മിറർഡ്-സ്റ്റീൽ ടൈൽ ഉപയോഗിച്ചാണ് കെട്ടിടം അലങ്കരിച്ചിരിക്കുന്നത്. പ്രകാശവും ദൃശ്യങ്ങളും പ്രതിഫലിപ്പിക്കാൻ ഉദ്ദേശിച്ചുള്ള രൂപകൽപ്പനയാണത്. 151 അടി ഉയരമുള്ള കെട്ടിടത്തിൽ ആറ് നിലകളാണുള്ളത്. കെട്ടിടത്തിന്റെ ആകൃതി കാരണം, ഓരോ നിലകള്‍ക്കും അതിന്റേതായ പ്രത്യേക ഫ്ലോർ പ്ലാനുണ്ട്.
വലിയ വെളുത്ത ഗാലറിയിലേക്ക് തുറക്കുന്ന ഇടുങ്ങിയ പ്രവേശന കവാടമാണ് മ്യൂസിയത്തിനുള്ളത്. ആർട്ട് ഗാലറികൾക്ക് പുറമേ, ആ കെട്ടിടത്തിൽ ഒരു ലൈബ്രറി, റസ്റ്റോറന്റ്, ഒരു മൾട്ടി പർപ്പസ് പബ്ലിക് ലോഞ്ച്, ഓഫീസുകൾ, ഒരു ഗിഫ്റ്റ് ഷോപ്പ്, 350 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവയും ഉൾപ്പെടുന്നു.