ADVERTISEMENT

കൃഷ്ണ റെഡ്ഡി (15 ജൂലൈ 1925 - 22 ഓഗസ്റ്റ് 2018) ഒരു പ്രശസ്ത ഇന്ത്യൻ മാസ്റ്റർ പ്രിന്റ് മേക്കറും ശിൽപിയും അധ്യാപകനുമായിരുന്നു. പ്രിന്റ് മേക്കിംഗിലും ശിൽപകലയിലും നൽകിയ സംഭാവനകൾക്കായി ആഘോഷിക്കപ്പെട്ട അദ്ദേഹം, വിസ്കോസിറ്റി പ്രിന്റിംഗിന്റെ മാസ്റ്ററായി കണക്കാക്കപ്പെടുന്നു.

ആന്ധ്രാപ്രദേശിലെ ചിറ്റൂരിനടുത്തുള്ള നന്ദനൂർ എന്ന ചെറിയ ഗ്രാമത്തിൽ 1925 ജൂലൈ 15നാണ് കൃഷ്ണ റെഡ്ഡി ജനിച്ചത്. 1941 മുതൽ 1946 വരെ വിശ്വഭാരതി സർവകലാശാലയുടെ കലാഭവനിൽ (ഇപ്പോഴത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്‌സ്) ഫൈൻ ആർട്‌സ് പഠിച്ചതോടെയാണ് അദ്ദേഹം തന്റെ കലാപരമായ യാത്ര ആരംഭിച്ചത്. സ്ലേഡ് സ്കൂൾ ഓഫ് ഫൈൻ ആർട്സില്‍ ശിൽപപഠനം തുടരുന്നതിനായി 1949ൽ ലണ്ടനിലേക്ക് പോയി. പിന്നീട് 1950ൽ റെഡ്ഡി പാരിസിലേക്ക് താമസം മാറിയത് ജീവിതത്തിൽ വലിയ വഴിത്തിരിവായി. കോൺസ്റ്റാന്റിൻ ബ്രാൻകൂസി എന്ന കലാകാരനെ കണ്ടുമുട്ടുന്നത് അവിടെ വെച്ചാണ്. അദ്ദേഹത്തിന്റെ ലാളിത്യം കൃഷ്ണ റെഡ്ഡിയെ ആഴത്തിൽ സ്വാധീനിച്ചു. ബ്രാൻകൂസി വഴി, കലയെക്കുറിച്ചുള്ള കഫേ ചർച്ചകളിൽ എത്തിപ്പെട്ട അദ്ദേഹം, തന്റെ കലാപരമായ സംവേദനക്ഷമത രൂപപ്പെടുത്തിയ നിരവധി പ്രശസ്ത കലാകാരന്മാരെ അവിടെ വെച്ച് കണ്ടുമുട്ടുകയും ചെയ്തു.

സുദീർഘവും പ്രസിദ്ധവുമായ ജീവിതത്തിനിടയിൽ, വെങ്കലം, കല്ല്, മാർബിൾ, ടെറാക്കോട്ട എന്നിവയിൽ റെഡ്ഡി നിരവധി ശിൽപങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ 1952ൽ റെഡ്ഡി സ്റ്റാൻലി വില്യം ഹെയ്‌റ്റർ സ്ഥാപിച്ച പ്രശസ്ത പ്രിന്റ് മേക്കിംഗ് സ്റ്റുഡിയോയായ അറ്റ്ലിയർ 17ൽ ചേർന്നതാണ് ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വഴിത്തിരിവായത്. പാരിസിലുണ്ടായിരുന്ന കാലത്ത് ഒസിപ് സാഡ്കൈൻ, സ്റ്റാൻലി വില്യം ഹെയ്റ്റർ, ജോവാൻ മിറോ, ആൽബെർട്ടോ ജിയാകോമെറ്റി തുടങ്ങിയ കലാകാരന്മാരുടെ കീഴിൽ അദ്ദേഹം പഠിച്ചു.

ഒരേസമയം മൾട്ടികളർ ചെയ്യാവുന്ന വിസ്കോസിറ്റി പ്രിന്റിംഗ് കണ്ടുപിടിച്ചതാണ് റെഡ്ഡിയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. ഈ നൂതനമായ സാങ്കേതികതയിലൂടെ ലേയേർഡ് നിറങ്ങളുള്ള പ്രിന്റുകൾ സൃഷ്ടിക്കാൻ അദ്ദേഹത്തിനു സാധിച്ചു. പരമ്പരാഗത ഇന്റാഗ്ലിയോ പ്രിന്റിംഗിൽ ഓരോ നിറത്തിനും പ്രത്യേകം പ്ലേറ്റും പ്രസ് റണ്ണും ആവശ്യമായിരുന്നു. റെഡ്ഡിയുടെ രീതി കൂടുതൽ ചലനാത്മകവും കാര്യക്ഷമവുമായ പ്രക്രിയ വാഗ്ദാനം ചെയ്തു. ഈ കണ്ടുപിടുത്തത്തിലൂടെ സൃഷ്ടിച്ച അദ്ദേഹം മറ്റ് അച്ചടി നിർമ്മാതാക്കൾക്ക് പ്രചോദനമായി.

കൃഷ്ണ റെഡ്ഡി, Image Credit: ART India Magazine/facebook
കൃഷ്ണ റെഡ്ഡി, Image Credit: ART India Magazine/facebook

അദ്ദേഹത്തിന്റെ പ്രിന്റുകൾ പലപ്പോഴും പ്രകൃതി, പുരാണങ്ങൾ, മനുഷ്യരൂപം എന്നിവയെയാണ് പകർത്തിയത്. 1976ൽ അദ്ദേഹം ന്യൂയോർക്ക് സിറ്റിയിലേക്ക് മാറി കളർ പ്രിന്റ് അറ്റ്ലിയർ സ്ഥാപിച്ചു. തന്റെ കലാപരമായ കഴിവുകൾക്കപ്പുറം, റെഡ്ഡി സമർപ്പണബോധമുള്ള ഒരു അധ്യാപകനായിരുന്നു. അമേരിക്കയിലെ മേരിലാൻഡ് ഇൻസ്റ്റിറ്റ്യൂട്ട് കോളജ് ഓഫ് ആർട്ട്, പ്രാറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, റസ്കിൻ കോളജ് സ്കൂൾ ഓഫ് ഫൈൻ ആർട്ട് ആൻഡ് ഡ്രോയിംഗ്, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് തുടങ്ങി നിരവധി സർവകലാശാലകളിൽ ഗസ്റ്റ് പ്രൊഫസറും ലക്ചററുമാണ്.

1972ൽ വിശിഷ്ടമായ സംഭാവനകൾക്കുള്ള അംഗീകാരമായി റെഡ്ഡിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു. 2018 ഓഗസ്റ്റ് 22ന് ന്യൂയോർക്കിൽ വച്ച് 93–ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഇന്ന് റെഡ്ഡിയുടെ സൃഷ്ടികൾ ലോകമെമ്പാടുമുള്ള പ്രശസ്തമായ ശേഖരങ്ങളിൽ സൂക്ഷിച്ചിട്ടുണ്ട്.

English Summary:

Krishna Reddy: Master Printmaker and Sculptor Who Revolutionized Art

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com