ശൈത്യകാലം, ഇല പൊഴിച്ച മരങ്ങള്, ദേവാലയ ഗോപുരം, പഴമയുടെ ചാരുത; ഇതാണ് കേംബ്രിജ് സർവകലാശാല ഓർമകൾ
ഓക്സ്ഫഡ് സർവകലാശാല ഉപേക്ഷിച്ചു വന്ന ഒരു കൂട്ടം വൈജ്ഞാനികരാണ് കേംബ്രിജിലെ മഹാവിദ്യാലയം സ്ഥാപിച്ചത്. അതിനു മുമ്പേ പ്രശസ്തമായ പട്ടണത്തിലെ സന്യസ്ഥർ ജ്ഞാനികളുമാണ്. മധ്യകാലത്ത് മതവും പൗരോഹിത്യവും സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നു.
ഓക്സ്ഫഡ് സർവകലാശാല ഉപേക്ഷിച്ചു വന്ന ഒരു കൂട്ടം വൈജ്ഞാനികരാണ് കേംബ്രിജിലെ മഹാവിദ്യാലയം സ്ഥാപിച്ചത്. അതിനു മുമ്പേ പ്രശസ്തമായ പട്ടണത്തിലെ സന്യസ്ഥർ ജ്ഞാനികളുമാണ്. മധ്യകാലത്ത് മതവും പൗരോഹിത്യവും സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നു.
ഓക്സ്ഫഡ് സർവകലാശാല ഉപേക്ഷിച്ചു വന്ന ഒരു കൂട്ടം വൈജ്ഞാനികരാണ് കേംബ്രിജിലെ മഹാവിദ്യാലയം സ്ഥാപിച്ചത്. അതിനു മുമ്പേ പ്രശസ്തമായ പട്ടണത്തിലെ സന്യസ്ഥർ ജ്ഞാനികളുമാണ്. മധ്യകാലത്ത് മതവും പൗരോഹിത്യവും സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നു.
ജനുവരി 2023.
ലണ്ടൻ യാത്രയുടെ നാലാം ദിനം, പ്രഭാതം.
കിംഗ്സ് ക്രോസ് സ്റ്റേഷനിൽ ഇഷ്ടികയാൽ പണിത ഒരു ചുവരുണ്ട്. അതിന്മേൽ 9 3/4 (ഒമ്പതേമുക്കാൽ) എന്ന അക്കം. അതു കാണാൻ ആരാധകരുടെ നീണ്ട നിര, അരികിൽ അതേ പേരുള്ള ഹാരി പോട്ടർ ഗിഫ്റ്റ് ഷോപ്പ്. ആ യുവമാന്ത്രികൻ വരവറിയിച്ച നോവലിലെ ഒരു വിവരണമാണ് പ്രചോദനം. മാന്ത്രികരെ പരിശീലിപ്പിക്കുന്ന ഹോഗ്വാർട്സ് സ്കൂളിൽ വേനലിൽ പുതിയ അധ്യയന വർഷം തുടങ്ങും. ഹാരിയും സുഹൃത്തുക്കളും കയറേണ്ട തീവണ്ടി പുറപ്പെടുന്നത് 9 3/4 നമ്പർ പ്ലാറ്റ്ഫോമിൽ നിന്ന്. പക്ഷേ അത് പുറത്തു കാണില്ല. ഒമ്പത്, പത്ത് പ്ലാറ്റ്‌ഫോമുകളുടെ ഇടയിലുള്ള ചുവരിലൂടെ ഇടിച്ചു കയറി അപ്രത്യക്ഷമായി അവർ ഒമ്പതേമുക്കാൽ പ്ലാറ്റ്ഫോമിലെത്തും. രഹസ്യസ്വഭാവം നിലനിർത്താൻ കാരണമുണ്ട്. ശത്രുക്കളുടെ കണ്ണിൽ പെടാൻ പാടില്ല. പൊതുജനം പരിഭ്രമിക്കുകയുമരുത്. തങ്ങളുടെ ഇടയിൽ സാധാരണ ജീവിതം നയിക്കുന്ന പലരും മാന്ത്രികരാണെന്ന് അവർ വൈകിയേ അറിയൂ.
സ്റ്റേഷനിലെ മാന്ത്രിക പ്ലാറ്റ്‌ഫോം കടന്ന് ഞാൻ എനിക്കു നിശ്ചയിച്ച ട്രാക്കിലെത്തി. ലക്ഷ്യം കേംബ്രിജ്. ട്രെയിനിൽ ആൾത്തിരക്കില്ല. മനോഹരമായ കംപാർട്ട്‌മെന്റിൽ സഹയാത്രികയായ വൃദ്ധവനിത പുഞ്ചിരിച്ചു. സാങ്കേതിക മുന്നേറ്റം തുടരുമ്പോഴും ബ്രിട്ടൻ പാരമ്പര്യം നിലനിർത്തുന്നു. മാന്യുവൽ സിഗ്‌നലിംഗുമായി നിൽക്കുന്ന ഗാർഡുകളെ സ്റ്റേഷനിൽ കാണാം. ഭൂമിക്കടിയിലെ മെട്രോ റെയിൽ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന അവർ വിളിച്ചു പറയും: 'മൈൻഡ് ദ് ഗ്യാപ്!' പഴയ രീതിയിലുള്ള റെയിലിൽ ബോഗിയ്ക്കും പ്ലാറ്റ്‌ഫോമിനും ഇടയിൽ ഒരു വിടവുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാണ്.
കിംഗ്സ് ക്രോസ് സ്റ്റേഷനിൽ നിന്നും ഞാൻ കയറിയ ട്രെയിൻ നഗരം പിന്നിട്ടു പുൽമേട്ടിൽ പ്രവേശിച്ചു. ശൈത്യകാലത്ത് നിറങ്ങൾ കുറവ്, പക്ഷേ പാതയിൽ സൗന്ദര്യം കുറവില്ല. ഈ ഋതുവിൽ ദൃശ്യമാകുന്ന കറുപ്പിനും ഇളം പച്ചയ്ക്കും ചാരനിറത്തിനും അതിന്റേതായ ചന്തമുണ്ട്. പഠനം തുടങ്ങുന്ന ആവേശത്തിൽ യാത്ര ചെയ്യുന്ന ഹാരിയെ പോലെ ഞാനിരുന്നു. ട്രെയിൻ എന്നെ വഹിച്ച് ഒരു റാബിറ്റ് ഹോളിൽ കയറി. ഒരു മണിക്കൂറിനകം, ലണ്ടന്റെ ആധുനികതയിൽ നിന്നും കേംബ്രിജിന്റെ പൗരാണികതയിൽ ചെന്നിറങ്ങി. ഒരു പകൽ നീളുന്ന മാന്ത്രികത എന്നെ കാത്തിരുന്നു.
കേംബ്രിജ് സ്റ്റേഷനു പുറത്തിറങ്ങി നടന്നപ്പോൾ രണ്ട് വിദ്യാർഥികൾ സഞ്ചാരികളെ പ്രതീക്ഷിച്ചു നിൽക്കുന്നു. അവർ പണ്ടിംഗ് ടൂർ ഏജന്റുകളാണ്. പട്ടണത്തിലേക്ക് സ്വാഗതം - പക്ഷേ ഞാൻ ഒറ്റയ്ക്കാണെന്ന് കണ്ടപ്പോൾ അവരുടെ താൽപര്യം കുറഞ്ഞു. നദിയിൽ തോണിയാത്രക്ക് 250 പൗണ്ട് വരെയാകും. ചുരുങ്ങിയത് അഞ്ചു പേർ ഉണ്ടെങ്കിൽ നല്ലത്. തണുപ്പുകാലത്ത് വോക്കിംഗ് ടൂറുമില്ല. ഞാൻ നടന്നകന്നു. നഗരകേന്ദ്രത്തിലേക്ക് പതിനഞ്ച് മിനിറ്റ്. ഇതു തന്നെ വോക്കിംഗ് ടൂർ, ഞാനാകുന്നു എന്റെ ഗൈഡ്. നടന്നു തുടങ്ങിയപ്പോൾ മന്ദിരങ്ങളുടെ ക്ലാസിക് സ്വഭാവം വ്യക്തമായി. ഇളം മഞ്ഞ, ഇളം ചുവപ്പ്, ഇളം ഓറഞ്ച്, ലൈം സ്റ്റോൺ, ഹണി കോംബ് കളർ. പാതയോരത്തെ കാഴ്ചകൾ ചേതോഹരം. വളരെ പെട്ടെന്ന് ഒരു മെഡീവൽ ടൗണിൽ വന്നു പെട്ടത് പോലെ. മന്ദിരങ്ങൾക്ക് ഇപ്പോഴും പുരാതനത്വമുണ്ട്. വഴിയരികിൽ നിരയൊപ്പിച്ച് പബ്ലുകൾ, പൂക്കൂടകൾ തൂങ്ങുന്ന റസ്റ്ററന്റുകൾ. നടപ്പാതയോടു ചേർന്ന് തെരുവിൽ ഇറക്കിയിട്ട ഇരിപ്പിടങ്ങൾ. ട്രെയിൻ സ്റ്റേഷന്റെ പരിസരത്ത് പുതിയ അപാർട്മെന്റുകൾ കണ്ടിരുന്നു. എന്നാൽ കേംബ്രിജിന്റെ ഹൃദയത്തോട് അടുക്കുന്തോറും പഴമയുടെ ചാരുത വർധിക്കുന്നു. ഇലപൊഴിച്ച മരങ്ങളുടെ ചില്ലകൾക്കിടയിലൂടെ അകലെ ഒരു ദേവാലയ ഗോപുരം കാണാം. നിരത്തിൽ വാഹനങ്ങൾ, തെരുവിൽ സഞ്ചാരികൾ. റൂട്ട് മാപ്പ് കയ്യിലില്ലാതെ മന്ദഗതിയിലാണ് ഞാൻ നടക്കുന്നത്, ഈ ഒഴുക്കിൽ എവിടെയെങ്കിലും ചെന്നുചേരും. പരാതിയില്ല, ഇവിടെ ആയിരിക്കുന്നത് അനുഗ്രഹം തന്നെ. ഈ ദേശത്തിന്റെ ചരിതം ഞാൻ തേടുന്നു.
കേംബ്രിജ്ഷയറിലെ ഒരു പുരാതന നഗരമാണ് കേംബ്രിജ്. ലണ്ടന്റെ വടക്ക് തൊണ്ണൂറ് കിലോമീറ്റർ അകലെയുള്ള നഗരം റോമൻ - വൈക്കിംഗ് കാലത്ത് പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു. ഇപ്പോൾ സർവകലാശാലാ നഗരമായി അറിയപ്പെടുന്നു. 1209-ൽ ഉടലെടുത്ത യൂണിവേഴ്‌സിറ്റി ഇന്നുവരെ ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിരയിലാണ്. എട്ട് നൂറ്റാണ്ടുകളായി ഉലയാത്ത പാരമ്പര്യം. കിംഗ്സ് കോളജ് ചാപ്പൽ, കാവൻഡിഷ് ലാബ്, ലൈബ്രറി എന്നീ പ്രധാന മന്ദിരങ്ങളും വിവിധ കോളജ് ചാപ്പലുകളുടെ ഗോഥിക് ഗോപുരങ്ങളും മറ്റു ദേവാലയങ്ങളും വാനിൽ ഉയർന്നു നിൽക്കുന്നു. കലാലയത്തിലെ പ്രതിഭയെ ഉപയോഗപ്പെടുത്തുന്ന സോഫ്റ്റ്‌വെയർ കമ്പനികളും, അസ്ട്ര സെനെക്ക ഉൾപ്പെടെയുള്ള ബയോടെക്നോളജി കമ്പനികളും, ചടുലമായ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റവും ഇവിടെയുണ്ട്. പുരാവസ്തു, നരവംശ ശാസ്ത്രം, ധ്രുവ ഗവേഷണം എന്നീ വിഷയങ്ങളിൽ മ്യൂസിയങ്ങൾ. പൂർവ വിദ്യാർഥിയായ ചാൾസ് ഡാർവിന്റെ ഗവേഷണ ശേഖരം. കാഴ്ചകൾ ഏറെയുണ്ടെങ്കിലും ശീതകാലത്ത് എല്ലാം കാണാനാവില്ല. വാതിലുകൾ അടഞ്ഞു കിടക്കും.
ഓക്സ്ഫഡ് സർവകലാശാല ഉപേക്ഷിച്ചു വന്ന ഒരു കൂട്ടം വൈജ്ഞാനികരാണ് കേംബ്രിജിലെ മഹാവിദ്യാലയം സ്ഥാപിച്ചത്. അതിനു മുമ്പേ പ്രശസ്തമായ പട്ടണത്തിലെ സന്യസ്ഥർ ജ്ഞാനികളുമാണ്. മധ്യകാലത്ത് മതവും പൗരോഹിത്യവും സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. പുരോഹിതർ അറിവിന്റെ രക്ഷാധികാരികളായി. ജ്ഞാനാന്വേഷണം ദൈവവിളിയായി അവർ കരുതി. അന്വേഷികൾക്ക് ഉന്നത മൂല്യങ്ങൾ പകർന്നു നൽകി. അതിനു വിരുദ്ധമായതൊന്നും സമൂഹം അനുവദിച്ചില്ല. ഒരിക്കൽ ഓക്സ്ഫഡ് പട്ടണത്തിലെ ഒരു സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് കലാശാലയിലെ മൂന്ന് പണ്ഡിതർ കുറ്റാരോപിതരായി. പുരോഹിതരുടെ അനുവാദം ചോദിക്കാതെ പ്രാദേശിക ഭരണകൂടം ആ പണ്ഡിതരെ തൂക്കിലേറ്റി. സാധാരണ ഗതിയിൽ ഇത്തരം കുറ്റങ്ങളിൽ അന്വേഷണം നടത്തി ആവശ്യമെങ്കിൽ പൊതുമാപ്പ് അനുവദിച്ചിരുന്നു. പക്ഷേ ഇത്തവണ ജനവികാരം എതിരായി, അക്രമം ഭയന്ന് നിരവധി പണ്ഡിതർ പലായനം ചെയ്തു. കുറേപ്പേർ പാരീസിലേക്ക്, മറ്റു ചിലർ മറ്റൊരു ഇംഗ്ലിഷ് പട്ടണമായ റീഡിംഗിൽ; ഏറെയും കേംബ്രിജിൽ. അവിടെ നിലവിലുള്ള പണ്ഡിത ശ്രേഷ്ഠരുമായി ചേർന്ന് അവർ പുതിയ വിജ്ഞാനശാലയ്ക്ക് അടിത്തറയിട്ടു.
മാതൃസ്ഥാപനമായ ഓക്സ്ഫഡിനെ പലപ്പോഴും കേംബ്രിഡ്ജിന്റെ എതിരാളിയായി വിശേഷിപ്പിക്കാറുണ്ട്. മികവിന്റെ പേരിലാണ് അവ തമ്മിൽ മൽസരം. കേംബ്രിഡ്ജിൽ 31 അർധ-സ്വയംഭരണ കോളജുകളും 150 വകുപ്പുകളുമുണ്ട്. വിദ്യാർഥികളെ ചെറിയ കൂട്ടമായി തിരിച്ചു വ്യക്തിപരമായ ശ്രദ്ധ ലഭിക്കുന്ന രീതിയിലാണ് നൂറ്റാണ്ടുകളായി അധ്യയനം. ലക്ചർ, സെമിനാർ, ലാബ്, മറ്റു വിഷയങ്ങളുമായുള്ള ഏകോപനം എന്നിവയുമുണ്ട്. പ്രശസ്തരായ പൂർവ വിദ്യാർഥികരെല്ലാം ചേർന്ന് നേടിയത് 120 നൊബേൽ പുരസ്കാരങ്ങൾ. 14 ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ, 92 ഒളിംപിക് സ്വർണ മെഡൽ ജേതാക്കൾ, രാജാക്കന്മാർ, രാഷ്ട്രനേതാക്കൾ, ലോകചരിത്രത്തെ സ്വാധീനിച്ചവർ - ഫ്രാൻസിസ് ബേക്കൺ, ലോർഡ് ബൈറൺ, ഒലിവർ ക്രോംവെൽ, സ്റ്റീഫൻ ഹോക്കിംഗ്, മെയ്നാർഡ് കെയ്ൻസ്, ജോൺ മിൽട്ടൺ, ഐസക് ന്യൂട്ടൺ, വ്ലാദിമിർ നബക്കോവ്, ജവഹർലാൽ നെഹ്‌റു, ബർട്രാൻഡ് റസ്സൽ, അലൻ ടൂറിംഗ്, ലുഡ്വിഗ് വിറ്റ്ഗൻസ്റ്റൈൻ എന്നിങ്ങനെ പ്രഗത്ഭരുടെ നീണ്ട നിര.
ഞാൻ മുന്നോട്ടു നടന്നു. എഴുന്നൂറ് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന യൂണിവേഴ്‌സിറ്റി ടൗൺ പൊതുവായ ക്യാംപസായി വർത്തിക്കുന്നു. ശൈത്യമായതിനാൽ കോളജുകൾ പലതും തുറന്നിട്ടില്ല. ചിലതിൽ സന്ദർശകർക്ക് പ്രവേശനമില്ല, മറ്റു ചിലതിൽ പ്രവേശനം സൗജന്യമല്ല. എന്നാൽ സഞ്ചാരിക്കു വേണ്ടി വാതിലുകൾ മലർക്കെ തുറന്നിട്ട കോളജുകളുമുണ്ട്. അവയുടെ ചാപ്പലുകളും സ്വാഗതമരുളി നിലകൊള്ളുന്നു. തിരക്ക് വർധിക്കുന്ന തെരുവിൽ നിന്നും ഞാനാദ്യം ഇമ്മാനുവൽ കോളജിൽ കയറി. ഡൊമിനിക്കൻ സന്യാസികളുടെ പഴയ ആശ്രമത്തിന്റെ സ്ഥാനത്ത് പണിതുയർത്തിയ വിജ്ഞാനശാല. തേൻനിറമുള്ള ഇടനാഴിയിലൂടെ ഞാൻ നടന്നു. ഉംബർത്തോ എക്കോയുടെ പ്രശസ്തമായ നോവലിലെ (The name of the rose, 1980) സംഭവങ്ങളെ ഓർമിപ്പിക്കുന്ന അന്തരീക്ഷം. മെഡീവൽ പീരിയഡിൽ, ഇറ്റലിയിലെ വിജനദേശത്ത് ഒരു മൊണസ്ട്രിയിൽ നടക്കുന്ന കുറ്റാന്വേഷണം. വിജനമായ ഇടനാഴികളിൽ നിശ്ശബ്ദമായ മുറികളിൽ രഹസ്യങ്ങളുടെ അനാവരണം; അനുവാചകന് ഒരു ബൗദ്ധിക സാഹസം.
ക്ലാസിക്ക് ചാരുതയുള്ള കവാടം കടന്നാൽ പച്ച വിരിച്ച നടുമുറ്റം - കലാശാലകളിലെ പൊതുവായ രൂപകൽപ്പന. 'പുല്ലിൽ ചവിട്ടരുത്!' ആ ലിഖിതത്തിൽ ഭവ്യതയേക്കാൾ ഉപരി ശാസനയുണ്ടോ? പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുന്ന ഇടത്തിൽ സന്ദർശകരിൽ നിന്നും അച്ചടക്കം പ്രതീക്ഷിക്കുന്നു. നൂറ്റാണ്ടുകൾ പിന്നിട്ട വിദ്യാലയങ്ങളിൽ മികവ് ഉറപ്പു വരുത്താൻ അലിഖിത നിയമങ്ങളുമുണ്ട്. പുൽത്തകിടി വലം വച്ച് ഞാൻ നടന്നു. ശിൽപ്പഭംഗിയുള്ള മറ്റൊരു കമാനം. ചുവരിൽ പടർന്നു കയറിയ വള്ളിച്ചെടി. രണ്ടാം നിലയിലെ ജാലകം കടന്ന് അത് വളരുന്നു. പിടിച്ചു കയറിയാൽ ജനലിലൂടെ അകത്തു കടക്കാം. അങ്ങനെ ചിന്തിക്കാൻ കാരണമുണ്ട്. ആർതർ കോനൻ ഡോയലിന്റെ ഒരു ഷെർലക്ക് ഹോംസ് കഥയുടെ പശ്ചാത്തലം (The creeping man, 1923). യൗവനം തിരികെ പിടിച്ചു തൃഷ്ണയെ പുൽകാൻ നിനയ്ക്കുന്ന ഒരു കിറുക്കൻ പ്രഫസറാണ് വിഷയം.
ഞാൻ കവാടം കടന്നു. പാതയോരത്ത് ഒരു തടാകം, കരയോട് ചേർന്ന് കുറ്റിച്ചെടികൾ. തീരത്ത് ചില്ലകൾ വിടർത്തിയ ഒരു മരം, ചില്ലയിൽ ഇരുന്ന് ചിലയ്ക്കുന്ന കിളികൾ. പെട്ടെന്ന് ഗ്രാമീണ സ്വഛതയിൽ പ്രവേശിച്ചിരിക്കുന്നു. തടാകത്തിന്റെ ഒരു പാതിയുടെ പ്രതലത്തിൽ ഉറഞ്ഞ മഞ്ഞ്. മറുപാതിയിൽ നീന്തുന്ന ഒരു താറാവ്, തരംഗമായി പടരുന്ന ജലം. 'താറാവിന് തീറ്റ കൊടുക്കരുത്!', കൽപന വീണ്ടും. തീറ്റ കണ്ടെത്താൻ താറാവിനറിയാം. ഇത് അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയാണ്. ഇവിടെ കൃത്രിമത്വമില്ല, ഈ നിമിഷം നിശ്ചലം, ശാന്തസുന്ദരം. യാത്രികർ കൂട്ടം കൂടി യാത്രയുടെ ആഹ്ലാദം മുഴുവൻ ഇല്ലാതാക്കുന്ന ഇടങ്ങളേക്കാൾ എനിക്കിഷ്ടം ഏകാന്തമായ മേടുകളാണ്. നിങ്ങൾ ഇത് കണ്ടേ തീരൂ എന്ന് മറ്റാരും പറഞ്ഞു തരേണ്ടതില്ല. ഇഷ്ടം നിങ്ങളുടേത് മാത്രമാണ്. വ്യക്തിയുടെ കാഴ്ചയും, നൽകുന്ന അർഥവും അനന്യമാണ്. പദ്ധതികൾക്കപ്പുറം സംഭവിക്കുന്ന ആകസ്മികതകളാണ് യാത്രയുടെ ജീവൻ. പക്ഷേ അസാധാരണമായി അവിടെ ഒന്നും തന്നെയില്ലായിരുന്നു. ആ നിമിഷത്തിന്റെ സ്വാഭാവികതയിലേക്ക് ഒരു ഉൾവിളിയാൽ ഞാൻ നയിക്കപ്പെടുകയായിരുന്നു.
വീണ്ടും പ്രധാന തെരുവിൽ കയറി നടന്നു. വലതു വശത്ത് കോർപ്പസ് ക്രിസ്റ്റി കോളജ്. പതിനാലാം നൂറ്റാണ്ടിൽ കേംബ്രിഡ്ജ് നഗര വാസികൾ സ്ഥാപിച്ചത്. നാലുകെട്ടു പോലെയുള്ള കല്ലുചുവരുകൾക്കു നടുവിൽ മനോഹരമായ പുൽത്തകിടി, ഗോഥിക് ശിൽപ ചാതുര്യമുള്ള കമാനത്തിനു മീതെ നീലാകാശത്ത് വെൺമേഘങ്ങൾ. കലാലയത്തോടു ചേർന്ന് ഒരു ദേവാലയമുണ്ട്. 1579-ൽ നിർമ്മാണം പൂർത്തിയായ സെയിന്റ് ബെനെറ്റ്സ് ചർച്ച്. പട്ടണത്തിൽ ഇന്നുള്ള ഏറ്റവും പുരാതനമായ നിർമ്മിതി. ഞാൻ പ്രശാന്തമായ ഇടനാഴിയിൽ കയറി അൾത്താരയുടെ നേരെ നടന്നു. മട്ടുപ്പാവിലെ വർണ ജാലകങ്ങൾ പ്രകാശത്തിൽ തിളങ്ങുന്നു. പുറത്ത് മണിയൊച്ച കേൾക്കാം. ഭാവനയിൽ ഒരു മധ്യകാല മധ്യാഹ്നം. തവിട്ടു നിറമുള്ള നീളൻ കുപ്പായമിട്ട് വെളുത്ത ചരടിനാൽ അരമുറുക്കി, തലമൂടി കല്ലുപാകിയ തെരുവിലൂടെ നടന്നു പോകുന്ന, നമ്രശിരസ്കരായ സന്യാസികൾ.
വീണ്ടും നടപ്പാതയിൽ കയറുമ്പോൾ മനസ്സിൽ മറ്റൊരു കഥ ഉയർന്നു. പേര് വെളിപ്പെടുത്താത്ത ഒരു യൂണിവേഴ്സിറ്റി നഗരത്തിൽ ഹോംസ് അന്വേഷിക്കുന്ന കേസ് കേംബ്രിഡ്ജിൽ സങ്കൽപ്പിക്കുന്നത് രസകരമായിരിക്കും. തൊഴിലിന്റെ ഭാഗമായി ഊരുചുറ്റൽ പുതുതല്ല എങ്കിലും ഹോംസിന് സ്ട്രാൻഡും പിക്കഡിലിയും ചേർന്ന ലണ്ടൻ നഗര പരിസരമാണ് പ്രിയം. പാതി മനസ്സോടെയാണ് നഗരം വിടുന്നത്. അസാധാരണമായ ഒരു കേസാണ് അതിന്റെ പ്രചോദനം എന്നതിൽ തർക്കമില്ല (The three students, 1904). കിംഗ്സ് ക്രോസ് സ്റ്റേഷനിലൂടെ ഞാൻ വന്ന അതേ വഴിയിൽ ആയിരിക്കും ഹോംസും വാട്സണും വന്നിരിക്കുക.
രാവിലെ ഒരു സംഭവം നടന്നു. യൂണിവേഴ്‌സിറ്റി പ്രഫസർ സോംസ് ഒരു സ്കോളർഷിപ്പ് പരീക്ഷയുടെ ചോദ്യാവലി തയാറാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നു. പുരാതനമായ ഒരു ഗ്രീക്ക് കൃതിയുടെ ഭാഗം വിദ്യാർഥികൾക്ക് തർജ്ജമ ചെയ്യാൻ ഉൾപ്പെടുത്തണം. പ്രഫസർക്ക് അത്യാവശ്യമായി പുറത്തു പോകേണ്ടി വന്നു. താക്കോൽ വാതിലിലെ താഴിൽ വച്ചു മറന്നു. തിരിച്ചു വന്നപ്പോൾ ആരോ മുറിയിൽ കയറി ചോദ്യം പകർത്തിയെന്ന് ബോധ്യമായി. നാളെയാണ് പരീക്ഷ, അതിനു മുമ്പ് ആളെ കണ്ടെത്തണം. അല്ലെങ്കിൽ പരീക്ഷ റദ്ദാക്കണം. അത് സ്ഥാപനത്തിന് നാണക്കേടാകും. പൊലീസിനെ അറിയിക്കാനാകില്ല, പുറത്താരും അറിയരുത്. ഒരേയൊരു വഴി - ഹോംസിനെ കാണുക. ലണ്ടൻ ഏറെ ദൂരെയല്ല. വളരെ കുറഞ്ഞ സമയം മാത്രമാണ് പ്രശ്ന പരിഹാരത്തിന് ലഭ്യമായത് - ആ വെല്ലുവിളി കുറ്റാന്വേഷകനെ ആകർഷിച്ചിരിക്കണം.
ഹോംസും വാട്സനും കലാശാലയിൽ എത്തിച്ചേർന്നു. മൂന്ന് വിദ്യാർഥികളാണ് സംശയത്തിന്റെ നിഴലിൽ. കഠിനാധ്വാനിയായ ഇന്ത്യക്കാരൻ ദൗലത്ത് റാസ്, അത്ലിറ്റ് ജൈൽസ് ഗിൽക്രിസ്റ്റ്. ഒരുപോലെ മിടുക്കനും ഉഴപ്പനുമായ മൈൽസ് മക്ലാലറൻ. പതിവുപോലെ ഹോംസിന്റെ സൂക്ഷ്മ നിരീക്ഷണം തുണയാകുന്നു. മേശമേൽ ബ്ലേഡ് വച്ചു ചെത്തിയ പെൻസിൽ കഷണങ്ങൾ. തറയിൽ അറക്കപ്പൊടി കലർന്ന് ബൂട്ട്സിൽ പറ്റിയ കളിമൺ ശകലങ്ങൾ. പിറ്റേന്ന് രാവിലെ കോളജ് ഗ്രൗണ്ടിൽ ഒരു സന്ദർശനം കഴിഞ്ഞതോടെ കുരുക്കഴിഞ്ഞു. സംശയിക്കപ്പെടുന്നയാളെ വിളിച്ചു ചോദ്യം ചെയ്തപ്പോൾ കാര്യം തുറന്നു പറഞ്ഞു പശ്ചാത്തപിച്ചു. അയാളെ ഒഴിവാക്കി പരീക്ഷ നടന്നു. താൽക്കാലികമായി പഠനം അവസാനിപ്പിച്ച്, ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് സേനയുടെ റൊഡേഷ്യൻ പൊലീസ് വിഭാഗത്തിൽ സേവനം ചെയ്യാൻ അയാൾ പുറപ്പെട്ടു. സ്വയം നൽകുന്ന ഒരു ശിക്ഷയാണ് ഈ പ്രവാസം. ഹോസ് ഇവിടെ ഔദ്യോഗിക അന്വേഷകനല്ല, അതിനാൽ കുറ്റവാളിയെ വെറുതെ വിടാൻ കഴിയും. ഒരു പിഴവ് പറ്റിയ വിദ്യാർഥിയെ പരസ്യമായി അപമാനിക്കാതെ അധ്യാപകനും അപസർപ്പകനും ചേർന്ന് വീണ്ടെടുത്തു.
സെയിന്റ് ജോൺസ് കോളജും കിംഗ്സ് കോളജും വഴിയിൽ നിന്നു കണ്ട ശേഷം ഞാൻ വീണ്ടും പ്രധാന തെരുവിൽ കയറി. ട്രിനിറ്റി കോളജിന്റെ മുന്നിൽ ഇല കൊഴിഞ്ഞ ആപ്പിൾ മരം. ന്യൂട്ടന്റെ തലയിൽ വീണ് ഭൂഗുരുത്വ ബോധോദയം നൽകിയ സംഭവത്തിന്റെ സ്മരണ. യഥാർഥ മരം ലിങ്കൺഷയറിലെ വൂൾസ്തോർപ്പ് മാനറിൽ ഇപ്പോഴും വളരുന്നുണ്ട്. ഇവിടെ കാണുന്നത് ആ മരത്തിന്റെ ജനിതക അംശമുള്ള പിൻഗാമി. മഹാനായ ശാസ്ത്രജ്ഞന് മാതൃ വിദ്യാലയത്തിൽ ഉചിതമായ സ്മാരകം. ന്യൂട്ടൺ ഉൾപ്പെടെ നിരവധി പ്രതിഭകളുടെ അമ്മയാണ് ട്രിനിറ്റി - ഫ്രാൻസിസ് ബേക്കൺ, ജെയിംസ് ക്ളാർക്ക് മാക്സ്വെൽ, ഏണസ്റ്റ് റുഥർഫോർഡ്, നീൽസ് ബോർ, ചാൾസ് ബാബേജ്, ടെന്നിസൺ, ബർട്രാൻഡ് റസ്സൽ. ഇന്ത്യക്കാരന് ട്രിനിറ്റി പ്രിയമാകാൻ മറ്റൊരു കാരണമുണ്ട് - ശ്രീനിവാസ രാമാനുജൻ.
"എന്റെ ജീവിതത്തിലെ കാൽപനികമായ ഒരു സംഭവം" - രാമാനുജനുമായുള്ള ഹ്രസ്വമായ സഹവാസത്തെ ഗോഡ്ഫ്രി ഹാരോൾഡ് ഹാർഡി അങ്ങനെ വിശേഷിപ്പിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിൽ അധ്യാപക ദമ്പതികളുടെ മകനായി ഇംഗ്ലണ്ടിൽ ജനിച്ച ഹാർഡി ആ രാജ്യത്തെ ഏറ്റവും മികച്ച ഗണിതജ്ഞരിൽ ഒരാളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ യൂറോപ്പിൽ ഗണിതത്തിൽ മുൻനിരയിലുള്ള ഫ്രാൻസിനും ജർമനിക്കുമൊപ്പം നിൽക്കാൻ സ്വദേശത്തെ സഹായിച്ചത് ഹാർഡിയുടെ നേതൃത്വമാണ്. ആ മഹാൻ ലോകത്തിന് മറ്റൊരു സമ്മാനം കൂടി നൽകി - അജ്ഞാതനായി മറഞ്ഞു പോകുമായിരുന്ന രാമാനുജനെ ലോകശ്രദ്ധയിൽ കൊണ്ടു വന്നു. 1914-ൽ ഒന്നാം ലോക മഹായുദ്ധ കാലത്ത്, കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജിലായിരുന്നു അവരുടെ സമാഗമം.
രാമാനുജൻ ലോകനിലവാരമുള്ള ഗണിതജ്ഞർക്കൊപ്പം തോളുരുമ്മുകയായി.
ഹാർഡിയോടൊപ്പം മറ്റൊരു പ്രഗത്ഭൻ ലിറ്റിൽ വുഡും, യുവാവായ ചിന്തകൻ ബെർട്രാൻഡ് റസ്ലലും ഇന്ത്യക്കാരന് തുണയായുണ്ട്. എന്നാൽ സ്വന്തം തിയറങ്ങൾ പ്രസിദ്ധപ്പെടുത്തി അംഗീകാരം നേടുകയെന്ന ആഗ്രഹം നിറവേറാൻ കടമ്പകൾ ഏറെയാണ്. തണുപ്പ് അസഹനീയം. സസ്യാഹാരിയായ രാമാനുജന് യോജിച്ച ഭക്ഷണം ലഭിക്കാൻ പ്രയാസം. ഇന്ത്യ എന്ന കോളനിയിലെ ഒരു കറുമ്പൻ തങ്ങളെ വെല്ലുന്ന ജ്ഞാനിയാണെന്ന് അംഗീകരിക്കാൻ വെള്ളക്കാർക്ക് വിഷമം. എന്നാൽ ഇന്ത്യൻ ഗണിതജ്ഞന്റ മുന്നിലെ ഏറ്റവും വലിയ തടസ്സം അതല്ല. തന്റെ പ്രവർത്തന രീതിയിൽ നിന്ന് അങ്ങേയറ്റം വ്യത്യസ്തമാണ് യൂറോപ്പിലെ രീതി. അന്തർജ്ഞാനത്തെ ആധാരമാക്കിയാണ് രാമാനുജൻ സിദ്ധാന്തങ്ങൾ ഉണ്ടാക്കുന്നത്. അതിനെ യുക്തിയാൽ ബലപ്പെടുത്തും. അത് ക്രമാനുഗതമായി തെളിവ് വികസിപ്പിക്കേണ്ട പാശ്ചാത്യരീതിയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഹാർഡിയുമായി കലഹിക്കാനും അത് കാരണമാകുന്നു. സുഹൃത്തിന്റെ പ്രതിഭയിൽ ഹാർഡിക്ക് സംശയമില്ല. പക്ഷേ പാശ്ചാത്യ രീതിയിൽ തിയറികൾ അവതരിപ്പിക്കാതെ അവിടെ അംഗീകാരം നേടാനാകില്ല. അവസാനം ഹാർഡി പറയുന്നു: 'അയാളുടെ സിദ്ധാന്തങ്ങൾ ശരിയായിരിക്കണം. അല്ലായെങ്കിൽ, അവ കണ്ടെത്താനുള്ള ഭാവന അയാൾക്ക് എവിടെ നിന്ന് ലഭിച്ചു?'
തിയറങ്ങൾ എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്ന രാമാനുജന്റെ നിർബന്ധത്തിന് ഹാർഡി വഴങ്ങിയില്ല. "നിങ്ങൾക്ക് ഒരുപാട് സമയമുണ്ട്" എന്നു പറയുന്ന ഹാർഡിയോട് "ആർക്കാണത് ഉറപ്പു പറയാനാകുക?" എന്ന് രാമാനുജൻ തിരിച്ചു ചോദിച്ചു. ഹാർഡിയുടെ ശാഠ്യങ്ങൾ ഗുണം ചെയ്തു, വൈകിയെങ്കിലും രാമാനുജനെ ഇംഗ്ലണ്ട് അംഗീകരിച്ചു. 1918-ൽ റോയൽ സൊസൈറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫെലോ ആയി തെരഞ്ഞെടുത്തു. അപ്പോൾ രാമാനുജൻ മരണത്തിലേക്കുള്ള യാത്ര തുടങ്ങിയിരുന്നു. എക്കാലത്തെയും മികച്ച ഗണിതജ്ഞരുടെ നിരയിലുള്ള രാമാനുജന്റെ സ്വാധീനം ഇന്നും തുടരുന്നു. ആധുനിക ലോകത്തെ ഏറ്റവും മികച്ച ശുദ്ധ ഗണിതശാസ്തജ്ഞൻ. ഒരു ഘട്ടത്തിൽ ഹാർഡി തന്റെ ഇന്ത്യക്കാരനായ സുഹൃത്തിനെ ഐസക് ന്യൂട്ടണുമായി പോലും താരതമ്യം ചെയ്യുന്നുണ്ട്.
ട്രിനിറ്റിയിൽ യാത്രികർക്ക് പ്രവേശനമില്ല, വേനൽക്കാലത്തും ഇങ്ങനെയാണോ എന്നറിയില്ല. ദ്വാരപാലകരെ കാണുന്നില്ല. എന്തും വരട്ടെ, അനുവാദം ചോദിക്കാതെ ഞാൻ അകത്തു കയറി. നീലവാനത്തിനു കീഴെ മഹാമനീഷികളുടെ മഹദ് വിദ്യാലയം. ഈ വഴിയിലാണ് ഹാർഡിയും രാമാനുജനും നടന്നത്. കൽപന ലംഘിച്ച് രാമാനുജൻ ചവിട്ടിയ പുൽത്തകിടിയും ഇതു തന്നെ. പുറം രൂപം മറ്റു കോളജുകൾ പോലെ, പക്ഷേ നടുമുറ്റം വിശാലമാണ്. ഒരു പ്രഫസർ എതിരെ വരുന്നു. അഭിനവ ഹാർഡി? എന്നെ കണ്ടപ്പോഴേ വിദ്യാർഥിയല്ലെന്ന് ബോധ്യമായി. "സഞ്ചാരികൾക്ക് പ്രവേശനമില്ല", സൗമ്യമായി പ്രഫസർ അറിയിച്ചു. "നമുക്ക് ഒരുമിച്ച് പുറത്തു പോകാം." ശരി, ഇത്രയെങ്കിലും കണ്ടല്ലോ. ഞാൻ തൃപ്തിയോടെ പുറത്തിറങ്ങി, രാമാനുജന്റെ ദേശക്കാരനാണെന്ന് പറഞ്ഞില്ല. വീണ്ടും തിരിഞ്ഞു നോക്കി, മറ്റു കലാലയങ്ങളിൽ ഇല്ലാത്തതെന്തോ ഈ കൽച്ചുവരുകളുടെ ഉള്ളിലുണ്ട്.
വഴിയരികിൽ സെയിന്റ് മേരീസ് ദേവാലയത്തിന്റെ ഗോപുരം ഉയർന്നു നിൽക്കുന്നു, മണി മുഴങ്ങുന്നു അതാ കേംബ്രിജ് യൂണിവേഴ്സിറ്റി പ്രസ്. 1531 മുതൽ സമ്പന്നമായ ചരിത്രമുള്ള പ്രസാധകർ. കേരളത്തിലെ ശാലകളിൽ അവരുടെ ഗ്രന്ഥങ്ങളുടെ ഗന്ധം മോഹിപ്പിച്ചിട്ടുണ്ട്; ഈ തെരുവിൽ വീണ്ടും അതേ ഗന്ധം. പുസ്തകശാലയുടെ കണ്ണാടി വാതിലിനപ്പുറമുള്ള തെരുവിൽ ദൈനംദിന ജീവിതം പുലരുന്നു. കാൽനട യാത്രികർ, സൈക്കിൾ യാത്രക്കാർ, ഫാർമർ മാർക്കറ്റ്, പബ്ബ്. കവലയിൽ കാലം മായ്ക്കാത്ത മധ്യകാല ചിഹ്നങ്ങൾ. എണ്ണൂറ് വർഷം പഴക്കമുള്ള കാൽപനിക നിർമ്മിതികൾ പഴമ വിളിച്ചോതി സഞ്ചാരിയെ ഉന്മത്തനാക്കും.
കേം നദിയിലെ പാലം - കേംബ്രിജ്. കീഴെ വഞ്ചി തുഴയുന്ന വിദ്യാർഥികൾ.
ഇതവർക്ക് ഒരു വരുമാന മാർഗമാണ്, യാത്രികർക്ക് സ്വപ്ന സാക്ഷാൽക്കാരവും. പിന്നീട് രാഷ്ട്ര നേതാക്കളായ ചിലർ ഇവിടത്തെ മികച്ച തുഴച്ചിൽക്കാരായിരുന്നു. ലോകമെങ്ങും നിന്നുള്ള വരേണ്യരും രാജരക്തമുള്ളവരും ഇവിടെ പഠിച്ചിട്ടുണ്ട്. വിക്ടോറിയൻ കാലഘട്ടത്തിൽ, സർവകലാശാല വിദ്യാഭ്യാസം ധനികർക്കു മാത്രം സാധ്യം. അവർക്ക് പഠനമികവും ഉണ്ടായിരുന്നിരിക്കണം, അല്ലാതെ ഇവിടെ പ്രവേശനം ലഭിക്കാൻ സാധ്യതയില്ല. ലാറ്റിൻ, ഗ്രീക്ക് പഠനം പ്രധാനം. വൈദ്യശാസ്ത്രം ഒഴികെ തെരഞ്ഞെടുക്കാൻ അധികം വിഷയങ്ങളില്ല. കലാശാലകളും കുറവ് (ഓക്സ്ഫഡ്, കേംബ്രിജ്; പിന്നീട് ലണ്ടൻ, ഡർഹം) പത്തൊമ്പതാം നൂറ്റാണ്ടിൽ സ്ത്രീകൾക്കും പ്രവേശനം ലഭ്യമായി, പക്ഷേ ബിരുദം നൽകാൻ പിന്നെയും വൈകി. കേംബ്രിഡ്ജിലെ സമർഥരായ പൂർവ വിദ്യാർഥികളുടെ നിരയിൽ വനിതകളുടെ അഭാവത്തിനു കാരണം പ്രതിഭയുടെ കുറവല്ല, പുരുഷ മേധാവിത്വ സമൂഹത്തിൽ അവർക്ക് അവസരം ഇല്ലായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ സ്ഥിതി മാറി. മാഞ്ചസ്റ്റർ, ബിർമിംഗ്ഹാം, ബ്രിസ്റ്റൾ, ലീഡ്സ് എന്നീ നഗരങ്ങങ്ങളിൽ കലാശാലകൾ ഉയർന്നു. എഞ്ചിനീയറിംഗ് ഉൾപ്പെടെ പ്രായോഗിക വിഷയങ്ങൾ പ്രചാരം നേടി, ആ കാലം വനിതകളുടേതുമായി.
തിരിച്ചു നടക്കുമ്പോൾ ഭാഷണത്തിൽ മുഴുകിയ വിദ്യാർഥികളെ കണ്ടു. യൗവനത്തിന്റെ പ്രസരിപ്പുള്ളവർ. ഞാൻ രാജീവിനേയും സോണിയയേയും ഓർത്തു. രണ്ടു രാജ്യങ്ങളിൽ നിന്ന് പുറപ്പെട്ട് ഈ വിദ്യാകേദാരത്തിൽ സംഗമിച്ചവർ. വർണ സ്വപ്നങ്ങൾക്കപ്പുറം മാറി മറിഞ്ഞു പോയ അവരുടെ വഴികൾ, ഏറ്റെടുത്ത ദൗത്യങ്ങൾ. രാഷ്ട്രീയവും രാജ്യനേതൃത്വവും ഭാരമേറ്റുന്നതിനു മുമ്പ് അവർ ഇവിടെ വിദ്യാർഥികളായിരുന്നു, പ്രണയികളായിരുന്നു. ഞാൻ വീണ്ടും കല്ലുപാകിയ തെരുവിലെത്തി. ഏതാനും സൈക്കിൾ യാത്രികർ എന്നെ കടന്നു പോയി. വഴിയിൽ കണ്ട വിദ്യാർഥികളോട് നദിയുടെ മറ്റൊരു ഭാഗത്തേക്കുള്ള വഴി ചോദിച്ചു. പാതയരികിൽ മോഹന ചിത്രം പോലെയുള്ള മന്ദിരങ്ങളിൽ കാലം ഉറഞ്ഞു നിൽക്കുന്നു. ലോകത്തെ സ്വാധീനിച്ച നിരവധി തലമുറകൾ ഇതുവഴി കടന്നു പോയി.
ഒരു പാലം കടന്ന് കേം നദിയുടെ മറുകരയിലെത്തി. യാത്രികരെ വഹിച്ച് വഞ്ചികൾ ഇപ്പോഴും നീങ്ങുന്നു. മാനം ഇരുൾ മൂടുന്നു. ജലപരപ്പിനെ മുറിച്ചു നീങ്ങുന്ന വഞ്ചിയുടെ പശ്ചാത്തലത്തിൽ മന്ദിരങ്ങളുടെ മറ്റൊരു ദൃശ്യം - പുഴയോരത്തേക്ക് തുറക്കുന്ന ജാലകങ്ങൾ. പഠനത്തെ സഹായിക്കുന്ന പ്രശാന്തമായ അന്തരീക്ഷം. പ്രകാശിക്കുന്ന മുറികളിൽ നാളെയുടെ മഹാപ്രതിഭകൾ ആലോചനയിൽ മുഴുകുകയാകാം. കാനനവഴിയിലൂടെ നദീതീരത്ത് ഇനിയും നടക്കാനാകും. പക്ഷേ ഞാൻ മടങ്ങുകയാണ്. ഇടവഴി കടന്നു പ്രധാന തെരുവിലെത്തി. ബസിൽ കയറി സ്റ്റേഷനിലേക്ക്. ഏതാനും നിമിഷങ്ങൾക്കകം ലണ്ടൻ നഗരം ലക്ഷ്യമാക്കി ട്രെയിൻ പാഞ്ഞു.