സാത്താൻ വയലിനിൽ വായിച്ച അതിമനോഹര സംഗീതം, കല കണ്ട സ്വപ്നങ്ങൾ
സ്ലോവേന്യയിൽ ജനിച്ച സംഗീതകാരൻ ഗ്യുസപ്പേ ടാർറ്റീനിയോട് 1713 ലെ ഒരു രാത്രിസ്വപ്നത്തിൽ സാത്താൻ പറഞ്ഞു - ‘ഞാൻ നിന്റെ സേവകനാകാൻ തയാർ!’ സംഗീതത്തിലുള്ള അഭിരുചി പരീക്ഷിക്കാൻ സാത്താനു വയലിൻ നൽകി ടാർറ്റീനി. സാത്താൻ വയലിൻ വായിച്ചു. അതിമനോഹര സംഗീതം. ഉറക്കമുണർന്ന ടാർറ്റീനി സ്വപ്നത്തിൽ കേട്ട സാത്താന്റെ സംഗീതം
സ്ലോവേന്യയിൽ ജനിച്ച സംഗീതകാരൻ ഗ്യുസപ്പേ ടാർറ്റീനിയോട് 1713 ലെ ഒരു രാത്രിസ്വപ്നത്തിൽ സാത്താൻ പറഞ്ഞു - ‘ഞാൻ നിന്റെ സേവകനാകാൻ തയാർ!’ സംഗീതത്തിലുള്ള അഭിരുചി പരീക്ഷിക്കാൻ സാത്താനു വയലിൻ നൽകി ടാർറ്റീനി. സാത്താൻ വയലിൻ വായിച്ചു. അതിമനോഹര സംഗീതം. ഉറക്കമുണർന്ന ടാർറ്റീനി സ്വപ്നത്തിൽ കേട്ട സാത്താന്റെ സംഗീതം
സ്ലോവേന്യയിൽ ജനിച്ച സംഗീതകാരൻ ഗ്യുസപ്പേ ടാർറ്റീനിയോട് 1713 ലെ ഒരു രാത്രിസ്വപ്നത്തിൽ സാത്താൻ പറഞ്ഞു - ‘ഞാൻ നിന്റെ സേവകനാകാൻ തയാർ!’ സംഗീതത്തിലുള്ള അഭിരുചി പരീക്ഷിക്കാൻ സാത്താനു വയലിൻ നൽകി ടാർറ്റീനി. സാത്താൻ വയലിൻ വായിച്ചു. അതിമനോഹര സംഗീതം. ഉറക്കമുണർന്ന ടാർറ്റീനി സ്വപ്നത്തിൽ കേട്ട സാത്താന്റെ സംഗീതം
സ്ലോവേന്യയിൽ ജനിച്ച സംഗീതകാരൻ ഗ്യുസപ്പേ ടാർറ്റീനിയോട് 1713 ലെ ഒരു രാത്രിസ്വപ്നത്തിൽ സാത്താൻ പറഞ്ഞു - ‘ഞാൻ നിന്റെ സേവകനാകാൻ തയാർ!’
സംഗീതത്തിലുള്ള അഭിരുചി പരീക്ഷിക്കാൻ സാത്താനു വയലിൻ നൽകി ടാർറ്റീനി. സാത്താൻ വയലിൻ വായിച്ചു. അതിമനോഹര സംഗീതം. ഉറക്കമുണർന്ന ടാർറ്റീനി സ്വപ്നത്തിൽ കേട്ട സാത്താന്റെ സംഗീതം കുറിച്ചുവച്ചു. അതു വയലിൻസംഗീതമാക്കി. ‘ഡെവിൾസ് ട്രിൽ സൊനാറ്റ’ എന്ന പ്രശസ്ത സംഗീതകലാസൃഷ്ടിയുടെ ജനനം ഇങ്ങനെയായിരുന്നുവെന്നു ടാർറ്റീനി സുഹൃത്ത് ജ്യോതിശ്ശാസ്ത്രകാരൻ ജെറോം ലലാൻഡെയെ അറിയിച്ചു. ജെറോം ലലാൻഡെയിൽനിന്നു ലോകം അറിഞ്ഞു, സ്വപ്നത്തിലൂടെ സാത്താൻ സംഗീത സൃഷ്ടിയിൽ സാന്നിധ്യമായത്. ഡെവിൾസ് ട്രിൽ സൊനാറ്റ പ്രശസ്തമായെങ്കിലും ടാർറ്റീനി ജീവിതാവസാനംവരെ കലാകാരന്റെ അസംതൃപ്തിയോടെ ദുഃഖിച്ചു, സ്വപ്നത്തിൽ കേട്ട സാത്താന്റെ സംഗീതത്തിന്റെ സൗന്ദര്യത്തോടു കിടപിടിക്കാനായില്ല ഡെവിൾസ് ട്രിൽ സൊനാറ്റയ്ക്കെന്ന്.
കലയുടെ വിത്തു മുളയ്ക്കുന്ന അഭൗതിക മണ്ണാണു സ്വപ്നം. അതുകൊണ്ടാണു വിഖ്യാത സർറിയലിസ്റ്റ് കലാകാരൻ സാൽവദോർ ദാലി പറഞ്ഞത്: ‘എനിക്ക് ഒരു ദിവസത്തിൽ രണ്ടു മണിക്കൂർ പ്രവർത്തിക്കാൻ തരിക, മറ്റ് ഇരുപത്തിരണ്ടു മണിക്കൂർ ഞാൻ സ്വപ്നം കാണാനെടുക്കും.’ ഇരുപത്തിരണ്ടു മണിക്കൂർ സ്വപ്നം കണ്ടാലേ കലാകാരന് രണ്ടു മണിക്കൂർ സൃഷ്ടിയിലേർപ്പെടാനാവൂ. സൃഷ്ടിപ്രവർത്തനത്തിലെ സ്പർശിക്കാനാവാത്ത, കാണാനാവാത്ത രൂപരഹിത ജൈവപ്രക്രിയയാണ് സ്വപ്നംകാണൽ. സൃഷ്ടിപരമായ സ്വപ്നംകാണൽ ഉറക്കത്തിൽ മാത്രമാകണമെന്നില്ലെന്നു സംഭവങ്ങൾ വ്യക്തമാക്കുന്നു. അത് ഉറക്കമുണരുന്നതിനു തൊട്ടുമുൻപുള്ള മയക്കത്തിലാവാം, ഉറക്കമുണർന്നതിനു തൊട്ടുശേഷമുള്ള പാതിമയക്കത്തിലാവാം. ലഹരി ഉപയോഗത്തിലാവാം. ചുറ്റുപാടു മറന്ന ആലോചനയുടെ ആഴമുള്ള ധ്യാനത്തിലാവാം. ഉറക്കത്തിനു തുല്യമായ മാനസികാവസ്ഥയിലാവാം.
ഇംഗ്ലിഷ് കാൽപനിക കവിതാപ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളായ സാമുവൽ ടെയ്‌ലർ കോൾറിഡ്ജിന്റെ ഒരു മയക്കസ്വപ്നം ലോകസാഹിത്യത്തിൽ മഴവില്ലുണ്ടാക്കി. 1797 ൽ തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ നെതർ സ്റ്റോവിയിൽ താമസിക്കുകയായിരുന്നു കോൾറിഡ്ജ്. അക്കാലത്ത് ഒരു ദിവസം പുസ്തകം വായിച്ചുകൊണ്ടിരിക്കെ മയങ്ങി. ലഹരി ഉപയോഗിച്ചിരുന്നു. കറുപ്പിന്റെ ല ഹരിമയക്കത്തിൽ സ്വപ്നം കണ്ടു. വെറും സ്വപ്നം അല്ല, സ്വപ്നദർശനം. സ്വപ്നദർശനത്തിൽ കവിതാവരികൾ കോൾറിഡ്ജിൽ വന്നുചേർന്നു. അതായിരുന്നു ‘കുബ്ള ഖാൻ’ എന്ന കവിത. അനേകം വ്യാഖ്യാനങ്ങളുണ്ടായ പ്രശസ്തമായ കവിത. സ്വപ്നദർശനത്തിലൂടെയുള്ള കവിതയുടെ ഉൽപ്പത്തിയെക്കുറിച്ച് കോൾറിഡ്ജ് 1816 ൽ പ്രസിദ്ധീകരിച്ച കവിത പുസ്തകത്തിന്റെ പ്രവേശികയിൽ എഴുതി:
നോവലെഴുത്തിൽ ബ്രാം സ്റ്റോക്കറിന്റെ ‘ഡ്രാക്കുള’യുടെ സൃഷ്ടിയിൽ സ്വപ്നത്തിനു പ്രധാന പങ്കുണ്ട്.
മധ്യ- കിഴക്കൻ യൂറോപ്പിലെ കാർപാത്തിയൻ മലയിലെ കൊട്ടാരത്തിലെ രക്തദാഹിയായ ഡ്രാക്കുള പ്രഭു നോവലിൽനിന്നു സിനിമകളിലൂടെ, ടി വി ചിത്രങ്ങളിലൂടെ, നാടകങ്ങളിലൂടെ ലോകമനസ്സുകളിൽ പേടിപടർത്തിയ സൗന്ദര്യസൃഷ്ടിയാണ്. ഡ്രാക്കുള എഴുതുന്നതിനു മുൻപേ അയർലൻഡുകാരൻ ബ്രാം സ്റ്റോക്കർ രക്തദാഹികളായ കഥാപാത്രങ്ങളുള്ള റൊമാനിയൻ നാടോടിക്കഥകൾ വായിച്ചിരുന്നു, കേട്ടിരുന്നു.
പതിനഞ്ചാം നൂറ്റാണ്ടിൽ റൊമാനിയയിലെ ഭരണാധികാരിയായിരുന്ന വ്ളാഡ് ഡ്രാക്കുള (വ്ളാഡ് ദി ഇംപെയ്‌ലർ) യെക്കുറിച്ചും മനസ്സിലാക്കിയിരുന്നു. റൊമാനിയൻ നാടോടിക്കഥകളും ചരിത്രപുരുഷൻ വ്ളാഡ് ഡ്രാക്കുളയും ബ്രാം സ്റ്റോക്കറെ എഴുത്തിൽ സ്വാധീനിച്ചുവെന്നു നിരീക്ഷണങ്ങളുണ്ട്.
എന്നാൽ, എഴുത്തിനു മുൻപേ ബ്രാം സ്റ്റോക്കർക്കു സൃഷ്ടിപരമായ സ്വപ്നമുണ്ടായി. 1890 മാർച്ച് 8 ന് ലണ്ടനിലെ റസ്റ്ററന്റിൽ അത്താഴം കഴിച്ച ബ്രാം സ്റ്റോക്കർ തുടർന്ന് ഉറക്കത്തിൽ ദുഃസ്വപ്നം കണ്ടു - ശവക്കുഴിയിൽനിന്ന് ഒരു രക്തദാഹി ഉയർന്നുവരുന്ന സ്വപ്നം. ഈ സ്വപ്നം ഡ്രാക്കുള നോവലിന്റെ ഒന്നാംഭാഗം എഴുതുന്നതിൽ സ്വാധീനിച്ചെന്നു ബ്രാം സ്റ്റോക്കറിന്റെ ജീവചരിത്രകാരൻ ഹാരി ലുഡ്‌ലം എഴുതിയിരിക്കുന്നു. സ്വപ്നം ബ്രാം സ്റ്റോക്കറിനെ ഡ്രാക്കുളയുടെ ഭാവനചെയ്യുന്നതിലേക്കു നയിച്ചു.
സൃഷ്ടിപ്രവർത്തനത്തിലെ സ്പർശിക്കാനാവാത്ത, കാണാനാവാത്ത തലത്തിൽ സ്വപ്നവും ഭാവനയും ഇടകലരുന്ന രസതന്ത്രം സംഭവിക്കുന്നു. ഫ്രഞ്ച് തത്ത്വചിന്തകൻ മിച്ചേൽ ഫോക്നർ പറയുന്നു: ‘ഭാവനയെ സാധ്യമാക്കുന്ന ആദ്യാവസ്ഥ സ്വപ്നമാണ്!’ ഫോക്നർ കൂട്ടിച്ചേർക്കുന്നു: ‘ഭാവനയുടെ ഓരോ പ്രകടനവും പരോക്ഷമായി സ്വപ്നത്തിലേക്കു ചൂണ്ടുന്നതാണ്!’
‘കൈകൊണ്ടു പെയിന്റു ചെയ്ത സ്വപ്നത്തിന്റെ ഫൊട്ടോഗ്രഫ് ’ എന്നാണ് സ്വന്തം ചിത്രങ്ങളെ ദാലി വിളിച്ചിരുന്നത്. സ്വപ്നം ദാലിയുടെ ചിത്രരചനയുടെ സ്രോതസ്സായിരുന്നു. സ്വപ്നത്തിൽനിന്നു ഖനനംചെയ്തെടുത്ത രൂപങ്ങളെ ദാലി ചിത്രപ്പെടുത്തി. ദാലിയുടെ ‘പെർസിസ്റ്റൻസ് ഓഫ് മെമ്മറി’ എന്നു പേരിട്ട പ്രശസ്തമായ ചിത്രം ഉരുകിയൊഴുകുന്ന ക്ലോക്കിന്റേതാണ്. ചൂടിൽ ഉരുകിയൊലിക്കുന്ന മെഴുകുതിരിപോലെ സമയത്തെ, കാലത്തെ പ്രതിനിധീകരിക്കുന്ന ക്ലോക്ക്. സ്വപ്നംപോലെ ഒരു കലാസൃഷ്ടി.
കോൾറിഡ്ജിനെപ്പോലെ ലഹരിസ്വപ്നമല്ലായിരുന്നു ദാലിയുടേത്. ദാലി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നില്ല. സ്വപ്നം നിർമിക്കാൻ ശ്രമിച്ചില്ല. സ്വാഭാവികമായ ഉറക്കത്തിൽ സ്വാഭാവികമായുണ്ടായ സ്വപ്നത്തെ കലാസൃഷ്ടി പ്രവർത്തനത്തിനായി പിടിച്ചെടുത്തു. ഉറക്കം ക്രിയാത്മകമാണെന്നും ഉറക്കത്തിന്റെ അബോധം ജൈവമാണെന്നും ചലനാത്മകതയുള്ളതാണെന്നും ഉദാത്ത സൗന്ദര്യമുള്ളതാണെന്നും ബോധ്യപ്പെടുത്തുന്നതാണു ദാലിയുടെ സൃഷ്ടികൾ. സ്വപ്നം ചിത്രീകരിച്ചതിനാൽ ദാലിയുടെ ചിത്രം സ്വപ്നസമാനമായി. കൈകൊണ്ടു പെയിന്റു ചെയ്ത സ്വപ്നത്തിന്റെ ഫൊട്ടോഗ്രഫെന്നു സ്വന്തം ചിത്രത്തെ ദാലി വിളിച്ചത് ചിത്രത്തിനു സ്വപ്നവുമായുള്ള പൊക്കിൾക്കൊടി ബന്ധത്താലാണ്.
ഏവരും സ്വപ്നം കാണുന്നു. ശരാശരി മൂന്നു മുതൽ അഞ്ചു വരെ സ്വപ്നം ഒരുറക്കത്തിൽ ഒരാൾ കാണുന്നുവത്രെ. ഇനിയും പൂർണാർഥത്തിൽ മനുഷ്യൻ മനസ്സിലാക്കിയിട്ടില്ലാത്ത പ്രതിഭാസമായ സ്വപ്നത്തെക്കുറിച്ചു മനുഷ്യൻ പണ്ടേ ഗൗരവത്തിൽ ചിന്തിച്ചു. ക്രിസ്തുവിനു മുൻപ് ബാബിലോണിയക്കാർക്കു സ്വപ്നദേവതയുണ്ടായിരുന്നു. ദേവതയുടെ പേര് ‘മാമു.’ ക്രിസ്തുവിനു മുൻപ് ഈജിപ്തുകാർ ക്ക് സ്വപ്നദൈവമുണ്ടായി - ‘സെർപിസ്.’ ഗ്രീക്കുകാരുടെ സ്വപ്നദൈവം-‘മോർഫ്യൂസ്.’ സ്വപ്നം ദൈവികമാണെന്നും ദൈവസന്ദേശമാണെന്നുമായിരുന്നു പൊതുവിശ്വാസം. ബാബിലോണിയക്കാരും അസ്സീറിയക്കാരും സ്വപ്നത്തെ ‘നല്ലത്’, ‘ചീത്ത’ എന്നിങ്ങനെ തരംതിരിച്ചു. നല്ല സ്വപ്നം ദൈ വവും ചീത്തസ്വപ്നം സാത്താനും അയയ്ക്കുന്നതെന്നു വിശ്വസിച്ചു. സ്വപ്നത്തിനു പ്രവചനശേഷി കൽപിക്കപ്പെട്ടു.
ദൈവികമായി കരുതപ്പെട്ട സ്വപ്നം ദൈവവിശ്വാസത്തിലൂടെ കലയിൽ കടന്നുവന്നു. ഫ്ലോറൻസുകാരൻ ജിയോറ്റോ 1305 ൽ ഇറ്റലിയിലെ പാദുവയിൽ അരീന ചാപ്പലിന്റെ മേൽക്കൂരയിൽ ചിത്രീകരിച്ച ‘ജോവാക്കിമിന്റെ സ്വപ്നം’ കലയിൽ മതവിശ്വാസത്തിലൂടെ സ്വപ്നം കടന്നുവന്നതിന്റെ ആദ്യ സൗന്ദര്യമുദ്രകളിലൊന്നാണ്. ചിത്രത്തിൽ ജോവാക്കിം ഉറക്കത്തിലാണ്. സ്വപ്നം കാണുന്നു. സ്വപ്നത്തിൽ മാലാഖ ജോവാക്കിമിനെ അറിയിക്കുന്നു: ദൈവപുത്രനായ യേശു ഭൂമിയിൽ പിറക്കാനിരിക്കുന്നതിനെക്കുറിച്ച്.
സ്പെയിനിലെ മാഡ്രിഡിൽ പ്രാഡോ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ജുസപ്പേ ഡി റിബേറയുടെ ‘ജേക്കബിന്റെ സ്വപ്നം’ പെയിന്റിങ് ബൈബിൾ പഴയനിയമത്തിലെ കഥയുടെ ചിത്രീകരണമാണ്. ഇസഹാക്കിന്റെയും റബേക്കയുടെയും ഇളയ മകനായ ജേക്കബ് യാത്രയ്ക്കിടയിൽ പാറയിൽ തലവച്ചു കിടന്നുറങ്ങുന്നു. ജേക്കബിന്റെ പിന്നിൽ വെളിച്ചത്തിന്റെ ഏണി, ഭൂമിക്കും സ്വർഗത്തിനും ഇടയിൽ. ഏ ണിയിലൂടെ മാലാഖമാർ കയറുന്നു, ഇറങ്ങുന്നു. 1639 ൽ ചിത്രീകരിച്ച കലാസൃഷ്ടി പ്രശസ്തമാണ്.
സ്വപ്നം എന്തെന്നറിയാനുള്ള മനുഷ്യന്റെ അന്വേഷണം തുടർന്നുകൊണ്ടിരുന്നു. ചിന്തകർ സിദ്ധാന്തിച്ചുകൊണ്ടിരുന്നു. ആത്മാവിന്റെയും ആത്മീയതയുടെയും കാഴ്ചപ്പാടായിരുന്നു ചി ന്തകൾക്ക്. ക്രിസ്തുവിനു മുൻപു ജീവിച്ചിരുന്ന ‘വൈദ്യത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ഗ്രീസുകാരൻ ചിന്തകൻ ഹിപ്പോക്രേറ്റസ് സിദ്ധാന്തിച്ചു: ‘പകൽനേരത്ത് ആത്മാവ് ദൃശ്യങ്ങളെ സ്വീകരിക്കുന്നു; രാത്രിയിൽ ദൃശ്യങ്ങളെ സൃഷ്ടിക്കുന്നു!’
പതിനഞ്ചാം നൂറ്റാണ്ടിൽ ഇറ്റാലിയൻ നവോത്ഥാനകാലത്തിന്റെ ആരംഭത്തിലെ പ്രശസ്ത ചിന്തകനായിരുന്ന കത്തോലിക്കാ പുരോഹിതൻ മർസിയോ ഫാസിനൊ സ്വപ്നത്തെ ആത്മീയതലത്തിൽ കണ്ടു : ‘ഉറങ്ങുമ്പോൾ ജീവൻ ശരീരത്തിൽനിന്ന് ഉയർന്ന് ആത്മീയതലത്തിലേക്കു സ്വാതന്ത്ര്യം നേടുന്നു!’
ആത്മീയതയിലൂടെയല്ല, സ്വപ്നത്തെ ആത്മവേദനയിലൂടെ കലയിൽ ചിത്രീകരിച്ചു സ്പാനിഷ് കലാകാരൻ ഫ്രാൻസിസ്കൊ ഗോയ.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനഭാഗം മുതൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യഭാഗം വരെയാണ് ഗോയയുടെ കാലം. ആധുനികതയുടെ തുടക്കത്തിന്റെ പ്രതിനിധിയായി ഗോയയെ കാണുന്നു കലാചരിത്രം. രാജഭരണത്തിന്റെ ഔദ്യോഗിക കലാകാരനായിരുന്ന ഗോയയ്ക്ക് 1793 ൽ രോഗബാധിതനായി കേൾവി നഷ്ടപ്പെട്ടു. സ്പെയിനിലെ രാഷ്ട്രീയ, സാമൂഹിക, മത മേഖലകളിൽ അസംതൃപ്തനായി ഗോയ. പിൽക്കാലത്തു രോഗം ശാരീരികമായി തളർത്തി. കാഴ്ച ന ഷ്ടമായി. ഒറ്റപ്പെട്ടു. ജീവിതത്തിലെ നിരാശയും ശുഭാപ്തിവിശ്വാസമില്ലായ്മയും ഗോയയുടെ കലയിൽ പ്രകടമാണ്. 1797- ’99 കാലത്ത് ഗോയ ചിത്രീകരിച്ച ‘ദ് സ്ലീപ് ഓഫ് റീസൺ പ്രൊഡ്യൂസസ് മൊൺസ്റ്റേഴ്സ്’ എന്ന സൃഷ്ടിയുടെ നടുമധ്യം സ്വപ്നമാണ്. ദുഃസ്വപ്നം. ഉറങ്ങുന്ന ഒരാളുടെ സമീപം വിചിത്രപറവകളും ജീവികളുമാണ് ചിത്രത്തിൽ. ചിത്രം അക്കാലത്തെ സ്പെയിനിനെക്കുറിച്ചുള്ള സാമൂഹികവിമർശനമായി വിലയിരുത്തപ്പെട്ടു.
ഗോയയുടെ സമകാലികനായിരുന്ന വില്യം ബ്ലേക്ക് സ്വപ്നമല്ല, സ്വപ്നംപോലുള്ള ദർശനം ചിത്രീകരിച്ചു. ഈ ദർശനം മാനസികരോഗമായും കണക്കാക്കപ്പെട്ടു. ചിത്രകാരനും കവിയുമായിരുന്ന, ലണ്ടൻകാരൻ ബ്ലേക്ക് അനുദിനം പലതരം ദർശനമുണ്ടാകുന്നുവെന്ന് അവകാശപ്പെട്ടു. പതിമൂന്നു കൊല്ലങ്ങൾക്കു മുൻപു മരിച്ച സഹോദരന്റെ ആ ത്മാവുമായി ദർശനത്തിലൂടെ സംസാരിക്കാറുണ്ടെന്നും ബ്ലേക്ക് അവകാശപ്പെട്ടു. സുഹൃത്ത് ജോൺ വർളിയുടെ നിർദേശപ്രകാരം ഒരു ദർശനത്തെ ചിത്രീകരിക്കാനുള്ള ബ്ലേക്കിന്റെ ശ്രമത്തിൽനിന്ന് ‘ദ് ഗോസ്റ്റ് ഓഫ് എ ഫ്ലീ’ എന്ന ചിത്രം ഉണ്ടായി. ചെറിയ ചിത്രമാണിത്. ചിത്രത്തിലെ ‘ഫ്ലീ’ നഗ്നനായ വിചിത്രജീവിയാണ്. ഇഴജീവിയുടെ ശരീരസ്വഭാവമുണ്ട്. കയ്യിലെ കോപ്പയിൽനിന്നു രക്തം കുടിക്കുന്നു.
സ്വിറ്റ്സർലൻഡുകാരൻ ഹെൻറി ഫ്യുസെലിയുടെ 1781ലെ ‘നൈറ്റ്മെയർ’ പെയിന്റിങ് തൊട്ടടുത്ത കൊല്ലം ലണ്ടനിലെ റോയൽ അക്കാദമിയിൽ പ്രദർശിപ്പിച്ചതോടെ പ്രശസ്തമായി. പേരു സൂചിപ്പിക്കുന്നതുപോലെ ദുഃസ്വപ്നം ചിത്രീകരിച്ചിരിക്കുന്നു പെയിന്റിങ്ങിൽ. ദുഃസ്വപ്നം കാണുന്ന സ്ത്രീ നഗ്നയാണ്, കൈകൾ നീട്ടിവച്ച് ഉറങ്ങിക്കിടക്കുന്നു. ഒരു ‘ഇൻക്യുബസ്’ സ്ത്രീയുടെ നെഞ്ചിൽ ഇരിക്കുന്നു. നാ ടോടിക്കഥകളിലെ അമാനുഷിക ജീവിയാണ് ഇൻക്യുബസ്. ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുമായി ഇൻക്യുബസ് ലൈംഗികബന്ധത്തിലേർപ്പെടുന്നുവെന്നു സങ്കൽപം. ചിത്രത്തിന്റെ പല പതിപ്പുകൾ രചിച്ചു ഹെൻറി ഫ്യുസെലി.
ഫ്രഞ്ച് കലാകാരൻ ഹെൻറി റൂസ്സോയുടെ ‘ദ് ഡ്രീം’, ‘സ്‌ലീപ്പിങ് ജിപ്സി’ എന്നീ പെയിന്റിങ്ങുകൾ സ്വപ്നവുമായി ബന്ധപ്പെട്ടവയാണ്. സമീപത്തു സംഗീതോപകരണവുമായി മരുഭൂമിയിൽ ഉറങ്ങുന്ന സ്ത്രീയും സ്ത്രീയെ മണക്കുന്ന സിംഹവുമാണ് സ്‌ലീപ്പിങ് ജിപ്സിയിൽ. 1897 ലെ ചിത്രത്തിന്റെ ഉള്ള് സ്വപ്നമാകാമെന്ന് ആസ്വാദനം. ദ് ഡ്രീം 1910 ലെ ചിത്രം. ഇതു കലാകാരന്റെ അവസാന സൃഷ്ടിയായിരുന്നു. കാടിന്റെ പശ്ചാത്തലത്തിൽ നഗ്നയായ സ്ത്രീയും കാട്ടുചെടികളും ജീവികളും പാമ്പാട്ടിയും ഉൾപ്പെടുന്ന സ്വപ്നം. ന്യൂയോർക്ക് മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്നു ദ് ഡ്രീം.
‘ദ് ഡ്രീം’ (ലെ റെവെ) എന്നാണു പിക്കാസൊയുടെ പെയിന്റിങ്ങിന്റെയും പേര്. 1932 ൽ പിക്കാസോയുടെ അൻപതു വയസ്സിലെ കലാസൃഷ്ടി ഇന്നു ലോകത്തിലെ വിലപിടിപ്പുള്ള പെയിന്റിങ്ങുകളിലൊന്നായി കണക്കാക്കുന്നു. പിക്കാസോയുടെ കൂട്ടുകാരി മേരി തെരേസ വാൾട്ടർ ചിത്രത്തിൽ സ്വപ്നം കണ്ടുറങ്ങുന്നു. ക്യൂബിസത്തിന്റെ സ്വാധീനം ചിത്രത്തിലുണ്ട്.
‘ദ് ഡ്രീം’ എന്നാണ് ഇംഗ്ലണ്ടിലെ സട്ടനിലെ ശിൽപത്തിന്റെയും പേര്. സ്പെയിൻകാരൻ ജോമെ സ്പെൻസ ശിൽപി. പുൽത്തകിടികൾക്കും പച്ചനടുതലകൾക്കും ഇടയിലൂടെയുള്ള വഴി എത്തിച്ചേരുന്നിടത്ത് ഭൂമിയിൽനിന്നു പൊട്ടിമുളച്ചതുപോലെ 66 അടി ഉയരത്തിൽ വെള്ളപ്പാറയിൽ നിർമിച്ച യുവതിയുടെ തലയാണ് ശിൽപം. കണ്ണടച്ച് സ്വപ്നത്തിലാണു യുവതി.
1900 കളിൽ സിഗ്‌മണ്ട് ഫ്രോയ്ഡിന്റെ സ്വപ്നനിർവചനം കലാചിന്തയെ, കാഴ്ചപ്പാടിനെ സ്വാധീനിച്ചു. അഭിലാഷങ്ങളും ആകാംക്ഷകളും ഗതകാലസ്മരണകളും ലൈംഗികതയും കുടികൊള്ളുന്ന ‘ഉപബോധമനസ്സ്’ ലാവണ്യസങ്കൽപത്തിൽ പ്രാധാന്യമുള്ളതായി. സ്വപ്നവും ഉപബോധമനസ്സും തമ്മിലുള്ള ബന്ധം കലാപരീക്ഷണങ്ങളിൽ സ്ഥാനംപിടിച്ചു. സ്വന്തം സ്വപ്നങ്ങളെ കലയിൽ പകർത്താൻ വഴികൾ തേടി കലാകാരന്മാർ; പ്രത്യേകിച്ച് സർറിയലിസ്റ്റ് കലാകാരന്മാർ. സറിയലിസ്റ്റുകളിൽ പ്രമുഖനായ ദാലി ഉറങ്ങുന്നതിനു മുൻപു കിടക്കയ്ക്കരികിൽ കാൻവാസ് കരുതിവച്ചു. സ്വപ്നത്തിൽനിന്ന് ഉണർന്നപാടെ അതുവരെ കണ്ട സ്വപ്നം കാൻവാസിൽ അടയാളപ്പെടുത്തി.
‘ഡ്രീം കോസ്ഡ് ബൈ ദ് ഫ്ലൈറ്റ് ഓഫ് എ ബീ’ എന്നു ചുരുക്കിയറിയപ്പെടുന്ന ദാലിയുടെ പെയിന്റിങ് ഫ്രോയ്ഡിന്റെ സ്വപ്നസിദ്ധാന്തത്തിന്റെ സ്വാധീനമുള്ളതാണ്. 1944 ൽ ചിത്രീകരിച്ച പെയിന്റിങ് മാഡ്രിഡിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. പെയിന്റിങ്ങിൽ, നടുവിൽ ദാലിയുടെ ഭാര്യ ഗാല ശാന്തമായ കടലിന്റെ പശ്ചാത്തലത്തിൽ പാറയിൽക്കിടന്നു സ്വപ്നം കണ്ടുറങ്ങുന്നു. മാതളനാരങ്ങ, മീൻ, കടുവകൾ, തോക്ക്, തേനീച്ച എന്നീ ബിംബങ്ങളും പെയിന്റിങ്ങിലുണ്ട്.
സ്വപ്നം യാഥാർഥ്യംപോലെ അവതരിപ്പിക്കാവുന്ന മാധ്യമമാണു സിനിമ. സിനിമയിൽ സ്വപ്നം അവതരിപ്പിക്കുന്നതിനു മിഴിവുണ്ടാക്കാൻ വിഖ്യാത ചലച്ചിത്രകാരൻ ആൽഫ്രഡ് ഹിച്ച്കോക്ക് 1945ൽ ‘സ്പെൽബൗണ്ട്’ സിനിമയെടുപ്പിൽ ദാലിയെ കൂട്ടുചേർത്തു.
കലയിൽ സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള വൈരുധ്യം ഉപേക്ഷിച്ചവരാണ് സറിയലിസ്റ്റുകൾ.
തുമ്പിയെ പിടിക്കാൻ ശ്രമിക്കുന്ന കുട്ടിയെപ്പോലെ ദാലി സ്വന്തം സ്വപ്നത്തെ പിടിക്കാൻ ശ്രമിച്ചു. അതിനായി തന്ത്രം കണ്ടുപിടിച്ചു. കസേരയിലിരുന്നുറങ്ങുന്ന ദാലി കയ്യിൽ സ്പൂൺ കരുതിവച്ചു. സ്പൂണിനു താഴെ പ്ലേറ്റും. സ്വപ്നം കണ്ടുറങ്ങുമ്പോൾ കൈവിടുന്ന സ്പൂൺ വീണു ശബ്ദമുണ്ടാകും. ശബ്ദം ദാലിയെ ഉണർത്തും. എ ഴുന്നേറ്റ് അത്രനേരം കാണുകയായിരുന്ന സ്വപ്നം രേഖപ്പെടുത്തും. ഇങ്ങനെ സ്വന്തം സ്വപ്നം പിടിച്ചെടുക്കാൻ കലാകാരൻ ഉപയോഗിച്ച രസകരമായ തന്ത്രത്തെക്കുറിച്ചു ലേഖനങ്ങളുണ്ട്.
സ്വപ്നം അളവില്ലാത്ത ആഴവും വ്യാപ്തിയുമുള്ള കലയുടെ അസംസ്കൃതവസ്തുക്കൾ നിറഞ്ഞ ഖനിയാ ണ്. ഓരോ കലാകാരനും കലാകാരിയും സ്വന്തം അസ്തിത്വത്തിലുള്ള സ്വപ്നഖനിയുടെ ഉടമ.
സ്വപ്നബന്ധമുള്ള കലയെ ചില പഠനങ്ങൾ ‘സ്വപ്നകല’യെന്നു വിശേഷിപ്പിക്കുന്നു. സ്വപ്നത്തിന്റെ സ്വാധീനമുള്ള സാഹിത്യം, സിനിമ, സംഗീതം, നാടകം, കോമിക്ക് എന്നു തുടങ്ങി ലോകമാകെയുള്ള വിവിധ കലാമേഖലകൾ ഉള്ളടങ്ങുന്ന സൗന്ദര്യപ്രപഞ്ചമാണിത്. ആ പ്രപഞ്ചത്തിന്റെ ഒരരികിലിരുന്ന് അമ്പരപ്പോടെ കുറിക്കുന്ന, ഏതാനും വാക്കുകൾ മാത്രമാണ് ഈ ലേഖനം.
( 2021 ഭാഷാപോഷിണി വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്.)
Content Summary: Bony Thomas writes on the role of dreams in art