കലാപരാഷ്ട്രീയത്തിന്റെ കപടമുഖങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ് ഈ പുസ്തകത്തിലെ ഒഞ്ചിയം രേഖകൾ. കെ.കെ. രമയും ടി.പി.യും അവരുടെ മകൻ അഭിനന്ദും നമ്മുടെ ഉള്ളിലൊരു കൊള്ളിയാൻ മിന്നിക്കുന്നു പ്രിയയുടെ അക്ഷരങ്ങളിൽ.
പലകാലങ്ങളിലായി മുഖപുസ്തകത്തിൽ എഴുതിയ ഓർമക്കൂട്ടുകളാണ് ഫന്റാസ് മിന്റ എന്ന പുസ്തകം. കാർത്തുമ്പിക്കുടകളിലെ അറിയാപേരും അറിയാവിളികളും ഗരിമപോരാതെ എഴുത്തുകാരി പറയുമ്പോൾ നമ്മളെങ്ങനെ കേൾക്കാതിരിക്കും. എരമല്ലൂരിന്റെ കനവുകളുമായി ഒരു പ്രിയപുസ്തകം. വേദനയുടെയും ആശുപത്രിക്കാലത്തിന്റെയും ഘോഷയാത്രകളെ അക്ഷരച്ചിമിഴിലൊളിപ്പിക്കുന്ന മാന്ത്രിക എഴുത്താണ് പ്രിയ എ. എസിന്റേത്. ഒരിക്കലും താൻ ഒറ്റയല്ലെന്നും ഓർമകൾക്ക് പടിയിറങ്ങിപ്പോകാൻ ആകില്ലെന്നും ഉറക്കെയുറക്കെപ്പറയുന്ന ഓർമത്തിരകൾ ആണ് ഈ പുസ്തകം വായനക്കാർക്കു സമ്മാനിക്കുന്നത്.
‘സുധീഷിനൊരു പൂവിൽ’ എത്തുമ്പോൾ ചില കടലാസ് പിണക്കങ്ങളെ സ്‌നേഹമഴയിലൂടെ പറഞ്ഞു തീർപ്പാക്കിയതും വായനക്കാരോട് പ്രിയ പങ്കു വയ്ക്കുന്നു. അസുഖകാലങ്ങളെ നോക്കി ഈ മഴക്കാലവും തീർന്നുപോകും എന്ന റഫീഖ് അഹമ്മദ് വരികളെ ഈ പൊരിവെയിൽക്കാലവും തീർന്നു പോകും എന്ന് ഉറക്കെയുറക്കെച്ചൊല്ലാൻ അവർക്ക് കഴിയുന്നത് ഇനിയും കെട്ടുപോകാത്ത ആത്മവിശ്വാസത്തിളക്കത്തിലാണ്.
സജിതയ്ക്കൊപ്പം കാളിനാടകത്തിന്റെ തട്ടകത്തിൽ എത്തുമ്പോഴും പ്രിയ ജാഗരൂകയാണ്. പീഡിപ്പിക്കപ്പെട്ട സ്ത്രീ വർത്തമാനകാല പരിസരത്തിലിരുന്ന് ഒരു കോടതിയുടെയും വിധിപ്രസ്താവനയ്ക്ക് കാത്തു നിൽക്കാതെ പീഡനവഴിയിലെ പുരുഷനെ വെട്ടിനുറുക്കുന്നു. സജിതാ മഠത്തിലിന്റെ കറുത്ത ഹാസ്യം ഒരുപാടിടങ്ങളിൽ കുത്തിനോവിപ്പിക്കുന്നു എന്നാണ് പ്രിയ പറയുന്നത്.
ചില സൗഹൃദങ്ങൾ വീടിന്റെ ഇടനാഴിയോ എന്റെ ജീവിതത്തിന്റെ ഒരു ഭിത്തിയോ ആയിമാറുന്നു എന്ന വെളിപ്പെടുത്തലുകൾ പ്രിയ എന്ന എഴുത്തുകാരിയിൽ നിന്ന് പ്രിയ എന്ന വ്യക്തിയിലേക്കുള്ള കനൽദൂരങ്ങളാണ് അളന്നിടുന്നത്. കാതോരക്കൂട്ട് ആവുന്ന കൈത്താങ്ങലുകൾ ചേർന്ന് വഴിനടത്തിയ അസുഖകാലത്തെ ഇങ്ങനെയല്ലാതെ എങ്ങനെ എഴുതാനാവും.
കാതോരക്കൂട്ട്, സ്‌പൈനാടനം, ഫന്റാസ്മിന്റ തുടങ്ങിയ പുതു വാക്കുകളും നമുക്കായി പ്രിയ കാത്തുവക്കുന്നുണ്ട് ഈ മുഖക്കുറിപ്പിൽ.
കന്നിനിലാവും ഇളംവെയിലും വന്നു ചന്ദനം ചാർത്തുന്ന നാട്ടിൽ എന്നു പറഞ്ഞുപോകുന്ന എരമല്ലൂരുകാരുടെ നെയ്യാമ്പലുകളേയും നാമിതിൽ കാണുന്നുണ്ട്. പ്രിയക്ക് പേനയുടെ ഛായയാണ് എന്നു പറഞ്ഞ കൊടിയേറ്റം ഗോപിയെയും പ്രിയ ഓർത്തെടുക്കുന്നു ഈ കുറിപ്പുകളിൽ. നമ്മളെഴുതിയ കഥകൾ നമുക്കു മുൻപേ പറക്കട്ടെ. സാധാരണ മനുഷ്യർ ഓരോ അനുഭവത്തിന്റെ നേരത്തും ഞെട്ടുന്നതിന്റെ പാതി ഞെട്ടിയാൽ മതിയല്ലോ പിന്നെ നമുക്ക് എന്നു പറഞ്ഞ് ഓരോ കഥകളെ ജീവിതത്തിന്റെ ഓരോരോ തിരിവുകളിൽ ചേർത്തിടുന്ന കഥാകാരിക്ക് ഇനിയും അനുഭവങ്ങളുടെ നീർക്കുമിളകൾ ബാക്കിയാണ്.
അമ്മയുടെ വിലക്കുകളെ വകവയ്ക്കാതെ ആറാം ക്ലാസുകാരൻ മകനുമൊത്ത് രാത്രി പത്തരയ്ക്ക് മൾട്ടിപ്ലസിൽ പോയി സിനിമ കണ്ടു മടങ്ങിയ അനുഭവകഥയും ഈ വായന നമുക്കു തരുന്നു. ഇടയ്ക്കു മാത്രം രാത്രിയുടെ ആകാശങ്ങളെ ചേർത്തുപിടിക്കാൻ പറ്റിയതിന്റെ സന്തോഷം ഇമ്മിണി വലിയ ഒന്നാണ്. കാരണം നമ്മുടെ സ്ത്രീകളുടെ രാത്രിസഞ്ചാരങ്ങൾ ഇപ്പോഴും പരിമിതം തന്നെയല്ലേ. രാത്രിസഞ്ചാരങ്ങൾ അവൾക്ക് പറഞ്ഞിട്ടുള്ളതല്ല. സെക്കൻഡ് ഷോ സിനിമയ്ക്ക് തനിച്ചുപോകുന്ന ഒരു സ്ത്രീയേയും ഞാനിതുവരെ കണ്ടിട്ടില്ല.
ഉള്ളം നോക്കും കണ്ണാടികളിലൂടെ കഥ പറയുന്ന എല്ലാവർക്കും മനസ്സിലാവുന്ന വെയിൽ നിറമുള്ള ഒരു ഭാഷയിലാണ് ഈ കുറിപ്പുകളെ കഥാകാരി ചേർത്തു വച്ചിട്ടുള്ളത്. കോഴിക്കോടിന്റെ തേങ്ങലായി മാറിയ ഒരു കണ്ണുനീർത്തുള്ളിയാണ് നമുക്ക് നൗഷാദ്. ഒരു മാൻഹോൾദൃശ്യം എന്ന കുറിപ്പിൽ പ്രിയ കോറിയിടുന്നതും ഈ സങ്കടക്കടൽ തന്നെയാണ്. കേൾവി മരുന്നാകുന്ന ഇത്തിരി ഇടത്തെയാണ് പ്രിയ സൗഹൃദലോകമായി കാണുന്നതും.