കണ്ണാടി പൊട്ടിച്ച് അതിനുള്ളിൽ കുടുങ്ങിയ തന്നെ മോചിതയാക്കുന്നവൾ

"ഒരു കുന്നിൻ മുകളിൽ ഒരു സെൻ ഗുരു പതിവായി വന്നിരുന്നു. അയാൾ എന്തിനിവിടെ വരുന്നുവെന്ന് എല്ലാവർക്കും സംശയമായി. ഒരു ദിവസം നാട്ടുകാരിലൊരാൾ അയാൾക്കടുത്തു ചെന്നു ചോദിച്ചു. 

''നിങ്ങളിവിടെ ആരെയെങ്കിലും കാത്തു നിൽക്കുകയാണോ? "

"അല്ല "

" കാറ്റു കൊള്ളാൻ വന്നതാണോ?"

"അല്ല "

"ഇതിനൊന്നും വേണ്ടിയല്ലെങ്കിൽ താങ്കൾ എന്തിനാണ് ഇവിടെ നിൽക്കുന്നത്?" അയാൾ അത്ഭുതത്തോടെ ചോദിച്ചു.

"ഞാൻ വെറുതെ അങ്ങനെ നിൽക്കുന്നു, അത്ര തന്നെ.''

(സെൻ കഥകൾ)

കവിത ചിലപ്പോൾ അങ്ങനെ വെറുതെ നിൽക്കലാണ്. കാറ്റു കൊള്ളാനോ കാഴ്ച കാണാനോ അല്ലാത്ത വെറും നിൽപ്, ഏറ്റവും ആഴത്തിൽ സ്വയമറിഞ്ഞു കൊണ്ട്, സ്വയം ലയിച്ചും ധ്യാനിച്ചും അങ്ങേയറ്റം ശുദ്ധമായ, തനിമയാർന്ന ആ ഒറ്റയ്ക്കു നിൽപ്പിൽ തെളിഞ്ഞു വരുന്ന ഉൾക്കാഴ്ചകളുണ്ട്. തന്നിലേക്കു തന്നെ വെളിച്ചം നീട്ടുന്ന വിളക്കുതിരികൾ പോലെ ആ കവിതകൾ എഴുതിയ കവിയെ പ്രകാശിപ്പിക്കുന്നു. എഴുത്തിന്റെ ഉണ്മയെയും. ശാന്തി പാട്ടത്തിലിന്റെ –ഉയിർതീണ്ടൽ എന്ന സമാഹാരത്തിലെ 54 കവിതകളിൽ മിക്കതിനും ഒരു വെറുതെ നിൽപിന്റെ അനായാസതയുണ്ട്, ആർജ്ജവമുണ്ട്. അത്തരമൊരു നിൽപിനു മാത്രം സാധ്യമാവുന്ന ധ്യാനാത്മകമായൊരു സുതാര്യതയുമുണ്ട്. 

ഉയിർ തീണ്ടലിലെ എല്ലാ കവിതകളും ഒന്നുപോലെ മികച്ചവയോ സാമൂഹ്യപ്രതിബദ്ധതകൊണ്ട്, രാഷ്ട്രീയധ്വനികൾ കൊണ്ട്  സവിശേഷമോ ആയിരിക്കില്ല. പക്ഷേ പലതരം ജീവിതങ്ങൾ, ജീവന സാധ്യതകൾ, പ്രണയത്തിൽ പോലും സാധ്യമായ സാത്വികമായൊരു അനുഭവരാശി, വ്യത്യസ്തമായൊരു സൗന്ദര്യ ദർശനം എന്നിവ കൊണ്ട് ഈ കവിതകൾ കൂടുതൽ മികച്ച രചനകൾക്കായി തിടം വെച്ചുകൊണ്ടിരിക്കുന്നൊരു കാവ്യചേതസിനെ നിസംശയം വെളിപ്പെടുത്തുന്നുണ്ട്. വായനയ്ക്കിടയിൽ ചിലപ്പോഴെങ്കിലും അനുഭവപ്പെടുന്ന ഏകതാനതയെപ്പോലും ആ രീതിയിലേ കാണാനും മറികടക്കാനും പറ്റുന്നുള്ളു. ആദ്യസമാഹാരത്തിനുണ്ടാവാനിടയുള്ള രചനാപരമായ പരിമിതികളുണ്ട്, പക്ഷേ കൂടുതൽ മികച്ചതിന്റെ പിറവിക്കായുള്ള വ്യക്തമായ സൂചനകൾ പല കവിതകളിലുമുണ്ടെന്നു സാരം. ചില കവിതകളാവട്ടെ യഥാർഥത്തിൽ വളരെ മികച്ചതുമായിരിക്കുന്നു, മിനുക്കുപണികളോ ചെത്തിമിനുക്കലുകളോ ആവശ്യമില്ലാത്ത വിധം.

പ്രണയത്തിന്റെ, നിരാസത്തിന്റെ അത്തരമൊരു തീഷ്ണാവസ്ഥയിൽ മാത്രമനുഭവിക്കുന്ന സ്വയമറിയലിന്റെ ആഴങ്ങളാണു ശാന്തിയുടെ കവിതകൾക്കു പൊതുവായുള്ളതെന്നു തോന്നിപ്പോവാം. ഉൽക്കടമായ വികാരങ്ങളുടെ ആവേഗങ്ങളിലൂടെ അതിവേഗം കറങ്ങിത്തിരിഞ്ഞ് സ്വസ്ഥതയുടെ, ശാന്തിയുടെ തണുത്തു വെളുത്ത ഭൂമികകളിലേക്കു പതിയെ കാലുറപ്പിക്കുന്നവയെന്നു തോന്നിപ്പോകുന്ന കവിതകൾ. ശീഘ്രഗതിയിലുള്ള ചലനങ്ങളവശേഷിപ്പിച്ച അൽപമൊരസ്വസ്ഥതയും അസുഖവുമുണ്ടെങ്കിലും മണ്ണിലേക്ക് കാലുറപ്പിച്ചങ്ങനെ നിൽക്കുന്നതിലെ സ്വച്ഛതയാണ് ആ കവിതകൾ അനുഭവപ്പെടുത്തുക. വൈയക്തികമായ അനുഭവപരിസരങ്ങളെ അങ്ങനെയാണു ശാന്തി കാവ്യാത്മകമാക്കിയിരിക്കുന്നതും. 54 കവിതകളിലുമായി ഞാനും നീയുമൊക്കെത്തന്നെ കൂടുതലായി കടന്നു വരുന്നെങ്കിലും അവ വിരസമാവാത്തതിനു കാരണവും അതു തന്നെ. അതിജീവനമെന്ന കവിതയിൽ പറയുന്നതുപോലെ 

''മഴ തീർന്ന കുട പോൽ 

എന്നെ നീ മറന്നു വെച്ചപ്പോൾ 

ഞാൻ നിന്റെയുള്ളിൽ 

മനോഹരമായി പെയ്യുകയായിരുന്നു."

മഴ തീർന്നിരിക്കാം, പിന്നീട് ആവശ്യമില്ലാത്ത കുട പോലെ ഞാൻ മറന്നു വെയ്ക്കപ്പെട്ടിരിക്കാം. പക്ഷേ അപ്പോഴും നിന്റെ ഉള്ളിൽ ഞാൻ നിർത്താതെ പെയ്തു തിമിർക്കുകയായിരുന്നുവെന്ന അഹന്തയോളമെത്തുന്ന ആത്മബോധത്തിന്റെ ശാന്തമായ ഉൾക്കരുത്താണ് ഈ കവിതകൾക്കൊക്കെയുമുള്ളത്. അത്രയ്ക്കങ്ങു സാധാരണമല്ലാത്ത സവിശേഷമായൊരു ഉൾക്കരുത്ത്. ബഹളങ്ങളും ആക്രോശങ്ങളുമൊന്നുമില്ലാതെ അത് വായനക്കാരുടെ മനസിലും പെയ്തു തിമിർക്കുന്നു.

"തിരക്കിട്ടോടുന്നതിനിടയിൽ 

നിന്റെ കാലുകൾ

പൊടുന്നനേ നിലയ്ക്കുന്നു 

ഞാൻ നടത്തം നിർത്തിയതാവാം. 

എഴുതുമ്പോൾ 

നിന്റെ കൈകൾ വിറയ്ക്കുന്നു

എന്റെ പേന നിന്നെയെഴുതി തളർന്നിരിക്കാം " (പങ്ക്) എന്ന് മറ്റൊരു കവിതയിൽ ഇത്രയുമുറപ്പിച്ചു പറയാൻ കഴിയുന്നതും ആ കരുത്തിന്റെ പ്രതിഫലനമാണ്. പ്രണയം തകർന്നു പോകാം. പക്ഷേ "ഉടലിലെ സ്പർശമെങ്കിൽ മറന്നേനെ, ഉയിരിലെ തീണ്ടൽ മറക്കുവതെങ്ങനെ" എന്നറിയുന്നവൾക്ക് ഉയിർ തീണ്ടിയ, ഉയിരിനെ നീലിപ്പിച്ച പ്രണയദംശനങ്ങളെ പ്രിയമാണ്, അങ്ങനെ പ്രണയിക്കാനും പ്രണയിക്കപ്പെടാനും കഴിഞ്ഞതിൽ അഹങ്കാരിയുമാണവൾ. പ്രണയം ഇല്ലാതായാലും ആ തീണ്ടലിന്റെ വേദനയും വിഷനീലച്ഛായയും മാഞ്ഞു പോവില്ല, അതവളെ ഓരോ കാഴ്ചയിലും ആനന്ദിപ്പിക്കുന്നു. അഭിമാനിയാക്കുന്നു.

കണ്ണാടി കൊത്തും കിളി എന്നൊരു കവിതയുണ്ട് ഉയിർ തീണ്ടലിൽ. ശാന്തിയുടെ കവിതകളിലെ 'അവളെ' വിശേഷിപ്പിക്കാനുള്ള ഏറ്റവും അർഥവത്തായ ഇമേജു കൂടിയാണത്. ആത്മാന്വേഷണത്തിന്റേതാണ് സൂക്ഷമതലത്തിൽ ശാന്തിയുടെ കവിതകളെല്ലാം. അവിടെയാണ് ആദ്യം സൂചിപ്പിച്ച സെൻ കഥയ്ക്ക് പ്രസക്തിയേറുന്നതും. ഒന്നിനുമല്ലാതെ വെറുതെ നിന്നു കൊണ്ട് സ്വയം വെളിപ്പെടുത്തുന്ന, തന്നിലെ തന്നെ ഇതൾ വിടർത്തി വിടർത്തി വിരിയിച്ചെടുക്കുന്ന മനോഹരമായ കൗശലം. കണ്ണാടിയിൽ തന്റെ തന്നെ പ്രതിബിംബത്തെ ആഞ്ഞാഞ്ഞു കൊത്തുന്ന കിളിക്ക് മുറിവുകളല്ലാതെ വെളിപാടുകളുണ്ടാവില്ല. പക്ഷേ അത്തരമൊരു കിളിയായി സ്വയം സങ്കൽപിക്കുന്ന, തന്നെത്തന്നെ ആയവസ്ഥയിൽ കണ്ടെത്തുന്ന കവിക്ക് ചില വെളിപ്പെടലുകളുണ്ടാവാനുണ്ട്. കണ്ണാടി കൊത്തിപ്പൊട്ടിച്ച് അതിനുള്ളിൽ കുടുങ്ങിയ തന്നെ അവൾ വിമോചിതയാക്കുക തന്നെ ചെയ്യും, എത്ര മുറിഞ്ഞാലും, എത്ര ചോരയൊഴുകിയാലും അതവളുടെ നിയോഗമാണ്. അപ്പോഴാണ് 

നിറച്ചു പറഞ്ഞ് തീർത്ത്

ഒറ്റയ്ക്കാവുമ്പോൾ 

അവസാന വരിയും എഴുതി

നെടുവീർപ്പിടുമ്പോൾ

യാത്രയയച്ച വണ്ടി

കണ്ണിൽ നിന്നും മാഞ്ഞ് 

തിരിച്ചു നടക്കുമ്പോൾ 

എനിക്ക് എന്നോട് ഒരുപാടിഷ്ടമാണ് (ഇഷ്ടം) എന്നവൾക്കു പറയാനാവുക. നിറച്ച് പറഞ്ഞും തീർത്തും നിറച്ച് എഴുതി തന്നെത്തന്നെ ഇഷ്ടപ്പെടുന്ന ഒരുവൾ. അവൾ എല്ലായിടത്തും എപ്പോഴും കാണുന്നവളല്ല. അത്രയ്ക്കും അപൂർവ്വയാണവൾ.

ഉയിർതീണ്ടലിലെ ലാസ്റ്റ് ബെസ് എന്ന കവിത വളരെ ശ്രദ്ധേയമായിരിക്കുന്നു, എല്ലാ പ്രശ്നങ്ങളും ലാസ്റ്റ് ബെസ് പോലെ സ്വയം പരിഹരിക്കുന്നു, ഞാൻ പോയിക്കഴിഞ്ഞു എന്നു ലാസ്റ്റ് ബെസ് പറഞ്ഞാൽ അടുത്ത വഴി പഥികർ സ്വയം കണ്ടെത്തിക്കൊള്ളും. ഒരു മാല പൊട്ടിച്ചിതറിയാൽ അതു എപ്പോൾ പൊട്ടുമെന്നുള്ള ഭീതി കൂടി ഇല്ലാതാവുകയാണ്. മനുഷ്യമനസ് അകപ്പെടുന്ന നിരന്തരമായ ഭീതികളുടെ, അവന്റെ വേവലാതികളുടെ അർത്ഥശൂന്യതകളെ നിശിതമായി വിമർശിക്കുന്ന കവിതയാണിത്. 

'പ്രശ്നങ്ങളും അതു തന്നെ പറയുന്നു

ഞാനിതാ വന്നു കഴിഞ്ഞു

നിനക്കിനി എന്നെ പരിഹരിക്കാമല്ലോ "

നിരന്തരം പ്രശ്ന പരിഹാരങ്ങൾക്കായി മാത്രം ജീവിക്കുന്ന ശരാശരി മനുഷ്യരുടെ യാന്ത്രികമായ ജീവിതത്തെ ഇതിൽക്കൂടുതൽ പരിഹസിക്കാനില്ല. അന്ധം - വിശ്വാസം എന്ന കവിതയും അത്തരമൊരു തിരിച്ചറിവിന്റെ ആഖ്യാനമാണ്. ഒറ്റമൈനകൾ സങ്കടമോ ഇരട്ടമൈനകൾ സന്തോഷമോ കൊണ്ടുവരാറില്ല, അതുപോലെ ബാലിശമായ എത്രയെത്ര വിശ്വാസങ്ങൾ - യഥാർLത്തിൽ അന്ധമായ വിശ്വാസങ്ങളെയല്ല, അകം കാഴ്ചകളെയാണ് വിശ്വസിക്കേണ്ടത്.

സത്യത്തിന് ഭാരക്കുറവും നുണയ്ക്ക് ഭാരക്കൂടുതലുമെന്ന ചൊല്ലിനെ വിമർശന വിധേയമാക്കുന്നു ''ഭാരം." സത്യത്തിന്റെയും നുണയുടെയും  ഭാരങ്ങൾ വലുതാണ്. ഭാരത്തിനു പോലും ഭാരമാകുന്നത്ര. തിന്നുവാൻ കഴിയാത്ത ജീവികളെ മാത്രം സ്നേഹിച്ചും, അല്ലാത്തതിനെയൊക്കെ തിന്നും ജീവിക്കുന്ന മനുഷ്യരെക്കുറിച്ചു പറയുന്ന തീറ്റ എന്ന കവിതയിലൂടെ സ്നേഹത്തിന്റെ കാപട്യങ്ങളെ മുഴുവനായും ശാന്തി തുറന്നു കാട്ടുന്നതിലെ കൗശലം കൗതുകകരമാണ്. ഒഴുക്കിനെതിരെയും ഒഴുക്കിനൊപ്പവും നീന്തി ഇപ്പോൾ കരയ്ക്കു വെറും സാക്ഷിയായിരിക്കുന്നതിലെ നിശ്ചലതയും സുരക്ഷിതത്വവും ചൂണ്ടിക്കാണിക്കുന്ന നീന്തൽ എന്ന കവിതയ്ക്ക് ശക്തമായ രാഷ്ട്രീയാന്തർധാരയുണ്ട്. പല തലങ്ങളിലുള്ള വായനകൾക്കു സാധ്യതയുള്ള കുഞ്ഞു കവിത, പക്ഷേ അതിന്റെ തീവ്രത കൊണ്ടു വലുതായിരിക്കുന്നു -

പേരില്ലാത്തിടങ്ങളിലേക്ക് ലക്ഷ്യമില്ലാത്ത യാത്ര നടത്തുന്നതിലെ അയവും ലാഘവത്വവും അനുഭവപ്പെടുത്തുന്ന യാത്ര എന്ന കവിതയും പല വായനകൾക്കിടം തരുന്നതാണ്.

ശാന്തി പാട്ടത്തിലിന്റെ കവിതകൾ, ചിലപ്പോൾ ലോകത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയിൽ ആഞ്ഞുകൊത്തുന്ന കിളിയെപ്പോലെയാണ്. സ്വയം മുറിയുന്നുണ്ട്, പക്ഷേ അവളത് കൊത്തിപ്പൊളിക്കാതിരിക്കുന്നില്ല. മറ്റു ചിലപ്പോൾ കുന്നിൻ മുകളിലെ വെറുതെ നിൽപ് പോലെ ഒറ്റയ്ക്ക്, പ്രപഞ്ച സത്തയാകെ തന്നിലേക്കാവാഹിച്ച് ധ്യാനനിമീലിതയാകുന്നു. പരസ്പര വിരുദ്ധങ്ങളായ രണ്ടു ഭാവങ്ങൾ, രണ്ടവസ്ഥകൾ. പക്ഷേ രണ്ടു സന്ദർഭങ്ങളിലും ആ കവിതകൾ ആസ്വാദ്യമായിത്തന്നെ തുടരുന്നു. പുതിയ വായനകൾക്കായി വെമ്പൽ കൊള്ളുന്നു.