ലൈല സാങ്കൽപിക കഥാപാത്രമല്ല; സാദൃശ്യം വ്യക്തമായ ലക്ഷ്യത്തോടെ!

ഹാർപർ കോളിൻസ്
വില 499 രൂപ
ആയുധധാരിയും അപകടകാരിയുമായ 19 വയസ്സുകാരി ലൈല ! മനു ജോസഫിന്റെ പുതിയ നോവൽ ലൈലയുടെ ഭീകരകഥയാണെന്നു കരുതിയെങ്കിൽ തെറ്റി. ലൈലയെപ്പോലുള്ള ആയിരങ്ങളെ അപകടകാരികളും ആയുധധാരികളുമെന്നു തെറ്റിദ്ധരിപ്പിച്ച് അധികാരത്തിന്റെ സോപാനങ്ങളിലേക്ക് എളുപ്പവഴി കണ്ടുപിടിച്ചവരുടെ കഥയാണിത്. വംശീയ വിദ്വേഷവും വർണവെറിയും പ്രചരിപ്പിച്ച് ഒരു മതത്തെ ശത്രുപക്ഷത്തു നിർത്തുകയും മറ്റൊരു മതത്തിലെ അംഗങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ വിതച്ച് അപകടകരമായ ആത്മാഭിമാനത്തിലേക്ക് ഉയർത്തി വോട്ടു നേടി അധികാരം പിടിച്ചടുക്കുകയും ചെയ്തതിന്റെ, മനഃസാക്ഷി മരവിപ്പിക്കുന്ന കഥ. ചരിത്രമല്ല ഇവിടെ പ്രമേയം. രാഷ്ട്രീയം; അതും സമകാലിക രാഷ്ട്രീയം. ഒരു പത്രപ്രവർത്തകന്റെ വിപുലമായ അനുഭവ പരിചയത്തിൽനിന്ന് ഉറവെടുത്ത സത്യത്തിന്റെ, വെള്ളം ചേർക്കാത്ത ആഖ്യാനം. പല കൃതികളിലെന്നപോലെ ലൈലയുടെ തുടക്കത്തിലും മുൻകൂർ ജാമ്യമെടുത്തിട്ടുണ്ട് മനു ജോസഫ്; ലൈലയുടെ പ്രമേയം സാങ്കൽപികമാണെന്നും എല്ലാ കഥാപാത്രങ്ങളും ഭാവനാ സൃഷ്ടികളാണെന്നും ആരുമായെങ്കിലും എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അതു യാദൃച്ഛികം മാത്രമാണെന്നും. പല കൃതികൾക്കും ഈ മുൻകൂർ ജാമ്യം വെറുമൊരു അലങ്കാരം മാത്രമാണെങ്കിൽ അങ്ങനെയൊരു ജാമ്യമില്ലാതെ പുറത്തിറക്കാനാവാത്ത നോവലാണ് ലൈല. ഇന്നത്തെ രാഷ്ട്രീയത്തിലെ പ്രമുഖരും സ്വാധീനശേഷിയുള്ളവരുമായ പലരും അവരുടെ അതേപേരിൽത്തന്നെ പ്രത്യക്ഷപ്പെടുന്നു. രാഷ്ട്രീയത്തിനു പിന്നിലെ മനഃസാക്ഷിയില്ലായ്മ മറ നീക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ നമ്മുടെ രാജ്യം കടന്നുപോയ ചോരയും കണ്ണീരും വേദനിപ്പിച്ചും അസ്വസ്ഥതപ്പെടുത്തിയും ഈ താളുകളിൽനിന്ന് ഹൃദയത്തിലേക്ക് ഒഴുകുന്നു, ഒഴുകിപ്പടരുന്നു.
മഹാനഗരത്തിലെ ഒരു സാധാരണ അപകടത്തിൽനിന്നുമാണ് നോവൽ തുടങ്ങുന്നത്. പശ്ചാത്തലം മുംബൈ. ഒരു ബഹുനിലമന്ദിരം നിലംപൊത്തുന്നു. അനേകർ രക്ഷപ്പെട്ടു. കുറച്ചുപേർ മരിക്കുന്നു. മറ്റുചിലർ മരിച്ചില്ലെങ്കിലും അംഗവിഹീനരാക്കപ്പെടുന്നു. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെക്കുറിച്ചുള്ള സംശയം. അപകടസ്ഥലത്തെത്തുന്ന അഖില അയ്യർ എന്ന പെൺകുട്ടിയിൽ നിന്നാണ് കഥയുടെ തുടക്കം; രാവിലെ 7.30 ന്. അതേദിവസം രാത്രി എട്ടുമണിക്ക് നോവൽ അവസാനിക്കുന്നു. രാജ്യത്തെ നിർണായകമായ ഒരു തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ദിവസം കൂടിയാണത്. ഒരു പകലിന്റെ സംഭവങ്ങൾ, സംഘർഷങ്ങൾ, അന്വേഷണങ്ങൾ. അവയിലൂടെ ചുരുൾ നിവരുന്നത് ഒരു രാജ്യത്തിന്റെ സമാധാനവും സന്തോഷവും ഇല്ലാതാക്കി വർഗീയതയുടെ വിഷവിത്തുകൾ വിതച്ചവരുടെ രാഷ്ട്രീയവും. തകർന്ന കെട്ടിടത്തിന്റെ സമീപമെത്തുന്ന അഖിലയ്ക്ക് സംഘപരിവാർ പ്രവർത്തകരുടെ മർദനമേൽക്കേണ്ടിവരുന്നുണ്ട്. പൊലീസുകാരും നാട്ടുകാരും നോക്കിനിൽക്കെയായിരുന്നു ആക്രമണം. ആരും ഇടപെട്ടില്ലെങ്കിലും ഭയപ്പെടുത്തുകമാത്രം ചെയ്ത് അക്രമം അവസാനിച്ചതിനാൽ അഖില രക്ഷപ്പെട്ടു. ഡോക്ടറാണ് അഖില. മനുഷ്യത്വമുള്ള ഡോക്ടർ. മനുഷ്യരോടുള്ള സഹാനുഭൂതിയാണ് അപകടസ്ഥലത്തു നിൽക്കാൻ അവരെ പ്രേരിപ്പിച്ചതും. കെട്ടിടത്തിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒരാൾ അപകടനിലയിലാണെന്ന വിവരം ലഭിക്കുന്നു. ഒരു ഭിത്തിയുടെ അവശിഷ്ടങ്ങളിൽ കുടുങ്ങിപ്പോയ മനുഷ്യൻ. അയാളെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഊർജിതമാകുന്നു. കെട്ടിടാവശിഷ്ടങ്ങൾ മാറ്റി ചെറിയൊരു തുരങ്കം സൃഷ്ടിച്ചെടുക്കുന്നു. ജീവൻ അവശേഷിക്കുന്ന വ്യക്തിയെ ആ തുരങ്കത്തിലൂടെ രക്ഷപ്പെടുത്താനാണ് പദ്ധതി. തുരങ്കത്തിലെ ഇടുങ്ങിയ വഴിയിലൂടെ മൃതപ്രായനായ മനുഷ്യന്
റെ അടുത്തെത്താനുള്ള നിയോഗം അഖില ഏറ്റെടുക്കുന്നു. തുരങ്കത്തിന്റെ അങ്ങേയറ്റത്ത് ചെല്ലുന്ന അഖിലയ്ക്ക് അപകടത്തിൽപ്പെട്ടയാളുമായി സംസാരിക്കാനാകുന്നില്ലെങ്കിലും അയാളിൽനിന്ന് ഏതാനും വാക്കുകൾ കിട്ടുന്നു. അതൊരു സന്ദേശമാണ്; മുന്നറിയിപ്പും. വാക്കുകൾ കൂട്ടിവച്ച് ചേർത്തെടുക്കുമ്പോൾ തെളിഞ്ഞുവരുന്നത് ഒരു ഭീകരപ്രവർത്തനത്തിന്റെ ഗൂഢാലോചന. പൊലീസും ഭീകരപ്രവർത്തനം അടിച്ചമർത്താനുള്ള സ്ക്വാഡുമെല്ലാം സജീവമാകുന്നു. അഖില ഓരോ തവണയും തുരങ്കത്തിൽനിന്നു കൊണ്ടുവരുന്ന വിവരങ്ങളിലൂടെ നിർമിച്ചെടുത്ത കഥയിൽനിന്ന് ഭീകരരെ പിടിക്കാനുള്ള നെട്ടോട്ടത്തിലേക്ക് ഭീകരവിരുദ്ധ സ്ക്വാഡ് നീങ്ങുന്നതോടെ ഒരു ത്രില്ലറിന്റെ സ്വഭാവം ലഭിക്കുന്നു നോവലിന്. ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന ഭാഷയും ചെറിയ സംഭാഷണങ്ങളും.
പ്രവീൺ നമ്പൂതിരിപ്പാട് എന്ന മലയാളി യുവാവ് മതം മാറാൻ കാരണം പ്രണയം. മതത്തോടുള്ള പ്രണയമല്ല പ്രണയിനിയോടുള്ള അദമ്യമായ സ്നേഹം. മുസ്‌ലിം മതത്തിലേക്കു പരിവർത്തനം ചെയ്ത്, പ്രിയപ്പെട്ടവളെ സ്വന്തമാക്കി അയാൾ മഹാനഗരത്തിലെത്തുന്നു. ജമാൽ എന്നാണയാളുടെ പുതിയ പേര്. മതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കൃത്യമായി പാലിക്കുന്നില്ലെങ്കിലും ഭാര്യയെ അയാൾ സ്നേഹിക്കുന്നു; അവരിലുണ്ടായ മൂന്നു കുട്ടികളെയും. കുടുംബം പുലർത്താനായി വ്യത്യസ്ത ജോലികളും ചെയ്യുന്നു. അയാളുടെ ഓഫിസിൽ ജോലി തേടിയെത്തുന്ന 19 വയസ്സുകാരിയാണ് ലൈല. രണ്ട് അനുജത്തിമാരും ഉമ്മയും ഉൾപ്പെട്ട കുടുംബത്തിന്റെ ഏകാശ്രയം. ലൈലയെയും കൂട്ടി ബിസിനസിന്റെ ഭാഗമായി മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്കു ജമാൽ നടത്തുന്ന യാത്ര ഒരു റോഡ് മൂവിയുടെ സാഹസികതയോടെ മനു വിവരിക്കുന്നു. കെട്ടിടത്തിൽ കുടുങ്ങിപ്പോയ വ്യക്തിയിൽനിന്നു കിട്ടുന്ന വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ നയിക്കുന്നത് ജമാലിലേക്കും ലൈലയിലേക്കും. വളരെ വേഗം ഒരു കഥ മെനഞ്ഞെടുക്കപ്പെടുന്നു. ലൈലയുമായി സ്ഫോടകവസ്തുക്കൾ വഹിച്ചുകൊണ്ടാണ് ജമാൽ യാത്ര ചെയ്യുന്നത്. അവരെക്കുറിച്ചുള്ള മുന്നറിയിപ്പാണ് കെട്ടിടത്തിൽ കുടുങ്ങിപ്പോയ വ്യക്തി നൽകുന്നത്. പൊലീസും ഭീകരവിരുദ്ധ സേനയും ജമാലിനെയും ലൈലയെയും വളയുന്നു. ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന കാറും ചാവേർ ബോംബുകളായ യുവാവും യുവതിയും പിടിയിലാകുമ്പോഴേക്കും കെട്ടിടത്തിൽ കുടുങ്ങിപ്പോയ വ്യക്തിക്ക് വ്യക്തതയോടെ സംസാരിക്കാനാവുന്ന അവസ്ഥയെത്തുന്നു. തകർന്ന കെട്ടിടത്തിൽ താമസിച്ച വ്യക്തിയല്ല കുടുങ്ങിപ്പോയത്. അയാൾ ഒരു സുഹൃത്തിന്റെ ഫ്ളാറ്റിൽ സന്ദർശനത്തിനെത്തിയതാണ്; ടെലിവിഷനിൽ തിരഞ്ഞെടുപ്പ് ഫലം കാണാൻ. അയാൾ ഒരു പൊലീസുകാരനാണ്. അപ്രതീക്ഷിതമായി കെട്ടിടം തകർന്ന് കുടുങ്ങിപ്പോയ അയാൾ അബോധാവസ്
ഥയിലാകുന്നു. അബോധത്തിലൂടെ അയാൾ മന്ത്രിച്ചതൊക്കെയും 10 വർഷം മുമ്പ് അയാൾ കൂടി പങ്കെടുക്കുകയും ഇപ്പോഴും കുറ്റബോധം അയാളിൽ നിറയ്ക്കുകയും ചെയ്യുന്ന ഒരു പൊലീസ് ഓപറേഷനെക്കുറിച്ചുള്ള വിവരങ്ങൾ !
ക്ലൈമാക്സ് എന്നതിനേക്കാൾ ആന്റിക്ലൈമാക്സ് എന്നു വിശേഷിപ്പിക്കാവുന്ന അന്ത്യത്തിലേക്ക് അടുക്കുന്നതോടെ മനുവിന്റെ നോവൽ സംസാരിക്കുന്നത് യഥാർഥ രാഷ്ട്രീയം. ഗുജറാത്തിന്റെ പ്രഭയും അഹമ്മദാബാദിന്റെ വളർച്ചയും ഗുജറാത്തിൽനിന്ന് തലസ്ഥാനത്തേക്കുള്ള സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഉയർച്ചയും വിശദാംശങ്ങളോടെ ആവിഷ്ക്കരിക്കപ്പെടുന്നു. ദാമോദർഭായ് എന്ന വ്യക്തിത്വത്തിലൂടെ മനു ഉന്നം വയ്ക്കുന്നത് ആരെയെന്നു വ്യക്തം. പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ തനിക്കു ശരിയെന്നു തോന്നിയത് വ്യക്തമായി എഴുതുന്ന മനുവിന്റെ നോവൽ വായിക്കുന്നതുപോലും രാഷ്ട്രീയപ്രവർത്തനം. ഒരുപക്ഷേ നാളെ എഴുത്തുകാരൻ മാത്രമല്ല വായനക്കാരും നോട്ടപ്പുള്ളികളായേക്കാം. മരണത്തെ പേടിയില്ലാത്ത, ആദർശത്തെ ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിച്ചുവായിക്കാം ലൈല!