‘കാഴ്ച തേടുന്ന യാത്രകൾ’ – മൊഴികളുടെ ആഴങ്ങളിലെ ഹൃദയാർദ്രസംഗീതം
സി.എസ്.എസ്. ബുക്സ്
വില 250
മാനവരാശിയുടെ രക്ഷയ്ക്കായി ദൈവപുത്രനായ ക്രിസ്തു കാൽവരിക്രൂശിൽ ചൊരിഞ്ഞ ചോരത്തുള്ളികളാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട ദൈവവചനത്തിന് മനുഷ്യരെ പുതുസൃഷ്ടികളാക്കി മാറ്റുവാനുള്ള അക്ഷയവും അജയ്യവുമായ ആത്മചൈതന്യമുണ്ട്...Dr. Theodosius Mar Thoma Metropolitan, Kazhcha Thedunna Yathrakal, Book Review
മാനവരാശിയുടെ രക്ഷയ്ക്കായി ദൈവപുത്രനായ ക്രിസ്തു കാൽവരിക്രൂശിൽ ചൊരിഞ്ഞ ചോരത്തുള്ളികളാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട ദൈവവചനത്തിന് മനുഷ്യരെ പുതുസൃഷ്ടികളാക്കി മാറ്റുവാനുള്ള അക്ഷയവും അജയ്യവുമായ ആത്മചൈതന്യമുണ്ട്...Dr. Theodosius Mar Thoma Metropolitan, Kazhcha Thedunna Yathrakal, Book Review
മാനവരാശിയുടെ രക്ഷയ്ക്കായി ദൈവപുത്രനായ ക്രിസ്തു കാൽവരിക്രൂശിൽ ചൊരിഞ്ഞ ചോരത്തുള്ളികളാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട ദൈവവചനത്തിന് മനുഷ്യരെ പുതുസൃഷ്ടികളാക്കി മാറ്റുവാനുള്ള അക്ഷയവും അജയ്യവുമായ ആത്മചൈതന്യമുണ്ട്...Dr. Theodosius Mar Thoma Metropolitan, Kazhcha Thedunna Yathrakal, Book Review
മാനവരാശിയുടെ രക്ഷയ്ക്കായി ദൈവപുത്രനായ ക്രിസ്തു കാൽവരിക്രൂശിൽ ചൊരിഞ്ഞ ചോരത്തുള്ളികളാൽ ജ്ഞാനസ്നാനം ചെയ്യപ്പെട്ട ദൈവവചനത്തിന് മനുഷ്യരെ പുതുസൃഷ്ടികളാക്കി മാറ്റുവാനുള്ള അക്ഷയവും അജയ്യവുമായ ആത്മചൈതന്യമുണ്ട്. വചനം കൊണ്ട് ദൈവം നമ്മുടെ ഹൃദയത്തിലെഴുതുമ്പോൾ നമ്മുടെ ഓരോരുത്തരുടെയും ജീവിതം ദൈവം ഭൂമിയുെട ഹൃദയത്തിലെഴുതി പ്രസിദ്ധീകരിക്കുന്ന ഓരോ കവിതയായി മാറും. ഓരോ ദിവസവും വചനധ്യാനത്തിലൂടെ പുതുക്കപ്പെടുമ്പോൾ ദൈവം എഴുതുന്ന കവിതകളുടെ പുതിയ പതിപ്പുകൾ വന്നുകൊണ്ടിരിക്കും. വചനത്താലുള്ള ജ്ഞാനസ്നാനം ജീവിതത്തിന്റെ തപസ്സായി മാറുമ്പോൾ ഓരോ ധ്യാനവും പുത്തനുണർവിന്റെയും ഉയിർത്തെഴുന്നൽപിന്റെയും പുതു പുലരികൾ സമ്മാനിക്കും. ‘ജ്ഞാനസ്നാനം’ എന്ന കവിതയിൽ ഒ.എൻ.വി. കുറുപ്പ് കുറിച്ച വാക്കുകൾ അപ്പോൾ നിവൃത്തിയാകും.
‘പുതുകവിതയിലൂടെ ക്രൂശിതർ
വീണ്ടുമുയർത്തെഴുന്നേൽക്കും!
മുൾമുടികളണിഞ്ഞ ശിരസ്സുകൾ
മുന്തിരിവള്ളികൾ ചാർത്തും!
ആണിപ്പഴുതോലും കയ്യുക–
ളൊലീവുചില്ലകൾ വീശും!
അമ്പേറ്റ പിറാവുകളുയിരാർ–
ന്നാകാശങ്ങളിലുയരും!
ഉഴുതിട്ട വയൽച്ചാലുകൾ
വിതച്ച വിയർപ്പും വിത്തും
ഉഴവന്റെ കിടങ്ങൾക്കെല്ലാ–
മന്നവുമപ്പവുമാകും!
ഇന്നോളം ക്രൂശിതരായവര്‍
തന്നുടെ ചെന്നിണമാകെ
ഇരുസന്ധ്യകളായിരുദിക്കിൽ
പടരുമ്പോളതിൽ നിന്നും
ഒരു തുള്ളിയെടുത്തെന്നരുമ–
ക്കവിതയെ, യെൻ മുറ്റത്തെ
ചെറുപൂവിനെ, യൊരുപോൽ ജ്ഞാന
സ്നാനം ചെയ്യിച്ചാലും!’
ഒരു കവി തന്റെ പുതുകവിതയിലൂടെ ഉയിർത്തെഴുന്നേൽപുകളുടെ പുതുമാതൃകകൾ സമ്മാനിക്കുന്നതു പോലാണ് ഓരോ ധ്യാനത്തിലൂടെയും നമ്മൾ ഉയിർപ്പിന്റെ സുവിശേഷത്തിന്റെ പുതുവാഹകരായി മാറുന്നത്. നിരന്തരം പുതുക്കപ്പെടുന്ന പുതു കവിത പോലെയാണ് വചനത്താൽ പുതുക്കപ്പെടുന്ന ജീവിതങ്ങളും. വെളിച്ചം പൊഴിക്കുന്ന വിളക്കുകളാണ് വാക്കുകൾ. ആത്മാവിൽ ജ്വലിക്കുന്ന വാക്കുകളാണ് മനുഷ്യഹൃദയങ്ങളെ ധ്യാനത്തിന്റെ പ്രകാശതീരങ്ങളിലേക്കു നയിക്കുന്നത്. അതോടൊപ്പം തന്നെ, ഉള്ളിൽ നിറയുന്ന ദൈവസ്നേഹത്തിന്റെ വറ്റാത്ത, നിറവാർന്ന തപ്തദീപ്തവും ധ്യാനസാന്ദ്രവുമായ ദർശനങ്ങളുടെ വെളിച്ചത്തിൽ പ്രഭാപൂരിതമായ ഇരുപത്തിയെട്ട് ധ്യാനങ്ങളുടെ സമാഹാരമാണ്, മലങ്കര മാർത്തോമ്മാ സുറിയാനി സഭാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ 'കാഴ്ച തേടുന്ന യാത്രകൾ' എന്ന പുസ്തകം. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അധ്യക്ഷ സ്ഥാനത്തേക്കു നിയോഗിതനായ ശേഷം തിരുമേനി ഞായറാഴ്ചകളിൽ ആരാധനാമധ്യേ നിർവഹിച്ച വചനധ്യാനങ്ങളാണ് മുഖ്യമായും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
‘കാഴ്ച തേടുന്ന യാത്രകൾ’ ദൈവവചനത്തിലൂടെയുള്ള പഠന, മനന, ധ്യാനയാത്രയുടെ ഒരു പുസ്തകമാണ്. യേശു പറഞ്ഞു: ‘ഞാൻ വാതിൽ ആകുന്നു. എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും, അവൻ അകത്തു വരികയും പുറത്തു പോകുകയും മേച്ചിൽപ്പുറങ്ങൾ കണ്ടെത്തുകയും ചെയ്യും’ – (വി.യോഹ: 10:9)
യേശു എന്ന വാതിലിലൂടെ കടക്കുവാൻ നമ്മെ സഹായിക്കുന്ന വാതിലാണ് വചനത്തിന്റെ വാതിൽ. വചനം നമുക്കു തുറന്നു തരുന്നത് പുതിയ ദർശനങ്ങളുടെ വാതിലുകളാണ്. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ ഓരോ വചനധ്യാനവും നമ്മെ നയിക്കുന്നത് ഉൾക്കാഴ്ചകളുടെ പുതിയ പച്ചയായ പുൽപുറങ്ങളിലേക്കാണ്. ആടുകളോടു മനസ്സലിവുള്ള ഒരു നല്ല ഇടയന്റെ ഹൃദയാർദ്രമൊഴികളാണ് ക്രിസ്തുവിന്റെ ഗിരിപ്രഭാഷണങ്ങൾ ഉൾപ്പെടെയുള്ള ദിവ്യമൊഴികളെങ്കിൽ ആ നല്ല ഇടയന്റെ സഭയുടെ ശുശ്രൂഷയിൽ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ ധ്യാനമൊഴികളുടെ ആഴങ്ങളിലെ സംഗീതവും ആ ഹൃദയാർദ്ര സംഗീതം തന്നെയാണ്. വചനം നമ്മുടെ ഉളളിലും നാം വചനത്തിന്റെ ഉള്ളിലുമായിത്തീരുമ്പോൾ നമ്മുടെ ഉള്ളങ്ങളിൽ ദൈവകാരുണ്യം നിലയ്ക്കാത്ത ഒരു മഴപ്പെയ്ത്തായി എന്നും പെയ്തുകൊണ്ടിരിക്കും. ആ മഴപ്പെയ്ത്തില്‍ വചനത്തിന്റെ വിത്തുകൾ നമ്മുടെ ഉള്ളങ്ങളിൽ പൊട്ടിമുളയ്ക്കും. കൃപയുടെ വെളിച്ചം നുകർന്ന് ആ വിത്തുകൾ പൂത്താലം ഒരുക്കി നിൽക്കുന്ന പൂമരങ്ങളായി, തണല്‍ വൃക്ഷങ്ങളായി, ഔഷധ വൃക്ഷങ്ങളായി വളർന്നു പന്തലിക്കും. അപ്പോൾ ആ തണലും നന്മയുടെ മാധുര്യമുള്ള ഫലങ്ങളും നമ്മുടെ സകല മുറിവുകളെയും സൗഖ്യമാക്കുന്ന ഔഷധ രസവും നമ്മിൽ രൂപാന്തരത്തിന്റെ പുതുജീവൻ പകരും. ഈ പുതുജീവന്റെ സമൃദ്ധിയിൽ നിറയുന്നവരുടെ ഉള്ളം നിറഞ്ഞൊഴുകുന്ന വാക്കുകളും നമ്മുടെ ജീവിതത്തിന്റെ കൊടിയ വേനലിൽ തണലായും പ്രതീക്ഷകളുടെ പൂക്കാലമായും ജീവിതത്തിന്റെ മൂല്യ രാഹിത്യത്തിന്റെ കയ്പു രുചിച്ചു കഴിയുന്നവർക്ക് സഹനത്തിലൂടെ പാകപ്പെടുന്ന ദർശനങ്ങളുടെ മധുരഫലങ്ങളായും ജീവിതത്തിന്റെ മുറിവുകളുണക്കുന്ന ഔഷധമായും അനുഭവപ്പെടും. ഈ പുസ്തകത്തിലെ ധ്യാനങ്ങൾ നമ്മുടെ ജീവിതയാത്രകളെ ഇപ്രകാരം ആശ്വാസത്തിന്റെ തണലു നൽകിയും പ്രതീക്ഷകളുടെ പൂക്കാലങ്ങൾ സമ്മാനിച്ചും പുതുദർശനങ്ങളുടെ മധുരഫലങ്ങൾ നൽകിയും അതിജീവനത്തിന്റെ ഔഷധം പകർന്നും അനുഗ്രഹിക്കുന്ന ധ്യാനങ്ങളാണ്.
കോവിഡ് –19 എന്ന മഹാമാരി ലോകത്തെ മുഴുവൻ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് തിരുമേനി ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വചനപ്രഭാഷണങ്ങളെല്ലാം നിർവഹിച്ചിട്ടുള്ളത്. പ്രതിസന്ധികളുടെയും ആകുലതകളുടെയും, ആശങ്കകളുടെയും മരണഭീതിയുടെയും രോഗാതുരതയുടെയും അനുഭവങ്ങൾ വലിഞ്ഞു മുറുക്കിയ ഒരു കാലഘട്ടത്തിൽ ജീവിക്കുന്നവരോടാണ് തിരുമേനി ഈ അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും പ്രത്യാശയുടെയും സൗഖ്യത്തിന്റെയും ഉണർവിന്റെയും സന്ദേശം പങ്കു വച്ചത് എന്ന കാര്യം ശ്രദ്ധേയമാണ്. മഹാകവി രവീന്ദ്രനാഥ ടഗോർ ഗീതാഞ്ജലിയിൽ, ജീവിതയാത്രയിൽ വന്നു ഭവിക്കുന്ന അപ്രതീക്ഷിത പ്രതിസന്ധികളിൽ സർവേശ്വരനിൽ പുതിയ പ്രതീക്ഷകളും സർവേശ്വരനിൽനിന്നു പുതുമയാർന്ന അനുഭവങ്ങളും ലഭ്യമാകുന്നതിനെക്കുറിച്ച് പറയുന്ന വാക്കുകൾ വളരെ ഹൃദയസ്പർശിയാണ്.
ടഗോർ ഇപ്രകാരം എഴുതി – ‘എന്റെ ശേഷി വാർന്നപ്പോൾ ജീവിതയാത്ര കഴിഞ്ഞെന്ന് ഞാൻ കരുതി, മുന്നിലെ വഴിയൊടുങ്ങിയെന്നും, എന്റെ പാഥേയം തീർന്നുവെന്നും, നിശ്ശബ്ദം വിസ്മൃതിയിൽ അഭയം തേടാനുള്ള സമയം സമാഗതമായെന്നും. എന്നാൽ അങ്ങയുടെ ഇംഗിതത്തിന് എന്നിൽ സമാപ്തിയില്ലെന്ന് ഞാനറിയുന്നു. പഴയ വാക്കുകൾ നാവിന്മേൽ മരിക്കുമ്പോൾ, ഹൃദയത്തിൽനിന്ന് പുതുരാഗങ്ങൾ ഉറവയെടുക്കുന്നു. പഴയ പാതകൾ നഷ്ടമാകുമ്പോൾ, നവവിസ്മയങ്ങളുമായി പുതിയ നാടുകൾ അനാച്ഛാദിതമാവുന്നു.’
ഇതുപോലെ ദൈവത്തിനു നമ്മിലുള്ള പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ലെന്നു നമ്മ ഉദ്ബോധിപ്പിക്കുന്ന വചനമൊഴികളാണ് തിരുമേനി ഈ ധ്യാനങ്ങളിലൂടെയെല്ലാം പ്രഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ പഴയകാലത്തിന്റെ വാക്കുകൾ നാവിൽ മരിക്കുമ്പോൾ പുതിയ കാലത്തിൽ ദൈവം സമ്മാനിക്കുന്ന പുതുരാഗസങ്കീർത്തനങ്ങളും പഴയ പാതകൾ നഷ്ടമാകുമ്പോൾ നവവിസ്മയങ്ങളായി പുതിയ ഉൾക്കാഴ്ചകളുടെ പച്ചയായ പുൽപുറങ്ങളും സമ്മാനിക്കുന്നു എന്നതാണ് ഓരോ ധ്യാനത്തെയും പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഉണർത്തു പാട്ടാക്കി മാറ്റുന്നത്.
കോവിഡ് – 19 അനിവാര്യമാക്കിയ ലോക്ഡൗൺ കാലം അടച്ചിടലുകളുടെ ഒരു കാലം കൂടിയായിരുന്നുവല്ലോ. അടച്ചിട്ട കർമമേഖലകളും പൊതു ഇടങ്ങളും കടകളും ഭവനങ്ങളും ആരാധനാലയങ്ങൾ പോലും എല്ലാവരിലും പരിഭ്രാന്തിയുടെ പുതിയ വാതിലുകളാണ് തുറന്നു തന്നുകൊണ്ടിരുന്നത്. എന്നാൽ അന്ധയും ബധിരയും മൂകയുമായിരുന്നെങ്കിലും ശുഭാപ്തി വിശ്വാസത്തിന്റെ ഉണർത്തുപാട്ടായിരുന്ന ഹെലൻ കെല്ലർ പറഞ്ഞതു പോലെ ‘സന്തോഷത്തിന്റെ ഒരു വാതിൽ അടയുമ്പോൾ ദൈവം പുതിയ വാതിലുകൾ തുറന്നു തരുന്നുണ്ടെങ്കിലും നാം പലപ്പോഴും അടഞ്ഞ വാതിലുകളിലേക്കു നോക്കിയിരിക്കുന്നതു കൊണ്ടു തുറക്കപ്പെട്ട വാതിലുകൾ കാണാതെ പോകുന്നു’ എന്ന അവസ്ഥാവിശേഷം പലപ്പോഴും നമ്മുടെ ജീവിതാനുഭവങ്ങിൽ വന്നു ഭവിക്കാറുണ്ട്. എന്നാൽ തിരുമേനി ഈ പുസ്തകത്തിലൂടെ നിർവഹിക്കുന്നത് ദൈവം തുറന്നു തരുന്ന പുതിയ വാതിലുകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുവാനുള്ള മഹനീയ ധർമമാണ്. അവയെ നിയോഗങ്ങളുടെ പുതിയ വാതിലുകളായി തിരിച്ചറിഞ്ഞ് അവയിലൂടെ കടന്ന് അനേകരിലേക്കു യാത്ര പുറപ്പെടുവാനും കൂടിയാണ് തിരുമേനി ആഹ്വാനം ചെയ്യുന്നത്.
സെറാമ്പൂരിൽ മിഷനറിയായി വന്ന വില്യം കേറിയുടെ ഒരു പ്രബോധനം ‘കുളക്കടവിലെ ദൈവം’ എന്ന ധ്യാനത്തിൽ തിരുമേനി ഉദ്ധരിക്കുന്നുണ്ട്– "Expect great things from God and attempt great things for God". ക്രിസ്മസിന്റെ സന്ദേശം ഉൾക്കൊള്ളുന്ന ‘വചനം ജഡമാകുമ്പോൾ’ എന്ന ധ്യാനത്തിൽ തിരുമേനി ഓർമിപ്പിക്കുന്നു. ‘ബെത്‌ലഹേമിലെ പുൽത്തൊട്ടിയിൽ ജനിച്ച ഒരു ശിശുവിനെ എല്ലാ വർഷവും ഇങ്ങനെ ഓർത്ത് ആചരിച്ചുകൊണ്ടു പോകുന്നു എന്നുള്ള ചടങ്ങുകൾക്കപ്പുറം സ്വർഗ്ഗോന്നതി വിട്ട് താഴെ ഭൂമിയിൽ നമ്മുടെ രക്ഷകനും വീണ്ടെടുപ്പുകാരനുമായി ഇറങ്ങിവന്നതായ ദൈവം ഇന്നു നമ്മിലൂടെ ഈ ലോകത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു, ഓരോ ജീവിതത്തിലും അവതരിച്ചുകൊണ്ടിരിക്കുന്നു എന്നുള്ള യാഥാർഥ്യത്തെ നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് കാട്ടിക്കൊടുക്കാൻ തക്കവണ്ണം ആന്തരികമായൊരു ക്രിസ്മസ് ആഘോഷം തിരഞ്ഞെടുക്കാൻ നമുക്കിന്നു സാധ്യമാണോ? ഇവിടെ ദൈവം സൃഷ്ടിച്ച മക്കൾ ഹൃദയം നൊന്തു കരയുന്നത് നമുക്ക് കേൾക്കുവാൻ സാധിക്കുമ്പോൾ, സ്നേഹത്തോടെ അവിടെ ഇടപെടുവാൻ കഴിയുമ്പോൾ ക്രിസ്മസ് യാഥാർഥ്യമായിത്തീരുന്നു. ജനത്തിന്റെ കഷ്ടതയിൽ, ദൈവസ്നേഹത്തിൽ അതിനോട് പ്രതികരിക്കാൻ എവിടെ നമുക്കു കഴിയുന്നുവോ അവിടെ ക്രിസ്മസ് യഥാർഥ്യമായിത്തീരുകയാണ്. എവിടെ വേദനിക്കപ്പെടുന്ന സമൂഹത്തിന്റെ വേദന ഒപ്പിയെടുക്കാൻ എന്റെ ഹൃദയം തുറക്കുന്നുണ്ടോ അവിടെയാണ് ക്രിസ്മസിന്റെ സന്തോഷം പകർന്നു കൊടുക്കാൻ ഇടയാകുന്നത്. അതുകൊണ്ട് ആവശ്യമുള്ള ആളുകളുടെ അടുക്കൽവരെ എന്റെ കരം നീട്ടപ്പെടട്ടെ. ഞാൻ എവിടെയൊക്കെ എത്തിച്ചേരേണ്ടതായുണ്ടോ അവിടെ എത്തിച്ചേരുവാൻ എന്റെ കാലുകൾ അവിടേക്ക് ഓടട്ടെ. എവിടെയൊക്കെ ഞാൻ കാണേണ്ട കാര്യങ്ങൾ കാണുവാൻ എന്റെ കണ്ണുകൾ തുറക്കപ്പെടണമോ അവിടെ എന്റെ കണ്ണുകൾ തുറക്കപ്പെടട്ടെ. എവിടെയൊക്കെ എന്റെ മനസ്സുകൊണ്ട് ഞാൻ ഈ ലോകത്തിന്റെ പ്രയാസങ്ങളെയും പ്രശ്നങ്ങളെയും മനസ്സിലാക്കേണ്ടതായിട്ടുണ്ടോ അതിനെ ഒപ്പിയെടുക്കുവാൻ തക്കവണ്ണം എന്റെ മനസ്സ് തുറക്കപ്പെടട്ടെ. എവിടെയൊക്കെ, ആർദ്രതയുടെയും സ്നേഹത്തിന്റെയും ചാലുകൾ വെട്ടിത്തുറന്ന് മനുഷ്യരിലേക്ക് ഒഴുകി എത്തുവാൻ തക്കവണ്ണം ഞാൻ സമീപസ്ഥനായി തീരേണ്ടതുണ്ടോ അവിടെ അത് നൽകുന്നതിലൂടെ ക്രിസ്മസ് യാഥാർഥ്യമായിത്തീരട്ടെ. ദൈവകരങ്ങളിൽ നമ്മെത്തന്നെ സമര്‍പ്പിക്കുകയത്രേ ആവശ്യമായിരിക്കുന്നത്’എത്ര ചിന്തോദ്ദീപകവും ഹൃദയസ്പര്‍ശിയുമായ വാക്കുകൾ! മനസ്സലിവുകളുടെ ദൈവമായി നമ്മുടെ അനുഭവങ്ങളിലേക്ക് ഇറങ്ങി വന്ന് നമ്മോടു കൂടെയിരുന്ന് നമ്മുടെ കരം പിടിച്ചു നടത്തുന്ന ഒരു ദൈവത്തിന്റെ ഹൃദയാർദ്രസംഗീതം ഉള്ളിലേറ്റു വാങ്ങുന്ന ഓരോ വ്യക്തിയിലും സംഭവിക്കേണ്ട രൂപാന്തരത്തിന്റെ ഹൃദയാർദ്ര സംഗീത ധ്വനികളാണ് തിരുമേനിയുടെ ഈ വാക്കുകളിലൂടെ നാം ശ്രവിക്കുന്നത്.
വചനത്തിലൂടെയുള്ള യാത്രകളാണ് ജീവിതത്തെ പ്രകാശപൂരിതമാക്കുന്ന യാത്രകൾ. ഓരോ യാത്രയും കൂടുതൽ വെളിച്ചത്തിലേക്കും കൂടുതൽ കാഴ്ചകളിലേക്കും കൂടുതൽ ഉൾക്കാഴ്ചകളിലേക്കും നയിക്കുന്നതായിത്തീരുവാൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ ഈ വചനധ്യാനങ്ങളിലൂടെയുള്ള നമ്മുടെ ഓരോ വായനയുടെയും പഠനത്തിന്റെയും ധ്യാനത്തിന്റെയും യാത്രകൾ നമുക്കു സഹായകരമാകും. ‘കാഴ്ച തേടുന്ന യാത്രകൾ’ എന്ന പേരാണ് ഈ പുസ്തകത്തിനു നൽകിയിരിക്കുന്നത്. തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടൻ വഴിയരികിൽ ഇരുന്ന് ഭിക്ഷയാചിച്ചു കൊണ്ടിരുന്നപ്പോൾ യേശു അതുവഴി കടന്നു വരികയും യേശു വരുന്നുവെന്ന് ആരിൽ നിന്നോ അറിഞ്ഞിട്ട് അവൻ ‘ദാവീദു പുത്രാ, എന്നോടു കരുണ തോന്നേണമേ’ എന്നു നിലവിളിക്കുകയും ‘ഞാൻ നിനക്ക് എന്തു ചെയ്തു തരേണം എന്നാണ് നീ ആഗ്രഹിക്കുന്നത്?’ എന്ന് അവനോടു യേശു ചോദിക്കുകയും ‘എനിക്കു കാഴ്ച ലഭിക്കേണം’ എന്ന അവന്റെ പ്രാർഥന യേശു സ്വീകരിച്ച് അവനു കാഴ്ച കൊടുക്കുകയും ചെയ്തപ്പോൾ കാഴ്ച പ്രാപിച്ച ബർത്തിമായി തനിക്കു കാഴ്ച നൽകിയ കർത്താവിന് തന്നെത്തന്നെ കാഴ്ചയായി സമർപ്പിച്ചു കൊണ്ട് തന്റെ രക്ഷകനായ യേശുവിനെ അനുഗമിച്ചതിനെ ‘കാഴ്ച തേടുന്ന യാത്രകൾ’ എന്ന ധ്യാനത്തിൽ തിരുമേനി വ്യാഖ്യാനിക്കുന്നുണ്ട്. ഈ പുസ്തകം വായിക്കുന്ന ഓരോ വ്യക്തിയിലും സംഭവിക്കേണ്ടത് ഈ മാറ്റമാണ്. വചനത്തിൽനിന്നു കാഴ്ച പ്രാപിക്കുന്ന നാം വചനത്തിന്റെ പൊരുളായ ക്രിസ്തുവിനു തങ്ങളെത്തന്നെ കാഴ്ചയായി സമർപ്പിച്ചു കൊണ്ട് ജീവിക്കുമ്പോൾ അങ്ങനെയുള്ള വ്യക്തികളെ സമൂഹത്തിന്റെ കൂടുതൽ കാഴ്ചയ്ക്കും അനുഗ്രഹത്തിനുമായി ദൈവം കാഴ്ചയായി സമർപ്പിക്കും. ഈ അനുഭവത്തിന്റെ ഓഹരിക്കാരായിത്തീരുവാൻ അഭിവന്ദ്യ തിരുമേനിയുടെ ധ്യാനങ്ങൾ പ്രചോദനമായിത്തീരട്ടെ എന്നാശംസിക്കുന്നു.
തിരുവല്ല ക്രൈസ്തവ സാഹിത്യ സമിതി മികവുറ്റ രീതിയിൽ പ്രസിദ്ധീകരണം നിർവഹിച്ചിരിക്കുന്ന 'കാഴ്ച തേടുന്ന യാത്രകൾ' എന്ന ഈ പുസ്തകത്തിന് പ്രൗഢമായ ഒരു അവതാരികയുടെ ഹൃദയസ്പർശം നല്‍കിയത് അനേകം പ്രൗഢമായ ധ്യാനഗ്രന്ഥങ്ങൾ ഇതിനോടകം തന്നെ വിശ്വാസസമൂഹത്തിന് സമ്മാനിച്ചിട്ടുള്ള തിരുവല്ല ക്രൈസ്തവ സാഹിത്യസമിതിയുെട അധ്യക്ഷനും മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചെന്നൈ– ബെംഗളൂരു ഭദ്രാസന അധ്യക്ഷനുമായ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പയാണ്.
ഉന്നതമായ ദർശനങ്ങളും അഗാധമായ വേദപരിജ്ഞാനവും ക്രിസ്തുസദൃശ്യമായ ഹൃദയാർദ്ര ഭാവങ്ങളുമുള്ള അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഓരോ ധ്യാനത്തിലും ആശയസംവേദനത്തിനായി അവതരിപ്പിക്കുന്ന ജീവിത മാതൃകകളും ഉദാഹരണങ്ങളും അനുഭവങ്ങളും ഈ പുസ്തകത്തെ അതീവഹൃദ്യവും ജീവിതഗന്ധിയുമാക്കിത്തീർക്കുന്നു എന്നു നിസ്സംശയം പറയാം. ജീവിതത്തിൽനിന്ന് അകന്നു നിന്നുകൊണ്ടല്ല, ജീവിതത്തെ തൊട്ടു നിന്നുകൊണ്ട്, നമ്മുടെ ഹൃദയത്തോടു ചേർന്നു നിന്നുകൊണ്ട് തിരുമേനി നിർവഹിക്കുന്ന ഈ ഹൃദയസംവേദനങ്ങൾ കൂടുതൽ വെളിച്ചമുള്ളവരായി, ലോകത്തിനു വെളിച്ചം കൊടുക്കുവാൻ വായനക്കാരെ പ്രാപ്തിപ്പെടുത്തട്ടെ എന്ന് ആശംസിക്കുന്നു. 'അതിജീവനത്തിന്റെ ആത്മചൈതന്യം' എന്ന തിരുമേനിയുടെ ധ്യാനഗ്രന്ഥത്തിന്റെ തുടർച്ചയായി വരുന്ന 'കാഴ്ച തേടുന്ന യാത്രകൾ' എന്ന ഈ പുസ്തകത്തിനും പുസ്തക മുൻഗാമികളെപ്പോലെ ദർശന ഗരിമയും ധ്യാനമഹിമയുമുള്ള പിൻഗാമികൾ ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു, ആശംസിക്കുന്നു.
(ലേഖകൻ തിരുവല്ല സെന്റ് തോമസ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് മുന്‍ പ്രിൻസിപ്പലാണ്)