ADVERTISEMENT

വിപ്ലവം എത്ര ദൂരെയോ അത്രയ്ക്ക് ആവേശമേറുന്ന ഒരു മനസ്സുണ്ട് മലയാളിക്ക്. തന്നെ ബാധിക്കാത്തതും താൻ ഒരുതരത്തിലും ഭാഗഭാക്കാകാത്തതുമായ വിപ്ലവത്തിന് ആംശസ നേർന്നും സഖാവിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചും സുഖമായി ജീവിക്കുന്നതിന്റെ സന്തോഷവും സംതൃപ്തിയും. യുദ്ധവും സംഘർഷവുമുൾപ്പെടെ ദുരന്തങ്ങളോടുമുണ്ട് കപടനാട്യം നിറഞ്ഞ ഇതേ സമീപനം. ഏതു രാജ്യത്തെ യുദ്ധത്തെക്കുറിച്ചോ ക്ഷാമത്തെക്കുറിച്ചോ കേട്ടാലും ഉടൻ കവിതയെഴുതി പണം വാങ്ങുന്നവരെ കളിയാക്കി കവിത തന്നെ എഴുതിയിട്ടുണ്ട് അയ്യപ്പപ്പണിക്കർ. തന്നയൽ വക്കത്ത് അരവയർ നിറയാ പെണ്ണിന് പെരുവയർ നൽകും മർത്ത്യന് സ്തുതി പാടിയ അയ്യപ്പപ്പണിക്കർ. തന്നെയും തന്റെ കവിതയെയും സ്വാധീനിച്ചവരുടെ കൂട്ടത്തിൽ അയ്യപ്പപ്പണിക്കരെക്കുറിച്ച് ആവർത്തിച്ചു പറയാറുണ്ട് സച്ചിദാനന്ദൻ.

പണിക്കരുടെ കവിതകളുടെ ആസ്വാദനങ്ങളെഴുതിയായിരുന്നു സച്ചിദാനന്ദന്റെ എഴുത്തുജീവിതത്തിന്റെ തുടക്കം തന്നെ. കവിതകൾ സ്വന്തം ആന്തരിക ജീവിതത്തിന്റെ രേഖ തന്നെയാണെന്ന്  സച്ചിദാനന്ദൻ ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട് ഏറ്റവും പുതിയ കവിതാ സമാഹാരത്തിൽ. എന്റെ കവിത എന്റെ ആത്മകഥയെന്ന് സമ്മതിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വേണം നദികൾക്കടിയിലെ നദി വായിക്കാൻ. അപ്പോഴേ, ആദ്യ കാഴ്ചയിൽ ദൃശ്യമാകാത്ത നദി വ്യക്തമാകൂ. ഒളിപ്പിച്ചതും മറച്ചുവച്ചതുമുൾപ്പെടെ ദൃശ്യമാകൂ.

പതിറ്റാണ്ടുകളുടെ ഡൽഹി വാസത്തിനു ശേഷം ആരോഗ്യ കാരണങ്ങളാൽ കേരളത്തിൽ സ്ഥിരവാസമുറപ്പിച്ചതിന്റെ അനുരണനങ്ങളും പുതിയ കവിതകളിലുണ്ട്. മാറുന്ന കാലത്തോടും ലോകത്തോടും കവിതയിലൂടെ സംവദിക്കുകയും പ്രതികരിക്കുകയുമാണ് കവി. രാഷ്ട്രീയവും ആത്മീയതയും പ്രായവും ആകുലതകളും ഉത്കണ്ഠകളും തിരിച്ചുവരവും തുടർയാത്രയും ഈ കവിതകൾക്കു വിഷയങ്ങളാകുന്നു. 

മിലൻ കുന്ദേരയുടെ വായനാനുഭവം പങ്കുവയ്ക്കുന്ന വെർട്ടിഗോ എന്ന കവിതയിൽ ഇന്ത്യൻ അവസ്ഥ കവി കുന്ദേരയോടു പറയുന്നുണ്ട്. 

ഇന്ത്യയിലേക്കു വരൂ, സുഹൃത്തേ, 

ഓരോ ഇലയിലും ഞാൻ കാണിച്ചുതരാം

ഭയത്തിന്റെ ഞരമ്പുകൾ, നീ നിന്റെ നാട്ടിൽ 

കണ്ടതെല്ലാം. പക്ഷേ, ഞങ്ങൾക്ക് ഓടിപ്പോകാൻ 

‌നാടുകളില്ല എന്നാണ് ചെക്കോസ്ലോവാക്യയിൽ നിന്ന് ഫ്രാൻസിൽ അഭയം തേടിയ എഴുത്തുകാരനോട് കവി പറയുന്നത്. ചെക്ക് ഭാഷ പോലും ഉപേക്ഷിച്ച് ഫ്രഞ്ച് ഭാഷയിൽ എഴുതിയിട്ടുണ്ട് കുന്ദേര.  അധികാരത്തിനെതിരായ സമരം മറവിക്കെതിരെ ഓർമയുടെ പോരാട്ടമാണെന്ന കുന്ദേര വാക്യം ഓർമിച്ചുകൊണ്ട്, ഞങ്ങൾ സാവധാനം ഓർമിക്കുന്നു, വേഗത്തിൽ മറക്കുന്നു എന്നു കവി കുറ്റസമ്മതം നടത്തുന്നു. എന്നാൽ, കേരളത്തിൽ സ്ഥിരതാമസമുറപ്പിച്ചിട്ടും നാട്ടിലെ രാഷ്ട്രീയം കവിതയ്ക്കു വിഷയമാക്കുന്നില്ല എന്ന ആരോപണം സച്ചിദാനന്ദന് നേരെ ഉയരാം.

ഇടതു സംഘടനകളിൽ സജീവമായി പ്രവർത്തിക്കുകയും നക്സലൈറ്റ് ആഭിമുഖ്യത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത സച്ചിദാനന്ദനെപ്പോലുള്ള കവികൾ പോലും ഇടതുപക്ഷത്തിന്റെ പുതിയ കാല  ദുഷ്പ്രവണതകളോട് ഐക്യപ്പെടുകയാണെന്ന വിമർശനവും ഉയരാം. ഇന്ത്യനവസ്ഥയുടെ രാഷ്ട്രീയം പല കവിതകളിലും മറയില്ലാതെ ആവിഷ്കരിക്കുന്ന ഈ സമാഹാരത്തിലെ ഒട്ടേറെക്കവിതകളിൽ ഭാഷ ഒരു വിഷയം തന്നെയായി കടന്നുവരുന്നുണ്ട്. ആത്മാക്കളുടെ അതിജീവനതന്ത്രമായ അതേ ഭാഷ. ആക്രമിക്കാൻ സദാ സന്നദ്ധമായ മൂർച്ചയേറിയ വാക്കുകളും. 

നിലയ്ക്കാത്ത മഴ പോലെയാണ് സച്ചിദാനന്ദന്റെ കവിതകൾ. പ്രവാഹമായും അരുവിയായും ഇടയ്ക്ക് നീർച്ചാലായും മറ്റു ചിലപ്പോൾ തീരം തകർത്തൊഴുകുന്ന കാട്ടാറായും രൂപവും ഭാവവും മാറുന്ന കവിതയുടെ സമസ്ത സൗന്ദര്യവും ഈ സമാഹാരത്തിലുമുണ്ട്. 

വിപ്ലവം ഇപ്പോൾ ഒരു നീണ്ടനിലവിളി മാത്രമാണ്. 

ഉദിക്കാത്ത സൂര്യനെ കാക്കുന്ന, പൂക്കൾ അസ്തമിച്ച, 

അമാവാസിയുടെ ഓരി, 

‌തെയ്യമാകാൻ വിസമ്മതിക്കുന്ന, സ്വപ്നം ശമിക്കാത്ത

ഒരുടലിന്റെ നഗ്നമായ ഓരി. 

നദികൾക്കടിയിലെ നദി 

സച്ചിദാനന്ദൻ 

ഡിസി ബുക്സ് 

വില 210 രൂപ 

English Summary:

Book Review Of Nadikalkkidaiyile Nadi By Sachidanandan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com