സത്യപ്രണയ പുസ്തകം സാക്ഷി; പ്രണയം ദൈവമായിരുന്നു...!
ആരോടായിരുന്നു ആദ്യ പ്രണയം എന്ന ചോദ്യം അത്ര ബുദ്ധിമുട്ടുള്ളതല്ല. അസ്വഭാവികവുമല്ല. ചിരിയോടെ ഓർത്തെടുക്കാൻ കഴിഞ്ഞേക്കും ആ കാലം. എന്നാൽ അതു പൂർണമായും സത്യത്തോടു നീതി പുലർത്തണമെന്നില്ല.
ആരോടായിരുന്നു ആദ്യ പ്രണയം എന്ന ചോദ്യം അത്ര ബുദ്ധിമുട്ടുള്ളതല്ല. അസ്വഭാവികവുമല്ല. ചിരിയോടെ ഓർത്തെടുക്കാൻ കഴിഞ്ഞേക്കും ആ കാലം. എന്നാൽ അതു പൂർണമായും സത്യത്തോടു നീതി പുലർത്തണമെന്നില്ല.
ആരോടായിരുന്നു ആദ്യ പ്രണയം എന്ന ചോദ്യം അത്ര ബുദ്ധിമുട്ടുള്ളതല്ല. അസ്വഭാവികവുമല്ല. ചിരിയോടെ ഓർത്തെടുക്കാൻ കഴിഞ്ഞേക്കും ആ കാലം. എന്നാൽ അതു പൂർണമായും സത്യത്തോടു നീതി പുലർത്തണമെന്നില്ല.
ആരോടായിരുന്നു ആദ്യ പ്രണയം എന്ന ചോദ്യം അത്ര ബുദ്ധിമുട്ടുള്ളതല്ല. അസ്വഭാവികവുമല്ല. ചിരിയോടെ ഓർത്തെടുക്കാൻ കഴിഞ്ഞേക്കും ആ കാലം. എന്നാൽ അതു പൂർണമായും സത്യത്തോടു നീതി പുലർത്തണമെന്നില്ല. ഓർമകളുടെ വളപ്പൊട്ടുകൾ ശേഖരിച്ചു സൂക്ഷിക്കാൻ തുടങ്ങുന്നതിനും മുന്നേ തോന്നിയ പ്രണയം ഒരു താളിലും ആരും രേഖപ്പെടുത്താറില്ലല്ലോ. എന്നാലും അന്നത്തെയത്ര തീവ്രതയിലല്ലെങ്കിലും ഇന്നും ഉള്ളം പൊള്ളിക്കുന്ന ഒരാളിൽ ഉറച്ചുനിൽക്കാം. മറ്റാരുടെയോ ജീവിതമെന്നപോലെ പറഞ്ഞുതുടങ്ങാം.. അന്നത്തെ ചുഴികളും മലരികളും. കയറ്റങ്ങളും ഇറക്കങ്ങളും. ആത്മ പീഢകളും പാഠങ്ങളും. മൃദുലമായിരിക്കുന്നതിന്റെ നൊമ്പരം. പ്രണയത്തിൽ പരുക്കേൽക്കുന്നതിന്റെ സുഖമുള്ള വേദന. അവബോധത്തോടെയും ആനന്ദത്തോടെയും ചോര ചൊരിയുന്ന രക്തസാക്ഷിത്വം.
എന്നാൽ, അവസാനത്തെ പ്രണയം. ആരും ആരോടും ചോദിക്കരുതാത്ത ചോദ്യം. ആർക്കും ഉത്തരം പറയാനാവാത്തത്. മറുചോദ്യത്തിലവസാനിക്കുന്നത്.
പറയാതെ വയ്യെന്റെ പ്രണയമേ എന്ന പ്രണയ, അനുഭവ, നോവൽ താരാ മേരി കുര്യന്റെ കഥയല്ല; പ്രണയ മേരിയുടെ ജീവിതമാണ്. കാലങ്ങളത്രയും താണ്ടാൻ കെൽപ് തന്ന പ്രണയികളെ നെഞ്ചോടു ചേർത്ത് ചെറുപുഞ്ചിരിയോടെ പ്രണയത്തിന്റെ അനന്തമായ പാളങ്ങളിലൂടെയുള്ള മടുപ്പില്ലാത്ത യാത്ര. പ്രണയപരമ്പരകളുടെ ആത്മഖണ്ഡങ്ങൾ. നിഷ്കളങ്കതയിലും നിസ്വാർഥതയിലും തുടങ്ങി, അപ്രാപ്യമായതിലൂടെ സഞ്ചരിച്ച് നിത്യജീവിതത്തിന്റെ യാഥാർഥ്യങ്ങളോട് ഏറ്റുമുട്ടി പക്വത നേടിയ അതേ പ്രണയം. ഒഴിവാക്കാനാകുമോ അവയിൽ ഒന്നെങ്കിലും. ജീവചരിത്രമെന്നാൽ പ്രണയ ചരിത്രം തന്നെയാണ്. ചോര പൊടിഞ്ഞ അക്ഷരങ്ങൾ. ശ്വാസം മുട്ടിപ്പിടഞ്ഞ വികാരങ്ങൾ. തിരസ്കരിക്കപ്പെടുന്നതോടെ തീർന്നുപോകുന്ന ജീവിതത്തിന്റെ അവസാന കടൽത്തീരം. അവിടെ നിന്നൊരു തിരിച്ചുപോക്ക് ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ല. എന്നിട്ടും ഏതോ തിരയുടെ ചിറകിലേറി കരയ്ക്കടിഞ്ഞു. വീണ്ടും മുറിവേൽക്കാൻ. ഓർമയാകാത്ത അനുഭവം പറയാനും എഴുതാനും.
ഒന്നും നേരത്തേയുള്ളതുപോലെയല്ല. തീർത്തും പുതിയത് എന്ന് ഓരോ തവണയും മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു. ഇതാണോ പ്രണയം എന്ന് സ്വയം ചോദിച്ചുകൊണ്ടിരുന്നു. ഇതിനു വേണ്ടി നേരത്തേ എന്തേ തിരഞ്ഞെടുത്തില്ലെന്ന് പരിഭവിച്ചു. ഇതാണു തുടക്കവും അവസാനവും എന്നുറപ്പിച്ചു. ആവർത്തന വിരസത ഇല്ലാത്തത് എന്നതാണോ പ്രണയത്തിന്റെ നിർവചനം. അതോ കുടിക്കും തോറും ദാഹം വർധിപ്പിക്കുന്ന അമൃത് തന്നെയോ. അതോ, വിഷമോ വിഷാദമോ.
നേട്ടങ്ങളിലൂടെ ജീവിതം പറയുന്നതാണു പതിവു രീതി. കീഴടക്കപ്പെട്ടവരുടെ രോദനം സൗകര്യപൂർവം വിസ്മരിക്കുന്നു. തോറ്റവരുടെ വേദന അവഗണിക്കുന്നു. ആത്മവിശ്വാസത്തോടെ, അഭിമാനപൂർവം ജയിച്ചുകയറിയെന്ന് അഹങ്കരിക്കുന്നു. ചവിട്ടിനിൽക്കുന്നത് എവിടെയാണെന്നും ആരവങ്ങളിൽ നിശ്ശബ്ദമാക്കപ്പെടുന്നത് ആരുടെ നിലവിളിയാണെന്നും ആരും അന്വേഷിക്കുന്നില്ല. ജീവചരിത്രത്തിന്റെ അംഗീകരിക്കപ്പെട്ട മാതൃകയാണത്. വിജയികൾക്കും അഭ്യൂദയകാംക്ഷികൾക്കും ഏറെ ഇഷ്ടം. എന്നാൽ, പ്രണയത്തിൽ മാത്രം തോൽവിയാണു വിജയം. തോൽവി സമ്മതിക്കുമ്പോൾ മാത്രമേ പ്രണയിക്കുന്നുള്ളൂ. പ്രണയിക്കപ്പെടുന്നുള്ളൂ. ഹൃദയത്തിൽ ചേക്കേറാൻ ഒട്ടും ഭാരം അരുത്. പക്ഷിയുടെ ഏക അടയാളമായ തൂവൽ പോലെ. മാനം മുട്ടിയ മരത്തിന്റെ അവശേഷിപ്പായ കരിയില പോലെ. ആർത്തലയ്ക്കുന്ന കടലിന്റെ അടയാളമായ അലകൾ പോലെ. സൗമ്യവും മൃദുലവുമായിരിക്കണം. ഒരൊറ്റ വിചാരത്തിൽ അലിഞ്ഞുതീരണം. കീഴടങ്ങാൻ തയാറുള്ളവരെ മാത്രം പ്രണയം മാടിവിളിക്കുന്നു. ഇല്ലാതാകുന്നതിലൂടെ എല്ലാം നേടുന്നതിന്റെ മാന്ത്രികത അനുഭവിപ്പിക്കുന്നു. ഒന്നും ബാക്കിയില്ലാതാകുമ്പോൾ, ഞാനും നീയും ഇല്ലാതാകുമ്പോൾ, നമ്മൾ അവശേഷിക്കാത്തപ്പോൾ, പ്രണയം മാത്രം നിലനിൽക്കുമ്പോൾ.. അതത്രേ പ്രണയത്തിന്റെ നിമിഷം. ദൈവീകം. സ്വർഗ്ഗീയം. അലൗകികം.
പ്രണയത്തിൽ തോറ്റുപോയ ഒരു കാമുകിയുടെ പുസ്തകമാണ് പറയാതെ വയ്യെന്റെ പ്രണയമേ. വയ്യ എന്നു പറയാൻ എന്തിനു മടിക്കണം. പറയാതിരിക്കാൻ ആവാത്തതാണ്, അതു മാത്രമാണ് പ്രണയം എന്ന് ഇനിയെങ്കിലും അറിയുക. ഒറ്റയ്ക്കാകുന്നവർക്കല്ലേ, അവർക്കു മാത്രമല്ലേ മറ്റൊരാളെ സഹിക്കാനാവുക. വേദന കുറവുണ്ടോ എന്നു ചോദിക്കാതിരിക്കുവോളം വേദന കുറയുന്നതെങ്ങനെ. കാത്തിരിക്കാൻ ആരും അവശേഷിക്കാത്തിടത്തോളം യാത്രയൊക്കെ എന്തിന്. തേടിത്തളരുന്നതെങ്ങനെ. ആ കൈകളല്ലേ കണ്ണുകൾ. ആ കണ്ണുകളിൽ നിന്നല്ലേ ഇരുട്ടിലും വെളിച്ചം വിടരുന്നത്. ആ ഹൃദയത്തിന്റെ മിടിപ്പുകളല്ലേ വഴി കാണിക്കുന്നത്. ആ വിളികളല്ലേ ലക്ഷ്യത്തിലേക്കു നയിക്കുന്നത്.
പ്രണയമെന്നപോലെ വേദനയെ പുൽകിയെഴുതിയ ജീവിതമാണ് മിനിയുടെ പ്രണയ സർവസ്വം. പ്രണയം രക്ഷിക്കുമെന്ന ഉറപ്പ്. സംരക്ഷിക്കുമെന്ന വാക്ക്. ജീവന്റെ അടയാളം. പ്രണയമെന്ന വിശ്വാസത്തിന് അല്ലെങ്കിൽത്തന്നെ ഉറപ്പ് വേണ്ടല്ലോ. ഹൃദയത്തിന് എത്ര ഉറപ്പുണ്ടോ അത്രയും തന്നെ. കണ്ണീരിന്റെയും കാത്തിരിപ്പിന്റെയും അതേ നഷ്ടസുഗന്ധം. പ്രണയത്തിലൂടെ ഒരു ജീവിതം പറയുക എന്ന സാഹസികതയാണ് മിനിയെ ശ്രദ്ധേയമാക്കുന്നത്. നോവലിനെ സവിശേഷമാക്കുന്നതും. അതിന് ചരിത്രത്തിൽ മുൻമാതൃകകളുമില്ല. പുതിയൊരു വഴിയാണിത്. എന്നാൽ അത് അപരിചിതമല്ല. പ്രണയം അപരിചിതമാകുന്നവർക്ക് ജീവിതം പരിചിതമാകില്ലെന്നു മനസ്സിലാക്കാൻ പ്രണയിച്ചാൽ മാത്രം മതി.
9 അധ്യായങ്ങൾ. 9 പ്രണയികൾ. 9 കത്തുകൾ. താര മേരി കുര്യൻ പ്രണയമേരിയായി ജ്ഞാനസ്നാനപ്പെടുമ്പോൾ പൂർത്തിയാകുന്നത് താരയുടെ ജീവിതം മാത്രമല്ല; എല്ലാ പ്രണയിതാക്കളുടെയും കൂടിയാണ്. മിനിയുടെ പുസ്തകം എന്നതുപോലെ ഇത് വായനക്കാരുടെയും പുസ്തകമാണ്; പ്രണയമാണ്. അനാഥ ഈശോ, മൈക്കൽ ജാക്സൻ, ബ്രൂസ് ലീ, രാജ രാജ ചോഴൻ, പ്രണയ ബുദ്ധൻ, ഓഷോ, ആദം, മാർക്കേസ്, വലന്റൈൻ... പ്രണയ മേരിയുടെ കാമുകൻമാർ. നമ്മുടെ ജീവിതത്തിലും പേരുകൾ ഇതു തന്നെയായിരിക്കാം. അല്ലായിരിക്കാം. പേരിലല്ലല്ലോ, പ്രണയത്തിലല്ലേ കാര്യം.
എനിക്കറിയാം നൂറ്റാണ്ടുകളായി നിങ്ങൾ എനിക്കു പിറകെയുണ്ടെന്ന്. കാറ്റും മഴയും പനിമഞ്ഞും ഇളവെയിലും പോലെ യുഗങ്ങളായി നിങ്ങളെന്നെ പിന്തുടരുകയാണെന്ന്. കടലിനോടുള്ള നദിയുടെ പ്രണയം പോലെ, കരയോടുള്ള കടലിന്റെ പ്രണയം പോലെ, മണ്ണിനോടുള്ള വേരിന്റെ പ്രണയം പോലെ, മാമലകളോടുള്ള മഞ്ഞിന്റെ പ്രണയം പോലെ, താരിനോടും തളിരിനോടുമുള്ള കാറ്റിന്റെ പ്രണയം പോലെ നമ്മുടെ പ്രണയവും കാലപ്രവാഹത്തിനൊപ്പം അനുസ്യൂതം ഒഴുകിക്കൊണ്ടേയിരിക്കുന്നു...
പറയാതെ വയ്യെന്റെ പ്രണയമേ...
മിനി പി.സി.
മാതൃഭൂമി ബുക്സ്
വില: 200 രൂപ