ആരോ തന്റെ പേരിൽ നോവൽ എഴുതുന്നു; എഴുതുന്നതെല്ലാം യഥാർഥത്തിൽ നടന്ന സംഭവങ്ങള്!
ഇതിലെ പ്രധാനകഥാപാത്രം എഴുത്തുകാരി തന്നെയായതിനാൽ ഇതിനോടനുബന്ധമായി അവരുടെ ജീവിതത്തിൽ ആകസ്മികമായുണ്ടാകുന്ന സംഭവങ്ങളുടെ ചുരുളുതേടിയുള്ള യാത്രയാണ് ഇതിന്റെ ഇതിവൃത്തം.
ഇതിലെ പ്രധാനകഥാപാത്രം എഴുത്തുകാരി തന്നെയായതിനാൽ ഇതിനോടനുബന്ധമായി അവരുടെ ജീവിതത്തിൽ ആകസ്മികമായുണ്ടാകുന്ന സംഭവങ്ങളുടെ ചുരുളുതേടിയുള്ള യാത്രയാണ് ഇതിന്റെ ഇതിവൃത്തം.
ഇതിലെ പ്രധാനകഥാപാത്രം എഴുത്തുകാരി തന്നെയായതിനാൽ ഇതിനോടനുബന്ധമായി അവരുടെ ജീവിതത്തിൽ ആകസ്മികമായുണ്ടാകുന്ന സംഭവങ്ങളുടെ ചുരുളുതേടിയുള്ള യാത്രയാണ് ഇതിന്റെ ഇതിവൃത്തം.
ഒരു അനുഭവം ഉണ്ടാകുമ്പോൾ അത് മുന്നേ അനുഭവിച്ചിട്ടുണ്ടെന്നുള്ള ഒരു മിഥ്യാബോധം, അതാണ് ദേജാവു! അങ്ങനെ നോക്കുമ്പോൾ ഈ ശീർഷകം അതിനനുയോജ്യമാണ്! ഉപബോധമനസ്സിൽ സ്ഥിതഃപ്രതിഷ്ഠയുള്ള ചിലതുകളുടെ ആവർത്തനമാണ് ചിലപ്പോഴൊക്കെ സ്വപ്നങ്ങൾ! കാലം കൂടെകൂട്ടുന്ന തന്മയീഭാവം വൈകാരികമായ ഓർമ്മപ്പെടുത്തലാകുമ്പോൾ ഈ വായനയ്ക്ക് ഹൃദ്യതയേറുന്നു.
പ്ലാനറ്റ് 9 എന്ന സയൻസ് ഫിക്ഷൻ നോവലിലൂടെയാണ് മായ എന്ന എഴുത്തുകാരിയെ ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നതും വായിക്കുന്നതും. ഫിക്ഷൻ എന്നതിനേക്കാൾ യഥാർഥ്യങ്ങളിലൂടെ കടന്നുപോകുന്നുയെന്നാണ് ആ വായന എനിക്ക് തോന്നിയത്. അത്രയ്ക്കും യാഥാർഥ്യത്തോട് ഇണങ്ങിയൊഴുകുന്ന എഴുത്തായിരുന്നു. പ്ലാനറ്റ് 9 എന്ന നോവലിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ പിന്നീട് നാസ ന്യൂസ് ആയി അവതരിപ്പിച്ചിട്ടുണ്ട് എന്നത് അഭിനന്ദാർഹം തന്നെയാണ്. മായയുടെ ആറാമത്തെ പുസ്തകമാണ് ദേജാവു. വളരെ സ്മൂത്തായി പോകുന്ന സാഹചര്യങ്ങളിൽ അവിചാരിതമായി വന്നെത്തുന്ന സംഭവങ്ങൾ മനുഷ്യന്റെ ബുദ്ധിയെയും ചിന്തയെയും വല്ലാതെ ഉലയ്ക്കുക സ്വഭാവികമാണ്. മായ പറയുന്നത് പോലെ "നിങ്ങൾക്കറിയാമോ ആകാംക്ഷയെന്നത് സാവധാനത്തിൽ പ്രവർത്തിക്കുന്ന വിഷമാണ് അത് ആദ്യം ചിന്തകളെ തളർത്തും" മായയിലേക്ക് സമയംതെറ്റി വന്നൊരു ഫോൺ കോളിലൂടെയാണ് മായ ആകാംക്ഷയിലേക്ക് കൂപ്പുകുത്തുന്നത്.
നമുക്ക് ചുറ്റുമുള്ള ലോകത്തെ, സമൂഹത്തെ, നാം ഇപ്പോൾ സംവദിച്ചുകൊണ്ടിരിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിനെ എത്രകണ്ട് വിശ്വസിക്കാം. നമ്മുടെ ഐഡന്റിറ്റിയിൽ മറഞ്ഞിരുന്നു, തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സംവദിക്കുന്നവർ എത്രയോ പേർ! സാമ്പത്തിക ഇടപാടുകളിലേക്കോ, മറ്റിതര വിഷയങ്ങളിലേക്കോയെത്തി, നമ്മുടെ ജീവിതത്തിൽ സങ്കീർണ്ണതകൾ സൃഷ്ടിക്കും വരെ, അല്ലെങ്കിൽ നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ നമ്മളോട് ഇത് പറയുന്നതുവരെ നാം അറിയാതെ പോകുന്നു ഈ വ്യാജന്മാരെ. അത്രയ്ക്കും വ്യാജന്മാരെകൊണ്ട് നിറഞ്ഞ പ്ലാറ്റ്ഫോമാണിവിടം എന്നു പറയുമ്പോഴും സോഷ്യൽമീഡിയയും അതിന്റെ സാങ്കേതിക വിദ്യകളും ഇന്നത്തെ ഈ ഡിജിറ്റൽ യുഗത്തിൽ വളരെ പ്രയോജനകരവും, ഉപകാരപ്രദവും ആണ് എന്നതും വിസ്മരിക്കാനാവാത്ത സത്യമാണ്. സജീവമായി ചിന്തിക്കേണ്ടത് നല്ലതും ചീത്തയുമായ രണ്ടുവശങ്ങളേയും കൃത്യമായി മനസ്സിലാക്കിയിരിക്കണം എന്നതാണ്!
ഇതിലെ പ്രധാനകഥാപാത്രം എഴുത്തുകാരി തന്നെയായതിനാൽ ഇതിനോടനുബന്ധമായി അവരുടെ ജീവിതത്തിൽ ആകസ്മികമായുണ്ടാകുന്ന സംഭവങ്ങളുടെ ചുരുളുതേടിയുള്ള യാത്രയാണ് ഇതിന്റെ ഇതിവൃത്തം. മായക്ക് വന്ന ഫോൺ കോളിലെ മെസേജ് ഇതായിരുന്നു. പുതുതായി ലോഞ്ച് ചെയ്യുന്ന ഒരു മാഗസിനിൽ തനിക്ക് ഒരു പരിചയവും ഇല്ലാത്ത ഒരാൾ തന്റെ പേരിൽ നോവൽ എഴുതുന്നു. ഇതുവരെ ആർക്കും വായിക്കാൻ കൊടുക്കാതെ തന്റെ ലാപ്ടോപ്പിൽ സുരക്ഷിതമെന്ന് താൻ വിശ്വസിച്ചിരുന്ന ഒരു നോവലിന്റെ കണ്ടന്റ് ഉപയോഗിച്ച്! മായ മുൻപെഴുതിയ നോവലിലെ ഒരു കഥാപാത്രം എഴുതുന്ന നോവലിന്റെ പേരായിരുന്നു മാഗസിനിൽ വന്ന നോവലിന്റെ പേര്!
"അ" എന്ന മലയാള അക്ഷരമായിരുന്നു ആ കവർപേജിന്റെ മുഖചിത്രം. കറുപ്പും വെളുപ്പും മരുഭൂമിയും മഞ്ഞുമലകളും ചേർന്ന പശ്ചാത്തലത്തിൽ അ എന്ന അക്ഷരം. സൃഷ്ടാവിന്റെ കാഴ്ചപ്പാട് വെളിവാക്കുന്ന ശക്തമായ ഒരു ആശയം. പക്ഷേ മായയെ ഞെട്ടിച്ചത് ഓരോ എഡിഷനിലും മാഗസിനിലൂടെ വരുന്ന നോവലിൽ പറയുന്ന സംഭവങ്ങൾ ഒന്നുകിൽ മുൻപ് സംഭവിച്ചതോ, സംഭവിക്കാനിരിക്കുന്നതിന്റെ മുന്നോടിയോയായിരുന്നു എന്നതാണ്. നോവലിൽ പറയുന്ന സ്ഥലങ്ങൾ, പേരുകൾ എല്ലാം യാദൃശ്ചികമായല്ല, ആരോ മനപൂർവ്വം ചെയ്യുന്നതാണെന്ന തിരിച്ചറിവ് ആകാംക്ഷക്കൊപ്പം ഭയവും ജനിപ്പിക്കുന്നു മായയിൽ! ഒപ്പം ആകാംക്ഷ വായനക്കാരിലേക്കും!!
ഗ്ലോബൽ ഹെറാൾഡെന്ന മാഗസിന്റെ അണിയറ പ്രവർത്തകരിലേക്കുള്ള അന്വേഷണം മായ സുഹൃത്തുക്കളിലൂടെ തുടരുന്നു. പിന്നീട് അതിന്റെ അന്വേഷണം സ്‌പെഷ്യൽ സ്‌കോഡ് ഏറ്റെടുക്കുമ്പോൾ ആ അന്വേഷണത്തിന്റെ ചുക്കാൻ പിടിക്കുന്ന പൊലീസ് ഓഫീസർ, താൻ മുൻപെഴുതിയ നോവലിലെ കഥാപാത്രത്തിന്റെ പേരുള്ള ഓഫിസറാണെന്നുള്ളത് യാദൃശ്ചികമായിരുന്നു. പിന്നീടുള്ള അന്വേഷണങ്ങളിൽ അദ്ദേഹത്തിന്റെകൂടെ പങ്കാളിയാകുന്നുണ്ട് മായയും.
ആ അന്വേഷണം ചെന്നെത്തുന്നത് ഞെട്ടിക്കുന്ന ചില സംഭവങ്ങളിലേക്കായിരുന്നു. "ഐഡന്റിറ്റി എന്ന വാക്കിന്ന് ഈ ലോകത്തിൽ പ്രത്യേകിച്ചൊരു വിലയില്ലെന്നറിയുകയായിരുന്നു" അപ്പോൾ. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് എല്ലാ മേഖലയിലുമെന്നതുപോലെ സാഹിത്യത്തിലും, ആർട്ടിക്കിൾ റൈറ്റിംഗിലും വല്ലാതെ ഇടപെടുന്ന കാലഘട്ടത്തിൽ അത് തിരിച്ചറിയുന്നതെങ്ങനെ എന്നതിനെക്കുറിച്ചൊരു ഗ്രാഹ്യം ഉണ്ടാവേണ്ടിയിരിക്കുന്നു എല്ലാവരിലും. എ ഐ സാങ്കേതിക വിദ്യയുടെ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന് ഈ വായന മനസിലാക്കി തരുന്നുണ്ട്. "സത്യത്തിൽ നമ്മുടെ നാട്ടിൽ സകലരും ഒരു പുകമറക്കുള്ളിലാണോ ജീവിക്കുന്നത്" എന്നനുമാനിക്കേണ്ടിയിരിക്കുന്നു. വളരെയേറെ ബഹുമാനിക്കുന്നവരുടെ മുഖം മൂടികൾ അഴിഞ്ഞുവീഴുമ്പോൾ ഇവരെയാണോ ആരാധനയോടെ നോക്കികൊണ്ടിരുന്നതെന്ന് നാളെ നമ്മളും അത്ഭുതപ്പെടും.!
കാലം പുരോഗതിയിലേക്ക് അതിവേഗം കുതിക്കുമ്പോൾ അതിൽ എങ്ങനെയെല്ലാം ചതിക്കുഴികൾ സൃഷ്ടിക്കാം എന്ന മനുഷ്യന്റെ ചിന്തകളെ ഉന്മൂലനം ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമായി മാറുന്നു. സാധാരണക്കാരെ എപ്പോഴും എങ്ങനെയും വിഡ്ഢികളാക്കാം എന്നത് ഇന്നിൽ എളുപ്പമായിരിക്കുന്നു. ദൂരസ്ഥലങ്ങളിലേക്ക് ചേക്കേറുന്ന യുവതകൾ, വീട്ടിൽ തനിച്ചാകുന്ന വൃദ്ധർ, അവിടെ പറ്റിക്കപ്പെടലുകളുടെ സാധ്യതയേറുന്നത് ഇന്ന് ചുറ്റിലും കാണുന്നുണ്ട്. ജനകീരാമൻ എന്ന കഥാപാത്രത്തിലൂടെ മായ അത് സമർഥിക്കുന്നുണ്ട്. "രക്തം ചീന്താത്തതും രതി കലരാത്തതുമായ കുറ്റകൃത്യങ്ങൾക്ക് വിപണന സാധ്യത കുറവാണല്ലോ!" അതുകൊണ്ടായിരിക്കും തട്ടിപ്പുകേസുകളിൽ നിയമങ്ങൾ പതുക്കെ നീങ്ങുന്നത് എന്ന പ്രസക്തമായ ചോദ്യം എഴുത്തുകാരി ചോദിക്കുന്നത് പ്രശംസാർഹമാണ്. ഇതുപോലെ സമൂഹത്തിനോടുള്ള ഉത്തരവാദിത്തം എഴുത്തിൽ സ്പുരിച്ചു നിൽക്കുന്നത് പലസ്ഥലങ്ങളിലും കാണാം.
ഗ്രൂപ്പീസങ്ങളെ വിമർശിക്കുന്നതോടൊപ്പം മുഖത്തോട് മുഖം ചോദിക്കാനുള്ള ഭയമാണ് ഫേക്ക് ഐഡികളെ സൃഷ്ടിക്കുന്നതെന്നും ചില സംഭവങ്ങളിലേക്ക് വിരൽചൂടിക്കൊണ്ട് അടിവരയിടുന്നുണ്ട്. "കാലചക്രം കറങ്ങുന്നത് സമയത്തെ ചലിപ്പിക്കാൻ മാത്രമല്ലല്ലോ സുഹൃത്തേ പ്രതിലോമവനങ്ങളിൽ മറഞ്ഞു നിൽക്കുന്ന ശത്രുവിന് നേരെ വെളിച്ചം വീഴ്ത്താനും കൂടിയാണത് എന്ന് നീ തിരിച്ചറിയണ്ടേ!!" വളരെ പ്രസക്തമാണ് ഈ വരികൾ! കാലം ഏത് ഇരുളിലേക്കും ഒരു വെളിച്ചം കാത്തുവെക്കുമെന്നത് സത്യമാണ്. എത്ര ഒളിപ്പിച്ചുവെച്ചാലും എന്നെങ്കിലും അതെല്ലാം വെളിച്ചത്തിന് മുന്നിൽ തെളിഞ്ഞുവരുമെന്നത് കാലനീതിയാണ്. അനാദിയായ കാലത്തെ കബളിപ്പിക്കുമ്പോൾ ചില പൊലീസ് ഓഫീസർമാരെപോലെ ചില അവതാരങ്ങളേയും കാലം കാത്തുവെക്കുമെന്നോർമ്മിപ്പിക്കുന്നു ഇതിലെ പൊലീസ് ഓഫീസർ! സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പൊലീസ് സ്‌കോഡിന്റെ പ്രവർത്തനങ്ങളെ അടയാളപ്പെടുത്തുമ്പോൾ സമൂഹം ആഗ്രഹിക്കുന്നതെന്തോ അത് എഴുത്തിലൂടെ പങ്കുവെക്കുന്നു!!
മായയുടെ സൗഹൃദങ്ങളും, ബന്ധുക്കളും അവരുടെ ചിന്തകളും, സമീപനങ്ങളും, സമൂഹത്തിന്റെ കാഴ്ചപാടുകളും എഴുത്തിൽ കാണാം. തെറ്റിദ്ധാരണകളുടെ പുറത്ത് സമൂഹം ഒരാളെ തെറ്റുകാരാനാക്കുന്നതും മുദ്രകുത്തി അകറ്റി നിർത്തുന്നതും സംശയിക്കുന്നതും എത്ര വേദനജനകമാണ്. 'വ്യക്തിത്വമില്ലായ്മയുടെ പ്രതീകമാണ് സമൂഹം ചിലപ്പോഴെങ്കിലും!!' അതുപോലെ മായ വായിച്ചതും വായിക്കുന്നതുമായ കുറച്ചു പുസ്തകങ്ങളെ കുറച്ചു എഴുത്തുകാരെ ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായും അല്ലാതെയും അടയാളപ്പെടുത്തുന്നു. നമുക്ക് പരിചയമുള്ള എഴുത്തുകാർ, ഇഷ്ടപെടുന്ന പുസ്തകങ്ങൾ അവിടെയൊക്കെ സൗഹൃദപരമായ വായന നൽകുന്നു.
നമ്മുടെ പേഴ്സണൽ അധികാരങ്ങളെ നമ്മുടെ ഡാറ്റയുപയോഗിച്ച് ലോകത്തിന്റെ ഏതു കോണിലിരുന്നും നമ്മുടെ ഐഡികൾ (ആധാർ, ഐഡന്റിറ്റി കാർഡ്, എടിഎം, ക്രെഡിറ്റ് കാർഡ്) ദുർവിനിയോഗം ചെയ്താൽ അതിന്മേലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഭവിഷ്യത്തുകൾക്കും നാമൊരാൾ മാത്രം ഉത്തരവാദിയാകേണ്ടിവരുമ്പോൾ, ജീവിതത്തിന്റെ ഭാഗധേയം നിർണ്ണയിക്കപ്പെടുമ്പോൾ ജീവിതം തന്നെ കൈവിട്ടുപോകുന്ന സാഹചര്യത്തിൽ ആത്മഹത്യയെ കുറിച്ചു ചിന്തിച്ചു പോകും മനുഷ്യർ. അതിന് പ്രേരിപ്പിക്കുന്നവർ യാതൊരു ഭയവുമില്ലാതെ സമൂഹത്തിൽ മറഞ്ഞു നിൽക്കുമ്പോൾ 'കൊലപാതകത്തേക്കാൾ ശിക്ഷാർഹമാണ് അതിന് പ്രേരിപ്പിക്കുന്ന കുറ്റകൃത്യങ്ങൾ എന്നത് നീതിന്യായവ്യവസ്ഥിതികളിൽ അടിവരയിടേണ്ടതാണെന്ന്' ഓർമ്മിപ്പിക്കുന്നു ഈ പുസ്തകം.
"എത്ര പ്രിയപ്പെട്ടവരായാലും ശരി ഒരു മനുഷ്യൻ മറ്റൊരാളോട് പങ്കുവെക്കാത്ത ഒരു രഹസ്യമെങ്കിലും അയാളുടെ മനസ്സിൽ ഉണ്ടാകും ആ രഹസ്യങ്ങളിൽ കൊളുത്തിയിട്ടിരിക്കുന്നത് ഒരുപക്ഷേ സ്വന്തം ജീവിതത്തിനും മരണത്തിനും ഇടയിലുള്ള കവാടത്തിന്റെ താക്കോൽ ആണെങ്കിൽ അയാൾക്കത് തുറന്നു പറയാൻ ആകുമോ?" "സംഭവിച്ച അപകടങ്ങളേക്കാൾ മനുഷ്യൻ ഭയക്കുന്നത് സംഭവിക്കാനിരിക്കുന്ന അപകടങ്ങളെയാകുമ്പോൾ" സ്വന്തം ജീവിതത്തെ ബാധിക്കപ്പെടുമെന്നു ഭയക്കുമ്പോൾ നമ്മിലേക്ക് നാം ചുരുങ്ങിപോകും, സ്വർഥതയുടെ കൂടാരത്തിനുള്ളിലേക്ക്! എന്നും മനുഷ്യൻ ഭയപ്പെടുന്നത് വരാനിരിക്കുന്നതിനെയോർത്താണല്ലോ, വന്നുകഴിയുമ്പോൾ അതിനൊരു പോംവഴി മുന്നിൽ തെളിയുമെന്ന് ഓർക്കാറില്ല, അത്രയും ഭയം നമ്മളെ ഭരിക്കപ്പെടുന്നു!
നമ്മെ നിയന്ത്രിക്കാനുള്ള ഒരു ചരടും മറ്റൊരാളുടെ പക്കൽ കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചില സത്യങ്ങൾ തുറന്നു പറഞ്ഞിക്കൊണ്ടാണെങ്കിലും! അതേ, പിന്നീട് കാലങ്ങൾക്ക് ശേഷം അവർ നിയന്ത്രിക്കപ്പെടുമ്പോൾ പേടിച്ചോടുന്നതിനെക്കാൾ നല്ലതാണ് സത്യം തുറന്നുപറയുന്നത് ആ നിമിഷങ്ങളെ അതിജീവിക്കുന്നത്! നമ്മുടെ പ്രവർത്തികളിൽ നമുക്ക് ന്യായീകരണം ഉണ്ടാവാം. എന്നാൽ അത് ബാധിക്കപ്പെടുന്നത് ഒരു കൂട്ടം നിസ്സഹായരിലേക്കാണെന്നോർക്കുമ്പോൾ,നമ്മുടെ ശരികളുടെ താക്കോൽ മറ്റുള്ളവരുടെ ദൈന്യതയിൽ നിന്നെടുക്കാതിരിക്കാൻ ശ്രമിക്കണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ സ്വാർഥതക്കുമേൽ കണ്ണീർ വീഴാതിരിക്കാനെങ്കിലും!!
കൃത്യമായ നിരീക്ഷണ പാഠവത്തോടെ, ആധികാരികമായി എഴുതിയിരിക്കുന്നു ഈ പുസ്തകം. ത്രില്ലർ വായനകളുടെ ആസ്വാദ്യത ആവോളം ഒരുക്കി വെച്ചുകൊണ്ട്, അപ്രതീക്ഷിതമായ ട്വിസ്റ്റിൽ കഥ അവസാനിപ്പിക്കുമ്പോൾ എന്നോ കണ്ടൊരു സ്വപനത്തിന്റെ ബാക്കിയിലേക്ക് നോക്കിയിരുന്നു ഞാനും! ഇന്നത്തെ സമൂഹത്തിൽ നമുക്ക് ചുറ്റും നടക്കുന്ന കാഴ്ചകളിലേക്ക് ഒരു തുറന്നെഴുത്താണ് ഈ പുസ്തകം!! ഇനിയും ആ തൂലികയിൽ നിന്നും ധാരാളം എഴുത്തുകൾ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു!!
ദേജാവു
മായാ കിരൺ
ഡീസീ അപ്മാർക്കറ്റ് ഫിക്ഷൻ
വില: 320 രൂപ