സ്നേഹത്തിന്റെ അടയാളമായ ചൈനീസ് ബോയ്
എല്ലാവര്‍ക്കുമായി എല്ലാ കാലത്തേക്കുമായി എഴുതിയ അക്ഷരപ്പെയ്ത്തായി മാറുകയാണ് കലവൂര്‍ രവികുമാറിന്റെ ചൈനീസ് ബോയ് എന്ന കൃതി. കുട്ടികള്‍ക്കുവേണ്ടിയൊരു നോവലെന്ന ഒറ്റവാക്കിനും അപ്പുറം അതില്‍ തെളിഞ്ഞിരിക്കുന്ന ജീവിതമാണ് നോവലിന്റെ വെളിച്ചം.
എല്ലാവര്‍ക്കുമായി എല്ലാ കാലത്തേക്കുമായി എഴുതിയ അക്ഷരപ്പെയ്ത്തായി മാറുകയാണ് കലവൂര്‍ രവികുമാറിന്റെ ചൈനീസ് ബോയ് എന്ന കൃതി. കുട്ടികള്‍ക്കുവേണ്ടിയൊരു നോവലെന്ന ഒറ്റവാക്കിനും അപ്പുറം അതില്‍ തെളിഞ്ഞിരിക്കുന്ന ജീവിതമാണ് നോവലിന്റെ വെളിച്ചം.
എല്ലാവര്‍ക്കുമായി എല്ലാ കാലത്തേക്കുമായി എഴുതിയ അക്ഷരപ്പെയ്ത്തായി മാറുകയാണ് കലവൂര്‍ രവികുമാറിന്റെ ചൈനീസ് ബോയ് എന്ന കൃതി. കുട്ടികള്‍ക്കുവേണ്ടിയൊരു നോവലെന്ന ഒറ്റവാക്കിനും അപ്പുറം അതില്‍ തെളിഞ്ഞിരിക്കുന്ന ജീവിതമാണ് നോവലിന്റെ വെളിച്ചം.
സ്നേഹത്തിന്റെ അടയാളമായ 'ചൈനീസ് ബോയ്'. കുരുത്തക്കേടിലും മനസ്സില്‍ നന്മ സൂക്ഷിക്കുന്ന സാക്ഷാല്‍ പ്രകാശന്‍, ജീവിതം ഒരൊറ്റ കിക്കില്‍ ഗോളാക്കാന്‍ കൊതിക്കുന്ന സുമംഗല, ജീവിതം പാഠപുസ്തകമാക്കിയ അപ്പുപ്പന്‍. ഇവരൊക്കെ സുപരിചിതരായി തോന്നിയത് വായന അനുഭവമായി മാറിയപ്പോഴാണ്. എല്ലാവര്‍ക്കുമായി എല്ലാ കാലത്തേക്കുമായി എഴുതിയ അക്ഷരപ്പെയ്ത്തായി മാറുകയാണ് കലവൂര്‍ രവികുമാറിന്റെ ചൈനീസ് ബോയ് എന്ന കൃതി. കുട്ടികള്‍ക്കുവേണ്ടിയൊരു നോവലെന്ന ഒറ്റവാക്കിനും അപ്പുറം അതില്‍ തെളിഞ്ഞിരിക്കുന്ന ജീവിതമാണ് നോവലിന്റെ വെളിച്ചം. വായനയിലൂടെ ഒരു കുഞ്ഞുമനസ്സില്‍ പകരേണ്ട ചില നന്മകളുണ്ടല്ലോ, അതാണ് 'ചൈനീസ് ബോയി'യിലെ വലിയ ലോകം. മുതിര്‍ന്നവര്‍ക്ക് ഇത് ഇന്നലെയിലേക്കുള്ള ഒരു സഞ്ചാരം മാത്രമല്ല, ജീവിതമൂല്യങ്ങളെ മുറുകെ പിടിക്കണമെന്ന ഓര്‍മപ്പെടുത്തലും അത് അടുത്ത തലമുറയ്ക്ക് പകരേണ്ടതാണെന്ന വെളിപാടുമാണ് സമ്മാനിക്കുന്നത്. മാറുന്ന ലോകത്ത് നമ്മുടെ കുഞ്ഞുങ്ങള്‍ ദാ ഇങ്ങനെയൊക്കെയാണ് വളരേണ്ടതെന്ന് മാതാപിതാക്കളെയും 'ചൈനീസ് ബോയ്' ഓര്‍മപ്പെടുത്തുന്നുണ്ട്.
നഗരത്തിലെ സ്‌കൂളില്‍ നിന്നും ഗ്രാമപ്രദേശത്തെ സ്‌കൂളിലേക്ക് എത്തുന്ന മനു. പിന്നെ എല്ലാം അവന് പുതിയ കാഴ്ചകളാണ് പകരുന്നത്. പുത്തന്‍ അനുഭവങ്ങളും. പേരുപോലെ 'ചൈനീസ് ബോയ്' പിന്നെയൊരു കൗതുകമായി മാറുകയാണ് വായനക്കാരന്. ആണും പെണ്ണും ഇല്ലാത്ത നമ്മള്‍ വസിക്കുന്നൊരു ലോകമെന്ന കാഴ്ചപ്പാടിലേക്ക് നമ്മുടെ കുഞ്ഞുങ്ങളെ കൈപിടിച്ചു നടത്തുന്നൊരു സമയമാണിത്. അവിടെ ആ സമത്വബോധം എഴുത്തുകാരന്‍ അവതരിപ്പിച്ചിരിക്കുന്ന വൈഭവമാണ് നോവലിന്റെ മറ്റൊരു സൗന്ദര്യം. ആരും നിസ്സാരക്കാരല്ലെന്ന് ഈ നോവല്‍ വായിക്കുന്ന ഏതൊരു കുഞ്ഞിനും തിരിച്ചറിവുണ്ടാകും. ജീവിതത്തിന്റെ കളിക്കളത്തില്‍ മനുവും സുമംഗലയും പ്രകാശനുമൊക്കെ ഒന്നിച്ചു പന്തു തട്ടുമ്പോഴല്ലേ ലോകം വിശാലമാകുന്നുള്ളു. ഇത്തരമൊരു കാഴ്ചപ്പാടിനെ കൃത്യമായി പുസ്തകത്തില്‍ അവതരിപ്പിച്ചതുകൊണ്ടുതന്നെയാണ് അഞ്ചാം ക്ലാസിലെ മലയാളം പാഠാവലിയില്‍ 'പന്തുകളിക്കാനൊരു പെണ്‍കുട്ടി' എന്ന പാഠത്തിന് ആധാരമായി ഈ കൃതി മാറിയത്.
ഗ്രാമവും നഗരവും തമ്മിലുള്ള സംഘര്‍ഷം എല്ലാ കാലത്തും പിറന്ന കഥകളിലെ തര്‍ക്ക വിഷയം തന്നെയായിരുന്നു. എന്നാല്‍ അതിനെ പുതുകാലത്തേക്കു ചേര്‍ത്തുവച്ചു പറയുകയാണ് കൃതിയില്‍. നഗരത്തില്‍ വളര്‍ന്ന മനുവിനും നാട്ടിമ്പുറത്തുകാരന്‍ പ്രകാശനും ഒരു നന്മമനസ്സുണ്ട്. ഏതു ലോകത്തു ജീവിക്കുമ്പോഴും അവനെ മനുഷ്യനാക്കി മാറ്റുന്നത് അവന്റെ തിരിച്ചറിവുകളാണെന്ന് എത്ര രസമായിട്ടാണ് ചൈനീസ് ബോയിയില്‍ പറഞ്ഞിരിക്കുന്നത്!
മലയാള സാഹിത്യത്തിലെ പുതുവഴികളാണ് കലവൂര്‍ രവികുമാറിന്റെ രചനകളോരോന്നും. കലവൂരിന്റെ എഴുത്തു കലവറയിലെ വ്യത്യസ്ത രുചിതന്നെയാണ് ചൈനീസ് ബോയ്. കുട്ടികളുടെ ലാളിത്യമുള്ള ഭാഷയില്‍ അദ്ദേഹം എഴുതിയ ഭാഷയോട് ആര്‍ക്കും വാത്സല്യം തോന്നും. ഒരൊറ്റ ഇരുപ്പില്‍ നോവല്‍ വായിച്ചവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നൊരു മാന്ത്രികത അതിലുണ്ട്. വായിക്കുമ്പോള്‍ കുട്ടിയായി മാറുകയല്ല, കുട്ടിത്തം നഷ്ടപ്പെട്ടല്ലോ എന്നോര്‍ത്ത് വിങ്ങുകയാകും മുതിര്‍ന്ന വായനക്കാരുടെ മനസ്സ്. എന്തായാലും മനുഷ്യരായവരെല്ലാം വായിച്ചിരിക്കേണ്ട പുസ്തകം.
ചൈനീസ് ബോയ്
കലവൂര്‍ രവികുമാര്‍
ബുക്ക് റിപ്പബ്ലിക്
വില: 120 രൂപ