വായിക്കാത്ത സ്പാനിഷ് കഥയിൽ നിന്നു പോലും മോഷണം; കാണാതിരിക്കരുത് എഴുത്തുവഴിയിലെ ചതിക്കുഴികൾ
മഴയില്ലാത്ത ദേശത്ത്, കഠിനമായ മഴ അതുവരെയുള്ള ജീവിതത്തിന്റെ അസ്തിവാരം തോണ്ടുന്ന ഇടങ്ങളിൽ ജീവിക്കുമ്പോഴും കാലഗണനയ്ക്ക് നാട്ടിലെ മഴ തന്നെയാണ് ആശ്രയം. കുട്ടിക്കാലത്തിന്റെ മഴയെക്കുറിച്ചാണ് ഓർമയിൽ പെയ്യുന്ന മഴയിൽ എന്ന ലേഖനത്തിൽ ഇ. സന്തോഷ് കുമാർ എഴുതുന്നത്.
മഴയില്ലാത്ത ദേശത്ത്, കഠിനമായ മഴ അതുവരെയുള്ള ജീവിതത്തിന്റെ അസ്തിവാരം തോണ്ടുന്ന ഇടങ്ങളിൽ ജീവിക്കുമ്പോഴും കാലഗണനയ്ക്ക് നാട്ടിലെ മഴ തന്നെയാണ് ആശ്രയം. കുട്ടിക്കാലത്തിന്റെ മഴയെക്കുറിച്ചാണ് ഓർമയിൽ പെയ്യുന്ന മഴയിൽ എന്ന ലേഖനത്തിൽ ഇ. സന്തോഷ് കുമാർ എഴുതുന്നത്.
മഴയില്ലാത്ത ദേശത്ത്, കഠിനമായ മഴ അതുവരെയുള്ള ജീവിതത്തിന്റെ അസ്തിവാരം തോണ്ടുന്ന ഇടങ്ങളിൽ ജീവിക്കുമ്പോഴും കാലഗണനയ്ക്ക് നാട്ടിലെ മഴ തന്നെയാണ് ആശ്രയം. കുട്ടിക്കാലത്തിന്റെ മഴയെക്കുറിച്ചാണ് ഓർമയിൽ പെയ്യുന്ന മഴയിൽ എന്ന ലേഖനത്തിൽ ഇ. സന്തോഷ് കുമാർ എഴുതുന്നത്.
അനുഭവം അനുഭാവം കൂടിയാണ്. നമ്മുടേതാണെങ്കിലും മറ്റുള്ളവരുടേതാണെങ്കിലും. പരിചിതമാണെങ്കിലും അല്ലെങ്കിലും. എല്ലാ അനുഭവങ്ങളും എല്ലാവരെയും സ്പർശിക്കാറില്ല. ഓർമയിൽപ്പോലും നടുക്കമുണ്ടാക്കുന്ന ചില സംഭവങ്ങൾ കേൾവിക്കാർ ചിലപ്പോൾ അവഗണിച്ചേക്കാം. നിസ്സാരം എന്ന മട്ടിൽ അലസമായി പറയുന്നവയിൽ ഹൃദയത്തെ സ്പർശിക്കാൻ ശേഷിയുള്ളവ ഉണ്ടായിരിക്കും. ഒരുപക്ഷേ, ആർക്കറിയാം ആരുടേതാണ് അനുഭവങ്ങൾ എന്ന്. ഏതാണ് യഥാർഥമെന്നും വ്യാജമെന്നും. യഥാർഥത്തിൽ അനുഭവിച്ചതും പറഞ്ഞുകേട്ടതുമെന്ന്. എഴുത്തിന്റെ പ്രസക്തിയുടെ ഉരകല്ല് കൂടിയാണ് അനുഭവങ്ങൾ. എഴുത്തുകാരന്റെ പ്രതിഭയ്ക്കു മുന്നിലെ വെല്ലുവിളിയും.
പ്രധാനമായും രണ്ടു മഴക്കാലങ്ങളെ ചുറ്റി, കിണറ് വറ്റുന്നതിനും നിറയുന്നതിനുമിടയിലായി, ചൂടിനും നേരിയ കുളിർമയ്ക്കും മധ്യേ ജീവിക്കുന്നവരാണ് മലയാളികൾ. മഴയില്ലാത്ത ദേശത്ത്, കഠിനമായ മഴ അതുവരെയുള്ള ജീവിതത്തിന്റെ അസ്തിവാരം തോണ്ടുന്ന ഇടങ്ങളിൽ ജീവിക്കുമ്പോഴും കാലഗണനയ്ക്ക് നാട്ടിലെ മഴ തന്നെയാണ് ആശ്രയം. കുട്ടിക്കാലത്തിന്റെ മഴയെക്കുറിച്ചാണ് ഓർമയിൽ പെയ്യുന്ന മഴയിൽ എന്ന ലേഖനത്തിൽ ഇ. സന്തോഷ് കുമാർ എഴുതുന്നത്. ഇതുവരെയും കഥയായിട്ടേയില്ലാത്ത ‘അനാഘ്രാത’ അനുഭവം.
കുട നന്നാക്കുന്ന ആളായിട്ടും മകൾക്ക് സ്വന്തമായി ഒരു കുട വാങ്ങിക്കൊടുക്കാൻ കഴിയാതിരുന്ന അച്ഛൻ. മഴക്കാലത്ത് അച്ഛന്റെ കുടയിൽ കയറി വെള്ളം നിറഞ്ഞുകിടക്കുന്ന പാടം കടന്ന് വീട്ടിലെത്താൻ കാത്തുനിന്ന മകൾ. കുട നന്നാക്കാൻ കൊടുത്ത് കാത്തുനിന്നപ്പോൾ, സഹപാഠിയായിട്ടും ഒന്നു നോക്കുകയോ സംസാരിക്കുകയോ ചെയ്യാതിരുന്ന പെൺകുട്ടി.
അവൾ എന്റെ നേർക്ക് നോക്കിയില്ല. അവളുടെ ദൃഷ്ടിയിൽ അപ്പോൾ പുറത്തെ പെയ്തൊഴിയാത്ത മഴ മാത്രമായിരുന്നു.
കുറച്ചു ദൂരേക്ക് പാടത്തിലെ ഇല്ലാതായ വരമ്പിൽ ചവിട്ടി അവർ നടന്നുമറഞ്ഞു. ഒറ്റക്കുടയിൽ മുന്നിലും പിന്നിലുമായി രണ്ടു നിഴലുകൾ ആ വീതി കുറഞ്ഞ വരമ്പിലൂടെ നടന്നുപോകുന്നത് എനിക്കപ്പോൾ ഊഹിക്കാം. പാതയിലൂടെ പോകുന്ന വലിയ ലോറികളുടെ വെളിച്ചം അവരെ ഇടയ്ക്കിടെ കാഴ്ചയിലേക്കു കൊണ്ടുവന്നു. പിന്നെ മായ്ക്കുന്നു. കാറ്റടിക്കുമ്പോൾ വെള്ളത്തിൽ വാഹനങ്ങളുടെ വെളിച്ചം ഇളകിക്കൊണ്ടിരുന്നു. ആ വെളിച്ചത്തിൽ ചാറ്റൽമഴയുടെ തുള്ളികൾ നൃത്തം വയ്ക്കുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മൗലികതയുടെ നൈസർഗ്ഗിക പ്രഭ പരത്തിയതിൽ മുന്നിൽ നിൽക്കുന്ന ഒരു കഥ സന്തോഷ് കുമാറാണ് എഴുതിയത്. പാവകളുടെ വീട്. കൊൽക്കത്ത പശ്ചാത്തലമായ, അപൂർവമായ ഒരു അനുഭവം അനാവരണം ചെയ്യുന്ന ജീവിതഖണ്ഡം. പാവകളുടെ ലോകം എന്ന ലേഖനത്തിൽ ആ കഥയുടെ വഴികളെക്കുറിച്ച് എഴുത്തുകാരൻ മറ്റൊരു കഥയെഴുതുന്നു. ജീവിതത്തിനും കഥയ്ക്കുമിടയിലെ അതിർവരമ്പ് മായ്ച്ചുകൊണ്ട്.
അരുൺ ചന്ദ്ര മുഖർജി, കാളീചരൺ മുഖർജിയായതിനെക്കുറിച്ചും അദ്ദേഹത്തിന്റെ അനുഭവങ്ങൾ കഥയെ വ്യതിരിക്തമാക്കിയതിനെക്കുറിച്ചും.
കെ. സി. മുഖർജി പരിചിതനായ വ്യക്തിയല്ല; അദ്ദേഹത്തിന്റെ അനുഭവങ്ങളും. കഥയുടെ പശ്ചാത്തലം കേരളമോ കഥാപാത്രങ്ങൾ മലയാളികളോ അല്ല. എന്നാൽ, വർഷങ്ങൾ നീണ്ട തിരക്കിട്ട ജോലിക്കു ശേഷം വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹവും ഭാര്യയും ഉൾപ്പെട്ട ലോകം പാവകളെക്കൂടി ചേർത്ത് സന്തോഷ് കുമാർ കഥയായി പറയുമ്പോൾ പൂർണമായും വ്യാഖ്യാനിക്കാനാവാത്ത അസ്വസ്ഥതയുടെ കുത്തൊഴുക്കിൽ ഉലയുന്നുണ്ട് വായനക്കാർ. ലഹോറിലെ വീട്ടിൽ വീണ്ടും സന്ദർശകനായി പോയ അദ്ദേഹത്തിന്റെ അനുഭവം, അത്തരം അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടേയില്ലാത്ത വായനക്കാരെപ്പോലും അഗാധമായി സ്പർശിക്കുന്നു.
തന്റെ ഓരോ കഥയും വരുമ്പോൾ കടുത്ത വാക്കുകളിൽ വിമർശിക്കുന്ന സുഹൃത്ത് ഒരിക്കൽ സന്തോഷ് കുമാറിനോട് ചോദിച്ചു: നിങ്ങൾ ആ സ്പാനിഷ് കഥ വായിച്ചിട്ടുണ്ടല്ലേ. അങ്ങനെയല്ലാതെ വരില്ല. വലിയ സാദൃശ്യങ്ങളുണ്ട്. ഒന്നും തോന്നരുത്. നിങ്ങൾ എപ്പോഴെങ്കിലും വായിച്ചുകാണും. മറന്നതാവാം. അങ്ങനെയല്ലാതെ നമ്മുടെ എഴുത്തുകാർ വിചാരിച്ചാൽ അതൊന്നും സാധിക്കില്ല. നമ്മുടെ സാഹിത്യപാരമ്പര്യം അവരുടേതുപോലെയല്ലല്ലോ. പരാമർശിച്ച സ്പാനിഷ് കഥ വായിക്കുകയോ കേൾക്കുകയോ പോലും ചെയ്തിട്ടില്ലാത്ത എഴുത്തുകാരൻ അദ്ഭുതപ്പെടുകയാണ്. അനുഭവങ്ങളുടെ അനുഭാവത്തെക്കുറിച്ചും അനുഭാവമില്ലായ്മയെക്കുറിച്ചും ആലോചിച്ച്. അവ, നമ്മെ നയിക്കുന്ന ദൂരങ്ങളെക്കുറിച്ച്. എത്തിക്കുന്ന ദേശങ്ങളെക്കുറിച്ച്. സമ്മാനിക്കുന്ന കഥകളെക്കുറിച്ച്. സുഹൃത്തുക്കളാക്കുന്ന മനുഷ്യരെക്കുറിച്ച്.
അകലെ, അരികെ, എഴുത്ത്, വായന, മൊഴി എന്നിങ്ങനെ അഞ്ചു ഭാഗങ്ങളിലായി ഇ. സന്തോഷ് കുമാർ വരച്ചിടുന്ന ലോകത്തിന് അദ്ദേഹത്തെ കഥകളുടെ, നോവലുകളുടെ, നോവലെറ്റുകളുടെ തന്നെ അന്യാദൃശ ചാരുതയുണ്ട്. അനായാസവും അലസവുമായ വായനയ്ക്കു പകരം, മനസ്സു തൊടുന്ന ഈ വാക്കുകൾ അത്രവേഗം മറക്കാനോ പൊറുക്കാനോ ആവുന്നതല്ല. നമ്മുടെ കാലത്തെ സമ്പന്നമാക്കുന്ന ഭാവനയുടെ, ഭാവുകത്വത്തിന്റെ ഈ മഴനിഴൽ പ്രദേശത്തോട് നന്ദിയുള്ളവരാകാം. കഥകളുടെ മഴക്കാലത്തിനു വേണ്ടി കാത്തിരിക്കാം. ആ മഴയിൽ നനഞ്ഞ് മറ്റൊരു മഴയാകാം.
ഭൂതനഗരം : ആ തകർന്ന ജാലകങ്ങളല്ലാതെ മറ്റൊന്നുമില്ല
ഇ. സന്തോഷ് കുമാർ
എച്ച് ആൻഡ് സി ബുക്സ്
വില : 240 രൂപ