സത്യന്റെ അവസാന ദിവസങ്ങൾ രാജീവ് ശിവശങ്കർ പുനഃസൃഷ്ടിച്ചതു വായിച്ചപ്പോൾ സത്യൻ എഴുതാതെപോയ ആത്മകഥയെക്കുറിച്ചാണു ചിന്തിച്ചത്. സ്വന്തം കഥ എഴുതിയിരുന്നെങ്കിലും ഈ രംഗം അദ്ദേഹത്തിന് എഴുതാൻ ആവുമായിരുന്നില്ല. അപ്പോഴേക്കും വിധി നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞിരുന്നു.

സത്യന്റെ അവസാന ദിവസങ്ങൾ രാജീവ് ശിവശങ്കർ പുനഃസൃഷ്ടിച്ചതു വായിച്ചപ്പോൾ സത്യൻ എഴുതാതെപോയ ആത്മകഥയെക്കുറിച്ചാണു ചിന്തിച്ചത്. സ്വന്തം കഥ എഴുതിയിരുന്നെങ്കിലും ഈ രംഗം അദ്ദേഹത്തിന് എഴുതാൻ ആവുമായിരുന്നില്ല. അപ്പോഴേക്കും വിധി നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സത്യന്റെ അവസാന ദിവസങ്ങൾ രാജീവ് ശിവശങ്കർ പുനഃസൃഷ്ടിച്ചതു വായിച്ചപ്പോൾ സത്യൻ എഴുതാതെപോയ ആത്മകഥയെക്കുറിച്ചാണു ചിന്തിച്ചത്. സ്വന്തം കഥ എഴുതിയിരുന്നെങ്കിലും ഈ രംഗം അദ്ദേഹത്തിന് എഴുതാൻ ആവുമായിരുന്നില്ല. അപ്പോഴേക്കും വിധി നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വപ്നത്തിന്റെ നടുമുറ്റത്ത് പള്ളിമണി മുഴങ്ങി. വീണ്ടും എൽഎംഎസ് പള്ളി സെമിത്തേരിയുടെ മുറ്റം. അതേ ജനാവലി. പാട്ട്. കാക്കക്കൂട്ടത്തിന്റെ കരച്ചിൽ. ഇപ്പോൾ മുഖങ്ങൾ കുറേക്കൂടി വ്യക്തമാണ്. തിക്കുറിശ്ശി, രാമു കാര്യാട്ട്, തോപ്പിൽ ഭാസി, എം. ഒ. ജോസഫ്, പ്രേംനസീർ, മധു, അടൂർ ഭാസി, എസ്. പി. പിള്ള, ഹരിപോത്തൻ... പുഷ്പാലംകൃതമായ തുറന്ന വാഹനത്തിനു പിന്നാലെ അവർ സങ്കടം കഴുകിയെടുത്ത മുഖത്തോടെ നടക്കുന്നു. വഴിയുടെ ഇരുവശങ്ങളിലും തിങ്ങിക്കൂടിയ ജനാവലി. പലരും വിങ്ങിക്കരയുന്നുണ്ട്. ആരോ ഒരാൾ പൊലീസിന്റെ വലയം ഭേദിച്ച് ആർത്തലച്ചുകരഞ്ഞ് ശവമഞ്ചത്തിനരികിലേക്ക് ഓടിയെത്തിയപ്പോൾ സ്വപ്നത്തിൽ നിന്നുണർന്നു. പാട്ട് നിന്നിരിക്കുന്നു. വിയർപ്പ് ഉടലിലൂടെ ചാലിടുന്നു. ശ്വാസം മുട്ടുന്നതുപോലെ. 

ഫോണെടുത്ത് പൈ ഡോക്ടറെ വിളിച്ചു. മിണ്ടാനാവുന്നില്ല. 

ADVERTISEMENT

ഹലോ... സത്യൻ മാസ്റ്ററാണോ? ചിരിയുടെ അകമ്പടിയോടെ ഡോക്ടർ പൈയുടെ മൃദുവായ ശബ്ദം. ഇന്നും പള്ളിസെമിത്തേരി സ്വപ്നം കണ്ടോ? 

ഉവ്വ്. ‌

ഉറക്കം വരാതെ കിടന്നപ്പോഴാണ് സത്യൻ ഡോക്ടറെ വിളിച്ചത്. ഉറങ്ങാനാവാത്ത പലരും ഈ ലോകത്തുണ്ടെന്ന് ഡോക്ടർ ഓർമിപ്പിച്ചു. ഭരണാധികാരികൾ. വിപ്ലവകാരികൾ. ജയിൽപ്പുള്ളികൾ...

അതിന്റെ ബാക്കി പൂരിപ്പിച്ചത് സത്യൻ തന്നെയാണ്. 

ADVERTISEMENT

പിന്നെ, മരണം കാത്തുകഴിയുന്ന എന്നെപ്പോലുള്ളവരും അല്ലേ...

സത്യന്റെ അവസാന ദിവസങ്ങൾ രാജീവ് ശിവശങ്കർ പുനഃസൃഷ്ടിച്ചതു വായിച്ചപ്പോൾ സത്യൻ എഴുതാതെപോയ ആത്മകഥയെക്കുറിച്ചാണു ചിന്തിച്ചത്. സ്വന്തം കഥ എഴുതിയിരുന്നെങ്കിലും ഈ രംഗം അദ്ദേഹത്തിന് എഴുതാൻ ആവുമായിരുന്നില്ല. അപ്പോഴേക്കും വിധി നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞിരുന്നു. അപൂർണമായി അവസാനിപ്പിച്ചേക്കാമായിരുന്ന ആത്മകഥയുടെ അവസാന രംഗങ്ങൾ സങ്കൽപിക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. ആ സങ്കൽപം യാഥാർഥ്യമാക്കിയിരിക്കുകയാണ് സത്യം എന്ന അസാധാരണ നോവൽ. ഒന്നുറപ്പാണ്. സത്യൻ ഇതു വായിച്ചാൽപ്പോൽപ്പോലും വിയോജിക്കുമെന്നു തോന്നുന്നില്ല. അത്രമാത്രം ആ ജീവിതത്തോടു നീതി പുലർത്താൻ നോവലിനു കഴിഞ്ഞിരിക്കുന്നു. അവകാശവാദമല്ല. സത്യൻ എന്ന നടനെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ഇതുവരെ വായിച്ചതും അറിഞ്ഞതും അടിസ്ഥാനമാക്കിയുള്ള അനുഭവസാക്ഷ്യം.

അരനൂറ്റാണ്ട് മുൻപാണു സത്യൻ മരിച്ചത്. കാലം കറുത്ത തിരശ്ശീല വീഴ്ത്തിയ 53 വർഷം പിന്നിലേക്കു പോയാണ് അവസാന രംഗങ്ങൾ പകർത്തിയത്.1912 ൽ ജനിച്ച നടന്റെ കുട്ടിക്കാലം പകർത്താൻ 60 ൽ അധികം വർഷം കൂടി സഞ്ചരിക്കേണ്ടിവന്നിട്ടുണ്ട്. ഒരു നൂറ്റാണ്ട് തന്നെ. ആ ദൂരമത്രയും ലഭ്യമായ വിവരങ്ങളുടെ മാത്രം സഹായത്തോടെയല്ല നോവലിസ്റ്റ് സഞ്ചരിച്ചത്. ഭാവനയുടെ ശക്തി കൊണ്ടാണ്. സത്യത്തേക്കാൾ സത്യമായ ഭാവന. 

കഷ്ടിച്ച് 20 വർഷം മാത്രം സ്ക്രീനിൽ നിറഞ്ഞുനിന്ന് മലയാള സിനിമയ്ക്ക് യാഥാർഥ്യബോധം നൽകിയ സത്യന്റെ കാലം മാറ്റത്തിന്റെ കാലം കൂടിയായിരുന്നു. ഉദയായും മെറിലാൻഡും ചേർന്ന് മദ്രാസിൽ നിന്നു കേരളത്തിലേക്കു സിനിമ പറിച്ചുനട്ട കാലം. കറുപ്പിലും വെളുപ്പിലും നിന്ന് സിനിമ വർണചിത്രങ്ങളിലേക്കു വളർന്നതും കേരളത്തിന്റെ അതിരു കടന്ന് മലയാള സിനിമയുടെ നീലക്കുയിൽ പാടിപ്പറന്നതും ഇതേ കാലത്തു തന്നെ. പ്രേംനസീർ, യേശുദാസ്, ജയചന്ദ്രൻ, ഷീല, ശാരദ, പി. ഭാസ്കരൻ, വയലാർ, ദേവരാജൻ, മധു, രാമു കാര്യാട്ട് തുടങ്ങിയ പ്രതിഭാസമ്പന്നരുടെ രംഗപ്രവേശത്തിനും ഈ കാലം സാക്ഷ്യം വഹിച്ചു. അവരെയെല്ലാം ഉൾക്കൊള്ളുന്നതിലും അസാധ്യ മിഴിവോടെ അവതരിപ്പിക്കുന്നതിലും കൂടി വിജയിക്കാൻ രാജീവിനു കഴിഞ്ഞിട്ടുണ്ട്. സത്യന്റെ കഥയിൽ നിന്നു മാറ്റിനിർത്താനാവാത്ത സിനിമയുടെ ചരിത്രം കൂടി ആണ് സത്യം എന്ന നോവൽ എല്ലാ അർഥത്തിലും. വിരസമായ കണക്കുകളോ നാൾവഴിപ്പുസ്തകമോ അല്ല ഇത്. പച്ചമനുഷ്യരുടെ കണ്ണീരിന്റെ, വിയർപ്പിന്റെ, സ്വപ്നങ്ങളുടെ, സങ്കടത്തിന്റെ ജീവസ്സുറ്റ ചിത്രം. 

ADVERTISEMENT

വിജയിച്ച ഏതു നടനും നടിക്കും പറയാനുണ്ടാവും അസാധാരണമായ കുറേ കഥകൾ. അതിലും അസാധാരണമാണ് സാധാരണക്കാരായ എത്രയോ പേരുടെ ജീവിതമെങ്കിലും അവ കേൾക്കാനോ എഴുതാനോ വായിക്കാനോ ആരുമുണ്ടാകില്ല. അവരുടെ ഏറ്റവും അടുത്തുള്ളവർ മാത്രമായിരിക്കും ആ ജീവിതങ്ങളുടെ ഏകസാക്ഷികൾ. സത്യൻ വ്യത്യസ്തനായിരുന്നു എന്നു മാത്രം പറഞ്ഞാൽ ആ ജീവിതത്തോട് ചെയ്യുന്ന നീതികേടായിരിക്കും അത്. 

സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി വാളെടുത്ത ധീരയായ ഉണ്ണിയാർച്ചയുടെ കഥ അടുക്കോടെയും ചിട്ടയോടെയും ശാരംഗപാണി അവതരിപ്പിച്ചു. ഉണ്ണിയാർച്ചയുടെ ജീവിതത്തിൽ ആരോമൽ ചേകവർക്കും കുഞ്ഞിരാമനുമുള്ള പ്രാധാന്യം വിവരിച്ചു. കുഞ്ഞിരാമനായി അഭിനിയിക്കുന്നത് പ്രേം നസീറാണ്. കഥയും ഏതാനും സംഭാഷണങ്ങളും വായിച്ചുകേൾപ്പിച്ച് ഫയൽ അടച്ച് എഴുന്നേൽക്കുമ്പോൾ ശാരംഗപാണി സത്യന്റെ അടുത്തേക്കു നീങ്ങിനിന്നു. 

സാറിന് എന്നെ ഒട്ടും ഓർമയില്ലേ? 

നമ്മൾ മുൻപ് കണ്ടിട്ടുണ്ടോ? 

സത്യൻ തലയണ കിടക്കയിലിട്ട് എഴുന്നേറ്റു. ശാരംഗപാ‌ണി തിരക്കഥ മേശപ്പുറത്തുവച്ച് കുപ്പായത്തിന്റെ മുൻവശത്തെ കുടുക്കുകൾ അഴിച്ചുനീക്കി. വാരിയെല്ലിൽ കരിനീലിച്ച പാട്. മാംസം ചതഞ്ഞ അടയാളങ്ങൾ. ഇപ്പോൾ ഓർമവരുന്നുണ്ടോ. വിറയ്ക്കുന്ന വിരലുകൾ നെഞ്ചിലെ പാടുകളിലേക്കു ചൂണ്ടി ശാരംഗപാണി ചോദിച്ചു. സത്യൻ പതറി. 

അപ്പോൾ മാത്രമല്ല ആ മനുഷ്യൻ (അപ്പോൾ അയാൾ നടനായിരുന്നില്ല) പതറിയത്. 

നമുക്കൊരു ഹിന്ദിപ്പടത്തിനു പോയാലോ? 

മക്കൾ മയങ്ങാനുള്ള പുറപ്പാടാണന്നു തോന്നിയപ്പോൾ സത്യൻ ചോദിച്ചു. 

വേണ്ട പപ്പാ. 

അതെന്താ മലയാളം മാത്രമേ കാണത്തുള്ളോ? 

അതല്ല, സ്ക്രീനിൽ മാത്രം തെളിഞ്ഞാൽപ്പോരല്ലോ പപ്പാ. കണ്ണിൽ കൂടി തെളിയണ്ടേ പപ്പാ. 

പ്രകാശിന്റെ ചോദ്യം സത്യനെ നോവിപ്പിച്ചു. 

സമകാലികനും എതിരാളിയെന്നു ചലച്ചിത്ര ലോകം വിശേഷിപ്പിച്ച നടനുമായ പ്രേംനസീറിനെ ചിറയിൻകീഴുകാരൻ എന്നും അബ്ദുൽ ഖാദറെന്നും വിളിക്കുന്ന സത്യൻ. അടുപ്പമുള്ളവരോടു സംസാരിക്കുമ്പോൾ അതു മേത്തച്ചെറുക്കൻ എന്നുപോലും ആകുന്നുണ്ട്. നസീറിനേക്കാൾ ഒരു രൂപയെങ്കിലും കൂടുതൽ പ്രതിഫലം വേണമെന്നു വാശിപിടിച്ചു വാങ്ങിയ അതേ നടൻ നസീറുമായി ചെലവഴിക്കുന്ന സൗഹൃദ നിമിഷങ്ങളുടെ ഒട്ടേറെ ചിത്രങ്ങളും ഈ നോവലിലുണ്ട്.

സിനിമയാണ്. മസാലയ്ക്ക് ഒരു കുറവുമില്ല. അടുത്തറിയുമ്പോൾ എത്രയെത്ര കഥകളായിരിക്കും കിട്ടുക. എന്നാൽ, അന്തസ്സോടെയാണ് മലയാള സിനിമയുടെ ചരിത്രം രാജീവ് പുനഃസൃഷ്ടിച്ചത്. പല നടീ നടൻമാരുടെയും സ്വഭാവ വൈചിത്ര്യങ്ങൾ വ്യക്തമായി സൂചിപ്പിക്കുമ്പോഴും തരംതാണ ഭാഷയോ ഭാവനയോ ഒരിക്കൽപ്പോലും പ്രയോഗിക്കുന്നില്ല.

സത്യന്റെ ജീവിതം സത്യത്തേക്കാൾ മിഴിവോടെ പറയുന്ന ഈ നോവൽ, സിനിമയുടെ രംഗസംവിധാനത്തിലൂടെയാണ് രാജീവ് അവതരിപ്പിക്കുന്നത്. സ്വന്തം ഭാഷ അപൂർവായി മാത്രം ഉപയോഗിച്ച്, ‌എണ്ണമറ്റ കഥാപാത്രങ്ങളെക്കൊണ്ടാണ് സംസാരിപ്പിക്കുന്നത്. വിരസത ഇല്ലാതെയും പൂർണമായി ലയിച്ചും വായിക്കാനാവുന്നത് ഈ അപൂർവ സങ്കേതം ഉപയോഗിക്കുന്നതുകൊണ്ടു കൂടിയാണ്. 

സത്യനെക്കുറിച്ച് ഏറെ അറിഞ്ഞവരും വായിച്ചവരുമാണ് പലരും. എന്നാൽ, ഈ സത്യം കാണാതെ പോകരുത്. വായിക്കാതിരിക്കരുത്. ഈ ചരിത്രം നമ്മുടേതാണ്. ഈ ജീവിതം സത്യമാണ്. സിനിമ കാണുമ്പോൾ ഒരു നിമിഷമെങ്കിലും അതു സിനിമയാണെന്നു മറക്കുമെന്നപോലെ ഈ നോവലും മറ്റൊരു ലോകം സമ്മാനിക്കും. സത്യന്റെ പ്രശസ്തമായ സിനിമ പോലെ കരുത്തും പാരുഷ്യവും ഒപ്പം നിരാധാര സങ്കടങ്ങളും പകരുന്ന സത്യം മാസ്റ്റർപീസ് എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹമാണ്.

സത്യം 

രാജീവ് ശിവശങ്കർ 

മാതൃഭൂമി ബുക്സ് 

വില : 660 രൂപ

English Summary:

Sathyam: A Cinematic Tribute to Malayalam Cinema Legend Sathyan