Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൗമാരത്തിന്റെ കയ്യൊപ്പ്

അച്ഛനെയും സഹോദരിയെയും നഷ്ടപ്പെട്ടു. ഏകാശ്രയം അമ്മ.പ്രഭുകുടുംബത്തിന്റെ പിന്നാമ്പുറത്ത് അപമാനിതനും ദുഃഖിതനുമായി ഇനിയെങ്ങോട്ടെന്നാലോചിച്ച്, ഉഴറി നിൽക്കുന്ന അപു. പ്രസന്നവദനയായ പഥദേവത ചാർത്തിയ അനന്തയാത്രയുടെ അദൃശ്യതിലകം നെറ്റിയിൽ.

പഥേർ പാഞ്ചാലി എന്ന പാതയുടെ പാട്ട് ഈ രംഗത്തിലാണ് അവസാനിച്ചതെങ്കിൽ അപൂവിന്റെ കൗമാരത്തിന്റെ കഥയാണ് അപരാജിതോ. ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായയുടെ നോവൽ പ്രശസ്ത വിവർത്തക ലീല സർക്കാർ മലയാളികൾക്കായി മൊഴി മാറ്റി- അപരാജിതൻ എന്ന പേരിൽ.

ശൈശവ നിഷ്കളങ്കതയുടെ സ്തുതിഗീതമാണു പഥേർ പാഞ്ചാലിയെങ്കിൽ കളിചിരികളും കുസൃതിയും ഭാവിയുടെ നിറംപിടിപ്പിച്ച സ്വപ്നങ്ങളുമുള്ള കൗമാരത്തിന്റെ ഉണർത്തുപാട്ടാണ് അപരാജിതൻ.പ്രതിബന്ധങ്ങളുടെ പായൽക്കൂട്ടങ്ങളെ വകഞ്ഞുമാറ്റി ജീവിതത്തോണി തുഴയുന്ന ഏകാകിയുടെ പ്രചോദനാത്മക ജീവചരിത്രം. ഒറ്റപ്പെടലിന്റെയും അവഗണനയുടെയും കഠോരദിനങ്ങൾക്കിടയിലും മരുഭൂമിയിൽ നീറുറവയെന്നപോലെ രക്ഷകൻ അവതരിച്ചേക്കാമെന്ന പ്രതീക്ഷയുടെ ശുഭസൂചന.

അച്ഛന്റെ തുരുമ്പുകയറിയുടെ പെട്ടിയിലെ പഴയ മാസികത്താളുകൾ ആർത്തിയോടെ വായിക്കുന്ന കൂട്ടി: അപുവിന്റെ ബാല്യകാലജീവിതത്തിലെ ഈ ചിത്രത്തിനു മിഴിവേറെയുണ്ട്. കൂടുതൽ വായിക്കണം. അറിവു നേടണം. സ്കൂളിൽ പോകണം. ഏറ്റവും ലഘുവായ ഈ മോഹങ്ങൾപോലും മരവിക്കാൻ തുടങ്ങിയപ്പോഴാണ് ദൈവദൂതനെപ്പോലെ വലിയച്ഛൻ അപൂവിന്റെ ജീവിതത്തിലേക്കു വരുന്നത്.

പ്രഭുകുടുംബത്തിൽ അവനെ കുറച്ചെങ്കിലും മനസ്സിലാക്കിയ ലീലയോടുപോലും യാത്രപറയാൻ നിൽക്കാതെ അവൻ അമ്മയോടൊപ്പം പാതയിലേക്കിറങ്ങുകയായി: തല ചായ്ക്കാൻ വീടും വശപ്പടക്കാൻ ഭക്ഷണവും തേടി. ഇച്ഛാമതി നദിയുടെ തീരത്തെ നിശ്ഛിന്ദപുരവും ജനിച്ചുവളർന്ന വീടും ഓടിക്കളിച്ച മുറ്റവും കൂടപ്പിറപ്പായ ദുർഗയുടെ സ്നേഹവും ദൂരെയാണ്; അതിവിദൂരമായ ഏതോ ഭൂതകാലത്ത്.

ട്രെയിനിലും കാളവണ്ടിയിലുമൊക്കെകയറി അവർ വല്യഛന്റെ ഗ്രാമത്തിലെത്തി- മനസാപോത്ത. പൂജകളും കർമങ്ങളും ചെയ്യാൻ അയൽവക്കത്തൊന്നും ബ്രാഹ്മണൻ ഇല്ലാതിരുന്നതിന്റെ നിരാശയിൽ കഴിഞ്ഞിരുന്ന ഗ്രാമീണർ അപുവിനെയും അമ്മയെയും വരവേറ്റു. വേദമന്ത്രങ്ങൾ ഹൃദിസ്ഥമാക്കിയിട്ടില്ലെങ്കിലും കർമങ്ങൾ നേരാംവണ്ണം അറിയില്ലെങ്കിലും അപു പുരോഹിതവേഷം അഭിനയിച്ചുതുടങ്ങി.

മാസങ്ങൾക്കുശേഷം അവനും അമ്മയും വയറുനിറയെ ഭക്ഷണം കഴിച്ചു; ശാന്തമായി കിടന്നുറങ്ങി. ദൈവം ഒടുവിൽ തന്റെ കുടുംബത്തെനോക്കി പുഞ്ചിരിക്കുകയാണെന്ന് അപുവിന്റെ അമ്മ സർവജയക്കുപോലും തോന്നി. പക്ഷേ, അപൂവിൽ അസ്വസ്ഥത വളരാൻ തുടങ്ങി. എങ്ങനെയും സ്കൂളിൽ ചേരണം. നിവേദ്യച്ചോറിനോടും ഹോമകുണ്ഡങ്ങളോടും വിടപറഞ്ഞ് അവൻ സ്കൂളിൽ എത്തി.

കുറഞ്ഞകാലം കൊണ്ടു മിടുക്കനായ വിദ്യാർഥിയായി. ഉയർന്ന ക്ളാസുകളിൽ ആയതുമുതൽ വീടുകളിൽ താമസിച്ചു പ്രൈവറ്റ് ട്യൂഷനും എടുക്കാൻ തുടങ്ങി; അതായിരുന്നു വരുമാനമാർഗം. മെട്രിക്കുലേഷൻ വിജയിച്ചപ്പോൾ അടുത്ത സ്വപ്നം കൽക്കത്ത. കോളജ്. അവിടെയും അവൻ ബുദ്ധിശക്തിയും ആത്മാർത്ഥതയും പ്രതിഭാവിലാസവും കൊണ്ടു സഹപാഠികളുടെ പ്രിയപ്പെട്ടവനായി.

അധ്യാപകരുടെ വാൽസല്യപാത്രമായി. അന്തസ്സുള്ള താമസസ്ഥലം അന്യമായിരുന്നെങ്കിലും ഒരുനേരം പോലും വിടാതെ വിശപ്പ് പിന്തുടർന്നെങ്കിലും അലസതയെ അകറ്റി ആർത്തിയോടെ വായിച്ചും പഠിച്ചും അവൻ മുന്നേറി. പഠനകാലത്തു കോളജിൽ അവതരിപ്പിക്കാൻ അവർ ഒരിക്കൽ പ്രബന്ധം തയ്യാറാക്കി: ‘പുതുമയുടെ ആഹ്വാനം’ എന്ന പേരിൽ. എല്ലാ വിഷയങ്ങളിലും പുതുമയെ സ്വീകരിക്കാനുള്ള ആഹ്വാനമായിരുന്നു പ്രബന്ധം.

തന്നിൽ അതിശക്തവും സുന്ദരവുമായ ഏതോ ഒരു ശക്തി ഉണ്ടെന്നുള്ള വിശ്വാസമായിരുന്നു അപുവിന്റെ കൈമുതൽ. പത്തൊമ്പതു വർഷം നീണ്ട ജീവിതത്തിലെ ഓരോ നിമിഷവും അവന്റെ ഓർമയിലുണ്ടായിരുന്നു. ഓരോ ദിവസത്തെയും സുഖദുഃഖങ്ങൾ, വഴിയരികിൽ നിന്നു നിസ്സഹായനായി കരയുന്ന കുട്ടി, അപരാഹ്നത്തിലെ മങ്ങിയ വെളിച്ചത്തിൽ നാട്ടിലെ വനത്തിലരികെ മരക്കൊമ്പിലിരുന്ന് ആടുകയും പാടുകയും ചെയ്യുന്ന പക്ഷി, ചേച്ചിയുടെ സ്നേഹം നിറഞ്ഞ ദൃഷ്ടി, കൊടുംവെയിലും നീലാകാശവും, നിലാവിൽ മുങ്ങിനിൽക്കുന്ന രാത്രി... എല്ലാം അവന്റെ മനസ്സിലൂടെ എന്നും കടന്നുപോയി.

അപു നഗരത്തിൽ പഠിക്കാൻ പോയതുമുതൽ അമ്മ സർവജയ വീട്ടിൽ തനിച്ചാണ്. മകൻ വിദൂരത്തു പഠിക്കാൻ പോകുന്നതൊന്നും അവർക്ക് ഇഷ്ടമല്ലെങ്കിലും അവന്റെ ആഗ്രഹങ്ങൾക്കൊന്നും അവർ എതിരുനിൽക്കാറില്ല. വല്ലപ്പോഴും അപു അയച്ചുകൊടുക്കുന്ന ചെറിയ തുകയുടെ മണിഓർഡറുകളാണ് വരുമാനം.

കൽക്കത്തയിൽ അപുവിന്റെ ജീവിതം കഷ്ടപ്പാടുകളും ദാരിദ്ര്യവും അപമാനവും നിറഞ്ഞതായിരുന്നു. ഒരു വീട്ടിൽ ട്യൂഷൻ പഠിപ്പിക്കുന്ന ജോലി കിട്ടിയെങ്കിലും കുട്ടിയുടെ അസുഖത്തെത്തുടർന്ന് അതുനിന്നു. മറ്റൊരിടത്ത് കുട്ടിയുടെ അഹങ്കാരവും അപമര്യാദയും സഹിക്കാനാകാതെ ജോലി മതിയാക്കി.

സുഹൃത്തുക്കളിൽനിന്നു ചെറിയ തുകകൾ കടം വാങ്ങിയും പത്രം വിൽക്കുന്ന ജോലി ചെയ്തുമെല്ലാം അപു ജീവിതം തള്ളിനീക്കി. ഗണ്യമായ സാമ്പത്തിക സഹായം കിട്ടാതെ ഇനി ഒരു ദിവസം പോലും മുന്നോട്ടുപോകാനാവില്ല എന്ന ഘട്ടം വന്നപ്പോൾ അവൻ ഒരു പ്രഭുകുടുംബത്തിൽ യാചകനെപ്പോലെ ചെന്നു; ദയയും കാരുണ്യവും സഹായവും തേടി. അവിടെ തേടിച്ചെന്നയാളെ കണ്ടെത്താനായില്ലെങ്കിലും അപ്രതീക്ഷിതമായി മറ്റൊരാളെ കണ്ടെത്തി: കുട്ടിക്കാലത്ത് അവനോടു സ്നേഹം കാണിച്ച അപൂർവം പേരിലൊരാളായ ലീല എന്ന ലീലാമണിയെ. അപുവിന്റെ ജീവിതവൃക്ഷത്തിൽ വീണ്ടും വസന്തത്തിന്റെ പൊടിപ്പുകൾ തളിർക്കുന്ന കാഴ്ച സന്തോഷത്തോടെയും അതിലേറെ ആശ്വാസത്തോടെയുമാണ് സഹൃദയർ വായിക്കുക.

അപുവിന്റെ കൽക്കത്തയിലെ താമസത്തിനിടെയുണ്ടായ സംഭവം. ഒരു ദിവസം അപു കോളജിൽനിന്നു മുറിയിൽ വന്നു ഷർട്ടഴിക്കുമ്പോൾ അടുത്ത വീട്ടിലെ ജനാലയുടെ നേർക്കു കണ്ണു ചെന്നു. കണ്ണെടുക്കാൻ കഴിഞ്ഞില്ല. ജനാലയുടെ കതകിൻമേൽ ചോക്കുകൊണ്ട് എഴുതിവച്ചിരിക്കുന്നു: ‘ഹേമലത താങ്കളെ വിവാഹം കഴിക്കും’ എന്ന്. അപുവിന് ആശ്ചര്യം. കുറച്ചുനേരം അങ്ങോട്ടുതന്നെ നോക്കി. അയൽപക്കത്തെ വീടിനും അപുവിന്റെ മുറിക്കുമിടയിൽ ഒരു ഇടുങ്ങിയ വഴി. കുറച്ചുദിവസമായി അപു കാണുന്നുണ്ട്, അടുത്ത വീട്ടിലെ ജനാലയുടെ അഴി പിടിച്ച് ഒരു പെൺകുട്ടി അവനെ നോക്കിനിൽക്കുന്നത്.

പതിനാല്- പതിനഞ്ച് വയസ്സ് കാണും. ചുരുണ്ട തലമുടി. നല്ല ശ്യമവർണം. അവളെ ഒരു സുന്ദരിയായി അപുവിന് ഒരിക്കലും തോന്നിയിട്ടില്ല. അവൻ കോളജിൽനിന്നു വരുന്ന സമയത്ത് മിക്കദിവസവും അവളവിടെ നിൽക്കുന്നതു കാണാം. അപുവിനെ കണ്ടാൽ പെട്ടെന്നു ചിരിച്ച് കതകിന്റെ മറവിലേക്കു മാറിനിൽക്കും. ചിലപ്പോൾ ജനാല വെറുതെ അടച്ചും തുറന്നുംകൊണ്ടു നിൽക്കും.

അപുവിനെ ആകർഷിക്കാൻവേണ്ടി ചെയ്യുന്നതാണ്. പകൽസമയത്ത് രണ്ടുംമൂന്നും തവണ വേഷം മാറി മാറി ധരിച്ച് വെറുതെ ജനാലയ്ക്കരികിൽ വന്നുനിൽക്കും. അപു ഇതിനെക്കുറിച്ച് കോളജിലെ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ഒരിക്കൽ അവർ അപുവിന്റെ മുറിയിൽ എത്തിയപ്പോൾ പെൺകുട്ടിയെക്കുറിച്ചു ചോദിച്ചു. അപ്പോൾ അപു വിഷയം മാറ്റാൻ ശ്രമിച്ചു. നാണം കൊണ്ടായിരുന്നില്ല; നൊമ്പരം കൊണ്ട്. പെൺകുട്ടി മാനസികരോഗിയായിരുന്നു.

ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ എന്ന നോവലിസ്റ്റിന്റെ ഏറ്റവും വലിയ കരുത്ത് കഥാപാത്രങ്ങളെ വായനക്കാരുടെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നിടത്താണ്. ഓരോ കഥാപാത്രത്തിന്റെയും സുഖദുഃഖങ്ങൾക്കും ആശ-നിരാശകൾക്കുമൊപ്പം വായനക്കാരെയും നയിക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ നോവലുകൾ ദേശത്തിന്റെയും കാലത്തിന്റെയും ഭാഷയുടെയും അതിരുകൾ കടന്നു ക്ളാസിക്കുകളാകുന്നത്.

സത്യജിത് റേയുടെ ചലച്ചിത്രനയനങ്ങളിലൂടെ ലോകം അതിശയത്തേടെയും അനുകമ്പയോടും കണ്ട അപുവിന്റെ കൗമാരത്തിന്റെ ഹൃദയസ്പർശിയായ കഥ സാഹിത്യവായനയുടെ സുവർണകാലത്തിന്റെ തിരുശേഷിപ്പാണ്. പുസ്തകം കയ്യിലെടുക്കാൻ മടിക്കുന്നയാളെപ്പോലും ആവേശമുള്ള വായനക്കാരനാക്കുന്ന അമൃതാക്ഷരങ്ങൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.