സൈലൻസർ നഷ്ടപ്പെട്ട ബുള്ളറ്റ് പോലെ ഈ കവിതകൾ

കവിക്ക് വേട്ടക്കാരനായാൽ കൊള്ളാമെന്നുണ്ട്. വാക്കുകളുടെ പിന്നാലെ പായുന്ന വേട്ടക്കാരനാകുന്തോറും കവിതകൾ ഓടിമറയുന്ന നേരങ്ങളിൽ നിന്നും തന്നെ തിരഞ്ഞെത്തുന്ന കവിതകൾക്ക് കൂട്ടിരിക്കുന്ന കവി. ഒരാൾ എങ്ങനെ ജീവിച്ചിരിക്കുന്നു എന്നത് അയാളുടെ കവിതകൾ കൊണ്ട് സ്പഷ്ടമാക്കപ്പെടുന്നത് എഴുത്തുകാരന്റെ സത്യസന്ധതയെ തന്നെയാണ് സൂചിപ്പിക്കുന്നതും, അങ്ങനെ വരുമ്പോൾ കവി ശൈലന്റെ കവിതകളിൽ കവിയുടെ ചൂടും ചൂരുമുണ്ട്, അയാളുടെ ജീവിതവും നേർവഴികളുമുണ്ട്. സത്യസന്ധതയും തുറന്നു പറച്ചിലുകളുമുണ്ട്. ചെന്നെത്തുന്ന ഓരോ ബന്ധങ്ങളോടും നൂറു ശതമാനവും സ്വയം സമർപ്പിക്കുന്ന ഒരു മനുഷ്യനിൽ നിന്നും ശൈലൻ കവിതകളിലേക്കെത്തുമ്പോഴും അതെ സമർപ്പണത്തിന്റെ കോർത്തെടുക്കൽ കണ്ടെത്താം. ശൈലന്റെ ഏറ്റവും പുതിയ കവിതാസമാഹാരം "വേട്ടൈക്കാരൻ" കഴിഞ്ഞ ദിവസം പട്ടാമ്പിയിൽ നടന്ന കവിതാകാർണിവലിൽ വച്ച് പ്രകാശിതമായി.

തുറന്ന എഴുത്തുകളാണ് ശൈലന്റെത്. കണ്ണുകൾക്ക് മുന്നിൽ ഗോചരമാകുന്ന എന്തിനോടും സമരസപ്പെട്ടു, അതിനെയൊക്കെ തന്റേതായി കൂടെ കൂട്ടി അവയിലൊക്കെ കവിതയുടെ ആത്മപ്രകാശം വീണ്ടെടുത്ത് സ്വയം കവിയായി തിളങ്ങുന്ന ധിക്കാരിയായ മനുഷ്യൻ. കവി ഒരുപക്ഷെ സ്വയം അറിയപ്പെടാൻ ആഗ്രഹിക്കുന്നതും അത്തരമൊരു അടയാളപ്പെടുത്തലിലാണ്, മനസ്സ് നിറയെ സ്നേഹം നിറഞ്ഞ സത്യസന്ധനായ തെമ്മാടി. ശൈലന്റെ കവിതകളും അതുപോലെ തന്നെ വായിക്കാം.

സൈലൻ-സർ എന്ന കവിതയിൽ ഇതേ പ്രകാശം കാണാം,
"കയറ്റം കയറുമ്പോൾ
ബുള്ളറ്റിന്റെ
സൈലൻസർ ഊരി
താഴെ വീണു.
പിന്നീടിങ്ങോട്ട്
പതിന്മടങ്ങു-
മുഴക്കമായിരുന്നു
പാതകൾക്ക്...
അങ്ങനെ-
യെങ്ങനെയൊക്കെയോ
ഉള്ള
പേര്, ഉരിഞ്ഞുപോവുമ്പോൾ
എന്റെ മുഴക്കവും
കിടിലമാവുമായിരിക്കാം...
എന്ന കവിതയിൽ കവി സ്വയം കവിതയായി മാറപ്പെടുന്നു. കവിതയുടെ തലക്കെട്ട് സ്വയം വന്നു ചേരുന്നതോടൊപ്പം കവിതയിൽ കവി സൈലൻസർ നഷ്ടപ്പെട്ടു മുഴക്കങ്ങൾ കേൾപ്പിച്ച് ദിക്കുകൾ പ്രകമ്പനം കൊള്ളിക്കുന്ന എഴുത്തുകാരനായി മാറുന്നുണ്ട്. ഈ കവിതയെ പുസ്തകത്തിന്റെ മുഖ്യമായ ആശയം പേറുന്ന കവിതയെയും എടുത്തു പറയാൻ കഴിയും. കാരണം വേട്ടൈക്കാരനിലെ കവിതകളെല്ലാം സൈലൻസർ നഷ്ടപ്പെട്ട ബുള്ളറ്റ് പോലെയാണ്. മുഴക്കങ്ങൾ കുറച്ചധികം കേൾപ്പിക്കുന്ന കവിതകൾ.

ജാമിലൊപ്പാൻ
ബ്രഡും തിരഞ്ഞുപോയവൾ
വിസ്പർ വാങ്ങിച്ചപ്രത്യക്ഷരായിരിക്കുന്നു ....
ഭൂമിശാസ്ത്രം മറിച്ചിട്ട്
ഷവർമ്മയോ
കെ എഫ് സിയോ
തിന്നുന്നുമുണ്ടാവണം...
വായന അത്ര എളുപ്പമല്ലാത്ത ഭാഷയിൽ ബിംബങ്ങളെ കുറിച്ചിടുമ്പോൾ അതിലെ ശൈലി ശ്രദ്ധിക്കപ്പെടണം. ഇത്തരത്തിലാണ് ഇതിലെ കവിതകളിൽ അധികവും.


"അമരവിത്തെറിഞ്ഞ്
വാല് വീശി
മിന്നൽ നെയ്ത പന്തലിൽ
നടന്നു ബോറടിച്ച്
ലിപികളില്ലാത്ത ദൈവം,
ചെന്നൈ മെയിലിന്റെ
അരികു ജനലിൽ
ലോക്കൽ കമ്പാർട്ട്മെന്റിൽ
ചായക്കെറ്റിലിൽ
ചാക്കുകെട്ടുകളിൽ
അങ്ങനെ ചിലയിടത്തൊക്കെ
ബ്യാരിയിൽ
എന്നെ വരച്ചിടുന്നു...
അരികിലിരിക്കുന്ന
ചുവന്ന പെൺകുട്ടി
അപ്പോഴുമെന്ന
(അതുകഴിഞ്ഞുമെന്നെ)
ചെറ്റയെന്നു തന്നെ കരുതുന്നു..." 

കവിക്ക് ഉറക്കെ പറയാൻ മടിയില്ല, തന്റെ ചിന്തകളും ജീവിതവും. കാഴ്ചയിലും വാചകങ്ങളിലും ഒരിക്കലും ഒരുതരത്തിലും കുറിച്ചിടാൻ കഴിയുന്നവനല്ല കവിയെന്ന് ഈ കവിത സാക്ഷ്യപ്പെടുത്തുന്നു. അതിനുമപ്പുറം ഒരുപാട് അടുത്തിരുന്നാൽ മാത്രം മനസ്സിലാകുന്ന ഹൃദയവികിരണങ്ങൾ കവികൾക്ക് സാധ്യവുമാണ്. കാഴ്ചപ്പാടിന്റെയും കണ്ടെത്തലിന്റെയും വ്യത്യാസങ്ങളായിരിക്കകം അവയൊക്കെയും!

ദിക്കും ദിശയുമൊന്നുമില്ലാതെ അലഞ്ഞു നടക്കുന്നവനാണ് ശൈലനെന്ന കവി. അത് ശരീരം കൊണ്ടോ മനസ്സ് കൊണ്ടോ ആകാം. ജി.സ്പോട്ട് എന്ന കവിത ഒരു തുറന്ന പുസ്തകം പോലെ കിടക്കുന്നു..
അയല്പക്കത്തും ലൈബ്രറിയിലും വീട്ടിലുമൊക്കെ പതിവ്രതകളുടെ ധാരാളിത്തത്തിൽ മുഴുകി പോകുമ്പോൾ ഏതെങ്കിലും സിംഹത്തിന്റെ മടയിൽ ചെന്ന് കയറേണ്ടതുണ്ട്. ഒടുവിൽ,


"കപ്പിത്താൻ
മെഴുകുതിരി തെളിച്ച് നീട്ടി
നെടുവീർപ്പിടുന്നു,
എന്റെ പത്തുകപ്പലുകൾ
ആടിയുലഞ്ഞപ്രത്യക്ഷമായി
പ്പോയ വഴിയിത്..."
കവിത സ്ത്രീ വിരുദ്ധമാക്കപ്പെടുമെന്നു കവിയ്ക്ക് തന്നെ ഉറപ്പുള്ളതിനാൽ കവിതയുടെ അവസാനം
"പ്രത്യക്ഷമായ
സ്ത്രീവിരുദ്ധതകൊണ്ട്
സമ്പന്നമിക്കവിതയെന്നു
കുറ്റിച്ചൂലെടുത്ത് കൊള്ളട്ടെ
വായനക്കാരികൾ.." എന്ന് പറയാനും കവി മടിക്കുന്നില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പറയാനുള്ളതിനെ ഉറക്കെ മുഴക്കി കേൾപ്പിക്കുക തന്നെ ചെയ്യും എന്നൊരു സ്വരമുണ്ട് ശൈലന്റെ കവിതകൾക്ക്.

ദേജാവു, താമ്രപർണി എന്നീ കവിതാ പുസ്തകങ്ങളുടെ പിന്തുടർച്ചാവകാശം വേട്ടൈക്കാരനും നൽകാനാകും. അത്ര ലാഘവത്വം അവകാശപ്പെടാനാകാത്ത കവിതകൾക്ക് പക്ഷെ സൂക്ഷ്മ തലത്തിൽ വായനയ്ക്ക് സാധ്യതകൾ ഏറെയുണ്ട് താനും. വായനയിൽ അതിവായനയെ പ്രോത്സാഹിപ്പിക്കുന്ന വരികളിൽ നിന്ന് അത്രയെളുപ്പമൊന്നും വായനക്കാരന് വിട്ടു പോരാനാകില്ല. അതുതന്നെയാണ് ശൈലൻ എന്ന കവിയുടെ വാക്കിന്റെ അധീശത്വവും. മാറ്റിനിർത്തണമെന്നു കരുതുമ്പോഴും പിടിവിടാതെ ഹൃദയത്തിന്റെ ഭിത്തികളെ തുരന്നെടുത്ത് വീണ്ടും വായിച്ച് മറ്റൊരു അർത്ഥം ചികഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന കവിതകൾ കവിയെ തന്നെയാണ് കുറിക്കുന്നത്.