Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിന്റെ അസമയത്ത്

ശ്രീജിത് പെരുന്തച്ചൻ
santosh-echikanam-kochubava സന്തോഷ് എച്ചിക്കാനം, ടി.വി. കൊച്ചുബാവ

ബസിൽ വച്ച് സംസാരിക്കാഞ്ഞതിൽ സന്തോഷ് ഏച്ചിക്കാനത്തിന് മനസ്താപമുണ്ട്. അന്നു നീ എന്നോടു മിണ്ടാൻ വന്നില്ല. എങ്കിൽ ഇനി നീ ഒരിക്കലും എന്നോടു മിണ്ടാൻ പോകുന്നില്ല എന്നു പറഞ്ഞ് കൊച്ചുബാവ പോയതുപോലെ. അതിന്റെ മനസ്താപം സന്തോഷിന്റെ  മനസ്സിൽ വന്നു മുട്ടിനിൽക്കുകയാണ്.

സ്വന്തം സഹോദരന്റെ  വീട്ടിൽപോലും അതിഥിയായി അരമണിക്കൂറിലധികം ഇരിക്കരുതെന്ന് ടി.വി.കൊച്ചുബാവ എഴുതിയിട്ടുണ്ട്. അന്യനു നമ്മൾ അസഹ്യതയുണ്ടാക്കുന്നുണ്ട്. അവരെ നമ്മൾ സ്നേഹിക്കുന്നുവെങ്കിൽ ഒരു ചിരി, സൗഹൃദഭാഷണം അതിനപ്പുറം തിരിച്ചുപോരുക എന്ന് ഒരു ജന്മദിനചിത്രം എന്ന കഥയിൽ അദ്ദേഹം എഴുതി. മറ്റുള്ളവരെ വളരെക്കുറച്ചേ  ബുദ്ധിമുട്ടിക്കാവൂ എന്ന് തന്റെ കഥാപാത്രത്തെപ്പോലെ കൊച്ചുബാവയും ആഗ്രഹിച്ചിട്ടുണ്ടാവാം. അധികമാരെയും ബുദ്ധിമുട്ടിക്കാതെ തന്നെ വളരെയേറെപ്പേരുടെ  മനസ്സിലിടം  നേടാൻ കൊച്ചുബാവയ്ക്ക്  കഴി‍ഞ്ഞു. സന്തോഷ് ഏച്ചിക്കാനത്തിന്റെ  മനസ്സിലും അങ്ങനെയൊരു  സ്ഥാനമാണ്  കൊച്ചുബാവയ്ക്കുള്ളത്. 

കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ സന്തോഷ് വിദ്യാർഥിയായിരുന്ന കാലത്ത് അവിടെ ഒരു വലിയ സാഹിത്യക്യാംപ് നടന്നു. ഉദ്ഘാടനത്തിന് എം.ടിയും സമാപനത്തിന് ടി.പത്മനാഭനുമാണ് വന്നത്. രണ്ടുദിവസം നീണ്ടുനിന്ന ക്യാംപിന് എത്തിയത് ‌‌‌‌നൂറോളം എഴുത്തുകാർ. അവരെയൊക്കെ സ്വീകരിക്കേണ്ട ചുമതലയായിരുന്നു സന്തോഷിനും സഹപാഠികൾക്കും. യു.കെ.കുമാരനും അക്ബർ കക്കട്ടിലും വന്ന സമയത്തായിരുന്നു കൊച്ചുബാവയും വന്നത്. അവരുമായി സന്തോഷ് ഒത്തുകൂടി. കൊച്ചുബാവയുമായി അടുപ്പം തുടങ്ങിയ ആ വേളയിൽ സന്തോഷ്  ആ സൗഹൃദത്തിന് ചിയേഴ്സ് പറ‍ഞ്ഞു. അപ്പോൾ കൊച്ചുബാവ സന്തോഷിനോട് പറ‍ഞ്ഞു, ‘ഇവിടെ വച്ച് എന്നോട് നീ മുട്ടി. ഇനി കഥയിലും നീ എന്നോട് മുട്ടണം.’ കൊച്ചുബാവയുടെ കഥകളിലെ മൃഗീയമായ ഭാഷയായിരുന്നു സന്തോഷിന് ഏറ്റവുമിഷ്ടം. പിന്നീടും അവർ തമ്മിൽ പല തവണ കണ്ടു. കൊച്ചുബാവ പത്രാധിപരായ ഗൾഫ് വോയ്സ് മാസികയിൽ സന്തോഷ് കഥയെഴുതി.  

കാലമേറെക്കഴിഞ്ഞ്  ഒരുദിവസം  അർധരാത്രി  സന്തോഷ് കാസർകോട് നിന്ന് തൃശൂരിലേക്ക് ബസിൽ നിന്നു യാത്രചെയ്യുകയാണ്. ബസിൽ നല്ല തിരക്കുണ്ട്. മാഹിയിലെത്തിയപ്പോൾ കുറച്ചുപേർ ബസിൽക്കയറി. സന്തോഷ് നോക്കിയപ്പോൾ കൊച്ചുബാവയും സുഹൃത്തുക്കളുമാണ്. അവർക്കും കഷ്ടിച്ച് നിൽക്കാമെന്നു മാത്രം. ഉറക്കെ സംസാരിക്കുകയാണ് അവർ. പാതിരാത്രിയിലും സാഹിത്യമാണ് ചർച്ചാവിഷയം. ബസിലെ അരണ്ട വെളിച്ചത്തിൽ സന്തോഷിനെ കൊച്ചുബാവ ശ്രദ്ധിച്ചില്ല. അസമയമായിരുന്നതിനാലും അപ്പോൾ സാഹിത്യം സംസാരിക്കാനുള്ള മാനസികാവസ്ഥയിൽ അല്ലാത്തതിനാലും സന്തോഷ് തിരിഞ്ഞുനിന്നു, കൊച്ചുബാവ കാണാതിരിക്കാൻ. ഇത്തവണ എന്തായാലും അദ്ദേഹത്തെ മുട്ടുന്നില്ലെന്ന് സന്തോഷ്  തീരുമാനിച്ചു. അസമയത്ത് കണ്ട കൊച്ചുബാവ ജീവിതത്തിന്റെ അസമയത്ത് തന്നെ വിടപറഞ്ഞു എന്ന വിവരമാണ് വളരെക്കുറച്ചുനാളിനകം സന്തോഷ് അറിഞ്ഞത്. അവസാനകാലത്ത് കൊച്ചുബാവ കഥകൾ എഴുതിക്കൂട്ടുകയായിരുന്നു. എല്ലാം ഒന്നിനൊന്ന് തീക്ഷ്ണതയുള്ളത്. അക്കാലത്ത് ഒരുതരം മൽസരബുദ്ധിയോടെ കൊച്ചുബാവ എഴുതിയെന്നു  പറഞ്ഞാൽപ്പോലും തെറ്റില്ലെന്ന് സന്തോഷ്. എഴുത്തിനോടുള്ള ആ ഇഷ്ടക്കൂടുതലാവാം അർധരാത്രി തിരക്കുള്ള ബസിൽ നിന്നുകൊണ്ടുവരെ കഥയെക്കുറിച്ച് ഉച്ചത്തിൽ സംസാരിക്കാൻ  കൊച്ചുബാവയെ പ്രേരിപ്പിച്ചതെന്ന് കരുതാനാണ് സന്തോഷിന് ഇഷ്ടം.

കൊച്ചുബാവയുടെ യാത്രകൾക്ക് ചിലപ്പോഴെങ്കിലും പ്രവ ചനസ്വഭാവം  ഉണ്ടായിരുന്നോ? ഒരിക്കൽ തീവണ്ടിയാത്രയ്ക്കിടെ കൊച്ചുബാവ ടിടിഇയോട് പറഞ്ഞു, തനിക്ക് അനുവദിക്കപ്പെട്ട അപ്പർ ബർത്തിൽ കിടന്നാൽ താൻ വീഴുമെന്നും ലോവർ ബർത്ത് വേണമെന്നും. പക്ഷേ ടിടിഇ അത് കാര്യമാക്കിയില്ല. രാത്രിവണ്ടിയിൽ എല്ലാവരും ഉറങ്ങിക്കഴി‍ഞ്ഞു. തീവണ്ടി നിശ്ശബ്ദതയെ ഭേദിച്ച് കൂകിപ്പായുമ്പോൾ ഒരു നിലവിളി. ആളുകൾ വിളക്കിട്ടു. എല്ലാവരും  ഓടിച്ചെന്നു നോക്കിയപ്പോൾ  കൊച്ചുബാവ നിലത്തുകിടക്കുകയാണ്. അദ്ദേഹം തലയടിച്ചു വീണതാണ്. ഇപ്പോൾ താൻ പറഞ്ഞത് ശരിയായില്ലേ എന്നായി കൊച്ചുബാവ. അസമയത്തെ  യാത്രകൾ  നേരിന്റെ എന്തെല്ലാം കഥകളാണ് പറയുന്നത്? ബസിൽ വച്ചു സംസാരിക്കാഞ്ഞതിൽ സന്തോഷിന് മനസ്താപമുണ്ട്. അന്നു നീ എന്നോടു മിണ്ടാൻ വന്നില്ല. എങ്കിൽ ഇനി നീ ഒരിക്കലും എന്നോടു മിണ്ടാൻ പോകുന്നില്ല എന്നു പറഞ്ഞ് കൊച്ചുബാവ പോയതുപോലെ. അതിന്റെ മനസ്താപം സന്തോഷിന്റെ മനസ്സിൽ വന്നു മുട്ടിനിൽക്കുകയാണ്. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം