നീലക്കൽ മലയിലേക്ക്, നാഗബന്ധനത്തിന്റെ രഹസ്യം തേടി!
"മഹീ.. "
ഫയാസ് അലറി വിളിച്ചു കൊണ്ട് മൂർഖൻ ചാലിന്റെ കരയിലൂടെ ഓടി. വെള്ളത്തിൽ മഹേന്ദ്രൻ ഇടയ്ക്കൊന്ന് പൊങ്ങി വന്നു. അടുത്ത നിമിഷം മൂർഖൻ ചാലിൽ ഒരു സ്ത്രീരൂപം ഫയാസ് കണ്ടു. ഫയാസിന് ഒന്നും മനസ്സിലായില്ല.മൂർഖൻ ചാലിൽ ഏത് പെണ്ണ്?
അപ്പോഴേക്കും ആ സുന്ദരി മഹേന്ദ്രനെയും വലിച്ചു കൊണ്ട് കരയിലേക്ക് വന്നു. ചെമ്പരത്തി ആയിരുന്നു അത്.
കരയിലേക്ക് മലർന്നു വീണ മഹേന്ദ്രൻ കിതച്ചു കൊണ്ട് അല്പനേരം അങ്ങനെ കിടന്നു.
"എടാ.. " ഫയാസ് ഓടി വന്നു.
"മഹീ... നീ ഓക്കെ അല്ലേ?"
'കുഴപ്പമില്ല' എന്ന അർഥത്തിൽ മഹേന്ദ്രൻ കൈ ഉയർത്തി കാണിച്ചു. അല്പ നേരം മഹേന്ദ്രൻ അങ്ങനെ കിടന്നു. പിന്നെ, പതിയെ നനഞ്ഞ മണ്ണിൽ കൈ കുത്തി എണീറ്റിരുന്നു.
"മൂർഖൻ ചാലിൽ നിന്ന് അങ്ങനെ ആരും രക്ഷപ്പെടാറില്ല." ചെമ്പരത്തി മഹേന്ദ്രനെ നോക്കി.
" ഞാൻ വന്നത് കൊണ്ടു നിങ്ങൾ രക്ഷപ്പെട്ടു" ചെമ്പരത്തി മഹേന്ദ്രനെ തുറിച്ച് നോക്കി.
"ഇന്നലെ രാത്രിയേ ഞാൻ പറഞ്ഞു... ഇത് തീർത്തും അപകടം പിടിച്ച സ്ഥലം ആണെന്ന്. നല്ല ലക്ഷ്യത്തോടെ അല്ല വന്നതെങ്കിൽ നിങ്ങൾ ജീവനോടെ തിരിച്ച് പോവില്ല എന്ന്.''
"ഞങ്ങളുടെ ലക്ഷ്യങ്ങൾക്ക് കുഴപ്പം ഒന്നുമില്ല." ഫയാസ് ഇടപെട്ടു.
"നല്ല ലക്ഷ്യം തന്നെയാ ..."
"എങ്കിൽ നിങ്ങൾക്ക് കൊള്ളാം"
ചെമ്പരത്തി ഒന്നുകൂടി മഹേന്ദ്രനെ തുറിച്ചു നോക്കി.
"വെറുതെ നാഗയക്ഷിയമ്മയോട് കളിക്കാൻ നിൽക്കരുത്.." പറഞ്ഞിട്ട് ചെമ്പരത്തി ധൃതിയിൽ ഇരുട്ടിലേക്ക് നടന്നു കയറി. ചെമ്പരത്തിയുടെ വടിവൊത്ത നനഞ്ഞ ഉടലിൽ ആയിരുന്നു
മഹേന്ദ്രന്റെ കണ്ണുകൾ.
****** ****** ****** ******
പൊലീസ് ക്യാമ്പ് ഓഫിസിൽ എസിപി ആന്റണി അലക്സ് തേവയ്ക്കന്റെ മുമ്പിലായിരുന്നു കബനീ ദേവി. കബനീ ദേവിയുടെ സൗന്ദര്യം കണ്ണുകൾ കൊണ്ട് അടിമുടി കോരിക്കുടിച്ചു കൊണ്ട് ആൻറണി അലക്സ് തേവയ്ക്കൻ കബനീ ദേവിക്ക് മുമ്പിലേക്ക് കസേര വലിച്ചിട്ടിരുന്നു.
"പറയണം... മാഡം"
"എന്ത്?'
"കുമ്പളം കായലിൽ വാനിൽ കണ്ട മൃതശരീരവുമായി നിങ്ങൾക്കുള്ള ബന്ധം?'' കബനീ ദേവി നിസാരമായൊന്നു ചിരിച്ചു.
"കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ നിങ്ങൾ ശവത്തിനോട് ചോദിക്കണം"
"മാഡത്തിന്റെ ധൈര്യം എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ, കൊലപ്പെട്ടത് അന്താരാഷ്ട്ര വിഗ്രഹക്കടത്ത് സംഘത്തിലെ കണ്ണിയായ കപ്പിത്താൻ ആണെന്ന് ഞങ്ങളുടെ ടീം കണ്ടെത്തിയിട്ടുണ്ട്."
കബനീ ദേവി അറിയാതെ ഒന്നു ഞെട്ടി.
"അയാളും മാഡവും തമ്മിലുള്ള ഡീൽ എന്താ? എന്തു വിഗ്രഹക്കടത്തിന്റെ ഭാഗമായിട്ടാ കപ്പിത്താൻ കൊച്ചിയിൽ എത്തിയത്?''
"എനിക്ക് അറിയില്ല "
"കപ്പിത്താന്റെ കൂടെ വന്ന ചെറുപ്പക്കാരൻ ആരാണ്?''
"അതും എനിക്ക് അറിയത്തില്ല'' കബനീ ദേവിക്ക് ഒട്ടും കൂസൽ ഇല്ലായിരുന്നു.
"ശരി. ഒരൊറ്റ ചോദ്യം കൂടി മാത്രം " ആൻറണി അലക്സ് തേവയ്ക്കൻ തിരിഞ്ഞു.
"കപ്പിത്താൻ എന്തിനാ മാഡത്തെ കണ്ടത്. ?"
"അത്.." കബനീ ദേവി ഒന്നു നിർത്തി.
"പുരാവസ്തുക്കളുടെ ഒരു ശേഖരം തന്നെ എനിക്കുണ്ട്. അത്തരം ചില വസ്തുക്കൾ വേണോ എന്ന് ചോദിക്കാൻ വന്നതായിരുന്നു''
"എന്നിട്ട് മാഡം... എന്തു പറഞ്ഞു ?"
"വേണമെങ്കിൽ അറിയിക്കാം എന്നു പറഞ്ഞു വിട്ടു."
"ശരി" ആൻറണി അലക്സ് തേവയ്ക്കൻ കമ്പനീ ദേവിയെ നോക്കി.
"മാഡം പൊയ്ക്കോ... വേണമെങ്കിൽ ഇനി വിളിപ്പിക്കാം"
"താങ്ക്സ് "
കബനീ ദേവി എണീറ്റു.
"മാഡം" കബനീ ദേവി രണ്ട് ചുവട് നടന്നതും ആൻറണി അലക്സ് തേവയ്ക്കൻ പിന്നിൽ നിന്ന് വിളിച്ചു.
"കള്ളങ്ങൾ വലിയ ഭാരമാണ്. കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ എനിക്ക് മാഡത്തെ സഹായിക്കാൻ കഴിഞ്ഞേക്കും" കബനീ ദേവിയുടെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായി.
"ഞാൻ വിളിക്കാം" വശ്യമായി ഒന്നു പുഞ്ചിരിച്ചു കൊണ്ട് കബനീ ദേവി തിരിഞ്ഞു.
****** ****** ****** ******
രാത്രി .
ചുട്ട കോഴി ഇറച്ചിയും കപ്പ കുഴച്ചതുമായിരുന്നു മഹേന്ദ്രന്റെയും കൂട്ടരുടെയും ഭക്ഷണം. പകൽ വനത്തിൽ നിന്ന് കൂടെ കൂട്ടിയ മാരി എന്ന ആദിവാസി യുവാവും അവർക്ക് ഒപ്പം ഉണ്ടായിരുന്നു. ആവശ്യത്തിന് ബ്രാണ്ടി കൊടുത്തതിന് ശേഷം മഹേന്ദ്രൻ മാരിയെ നോക്കി.
"മാരീ .. "
"സാറ് ... പറഞ്ഞോ " കോഴിക്കാൽ കടിച്ചു വലിക്കുന്നതിനിടെ മാരി മഹേന്ദ്രനെ നോക്കി.
"നമ്മുക്ക് ഒന്നു നീലക്കൽ മല കയറിയാലോ?"
മറ്റുള്ളവർ ഒന്നു ഞെട്ടി.
"എന്തിനാ സാറേ " മാരി മഹേന്ദ്രനെ തുറിച്ചു നോക്കി.
"അവിടല്ലേ... നിലവറ ക്ഷേത്രത്തിന്റെ കാവൽക്കാരനും മകൾ വിന്ധ്യാവലിയും. അവരെ ഒന്നു കാണാൻ. നാഗ ബന്ധനത്തിന്റെ രഹസ്യം അറിയാൻ ''
പല്ലുകൾ അമർത്തി മഹേന്ദ്രൻ ഒന്നു ചിരിച്ചു.
(തുടരും )