നീലക്കൽ മലയുടെ അടിവാരം ആകാശം പിളർന്നതു പോലെ മഴ തുടങ്ങി. മരങ്ങൾ പിരിഞ്ഞൊടിയുന്നതിന്റെയും മല പിളർന്നു ചിതറുന്നതിന്റെയും ശബദം കേട്ടു. കലങ്ങി മറിഞ്ഞ വെള്ളം ചെറു വെള്ളച്ചാട്ടങ്ങളായി താഴേക്ക് പാഞ്ഞു വന്നു.

"മഹീ..." തനുജ ഭീതിയോടെ വിളിച്ചു.

"നമ്മുക്ക് തിരികെ പോവാം. നമ്മൾ ഉദ്ദേശിക്കുന്നതു പോലെ  നീലക്കൽ മല കയറുന്നത് അത്ര എളുപ്പമല്ല"

"നീ ... മിണ്ടരുത്" മഹേന്ദ്രന്റെ സ്വരം മാറി.

"എന്തു വന്നാലും  ഇന്നു ഞാൻ മല കയറും. ധൈര്യമുള്ളവർക്ക് കൂടെ വരാം. കിട്ടാൻ പോവുന്നത് കോടികളാ. കുറച്ച് മഴ നനയേണ്ടി വരും."

"സാറേ.." മാരിയുടെ സ്വരത്തിലും വിറയൽ ഉണ്ടായിരുന്നു.

''നീലക്കൽ മലയിലേക്ക് അങ്ങനെ ആരും പോവാറില്ല സാറേ... നമ്മള് അപകടം വിളിച്ച് വരുത്തണോ?"

"ഇവിടെ മനുഷ്യര് ഒറ്റക്കാലിൽ വല്യ പർവ്വതങ്ങള് കീഴടക്കുന്നു. അന്നേരമാ... ഒരു നീലക്കൽ മല." സച്ചിന്റെ മുഖത്ത് പുശ്ചം കലർന്ന ഒരു ചിരി ഉണ്ടായി.

"അതല്ല സാറേ ... ഇപ്പഴീ മഴയും കാറ്റും ഉരുൾപൊട്ടലും ഒന്നും പതിവുള്ളതല്ല. ഇത് നാഗയക്ഷിയമ്മയുടെ കോപമാ. എനക്ക് ഭയമാവുന്നു സാർ.. "

"ഞങ്ങളിപ്പം എന്തു വേണം താൻ പറയുന്നത് ?" ശ്രേയ കൂർത്ത മിഴികളോടെ മാരിയെ നോക്കി.

"നമ്മുക്ക് ഇവിടെ തങ്ങാം. മഴയും കാറ്റും ഒന്ന് ഒതുങ്ങിയിട്ട് വെളുപ്പിന് മല കയറാം " മഹേന്ദ്രൻ എല്ലാവരെയും ഒന്നു നോക്കി.

അതു മതി എന്നൊരു ഭാവം എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്നു.

"ശരി. പക്ഷേ, ആ നാഗരാജനെയും മകൾ വിന്ധ്യാ വലിയെയും കാണാൻ കഴിയുമോ?"

"കഴിഞ്ഞേക്കും" മാരി തല തിരിച്ചു 

"നാഗരാജൻ മരുന്ന് ചെടികള് പറിക്കാൻ കാട്ടിൽ പോയേക്കും.വിന്ധ്യാവലി അവിടെ കാണും ."

"വനത്തിന് നടുവിൽ ഒറ്റയ്ക്ക് ഇരിക്കാൻ ആ പെണ്ണിന് പേടിയില്ലേ?" ഫയാസ് മാരിയെ നോക്കി.

"എന്തിന്...?" മാരി ചിരിച്ചു.

"ഉഗ്രസർപ്പങ്ങളാ കുടിലിനു കാവൽ" ഫാത്തിമയും ശ്രേയയും തനുജയും കിടുങ്ങി.

"അപ്പം എങ്ങനാ..." മഹേന്ദ്രൻ എല്ലാവരെയും നോക്കി.

"മഴ ഒന്ന് ഒതുങ്ങീട്ട് മല കയറ്റം തുടരാം. അല്ലേ?" എല്ലാവരും പരസ്പരം ഒന്നു നോക്കി. പിന്നെ, തല കുലുക്കി. മഴയും കാറ്റും മുടിയഴിച്ചാട്ടം തുടരുക ആയിരുന്നു.

.....

മാരിയറ്റ് ഹോട്ടലിലെ മുറിയിൽ ആ  വെളുപ്പാൻ കാലത്തും കബനീ ദേവി ഉറങ്ങിയിരുന്നില്ല. തലയ്ക്ക് മീതെ, അഞ്ച് തലയുള്ള ഒരു സർപ്പം പത്തി വിരിച്ച് നിൽക്കുന്നത് സ്വപ്നം കണ്ടാണ് ഞെട്ടി ഉണർന്നത്. 

"നോ...."

ഒരു അലർച്ചയോടെയാണ് കബനീ ദേവി ഞെട്ടി ഉണർന്നത്.

"അബ്ദുള്ള... "

ഫോണെടുത്ത് തൊട്ടപ്പുറത്തെ മുറിയിൽ ഉറങ്ങിയിരുന്ന അബ്ദുള്ളയെ വിളിച്ചു.

ഒരു മിനിറ്റ് കൊണ്ട് അബ്ദുള്ള പരതിപ്പാഞ്ഞ് വന്നു.

"മാഡം..."

അബ്ദുള്ള കബനീ ദേവിയെ നോക്കി.

"എന്തു പറ്റി മാഡം''

"പതിവില്ലാത്തൊരു ഭയം അബ്ദുള്ള. കാര്യങ്ങൾ കൈവിട്ട് പോവുന്നു എന്നൊരു തോന്നൽ..."

"എന്താ മാഡം ഇപ്പം ഇങ്ങനെ...''

"ആൻറണി അലക്സ് തേവയ്ക്കൻ "

കബനീ ദേവിയുടെ കണ്ണുകൾ തിളങ്ങി.

"ഐ.പി. എസ്സുകാരനാ. സൂക്ഷിക്കണം. കാലിൽ അല്ല... കഴുത്തിൽ ചുറ്റിയ പാമ്പ് ആണ് അയാൾ...."

കബനീ ദേവി ഒന്നു നിർത്തി.

"വിഗ്രഹം നമ്മുടെ കൈയിൽ കിട്ടിയാലും അത് നമ്മുക്ക് സ്വന്തമാവും എന്ന് ഇപ്പോൾ എനിക്ക് ഉറപ്പില്ല. "

"അതെന്താ മാഡം..?" അബ്ദുള്ള അമ്പരന്നു.

''എ.സി.പിയാണ് തേവയ്ക്കൻ. ഫോഴ്സിന്റെ ഫുൾ സപ്പോർട്ടും അയാൾക്ക് ഉണ്ടാവും. നമ്മളെ പൂട്ടി വിഗ്രഹവുമായി അയാൾ കടന്നാൽ..."

"ദുബൈ ടീം പിന്നെ, വന്നത് എന്തിനാണ് മാഡം. കേരള പൊലീസിന്റെ നെഞ്ചത്ത് വെടിയുണ്ട കയറത്തില്ലെന്നുണ്ടോ?"

"അതും ശരിയാ ..." കബനീ ദേവി എണീറ്റു.

"ഈ ആന്റണി തേവയ്ക്കന്റെ നാട്,വീട് വീട്ടിൽ ആരൊക്കെ... ഭാര്യയും മക്കളും തുടങ്ങി വീട്ടിലുള്ള പൂച്ചക്കുഞ്ഞിന്റെയും... പട്ടിക്കുഞ്ഞിന്റെയും എണ്ണം വരെ കൃത്യമായി എനിക്ക് നാളെ കിട്ടണം." കബനീ ദേവി ഒന്നു നിർത്തി.

"കാശ് വാങ്ങിച്ച് കീശയിൽ വച്ചിട്ട് തേവയ്ക്കൻ നമ്മളോട് കളിച്ചാൽ..." 

"അവന്റെ കുടുംബത്ത് കയറി നമ്മള് കളിക്കും.. " അബ്ദുള്ള പൂരിപ്പിച്ചു.

കബനീ ദേവിയുടെ കണ്ണുകൾ വന്യമായി ഒന്നു തിളങ്ങി.

........

വെളുപ്പാൻ കാലം. നീലക്കൽ മലയുടെ മുകളിൽ എത്തിയിരുന്നു മഹേന്ദ്രനും കൂട്ടരും.

"ഇവിടൊരു താമരപ്പൊയ്കയുണ്ട്" മാരി മഹേന്ദ്രനെ നോക്കി.

"അവിടെയാണ് വിന്ധ്യാവലി നീരാടാൻ വരുന്നത്" മറ്റുള്ളവർ മാറിയിരുന്ന് വിശ്രമിക്കുകയായിരുന്നു.

"നമ്മുക്ക് മാത്രം ആ താമരപ്പൊയ്ക വരെ ഒന്നു പോവാം മാരീ" മഹേന്ദ്രൻ മാരിയെ നോക്കി.

"നമ്മുക്ക് മാത്രം"  മഹേന്ദ്രൻ ഫയാസിന്റെയും കൂട്ടരുടെയും അടുത്തേക്ക് വന്നു.

"ഞങ്ങളിപ്പം വരാം. ഞാനും മാരിയും ഒരിടം വരെ പോവാ "

"എവിടേക്കാ മഹീ" തനുജ മഹേന്ദ്രനെ നോക്കി.

"വന്നിട്ട് പറയാം" കൂടുതൽ പറയാതെ മഹേന്ദ്രൻ തിരിച്ചു നടന്നു.

"മാരീ... വാ'' മാരി മുമ്പിൽ നടന്നു. മഹേന്ദ്രൻ പിന്നാലെ.

അരണ്ട വെളിച്ചമേ ഉണ്ടായിരുന്നുള്ളു. ദൂരെ താമരപ്പൊയ്ക കണ്ടു. അടുത്ത നിമിഷം മഹേന്ദ്രൻ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച കണ്ടു.

ചോര ചുവപ്പാർന്ന താമരപ്പൂക്കൾക്ക് ഇടയിൽ നിന്ന് അപ്സരസ്സിനെ പോലെ ഒരു യുവതി ഉയർന്നു വരുന്നു.

"വിന്ധ്യാവലി... " മാരി പറഞ്ഞു.

തൊട്ടടുത്തു നിന്ന ഒരു വലിയ കാട്ട് കടമ്പിന്റെ മറവിലേക്ക് മാരി മഹേന്ദ്രനെ വലിച്ചു മാറ്റി നിർത്തി. ''മാരീ... "

"ശ്വാസം കൊണ്ടുള്ള കളിയാ നാഗബന്ധനം. അത് , വിന്ധ്യാവലി എനിക്ക് പഠിപ്പിച്ച് തരണം"

"ഇല്ലെങ്കിൽ..." മാരി അമ്പരപ്പോടെ മഹേന്ദ്രനെ നോക്കി.

"ഇല്ലെങ്കിൽ...." മഹേന്ദ്രന്റെ മുഖത്ത് ഒരു കൊല്ലുന്ന ചിരി ഉണ്ടായി. ജീൻസിന് പിന്നിൽ നിന്ന് മഹേന്ദ്രൻ ഒരു സ്റ്റീൽ കത്തി വലിച്ചെടുത്തു.

"അവളുടെയും  അവളുടെ തന്തയുടെയും ശ്വാസവും കൊണ്ട് ഞാനങ്ങ് പോവും. മഹേന്ദ്ര ബന്ധനം''

താമരപ്പൊയ്കയിൽ മുങ്ങി നിവർന്ന വിന്ധ്യാവലി അവർക്ക് നേരെ വരുന്നുണ്ടായിരുന്നു.

(തുടരും)

English Summary : E - Novel Nagayekshi - Chapter 14

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT