തേരട്ടപോലെ ഇരുണ്ടുകിടക്കുന്ന റോഡിലൂടെ ദീപ ആക്സിലറേറ്ററിൽ  കാലമർത്തി പാഞ്ഞു. അൽപ്പം പഴക്കം ചെന്ന ആ എസ്‌യുവി സർവ കഴിവും പുറത്തെടുത്തു പായാൻ ശ്രമിച്ചു. നഗരപ്രാന്തത്തിലെ ആ ഗോഡൗണിനു മുന്നിലായി ജെജെ കാത്തു നിന്നിരുന്നു. ഇരുവരും പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിനകത്തേക്കു കയറി. അവിടെ ഗ്ലാസ് കഷ്ണങ്ങള്‍ ചിതറിക്കിടന്ന ഒരു ഹാളിലേക്കവരെത്തി. നമ്പരുകളെഴുതിയ നിരവധി ലോക്കറുകളുണ്ടായിരുന്നു ആ ഹാളിൽ. ഒരു കാലഘട്ടത്തിൽ വലിയ ഗ്ലാസ് ഫാക്ടറിയായിരുന്നപ്പോൾ ജീവനക്കാരുടെ വസ്തു വകകൾ സൂക്ഷിക്കാന്‍ നിർമ്മിച്ച നൂറുകണക്കിനു ലോക്കറുകൾ ആ ഹാളിന്റെ വശങ്ങളിൽ നിരനിരയായി സ്ഥാനം പിടിച്ചിരുന്നു. അതിന്റെ ഡോറുകൾ പലതും മലർക്കെ തുറന്നു കിടന്നിരുന്നു. ഭിത്തിയിലെ സ്വിച്ച് ബോർഡിനു മുകളിൽനിന്നു ഒരു ചെറിയ സ്പൈ ക്യാം ജെജെ എടുത്തു. 

റഷീദും മറ്റു ചിലരുമെത്തി ലോക്കറുകൾ പൊളിക്കുന്ന  ദൃശ്യം ജെജെയുടെ ഫോണിൽ ദീപ പരിശോധിച്ചു.  ഒപ്പമുണ്ടെന്നു പറഞ്ഞു കൂടെ നിന്നിട്ടു അയാൾ ഇങ്ങനെ ചെയ്യുമെന്നു എനിക്കു വിശ്വസിക്കാനാവുന്നില്ല –ജെജെ നെറ്റിചുളിച്ചു കൊണ്ടു പറഞ്ഞു.ഞാൻ അന്നേ പറഞ്ഞില്ലേ. ഇയാളിലെന്തോ ദുരൂഹതയുണ്ടെന്ന്. കള്ളി വെളിവാക്കാൻ എന്തായാലും ഈ പരീക്ഷണം സഹായിച്ചില്ലേ?. പിന്നെ  ഇതൊരു ഡകോയിറ്റ് ഗ്രൂപ്പല്ല ജെജെ,  ഭരണസംവിധാനത്തിന്റെ പിന്തുണയോടെയാണ് ഇതു നടക്കുന്നത്. നിങ്ങൾ  ക്രിസ്റ്റല്‍ സ്കൾ വീണ്ടെടുത്തപ്പോള്‍ മുതൽ അവർ നിങ്ങളുടെ പിന്നാലെയുണ്ട്. ഇനി സൂക്ഷിക്കേണ്ടിയിരിക്കുന്നു. വീണ്ടുമൊരു ഡമ്മി കൊടുത്തു പറ്റിച്ചതിനു അവർ നമുക്ക് മാപ്പു തരില്ല.

പറഞ്ഞു തീർന്നതും അവരുടെ  പിന്നിൽ ഒരു ഗ്ലാസ് ടംബ്ളര്‍ വീണുടഞ്ഞു. ഇരുവരും ഞെട്ടിത്തിരിഞ്ഞു. ബുദ്ധിരാക്ഷസനായ ശാസ്ത്രജ്ഞനും വഴികാട്ടിയായി ജേണലിസ്റ്റും. നിങ്ങളെ ശല്യപ്പെടുത്താതെ അതു വീണ്ടെടുക്കാനായിരുന്നു ഓർഡർ. ഇതുവരെയും അതിനു ശ്രമിച്ചു. ഇനി സമയമില്ല ഡോക്ടർ. സമ്മർദ്ദമേറുകയാണ്. അതു ഞങ്ങൾക്കു വേണം. ജെജെ എന്തോ പറയാനാഞ്ഞത് ഓട്ടമാറ്റിക് പിസ്റ്റളിന്റെ സേഫ്റ്റി ക്ലിപ് മാറ്റുന്ന ക്ലിക് ശബ്ദത്തിൽ നിശബ്ദമായി. നോ മോർ ടോക്...വരൂ..യൂണിഫോം ധരിച്ച രണ്ടുപേരെത്തി ഇരുവരെയും വാഹനത്തിലേക്കു നടത്തിക്കൊണ്ടു പോയി. ആ വാഹന വ്യൂഹം ജെജെയുടെ വീടു ലക്ഷ്യമാക്കി കുതിച്ചു. 

ജെജെയുടെയും ദീപയുടെയും കൈകൾ  നൈലോൺ ടൈ ഉപയോഗിച്ചാണ് പിന്നിൽ ബന്ധിച്ചിരുന്നത്. കൈ അനക്കുമ്പോള്‍ അതികഠിനമായി വേദന കൈത്തണ്ടുവരെയെത്തി. റഷീദ് പിന്നിലേക്കു തിരിഞ്ഞു ഇരുവരെയും നോക്കി. സോറി ഗയ്സ് ...ഇത് പേഴ്സണലല്ല, എന്നു നിങ്ങൾക്കറിയാമല്ലോ?, അതു ഏൽപ്പിക്കേണ്ടവരെ ഏൽപ്പിച്ചാൽ നമ്മുടെ സൗഹൃദം തുടർന്നുമുണ്ടാകും. പിന്നെ എനിക്കറിയാവുന്ന വിവരങ്ങൾ വച്ചു ജെജെയ്ക്കതുകൊണ്ടു പ്രത്യേകിച്ചു ഗുണമൊന്നുമില്ല. വെറുതെ സൂക്ഷിച്ചു വയ്ക്കാമെന്നല്ലാതെ. അതാവശ്യമുള്ളവർ ഒരുപാടുണ്ടുതാനും.

ആരാണവർ ദീപ ചോദിച്ചു.

മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു.

എനിക്കും കൃത്യമായി അറിയില്ല, പക്ഷേ ഞാനിതിൽ ഇറങ്ങണമെങ്കിൽ..ദാ ഇവരും ഒപ്പമുണ്ടാകണമെങ്കിൽ ഊഹിക്കാമല്ലോ?...

.................

സ്കൂളിൽനിന്നെത്തി ബാഗ് വലിച്ചെറിഞ്ഞ് വിവേകും ഉണ്ണിയും വീടിനുമുന്നിലെ വഴിയിലൂടെ മുന്നോട്ട് നടന്നു. അവരുടെ കളിസ്ഥലമായിരുന്ന മൈതാനത്തിനടുത്തെത്തിയപ്പോൾ അവർനിന്നു..അവിടെയാകെ അലർച്ചയും മുരളലും ശബ്ദങ്ങളായിരുന്നു. കാഴ്ച മറച്ച് മുന്നിലുണ്ടായിരുന്ന മറയ്ക്കുമുകളിലൂടെ ഉയരുന്ന കെട്ടിടം നോക്കി അമ്പരന്ന് അവർനിന്നു. സൈറ്റ് ഫോർ ഹൗറാ ഫുഡ് പ്രോസസിംഗ് യൂണിറ്റ്... ബോർഡ് ഉണ്ണി വായിച്ചു...

ഒരു വലിയ കാർ അവരെ കടന്ന് ഒഴുകി നീങ്ങി.. പിൻസീറ്റിൽ ചാരിക്കിടക്കുന്ന മനോജിനെ കണ്ട അവർ കൈവീശിക്കാണിച്ചു..അയാളുടെ ശ്രദ്ധ ആ കെട്ടിടത്തിലേക്കായിരുന്നു. സംതൃപ്തിയുടെ ഒരു പുഞ്ചിരിയോടെ അയാൾ ആ കെട്ടിടം നോക്കി. ഹോട്ടൽ പാർക്ക് ഹൗറയിലേക്കാണ് ആ കാർ നിങ്ങീയത്. മാനേജർ ഓടിയെത്തി സ്വീകരിച്ചു..

ഗസ്റ്റ് ലിഫ്റ്റിനുപകരം സ്റ്റാഫ് ഒൺലി ലിഫ്റ്റിലേക്കാണ് അവർ കയറിയത്. ബേസ്മെന്റ് ബട്ടണിൽ മാനേജർ വിരലമർത്തി.ലിഫ്റ്റിറങ്ങി ഇരുവരും കോറിഡോറിലൂടെ നടന്ന് ഒരു റൂമിനു മുന്നിലെത്തി. ബെൽ അടിച്ചപ്പോൾ ഡോർ പതിയെ തുറന്നു ഇരുവരും അകത്തേക്ക് കയറി. വലിയ ഒരു സ്ക്രീനിൽ ടോം ആൻഡ് ജെറി കാർട്ടൂൺ ആ മുറിയിൽ ഓടുന്നുണ്ടായിരുന്നു.

നാരായണ സ്വാമിയുടെ കുലുങ്ങിച്ചിരിയിൽ സോഫയൊന്നാകെ കുലുങ്ങി. മനോജിനോടയാൾ ഇരിക്കാന്‍ കൈകൊണ്ടാംഗ്യം കാട്ടി. ടിവിയുടെ ശബ്ദം കുറച്ചയാൾ മനോജിലേക്കു തിരിഞ്ഞു. പെട്ടെന്നൊരു പ്രെമോഷനിൽ ഞെട്ടിയിരിക്കുകയാകും അല്ലേ?. തൊമ്മന്‍കുടിയിൽ നിന്നുമൊരാൾ അതാണ് ഞങ്ങളുടെ ആവശ്യം, ഫുഡ് എന്താടോ ഇയാളുടെ പോസ്റ്റ് . സീഫുഡ് ലിമിറ്റഡ് റീജിയണൽ മാനേജർ. ഒരു സീഫുഡും നമ്മൾ പ്രോസസ് ചെയ്യാൻ പോകുന്നില്ല. 

ഈ സ്ഥലത്ത് വേരാഴ്ത്തുകയാണ് നമ്മുടെ ലക്ഷ്യം. തൊമ്മൻകുടിയെന്ന സീ ഫേസിങ് വില്ലേജ് അതാണ് നമുക്കു വേണ്ടത്. അവരുടെ ഇടയിൽ പ്രവർത്തിക്കുക., അവരുടെ വിശ്വാസം നേടിയെടുക്കുക. പതിയെ അവരെ നമുക്ക് അവിടെനിന്നും പറിച്ചു മാറ്റേണ്ടതുണ്ട്. സർക്കാരിനും സുനാമിക്കും കഴിയാത്തതു നമുക്കു പറ്റണം. എത്ര പണം വേണമെങ്കിലും ചിലവാക്കാം. പക്ഷേ 6 മാസം അതിനുള്ളിൽ. ദാ ഈ പ്രദേശം നമ്മുടെയാവണം. കടലിലേക്കു ഒരു തലയോട്ടിയുടെ ആകൃതിയിൽ തള്ളി നിൽക്കുന്ന തൊമ്മൻകുടിയുടെ ആകാശദൃശ്യത്തിലേക്കു മനോജ് അമ്പരന്നു നോക്കി.

...........

വലിയ കണ്ടെയ്നർ വാഗണുകൾ പോർട്ടു റോഡിൽ നിന്നു ഹൈവേയിലേക്കു കയറി. താഴെക്കൂടി നിരനിരയായി പോകുന്ന കണ്ടെയ്നർ ലോറികൾ നോക്കി ഹോട്ടലിനു മുകളിൽ നീന്തൽകുളത്തിനു സമീപം കാസിം ഭായ് സേട്ടു നിന്നു. 25 മില്യൺ ഡോളറിന്റെ പ്രോജക്ടാണ് ആ നീങ്ങുന്നത് .അതു പൂർത്തിയായാൽ ലാഭം പതിന്മടങ്ങു വരും അതോ ശതത്തിലേക്കു പോകുമോ?. മനസ്സിൽ അക്കങ്ങള്‍ പെരുക്കി മനക്കോട്ടകൾ കെട്ടുന്നതിനിടെ അടുത്തെങ്ങോ നിന്നു ഒരു മൂളൽ ശബ്ദം മുഴങ്ങി. 

ഇൻഫിനിറ്റി പൂളിന്റെ ഗ്ലാസ് ഡോർ ചിതറിത്തെറിച്ചു. അപകടം തിരിച്ചറിഞ്ഞു. താഴേക്കു കുനിയുന്നതിനു മുൻപ് ഇത്തവണ ഉന്നം പിഴക്കാതെ ഒരു വെടിയുണ്ട അയാളുടെ തലയോട്ടിയെ പിളർത്തി കടന്നുപോയി. ഭാരമേറിയ ഒരു മത്സ്യംപോലെ അയാളുടെ ശരീരം  നീലനിറത്തിലുള്ള വെള്ളത്തിലേക്കു പതിച്ചു താണു പോയി. ഓടിയെത്തിയ ജീവനക്കാർ  രക്തവർണ്ണത്തിൽ തിളച്ചുമറിയുന്നപോലെ ഇളകുന്ന വെള്ളത്തിൽ നോക്കി അമ്പരന്നു നിന്നു.

English Summary : Ashokante Padayalikal - Sci-Fi-Thriller E - Novel by Jalapalan Thiruvarpu