വൈകിയെത്തിയ നുണകുമാരി
ഇത്രയും വൈകുമെന്നു കരുതിയില്ല. ഒൻപതു മണിയുടെ സുമേഷ് ബസിനെ വിശ്വസിക്കാൻ വയ്യ. ഓട്ടത്തിനിടയിൽ പല വണ്ടികളെയും മറികടക്കുമെന്നു ഭാവിക്കുമെന്നേയുള്ളൂ. ഡ്രൈവറുടെ തൊട്ടുപിറകിൽ ചെന്നുനിന്ന്- ‘ ങ്ഹാ...അങ്ങനെത്തന്നെ... ’ എന്ന മട്ടിലൊക്കെ അരുണ പ്രോൽസാഹിപ്പിക്കാൻ നോക്കാറുണ്ട്. പക്ഷേ കാര്യമില്ല. കുറച്ച്
ഇത്രയും വൈകുമെന്നു കരുതിയില്ല. ഒൻപതു മണിയുടെ സുമേഷ് ബസിനെ വിശ്വസിക്കാൻ വയ്യ. ഓട്ടത്തിനിടയിൽ പല വണ്ടികളെയും മറികടക്കുമെന്നു ഭാവിക്കുമെന്നേയുള്ളൂ. ഡ്രൈവറുടെ തൊട്ടുപിറകിൽ ചെന്നുനിന്ന്- ‘ ങ്ഹാ...അങ്ങനെത്തന്നെ... ’ എന്ന മട്ടിലൊക്കെ അരുണ പ്രോൽസാഹിപ്പിക്കാൻ നോക്കാറുണ്ട്. പക്ഷേ കാര്യമില്ല. കുറച്ച്
ഇത്രയും വൈകുമെന്നു കരുതിയില്ല. ഒൻപതു മണിയുടെ സുമേഷ് ബസിനെ വിശ്വസിക്കാൻ വയ്യ. ഓട്ടത്തിനിടയിൽ പല വണ്ടികളെയും മറികടക്കുമെന്നു ഭാവിക്കുമെന്നേയുള്ളൂ. ഡ്രൈവറുടെ തൊട്ടുപിറകിൽ ചെന്നുനിന്ന്- ‘ ങ്ഹാ...അങ്ങനെത്തന്നെ... ’ എന്ന മട്ടിലൊക്കെ അരുണ പ്രോൽസാഹിപ്പിക്കാൻ നോക്കാറുണ്ട്. പക്ഷേ കാര്യമില്ല. കുറച്ച്
ഇത്രയും വൈകുമെന്നു കരുതിയില്ല. ഒൻപതു മണിയുടെ സുമേഷ് ബസിനെ വിശ്വസിക്കാൻ വയ്യ. ഓട്ടത്തിനിടയിൽ പല വണ്ടികളെയും മറികടക്കുമെന്നു ഭാവിക്കുമെന്നേയുള്ളൂ. ഡ്രൈവറുടെ തൊട്ടുപിറകിൽ ചെന്നുനിന്ന്- ‘ ങ്ഹാ...അങ്ങനെത്തന്നെ... ’ എന്ന മട്ടിലൊക്കെ അരുണ പ്രോൽസാഹിപ്പിക്കാൻ നോക്കാറുണ്ട്. പക്ഷേ കാര്യമില്ല. കുറച്ച് പ്രകടനമൊക്കെ നടത്തുമെങ്കിലും ഇത്തിരി സ്റ്റൈലൊക്കെ കാട്ടുമെങ്കിലും അയാൾക്ക് ഓടി മുന്നിലെത്താനൊന്നും കഴിയില്ല.
അപകടത്തിൽ ചാടുമെന്ന മട്ടിൽ വളച്ചും തിരിച്ചും വണ്ടിയോടിച്ച് ഞെട്ടിക്കുമെന്ന് മാത്രം.
സ്കൂളിന്റെ ഗേറ്റടച്ചു. അകത്തുനിന്ന് പ്രേയർ കേൾക്കുന്നുണ്ട്. ‘‘ ദിസ് ഈസ് മൈ പ്രേയർ ടു ദീ... മൈ ലോഡ്.... സ്ട്രൈക്ക്.... സ്ട്രൈക്ക് അറ്റ് ദ് റൂട്ട് ഓഫ്..’’
പ്രാർഥന ടാഗോറിന്റെ...
ജനഗണമന ടാഗോറിന്റെ....
ഏതെങ്കിലും മലയാളികളുടെ പ്രാർഥന പോരേ... ?.
ഉവ്വാ...ഇതെങ്ങാൻ നമ്മള് ചോദിച്ചാൽ സിസ്റ്റർ മേഴ്സി അലറും- ‘‘ നീ വലിയ മലയാളി സ്നേഹി... ഒരക്ഷരം പഠിക്കുകയുമില്ല. വലിയ കാര്യം പറയാൻ വരുന്നു’’ എന്നാവും.
ദിയ സാറാ ജോസിനോട് പറയാം... അവളു പറഞ്ഞാൽ സിസ്റ്ററും കേൾക്കും.
ലേറ്റായതിന് ഇന്ന് എന്തു കാരണം പറയും?
കാലു വിറച്ച് കൂട്ടിയിടിക്കുന്നു.
ഗേറ്റിനു പുറത്തെ സിമന്റ് തിട്ടയിൽ ഇരുന്നുപോയി.
നല്ലൊരു നുണ കണ്ടുപിടിക്കണം.
ഇന്ന് ഓപ്പൺ അസംബ്ളിയാണ്. എല്ലാവരും ഗ്രൗണ്ടിലേക്ക് വന്ന് മാർച്ച് പാസ്റ്റ് നടത്തുന്ന ദിവസം. ഒൻപതു മണിക്കുതന്നെ എത്തണം എന്നാണു ചട്ടം. വൈകിയെത്തുന്നവരുടെ പേര് ഡിസിപ്ളിൻ ലീഡർ ശ്രേയ കൊടുത്തുകാണും.
ഫസ്റ്റ് പിരീഡ് സിസ്റ്റർ മേഴ്സിയാണ്. ഹെഡ്മിസ്ട്രസ്. മാത്‌സ് ആണു പഠിപ്പിക്കുന്നത്.
അരുണയെ സിസ്റ്റർക്ക് തീരെ ഇഷ്ടമല്ല. നിന്റെ ഈ വലിയ കണ്ണു കണ്ടാലറിയാം കുഴപ്പക്കാരിയാണെന്നാണ് സിസ്റ്റർ പറയുന്നത്. സിസ്റ്ററുടെ ഒരു കൂട്ടുകാരി വീട്ടുകാരെ കബളിപ്പിച്ച് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചെന്നും അവരുടെ ഛായയുണ്ട് അരുണയ്ക്ക് എന്നും സിസ്റ്റർ, ദിയയോട് രഹസ്യമായി പറഞ്ഞിട്ടുണ്ട്. അതാണ് ഇത്ര വിരോധത്തിനു കാരണം.
ഈ കണ്ണ് മാറ്റിവയ്ക്കാൻ പറ്റുമോ... ?
പകരം ചെറിയ ഒരു കണ്ണ് ഫിറ്റ് ചെയ്തു കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.
ചെറിയ കണ്ണാണെങ്കിൽ സിസ്റ്ററുടെ വെറുപ്പിൽനിന്നു രക്ഷപ്പെടാം. ആളുകളെ അവരു പോലും അറിയാതെ ഒളികണ്ണിട്ടുനോക്കാം. ദേഷ്യം വന്നാലും സന്തോഷം വന്നാലും കണ്ണിൽക്കൂടി ആരുമത് അറിയില്ല. വലിയ കണ്ണാകുമ്പോൾ ദേഷ്യം വന്നാൽ തുറിച്ചങ്ങനെ നിൽക്കും. സന്തോഷം വന്നാൽ പത്തരമാറ്റിൽ തിളങ്ങും.അങ്ങനെ എന്തെല്ലാം സൗകര്യങ്ങൾ....
അസംബ്ളി കഴിഞ്ഞ് കുട്ടികൾ ക്ലാസിലേക്ക് മടങ്ങിയിട്ടും ഗേറ്റ് തുറക്കുന്നില്ല. വൈകി വരുന്നവരെ ക്ലാസിൽ വച്ച് പിടികൂടാനാണ്. ഇന്ന് മൂന്നുപേരു മാത്രമേ വൈകി വന്നിട്ടുള്ളൂ. മറ്റു രണ്ടു കുട്ടികളുടെയും കൂടെ അവരുടെ അമ്മയുണ്ട്.
അരുണ ഗേറ്റിലൊന്നു പിടിച്ചുകുലുക്കി.
സെക്യൂരിറ്റിക്കാരൻ അലറിക്കൊണ്ടുവന്നു-
‘‘മാറി നിൽക്കെടീ.. അഞ്ചുമിനിറ്റ് കഴിഞ്ഞു തൊറന്നാ മതീന്നാ മേഴ്സി സിസ്റ്റ് പറഞ്ഞത്...’’
അതും പറഞ്ഞ് അയാൾ ചെറിയ ഗേറ്റ് പതിയെ തുറന്ന് രണ്ടുകുട്ടികളെയും അവരുടെ അമ്മയെയും അകത്തു കയറ്റി.
രക്ഷയില്ല. ഗ്രോട്ടോയിലെ മാതാവിനെയും മടിയിൽ കിടക്കുന്ന തിരുമുറിവുകളുള്ള യേശുവിനെയും നോക്കി അരുണ പതിയെ പറഞ്ഞു-
‘‘കാര്യം ഞാൻ നിങ്ങടെ മതത്തിലല്ലെങ്കിലും ഈശോയെ എനിക്ക് വിശ്വാസാന്ന് അറിയാലോ...? ശിവനെപ്പോലെയും കൃഷ്ണനെപ്പോലെയും ഞാൻ വിശ്വസിച്ചിട്ടുണ്ട് . പരീക്ഷ വരുമ്പോ മെഴുതിരി കത്തിക്കണത് ഓർമയില്ലേ ഈശോയെ...? ഇത്തവണ എന്നെ രക്ഷിക്കണേ....അപ്പുറത്തെ ബോയ്സിലെ പിള്ളേര് സമരവുമായിട്ട് വേഗം വരണേ...അല്ലെങ്കിൽ .സിസ്റ്റർക്ക് നല്ല മൂഡാവണേ....’’
‘‘നീയ്യ് ഇതിപ്പോ എത്രാമത്തെ തവണയാ...? ഞങ്ങക്ക് രക്ഷിച്ചുമടുത്തു.’’
മാതാവ് കർത്താവിന്റെ മുറിവുകളിൽനിന്ന് കണ്ണുയർത്താതെ പറഞ്ഞു.
അരുണ ഗേറ്റിൽ പിടിച്ചുകുലുക്കിയതിന്റെ ദേഷ്യത്തിൽ രണ്ടുമിനിറ്റു കൂടി വൈകിയാണ് സെക്യൂരിറ്റിക്കാരൻ ഗേറ്റുതുറന്നത്.
‘‘വന്നല്ലോ നുണകുമാരി....’’ സിസ്റ്റർ മേഴ്സി കൈ പിറകിൽ കെട്ടി, കത്തുന്ന കണ്ണുകളോടെ വാതിലിനടുത്തേക്ക് വന്നു. അരുണയുടെ തൊണ്ട വറ്റി.
‘‘എന്താ ഇന്നത്തെ കാരണം? ബസ് മറിഞ്ഞോ... ? വഴിയിൽ അപകടത്തിൽ പെട്ടയാളെ ആശുപത്രിയിൽ കൊണ്ടുപോയോ? നാട്ടിൽ ബസ് സമരമാണോ?’’
സിസ്റ്റർ ഇങ്ങനെ ഒരു കുറ്റവാളിയായും നുണയത്തിയായും കാണും വരെ താനിത്രകണ്ട് നുണ പറയാറില്ലായിരുന്നു എന്ന് അരുണ ഓർത്തു. ആർക്കും പരുക്കില്ലാത്ത കൊച്ചു തമാശനുണകളല്ലാതെ....ഇനിയിപ്പോൾ എന്തു പറഞ്ഞാലാണ് കടുത്ത ശിക്ഷയിൽനിന്ന് ഒഴിവാകുക?
പെൺകുട്ടികൾ ചെറുപ്പം മുതൽ അടുക്കളയിൽ പാചകം ചെയ്തു പഠിക്കണം, നല്ല എംബ്രോയിഡറി ചെയ്യാനും ഫ്ളവർവേസുകൾ ഉണ്ടാക്കാനും വീട് അലങ്കരിക്കാനും പഠിക്കണം എന്ന് സിസ്റ്റർ എപ്പോഴും പറയുന്നതാണ്. അതുതന്നെ പറഞ്ഞാൽ ശിക്ഷ കുറഞ്ഞേക്കും.
പഠിപ്പുതന്നെ പണി... പണി തന്നെ പഠിപ്പ് എന്നെപ്പോഴും പറയുന്നതാണ്. അടുക്കളജോലികളിൽ അമ്മയെ സഹായിച്ചിട്ടുവേണം സ്കൂളിൽ വരാനെന്നും.
നന്നായി പണിയെടുത്ത കുടിയേറ്റക്കാരുടെ രക്തമാണ് തന്റെ ഉള്ളിലെന്ന അഭിമാനവുമുണ്ട്, സിസ്റ്ററിന്.
‘‘അമ്മ സ്കൂട്ടറീന്ന് വീണു.... ഡോക്ടറുടെ അടുത്തുപോയി വീട്ടിലെത്തിയപ്പോൾ ഭക്ഷണം ഉണ്ടാക്കേണ്ടിവന്നു. അങ്ങനെ വൈകിയതാ...’’
‘‘ശരി അകത്തേക്ക് വാ...’’
ചെവിയിലൊന്നു പിടിച്ച് തിരിച്ചിട്ട് സിസ്റ്റർ ചോദിച്ചു.
‘‘ദേശീയഗാനത്തിന്റെ സമയത്ത് തറയിലിരിക്കാമോ? എങ്ങനെയാ നിൽക്കേണ്ടത് എന്ന് ഒന്നു കാണിച്ചേ...’’
അരുണ അറ്റൻഷനായി നിന്നു.
‘‘ശരി ഇനി പറയ്യ്....ചായ എങ്ങനെയാ ഉണ്ടാക്കുന്നത് ...വേഗം പറയ്യ്’’
എന്തു പറയും... തേയില ഇട്ടു വെള്ളം തിളപ്പിക്കുകയാണോ. പാലും കൂടി ചേർത്താണോ തിളപ്പിക്കുന്നത്. വെള്ളത്തിൽ പഞ്ചസാര കലക്കിയിട്ടാണോ അടുപ്പിൽ വയ്ക്കുന്നത്.... നാരങ്ങവെള്ളം അങ്ങനെയാണ് ഉണ്ടാക്കുന്നത്. വെപ്രാളത്തിൽ ആലോചിക്കുമ്പോൾ ഒന്നും പിടികിട്ടുന്നില്ല. അമ്മ വലിയ പാചകക്കാരിയായതുകൊണ്ട് പാചകം അമ്മയ്ക്കു വേറെ ആരും ചെയ്യുന്നത് ഇഷ്ടമല്ല.
‘‘വെള്ളത്തിൽ തേയിലയും പഞ്ചസാരയും കൂടി കലക്കി അടുപ്പത്തുവച്ച്...’’
പറഞ്ഞുമുഴുമിക്കും മുൻപ് ആദ്യത്തെ അടിവീണു. അരുണ വേദന കൊണ്ട് പുളഞ്ഞു.
ക്ലാസാകെ കൂട്ടച്ചിരി. അന്യന്റെ വേദന കണ്ട് ചിരിക്കുന്ന മനസ്സാക്ഷിയില്ലാത്തവർ! അവരുടെ ചിരി സിസ്റ്റർക്ക് കൂടുതൽ ആവേശം പകർന്നു.
‘‘ഓംലെറ്റ് ഉണ്ടാക്കുന്നത് എങ്ങനെയാ’’
ഉള്ളിയും മുളകും കണ്ടിട്ടുണ്ട്, ഓംലെറ്റിൽ. പറഞ്ഞേക്കാം.
‘‘മുട്ട പൊട്ടിച്ച് ചട്ടിയിലൊഴിച്ച് ഉള്ളിയും മുളകും അരിഞ്ഞുചേർത്ത്...’’
പറഞ്ഞു മുഴുമിക്കാനായില്ല. ക്ലാസു മുഴുവൻ ചിരിച്ചുലയുകയാണ്. ചിരിയുടെ ഒരു കടൽത്തിര ഇങ്ങനെ ചാഞ്ഞും ചരിഞ്ഞും.....
ചൂരലാണ് പിന്നെയും അരുണയോട് അടുപ്പത്തിൽ പ്രതികരിച്ചത്. സിസ്റ്റർ കണ്ണുകളിലെ തീ കൂട്ടി.
അപ്പോഴാണ് അരുണ കാണുന്നത്- കണ്ണടയ്ക്കുള്ളിലെ സിസ്റ്ററുടെ കണ്ണുകളും വളരെ വലുതാണ്.
അരുണയുടെ കണ്ണു നിറഞ്ഞു.
പക്ഷേ കരയാൻ വയ്യ. മറ്റുള്ളവരുടെ മുൻപിൽ കരയുന്നത്, മരിക്കുന്നതുപോലെയാണ്, അരുണയ്ക്ക്.
കർണനാണ് അരുണയ്ക്കിഷ്ടപ്പെട്ട പുരാണകഥാപാത്രം. തന്റെ മടിയിൽ ഗുരു പരശുരാമനുറങ്ങുമ്പോൾ തുടയിൽ വണ്ടു വന്നു കടിച്ചിട്ടും രക്തം ചീന്തിയിട്ടും അനങ്ങാതിരുന്ന കർണൻ..... അതിന്റെ പേരിൽ ഗുരുശാപം വാങ്ങിയ കർണൻ. വേദനിച്ചുവേദനിച്ച് ഒരു ജന്മം മുഴുവൻ തീർത്ത കർണൻ.
കർണനെപ്പോലെയാകണമെന്നാണ് മോഹം.
അതുമല്ല, വലിയ കണ്ണുകൊണ്ട് കരഞ്ഞാൽ കണ്ണിലെ മഷിയൊക്കെ പരന്ന് ആകെ വൃത്തികേടാകും. കണ്ണെഴുതി പൊട്ടുതൊട്ട് വരുന്നത് പഠിക്കാൻ വരുന്ന കുട്ടികളുടെ ലക്ഷണമല്ല, ഉഴപ്പാൻ വരുന്ന കുട്ടികളുടെ ലക്ഷണമാണെന്നാണ് സിസ്റ്റർ പറയാറ്.
‘‘ശരി. നിന്റെ വീട്ടിലേ ഫോൺ നമ്പർ ഒന്നു തന്നേ...’’
സിസ്റ്റർ അരുണയുടെ അമ്മയെ വിളിക്കാനായി കുപ്പായത്തിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽഫോണെടുത്തു.
അരുണയുടെ ഹൃദയം നിന്നുപോകുകയാണെന്ന് അവളെ അറിയിച്ചു.
നിന്ന നിൽപിൽ ഒരു പ്രതിമയായി മാറിയിരുന്നെങ്കിൽ... !
എന്തു നന്നായിരുന്നു !
(തുടരും)
English Summary: ‘Nunayathi’ Novel written by K Rekha