എമ്മയോട് ഇഷ്ടം തുറന്നു പറഞ്ഞവരൊക്കെ മരണത്തിലേക്ക്, ഇനിയും കാണാമറയത്ത് കൊലയാളി!
ആര്യന്റേത് ആത്മഹത്യയല്ല, കൊലപാതകമാണ്. അതും അജ്ഞാതന്റെ സമ്മാനം തന്നെ. എനിക്ക് വേണ്ടിയുള്ള സമ്മാനം. സ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ സംസാരിക്കണമെങ്കിൽ അയാൾ അന്ന് ഞങ്ങൾ പറഞ്ഞതൊക്കെ കേട്ടിരിക്കുന്നു...
ആര്യന്റേത് ആത്മഹത്യയല്ല, കൊലപാതകമാണ്. അതും അജ്ഞാതന്റെ സമ്മാനം തന്നെ. എനിക്ക് വേണ്ടിയുള്ള സമ്മാനം. സ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ സംസാരിക്കണമെങ്കിൽ അയാൾ അന്ന് ഞങ്ങൾ പറഞ്ഞതൊക്കെ കേട്ടിരിക്കുന്നു...
ആര്യന്റേത് ആത്മഹത്യയല്ല, കൊലപാതകമാണ്. അതും അജ്ഞാതന്റെ സമ്മാനം തന്നെ. എനിക്ക് വേണ്ടിയുള്ള സമ്മാനം. സ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ സംസാരിക്കണമെങ്കിൽ അയാൾ അന്ന് ഞങ്ങൾ പറഞ്ഞതൊക്കെ കേട്ടിരിക്കുന്നു...
ഉറക്കത്തിൽ നിന്ന് വണ്ട് മുരളുന്നതു പോലെയൊരു ശബ്ദമാണ് എന്നെ ഉണർത്തിയത്. ആരോ എവിടെയോ ഇരുന്ന് വിളിക്കുന്നതായൊരു തോന്നൽ. ഉറക്കത്തിനും ഉണർവിനും ഇടയിലെവിടെയോ വച്ച് ആരോ വിളിച്ചുണർത്തി ബോധത്തിലേക്ക് കൊണ്ടു വന്ന പോലെ ...
-എമ്മാ ജോൺ -
ഞാൻ ഞെട്ടിയുണർന്നു. എന്ത് വലിയ നിശബ്ദതയാണ് ചുറ്റിലും. ഞാനെവിടെയാണ്, മുറിയാണ്. ഞങ്ങളുടെ മുറി, എന്റെ കിടക്ക. ഓർമയിലേക്കെത്താൻ എനിക്ക് ഏറെ നേരമിരിക്കേണ്ടി വന്നു. ഇപ്പോൾ എല്ലാം കാണാനാകുന്നുണ്ട്. സമയമെത്രയായി! ഇടയ്ക്കിടയ്ക്ക് ഇത്തരത്തിൽ ബ്ളാക്ക് ഔട്ട് ആവുന്നുണ്ട്. എല്ലാം ശൂന്യമായി പോകുന്നത് പോലെ. എന്നാലും എനിക്കറിയാം ഞാനല്ലാതെ മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ താങ്ങാനാകുമായിരുന്നോ? ഉറപ്പില്ല.
നടാഷയോടു സംസാരിച്ചില്ല, അവളെ കാണുമ്പോൾ സംസാരിക്കാൻ തോന്നുന്നില്ല എന്നതാണ് സത്യം. മീര ഒന്ന് രണ്ടു തവണ തയാറായപ്പോഴും എനിക്കവളെ തടയേണ്ടി വന്നു. വരട്ടെ, അവളെ ഒന്ന് വാച്ച് ചെയ്തിട്ട് മതി സംസാരിക്കുന്നതെന്ന് ഞങ്ങൾക്ക് തോന്നി. നിരീക്ഷിച്ചപ്പോൾ സംശയം ബലപ്പെടുന്ന പോലെ. അവൾ ഫോണിൽ ചിലവഴിക്കുന്ന സമയം കൂടിയിരിക്കുന്നു, വെറുതെ ചിരിക്കുന്നു, ഞങ്ങളുമായുള്ള സംസാരത്തിന്റെ ദൈർഘ്യം കുറഞ്ഞിരിക്കുന്നു. ഇതൊക്കെ പ്രേമത്തിന്റെ ലക്ഷണങ്ങളാണ്... എനിക്ക് പേടി തോന്നി. അവളെ അയാൾ എന്തോ ലക്‌ഷ്യം വച്ച് ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്, എങ്ങനെ നടാഷയെ പറഞ്ഞു മനസ്സിലാക്കും?
ഞാൻ ഫോണെടുത്ത് നോക്കി.ഞെട്ടിപ്പോയത് ഫോണിൽ വന്ന മിസ്സ്ഡ് കാളുകളുടെ എണ്ണം കണ്ടിട്ടാണ്.15 മിസ്സ്ഡ് കാളുകൾ.
ഓരോന്നായി എടുത്ത് നോക്കുമ്പോൾ എല്ലാം ഡ്രാമ ലാബിൽ നിന്നാണ്.
നീലിമ
അരുൺ,
വിനീത
എബി സാർ
വിശാഖ് മാഷ് ...
ഇതെന്താണ് ഇങ്ങനെ... കോഴിക്കോട് നടന്ന മണികർണികയുടെ പെർഫോമൻസിന് ശേഷം ഡ്രാമാ ലാബിലേക്ക് പോയിട്ടേയില്ല. പോകാൻ പറ്റിയൊരു മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഓരോ ദിവസവും പുതിയ പുതിയ ഹൃദയം നുറുങ്ങലുകൾ... താങ്ങാനാകാത്ത വീർപ്പുമുട്ടൽ. താനല്ലാതെ മറ്റാരായിരുന്നെങ്കിലും ഒരുപക്ഷേ മാനസിക രോഗിയായി തീർന്നേനെ...
ഇതിപ്പോഴെന്താവും ഇത്ര വലിയ ആവശ്യം.
ഫോണെടുത്ത് വിശാഖ് മാഷിന്റെ നമ്പർ തിരികെ കിട്ടാനായി ശ്രമിച്ചു.
ബിസി ആണെന്ന് മറുവശത്തിരുന്നൊരു സ്ത്രീ സ്വരം.
നീലിമയുടെ ഫോണിലേക്ക് വിളിച്ച് രണ്ടാമത്തെ ബെല്ലിന് അവളെടുത്തു.
‘‘എമ്മാ നീയെവിടെയാണ്? നീയറിഞ്ഞോ നമ്മുടെ ആര്യൻ സൂയിസൈഡ് ചെയ്തു’’
അവളുടെ ശബ്ദമാകെ വിറച്ചിരിക്കുന്നു. നേർത്തൊരു തണുപ്പ് നെഞ്ചിനെ തരിപ്പിച്ചു. അത് പിന്നെ പടരാൻ തുടങ്ങി.
-ങേ!- ആര്യൻ.... അവൻ ആത്മഹത്യ ചെയ്തെന്നോ? എന്തിന്? ഇന്നലെ കണ്ടു മടങ്ങുമ്പോൾ അവസാനം അവൻ പറഞ്ഞ വാക്കുകൾ അവനു തന്നെ വേണം എന്ന് തന്നെയായിരുന്നു. ആർക്കും വിട്ടു കൊടുക്കില്ലെന്നും. അങ്ങനെ ഉറപ്പിച്ച് പറഞ്ഞിട്ട് അവൻ പോയി ആത്മഹത്യ ചെയ്തെന്നോ? മണിക്കൂറുകളുടെ ഇടവേളയിൽ ആര്യന് എന്താണ് സംഭവിച്ചത്? ആത്മഹത്യ ചെയ്യാൻ അവനെന്തായിരുന്നു പ്രശ്നം? രാവിലെ കണ്ടപ്പോൾ പ്രത്യേകിച്ച് വിഷാദമുള്ളതായി തോന്നിയതേയില്ല.
‘‘നീലി... നീയെന്താ പറയുന്നേ? അവനെന്തിനാ?’’
‘‘അറിയില്ല. ഇന്നലെ രാത്രിയിലെപ്പോഴോ ആയിരുന്നു. കാരണമൊന്നും ആർക്കും അറിയില്ല. എന്തോ കുറിപ്പും എഴുതി വച്ചിട്ടുണ്ട്.’’
‘‘എന്താ കുറിപ്പ്?’’
‘‘അതറിയില്ലെടോ. താൻ അറിഞ്ഞിട്ടുണ്ടാവില്ലെന്ന് തോന്നി. അതാ ഞാൻ വിളിച്ചത്. തനിക്കെന്താ പറ്റിയത്. ഇപ്പൊ ലാബിലേക്ക് കാണാറേയില്ല. ആ പ്രശ്നങ്ങളൊക്കെ ആലോചിച്ചിരുന്നാൽ ജീവിതം ഇല്ലാതായിപ്പോകും, താൻ ലാബിൽ വരൂ’’
‘‘വരാം, പോലീസെത്തിയോ?’’
‘‘എത്തി. മറ്റു നടപടികൾക്കായി അരുണും വിശാഖ് മാഷും ഓടി നടക്കുകയാണ്. അവന്റെ അമ്മ ആകെ തകർന്നു പോയി. അവരാരും ആ സമയം വീട്ടിലുണ്ടായിരുന്നില്ല. അവന്റെ ചേച്ചിയുടെ അടുത്ത് പോയിരുന്നു. അമ്മയും അച്ഛനും തിരികെ വന്നപ്പോഴാണ് അവൻ ഫാനിൽ ....’’
‘‘എന്തിന് വേണ്ടിയാണ്...’’
എനിക്ക് കരച്ചിൽ വന്നു തൊണ്ട നിറച്ചതുകൊണ്ട് പിന്നെ വാക്കുകൾ പുറത്തേയ്ക്ക് വന്നില്ല. കുറച്ചു നേരത്തെ അടുത്തിരുന്നൊരാൾ... സംസാരിച്ചൊരാൾ... ഇഷ്ടമാണെന്ന് ചങ്കൂറ്റത്തോടെ പറഞ്ഞൊരാൾ... ആർക്കും വിട്ടു കൊടുക്കില്ലെന്ന് പൊസ്സസ്സീവ്നെസ്സോടെ എങ്കിലും പറഞ്ഞൊരാൾ... അയാൾ നഷ്ടമായിരിക്കുന്നു. ഇല്ല അവൻ ജീവിച്ചിരുന്നാലും അവന്റെയൊപ്പം ജീവിക്കാനാഗ്രഹിച്ചിരുന്നില്ല. എങ്കിലും സ്നേഹിച്ചിരുന്നവർ ഒന്നൊന്നായി ഇല്ലാതെയാകുന്നു. ആര്യന് എന്താണ് സംഭവിച്ചത്?
എന്റെ കയ്യിൽ നിന്നും ഫോൺ താഴേയ്ക്ക് ഊർന്നു വീണു.
ലോകത്തേറ്റവും കൂടുതൽ നിസ്സഹായതയനുഭവിക്കുന്ന ഒരാൾ ഞാനല്ലാതെ മറ്റാരാണ്?
ഇതുവരെ ഒറ്റക്കായിരുന്നു, പലരും ഓരോ കാലങ്ങളിൽ ജീവിതത്തിലേയ്ക്ക് വരും, അവരുടെ സമയം കഴിയുമ്പോൾ എങ്ങോട്ടോ മടങ്ങിപ്പോകും. തിരികെ വന്നവർ വളരെ കുറവാണ്. അതുപോലെ ആരെങ്കിലുമൊക്കെ വന്നും പോയും ഈ ജീവിതമങ്ങു അവസാനിക്കും. അതുവരെ ജീവിക്കണം...
പക്ഷേ ആര്യൻ... അതും ഏറ്റവും ക്രൂരമായ ഒരു മരണം...
ഏറ്റവുമാദ്യം ഒരാൾ തൂങ്ങി മരിച്ചു നിൽക്കുന്നത് കണ്ടത് പ്ലസ്‌ടുവിന് പഠിക്കുമ്പോഴാണ്. എന്റെ കണ്ണിന്റെ മുന്നിൽ ആ ശരീരം ഇപ്പോഴും തൂങ്ങിയാടുന്നതുപോലെ അനുഭവപ്പെടുന്നുണ്ടായിരുന്നു. കഴുത്തിൽ കുടുക്കിട്ട് താഴേയ്ക്ക്, ഉയരത്തിൽ നിന്നും ശൂന്യതയിലേക്ക് വീണു പോകുമ്പോൾ എന്തൊക്കെയാണ് ഉണ്ടാവുക? കോട്ടയത്തെ വീടിന്റെ തൊട്ടടുത്തുള്ള എൽസിയമ്മ പ്രാരാബ്ദം കാരണം അവരുടെ കിടപ്പുമുറിയിലാണ് ഒരു വീട് തനിച്ചാക്കി തൂങ്ങി മരിച്ചത്. ജനാലയിലൂടെയാണ് ആടിയുലഞ്ഞു നിൽക്കുന്ന അവരുടെ ശരീരം ഒരു മാത്ര കണ്ടത്. പിന്നെ കാണാൻ സമ്മതിച്ചില്ല, ഉള്ളിൽ നിന്നാണെന്നു തോന്നുന്നു ഒരു ഒച്ച പുറത്തേയ്ക്ക് വന്നിരുന്നു, അത് അലർച്ചയായി ആണോ കരച്ചിലായി ആണോ പുറത്തേക്ക് കേട്ടതെന്ന് ഇപ്പോഴുമറിയില്ല. ഏറ്റവും ദുരിതം നിറഞ്ഞ സ്വയം ഹത്യ ഈ കുരുക്കിടൽ തന്നെയാണെന്നുറപ്പാണ്. കഴുത്തിലെ പേശികൾ വലിഞ്ഞു മുറുകി ആദ്യം ശ്വാസം മുട്ടും, ഒരു വീർത്ത ബലൂണിനെ അതിന്റെ കൃത്യം മധ്യഭാഗത്ത് പിടിച്ച് അമർത്തുന്നത് പോലെ, വായു ഉള്ളിൽ പരക്കം പായും. അത് മരണത്തിനു തൊട്ടു മുൻപ് ഉടലിൽ അറിയാൻ കഴിയുന്നുണ്ടാവും. പുറത്തേയ്ക്ക് കടക്കാൻ വീർപ്പു മുട്ടുന്ന പ്രാണൻ ഇത്രയധികം ബുദ്ധിമുട്ടുന്ന മറ്റേതെങ്കിലും മരണമുണ്ടാകുമോ...
പിന്നീടെന്നും സ്വപ്നത്തിൽ ഒരു വലിയ മലയുടെ മുകളിൽ നിന്നു താഴേയ്ക്ക്... ആഴത്തിലേയ്ക്ക്... ശൂന്യതയിലേക്ക് ചാടുന്ന എന്നെത്തന്നെ ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. എത്ര നാളെടുത്ത് കാണും ആ കാഴ്ചയിൽ നിന്നും രക്ഷപ്പെടാൻ!
ഓർമ്മയില്ല... ഒരിക്കലും ആരും സ്വയം ഹത്യയിൽ തൂങ്ങി മരണം ദയവായി ഉൾപ്പടുത്തരുത്. അത് കാണുന്നവരുടെ മരണം അത്രത്തോളം സ്വയം നുറുങ്ങിയാവും.
എങ്കിലും ആര്യൻ... അവനെന്തിനാണ്...
ഞാൻ കണ്ണ് തുടച്ച് എഴുന്നേറ്റ് മീരയെ നോക്കി. അവളും ഓരോന്നാലോചിച്ച് ഉറക്കത്തിൽ നിന്നെഴുന്നേൽക്കാതെ കിടക്കുകയാണ്. നടാഷ ഫോണുമായി പുറത്തേയ്ക്ക് പോയിരിക്കുന്നു.
‘‘മീരാ...’’
അലസമായി അവൾ ചുരുണ്ടു കൂടി എന്റെ മുഖത്തേയ്ക്ക് നോക്കി.
‘‘ആര്യൻ ആത്മഹത്യ ചെയ്തു’’
-ങേ- അവൾ ചാടിയെഴുന്നേറ്റു. അവൾക്കും ആ വാർത്ത വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നെനിക്കുറപ്പായി. അല്ലെങ്കിലും അൽപ്പ നേരം മുൻപ് നമ്മളോട് സംസാരിച്ചുകൊണ്ടിരുന്നു ഒരാൾ പെട്ടെന്ന് ഇല്ലാതായി എന്ന് കേൾക്കുമ്പോൾ ഒരുതരം ശ്വാസം മുട്ടൽ അനുഭവപ്പെടും.
‘‘എമ്മാ, അവനെന്താണ് സംഭവിച്ചത്?’’
‘‘അറിയില്ല. കാരണം ആർക്കുമറിയില്ല. ആത്മഹത്യ കുറിപ്പുണ്ടെന്നാണ് അറിഞ്ഞത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടാവും’’
‘‘നമ്മുടെ സംസാരവുമായി ബന്ധപ്പെട്ട് ...’’
‘‘അങ്ങനെയൊന്നുമുണ്ടാവില്ല മീരാ. എന്തിന്? നമ്മളോട് സംസാരിച്ചപ്പോ അവനെന്ത് ചങ്കൂറ്റത്തോടെയാണ് സംസാരിച്ചത്. അതുകഴിഞ്ഞ് അവനെന്തോ സംഭവിച്ചു.’’
മീര എന്റെ തോളിൽ കൈ വച്ചു, അവളുടെ കൈകൾ മഞ്ഞു പോലെ തണുത്തിരിക്കുന്നു. എനിക്ക് മീരയുടെ നെഞ്ചിലേക്ക് ചാരിക്കിടക്കാൻ തോന്നി. കരുതൽ കയ്യാണ് ആവശ്യം.
എത്ര സമയം അങ്ങനെ കിടന്നുവെന്ന് എനിക്കറിയില്ല.
നടാഷ വന്നു ഞങ്ങളെ അദ്‌ഭുതപ്പെട്ടും തെല്ലു അസൂയയോടെയും നോക്കുന്നുണ്ടായിരുന്നു.
ആര്യന്റെ ആത്മഹത്യ അനിൽ മാർക്കോസിനോട് പറയണോ? എന്ത് കേട്ടാലും അതിന്റെ പിന്നിലാണെന്നുള്ളത് എന്റെ തോന്നലാണെങ്കിലോ? അവനു ആത്മഹത്യ ചെയ്യാൻ മറ്റെന്തെങ്കിലും കാരണമുണ്ടെങ്കിലോ? അജ്ഞാതനാണെങ്കിൽ അയാൾ എന്തെങ്കിലും അടയാളം കാണിക്കാതെയിരിക്കില്ല. അങ്ങനെ എന്തെങ്കിലും കിട്ടട്ടെ, ആത്മഹത്യ ആയതുകൊണ്ട് പോലീസ് എന്തായാലും അന്വേഷിക്കുമെന്നും എനിക്കുറപ്പായിരുന്നു. എന്തെങ്കിലും ചീഞ്ഞു നാറുന്നുണ്ടെങ്കിൽ അത് അവർ കണ്ടെത്താതിരിക്കില്ല. ഞാൻ അനിൽ മാർക്കോസിനെ ആര്യന്റെ മരണം അറിയിച്ചില്ല.
ആര്യന്റെ മരണ ശേഷം രണ്ടാമത്തെ ദിവസമാണ് എനിക്കൊരു പോസ്റ്റ് കാർഡ് വന്നത്.
പോസ്റ്റ്മാൻ കൊണ്ട് വന്നപ്പോൾ അക്ഷരാർത്ഥത്തിൽ എനിക്ക് അമ്പരപ്പ് തോന്നി. ഇതുവരെ എന്റെ പേരിൽ ഇവിടെയൊരു പോസ്റ്റ് വന്നിട്ടില്ല, ഇതിപ്പോൾ ആരാണ്?
പോസ്റ്റ് കാർഡിലെ വാക്കുകൾ വായിച്ചതും എനിക്കെന്റെ ജീവൻ നഷ്ടപ്പെടുന്നതു പോലെ തോന്നി. എന്റെ കയ്യിൽ നിന്നും കാർഡ് താഴെ വീണു. കയ്യുടെ ബലം നഷ്ടപ്പെട്ടിരിക്കുന്നു.
അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു,
-Its for You My Dear Emmaa John. Now You can fly to the sky, only with ME-
എന്താണ് അതിന്റെയർഥമെന്ന് എനിക്കിപ്പോൾ മനസ്സിലാവുന്നു. ആര്യന്റേത് ആത്മഹത്യയല്ല, കൊലപാതകമാണ്. അതും അജ്ഞാതന്റെ സമ്മാനം തന്നെ. എനിക്ക് വേണ്ടിയുള്ള സമ്മാനം. സ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ സംസാരിക്കണമെങ്കിൽ അയാൾ അന്ന് ഞങ്ങൾ പറഞ്ഞതൊക്കെ കേട്ടിരിക്കുന്നു...
അപ്പോൾ അയാൾ ഇപ്പോഴും ഞങ്ങളുടെ പിന്നാലെയുണ്ട്. മാളിൽ, കാർഡ് പോസ്റ്റ് ചെയ്തിരിക്കുന്ന കലൂരിലെ പോസ്റ്റ് ഓഫീസിൽ, ഞങ്ങളുടെ എത്രയോ അടുത്ത്. അന്ന് മാളിൽ ഒപ്പമുണ്ടായിരുന്ന മുഖങ്ങൾ...
ഇല്ല ഒന്നും പ്രത്യേകമായി ഓർമ്മയിൽ വരുന്നതേയില്ല...
എന്ത് ചെയ്യണമെന്നറിയാതെ എനിക്ക് ഭ്രാന്ത് പിടിച്ചു. ഞാൻ ഫോണെടുത്ത് അനിൽ മാർക്കോസിനെ വിളിച്ചു.
English Summary: ‘Njan Emma John’ e-Novel written by Sreeparvathy, Chapter- 20