‘ഞാനൊരിക്കലും ഈ വേദനയിൽ നിന്ന് രക്ഷപ്പെടില്ല, മരണങ്ങൾ എന്നെ പിന്തുടർന്നുകൊണ്ടേയിരിക്കും’
പ്രണയത്തിലേയ്ക്കൊന്നും എത്തിയിട്ടില്ല സാർ. ആളുകളെ ഒരു പേടിയോടെയാണ് ഞാൻ ഇപ്പോഴും കാണുന്നത്, പ്രത്യേകിച്ച് എമ്മയുടെ ഇൻസിഡന്റിനു ശേഷം. പക്ഷേ അയാൾ നല്ലൊരു സുഹൃത്താണെന്ന് തോന്നി.
പ്രണയത്തിലേയ്ക്കൊന്നും എത്തിയിട്ടില്ല സാർ. ആളുകളെ ഒരു പേടിയോടെയാണ് ഞാൻ ഇപ്പോഴും കാണുന്നത്, പ്രത്യേകിച്ച് എമ്മയുടെ ഇൻസിഡന്റിനു ശേഷം. പക്ഷേ അയാൾ നല്ലൊരു സുഹൃത്താണെന്ന് തോന്നി.
പ്രണയത്തിലേയ്ക്കൊന്നും എത്തിയിട്ടില്ല സാർ. ആളുകളെ ഒരു പേടിയോടെയാണ് ഞാൻ ഇപ്പോഴും കാണുന്നത്, പ്രത്യേകിച്ച് എമ്മയുടെ ഇൻസിഡന്റിനു ശേഷം. പക്ഷേ അയാൾ നല്ലൊരു സുഹൃത്താണെന്ന് തോന്നി.
‘‘സർ,’’
മീരയാണ് സംസാരിച്ചു തുടങ്ങിയത്. ഒപ്പം അവൾ കയ്യിൽ പിടിച്ചിരുന്ന കാർഡ് അനിൽ മാർക്കോസിന് നേരെ നീട്ടി. അയാളത് വായിച്ചു.
-Its for You My Dear Emmaa John. Now You can fly to the sky only with ME-
എന്താണ് ഇത്? അയാൾ അയച്ചതാണോ? അനിലിന് ഒന്നും മനസ്സിലായില്ല. അയാൾ ചോദ്യ ഭാവത്തോടെ മീരയ്ക്ക് നേരെ നോക്കി.
‘‘അയാൾ അയച്ചതാണ്.’’
‘‘എന്താണ് അയാളുദ്ദേശിച്ചത്? ഇതിന്റെ കൂടെ എന്തെങ്കിലുമുണ്ടായിരുന്നോ?’’
‘‘ഒപ്പമൊന്നുമില്ലായിരുന്നു സർ, ഇത്തവണ അയാൾ ചെയ്തത് നമ്മളൊക്കെ വൈകിയാണ് മനസ്സിലാക്കിയത്’’
‘‘എന്ന് വച്ചാൽ?’’
‘‘സർ, രണ്ടു ദിവസം മുൻപാണ് എമ്മയുടെ ഒപ്പം ഡ്രാമ ലാബിലുള്ള ഒരു പയ്യൻ, ആര്യൻ, ആത്മഹത്യ ചെയ്തത്. അവനോടു തലേ ദിവസം ഞങ്ങൾ രാവിലെ സംസാരിച്ചതാണ്. നമ്മൾ തമ്മിൽ അതിനെ കുറിച്ച് പറയുകയും ചെയ്തിരുന്നു സാർ ഓർക്കുന്നില്ലേ?’’
‘‘യെസ് ഓർമ്മയുണ്ട്. എബിയെക്കുറിച്ച് അവനല്ലേ പറഞ്ഞത്.’’
‘‘അതെ സാർ, അപ്പോൾ അവനെ കണ്ടാൽ ആത്മഹത്യ ചെയ്യും എന്നൊന്നും തോന്നുമായിരുന്നില്ല. പിറ്റേന്ന് കേൾക്കുന്നത് ആത്മഹത്യ ചെയ്തു എന്നാണ്. അവനു ഇടയ്ക്ക് വിഷാദമുണ്ടാകാറുണ്ടെന്നും ആത്മഹത്യ പ്രവണത ഉണ്ടായിരുന്നുവെന്നും അവനെ സ്ഥിരം കൗൺസിൽ ചെയ്യുന്ന ഡോക്ടർ പറഞ്ഞുവെന്ന് അറിഞ്ഞു. അതുകൊണ്ട് അതത്ര ഗൗരവമായി എടുത്തതുമില്ല. എന്നാലിപ്പോൾ ഈ കാർഡ് വന്നപ്പോഴാണ് അതൊരു ആത്മഹത്യ അല്ലെന്ന് മനസ്സിലായത്’’
‘‘ആര്യനെ കുറിച്ച് എമ്മ ഒരിക്കലെന്നോട് പറഞ്ഞിരുന്നു അല്ലെ?’’
അനിൽ മാർക്കോസ്, എന്റെ മുഖത്തേയ്ക്ക് നോക്കി. ഞാനെന്തു പറയാനാണ്. ഈ മരണങ്ങൾ എന്നെയിപ്പോൾ നിസംഗയാക്കാൻ പഠിപ്പിച്ചിരിക്കുന്നു. എങ്കിലും എല്ലാം ഞാൻ കാരണമാണ് എന്നത് എന്നെ വല്ലാതെ തളർത്തുന്നു.
‘‘അതെ, ഞങ്ങൾ വെറുതെ ഒന്ന് സംസാരിക്കാമെന്നു കരുതി. എന്നാൽ ആര്യൻ അത്ര അപകടകാരിയല്ല, അവനു എമ്മയെ ഇഷ്ടമായിരുന്നു. പൊസ്സസ്സീവ് ആണ് , അതവൻ എടുത്ത് പറഞ്ഞിരുന്നു. എന്നാലും അവനല്ല ഈ കുട്ടിയുടെ ശത്രുവെന്ന് മനസ്സിലായപ്പോൾ ഞങ്ങളവനെ ലിസ്റ്റിൽ നിന്ന് വെട്ടി’’
‘‘അങ്ങനെ നിങ്ങളുടെ ലിസ്റ്റിൽ നിന്ന് വെട്ടിയെങ്കിലും ആര്യൻ അജ്ഞാതന്റെ ലിസ്റ്റിൽ കയറിപ്പറ്റി. അവനെ അയാൾ കൊലപ്പെടുത്തുകയും ചെയ്തു.’’, അനിൽ മാർക്കോസ് അത് പൂരിപ്പിച്ചു.
‘‘അന്ന് ആ സമയം നിങ്ങളുടെ സമീപത്തിരുന്ന പരിചിതരായ ആളുകളെ ആരെയെങ്കിലും ഓർമ്മയുണ്ടോ?’’
അനിൽ മാർക്കോസിന്റെ ചോദ്യത്തിൽ ഞാനും മീരയും ഒരിക്കൽക്കൂടി ഫുഡ് കോർട്ടിൽ പോയി വന്നു. ഞങ്ങൾ അവിടെയൊന്നാകെ അലഞ്ഞു നടന്നു, ഇല്ല, ആരെയും കാണാനില്ല. നടാഷയെ അല്ലാതെ.
‘‘അന്നവിടെ വച്ചാണ് സാർ നടാഷയെ കണ്ടത്, പിന്നെ അയാളെയും’’
‘‘ഉം...’’
അനിൽ മാർക്കോസ് എന്തോ ഗഹനമായി ആലോചിക്കാൻ തുടങ്ങിയിരുന്നു.
‘‘ഞാനൊരിക്കലും ഈ വേദനയിൽ നിന്ന് രക്ഷപ്പെടില്ല സർ. ഈ മനുഷ്യരുടെയൊക്കെ മരണം എന്നെ പിന്തുടർന്നുകൊണ്ടേയിരിക്കും. നേരിട്ട് ഭാഗമായില്ലെങ്കിൽപ്പോലും ഞാൻ കാരണം മരണപ്പെട്ടവരാണവർ. അവരുടെ മരണത്തിന് ഞാനാണ് ഒരേയൊരു ഉത്തരവാദി. കുറ്റം ചെയ്യുന്നവനെപ്പോലെ ശിക്ഷ അതിന് പ്രേരിപ്പിക്കുന്നവർക്കും നിയമത്തിലുണ്ടല്ലോ. എന്നാൽ ഞാനറിയാതെയായതിനാൽ ഞാനിവിടെ ഇരയാക്കപ്പെട്ടു. ഈ പാപഭാരത്തിൽ നിന്ന് ഇനിയെനിക്കൊരു മോചനമില്ല. ഓരോ ദിവസവും മെഴുകുതിരി പോലെ ഞാനുരുകി തീർന്നു കൊണ്ടേയിരിക്കും. മരണം വരെ ഞാൻ കരഞ്ഞു കൊണ്ടേയിരിക്കും. ആർക്കും അതിൽ നിന്നെന്നെ രക്ഷപ്പെടുത്താനാവില്ല.’’
എന്റെ കണ്ണുകളിൽ നിന്നും നീര് കവിളിലൂടെ നിലത്തേക്ക് വീണു.
ശരിയാണ്. താൻ കാരണം മനുഷ്യർ, അതും സ്നേഹിക്കുന്നവരുൾപ്പെടെയുള്ളവർ മരണപ്പെടുക, എങ്ങനെയാണ് അത് സഹിക്കുക? എല്ലാ സഹനങ്ങൾക്കും അപ്പുറമായിരിക്കും അതിനെ പാപ ഭാരം. നേരിട്ട് ചെയ്യാത്ത പാപത്തിന്റെ ശമ്പളമെന്താണ്?- അനിൽ മാർക്കോസിന്റെ ഒപ്പം എത്തിയ ലാസറിന് ഒന്നും സംസാരിക്കാനില്ലെങ്കിലും അയാൾക്ക് വേദനിച്ചു. ഒരു ഓവർ ഡ്രമാറ്റിക് സിനിമ പോലെ ഇതുവരെയുണ്ടായ കഥകൾ ലാസറിന്റെ ഹൃദയത്തിലൂടെ കടന്നു പോയി.
‘‘ആര്യന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറും പറഞ്ഞത്. അതുകൊണ്ട് അതിൽ വലിയ അന്വേഷണമുണ്ടായില്ല. അവൻ സ്ഥിരമായി കണ്ടിരുന്ന സൈക്യാട്രിസ്റ്റിന്റെ മൊഴിയും അത് ഉറപ്പിച്ചു. കുറെ നേരം ഇരുന്നത് കൊണ്ട് അവന്റെ ബോഡിയിൽ നിന്നും പഴുപ്പ് വരാൻ തുടങ്ങിയതിനാൽ ആര്യനെ അവർ നാട്ടിൽ കൊണ്ട് പോയി ദഹിപ്പിക്കുകയാണ് ചെയ്തത്. ആലപ്പുഴയിൽ. അതുകൊണ്ട് അതിന്റെ പേരിലൊരു അന്വേഷണം എളുപ്പമാകുമെന്ന് തോന്നുന്നില്ല.’’
‘‘വളരെ സൈലന്റ് ആയി നടന്ന ഒരു കൊലപാതകം. എമ്മ അറിയുക എന്നതിനേക്കാൾ അയാളെ ഒഴിവാക്കുകയായിരുന്നു അജ്ഞാതന്റെ ലക്ഷ്യമെന്ന് തോന്നുന്നു. ഇവിടെ ആര്യന്റെ ശരീര ഭാഗങ്ങളൊന്നും നമുക്ക് ലഭിച്ചില്ല. തന്റെ ഫെയ്‌സ്ബുക്ക് താൻ ഡീ ആക്ടിവേറ്റ് ചെയ്തു, ഇനി അയാൾ തന്റെ വെബ് നെറ്റിൽ നിന്നിറങ്ങി ലൈവായി തന്റെ പിന്നാലെ കൂടിയിരിക്കുന്നു’’
അയാളെന്റെ പിന്നാലെ ഉണ്ടെന്ന സത്യം ഞാൻ തിരിച്ചറിയുന്നു. ഏതു നേരവും ഞാൻ കൊല്ലപ്പെടാം, എനിക്ക് പ്രിയപ്പെട്ട ആരെങ്കിലും ഇല്ലാതാവാം, അത് മീരയോ നടാഷയോ ആവാം. ഋഷി മരണപ്പെട്ടത് പോലെ. ഫെയ്‌സ്ബുക്കിൽ നിന്നും അയാൾ പുറത്തിറങ്ങിയിരുന്നു. എന്റെ എതിരെ സംസാരിക്കുന്നവരെ അവർ പിടികൂടി കൊല്ലുന്നു. നടാഷയെ അയാൾ കയ്യിലെടുത്ത് കഴിഞ്ഞതായി എനിക്ക് തോന്നി, അയാളുടെ ഉപയോഗം കഴിഞ്ഞാൽ അവളെയും അയാൾ കൊല്ലുമെന്ന് ഞാൻ ഭയക്കുന്നു.
‘‘സാർ അയാളെ വേഗം കണ്ടെത്തണം. അല്ലെങ്കിൽ ഇനി നടാഷയാവും’’
‘‘നടാഷയെവിടെ? ഓഫീസിൽ നിന്നെത്തിയില്ലേ?’’
‘‘വരാനുള്ള സമയം കഴിഞ്ഞു, പക്ഷേ ഇതുവരെയെത്തിയില്ല.’’
ഞാനും അതാണ് ഓർത്തത്. അവൾ സ്ഥിരമായി വരുന്ന സമയം കടന്നു പോയിരിക്കുന്നു. ഞാൻ ഭയന്നത് പോലെ അയാൾ അവളെ... ഞാൻ ചാടിയെഴുന്നേറ്റു, എന്റെ പെട്ടെന്നുണ്ടായ മാറ്റത്തിൽ അനിൽ മാർക്കോസും ലാസറും മീരയും പേടിച്ചെന്നു തോന്നി.
‘‘സാർ, അവൾക്കെന്തോ പറ്റിയിട്ടുണ്ട്, അയാൾ അവളെ കൊല്ലും. അവളെ രക്ഷിക്കണം. പ്ലീസ് സാർ’’
‘‘താൻ അവളെ ഒന്ന് വിളിക്കൂ’’
പറഞ്ഞു തീരും മുൻപ് മീര അവളുടെ ഫോണിൽ നടാഷയെ വിളിച്ചു. റിങ് പോകുന്നുണ്ട്, അവൾ എടുത്തില്ല. എന്താണ് നടാഷ ഫോണെടുക്കാത്തത്?
ആധി പിടിച്ചു തുടങ്ങും മുൻപ് നടാഷ ഞങ്ങളുടെ മുറിയുടെ മുന്നിലെത്തി.
‘‘എടീ ഞാനിവിടെ എത്തിയതുകൊണ്ടാ എടുക്കാഞ്ഞേ? എന്താ ഇവിടെ?’’
അകത്ത് പോലീസിനെ കണ്ട് അവളൊന്നു ഭയന്നു. നടാഷ ചുറ്റും നോക്കി. മാനസി ചേച്ചി ചായയും കൊണ്ട് അകത്തേയ്ക്ക് കയറി വന്നു. എല്ലാവരും നിശ്ശബ്ദരായതു പോലെ.
‘‘നടാഷ കഴിഞ്ഞ ദിവസം ആരുടെയൊപ്പമാണ് ലുലു മാളിൽ പോയത്?’’
അനിൽ മാർക്കോസിന്റെ ചോദ്യത്തിൽ അവളൊന്നു പരിഭ്രമിച്ചത് പോലെ എനിക്ക് തോന്നി.
‘‘എന്താ സാർ? എന്താ കാര്യം?’’
അവളുടെ മുഖം വിളറി വെളുത്തിരുന്നു. ഞങ്ങളുടെ മുഖത്ത് നോക്കാൻ നടാഷ ബുദ്ധിമുട്ടി.
‘‘അയാൾ ആരാണ്?’’
‘‘ആകാശ് എന്നാണു പേര്. എന്റെ സുഹൃത്താണ്. sir what happen ?’’
‘‘ഈ പറയുന്ന ആകാശ് എന്ന നടാഷയുടെ സുഹൃത്തിനെ എമ്മയ്ക്ക് അറിയാമോ?’’
നടാഷ വിളറി എന്നെ നോക്കി.
‘‘അയാളെ എനിക്ക് പഴ്സനാലി അറിയില്ല സാർ, പക്ഷെ അയാൾ ഒരു ആഭാസനാണ്’’
അവൾ അമ്പരന്നെന്നു തോന്നി.
‘‘അതെന്താണ്?’’
ഒന്നുമറിയാത്ത പോലെ എന്റെ ഉത്തരത്തിനായി അനിൽ മാർക്കോസ് കാത്തിരുന്നു.
‘‘ഒരിക്കൽ ഞാനും മീരയും ഫുഡ് കോർട്ടിലിരുന്നു ഭക്ഷണം കഴിക്കുമ്പോൾ അയാൾ വളരെ വൃത്തികെട്ട രീതിയിലാണ് ഞങ്ങളെ നോക്കിയത്’’
‘‘നോക്കുന്നത് തെറ്റല്ലല്ലോ’’ ഉത്തരം പറഞ്ഞത് നടാഷയായിരുന്നു.
‘‘അവൻ നിന്റെ ആരാ നടാഷ?’’
ആ മെലോഡ്രാമ ഇഷ്ടപ്പെടാതെ മീര അവളോട് തുറന്നു ചോദിച്ചു.
‘‘ഞാൻ പറഞ്ഞില്ലേ എന്റെ സുഹൃത്താണ്?’’
‘‘ഞങ്ങളറിഞ്ഞിട്ടില്ലല്ലോ അയാളെക്കുറിച്ച്’’
‘‘കുറച്ചു നാളായതേയുള്ളൂ’’
‘‘സീ നടാഷ, ഇനി ഞാൻ പറയുന്നത് സൂക്ഷിച്ചു കേൾക്കണം. എമ്മയുടെ കേസും തന്റെ സുഹൃത്ത് ആകാശുമായി ബന്ധമുണ്ടോ എന്ന് സംശയിക്കുന്നു. തനിക്ക് എങ്ങനെയാണ് അയാളുമായി പരിചയം?’’
‘‘എമ്മയുമായി അയാൾക്കെന്തു ബന്ധം? ഞാൻ പറഞ്ഞപ്പോഴാണ് അയാൾ അവളെക്കുറിച്ച് കേൾക്കുന്നത് തന്നെ. ഇവരെ പരിചയപ്പെടുത്താൻ ഒരു ദിവസം നോക്കിയിരിക്കുകയായിരുന്നു’’
‘‘അയാളെന്താണ് എമ്മയെക്കുറിച്ച് ചോദിച്ചത്?’’
‘‘അയാളൊന്നും ചോദിച്ചില്ല, താമസിക്കുന്ന സ്ഥലത്തെക്കുറിച്ചൊക്കെ സംസാരിച്ചപ്പോൾ ഇവരെക്കുറിച്ചും പറഞ്ഞു. നാടകം എന്നൊക്കെ കേട്ടപ്പോൾ എമ്മയെക്കുറിച്ച് കൂടുതൽ തിരക്കി. വീട്, സ്വഭാവം അതൊക്കെ’’
‘‘നിങ്ങൾ പ്രണയത്തിലാണോ?’’
‘‘സാർ...’’
‘‘പറയൂ നടാഷ..’’
അവളുടെ മറുപടിയ്ക്കായി ഞാനും മീരയും ശ്രദ്ധിച്ചു.
‘‘പ്രണയത്തിലേയ്ക്കൊന്നും എത്തിയിട്ടില്ല സാർ. ആളുകളെ ഒരു പേടിയോടെയാണ് ഞാൻ ഇപ്പോഴും കാണുന്നത്, പ്രത്യേകിച്ച് എമ്മയുടെ ഇൻസിഡന്റിനു ശേഷം. പക്ഷേ അയാൾ നല്ലൊരു സുഹൃത്താണെന്ന് തോന്നി. ഞങ്ങൾ എടിഎമ്മിൽ വച്ചാണ് പരിചയപ്പെടുന്നത്. പിന്നെ പലയിടത്തും വച്ച് കണ്ടപ്പോൾ അയാൾ വന്നു മിണ്ടി. ആള് കുഴപ്പമില്ലെന്ന് തോന്നി.’’
അവൾ എന്നെ നോക്കി. അവൾ പറയുന്നത് എനിക്ക് വിശ്വസിക്കാതെയിരിക്കാൻ തോന്നിയില്ല. പക്ഷേ ആരാണ് ഈ ആകാശ്?
‘‘അയാൾക്കെന്താണ് ജോലി?’’
ചോദിച്ചത് അനിൽ മാർക്കോസായിരുന്നു.
‘‘അയാൾ ഒരു മെഡിക്കൽ റെപ്രസെന്റേറ്റീവാണ്. കുറെ കടമൊക്കെയുണ്ട്. ജീവിക്കാൻ ബുദ്ധിമുട്ടൊക്കെയുള്ള ഒരാൾ. സത്യസന്ധനാണെന്നാണ് എനിക്ക് തോന്നിയത്’’
‘‘ഒരാൾ നമ്മളെ ടാർജറ്റ് ചെയ്താൽ അയാളെന്തു പറഞ്ഞും ചെയ്തും നമ്മുടെ മുന്നിലെത്തുകയും കുടുക്കുകയും ചെയ്യും.’’
‘‘സാറപ്പോൾ പറയുന്നത് മനഃപൂർവ്വമാണെന്നാണോ’’
അനിൽ മാർക്കോസ് ഒന്നും മിണ്ടിയില്ല. അയാൾ നടാഷയുടെ കയ്യിൽ നിന്നും ആകാശിന്റെ നമ്പർ വാങ്ങി മൊബൈലിൽ കുറിച്ചിട്ടു. പിന്നെ താമസിക്കാതെ അവിടെ നിന്നിറങ്ങി. നടാഷ ഞങ്ങളുടെ മുന്നിൽ മറുപടിയ്ക്കായി അപ്പോഴും പരതുകയായിരുന്നു.
English Summary: ‘Njan Emma John’ e-Novel written by Sreeparvathy, Chapter- 21