പി. രഘുനാഥ് എഴുതുന്ന നോവൽ കിടയ്ക്കാട്ടിലെ പൂളമരങ്ങള്‍ – അധ്യായം 17 കല്ലൻമാർ മത്തായി കിടയ്ക്കാട് കാലുകുത്തില്ല എന്ന് ശപഥമൊന്നും ചെയ്തിരുന്നില്ല. പിറ്റേ ആഴ്ച മാനേജര്‍ ജോണി വിളിച്ചതിന്‍പ്രകാരം എല്‍ദോയ്ക്കായി മഗ്ദലനമറിയവുമായി മത്തായി എത്തി. പോരുന്നതിനു മുന്‍പ് അവന്‍ മാനേജര്‍ ജോണിയോട്

പി. രഘുനാഥ് എഴുതുന്ന നോവൽ കിടയ്ക്കാട്ടിലെ പൂളമരങ്ങള്‍ – അധ്യായം 17 കല്ലൻമാർ മത്തായി കിടയ്ക്കാട് കാലുകുത്തില്ല എന്ന് ശപഥമൊന്നും ചെയ്തിരുന്നില്ല. പിറ്റേ ആഴ്ച മാനേജര്‍ ജോണി വിളിച്ചതിന്‍പ്രകാരം എല്‍ദോയ്ക്കായി മഗ്ദലനമറിയവുമായി മത്തായി എത്തി. പോരുന്നതിനു മുന്‍പ് അവന്‍ മാനേജര്‍ ജോണിയോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പി. രഘുനാഥ് എഴുതുന്ന നോവൽ കിടയ്ക്കാട്ടിലെ പൂളമരങ്ങള്‍ – അധ്യായം 17 കല്ലൻമാർ മത്തായി കിടയ്ക്കാട് കാലുകുത്തില്ല എന്ന് ശപഥമൊന്നും ചെയ്തിരുന്നില്ല. പിറ്റേ ആഴ്ച മാനേജര്‍ ജോണി വിളിച്ചതിന്‍പ്രകാരം എല്‍ദോയ്ക്കായി മഗ്ദലനമറിയവുമായി മത്തായി എത്തി. പോരുന്നതിനു മുന്‍പ് അവന്‍ മാനേജര്‍ ജോണിയോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്ലൻമാർ

 

ADVERTISEMENT

മത്തായി കിടയ്ക്കാട് കാലുകുത്തില്ല എന്ന് ശപഥമൊന്നും ചെയ്തിരുന്നില്ല. പിറ്റേ ആഴ്ച മാനേജര്‍ ജോണി വിളിച്ചതിന്‍പ്രകാരം എല്‍ദോയ്ക്കായി മഗ്ദലനമറിയവുമായി മത്തായി എത്തി. പോരുന്നതിനു മുന്‍പ് അവന്‍ മാനേജര്‍ ജോണിയോട് ഒരിക്കലും തന്‍റെ പേഴ്സണല്‍ കുരിശുവരയില്‍ ഒരാളും ഇടപെടാന്‍ പാടില്ലെന്ന മുന്നറിയിപ്പ് കൊടുത്തിരുന്നു. കഥയൊന്നുമറിയാത്ത ജോണിയത് അപ്പോഴേ സമ്മതിച്ചു. എന്നാല്‍ കിടയ്ക്കാട് മത്തായി വന്നിറങ്ങുമ്പോള്‍ എല്‍ദോയോട് സംസാരിച്ച് ഏല്യാസ് നിന്നിരുന്നു. പൊടുന്നനെ, കുരിശുകണ്ട പിശാചിനെപോലെ മത്തായി ഒന്നുവിളറി. ഏല്യാസാകട്ടെ മത്തായിയെ കണ്ടപ്പോള്‍ പള്ളി കണ്ട സത്യക്രിസ്ത്യാനിയെപോലെ നീണ്ട ഒരു കുരിശുവരച്ചു. കാര്യങ്ങളൊന്നുമറിയാത്ത എല്‍ദോയും ജോണിയും അങ്ങുമിങ്ങും നോക്കിയതു മാത്രം മിച്ചം. 

 

ഏല്യാസും എല്‍ദോയും പിരിഞ്ഞശേഷം ആദ്യമായി കണ്ടുമുട്ടുകയായിരുന്നു അപ്പോള്‍. രണ്ടുപേര്‍ക്കും കാണണമെന്ന ആഗ്രഹമുണ്ടെങ്കിലും ഒരാള്‍ വരുമ്പോള്‍ മറ്റേ ആള്‍ സ്ഥലത്തുണ്ടാവില്ല. അന്ന് കാലത്ത് ഏറും മൊന്തയും ഒത്തെന്നപോലെയാണ് എല്‍ദോസ് ഏല്യാസിനെ കണ്ടത്. രാത്രിവന്ന എല്‍ദോ കാലത്തുതന്നെ പോകാനായി ലോഡ് കയറ്റിയതാണ്. ഓലപ്പറമ്പിലിന് സ്റ്റാര്‍ട്ട് ആകാന്‍ ഒരു മടിപോലെ. മുന്നോട്ടെടുത്താല്‍ ഒന്നു കുത്തുന്നു. ആ പോക്കില്‍ പോയാല്‍ ചിലപ്പോള്‍ വഴിയില്‍ കിടന്നേക്കുമെന്ന് പ്രാഞ്ചിക്ക് സംശയം. വണ്ടി നന്നായി ഒന്നു ചെക്കുചെയ്തിട്ടാകാം പോക്കെന്നുറപ്പിച്ച് ലോഡിറക്കാതെ പരുത്തിപ്രയിലെ ശിവന്‍കുട്ടിയുടെ വര്‍ക്ക് ഷോപ്പിലേക്കു വിട്ടു. അപ്പോഴാണ് ഏല്യാസ് വരുന്നത്. 

‘‘കച്ചോടൊക്കെ എങ്ങനെണ്ട് ഏല്യാസേ?’’

ADVERTISEMENT

‘‘കൊഴപ്പംല്ല്യാ. കാര്യങ്ങളൊക്കെ തരക്കേടില്ലാതെ പൂവ്വാണ്. നിനക്കു സുഖംല്ലേ...’’

‘‘കിടയ്ക്കാട്ടപ്പന്‍റെ അനുഗ്രഹം കാരണം കാര്യങ്ങളങ്ങനെ നന്നായി പോണൂ. എപ്പൊ കച്ചോടം കഴിഞ്ഞ് വരുമ്പളും ഞാന്‍ നോക്കും, നീ വന്നിട്ടുണ്ടോന്ന്... നീ പക്ഷേ ലോഡുംകൊണ്ട് പോയേക്ക്വാവും...’’

‘‘ഞാന്‍ നോക്കുമ്പളും അതന്നെ...’’

 

ADVERTISEMENT

‘‘വേറൊന്നിനുല്ല, നമ്മുടെ കാര്യങ്ങളൊക്കെ ഇങ്ങനെ കുഴപ്പംല്ല്യാതെ പോണ് ണ്ട്. കിടയ്ക്കാട്ടപ്പനെ ഒന്നു പോയി കാണണ്ടെ. മൂപ്പര്ടെ അട്ത്ത്ന്ന് അന്ന് പോരുമ്പം നമ്മള് ഒന്നായിരുന്നൂലോ... രണ്ടായശേഷം അങ്ങ്ട് പോയിട്ടേ ഇല്ലല്ലോ....’’

‘‘അതിന് പ്പൊ അങ്ങ്ട് പോണ്ട കാര്യംണ്ടോ. നമ്മള്  രണ്ടാളും കച്ചോടത്തിന് പോണൂ. അധ്വാനിക്ക്ണൂ, കാശുണ്ടാക്ക്ണൂ... അത്രല്ലേള്ളൂ...’’

‘‘ന്നാലും... അവിട്ന്നാണ് ഇതൊക്കെ തൊടങ്ങീതും ണ്ടാക്കിയതും. പോയില്ലെങ്കി, ഇടയ്ക്കിത്തിരി തൊണ്ട നനയ്ക്കാന്‍ കൊട്ത്തില്ലെങ്കി നന്ദികേടാവില്ലേന്ന് ഒരു സംശയം.’’

‘‘ഹേയ്... അങ്ങനെ ഒരു സംശയോം വേണ്ടാ. ഇയ്ക്കാ പേടി ഒന്നുംല്ല്യാ. ഇതൊക്കെ തീരുമാനിക്കണത് കര്‍ത്താവാ. അല്ലാണ്ടെ മറ്റാരും അല്ല...’’

 

‘‘ശരി, നീ വരണില്ലെങ്കി വേണ്ടാ. ഞാനൊന്നു പോണ് ണ്ട്. നിന്നെ കണ്ടൊന്ന് പറയാംന്ന് വെച്ചു. കര്‍ത്താവൊക്കെ മുമ്പും ണ്ടാര്‍ന്നു. കിടയ്ക്കാടപ്പന്‍ തന്ന പഴം തിന്ന്ട്ട് തെളിഞ്ഞ ബുദ്ധീം സമയവുമാ നമ്മുടേത്.. അത് മറക്കണ്ട..’’ ഏല്യാസ് പറയാന്‍ വന്നത് വായില്‍ തടഞ്ഞുനിര്‍ത്തി കുറച്ചുകഴിഞ്ഞ് കീഴോട്ടിറക്കി.  പറയാന്‍ വന്ന മറുപടി വിഴുങ്ങികഴിഞ്ഞപ്പോള്‍ കുറച്ചുനേരം വെറുതെ നിന്നു. എല്‍ദോസ് കരുതിയത് ഏല്യാസ് ഉത്തരംമുട്ടിയപ്പോള്‍ മിണ്ടാതെ നില്ക്കുകയാണെന്നായിരുന്നു. അയാള്‍ തുടര്‍ന്നു. 

‘‘ഏല്യാസേ. കിടയ്ക്കാട്ടപ്പനോട് കളിക്കാന്‍ നിക്കണ്ടാ. ണ്ടാക്കണ കാശ് പോണവഴി അറിയില്ല. കാശ് വരാനും പുവ്വാനും ഏറെ സമയം വേണ്ടാ..’’

‘‘അതെന്ന്യാ ഇയ്ക്ക് നിന്നോടും പറയാനുള്ളത്. കിട്ടണ കാശ് മുഴുവന്‍ കുടിച്ചും താനാതീനേം കളയാണ്ട് എന്തെങ്കിലും ചെയ്യ്....കാശുണ്ടാവാനും ഒരു കാലംണ്ട്. എല്ലാ കാലോം ഒരുപോലെയാവില്ല..’’

‘‘വേണ്ട ഏല്യാസേ. നമ്മള് തമ്മില് വര്‍ത്താനം പറഞ്ഞാ തെറ്റും. നിനക്ക് നിന്‍റെ വഴി യ്ക്കെന്‍റെ വഴി. മ്മള് മുമ്പത് തീരുമാനിച്ചു പിരിഞ്ഞതല്ലേ. ഇനീം അതില് കേറി ഇടപെടെണ്ടാ. നന്‍റെ ഇഷ്ടം പോലെ നീയായിക്കോ...’’

അതു പറഞ്ഞു തീരുമ്പോഴാണ് അവര്‍ക്കിടയിലേക്ക് കുരിശു മത്തായിയുടെ മഗ്ദലന മറിയം വന്നു നില്ക്കുന്നത്. 

 

എല്‍ദോ മത്തായിക്കൊപ്പം തിരിഞ്ഞു. ഏല്യാസ് പഞ്ഞിയെടുക്കാനായി കിഴക്കോട്ടുള്ള റോഡിലൂടെ നടന്നു. 

 

ഏല്യാസിന് കിടയ്ക്കാട്ടപ്പനില്‍ ഒരിക്കലും വിശ്വാസമുണ്ടായിരുന്നില്ല. കിടയ്ക്കാടപ്പന്‍റെ അനുഗ്രഹംകൊണ്ടോ കഴിവുകൊണ്ടോ ആണ് തനിക്കിങ്ങനെ കച്ചവടം ഉണ്ടാകുന്നതെന്ന് അവന്‍ കരുതിയിരുന്നില്ല. അന്ന് കിടയ്ക്കാട് പൂളക്കാടിന്‍റെ അതിര്‍ത്തി കടക്കുന്നതിനു മുമ്പേ കഴിക്കാനായി കൊടുത്ത പഴം എല്‍ദോ വേഗത്തില്‍ കടിച്ചുമുറിച്ചു തിന്നെങ്കിലും ഏല്യാസ് എല്‍ദോസ് കാണാതെ മറച്ചുപിടിച്ചു. ആ പഴം അതേ പോലെ അവന്‍ വീട്ടില്‍ക്കൊണ്ടുപോയി വെച്ചു. അപ്പനും അമ്മയും രണ്ടു പെങ്ങന്‍മാരുമടങ്ങുന്ന അവന്‍റെ കുടുംബം പള്ളിയില്‍ നിന്ന് തല്ലിയോടിച്ചാലും പോരാത്ത കൂട്ടരായിരുന്നു. 

 

എല്ലാ ദിവസവും കുടുംബത്തോടെ, ഓരോ ഗ്ലാസ്സ് കട്ടന്‍ ചായയും കുടിച്ച് കുര്‍ബാനക്കു പോകുന്ന അവര്‍ തിരിച്ചെത്തിയിട്ടേ എന്തെങ്കിലും കഴിക്കൂ. അതുവരെ അവരുടെ മനസ്സിലും വയറ്റിലും കര്‍ത്താവും പരിവാരങ്ങളും പള്ളിയും പാതിരിയും മാത്രമാണ്. ഏതു പാതിരി മാറി വന്നാലും കിടയ്ക്കാട് അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവര്‍ ഏല്യാസിന്‍റെ കുടുംബമാവുകയാണ് പതിവ്. ഏല്യാസിന്‍റെ അപ്പന്‍ ജോസേട്ടന്‍ ദൈവവചന പ്രഘോഷണത്തിനും മറ്റുമൊക്കെയായി വീടുകളില്‍ കയറിയിറങ്ങുമായിരുന്നു. സ്നേഹവിരുന്നും കുടുംബസംഗമവും തുടങ്ങി ക്രിസ്ത്യന്‍ മതത്തെ നിലനിര്‍ത്താന്‍ പോന്ന കാര്യങ്ങള്‍ക്കെല്ലാം മുന്നില്‍ നടക്കുന്ന ജോസേട്ടന്‍ കര്‍ത്താവ് ജോസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 

 

മാറി വരുന്ന പാതിരിമാരുടെ വിശ്വസ്തനും പള്ളിയിലെ കൈക്കാര്യസ്ഥാനം അണാപൈസ കുറവില്ലാതെ വരവുചെലവു നോക്കി നടത്തുകയും ചെയ്യുന്ന കര്‍ത്താവ് ജോസിന്റെ മകന്‍ പള്ളിക്കും സഭക്കും വിശ്വാസത്തിനും എതിരെ പിശാചായി നില്ക്കുന്ന കിടയ്ക്കാടപ്പന്‍റെ അനുയായിത്തീരുകയാണെങ്കില്‍ അതില്‍പരം നാശം മറ്റെന്തുണ്ട്?

 

എത്രതന്നെ തലപുകഞ്ഞ് കത്തിയിട്ടും ഏല്യാസിന് ആ പഴം ഒന്നുതൊടാനോ സ്വാദു നോക്കാനോ തോന്നിയില്ല. അവന്‍റെ കണ്ണില്‍ ആ പഴം പാപത്തിന്‍റേതായിരുന്നു. പണ്ട് ആദ്യപിതാവിന് ആദ്യമാതാവ് നല്കിയ പഴത്തേക്കാള്‍ മാരകമായ പാപവിത്തുകളാണ് അതില്‍ കുടിയിരിക്കുന്നതെന്ന് ഏല്യാസ് ഭയപ്പെട്ടു. ചെറുപ്പം മുതലേ കിടയ്ക്കാടപ്പന്‍ പള്ളിക്ക് എതിരെ ചെയ്തുവരുന്ന ദുഷ്ടതയെക്കുറിച്ച്  ഏല്യാസ് കേട്ടിട്ടുള്ളതാണ്. മര്യാദക്ക് നടന്നുപോകുന്ന പെരുന്നാളായാലും മതപരമായ എന്താഘോഷങ്ങളായാലും മദ്യത്തിന്‍റെ രൂപത്തില്‍ മനസ്സില്‍ കയറിപ്പറ്റുന്ന കിടയ്ക്കാടപ്പന്‍ വിഷമായി മാറുന്നു. താമസം കൂടാതെ സഹോദരങ്ങള്‍ വരെ അങ്ങുമിങ്ങും കത്തികയറ്റാന്‍ നില്ക്കുന്നു. പള്ളിക്കകത്തുവെച്ചു തന്നെ ഒരേ മതത്തിലും വിശ്വാസത്തിലും പെട്ടവര്‍ പിടഞ്ഞൊടുങ്ങിയിട്ടുണ്ട്. അവരില്‍ നിന്നും ഒഴുകിയ ചോര പള്ളിമുറ്റത്തൂടെ റോഡരികിലെ ചാലിലെ വെള്ളത്തില്‍ ചെന്നു ചേര്‍ന്നു. 

അതുപോലെതന്നെയായിരുന്നു അമ്പലങ്ങള്‍ക്കു നേരെയും കിടയ്ക്കാട്ടപ്പന്‍റെ കയ്യേറ്റങ്ങള്‍. എത്രനന്നായി കൊണ്ടാടപ്പെട്ടിരുന്ന ഉത്സവങ്ങളാണ് തല്ലും വഴക്കും ചോരപുഴയുമൊഴുകി സംഘര്‍ഷഭരിതമായി വേണ്ടെന്നു വെച്ചിരിക്കുന്നത്. ഇപ്പോള്‍, ദേവീ ദേവന്മാര്‍ ഉണ്ടോ എന്ന വിശ്വാസം ഉറയ്ക്കാതെ ഒരു വഴിപാടുപോലെ ഉത്സവം നടന്നുവരുന്നു. വീട്ടിലെ സ്ത്രീകളും കുട്ടികളും  തൊഴുതുവരുന്നു. ക്രിസ്ത്യാനികള്‍ക്ക് അഷ്ടമംഗല്യപ്രശ്നങ്ങളൊന്നുമില്ലെങ്കിലും ഹിന്ദുക്കള്‍ക്ക് അതൊക്കെയുണ്ടല്ലോ. അങ്ങനെ നോക്കിയപ്പോള്‍ തെളിഞ്ഞത്, ക്ഷേത്രത്തിനും ആചാരങ്ങള്‍ക്കും വിശ്വാസത്തിനും എതിരെ ഏതോ രക്തരക്ഷസ്സിന്‍റെ ഒരു കറുത്ത നിഴല്‍ വിരിഞ്ഞു നില്ക്കുകയാണെന്നും കാലങ്ങളോളമായി നില്ക്കുന്ന ആ രക്ഷസ്സ് അതിശക്തമാണെന്നും അതങ്ങനെ നില്ക്കുന്നിടത്തോളം കിടയ്ക്കാടില്‍ ഒരുതരത്തിലുള്ള ദൈവത്തിനും ദൈവവിശ്വാസത്തിനും വേരുപിടിച്ച് വളര്‍ന്നുവരാന്‍ കഴിയില്ലെന്നുമായിരുന്നു. 

 

അതിന്‍റെ പ്രതിവിധിയായി നിശ്ചയിച്ചിരുന്നതാകട്ടെ വളരെ ചെലവേറിയ കാര്യങ്ങളായിരുന്നു. അതൊക്കെ നടത്താനും നിവര്‍ത്തിക്കാനും വേണ്ടി  ജാതിമതഭേദമെന്യേ കിടയ്ക്കാട്ടുകാര്‍ തയ്യാറായെങ്കിലും പാതിവഴിയില്‍ തെറ്റിപ്പിരിഞ്ഞ് ആ കാര്യങ്ങള്‍ എങ്ങും എത്താതെ പോകുകയാണുണ്ടായത്. പ്രശ്നം വെച്ച നമ്പൂതിരി പല കാര്യങ്ങളിലും മുന്‍കൈ എടുത്ത് എല്ലാവരിലും ഉത്സാഹം കയറ്റിക്കൊണ്ടിരുന്നു. ഒരു സന്ധ്യക്ക്  കുറേ കാര്യങ്ങൾ പറഞ്ഞേല്പിച്ച് നാളെ വരാമെന്നു പറഞ്ഞുപോയ നമ്പൂതിരി പിന്നെ കിടയ്ക്കാട് തിരിച്ചെത്തിയില്ല. അയാള്‍ക്കെന്തു സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല. ജീവിച്ചിരുന്നെങ്കില്‍ അയാള്‍ കിടയ്ക്കാട് വരാതിരിക്കില്ല എന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. അതോടെ ആറി തണുത്ത ക്രിയകളും പരിഹാരമാര്‍ഗ്ഗങ്ങളും എല്ലാവരുടെ മനസ്സിലും പുറത്തുവരാത്ത വിധത്തില്‍ ഉറഞ്ഞുകട്ടിയായിപോയി. 

 

പോകുന്നതിനു മുന്‍പേ ആ നമ്പൂതിരി പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു, പ്രതിവിധിയായി. എന്തുകാര്യവും ചെയ്യാന്‍ തുടങ്ങുന്നതിനു മുന്‍പ് ഉറച്ചദൈവവിശ്വാസി ആകുന്നതിനൊപ്പം ലഹരിയായി ഉള്ളില്‍ പ്രവര്‍ത്തിക്കുന്നതെല്ലാം വര്‍ജ്ജിക്കുക. കിടയ്ക്കാട്ടെ ലഹരി പലതരത്തിലും രൂപത്തിലുമുള്ള മദ്യം മാത്രമായിരുന്നു. നമ്പൂതിരിയല്ല, ആരു വിചാരിച്ചാലും ആ ഒരു കാര്യം നടത്താന്‍ കിടയ്ക്കാട്ട് ആണായി പിറന്നവര്‍ക്കാകുമായിരുന്നില്ല എന്നതായിരുന്നു സത്യം. അവരുടെയെല്ലാം രക്തത്തില്‍ ജന്മാന്തരങ്ങള്‍ക്കു മുന്‍പേ അലിഞ്ഞു കലര്‍ന്നിരിക്കുന്ന അതിനെയെങ്ങനെ ഊറ്റിയെടുത്തു കളയും? ആ ഒരു തിരിച്ചറിവാണ് നമ്പൂതിരിയെ കിടയ്ക്കാട് നിന്നും അകറ്റിയതെന്നും വിശ്വസിക്കുന്നവരുണ്ട്. 

 

ഏല്യാസിന് പലപ്പോഴും ആലോചിച്ചു മത്തുപിടിച്ചിട്ടുണ്ട്. ഒരിക്കലും മദ്യം തൊടാതിരിക്കാന്‍ തന്നെക്കൊണ്ടാകുമെന്നവന് തോന്നിയിട്ടില്ല. അതിന്‍റെ അളവ് നിയന്ത്രിക്കുക എന്നല്ലാതെ. കയ്യില്‍ ഇഷ്ടം പോലെ കാശും കിടയ്ക്കാടപ്പന്റെ അനുചരനുമായിക്കഴിഞ്ഞാല്‍ സ്വയം നിയന്ത്രിക്കാനുള്ള ശക്തിപോലും നഷ്ടപ്പെട്ടേക്കുമെന്ന് അവന്‍ ഭയന്നു. അന്നുക്കൊണ്ടുവന്ന പഴം രണ്ടു ദിവസം വീട്ടില്‍ വെച്ചശേഷം ആരും കാണാതെ നേരെ രുധിരാഴി ഡാമില്‍ കൊണ്ടുപോയെറിഞ്ഞു. 

 

അതിനുശേഷം അനുഭവിച്ച സന്തോഷവും സമാധാനവും എത്രയെന്ന് അവനു മാത്രമേ അറിയൂ. ആ സമയം സമാധാനത്തിന്‍റെ ഒരു വെള്ളരിപ്രാവ് തനിക്കുമുന്നില്‍ പറന്ന് പ്രാര്‍ത്ഥനയും മെഴുകുതിരി വെളിച്ചവുമായിരിക്കുന്ന വീട്ടുകാര്‍ക്കിടയിലേക്ക് തന്നെ നയിക്കുന്നതായി ഏല്യാസിനു തോന്നി. ഹൃദയത്തോട് ചേര്‍ത്ത് ഇരുവിരലുകള്‍ ഉയര്‍ത്തിയിരിക്കുന്ന കര്‍ത്താവ് തന്നെ നോക്കി ചിരിക്കുന്നത് അവന്‍ കണ്ടു. അതുവരേയും നിര്‍ജീവമായ ഒരു കളര്‍ഫോട്ടോ ആയിരുന്ന കര്‍ത്താവിന് അന്നുമുതല്‍ ജീവന്‍ വെച്ചതായി അവന് തോന്നി. പട്ടിണിയായാലും കിടയ്ക്കാട്ടെ ആ പൂളച്ചോട്ടിലേക്കില്ലെന്നും ഒരു സത്യക്രിസ്ത്യാനിയായി തന്നെ ജീവിച്ചു മരിച്ചുകൊള്ളാമെന്നും അവന്‍ ബൈബിള്‍ തൊട്ടു സത്യം ചെയ്തു. ആ വക കാര്യങ്ങളും കര്‍ത്താവ് തന്നിലേക്കു ചൊരിഞ്ഞ അനുഗ്രഹവും എല്‍ദോയോട് പറയണമെന്നുണ്ടായിരുന്നെങ്കിലും  അതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ലെന്ന് അവനുറപ്പായിരുന്നു. സമയമാകുമ്പോള്‍ പറയാമെന്ന് ആശ്വസിച്ച് ഒരു ദീര്‍ഘ കുരിശുവരച്ച് അവന്‍ പഞ്ഞിക്കാട്ടിലേക്കു നടന്നു. 

 

എല്‍ദോ പക്ഷേ അപ്പോഴേക്കും കര്‍ത്താവ് ജോസേട്ടന്‍റെ മകന്‍ ഏല്യാസും കിടയ്ക്കാട്ടെ മറ്റുദൈവവിശ്വാസികളും കരുതുന്ന പോലെ കിടയ്ക്കാടപ്പന്‍റെ അനുചരനായിക്കഴിഞ്ഞിരുന്നു. 

എല്‍ദോക്ക് കച്ചവടത്തില്‍ ഒരിക്കല്‍ പോലും ഒന്നാലോചിക്കുകയോ അറച്ചുനില്ക്കേണ്ടിയോ വന്നിരുന്നില്ല. വെച്ചടിവെച്ച് കയറ്റമായിരുന്നു. കൊണ്ടുപോകുന്ന ലോഡുകളെല്ലാം ഒരു കിടയ്ക്ക പോലും ബാക്കിയില്ലാതെ വിറ്റുതീര്‍ന്നുകൊണ്ടിരുന്നു. അധികം സംസാരിച്ച് സമയം കളയാതെ തന്നെ മിക്കപ്പോഴും കിടയ്ക്കകള്‍ക്ക് പറയുന്ന വില കിട്ടിക്കൊണ്ടിരുന്നു. കിടയ്ക്കകള്‍ പോകുന്നതിനനുസരിച്ച് കമ്പനിയില്‍ പഞ്ഞികള്‍ കുന്നുക്കൂടി. 

 

മാനേജര്‍ ജോണിക്ക്  വിശ്രമമില്ലാതായി. അവന്‍റെ ഓട്ടത്തിനും കാര്യങ്ങള്‍ക്കുമായി ഒരു ബൈക്കു വാങ്ങിക്കൊടുത്തു. ഓലപ്പറമ്പില്‍ കൂടാതെ വേറെയും രണ്ട് 407 ടെമ്പോകള്‍ കൂടി എല്‍ദോ വാങ്ങി. റെഡി കാഷായി കൊടുക്കാന്‍ ഉണ്ടായിരുന്നിട്ടും സേട്ടിന്‍റെ കയ്യില്‍നിന്ന് ബുക്കും പേപ്പറും വെച്ച് അടവിനാണെടുത്തത്. ‘സേട്ടു കയ്യില്‍ കാശുമായി കാത്തിരിക്കുന്നത് തങ്ങളെപ്പോലുള്ളവര്‍ വാങ്ങുന്ന വണ്ടികളുടെ ബുക്കും പേപ്പറും സൂക്ഷിക്കാനല്ലേ?’ എന്നാണ് എല്‍ദോയുടെ ചോദ്യം. സ്വന്തമായുള്ള മൂന്നുവണ്ടികള്‍ കൂടാതെ, കുരിശുമത്തായിയുടെ അടക്കം വേറെയും ഏഴുവണ്ടികള്‍ക്കൂടി ഇടതടവില്ലാതെ ലോഡുകേറ്റി പോയിക്കൊണ്ടിരിക്കുന്നു. 

 

പണവും സമ്പത്തും ഐശ്വര്യവും വര്‍ദ്ധിച്ചതിനൊപ്പം മദ്യസേവയിലും കുതിച്ചുകയറ്റമുണ്ടായി. മുറ തെറ്റാതെ ഓപ്പിആറിന്റെ രണ്ടു ഫുള്ളും കൈപ്പിടിച്ച് പൂളക്കാട്ടിലേക്ക്, രാത്രി ഒറ്റയ്ക്ക് കയറിപോകുമായിരുന്നു. തന്‍റെ വിജയത്തിന്‍റേയും ഐശ്വര്യത്തിന്‍റെയും വേരുകള്‍ ആരുമറിയരുതെന്ന് എല്‍ദോയ്ക്കുണ്ടായിരുന്നു. ഏല്യാസിന് അറിയാമെങ്കിലും അവനത് പുറത്തുപറയില്ലെന്ന് ഉറപ്പായിരുന്നു. കിടയ്ക്കാടപ്പനെ പിന്തുടരാന്‍ മടിക്കുന്ന ഏല്യാസിന്‍റെ ബുദ്ധിമോശം ആലോചിച്ച് എല്‍ദോ അത്ഭുതപ്പെട്ടു. എല്‍ദോക്ക് പത്തുവണ്ടികള്‍ പോകുമ്പോള്‍ ഏല്യാസിന് നാലോ അഞ്ചോ  ഉണ്ടായിരുന്നുള്ളൂ. എല്‍ദോ ഏല്യാസിന്‍റെ കാര്യത്തില്‍ തലയിടുകയോ ശ്രദ്ധിക്കാതെയോ ആയി. എല്‍ദോയ്ക്ക് ഇഷ്ടംപോലെ കച്ചവടക്കാരെ കിട്ടിക്കൊണ്ടിരുന്നു. എന്തിനും ഏതിനും സ്വാതന്ത്ര്യമുള്ള ആ കിടക്കവിദ്യാലയത്തില്‍ കുടിയുടേയും കച്ചവടത്തിന്‍റെയും ഹരിശ്രീ കുറിക്കാനായി ധാരാളം പേര്‍ വന്നുകൊണ്ടിരുന്നു. ഏല്യാസിന് പലപ്പോഴും കച്ചവടക്കാരെ കിട്ടാതെ ലോഡുകള്‍ മുടക്കേണ്ടി വന്നെങ്കിലും എല്‍ദോയ്ക്ക് അങ്ങനെയുണ്ടായില്ല. മിക്ക ലോഡുകളിലും പുതിയ ഒരാളെങ്കിലും എല്‍ദോയുടെ കമ്പനിയില്‍ ഉണ്ടാകും. 

 

ലോഡ് പോകാന്‍ കച്ചവടക്കാരെ കിട്ടാന്‍ ബുദ്ധിമുട്ടുന്നതിനു പകരം പലപ്പോഴും എല്‍ദോ വിഷമിച്ചുപോയത് ലോംഗ് ചേസ് ഓടിക്കുന്ന പ്രാഞ്ചിക്കുണ്ടാകുന്ന അപ്രതീക്ഷിത വയറ്റിളക്കത്തിലും ചര്‍ദ്ദിയിലുമായിരുന്നു. അങ്ങനെ വന്നപ്പോഴൊക്കെ പകരക്കാരനായി ആരെയെങ്കിലും തപ്പിപിടിക്കുകയോ ഒത്തില്ലെങ്കില്‍ എല്‍ദോ തന്നെ ഓലപ്പറമ്പിലിന്‍റെ ഡ്രൈവിംഗ് സീറ്റില്‍ ചെന്നിരിക്കുകയോ ചെയ്യുമായിരുന്നു. 

 

അക്കുറി എല്‍ദോ തപ്പിപിടിച്ച്  ചെന്നപ്പോള്‍, താന്‍ ഇച്ഛിക്കുന്ന പാലുമായി വൈദ്യന്‍ വരുന്നത് കണ്ട് അധികമൊന്നും ആലോചിക്കാതെ തോമുട്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു. 

ചക്കരയും ഗുളികന്‍ തോമാസും ടീമുമൊക്കെ ആദ്യം തന്നെ വണ്ടിയില്‍ കയറിയിരുന്നു. തോമുട്ടി  ഒരു തോര്‍ത്തുമുണ്ട് നനച്ച് ഓലപ്പറമ്പിലിന്‍റെ മുന്‍വശത്തെ ഗ്ലാസ്സും വശങ്ങളും വേഗത്തില്‍ തുടച്ചു. ഒരു ബക്കറ്റില്‍ കുറച്ചു വെള്ളമെടുത്ത് നാലുചക്രത്തിലും ഒഴിച്ചു. മനുഷ്യന്‍ ‘മേല് വെള്ളമൊഴി’ക്കുന്നതിനു തുല്യമാണ് വണ്ടിയുടെ ധൃതിയിലുള്ള ഈ കഴുകല്‍. കച്ചവടത്തിന് ഒരൈശ്വര്യവും ആത്മവിശ്വാസവും കൈവരും. 

 

ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്നപ്പോള്‍ തോമുട്ടി അറിയാവുന്നതും കേട്ടറിവുള്ളവരുമായ സകല ദൈവങ്ങളേയും വിളിച്ചു. കച്ചവടമെങ്ങാനും മോശമായാല്‍ തനിക്ക് തലഉയര്‍ത്തി നടക്കാനാവില്ലെന്ന് തോമുട്ടിക്കറിയാം. കച്ചവടം പൊട്ടിയാലുള്ള സകല കോറക്കേടും (ലക്ഷണക്കേടും) തന്‍റെ തലയിലിട്ട് എല്ലാവരും കൈകഴുകി രസിക്കും. കച്ചവടക്കാര്‍ പൊതുവേ അന്ധവിശ്വാസത്തിലും ലക്ഷണം നോക്കലിലും മുന്നിലാണ്. ഏതെങ്കിലും ഒരു ലോഡില്‍ പതിവില്‍ വിട്ട് എന്തെങ്കിലും സംഭവിച്ചാല്‍ പുതുതായി ആരെങ്കിലും കയറിയിട്ടുണ്ടെങ്കില്‍ ഗുണമായാലും ദോഷമായാലും അതിന്‍റെയെല്ലാം ഉത്തരവാദിത്വം അയാള്‍ക്കാണ്. 

 

കച്ചവടം നന്നായാല്‍ ആ പുതുക്കച്ചവടക്കാരന്‍റെ രാശിതെളിയും. പിന്നെയുള്ള എല്ലാ ലോഡുകളിലും അയാളെ മത്സരിച്ച് വിളിച്ചുകയറ്റും. മോശമായാലോ, കച്ചവടത്തിന് പോകാന്‍ ആളില്ലെങ്കില്‍ പോലും ഒരാളും തിരിഞ്ഞുനോക്കില്ല. പലരും ഒന്നും രണ്ടും ട്രിപ്പ് കച്ചവടത്തിന് പോയിട്ട് പൊട്ടി പൊളിഞ്ഞതോടെ ആരും വിളിക്കാതെ കിടയ്ക്കാട് തേരാപാര നടക്കുന്നുണ്ട്. അതുപോലെ, കിടയ്ക്കാട് കച്ചവടക്കാരാല്‍ തിരസ്ക്കരിക്കപ്പെട്ട്, പരിഹാസ്യനായി ഗതികിട്ടാതെ നടക്കാന്‍ ഇടവരുത്തരുതേ കര്‍ത്താവേ എന്ന ഒരൊറ്റ പ്രാര്‍ത്ഥനയേ അന്നേരം തോമയുടെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. 

 

‘‘ഇന്നത്തെ താരം തോമായാണ്. എത്രത്തോണ്ട് കോറക്കേട്ണ്ട്ന്ന് ഇന്നറിയാം...’’

പുറകില്‍ നിന്ന്, എല്‍ദോ വരുന്നതിനു മുന്‍പേ ചക്കരയതു പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍  ചിരിച്ചു: ചിരി വരാതിരുന്ന തോമായുടെ ആധി ഒന്നുകൂടി വര്‍ദ്ധിച്ചു.

 

എല്‍ദോ വന്നിരുന്നപടി പോക്കറ്റില്‍ നിന്ന് ഒരു പത്തുരൂപാ നോട്ടെടുത്ത് കിടക്കകളെയും പുറകിലിരിക്കുന്ന കച്ചവടക്കാരേയും തോമായേയും ശേഷം സ്വയവും ഒന്നുഴിഞ്ഞ്, മടക്കി പോക്കറ്റില്‍വെച്ചു. അതെന്തിനാണെന്ന് തോമാക്ക് മനസ്സിലായില്ല. മറ്റുള്ളവര്‍ക്കും അതേക്കുറിച്ച് വ്യക്തമായി ഒരറിവുമില്ലായിരുന്നെങ്കിലും എല്ലാ ദിവസവും കച്ചവടത്തിനിറങ്ങുമ്പോള്‍ അതുപതിവായതിനാല്‍ അതേക്കുറിച്ചുള്ള കൗതുകമൊക്കെ പോയിക്കഴിഞ്ഞിരുന്നു. അങ്ങനെ ഓരോ ലോഡിറങ്ങുമ്പോഴും ഓരോ ദിവസം ഉഴിഞ്ഞ് നീക്കിവെക്കുന്ന കാശുകൊണ്ടാണ് എല്‍ദോ കിടയ്ക്കാട്ടപ്പനുള്ള മദ്യം വാങ്ങികൊണ്ടുപോയി കൊടുത്തിരുന്നത്. കച്ചവടത്തിനിറങ്ങുന്നതിനു മുന്‍പേ കിടയ്ക്കാടപ്പന്‍റെ കണ്ണും കൃപയും തങ്ങള്‍ക്കൊപ്പമുണ്ടാക്കാനായി, എല്‍ദോ സ്വയംപരിപാലിച്ചുപോന്ന ഒരുശീലമായിക്കഴിഞ്ഞിരുന്നു അത്. 

 

ലോഡ്ജിന്‍റെ പരിസരത്തില്‍നിന്നും, നഗരത്തില്‍നിന്നൊക്കെ വിട്ട് ഒരിടത്തെത്തിയപ്പോള്‍ ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിക്കാനിറങ്ങിയ സമയത്ത് എല്‍ദോ ആ പരിസരം ആകെ ഒന്നുനോക്കി പഠിച്ചു. പോരാഞ്ഞ്, ആ സ്ഥലത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും അവിടെ ചെന്നാല്‍ കച്ചവടക്കാര്‍ക്ക്  എന്തെങ്കിലും ഗുണമുണ്ടാകുമോ എന്നുമൊക്കെ ചോദിച്ചു. ചായക്കടക്കാരന്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ കുറച്ചേയുള്ളുവെങ്കിലും കൂടുതലായി പറഞ്ഞുകൊണ്ടിരുന്നു. വണ്ടിയില്‍ എല്ലാവരും കയറിയിരുന്നപ്പോള്‍ എല്‍ദോ പറഞ്ഞു:

 

‘‘ചായക്കടക്കാരന്‍ അലക്കിന്‍റെ ഉസ്താദാ. ന്നാലും കണ്ടിട്ട് കുത്തുപാള ഏരിയ അല്ലാന്ന് തോന്ന്ണൂ. എന്തായാലും പോയി നോക്ക്വാന്നെ..’’

അടുത്തടുത്ത് വീടുകളുള്ള ഒരു കട്ട് റോഡിനോട് ചേര്‍ന്ന് മെയിന്‍ റോഡില്‍ ഒരിടത്ത് വണ്ടിനിര്‍ത്തിയിട്ടു. എല്ലാവരും വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി. ഇറങ്ങണോ വേണ്ടയോ എന്നാലോചിച്ച് തോമുട്ടി വണ്ടിയില്‍ തന്നെയിരുന്നു. ആരും വിളിച്ചൊന്നുമില്ല. ആരെങ്കിലും വിളിക്കാതെ വല്ല വീട്ടിലും വായ് നോക്കിനിന്ന് കച്ചവടം നടന്നില്ലെങ്കില്‍ കുറ്റം തന്‍റെ തലയില്‍ വീണാലോ എന്നുകരുതി തോമുട്ടി പുറത്തിറങ്ങിയതേയില്ല. 

 

പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ എല്‍ദോ വരുന്നതു കണ്ടു. നടന്ന് നടന്ന് ക്ഷീണിച്ച എല്‍ദോയെ കിതപ്പ് ബാധിച്ചിരുന്നു. 

‘‘ഓ. ഉള്ളിലേക്ക് അങ്ക്ട് പോണം തോമേ. അഡ്വാന്‍സൊന്നുംല്ല്യ. കാണിപ്പനാണ്. കണ്ടിട്ട് കാശ്ണ്ട്ന്ന് തോന്ന്ണൂ. രണ്ട് കെടക്ക്ട്ത്തോ. കാലത്തെന്നെ ഒരു കൂട്ടിപ്പിട്ത്തം കിട്ട്വാന്ന് നോക്കാം.’’

തോമുട്ടി മുകളില്‍നിന്ന് രണ്ട് കിടക്കയെടുത്ത് ചുമലില്‍ വെച്ചു. അഡ്വാന്‍സും കാശൊന്നുമില്ലാതെ കാണിക്കാനായിട്ടെന്തിനാണാവോ രണ്ടെണ്ണം കൊണ്ടുപോകുന്നതെന്ന് തോന്നിയെങ്കിലും ചോദിച്ചില്ല. തിരിച്ചും ഇതിങ്ങനെ ഏറ്റേണ്ടി വരുമല്ലോ എന്നാലോചിച്ചപ്പോള്‍ അല്പമൊരു നീരസം തോന്നാതിരുന്നുമില്ല. 

 

സാമാന്യം തരക്കേടില്ലാത്ത ഓടിട്ട ഒരു വീടായിരുന്നു അത്. മധ്യവയസ്ക്കരായ രണ്ടുസ്ത്രീകള്‍ കിടയ്ക്ക വരുന്നതും നോക്കി നില്ക്കുകയായിരുന്നു. തോമുട്ടി വലതുകാല്‍വെച്ച് അകത്തുകയറി. എല്‍ദോ പറഞ്ഞതിന്‍റെ ബാക്കി തുടര്‍ന്നു. 

 

‘‘......ഞാന്‍ പറഞ്ഞത് ശര്യല്ലേന്ന് നോക്കിക്കോ. നല്ല നാടന്‍ പഞ്ഞ്യോണ്ട് ണ്ടാക്കീട്ട്ള്ള, തൊട്ടാ റബ്ബറ് പോലെ തെറിക്കണ കെടയ്ക്ക ഈ നാട്ടില് എവിട്യേം കിട്ടില്ല. ഇതിന്‍റെ സൈഡും കുത്തുകളും ഒക്കെ ഒന്നു നോക്ക്യേ. ഇതു കുത്ത്യേക്ക്ണ ടോയിന്‍ നോക്ക്യേ. പ്ലാസ്റ്റിക് കോട്ടിംഗ്ള്ള പെട്ടെന്നൊന്നും പൊട്ടാത്ത ഒരുതരം മെറ്റീരിയലുകൊണ്ടുണ്ടാക്കീട്ട്ള്ള നൂലാ ഇത്. ഈ ടൊയിന്‍ പൊട്ടാത്തോടത്തോളം കാലം ഇതിന്‍റെ ഈ അഴക് അങ്ങനെത്തന്നെ നില്ക്കും. അതാണ് സീതാറാം ഏജന്‍സീടെ കിടയ്ക്കകള്. ഞാന്‍ പറയ്വേ മാത്രംല്ല, നിങ്ങക്ക് നോക്കാം. നോക്കി തൃപ്തിപ്പെടാലോ...’’

 

‘‘ഈ കെടയ്ക്കെങ്ങന്യാ ചേട്ടാ ഗ്യാരണ്ടിയുണ്ടോ?’’

അതുവരെ അരങ്ങില്‍ വരാതെ പൊടുന്നനെ കഥാസന്ദര്‍ഭത്തെ ആകെ പിടിച്ചുലക്കുന്ന മട്ടില്‍ അണിയറയില്‍ നിന്നൊരു കഥാപാത്രം കടന്നുവന്നു. കൊമ്പന്‍ മീശയുള്ള ഒരു വില്ലന്‍. എല്‍ദോയുടെ ഒഴുക്കും ആത്മവിശ്വാസവും പൊടുന്നനെ ഒന്നുലഞ്ഞപോലെ. ഒരൊറ്റ നിമിഷത്തക്കേ ആ തോന്നല് ഉണ്ടായുള്ളൂ.

‘‘അതെന്താ ചേട്ടാ അങ്ങനെ ചോദിക്കണെ. നമ്മള് പൊട്ട സാധനങ്ങള് കൊണ്ടന്ന് ഇന്‍സ്റ്റാള്‍മെന്‍റായിട്ട് തര്വോ? നാളെം ഞങ്ങള്‍ക്കിവിടെ കാശുപിരിക്കാന്‍ വരണ്ടതല്ലേ? മോശം സാധനം തന്നാ, നിങ്ങളെന്നല്ല, ആരെങ്കിലും കാശ് തര്വോ?’’

‘‘അത് നിങ്ങള് ഇന്‍സ്റ്റാള്‍മെന്‍റ് തന്നാലല്ലേ.’’

‘‘ഇന്‍സ്റ്റാള്‍മെന്‍റ് തരാനല്ലേ, ഞങ്ങളൊക്കെ വീടുവീടാന്തരം കയറിയിറങ്ങണത്..’’

‘‘നിങ്ങള്‍ പറയുമ്പോഴല്ലേ ഇന്‍സ്റ്റാള്‍മെന്‍റ്. പോകുമ്പോള്‍ റെഡി കാശ് വാങ്ങിയിട്ടല്ലേ പോകുകയുള്ളൂ...’’

ഓഹോ. അപ്പോള്‍ ഒരു മിഠായി കിട്ടിയിട്ടുള്ളതാണ്. വെറുതെയല്ല വില്ലനെപ്പോലെ മറഞ്ഞിരുന്ന്, ഇടയിലേക്ക് ചാടി വീണിരിക്കുന്നത്. കല്ലന്‍.

 

കച്ചവട ഭാഷയില്‍ ഇത്തരം കഥാപാത്രത്തെ ‘കല്ലന്‍’ എന്നു പറയും. ഇയാള്‍ ജന്മനാ ഒരു കല്ലന്‍ അല്ല. ഏതോ കച്ചവടക്കാരില്‍ നിന്ന് നല്ല വിലയ്ക്ക് കിടയ്ക്ക വാങ്ങിയപ്പോഴുണ്ടായ അനുഭവത്തില്‍ നിന്ന് കല്ലനായിട്ടുള്ളതാണ്. ജന്മനാലുള്ള കല്ലന്‍മാരെ സൂക്ഷിക്കണം. എളുപ്പത്തില്‍ അവരെ വീഴ്ത്താന്‍ പറ്റില്ല. മിഠായി കിട്ടിയിട്ടുണ്ടായ കല്ലന്മാര്‍ രണ്ടുതരത്തില്‍ ഉണ്ട്. ചിലരെ എളുപ്പം വീഴ്ത്താം. ചിലരെ ഒട്ടും സാധിക്കില്ല. അത്ര നേരമായുള്ള  ആ കല്ലന്‍റെ സംസാരത്തില്‍ നിന്ന് ഒന്നും ഉറപ്പിക്കാറായിട്ടില്ല. ഒന്നുകില്‍ കിടക്ക കയ്യില്‍ നിന്നു പോകും. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ അങ്ങനെ ഉണ്ടാകാറുണ്ട്. അഡ്വാന്‍സില്ലെന്നു പറഞ്ഞാലും പറയുന്നവരുടെ സംസാരത്തില്‍ നിന്നും ശരീരഭാഷയില്‍ നിന്നും കാശിത്തിരി അകത്തിരിപ്പുണ്ടോ എന്നു മനസ്സിലാകും. 

 

പിന്നെയുള്ള അവരുടെ സംസാരത്തില്‍ നിന്നും അയല്‍വക്കത്തുപോയി കടംമേടിച്ചുകൊണ്ടുവരാന്‍ പറ്റുന്നവരാണോ എന്നും അറിയാം. ഈ രണ്ടു കാര്യങ്ങള്‍ വിവേചിച്ചറിയാന്‍ കഴിവുള്ള ആളാണ് നല്ല ഓര്‍ഡര്‍മാന്‍. ചിലര്‍ ഇതൊന്നും അറിയാതെ, ജന്മനാ കല്ലന്മാരായിട്ടുള്ളവരുള്ള സ്ഥലത്തേക്ക്, അഡ്വാന്‍സൊന്നുമില്ലെങ്കിലും കുഴപ്പമില്ലെന്നു പറഞ്ഞ്, മുറിക്കുന്ന ആള്‍ക്ക് പരീക്ഷണങ്ങളുമായി ഓര്‍ഡര്‍ എടുത്തുവരും. മുറിക്കേണ്ട മെയിന്‍ കച്ചവടക്കാരന്‍ ഇതൊന്നുമറിയാതെ കിടയ്ക്ക കൊണ്ടുപോയിടും. വിലയും വര്‍ത്തമാനവും പറഞ്ഞുതുടങ്ങുമ്പോഴാകും ശരിക്കും ‘ഇറുകി’ പോയിരിക്കുന്നുവെന്നറിയുക. പിന്നെ ആ ഇറുകലില്‍ നിന്ന് രക്ഷപ്പെടാനുള്ളതാണ് അടുത്ത നീക്കങ്ങള്‍. 

 

അഡ്വാന്‍സും മുതലും ഒന്നുമില്ലാതിരിക്കുന്ന അവിടെ  കിട്ടിയ കാശിന്, മുതലാവുകയാണെങ്കില്‍ കൊടുത്തുപോരും. ചില കല്ലന്മാര്‍ വേല മനസ്സിലിരിക്കട്ടെ എന്നു പറഞ്ഞ് അഡ്വാന്‍സൊന്നുമില്ലാതെ തരാമെന്നു പറഞ്ഞതല്ലേ, തവണകളായി അടക്കാമെന്ന പിടിവാശിയില്‍ ഇരിക്കും. ഒരു രൂപ അവര്‍ തരാന്‍ തയ്യാറാകില്ല. അങ്ങനെയുള്ള സമയത്ത് രണ്ടും കല്പിച്ച് ചുറ്റുപാടുകള്‍ നോക്കി അപകടം ഒന്നുമില്ലെന്നു മനസ്സിലായാല്‍ അവരുമായി ഒന്നും രണ്ടും പറഞ്ഞ് വഴക്കുണ്ടാക്കി കിടയ്ക്കയെടുത്ത് പോരും. കിടയ്ക്ക എടുക്കാന്‍ പറ്റാത്ത സ്ഥലമാണെങ്കില്‍ വഴക്കുണ്ടാക്കിയാല്‍ തല്ല് കിട്ടുമെന്നുറപ്പായാല്‍, ആ പരിസരത്ത് വേറെയും കിടയ്ക്കകള്‍ കൊടുത്തിട്ടുണ്ടെങ്കില്‍, ഒരു പ്രശ്നമുണ്ടായാല്‍ അതെല്ലാം വിറ്റതിനേക്കാള്‍ വേഗത്തില്‍ വണ്ടിയിലേക്ക് തിരിച്ചു കയറുമെന്നു തോന്നിയാല്‍ മറ്റൊരു വഴിയുമില്ലെങ്കില്‍ പോണതുപോട്ടെന്നു വെച്ച് ആ കല്ലന്‍ വല്ല വണ്ടിയിടിച്ച് ചാകട്ടെ എന്നു പ്രാകി കിടയ്ക്ക അവിടെ ഉപേക്ഷിച്ചു തിരിച്ചുപോരും. ആ ഓര്‍ഡര്‍ എടുത്ത കച്ചവടക്കാരന്‍ കുറേനാളത്തേക്ക് കുത്തുവാക്കുകളാലും പരിഹാസശരങ്ങളാലും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കും. എന്തെങ്കിലും പറഞ്ഞ് അവനൊന്ന് നെഗളിക്കാന്‍ ശ്രമിച്ചാല്‍ ഉടനടി ആ പഴയകഥ എടുത്തിട്ട് അവനെ ഒതുക്കി കെട്ടും.

 

മുന്നില്‍ ചാടിവീണ കല്ലനെ വേണ്ടവിധത്തില്‍ പഠിച്ച് ശരിയാക്കാമെന്നുവെച്ച് എല്‍ദോ പതറാതെ ഇരുന്നു. അതിനിടെ എല്‍ദോ സ്ത്രീകളെ ഒന്നുനോക്കി. അവരുടെ മുഖത്ത് ഒരു കള്ളച്ചിരി. സമ്മതിക്കണം ഈ മാതിരി ഒരു കല്ലന്‍ അകത്തിരിക്കുന്ന കാര്യം ഒന്നുസൂചിപ്പിക്കുകപോലും ചെയ്യാതെ എന്നെതന്നെ കുടുക്കിയല്ലോ! ഇന്നത്തെ കപ്പ് നിങ്ങള്‍ക്ക് തന്നെ. പാവം തോമുട്ടിയാകട്ടെ വന്നുപെട്ടിട്ടുള്ള അപകടമൊന്നുമറിയാതെ എല്‍ദോയില്‍ നിന്നും കച്ചവടം പഠിക്കാനായി കണ്ണുംകാതും കൂര്‍പ്പിച്ചുനിന്നു. അത്തരം ഒരു സന്ദര്‍ഭത്തില്‍ ഏതു നിമിഷവും അപകടമുണ്ടാകുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍  സകല ശക്തിയും കാലുകളിലേക്കാവാഹിച്ച് ജീവനുംകൊണ്ട് തോമുട്ടി ഓടിരക്ഷപ്പെട്ടേനെ. 

 

‘‘ഇപ്പളാണ് കാര്യംന്താന്ന് യ്ക്ക് പിടികിട്ടിയത്. ചേട്ടന്‍ മുന്നെ ആര്ടേന്നോ കിടയ്ക്ക എടുത്തിട്ടുണ്ട്. അതത്ര നല്ല ക്വാളിറ്റി അല്ലാത്തോണ്ട് കാണണ കെടയ്ക്ക മുഴുവന്‍ അതുപോലാണെന്ന് ചേട്ടന് തോന്നണതാണ്. അതിന് ചേട്ടനെ കുറ്റം പറയന്‍ പറ്റില്ല. ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും വിറയ്ക്കും. അത് സഹജാ. ന്നാലും ചേട്ടനെ പറ്റിച്ചോര് ചില്ലറ പുള്ള്യോള് ആവില്ലല്ലോ.’’

‘‘എന്നെ അങ്ങനെ ആര്‍ക്കും പറ്റിക്കാന്‍ പറ്റില്ല. ഞാന്‍ വീട്ടിലില്ലാത്ത നേരത്ത് അവന്മാര് പെണ്ണുങ്ങളെ പറ്റിച്ചു കടന്നുകളഞ്ഞതല്ലേ.’’

‘‘അങ്ങനെ വരട്ടെ. ഞാനും കരുതി. എന്തായാലും ഇപ്പൊ സ്ഥലത്ത് ചേട്ടനുണ്ടല്ലോ. നല്ല കെടയ്ക്ക തന്നെ നമുക്കൊരെണ്ണം എടുക്കാം.’’

‘‘ഇവിടെ കെടയ്ക്കേം വേണ്ടാ കട്ടിലും വേണ്ടാ. നിങ്ങളെല്ലാം എടുത്തോണ്ട് പോയേച്ചാ മതി.’’

‘‘അതെങ്ങന്യാന്നേ. മറ്റുള്ളോരെപോലെ ഞങ്ങളെ കാണല്ലേ. ഈ കിടയ്ക്ക ഇവിടെ കെടക്കട്ടെ. ഇന്‍സ്റ്റാള്‍മെന്‍റായിട്ട് ഒരു കൊല്ലം കൊണ്ട് അടച്ചുതീര്‍ത്താല്‍മതി. അതിനിടേല് കംപ്ലയിന്‍റ് വന്നൂന്ന്ച്ചാ ഒന്നും അടക്കേണ്ടാ. അടച്ച കാശ് തിരിച്ച് തരേം ചെയ്യും. അത്രേം പോരേ...’’

‘‘അപ്പോള്‍ അഡ്വാന്‍സൊന്നും വേണ്ടാന്നാണോ.’’

‘‘സാധാരണ ഞങ്ങള് അഡ്വാന്‍സ് വാങ്ങാതെ കൊടുക്കാറില്ല. പക്ഷേ ഇത് പ്പൊ ഒരു സ്പെഷല്‍ കേസ്സല്ലേ. അഡ്വാന്‍സ് ഒന്നും വേണ്ടാ.’’

 

ചേട്ടന്‍ ഒന്നയഞ്ഞു. പെണ്ണുങ്ങളെ നോക്കി. അവരുടെ മുഖത്തും വിരോധമൊന്നും പ്രകടമായില്ല.

‘‘എത്ര നാളായി  ആ കെടയ്ക്ക എടുത്തിട്ട്..’’

‘‘അഞ്ചാറുമാസം ആയിക്കാണും.’’

‘‘ഓ. അപ്പൊ ഗാരണ്ടി പിരിയഡ് കഴിഞ്ഞിട്ടില്ലല്ലോ. അവര്ടെ ബില്‍ ഇരിക്ക്ണില്യേ. അതിലൊന്നു വിളിച്ചു ചോദിക്കാര്‍ന്നില്ല്യേ...’’

‘‘ബില്ലും ഫോണ്‍ നമ്പറും ഒക്കെയുണ്ട്. ഒന്നുരണ്ടുതവണ വിളിക്കേം ചെയ്തു. സംഗതി പറഞ്ഞപ്പൊ ഏതോ മനസ്സിലാവാത്ത ഭാഷേല് എന്തൊക്കെയോ പറഞ്ഞു. ഇനി ആ കാശും കൂടി കളേണ്ടല്ലോ എന്നുവെച്ചു.’’

 

അപ്പോള്‍ അത് ഷിബു തന്നെ. ഏതെങ്കിലും കുരുത്തം കെട്ടവന്‍മാര്‍ ഏല്യാസിന്‍റെ കിടയ്ക്ക കമ്പനിയിലെ നമ്പര്‍കൊടുത്തുകാണും. അങ്ങനെയുള്ളവര്‍ ആരെങ്കിലും വിളിച്ചാല്‍ കന്നഡയും തമിഴും തുളുവും കലര്‍ത്തി ഷിബു അവനുപോലും പിടികിട്ടാത്ത എന്തെങ്കിലും പറയും. ഒരുമാതിരിപ്പെട്ടവരൊന്നും പിന്നെ ആ നമ്പറിലേക്ക് വിളിക്കില്ല. 

‘‘എന്തായാലും ബില്ല് കൊണ്ടന്നെ, നോക്കട്ടെ..’’

കിടയ്ക്ക വാങ്ങുമ്പോള്‍ വീട്ടിലുണ്ടായിരുന്ന ചേച്ചി ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ബില്‍ കൊണ്ടുവന്നു. 

 

‘സൗഹൃദ ഏജന്‍സീസ്’ ഓട്ടുപാറ. ആ ബില്‍ എല്‍ദോയു‍ടെ കമ്പനിയില്‍ നിന്ന് അടിച്ചിട്ടുള്ളതല്ല. ഏല്യാസിന്‍റെയും ആയിക്കൊള്ളണമെന്നില്ല. വടക്കാഞ്ചേരി, ഓട്ടുപാറ ഭാഗങ്ങളില്‍ നിന്നും ഇപ്പോള്‍ ധാരാളം കച്ചവടക്കാര്‍ കിടക്കകളുമായി പോകുന്നുണ്ട്. അവരും പഞ്ഞി എടുക്കുന്നത് കിടയ്ക്കാടു നിന്നുതന്നെ. എത്രതന്നെ പഞ്ഞികള്‍ എടുത്താലും കൊടുത്താലും കിടയ്ക്കാട്ടെ പൂളകള്‍ ഒരു മടിയുമില്ലാതെ പിന്നേയും പൂത്തുകൊണ്ടിരിക്കുന്നു. ബില്ലില്‍ റെജിസ്റ്റര്‍ നമ്പറും അഡ്രസ്സുമൊക്കെ തൊട്ടും തൊടീച്ചും എഴുതിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍ ആരോ പേനകൊണ്ടെഴുതി കൊടുത്തിരിക്കുന്നു. ഏല്യാസിന്‍റെ  കമ്പനിയുടെ തന്നെ. ചില അവസരങ്ങളില്‍ നില്ക്കക്കള്ളിക്കുവേണ്ടി കച്ചവടക്കാര്‍ പൊടുന്നനെ പേനയില്‍ തോന്നുന്നത് ഫോണ്‍ നമ്പറായി എഴുതിയിടുമായിരുന്നു. ഒരുപക്ഷേ അങ്ങനെ അബദ്ധത്തില്‍ വന്നുപോയതാകാനും മതി. വേണമെന്നുവെച്ച് പേരെഴുതി കൊടുക്കുന്ന വിരുതന്മാരുമുണ്ട്. ഫോണ്‍ വിളി ചെല്ലുമ്പോള്‍ ആ കമ്പനിയിലുള്ളവര്‍ വേണ്ടവിധം ഡീലുചെയ്തുകൊള്ളും. 

 

‘‘ഇത് കേട്ടുകേള്‍വി പോലുമില്ലാത്ത ഏതോ ഏജന്‍സിയാണ്. അവര്ടേത്, ഒറിജിനല്‍ നാടന്‍ പഞ്ഞിയൊന്നുമല്ല. സംശയംണ്ടെങ്കി ഞാന്‍ പറേന്നത് നോക്കിക്കൊ.’’

‘‘ഇത് നിങ്ങള് കിടയ്ക്ക കച്ചോടക്കാരുടെ സ്ഥിരം നമ്പറല്ലെ. അവന്മാരു പറയും അവരാ ഒറിജിനലെന്ന്. നിങ്ങള് തിരിച്ചും...’’

‘‘അത് നമുക്ക് നോക്കിയിട്ടാവാം, എന്തായാലും വാങ്ങ്യാ കിടയ്ക്കൊന്നു കാണട്ടെ.’’

കിടയ്ക്ക കാണാന്‍ അകത്തേക്കു നടക്കാന്‍ നിന്ന എല്‍ദോസിനെ കല്ലന്‍ തടഞ്ഞു.

‘‘നില്ക്ക്, നില്ക്ക്... അകത്തൊന്നുമല്ല. അതൊക്കെ എന്നേ അകത്ത്ന്ന് എടുത്ത് കളഞ്ഞു.’’

സംഗതി അല്പം മോശമാണെന്ന് എല്‍ദോയ്ക്ക് പിടികിട്ടി. സാധാരണ പഞ്ഞിയുടെ അല്പമൊരു പതപതപ്പ് ഉണ്ടെങ്കില്‍ വീട്ടിനകത്ത് തന്നെ എവിടെയെങ്കിലും ചുരുട്ടിക്കൂട്ടി വെക്കുമായിരുന്നു. പിന്നീട് ചെല്ലുമ്പോള്‍ മുന്‍പിലേക്ക് ‘കണ്ടോ ഒരു കിടയ്ക്ക’ എന്നും പറഞ്ഞ് ഇട്ടുതരികയാണ് പതിവ്.

 

‘‘തന്‍റേല് അരിവാളോ കത്ത്യോ എന്തെങ്കിലും ണ്ടോ?’’

‘‘അരിവാളോ. അതെന്തിനാ.’’

‘‘ഇപ്പൊ കൊയ്യാനുള്ള സമയം ആയിട്ട്ണ്ടാവും. കഷ്ടിച്ച് ഒരിടങ്ങഴി നെല്ല് കിട്ടും. നിങ്ങളന്നെ കൊണ്ടൊയ്ക്കോ. വിതച്ചതും നിങ്ങള് തന്നെയല്ലേ.’’

 

എല്‍ദോയ്ക്ക് കാര്യം മനസ്സിലായില്ല. എങ്കിലും അയാളുടെ പിറകെ നടന്നു. അവര്‍ നേരെ വീടിന്‍റെ പുറകില്‍ എത്തി. അവിടെ നനഞ്ഞമണ്ണുള്ള  ഒരു മൂലയില്‍ കൂട്ടംകൂടി നിന്നപോലെ കുറേ പുല്ലുകള്‍ മുളച്ചു നില്ക്കുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ അതില്‍ ചെറിയ കതിരുകള്‍ പൊട്ടിതുടങ്ങുന്നു. എല്‍ദോയ്ക്ക് അപ്പോഴും ഒന്നും മനസ്സിലായില്ല. തോമുട്ടിയാകട്ടെ ഒരു വിചിത്ര ലോകത്തിലായിരുന്നു. പിറകെ സ്ത്രീകളുമുണ്ട്.

 

‘‘ഇല്ല. കൊയ്യാറാവണേള്ളൂ. ഒരാഴ്ചകൂടി  കഴിയേണ്ടിവരും... എന്താന്ന് മനസ്സിലാവ്ണില്യല്ലേ. ഒന്നൂടെ അടുത്തോട്ടുപോയി സൂക്ഷിച്ചുനോക്ക്. അപ്പൊ കാണാം.’’

എല്‍ദോ അല്പംകൂടി മുന്നോട്ടു നടന്നു ചെന്നു. പിറകെ തോമുട്ടിയും. ഒറ്റനോട്ടത്തില്‍, അതുവരെ മനസ്സിലാകാതിരുന്ന എല്‍ദോയ്ക്ക് കാര്യം മനസ്സിലായി. പിന്‍മാറിയപ്പോള്‍ തോമുട്ടി അടുത്തുപോയി നോക്കി. പുല്ലുകള്‍ അല്ല നെല്ക്കതിരുകളായിരുന്നു കൂടുതലും. അവ പൊട്ടി മുളച്ചിരിക്കുന്ന്ത് മണ്ണില്‍ നിന്നായിരുന്നില്ല. അതിനടിയില്‍ പതിഞ്ഞ് മണ്ണോട് ചേര്‍ന്നു കിടക്കുന്ന ഒരു പഞ്ഞികിടക്കയുടെ അവശിഷ്ടമുണ്ട്. തുണിയൊക്കെ ആകെ പിച്ചിപൊളിഞ്ഞിരിക്കുന്നു. ആ പൊളിഞ്ഞ ദ്വാരങ്ങളിലൂടെയൊക്കെ നെല്‍ക്കതിര്‍ മുളച്ചുവന്നിരിക്കുകയാണ്. വേണമെങ്കില്‍ നെല്‍ക്കതിര്‍ പഞ്ഞിക്കിടക്കയിലും മുളക്കും എന്ന് തോമുട്ടിക്ക് മനസ്സിലായി. എന്നിട്ടാണ്, പാവം കൃഷിക്കാര്‍ രാവ് പകല് കഷ്ടപ്പെട്ട്  ട്രാക്ടറടിച്ചും വെള്ളം കൂട്ടിയുമൊക്കെ കിടയ്ക്കാട്ടെ പാടത്ത് കിടന്ന് പെടാപാടുപ്പെടുന്നത്.

 

തുടരും…

 

English Summary: ‘Kidaikattile Poolamarangal’ E-Novel written by P. Reghunath, Chapter 17