‘‘മിടുക്കിപ്പിള്ളാരെ എനിക്കിഷ്ടമാ, പെണ്ണുങ്ങളായാൽ തന്റേടം വേണം, അല്ലാതെ...’’
പത്തേക്കറിലെ അന്നമ്മവല്യമ്മയുടെയും ജോസഫ് പാപ്പന്റെയുമൊക്കെ നാവുകളെ തളച്ചിട്ട ആട്ടിൻസൂപ്പിന്റെ രുചി എന്റെ മുന്നിൽ ആവിയായി പറന്നു. വറുത്തമല്ലിയുടെയും കുരുമുളകിന്റെയും ജീരകത്തിന്റെയും കുമുകുമാ മണം മുറിയിൽ പരന്നു.
പത്തേക്കറിലെ അന്നമ്മവല്യമ്മയുടെയും ജോസഫ് പാപ്പന്റെയുമൊക്കെ നാവുകളെ തളച്ചിട്ട ആട്ടിൻസൂപ്പിന്റെ രുചി എന്റെ മുന്നിൽ ആവിയായി പറന്നു. വറുത്തമല്ലിയുടെയും കുരുമുളകിന്റെയും ജീരകത്തിന്റെയും കുമുകുമാ മണം മുറിയിൽ പരന്നു.
പത്തേക്കറിലെ അന്നമ്മവല്യമ്മയുടെയും ജോസഫ് പാപ്പന്റെയുമൊക്കെ നാവുകളെ തളച്ചിട്ട ആട്ടിൻസൂപ്പിന്റെ രുചി എന്റെ മുന്നിൽ ആവിയായി പറന്നു. വറുത്തമല്ലിയുടെയും കുരുമുളകിന്റെയും ജീരകത്തിന്റെയും കുമുകുമാ മണം മുറിയിൽ പരന്നു.
വേവുന്നു, പുതുരുചികൾ
‘‘ഒരുകിലോ എല്ലിന് മൂന്നരലിറ്റർ വെള്ളമെന്നാ കണക്ക്. ഏഴെട്ടുണിക്കൂർ അടുപ്പിൽ വച്ചു വറ്റിച്ച് ഒന്നരലിറ്ററാക്കും. ഇതു കുടിച്ചുനോക്കിക്കാട്ടെ...’’
പത്തേക്കറിലെ അന്നമ്മവല്യമ്മയുടെയും ജോസഫ് പാപ്പന്റെയുമൊക്കെ നാവുകളെ തളച്ചിട്ട ആട്ടിൻസൂപ്പിന്റെ രുചി എന്റെ മുന്നിൽ ആവിയായി പറന്നു. വറുത്തമല്ലിയുടെയും കുരുമുളകിന്റെയും ജീരകത്തിന്റെയും കുമുകുമാ മണം മുറിയിൽ പരന്നു.
‘‘എങ്ങനുണ്ട്?’’
നാവിലേക്കരിച്ചുകയറിയ എരിവ് തൊണ്ടക്കുഴിയിൽ നൃത്തം ചവിട്ടി നെഞ്ചിലേക്കിറ്റുന്നത് ഞാനറിഞ്ഞു. എന്റെ മുഖത്തെ രുചിപ്പെരുക്കം റബേക്ക ടീച്ചറെ സന്തുഷ്ടയാക്കി.
‘‘കൽച്ചട്ടി, വിറകടുപ്പ്... ഇതൊക്കെയാ സൂപ്പുണ്ടാക്കാൻ ഇപ്പഴും ഞാനുപയോഗിക്കുന്നേ. അതുതന്നെയാ ഇതിന്റെ രഹസ്യോം.’’
അളന്നുതൂക്കിമാത്രം വാക്കുകൾ പെറുക്കിയെടുക്കുന്ന ടീച്ചർ ആട്ടിൻസൂപ്പിനെപ്പറ്റി വാചാലയാകുന്നത് എന്നെ അത്ഭുതപ്പെടുത്തി.
‘‘വിറകടുപ്പിന്റെ ചൂടിൽ രണ്ടുദിവസം വരെ കേടാകാതിരുന്നോളും. പക്ഷേ, ഫ്രിഡ്ജിൽ വച്ചിട്ടെടുത്തു തിളപ്പിച്ചാൽ ഗുണം പോകും. പനിക്കും ചുമയ്ക്കും കൈകടച്ചിലിനും പുറംവേദനയ്ക്കുമൊക്കെയുള്ള മരുന്നുകൂടിയാണിത്. അറിയാമോ?’’
അറിയില്ലെന്നു ഞാൻ ചുമലനക്കി. ടീച്ചർ കുറേനേരം കൈവിരലിൽ ഞൊട്ടകളുതിർത്ത് ജനാലയിലൂടെ നോക്കിയിരുന്നു. കാലം അവരുടെ മനസ്സിൽ കലണ്ടർ താളുകൾ മറിക്കുകയാവാം. ഇത്തരം സന്ദിഗ്ധതകൾ വലിയ കഥകളിലേക്കു കടക്കാനുള്ള തയാറെടുപ്പിന്റെ ഇടവേളകളാണെന്ന് അറിയാവുന്നതിനാൽ ഞാൻ മിണ്ടാതെ കംപ്യൂട്ടറിൽ എന്തൊക്കെയോ ടൈപ്പ് ചെയ്തുകൊണ്ടിരുന്നു.
‘‘നീ മെയിൽ തുറന്നിട്ടുണ്ടോ?’’
പെട്ടെന്നായിരുന്നു ചോദ്യം.
‘‘ഇല്ല. തുറക്കാം.’’
‘‘ഉം. ഞാൻ പറയുന്ന മെയിൽ ഐഡിയിലേക്ക് നീയെഴുതിയതിന്റെ കുറച്ചുഭാഗം അയയ്ക്കണം.’’
‘‘അപ്പോ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചോ?’’
എന്റെ ചോദ്യത്തെ അവഗണിച്ച് ടീച്ചർ മേശപ്പുറത്തിരുന്ന ഡയറി തുറന്ന് ഇമെയിൽ വിലാസം വായിച്ചുകേൾപ്പിച്ചു.
‘‘ഏതു ഭാഗമാണ് അയയ്ക്കേണ്ടത്?’’
‘‘ജോസഫ് പാപ്പന്റെ വിശേഷങ്ങളുതന്നെയാകട്ടെ.’’
ഇതുവരെ കണ്ടിട്ടില്ലാത്തൊരു ചിരികൊണ്ടു ടീച്ചർ മുഖം കഴുകി; പരിഹാസമോ അവജ്ഞയോ ഒക്കയായി വായിച്ചെടുക്കാവുന്ന ഒന്ന്. ജീവചരിത്രം, ടീച്ചർക്ക് വിലപേശലിനുള്ള തന്ത്രം മാത്രമാണെന്ന് പത്രോസ് മാഷ് മുൻപു പറഞ്ഞത് ആ നിമിഷം ഞാനോർത്തു. അങ്ങനെയെങ്കിൽ നിശ്ചയമായും ഇതു യുഎസിൽ സോജനുള്ളതാണ്.
‘‘അതയക്കുന്ന കൂട്ടത്തിൽ ഇനി ഞാൻ പറയുന്നതുകൂടി ടൈപ്പ് ചെയ്യണം. എഴുതിയെടുത്തോ,’’ ടീച്ചർ കൽപ്പിച്ചു, ‘‘സാംപിൾ അയയ്ക്കുന്നു. വായിച്ചിട്ട് തീരുമാനിക്കാം.’’
ടൈപ്പ് ചെയ്തുകഴിഞ്ഞപ്പോഴാണ്, അടുത്ത ചോദ്യം.
‘‘നിന്നെ അവരു വിളിച്ചായിരുന്നോ?’’
‘‘ആര്?’’
‘‘ബെറ്റ്സി. യുഎസിലുള്ള സോജന്റെ അനിയത്തി.’’
‘‘ഇല്ല.’’
‘‘ഒള്ളതാണല്ലോ?’’ ടീച്ചറിന്റെ നെറ്റി ചുളിഞ്ഞു, ‘‘വിളിച്ചില്ലെങ്കിൽ ഇനി വിളിക്കും.’’
‘‘എന്തിന്?’’
‘‘കേട്ടെഴുതുന്നതിനെപ്പറ്റി ചോദിക്കാൻ. അപ്പോൾ നീയെന്തു പറയും?’’
‘‘എന്തു പറയണം.’’
‘‘ചൂടൻ സാധനമാണെന്ന്....,’’ ടീച്ചർ വൃത്തികെട്ടൊരു ചിരി പുറത്തേക്കെറിഞ്ഞു,‘‘പുറത്തു പറയാൻ കൊള്ളാത്ത അറപ്പു തോന്നുന്ന കാര്യങ്ങളാണ് നിന്നെക്കൊണ്ട് എഴുതിക്കുന്നതെന്ന്. എന്താ, പറയാൻ ബുദ്ധിമുട്ടുണ്ടോ?’’
‘‘ഇല്ല.’’
‘‘എനിക്കെതിരെ പിന്നേം കേസിനുള്ള പുറപ്പാടാ അവൻ. ഇട്ടുമൂടാനൊള്ളതു സമ്പാദിച്ചിട്ടുണ്ട്. പിന്നേം എന്തിനാ ഇവിടുത്തെ മണ്ണു തോണ്ടുന്നേന്നാ മനസ്സിലാവാത്തേ... പാഠം പഠിപ്പിക്കും ഞാൻ. ആ വക്കീല് തമ്പാൻ മാത്യു പിന്നെ നിന്നെ വിളിച്ചോ?’’
‘‘ഇല്ല.’’
‘‘അയാളും വിളിക്കും. അങ്ങേര് ആ പോത്തന്റെ ബന്ധുവാ. ശത്രുക്കളെല്ലാംകൂടി എനിക്കെതിരെ ഒന്നിച്ചേക്കുവാ...’’
ഉച്ചവെയിലിലെ കടൽപോലെ ടീച്ചറിന്റെ കണ്ണുകൾ തിളച്ചു. അതിരുകടന്നെത്തുന്ന നാവികപ്പടയാളികൾക്കുനേരേ പീരങ്കികൾ പൊട്ടുന്നതു ഞാൻ കേട്ടു.
‘‘അതു പോട്ടെ,’’ ടീച്ചർ പൊടുന്നെ മുടി പിന്നിലേക്കു വെട്ടിച്ചെറിഞ്ഞു ചിരിച്ചു, ‘‘നിന്റെ വീട്ടിലെ പുതുമണവാട്ടിയെന്തു പറയുന്നു?’’
നിഴലിൽനിന്നു വെളിച്ചത്തിലേക്കു വന്നപോലെയായിരുന്നു ആ ഭാവമാറ്റം. അതും എത്രവേഗം...!
‘‘പുതുമണവാളനേം മണവാട്ടിയേം ഒരുദിവസം ഇങ്ങോട്ടു ക്ഷണിക്കാം. അവർക്ക് ഞാൻ സൂപ്പുണ്ടാക്കിക്കൊടുക്കാം. എന്താ അവടെ പേര്?’’
‘‘ലീന...’’
‘‘ആ...ലീന. കേട്ടറിഞ്ഞിടത്തോളം മിടുക്കിയാ. മിടുക്കിപ്പിള്ളാരെ എനിക്കിഷ്ടമാ. പെണ്ണുങ്ങളായാൽ തന്റേടം വേണം. അല്ലാതെ...’’
അവസാന വാക്കുകൾ അവർ വിഴുങ്ങി.
‘‘തോമാച്ചന്റെ ആദ്യത്തെ കെട്ടിയോള് ശോശേം പണ്ട് ഇതുപോലെ തന്റേടം കാണിച്ച് കെട്ടിക്കേറിവന്നതാരുന്നൂന്നു കേട്ടിട്ടുണ്ട്.’’
‘‘എങ്ങനാ അവരുമരിച്ചേ?’’
എന്റെ ചോദ്യം ശ്രദ്ധിക്കാതെ റബേക്ക ടീച്ചർ വീണ്ടും ഓർമയിലേക്ക് തലചായ്ച്ചു.
‘‘അവളെ ഞാൻ സൂപ്പൊണ്ടാക്കാൻ കുറെ പഠിപ്പിച്ചതാ. പക്ഷേ, എത്ര പറഞ്ഞുകൊടുത്താലും ശരിയാവില്ല. അശ്രദ്ധയാ. ആ പോത്തൻ വന്നദിവസം അവളൊരു സൂപ്പൊണ്ടാക്കി. വായിൽ വയ്ക്കാൻ കൊള്ളില്ലായിരുന്നു.’’
‘‘പോത്തൻ ജോഷ്വയുടെ കാര്യമാണോ പറഞ്ഞേ? മരിക്കുന്നേനുമുൻപ് അയാളെ പിന്നെ ടീച്ചർ കണ്ടോ? സംസാരിച്ചോ?’’ ചാടിക്കയറി ചോദിച്ചതു ടീച്ചറെ ചൊടിപ്പിച്ചു.
‘‘എന്താ, അയാളുടെ കാര്യത്തിൽ നിനക്കിത്ര താൽപര്യം?’’
എഴുതിവരുന്ന നോവലിൽ അയാളെ വലിയൊരു കഥാപാത്രമായി വളർത്തിയെടുക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, എങ്ങനെ എന്ന് തിട്ടമുണ്ടായിരുന്നില്ല.
‘‘നിന്ദിച്ചവരും ചവിട്ടിയരച്ചവരുമൊക്കെ പിന്നൊരിക്കൽ എന്റെ മുന്നിൽ ഓച്ഛാനിച്ചുനിന്നിട്ടുണ്ട്. അല്ലെങ്കിൽ അവർക്ക് ദൈവം ശിക്ഷ കൊടുത്തിട്ടുണ്ട്. അങ്ങനാ ചരിത്രം. പോത്തനും കിട്ടി ശിക്ഷ. എന്റെ മുന്നിൽ വന്നിട്ടേ മേലോട്ടു കെട്ടിയെടുക്കാവൂ എന്നത് അയാളുടെ ദൈവനിയോഗമായിരുന്നു.’’
ടീച്ചർ കഥയിലേക്കു പ്രവേശിക്കുന്നതറിഞ്ഞ് ഞാൻ ലാപ്ടോപ് തുറന്നു. ബത്‌ലഹേമിന്റെ മുറ്റത്തു വന്നുനിന്ന പരന്ന കാറിൽനിന്ന് പോത്തൻ ജോഷ്വയും അയാളുടെ ഭാര്യ തെരേസയും ഇറങ്ങുന്നതു ഞാൻ കണ്ടു.
‘‘അയ്യോ...പോത്തൻ...,’’ അടുക്കളയിൽ കോഴിയെ നുറുക്കാൻ ശോശയെ സഹായിക്കുകയായിരുന്ന റബേക്ക ജനാലച്ചതുരത്തിൽനിന്നു തലവലിച്ചു, ‘‘എന്നെ കാണണ്ട...’’
‘‘തേരേസയമ്മാമ്മേം ഒണ്ടല്ലോ. സോളമന്റെ പിള്ളാരടെ മാമ്മോദീസയാണെന്നു പറേന്നേ കേട്ടു. ക്ഷണിക്കാൻ വന്നതായിരിക്കും.’’ ശോശ കൈയിലെ അരപ്പു കഴുകി.
‘‘അപ്പോ, ഉച്ചയൂണു കഴിഞ്ഞിട്ടേ മടക്കമുള്ളാരിക്കും.’’ റബേക്ക ആശങ്കപ്പെട്ടു.
‘‘മിക്കവാറും. ഇന്നു ഞായറാഴ്ചേമല്ല്യോ.’’
ചുമരിൽ തൂക്കിയ വളയത്തിലെ വെള്ളത്തൂവാലയിൽ ശോശ കൈ തുടച്ചു.
‘‘എന്നാ ഞാൻ പോയിട്ടുവരാം.’’
അടുക്കളമുറ്റത്തേക്കിറങ്ങാൻ തുടങ്ങിയ റബേക്കയെ ശോശ തടഞ്ഞു.
‘‘ചേച്ചിയെന്തിനാ പേടിക്കുന്നേ... ഇവിടുത്തെ അടുക്കളേലല്ല്യോ... അങ്ങേരടെ വീട്ടുമുറ്റത്തൊന്നുമല്ലല്ലോ.’’
‘‘പേടിയല്ല മോളേ... എന്നെ കണ്ടാൽ അയാൾക്കു നാവു ചൊറിഞ്ഞുവരും. എനിക്കും ചെലപ്പോ തിരിച്ചു പറയാൻ തോന്നും. അവരു പോയിട്ടു ഞാൻ വരാം.’’
‘‘അയ്യോ... അപ്പോ കോഴിക്കറി....’’
പാതി നുറുക്കിയ കഷണങ്ങളിലേക്കു നോക്കി ശോശ ആശങ്കപ്പെട്ടു. പള്ളിയിൽ നിന്നു മടങ്ങിയെത്താൻ വൈകിയതിനാലും ജോലിക്കാരി വീട്ടിൽ പോയതിനാലും തന്റെ കൈപ്പുണ്യത്തിൽ തീരെ വിശ്വാസമില്ലാത്തതിനാലും ഉച്ചയ്ക്ക് കോഴിക്കറി വേണ്ടെന്നുവിചാരിച്ചതാണ്. തോമസിന്റെ നിർബന്ധത്തിനാണ് അടുപ്പത്തു പാത്രം കയറ്റിയത്. റബേക്ക സഹായിക്കാമെന്നു പറഞ്ഞപ്പോൾ ആശ്വസിച്ചു.
‘‘കോഴിക്കറീടെ കാര്യം എനിക്കു വിട്ടേരെ. മോള് തെരേസാമ്മേ കൈകാര്യം ചെയ്താമതി.’’
റബേക്ക പാത്രവുമെടുത്ത് മുറ്റത്തേക്കിറങ്ങി.
‘‘ചേച്ചിക്കു ബുദ്ധിമുട്ടാവില്ലേ?’’
‘‘എന്തു ബുദ്ധിമുട്ട്? അവിടെ പെണ്ണമ്മേം ജാനകീമില്ലേ? ദാന്നു പറേമ്പഴേക്കും കറിയിങ്ങെത്തും.’’
പൂമുഖത്ത് തെരേസയുടെ പൊട്ടിച്ചിരി കേട്ട് ശോശ കൈ തുടച്ച് അവിടേക്കും കറിവേപ്പു വകഞ്ഞുമാറ്റി റബേക്ക തന്റെ വീട്ടുമുറ്റത്തേക്കും പാഞ്ഞു.
വീട്ടിനകത്തിരിക്കുമ്പോഴും പോത്തൻ ജോഷ്വയുടെ പീളകെട്ടിയ കണ്ണുകൾ പത്തേക്കറിലെ പറമ്പിലായിരുന്നു.
‘‘അവടെ അഴിഞ്ഞാട്ടമായിരിക്കും അപ്പുറത്ത് അല്ല്യോ?’’ അയാളുടെ ചോദ്യം തോമസ് കേട്ടില്ലെന്നു നടിച്ചു, ‘‘ഇപ്പോ ആ ചെറിയാൻവക്കീലിന്റെ വരുത്തുപോക്കുമുണ്ടെന്നു കേട്ടു. നീ ഇതൊന്നുമറീന്നില്ലേ?’’
തന്റെ കണ്ടെത്തലുകളെ പ്രോത്സാഹിപ്പിക്കാതെ അന്നയെ പുന്നാരിച്ചിരിക്കുന്ന തോമസിനോട് ജോഷ്വയ്ക്ക് നീരസം തോന്നി.
‘‘രാവിലെ പോയാ ഞാൻ രാത്രീലല്ല്യോ അച്ചായാ വരുന്നേ. അവിടെ ആരെല്ലാം വരുന്നൂ പോകുന്നൂന്നൊക്കെ നോക്കാൻ നേരമുണ്ടോ? അല്ലേലും അതിന്റെ കാര്യോമില്ലല്ലോ. പണ്ടു പാപ്പനൊള്ളപ്പഴും ഞാൻ ആ വഴിക്കു നോക്കാറില്ലായിരുന്നു.’’
‘‘അപ്പനും മോനും അങ്ങനെ നോക്കാതിരുന്നതുകൊണ്ടല്ല്യോ പാപ്പൻ അതിരുമാന്തിക്കോണ്ടുപോയേ?’’
പോത്തൻ ജോഷ്വ മൂക്കിനുള്ളിലെ ഒരു രോമത്തിൽ പിടുത്തമിട്ടു. പ്രതീക്ഷതുപോലെ അതു പിഴുതുപോരാഞ്ഞതിന്റെ ജാള്യം അയാളുടെ മുഖത്തു ചുളിവുനിരത്തി.
‘‘എന്നാലും ഇത്രേം അയൽപക്കത്തു താമസിച്ചിട്ട് ചെറിയാൻ വക്കീലിന്റെ വണ്ടി രാത്രിയിൽ മുറ്റത്തുവന്നു കേറുന്നേ അറിയാതിരിക്കുമോ?’’
പോത്തൻ ജോഷ്വ വീണ്ടും രോമവുമായി യുദ്ധം തുടങ്ങി.
‘‘അയാളു വല്ല കേസുകാര്യത്തിനും വരുന്നതായിരിക്കും.’’
‘‘പാതിരാത്രീലാന്നോ കേസ്... നീയൊരു പൊട്ടൻ,’’ പോത്തൻ ജോഷ്വ, പരിഹാസത്തോടെ തലകുടഞ്ഞു, ‘‘അല്ല... നീയൊന്നും വിട്ടുപറേത്തില്ല... എനിക്കറിയാം.’’
‘‘അതെന്നാ അച്ചായാ ഒരു കുത്തിപ്പറച്ചിൽ...’’ ചോദിച്ചതു ശോശയായിരുന്നു.
‘‘ഓ... സിമന്റ് കച്ചോടത്തിൽ ഇപ്പോ റബേക്കേം പങ്കാളിയാന്നൊക്കെ എനിക്കറിയാം. ബാങ്കിൽ എനിക്കുമൊണ്ട് പരിചയക്കാര്.’’
‘‘അച്ചായൻ വേറെ വല്ലതും സംസാരിച്ചാട്ടെ.’’ തോമസ് മുഖം വെട്ടിച്ചു.
‘‘കണ്ടോ. ഒള്ളതു പറഞ്ഞപ്പോ അവന് കലി. ഞാൻ നിർത്തിയേക്കാം...,’’പോത്തൻ ജോഷ്വാ മൂക്കിലെ രോമവുമായുള്ള യുദ്ധം ഉപേക്ഷിച്ച് അന്നയ്ക്കൊരു കളി നുള്ളുകൊടുത്തു, ‘‘മോളെ അപ്പാപ്പനെ അറീമോടീ?’’
സംഭാഷണം ദിശതിരിഞ്ഞതിൽ ആശ്വസിച്ച് തെരേസ, ശോശയുടെ ചുമലിൽ കൈവച്ചു.
‘‘ഉച്ചയ്ക്കെന്നതാടീ കറി? എന്നതായാലും അച്ചായനൊള്ളത് ഉപ്പും എരിവുമില്ലാതെടുക്കണം കേട്ടോ... പ്രഷറു കൂടുതലാ.’’
കർത്താവേന്നു മനസ്സിൽ വിളിച്ച് ശോശ അടുക്കളയിലേക്കോടി. കോഴിക്കറി ഉപ്പും എരിവുമില്ലാതെ കുറച്ചു മാറ്റിവയ്ക്കണേ എന്നു രഹസ്യമായി റബേക്കയെ വിളിച്ചുപറഞ്ഞു ഫോൺ വച്ചതിനു പിന്നാലെ തെരേസ അടുക്കളയിലെത്തി.
‘‘അച്ചായൻ പറേന്നതു നേരാ മോളേ. ആ വക്കീലുമായിട്ട് റബേക്കയ്ക്ക് എന്തൊക്കെയോ ഇടപാടുണ്ട്. തോമസ് ഒരു പാവമാ. ബിസിനസുകാരാവുമ്പോ പണമിടപാടൊന്നും പാടില്ലെന്നു പറയാൻ പറ്റില്ല. പക്ഷേ, സൂക്ഷിച്ചോണം.’’
‘‘പ്ഫോ കോഴീ... നശിച്ച കൂട്ടം...’’
തന്റെ ഉപദേശത്തിനെതിരെ ശോശ, കറിവേപ്പിനു താഴെ കൊത്തിപ്പെറുക്കുന്ന കോഴിക്കൂട്ടത്തെ ആവശ്യത്തിലേറെ ഉച്ചത്തിൽ ആട്ടിയോടിച്ചത് തെരേസയെ അസ്വസ്ഥയാക്കി.
‘‘നിനക്കിഷ്ടപ്പെടത്തില്ലാരിക്കും, എന്നാലും അറിഞ്ഞൊരു കാര്യം പറയാതിരിക്കാൻ വയ്യ...’’
തെരേസ, ശോശയെ പിടിച്ചു തിരിച്ചുനിർത്തി.
‘‘അവളെന്താ പെറാത്തതെന്നാ കരുതുന്നേ? മച്ചിയായിട്ടാണെന്നാണോ വിചാരം? മൂന്നുതവണ ഗർഭം അലസിപ്പിച്ചെന്നാ അച്ചായൻ അറിഞ്ഞേ...’’
അയ്യേ... എന്ന് ശോശ ചുമൽ കുടഞ്ഞു. വയസ്സുകാലത്ത് ഇതും തിരക്കിനടക്കാൻ കിളവനു വേറെ പണിയൊന്നുമില്ലേ എന്നു ചോദിക്കാൻ അവളുടെ നാക്കു കുരുകുരുത്തു. തെരേസയിൽനിന്നു രക്ഷപ്പെടാൻ വേണ്ടി ശോശ കറിവേപ്പില നുള്ളാനും കാന്താരി പറിക്കാനും പലവട്ടം തൊടിയിലേക്കോടി. പൂമുഖത്തെ സംഭാഷണത്തിൽ തനിക്കു രുചിക്കുന്ന ഒന്നുമില്ലെന്നു കണ്ട് തോമസിന്റെ മടിയിൽനിന്നു നിരങ്ങിയിറങ്ങിയ അന്ന ചാമ്പച്ചോട്ടിൽ കളിക്കാൻ ശോശയെ നിർബന്ധിച്ചതു ഭാഗ്യമായി. ‘മമ്മിക്ക് അടുക്കളയിൽ ജോലിയുണ്ടുമോളേ... പിന്നാട്ടേ’ എന്നു സമാധാനിപ്പിച്ചപ്പോൾ ചുണ്ടുപിളർത്താൻ തുടങ്ങിയ അന്നയെ വാരിയെടുത്ത്, ‘അമ്മാമ്മ വരാമല്ലോ കളിക്കാൻ’ എന്നു പറഞ്ഞ് തെരേസ പോയപ്പോൾ ശോശ കുരിശുവരച്ചു. കളിച്ചുവിയർത്ത അന്നയ്ക്ക് കുളിക്കാൻ തെരേസ കൂട്ടുപോയ നേരത്താണ് പെണ്ണമ്മ കോഴിക്കറിയുമായി വന്നത്.
‘‘ഇത് മൂപ്പീന്നിനൊള്ള സ്പെഷൽ... ഉപ്പും എരീം ഇല്ലാത്തത്.’’
തോർത്തിൽ പൊതിഞ്ഞുകൊണ്ടുവന്ന വലിയ പാത്രം താഴെ വച്ച് പെണ്ണമ്മ, ചെറിയ വട്ടപ്പാത്രം ശോശയെ ഏൽപ്പിച്ചു.
‘‘ഇതിലെ ചാറുപോലും മറ്റുള്ളോര് തൊട്ടേക്കരുതെന്നാ കൽപന...,’’ പെണ്ണമ്മ ചിരിച്ചു, ‘‘എന്താന്നറിയാമോ? കൊച്ചമ്മ തന്നെയാ ഇന്നു കറിവച്ചത്. ഉപ്പും എരീമില്ലാത്ത ഇതു നാക്കേൽവച്ചാൽ കൊച്ചമ്മടെ കൈപ്പുണ്യത്തെ എല്ലാരും ചീത്തവിളിക്കത്തില്ലായോ?’’
‘‘പേടിക്കണ്ട. ഇത് അതേപടി അച്ചായനു വിളമ്പിക്കോളാം. നീ പൊയ്ക്കോ.’’
‘‘വിളമ്പാൻ സഹായിച്ചിട്ടേ ചെല്ലാവൂന്നാ പറഞ്ഞേ.’’
‘‘അയ്യോ വേണ്ട. നിന്നെ ഇവിടെക്കണ്ടാ ഇനി അതുമതി തെരേസാമ്മയ്ക്ക് കഥയൊണ്ടാക്കാൻ... വേഗം പൊയ്ക്കോ... കാണണ്ട.’’ ശോശ തിരക്കിട്ടു.
‘‘എന്നാ എല്ലാരും കഴിച്ചു കഴീമ്പഴേക്കും ഞാൻ വരാം. എച്ചിൽ പാത്രമെല്ലാം അതുപോലെയിട്ടേച്ചാമതി. ഞാൻ കഴുകിക്കോളാം. കൊച്ചമ്മ പ്രത്യേകം പറഞ്ഞിട്ടൊണ്ട്.’’
പെണ്ണമ്മ കറിവേപ്പിലയുടെ ഒരു കതിർ നുള്ളി വായിലിട്ടു ചവച്ച് തിടുക്കത്തിൽ കപ്പത്തൊടിയിൽ മറഞ്ഞു.
‘‘നിനക്കിത്രേം കൈപ്പുണ്യമൊണ്ടാരുന്നോടീ കൊച്ചേ... എന്നാ രുചിയാ കോഴിക്കറിക്ക്...’’ ഭക്ഷണമേശയിൽ പോത്തൻ ജോഷ്വ സംപ്രീതനായി. തോമസിനെ നോക്കി ശോശ കള്ളക്കണ്ണടച്ചു ചിരിച്ചു. വച്ചൊണ്ടാക്കിയത് ശത്രുവാണെന്നറിഞ്ഞാൽ മൂപ്പീന്നിന്റെ അഭിപ്രായം മാറുമായിരിക്കുമോ എന്ന് ശോശ മനസിൽ കുസൃതിയോർത്തു. ഉച്ചയൂണു കഴിഞ്ഞപ്പോൾ പോത്തൻ ജോഷ്വയ്ക്ക് കിടക്കണം. തെരേസ സമ്മതിച്ചില്ല. ‘വിളിക്കാനൊള്ളവരെ വിളിച്ചുതീർത്തിട്ട് വീട്ടിൽ വന്നു കിടന്നൊറങ്ങിയാമതി’ എന്നു നിർബന്ധം പിടിച്ച് അയാളെയും കൂട്ടി അവർ ഇറങ്ങി. കാറിൽ കയറുന്നതിനുമുൻപും പോത്തൻ ജോഷ്വ, പത്തേക്കറിലെ തൊടിയിലേക്കു നോക്കി പല്ലിറുമ്മി. എന്തോ പറയാൻ വന്നത് പെട്ടെന്നൊരാലോചനയിൽ വിഴുങ്ങി.
റബർതോട്ടത്തിനു നടുവിലൂടെയുള്ള വളഞ്ഞ വഴി ചുറ്റി നിരത്തിലിറങ്ങി പത്തേക്കറിലെ പടിക്കലെത്തിയപ്പോൾ, വണ്ടിക്കു വേഗം കൂടി. അപ്പോളതാ മഞ്ഞമുളകർക്കു കീഴിൽ റബേക്ക. പോത്തൻ ജോഷ്വ തല വെട്ടിച്ചു.
‘‘മാമ്മോദീസാ വിളി എല്ലാടത്തുമില്ലിയോ അമ്മാമ്മേ...’’
കാറിനു കുറുകേ കയറിനിന്ന റബേക്ക, ചളിപ്പു മായ്ക്കാൻ നിറംകെട്ടൊരു ചിരിയെ കൂട്ടുപിടിച്ച തെരേസയെ നോക്കി ചോദിച്ചു. കാറിന്റെ വേഗം നിലച്ചു.
‘‘അങ്ങനെ വല്യ ചടങ്ങൊന്നുമല്ല കൊച്ചേ... അതുകൊണ്ടാ.’’
‘‘എന്നാലും കേറിയേച്ചു പോ....’’
റബേക്ക നിർബന്ധിച്ചു. വേണ്ടെന്ന് മുൻസീറ്റിലിരുന്ന് പോത്തൻ ജോഷ്വ തല വെട്ടിച്ചു.
‘എന്നോടെന്തിനാ അച്ചായാ ഇത്ര ദേഷ്യം’ എന്നു ചോദിച്ച് റബേക്ക കാറിന്റെ വാതിൽ തുറന്നപ്പോൾ അയാൾ ബലമായി വലിച്ചടച്ചു.
‘‘പോയിട്ട് തിരക്കുണ്ട്.’’
പോത്തൻ ജോഷ്വ പിറുപിറുത്തു.
‘‘നേരാ മോളേ... ഇനി വരുമ്പോൾ കേറാം.’’ തെരേസാമ്മ പറഞ്ഞു.
‘‘നാളത്തേക്കു മാറ്റിവച്ചാ നടക്കുമെന്ന് എന്താ ഒറപ്പ്? മനുഷ്യന്റെ കാര്യമല്ല്യോ അമ്മാമ്മേ....’’ റബേക്ക വായപൊത്തിച്ചിരിച്ചു.
‘‘തരവഴിത്തരം പറയാതെ പോടീ...’’
പോത്തൻ ജോഷ്വ കയർത്തു. വണ്ടി നീങ്ങി. കുറെ ദൂരെച്ചെന്നു തെരേസ തിരിഞ്ഞുനോക്കുമ്പോൾ റബേക്ക മുളഞ്ചോട്ടിൽ നിന്നു കൈവീശുന്നുണ്ടായിരുന്നു.
രണ്ടുനാൾ കഴിഞ്ഞ് ബത്‌ലഹേമിലെ ചാമ്പച്ചോട്ടിൽ അന്നയുടെ കുറുമ്പുകൾക്ക് കൂട്ടിരുന്ന റബേക്കയുടെയും ശോശയുടെയും നടുവിലേക്ക് തോമസ് ഓടിയെത്തി.
‘‘ജോഷ്വാച്ചായൻ മരിച്ചു. നെഞ്ചുവേദനയായിരുന്നു. വേഗം ഒരുങ്ങ്...’’ വെള്ളക്കുപ്പായത്തിൽ ചാലിട്ട വിയർപ്പ് തൂവാലകൊണ്ടു തുടയ്ക്കുന്നതിനിടെ അയാൾ തിടുക്കം കൂട്ടി, ‘‘ഇവിടുന്നു ചെന്നപ്പോമുതൽ കിടപ്പാരുന്നെന്ന്. യാത്രേടെ ക്ഷീണമാന്നു വിചാരിച്ചു, എല്ലാരും. ’’
‘‘മനുഷ്യന്റെ കാര്യം ഇങ്ങനൊക്കെയാ....,’’ റബേക്ക എഴുന്നേറ്റു, ‘‘ഞാനൂടെ വന്നോട്ടെ? എനിക്കൊന്നു കാണണം...’’
അവൾ മുടി മാടിക്കെട്ടി. താനിപ്പോഴും മുളഞ്ചോട്ടിൽനിന്നു കൈവീശി പോത്തൻജോഷ്വയ്ക്ക് യാത്ര പറയുകയാണെന്ന് അവൾക്കു തോന്നി.
(തുടരും...)
English Summary: Rabecca E- novel written by Rajeev Sivshankar