ലജ്ജാഗൗരി; അതിപ്രാചീനയായ അമ്മദൈവം, കുട്ടികളില്ലാത്തവര്‍ സന്താനഭാഗ്യത്തിന് ദേവിയുടെ അനുഗ്രഹം തേടുന്നു
ഉര്‍വരതയുടെ ദേവതയാണ് ലജ്ജാഗൗരി. അതിപ്രാചീനയായ അമ്മദൈവം. വേദങ്ങള്‍ക്ക് മുമ്പേയുള്ളവള്‍. പ്രസവിക്കാന്‍ ഒരുങ്ങുന്ന നിലയിലാണ് കാണാറ്. കുട്ടികളില്ലാത്തവര്‍ സന്താനഭാഗ്യത്തിന് ദേവിയുടെ അനുഗ്രഹം തേടുന്നു.
ഉര്‍വരതയുടെ ദേവതയാണ് ലജ്ജാഗൗരി. അതിപ്രാചീനയായ അമ്മദൈവം. വേദങ്ങള്‍ക്ക് മുമ്പേയുള്ളവള്‍. പ്രസവിക്കാന്‍ ഒരുങ്ങുന്ന നിലയിലാണ് കാണാറ്. കുട്ടികളില്ലാത്തവര്‍ സന്താനഭാഗ്യത്തിന് ദേവിയുടെ അനുഗ്രഹം തേടുന്നു.
ഉര്‍വരതയുടെ ദേവതയാണ് ലജ്ജാഗൗരി. അതിപ്രാചീനയായ അമ്മദൈവം. വേദങ്ങള്‍ക്ക് മുമ്പേയുള്ളവള്‍. പ്രസവിക്കാന്‍ ഒരുങ്ങുന്ന നിലയിലാണ് കാണാറ്. കുട്ടികളില്ലാത്തവര്‍ സന്താനഭാഗ്യത്തിന് ദേവിയുടെ അനുഗ്രഹം തേടുന്നു.
ട്രയിന്‍ കാമാഖ്യ ജംഗ്ഷന്‍ സ്റ്റേഷനിലേക്ക് പ്രവേശിച്ചു. ഉച്ചവെയിലില്‍ പഴുത്ത പാളങ്ങളില്‍ ഇരുമ്പുചക്രങ്ങള്‍ ഉരഞ്ഞുപൊന്തുന്ന ലോഹഗന്ധം. ഒരു ദിവസം നീണ്ടയാത്രയുടെ ക്ഷീണം പ്ലാറ്റ്ഫോമിനു പുറത്തേയ്ക്കിറങ്ങുമ്പോള്‍ അരവിന്ദിന് അനുഭപ്പെട്ടില്ല, പകരം പുതിയൊരു ഉന്മേഷം.
‘മാ കാമാഖ്യ’ ഹോട്ടലില്‍ മുറിയെടുത്തു. ബിശ്വാസ് ബറുവ നാലുമണിയാകുമ്പോള്‍ വരാമെന്ന് ഏറ്റിട്ടുണ്ട്. വെറുതേ കിടന്നു. ഹോട്ടല്‍ മുറിയുടെ ജനലിലൂടെ നീലാചല പര്‍വതം ഉച്ചവെയിലില്‍ തെളിഞ്ഞുകാണാം. നീലാചലത്തിനു മുകളിലാണ് കാമാഖ്യ ക്ഷേത്രം. അമ്പത്തൊന്ന് ശക്തിപീഠങ്ങളിലൊന്ന് !
ആത്മാഹൂതി ചെയ്ത സതീദേവിയുടെ മൃതശരീരവും വഹിച്ച് ഭാരതഭൂമിയിൽ എമ്പാടും അലഞ്ഞ ശിവന്റെ ക്രോധാഗ്നിയില്‍ ലോകം നശിക്കുമെന്നായപ്പോൾ മഹാവിഷ്ണു സുദര്‍ശനചക്രംകൊണ്ട് ദേവിയുടെ മൃതശരീരം പലതായി ചിതറിച്ചു. അമ്പത്തൊന്ന് കഷണങ്ങളായി ഭൂമിയില്‍ വീണ ആ ശരീരത്തിന്റെ യോനീഭാഗം പതിച്ച പര്‍വതം നീലനിറമാണ്ട് ‘നീലാചല’മായി. ‘കാമാഖ്യ’ എറ്റവും പ്രധാനപ്പെട്ട ശക്തിപീഠമായി മാറി. ദേവശില്‍പിയായ വിശ്വകര്‍മാവിനെക്കൊണ്ട് കാമദേവന്‍ അവിടെയൊരു ക്ഷേത്രം പണിയിച്ചു. കാമന്‍ പണികഴിപ്പിച്ചതിനാല്‍ അവിടം ‘കാമരൂപ’മെന്നും അറിയപ്പെട്ടു. ‘കാമരൂപം’ അസമിന്റെ സംസ്കാരിക മുദ്രയായി.
കാമാഖ്യയുടെ കിഴക്ക് ഭാഗത്ത് ഗുവാഹത്തി നഗരം. മഹാനദി ബ്രഹ്മപുത്ര വടക്കുവശം ചേര്‍ന്നൊഴുകുന്നു.
എല്ലാവര്‍ഷവും ജൂണ്‍ മാസത്തില്‍ മണ്‍സൂണ്‍ മഴക്കാലത്ത് കാമാഖ്യയില്‍ ‘അംബുവാചി’ മേള നടക്കും. അംബു എന്നാല്‍ ജലം, വാചി എന്നാല്‍ പറയപ്പെട്ടത്. ‘ജലത്താല്‍ അറിയിക്കപ്പെട്ടത്’ എന്നര്‍ഥം. ആഷാഢമാസത്തിലെ ഏഴാം നാളില്‍ മൂന്നു ദിവസം ക്ഷേത്രനട അടച്ചിടും. ദേവി ഋതുമതിയാകുന്ന ആ ദിവസങ്ങളില്‍ മണ്‍സൂണ്‍ മഴയില്‍ കരകവിയുന്ന ബ്രഹ്മപുത്ര ആർത്തവ ചുവപ്പോടെ ഒഴുകും. ക്ഷേത്രം അടഞ്ഞുകിടക്കുന്ന മൂന്നുദിനങ്ങളില്‍ ഉപാസകര്‍ വേവിച്ച ഭക്ഷണം ഒഴിവാക്കും. നിലം ഉഴുക, കിളയ്ക്കുക, വിത്തുവിതയ്ക്കുക തുടങ്ങിയ കൃഷിപ്പണികളും നിഷിദ്ധം. നാലാമത്തെ ദിവസം നട തുറക്കുമ്പോൾ താന്ത്രികരും യോഗികളും ഉപാസകരും ഗ്രഹസ്ഥാശ്രമികളായ ഭക്തരും കൂട്ടമായി മേളയില്‍ പങ്കുചേരുന്നു. കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ആള്‍ക്കുട്ടത്തിനാണ് ഈ ദിവസങ്ങളില്‍ കാമാഖ്യ സാക്ഷിയാവുന്നത്.
കാമാഖ്യാ മാഹാത്മ്യത്തില്‍ മുഴുകിയിരുന്ന അരവിന്ദ് ബിശ്വാസ് ബറുവ വന്നുകയറിയത് അറിഞ്ഞില്ല. ബിശ്വാസ് തടിച്ചിരിക്കുന്നു. ‘അരവിന്ദ , അരവിന്ദ്’ എന്നുവിളിച്ച് തൊട്ടതിനും പിടിച്ചതിനുമൊക്കെ സംശയിച്ച്, ആകുലമായ മുഖവുമായി ഒാര്‍മയിലുള്ള ബിശ്വാസ് അല്ല. പെരുമാറ്റത്തില്‍ പക്വത. അരവിന്ദ് എന്ന വിളി ‘അരവിന്ദ്ജീ’ എന്നായിരിക്കുന്നു. രാഖിയുടെ അപമൃത്യു ബിശ്വാസ് അറിഞ്ഞിരുന്നു. അതിനു കാരണമായ സംഗതികളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ ഇരുവരും ബോധപൂര്‍വം ശ്രമിച്ചു.
‘‘എല്ലാമൊന്നു മറക്കാന്‍ തീര്‍ഥാടനത്തിന് ഇറങ്ങിയതാണ്, അവിടങ്ങളില്‍ കണ്ടുമുട്ടുന്ന യോഗികളും മിസ്റ്റിക്കുകളും ആശ്വാസം നല്‍കുന്നു”- ബിശ്വാസിനോട് അത്രയും പറഞ്ഞു.
വെയില്‍താണ്, ബിശ്വാസിന്റെ കാര്‍ അരവിന്ദിനെയുംകൊണ്ട് നീലാചലം കയറി. മേയ് മാസം തുടങ്ങിയതല്ലേയുള്ളൂ അതാണ് വഴിയില്‍ തിരക്കുകുറവ് ബിശ്വാസ് അരവിന്ദിന് വിശദീകരിച്ചുകൊടുത്തു. ‘‘അടുത്തമാസം സ്ഥിതിമാറും. തീര്‍ഥാടകരെക്കൊണ്ട് മലയിലേക്കുള്ള റോഡ് നിറയും, ഇപ്പോള്‍ വന്നത് നന്നായി കാഴ്ചകള്‍ കാണാമല്ലോ!’’ താഴെക്കൂടി ഒഴുകുന്ന ബ്രഹ്മപുത്രയും ഗുവാഹട്ടി നഗരവും ഐഐടി കാംപസും ചൂണ്ടിക്കാട്ടിക്കൊണ്ടു ബിശ്വാസ് പറഞ്ഞു.
അഞ്ചുമിനിറ്റുകൊണ്ട് മുകളിലെത്തി. കാറൊതുക്കി ബിശ്വാസ് വഴികാട്ടിയായി മുന്നില്‍ നടന്നു. നെറ്റിയില്‍ ചുവപ്പ് ചാന്ത് തേച്ചുവിട്ട ആടുകള്‍ അവരെ ഉരുമ്മി കടന്നുപോയി. പട്ടുവസ്ത്രങ്ങളും നെയ്‍നിറച്ച ചെരാതും ചരടും ചന്ദനത്തിരിയും വില്‍ക്കുന്ന കടകള്‍ പിന്നിട്ട് ഇരുവരും ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചു.
തിരക്ക് കുറവാണെങ്കിലും, ക്യൂവിലെ കാത്തുനില്‍പ്പ് ഒഴിവാക്കി വേഗത്തില്‍ ദര്‍ശനം നടത്താനുള്ള ടിക്കറ്റ് വാങ്ങാന്‍ ബിശ്വാസ് പോയിരിക്കുന്നു. അരവിന്ദ് ക്ഷേത്രക്കുളത്തിലേക്കുള്ള പടികളിറങ്ങി. കുങ്കുമം കലര്‍ന്ന് ചുവന്ന ജലം നിറഞ്ഞ കുളത്തിന്റെ പടവുകളില്‍ ആമകള്‍ കൂട്ടമായി അന്തിവെയിലേറ്റ് കിടക്കുന്നു. കാല്‍കഴുകി തിരിച്ചു കയറുമ്പോള്‍ കറുത്ത ഒറ്റവസ്ത്രമുടുത്ത ഒരാള്‍ അരവിന്ദിനെ സൂക്ഷിച്ചു നോക്കി നില്‍ക്കുന്നു. മധ്യവയസ് തോന്നിക്കും. ചെരുപ്പില്ല. അരയില്‍ ചെറിയ മണികള്‍ ചരടില്‍ക്കോര്‍ത്ത് തൂക്കിയിട്ടുണ്ട്. വലതുകയ്യില്‍ ഒരു ദണ്ഡ്. കഴുത്തില്‍ വെള്ളിയില്‍ പണിത നാഗഭൂഷണം. ഇരുണ്ട ശരീരത്തില്‍ തുറിച്ചു നില്‍ക്കുന്ന പേശി വടിവ്. രക്തച്ചുവപ്പ് കലങ്ങിയ കണ്ണുകളില്‍ മറുലോകങ്ങളുടെ നിഴല്‍. നെറ്റിയില്‍ ചന്ദ്രക്കലക്കുറി, അതിമുകളില്‍ ഒരു നക്ഷത്രം അടയാളമിട്ടിരിക്കുന്നു. ഒരേസമയം ഭയവും അഭയവും ജനിപ്പിക്കുന്ന രൂപം !
വാരണാസില്‍ വച്ച് തന്നോട് കാമാഖ്യലേക്ക് പോകാന്‍ ആവശ്യപ്പെട്ട അഘോരിബാബയെപ്പോലെ കറുത്ത വസ്ത്രധാരിയും എന്തെങ്കിലും സൂചനതരും എന്നു പ്രതീക്ഷിച്ച് അരവിന്ദ് നിന്നു. ഒന്നുമുണ്ടായില്ല, അയാള്‍ അരവിന്ദിനെ കടന്നു പോയി.
‘‘അരവിന്ദ് ജീ വരൂ വരൂ..”- കൈയ്യില്‍ ടിക്കറ്റുകളുമായി ബിശ്വാസ് വിളിച്ചു.
തേനീച്ചക്കൂടുപോലെയുള്ള ക്ഷേത്രത്തിന്റെ മുകള്‍ഭാഗത്ത് പ്രാവുകള്‍ കുറുകുന്നു. ചിലത് ഭക്തര്‍ നിലത്ത് വിതറിയ അരിണികള്‍ കൊത്തിപ്പെറുക്കി. കൈനോട്ടക്കാരി കുട്ടി വരച്ചിട്ട ദൃശ്യം ഇതാണല്ലോയെന്ന് വിസ്മയത്തോടെ ഓർത്തു. പ്രദക്ഷിണ വീഥിയില്‍ ഒന്‍പത് വയസിനോട് അടുത്ത് പ്രായംവരുന്ന മൂന്നു പെണ്‍കുട്ടികള്‍ ഒാടിക്കളിക്കുന്നു. നോർത്ത് ഈസ്റ്റ്കാരനല്ല എന്ന് ഒറ്റനോട്ടത്തില്‍ മനസിലാകുന്ന അരവിന്ദിനെ കണ്ട് പെണ്‍കുട്ടികള്‍ കളിനിര്‍ത്തി അടുത്തുവന്ന് കൗതുകത്തോടെ നോക്കി. അവൻ അവരെ നോക്കി ചിരിച്ചു. അരവിന്ദിന് തിരികെ ചിരികൾ സമ്മാനിച്ച് തമ്മില്‍ പൊട്ടിച്ചിരിയുമായി കുട്ടികള്‍ പിന്തിരിഞ്ഞോടി കേളി തുടര്‍ന്നു.
ക്ഷേത്രച്ചുവരില്‍, കുങ്കുമത്തില്‍ ചുവന്ന ഗണപതി വിഗ്രഹം. ഗര്‍ഭഗൃഹത്തിലേക്ക് ഇറങ്ങി. കാമാഖ്യയില്‍ ദേവിക്ക് വിഗ്രഹമില്ല ! കറുത്ത രണ്ട് കരിങ്കള്‍പാളികള്‍ യോനീ രൂപത്തില്‍ ചേരുന്ന വിടവ്. അതിലൂടെ ഒലിച്ചിറങ്ങുന്ന ജലം ആളുകള്‍ ഭക്തിയോടെ കൈയിലെടുത്ത് ശിരസില്‍ തളിക്കുന്നു.
‘‘ദേവീ... കാമാഖ്യേ.. പലര്‍ പലവിധത്തില്‍ തന്ന സൂചനകളെ പിന്തുടര്‍ന്ന് ഈ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തുനിന്ന് കാതങ്ങള്‍ താണ്ടി ഞാനിവിടെ എത്തിയിരിക്കുന്നു. എന്താണിനി ചെയ്യേണ്ടതെന്ന് അറിഞ്ഞുകൂടാ ?
കാളികേ, മഹാത്രിപുരസുന്ദരീ എന്നെ നയിച്ചാലും..’’ -തൊഴുത് പ്രാര്‍ഥിച്ചു.
തിരിച്ചുള്ള പോക്കില്‍, താഴ്‍വാരത്തെ കാളിപുര്‍ ബസ് സ്റ്റോപ്പിന് അടുത്തിനിന്ന് കാമാഖ്യയിലേക്കുള്ള നടവഴി ബിശ്വാസ് അരവിന്ദിന് കാണിച്ചു കൊടുത്തു. ബിശ്വാസിന് നാളെ കൊല്‍ക്കൊത്തയ്ക്ക് പോകണം. കയറ്റുമതി ചെയ്യുന്ന തേയില കീടനാശിനി മുക്തമാണണെന്ന് ലാബില്‍ ടെസ്റ്റ്ചെയ്ത് റിസല്‍ട്ട് യൂറോപ്പിലുള്ള ഇടപാടുകാർക്ക് അയച്ചുകൊടുക്കേണ്ടതുണ്ട്. ഏതിന് എത്ര ദിവസമെടുക്കമെന്ന് അറിയില്ല. സര്‍ട്ടിഫിക്കറ്റ് സമയത്തിന് കൊടുത്തില്ലെങ്കില്‍ തേയില നിറച്ച കാര്‍ഗോ തുറമുഖത്ത് കെട്ടിക്കിടന്ന് നശിക്കും.
‘‘സാരമില്ല കൊല്‍ക്കത്തിയിലെ പ്രോസസ് എല്ലാം തീര്‍ത്തിട്ട് വരൂ..’’ അരവിന്ദ് ബിശ്വാസിനെ സമാധാനിപ്പിച്ചു.
പോകുന്നതിന് മുമ്പ് ബിശ്വാസ് അരവിന്ദിന് ഒരു വിവരം കൈമാറി. കാളിപുരത്ത് നിന്ന് നീലാചലത്തിലേക്കുള്ള നടവഴിയില്‍ കാമാഖ്യ ക്ഷേത്രം എത്തുന്നതിന് രണ്ട് കിലോമീറ്റര്‍ മുമ്പ് ഇടതുവശത്തേക്ക് ഒരു ഒറ്റയടിപ്പാതയുണ്ട്. അതിലേ കുറേദൂരം കാട്ടിലൂടെ നടന്നാല്‍ രണ്ടു മുറിയുള്ള ഒരു ചെറിയ കെട്ടിടം കാണം. ‘‘മായി’’ എന്നു വിളിക്കുന്ന ഒരു ഭൈരവി അവിടെ പാര്‍ക്കുന്നുണ്ടെന്നാണ് വിശ്വാസം.
‘‘മുത്തച്ഛന്റെ കാലം മുതല്‍ക്കേ ഞങ്ങളുടെ കുടുംബം അവരുടെ വിശ്വസികളാണ്. മായിയെ ഞാനിതുവരെ കണ്ടിട്ടില്ല. ഞാനെന്നല്ല, എനിക്ക് പരിചയമുള്ള ആരും അവരെ കണ്ടിട്ടില്ല. മുത്തച്ഛന്‍ കണ്ടിട്ടുണ്ടെന്ന് അച്ഛന്‍ പറയുന്നു. എല്ലാ വെള്ളിയാഴ്ചയും അരിയും ദാലും ശര്‍ക്കരയും നെയ്യും അടഞ്ഞ വാതിലുനു മുന്നില്‍ സമര്‍പ്പിച്ചുപോരും. വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും പുകയിലയും അടങ്ങിയ പൊതിയും വയ്ക്കും. അടുത്ത വെള്ളിയാഴ്ച ചെല്ലുമ്പോള്‍ പാത്രങ്ങള്‍ ഒഴിഞ്ഞിരിക്കുന്നത് കാണാം. നല്ല വൃത്തിയായി കഴുകിയിയിട്ടുമുണ്ടാകും. വെളുത്തവാവിന്‍ നാള്‍ പശുവിന്‍ പാലും പഞ്ചസാരയുമായി ഞാനാണ് പോകാറ് പതിവ്. കറുത്തവാവിന് നാടന്‍ ചാരായവും കരിക്കും ഗ്രാമക്കാരില്‍ ചിലര്‍ സമര്‍പ്പിക്കാറുണ്ടെന്നും പറയുന്നു.”
‘‘അരവിന്ദ് ജി ഒന്നു പോയി നോക്കൂ... രാവിലെ പോകണം. വൈകുന്നേരം താന്ത്രികരും അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഭ്രാന്തന്മാരുടെയുമൊക്കെ ചെല്ലുന്ന സമയമാണ്. വേറാരും ആ സമയത്ത് അവിടെ പോകാറില്ല. ചെന്നവര്‍ക്ക് ആപത്ത് പിണഞ്ഞിട്ടുമുണ്ട്.”
ബിശ്വാസ് അരവിന്ദിനെ ഹോട്ടലിനു മുമ്പിലിറക്കി. തന്റെ നാട്ടിലേക്ക് അഗതിയായി വന്നവനെ തനിച്ചാക്കി പോകാന്‍ ബിശ്വാസിന് വിഷമമുണ്ടായിരുന്നു. പോകാതിരിക്കാന്‍ ആവില്ല.
******** ********* ***********
പിറ്റേന്ന് വൈകുന്നേരംവരെ ബോധംകെട്ടപോലെ അരവിന്ദ് ഹോട്ടലില്‍ കിടന്നുറങ്ങി. ഉറക്കത്തില്‍ രാഖിവന്നു. ചുവന്ന പട്ടുടുത്ത്. കഴുത്തില്‍ ചെമ്പരത്തിപ്പൂമാല. മുടി അഴിച്ചിട്ടിരുന്നു. സ്വപ്നത്തിലും ജീവിതത്തിലും അവളെ മുമ്പങ്ങനെ കണ്ടിട്ടില്ല !
കിടക്കയില്‍നിന്ന് എണീറ്റപ്പോള്‍ മനസില്‍ ഉറപ്പിച്ചു. ‘‘മായിയെ കാണാന്‍ പോകുന്നു. ഇനി എന്തുചെയ്യണമെന്ന സൂചന അവിടെനിന്ന് കിട്ടും. മായിയെ കണ്ടിട്ട് തിരിച്ച് മലയിറങ്ങുന്നില്ല. മുകളിലേക്ക് പോകാം. ക്ഷേത്രത്തിനു സമീപവും ലോഡ്ജുകള്‍ കണ്ടിരുന്നു. മുറികിട്ടിയില്ലെങ്കിലും സാരമില്ല. എവിടെയെങ്കിലും കിടക്കാം. ഉറ്റവര്‍ വിട്ടുപോയി അനാഥനായ എനിക്ക് ഗൃഹസ്ഥാശ്രമികളുടെ സൗകര്യങ്ങളൊന്നും ഇനി ആവശ്യമില്ല. വൈകുന്നേരം മായിയെക്കാണാന്‍ ചെല്ലരുതെന്ന വിലക്കും ബാധകമല്ല’’.
ബാഗ് എടുത്തു. ബാഗില്‍ രണ്ടുജോടി ഷര്‍ട്ട്, ഒരു കാവിമുണ്ട്, വെള്ളത്തോര്‍ത്ത്, എടിഎം കാര്‍ഡ്, പഴ‍്സ്. ഒരു പെന്‍ടോര്‍ച്ചും. വെള്ള ഷര്‍ട്ടിട്ട് ബാഗുമെടുത്ത് ഇറങ്ങി. റൂം വെക്കേറ്റ് ചെയ്തു.
ഉറച്ച കാല്‍വയ്പുകളുമായി കാളിപുരം പിന്നിട്ടു. വഴിവിളക്കുകളുടെ വെട്ടം കുറഞ്ഞുവരുന്നു. കയ്യില്‍ ടോര്‍ച്ചുണ്ട്. ആകാശത്തേക്ക് നോക്കി ചെറിയ മൂടലുണ്ടെങ്കിലും പൂര്‍ണചന്ദ്രന്‍. കല്‍പ്പടവുകളില്‍ നിലാവ് പതുങ്ങുന്നു. തിരിച്ചറിയാനാകാത്ത കിളിയൊച്ചകള്‍. വന്യമൃഗങ്ങളുടെ അട്ടഹാസം ചുറ്റിലും. പൊടുന്നനെ കുറേനേരത്തേക്ക് അവ നിശബ്ദരാകും. ആ നിശബ്ദത സഹിക്കാനാവാതെ അരവിന്ദ് ചെവികള്‍ പൊത്തി.
ബിശ്വാസ് പറഞ്ഞ സ്ഥലം എത്താറായി. നായകള്‍ കുരയ്ക്കുന്നതു കേട്ടാണ് മുകളിലെലേക്ക് നോക്കിയത്. ക്ഷേത്രത്തിലെ കുളപ്പടവില്‍ വച്ചുകണ്ട കറുത്ത വസ്ത്രധാരി വലം കയ്യില്‍ കത്തുന്ന പന്തവുമായി അരവിന്ദ് പടികള്‍ കയറിവരുന്നത് നോക്കി നില്‍ക്കുന്നു. അഞ്ച് നായകള്‍ അയാള്‍ക്ക് ചുറ്റിനും അകമ്പടിക്ക്.
പേടിച്ചില്ല.
“ഭൈരവന്‍!’’ - അരവിന്ദ് മനസില്‍ പറഞ്ഞു.
ഭൈരവന്റെ കഴുത്തിലെ വെള്ളിപ്പാമ്പ് അടരുന്ന തീപ്പൊരി വെട്ടത്തില്‍ ഫണം വിടര്‍ത്തി. അരവിന്ദ് ഒപ്പമെത്തിയപ്പോള്‍ അയാൾ ഇടത്തോട്ടുള്ള ഒറ്റയടിപ്പാതയിലൂടെ കാട്ടിലേക്ക് ഇറങ്ങി നടന്നു. അരവിന്ദ് പിന്നാലെ ചെന്നു. എണ്ണവറ്റിയ പന്തത്തിന് വെളിച്ചം കുറവ്. എങ്കിലും നടക്കാന്‍ ബുദ്ധിമുട്ട് തോന്നിയില്ല. മുന്നില്‍ പോകുന്ന ഭൈരവന്റെ അരമണി കിലുക്കത്തിന്റെ താളത്തിനൊപ്പിച്ച് ചുവടുകള്‍ ശ്രദ്ധയോടെ വച്ചു.
******** ********** *********
ഭൈരവൻ ചാവടിപോലെയുള്ള വീടിന്റെ മൂലയിൽ കൂട്ടിയിട്ടിരുന്ന ചെറിയ എള്ളെണ്ണക്കുപ്പികളിൽ ഒന്നെടുത്ത് കെടാറായ പന്തത്തിലേക്ക് പകർന്നു. എണ്ണ കുടിച്ച പന്തം ആളിക്കത്തി. ഇളകിക്കിടക്കുന്ന മണ്ണുനോക്കി അയാൾ പന്തം കുത്തി.
അരവിന്ദിനെ തനിച്ച് ചാവടിമുറ്റത്ത് വിട്ട് വന്യമായ ഈ ഇരുട്ടിന്റെ തോഴനാണ് താനെന്നമട്ടിൽ ഭൈരവനും കൂടെ നായ്ക്കളും മുകളിലേക്ക് നീളുന്ന ഒറ്റയടിപ്പാതയിലൂടെ ഇരുട്ടിൽ മറഞ്ഞു. അരവിന്ദിനോട് എന്തെങ്കിലും സംസാരിക്കുകയോ ഒന്ന് പിന്തിരിഞ്ഞുനോക്കുകയോ ചെയ്തില്ല.
ചാവടിയുടെ അരപ്പൊക്കംവരെയും വാതിലിനും ഇരുണ്ടനിറം. തീയുടെ പ്രകാശം വീണിടം ചുവന്നുകണ്ടു. മുകളിലേക്കുള്ള നിറം അരണ്ട വെളിച്ചത്തിൽ വ്യക്തമാകുന്നില്ല. മേൽക്കൂര പുല്ലുമേഞ്ഞിരിക്കുന്നു. മേൽക്കൂരയ്ക്കും ചുവരിനുമിടയിലുള്ള ഭാഗത്ത് അരണ്ടവെളിച്ചം കാണാം. അകത്ത് ആളുണ്ട്. മുറ്റത്ത് രണ്ട് വയസായ കുട്ടിയാനയുടെ വലിപ്പത്തിൽ ഒരു പാറ നിൽക്കുന്നു. അത് ഉരുണ്ടുപോകാതെ നിലത്തെങ്ങനെ ഉറച്ചിരിക്കുന്നുവെന്ന് അത്ഭുതം തോന്നി.
‘‘കുളിച്ച് ഒറ്റവസ്ത്രമുടുത്ത് വരൂ. താഴോട്ടിറങ്ങിയാൽ നീർച്ചാലുണ്ട് ’’ ചാവടിയുടെ അടഞ്ഞവാതിലിന് അപ്പുറത്ത് നിന്ന് ശുദ്ധമായ മലയാളത്തിൽ ഒരു സ്ത്രീ ശബ്ദം ഉയർന്നു
കതക് തുറക്കും എന്നു കരുതി അരവിന്ദ് കാത്തുനിന്നു. വീണ്ടും അനക്കമൊന്നും ഇല്ലെന്ന് ഉറപ്പായപ്പോൾ കുളിച്ചുവരാൻ തീരുമാനിച്ചു. ബാഗിൽനിന്ന് തോർത്തെടുത്തു. പരിചയമില്ലാത്ത ഇരുട്ടിന് പെൻടോർച്ചിന്റെ പെൻസിൽ വെട്ടം പോരാ. അണയാറായ പന്തത്തിൽ കുപ്പിയിൽ ബാക്കിയുള്ള എണ്ണയൊഴിച്ച് ജ്വലിപ്പിച്ച് നീർച്ചാൽ ലക്ഷ്യമാക്കി നടന്നു. അവർ മലയാളത്തിൽ സംസാരിച്ചതിൽ എന്തെങ്കിലും കൗതുകം തോന്നിയില്ല. മായിയുടെ സ്വര സ്പന്ദനങ്ങൾ നെഞ്ചിൽ അലയടിച്ചുകൊണ്ടിരുന്നതിൽ അവൻ മുഗ്ധനായിപ്പോയിരുന്നു.
വനത്തിൽ പേരറിയാപ്പക്ഷി ഇണയെ ആകർഷിക്കാൻ കേഴുന്നു. അരവിന്ദിന്റെ ഉള്ള് തുടിച്ചു.
അധികം താഴേക്ക് പോവണ്ടി വന്നില്ല, വള്ളിപ്പടർപ്പുകൾക്കിടയിലൂടെ മലയടിവാരത്തേക്ക് ഒഴുകുന്ന ചെറുവെള്ളച്ചാട്ടം കാണായി. നല്ല തണുപ്പ്. വേഗത്തിൽ കുളിച്ചുകയറി. തോർത്തിയെന്നുവരുത്തി വേഗം ചാവടിയിൽച്ചെന്നു. ഇട്ടുകൊണ്ടുവന്ന ഷർട്ടും പാന്റ്സും മടക്കി ബാഗിലിട്ട് വരാന്തയിൽ വച്ചു. അകത്തേക്ക് ചെല്ലാനുള്ള വിളി കാത്തുനിന്നില്ല, ഒറ്റത്തോർത്തും ഉടുത്ത് ഓലവാലം അരവിന്ദ് ചാവടിക്കുള്ളിലേക്ക് കയറി.
ചുവന്ന പട്ട് തറ്റുടുത്ത ഒരു സ്ത്രീ നെയ്‍വിളക്കിന്റെ സ്വർണപ്രഭയിൽ കുളിച്ച് മുട്ടറ്റം പൊക്കമുള്ള പീഠത്തിൽ ഇരിക്കുന്നു. !
കരുണാർദ്രമായി പ്രകാശിക്കുന്ന കണ്ണുകളും മുറുക്കിച്ചുവന്ന ചുണ്ടുകളുമാണ് ആദ്യം ശ്രദ്ധിച്ചത്. വടിവൊത്ത നാസികയിൽ മൂക്കുത്തിച്ചുവപ്പ്. ഉച്ചിയിലേക്ക് ചുറ്റിക്കെട്ടിവച്ച കേശഭാരത്തിന് എള്ളെണ്ണ മിനുക്കം. കാതിൽ ഗോള ഞാത്തുകൾ. കൈകളിൽ വീതിയേറിയ ഗംഖാരു വളകൾ. മഞ്ഞനിറം പടർന്ന വെള്ളത്തുണി പുതച്ചിരിക്കുന്നു.
‘എന്റെ മുടിയഴിച്ച് എണ്ണപുരട്ടൂ’’
അവൻ അടുത്ത് ചെന്ന് മായിയുടെ മുടിയിൽ കൈവച്ചു. അഴിച്ചിട്ട മുടി നിലംതൊട്ടു നിന്നു. ചുണ്ടുള്ള ഓട്ടുപാത്രത്തിൽ എണ്ണ പകർന്ന് മുടിയിൽ തേച്ചു. രാഖിയുടെ മുടി മാസത്തിൽ രണ്ടു തവണ അരവിന്ദ് എണ്ണതേച്ചു കോതിക്കൊടുക്കുമായിരുന്നു. അവളുടേത് പോലല്ല, മായിയുടെ നീണ്ട മുടി കോതിയൊതുക്കാൻ അവൻ ബുദ്ധിമുട്ടി.
വലംകൈകൊണ്ട് മുടിയിഴകൾ വലിച്ച് പിടിച്ച് കഴുത്ത് ചരിച്ച് അതിലേക്കു നോക്കി മായി തൃപ്തിയോടെ മന്ദഹസിച്ചു. അരികിലിരുന്ന വലിയപാത്രത്തിലെ ജലത്തിൽ ചെമ്പകപ്പൂക്കൾ ഒഴുകി നടക്കുന്നു.
കസ്തൂരിമഞ്ഞളും ചന്ദനവും അരച്ചുവച്ചിരിക്കുന്നത് അവർ താടി കൊണ്ട് ചൂണ്ടിക്കാട്ടി, ഇടതു കൈ നിവർത്തിപ്പിടിച്ച് ഇരുന്നു. അരവിന്ദ് മായിയുടെ കൈയ്യിൽ ലേപനം പുരട്ടി. ആ കൈയ്യിൽ തേച്ചുകഴിഞ്ഞപ്പോൾ അവർ ഇടതുകൈ താഴ്ത്തിയിട്ട് വലതുകൈ ഉയർത്തിപ്പിടിച്ചു. അതിലും പുരട്ടിക്കൊടുത്തു. മാറിടം മറച്ച വെള്ളത്തുണി മായി അഴിച്ചു. വിജൃംഭിച്ചുനിന്ന മുലക്കണ്ണുകളിൽ തൊട്ടപ്പോൾ കൈ വിറച്ചു. മഞ്ഞൾലേപം ഉതിർന്ന് മായിയുടെ മടിയിൽ വീണു. ശ്രദ്ധയോടെ അവരുടെ അർധനഗ്നമേനിയാകെ മഞ്ഞളും ചന്ദനവും ലേപനം ചെയ്തു. ലേപനം തീർന്നപ്പോൾ ചെമ്പകപ്പൂക്കളിട്ട ജലം ലോട്ടയിൽ കോരി ഉടലിൽ ഒഴിച്ചു. ചന്ദനക്കുഴമ്പും വെള്ളവും മായിയുടെ അരവസ്ത്രത്തിൽ കെട്ടിനില്പുണ്ടായിരുന്നു. തറ്റുടുത്ത പട്ട് അഴിക്കാൻ അരവിന്ദിനെ അവർ സഹായിച്ചു.
കുളി കഴിഞ്ഞ് അരവിന്ദ് മായിയുടെ ഉടൽ തുടയ്ക്കാൻ തുനിയവെ ഈറനോടെ അവർ എഴുനേറ്റുനിന്നു. അരവിന്ദിന്റെ തോളുകളിൽ പിടിച്ച് തന്നോട് അടുപ്പിച്ച് അവന്റെ കണ്ണുകളിൽ നോക്കി- ‘‘നിനക്ക് എന്നെ പ്രാപിക്കണോ ? ’’
ആകസ്മികമായി നേരിടേണ്ടിവന്ന ഒരാക്രമണം, നിലനില്‍പ്പിനെ അര്‍ഥശൂന്യമാക്കിത്തീര്‍ത്ത വേര്‍പാട്, അപരിചിതവും രഹസ്യാത്മകവുമായ ലോകങ്ങളിലേക്ക് ചെല്ലാനുള്ള കല്പനകള്‍ ! എവിടെയാണ് രതിക്ക് സ്ഥാനം ?
ഒരു പൊട്ടിക്കരച്ചിലോടെ അവൻ മായിയുടെ കാലടികളിൽ വീണു. ചെമ്പഞ്ഞിച്ചാറ് അണിഞ്ഞ പാദങ്ങൾ. മായി വലതുകാൽ അരവിന്ദിന്റെ മൂർദ്ധാവിൽ മെല്ല അമർത്തി. അവരുടെ വലത് കാല്‍പാദത്തില്‍നിന്ന് പ്രവഹിച്ച വൈദ്യുത സ്പന്ദങ്ങൾ അരവിന്ദിന്റെ ശിരസ് കടന്ന് നട്ടെല്ലില്ലൂടെ പാഞ്ഞ് സുഷ്മ്നാനാഡിയിലെത്തി. ശോകതാപങ്ങളുടെ പ്രഭവകേന്ദ്രത്തിൽ അവയ്ക്കുപകരം ഒരു ഹംസം ചിറക് കുടയുന്ന ശബ്ദം.
‘‘ശക്തിപാതം !”
ഗുരു ശിഷ്യനിലേക്ക് തന്റെ തപശക്തി സംക്രമിപ്പിക്കുന്ന താന്ത്രിത രീതി. കാലങ്ങൾകൊണ്ട് പാകംവന്ന ശിഷ്യന് ഗുരു മന്ത്രോപദേശം നൽകുന്ന രീതി മറ്റ് ഉപാസനാ സമ്പ്രദായങ്ങൾ പിന്തുടരുമ്പോൾ, നോക്ക്, വാക്ക്, സ്പർശം, താഡനം ഇവയൊക്കെക്കൊണ്ട് താന്ത്രികർ ശിഷ്യന് അതീത ലോകങ്ങളിലേക്കുള്ള കവാടങ്ങൾ തുറന്നുകൊടുക്കുന്നു.
അരവിന്ദ് ദീക്ഷിതനായി.
അവന്റെയുള്ളിൽ കാർകൊണ്ട് ഘനീഭൂതമായിക്കിടന്ന സങ്കടങ്ങൾ മഹാമേരുവായി മുന്നിൽനിന്ന മായിയിൽത്തട്ടി കണ്ണീരായി പ്രവഹിച്ചു. അവർ അവനെ വാൽസല്യത്തോടെ പിടിച്ചെഴുന്നേൽപ്പിച്ചു.
‘‘വെളിയിൽ നീർച്ചാലിലേക്ക് പോകുന്നിടത്ത് ഒരു കുടിലുണ്ട്. നിനക്കതിൽ കഴിയാം. പകൽനേരങ്ങളിൽ പുറത്തിറങ്ങരുത്. ആരുമായും സംസാരിക്കരുത്. ഇവിടെ വരുന്ന ആരെങ്കിലും അങ്ങോട്ടുവന്നാലും നീ കുടിലിന് വെളിയിൽ ഇറങ്ങാൻ പാടില്ല. സൂര്യപ്രകാശം ശരീരത്തിൽ പതിയാതെ നോക്കണം. അസ്തമിച്ച് ഇരുട്ടുവീഴുമ്പോൾ ഇവിടെ വന്ന് വാതിൽക്കൽ ഇരിക്കുന്നതിൽനിന്ന് നിന്ന് ഒരുനേരത്തേക്ക് വേണ്ടത്രമാത്രം അരിയും ദാലും നെയ്യുമെടുത്ത് മുറ്റത്തുവച്ച് പാചകം ചെയ്ത് കഴിക്കാം.’’
‘‘നാളെത്തെ അന്നം പതിനാല് ഉരുളകളാക്കി പകുത്ത് പതിമൂന്ന് ഉരുളമാത്രമേ ഭക്ഷിക്കാവൂ. ഒരുരുള കാട്ടിലേക്കെറിയുക. മറ്റന്നാൾ പന്ത്രണ്ട് ഉരുള നീ തിന്ന് രണ്ട് ഉരുള കളയുക. അതിനടുത്ത ദിവസം പതിനൊന്നുരുള നിനക്കും മൂന്നുരുള ഭൂതങ്ങൾക്കും. അങ്ങനെ നീ കഴിക്കുന്ന അന്നം ഓരോ ഉരുള വീതം കുറച്ചുകൊണ്ടുവന്ന് പതിമൂന്നാം ദിവസം ഒരെണ്ണം മാത്രം ഭക്ഷിക്കണം. അരിയുംമറ്റും ഇന്നു നീ എടുക്കുന്ന അളവിൽ മാത്രമേ എല്ലാദിവസവും ഉപയോഗിക്കാവൂ. ദാഹിക്കുമ്പോൾ ആ മൺകുടത്തിലെ ദ്രാവകം കുടിക്കാം. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്ക് അനുസരിച്ച് ആഹാരം കുറച്ചും കൂട്ടിയും കഴിക്കുന്ന ചാന്ദ്രായന വ്രതമാണിത്. കഴിഞ്ഞുപോയ നിന്റെ കാലത്തിന്റെ അടരുകളെ ഓരോന്നായി ഈ വൃതം അടർത്തിക്കളയും.”
സംശയങ്ങൾക്ക് ഇടയില്ലാത്ത വ്യക്തമായ വാക്കുകൾ. അരവിന്ദ് കേട്ടുനിന്നു.
‘‘അസ്തമിച്ച് ഒരു യാമത്തിനകം പാചകവും ഭക്ഷണവും കഴിഞ്ഞ് ചാവടിയിന്ന് പൊയ്ക്കൊള്ളണം. എന്തുശബ്ദം കേട്ടാലും അകത്തെന്താണ് നടക്കുന്നതെന്ന് അറിയാൻ ശ്രമിക്കരുത്.’’
‘‘അടുത്ത പതിനാലാം ദിവസം സന്ധ്യകഴിഞ്ഞ് കാമാഖ്യയില്‍ ചെന്ന് ലജ്ജാഗൗരിയെ വന്ദിച്ച് വരണം. അന്നത്തെ അമാവാസി രാത്രിയിൽ നമുക്ക് വീണ്ടും കാണാം.”
‘‘ഇന്ന് ആഹാരം ഉണ്ടാക്കി കഴിച്ചിട്ട് പൊയ്ക്കൊള്ളൂ...”
മായി വാതിലടച്ചു.
പാചകവും ഭക്ഷണവും കഴിഞ്ഞ് പെൻടോർച്ചിന്റെ വെട്ടത്തിൽ അരവിന്ദ് കുടിൽ കണ്ടുപിടിച്ചു. മുളകൊണ്ട് വൃത്താകാരത്തിൽ കുടിൽകെട്ടി ചുവരിൽ മണ്ണുകുഴച്ച് ചേർത്ത് ഉറപ്പിച്ചിരിക്കുന്നു. കഷ്ടിച്ച് ഒരാൾക്ക് കിടക്കാം. നിലത്ത് ചണച്ചാക്ക് വിരിച്ചിട്ടുണ്ട്. തോർത്തഴിച്ച് ദേഹത്തെ നനവു തുടച്ചു. പാന്റും ഷർട്ടും ധരിച്ച് ചാക്ക് പുതച്ചു കിടന്നു. കീറിയ പച്ചമുളയുടെയും മണ്ണിന്റെയും മണം തികട്ടുന്നു. മാസങ്ങളായി, ഉറങ്ങാൻ കടക്കുമ്പോഴും വലിഞ്ഞു മുറുകിനിന്നിരുന്ന ശരീരം മുളങ്കുടിലിന്റെ ഇത്തിരവട്ട വിശാലതയിൽ അയഞ്ഞ് സ്വതന്ത്രമായി. ഒരു ഹംസത്തിന്റെ ചിറകടിയൊച്ച തനിക്കകമേ നിന്നോ അതോ പുറത്തുനിന്നോ എന്ന് കാതോർത്ത് ഉറക്കം വരാതെ അരവിന്ദ് കിടന്നു.
അർധരാത്രി ആയിട്ടുണ്ടാവണം. ചിലങ്കയുടെ ശബ്ദം. ചാടിയെഴുനേറ്റ് കാതോർത്തു.
ചാവടിയുയുടെ ഭാഗത്ത് ആരോ നൃത്തം ചെയ്യുന്നു.
‘‘അരുത്’’
‘‘അവിടെ എന്താണ് നടക്കുന്നതെന്ന് നോക്കാനും അറിയാനും ശ്രമിക്കരുത്’’ അരവിന്ദ് സ്വയം താക്കീതു ചെയ്തു.
****** ********* ******** *********
ഏഴരവെളുപ്പിന് ഒരു പൂവൻകോഴി കൂവി. കുറേനേരം അതുകേട്ടു കിടന്ന് പിന്നെയും ഉറങ്ങിപ്പോയി. വൈകിയുണരുന്ന ശീലം അരവിന്ദിന് ഉപകാരപ്പെട്ടു. പിന്നെ ഉണർന്നപ്പോൾ ഉച്ചയായിരുന്നു. പടർന്നു പന്തലിച്ചുനിന്ന കാട്ടുമരങ്ങൾ നട്ടുച്ചയിലും മുളങ്കുടിലിലേക്ക് അരണ്ട വെളിച്ചം മാത്രം കടത്തി വിട്ടു. ഉണർന്നും ഉറങ്ങിയും വീണ്ടുമുണർന്നും വെറുതേ കുത്തിയിരുന്നും പകൽ കഴിച്ചു. ഇരുട്ടായപ്പോൾ ചാവിടിയിൽച്ചെന്ന് തലേന്നത്തെ അളവിൽ അരിയും സാധനങ്ങളും എടുത്ത് ഒരുമിച്ചിട്ട് പാകം ചെയ്തു.
ചാവടിക്കുള്ളിൽ ഒരനക്കവുമില്ല !.
ചോറും പരിപ്പും തണുത്തപ്പോൾ നെയ്യൊഴിച്ച് പതിനാല് ഉരുളകളാക്കി. ഒരെണ്ണം കാടിന് എറിഞ്ഞുകൊടുത്തു. തീയണച്ച് വേഗത്തിൽ കുടിലിലേക്ക് വന്നു. മുറ്റത്ത് കുറേനേരം ഉലാത്തി. അപരിചിതമായ ശബ്ദങ്ങൾ കേട്ടു തുടങ്ങിയപ്പോൾ അകത്തു കയറി കിടന്നു.
മൂന്നു ദിവസങ്ങൾ കടന്നുപോയി. ചെറുതായി ചാടിനിന്ന അരവിന്ദിന്റെ കുടവയർ പട്ടിണികൊണ്ട് അകേത്തക്ക് വലിഞ്ഞു. കുടത്തിലെ രുചിയും മണവുമില്ലാത്ത ദ്രാവകം മുക്കിക്കുടിച്ച് വിശപ്പുമാറ്റാൻ നോക്കി. ഛർദ്ദിയായിരുന്നു ഫലം. ഏഴാമത്തെ ദിവസം വരെ അരവിന്ദ് വിശപ്പുകൊണ്ട് വലഞ്ഞു. പിന്നെ വിശപ്പ് കെട്ടു.
ചില ദിവസങ്ങളിൽ പകൽനേരം ചാവടിയിൽ ആളൊച്ച കേട്ടു. കാഴ്ച ദ്രവ്യങ്ങളുമായി വന്ന ഗ്രാമീണർ ആയിരിക്കണം. അരവിന്ദ് പുറത്തിറങ്ങില്ല. ചാവടിയ്ക്ക് അപ്പുറം ഒരു കുടിലും അതിനകത്ത് പരിണാമത്തിന് വിധേയനായിക്കൊണ്ടിരിക്കുന്ന ഒരുവനും ഉണ്ടെന്നറിയാതെ വാതിൽക്കൽ സാധനങ്ങൾ വച്ചിട്ട് അവർ പോയി.
അങ്ങിങ്ങ് നരച്ച അരവിന്ദിന്റെ മുടി പിന്നീടുള്ള ദിവസങ്ങളിൽ കൂട്ടമായി കൊഴിയാൻ തുടങ്ങി. അതിനുമുമ്പേ മീശ പിഴുതുപോയത് അറിഞ്ഞില്ല. മേൽച്ചുണ്ടുകൾ കൂടിച്ചേരുന്നിടത്ത് മൂക്കിനു താഴെയുള്ള കുഴി തെളിഞ്ഞു. പന്ത്രണ്ടാം ദിവസം ആയപ്പോഴേക്കും ശരീരത്തിലെ രോമം അപ്പാടെ ഉതിർന്നുപോയിരുന്നു. കൈത്തണ്ടകളിലും തുടയിലും കാൽവണ്ണകളിലും മേദസിനു കീഴിൽ ഒളിച്ചിരുന്ന ആൺപേശികൾ അയഞ്ഞു തൂങ്ങി.
ഇതനിടയിൽ ഒരു ദിവസം പോലും അരവിന്ദിന് മായിയെ കാണാൻ സാധിച്ചില്ല.
‘‘മായി മറ്റെവിടെയെങ്കിലും പോയിരിക്കും !’’ അവൻ ആശ്വസിച്ചു
‘‘അപ്പോൾ രാത്രിയിൽ കേൾക്കുന്ന ഗൂഢമർമ്മരങ്ങളും അപരിചിത മണങ്ങളുമോ ?”
സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ കുറിച്ച് അരവിന്ദിന് ഒന്നും മനസിലായിട്ടുണ്ടായിരുന്നില്ല !
************* *********** *********** *******
പതിമൂന്നാം നാള്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ വെളിപ്പെട്ട ക്ഷീണചന്ദ്രനെ നോക്കിയിരിക്കുകയായിരുന്ന അരവിന്ദ്.
നാളെ സന്ധ്യക്ക് കാമാഖ്യയില്‍ ചെന്ന് ലജ്ജാഗൗരിയെ വന്ദിച്ചു വരണമെന്നാണ് മായി പറഞ്ഞിരിക്കുന്നത്. അത്രദൂരം പോകാനുള്ള ശേഷി തന്റെ ദുര്‍ബലമായ ശരീരത്തിലുണ്ടോ ? പോകാതിരിക്കാനാവില്ല. പോയേ തീരു. ഒന്നും മുന്‍കൂട്ടി ആലോചിച്ചിട്ട് നടന്നതല്ലല്ലോ !.
പിറ്റേന്ന് ഇരുട്ടുവീണപ്പോള്‍ അരവിന്ദ് കാമാഖ്യയിലേക്ക് പോകാനൊരുങ്ങി. ഇങ്ങോട്ടു വന്നപ്പോള്‍ കൂടെക്കൊണ്ടുവന്ന ബാഗ് കുടിലിലുണ്ടായിരുന്നു. പാന്റ്സ് എടുത്ത് ധരിക്കാന്‍ നോക്കിയപ്പോളാണ് ശരീരത്തിന് സംഭവിച്ചിരിക്കുന്ന മാറ്റങ്ങളുടെ ആഘാതം അല്‍പമെങ്കിലും മനസിലായത്. അരയില്‍ വള്ളിയിട്ട് കെട്ടിയാല്‍പ്പോലും ഉറക്കാത്ത വലിപ്പം കാലുറകള്‍ക്ക്. മുണ്ടുടുക്കാം. ഷര്‍ട്ടിനുപകരം തോര്‍ത്തു പുതച്ചു. വള്ളിച്ചെരുപ്പ് തിരഞ്ഞു കണ്ടുപിടിച്ചു. പെന്‍ടോര്‍ച്ച് തെളിച്ച് നടന്നു. നടവഴി തീരുന്നിടം വരെ പ്രയാസമില്ലാതെ പോയി. മുകളിലേക്കുള്ള പടവുകള്‍ തനിയെ കയറാനാവില്ല. വീണുകിടന്ന ഒരു മരച്ചില്ല കണ്ടു. അത് ഒടിച്ച് ഊന്നുവടിയാക്കി.
പ്രധാന നിരത്തിലെത്തിയപ്പോള്‍ ഊന്നുവടി കളഞ്ഞു. എങ്ങും വെളിച്ചവും ആളുകളും. വേച്ച് നടക്കുന്ന പ്രാകൃതനെ ആരും ശ്രദ്ധിച്ചില്ല. വേറേയേതോ ഗ്രഹത്തില്‍നിന്നു വന്നുപെട്ട അന്യഗ്രഹജീവിക്ക് തുല്യം. നടകയറാന്‍ പ്രയാസം, ഊന്നുവടി ഉപേക്ഷിക്കേണ്ടായിരുന്നെന്ന് തോന്നി.
ആഗ്രഹങ്ങളുടെ ഭാണ്ഡവുമായി വ്യഗ്രതയോടെ അകത്തേക്ക് കയറുന്നവര്‍. പ്രാര്‍ഥനയില്‍ സാക്ഷാത്കരിക്കപ്പെട്ട കാമനകളുടെ സാങ്കല്‍പ്പിക നിര്‍വൃതിയില്‍, അലസമായി പടികളിറങ്ങുന്നവര്‍.ഹതാശരായവരുടെ അഭയാന്വേഷണ പദങ്ങള്‍. വിരാഗികളുടെ അനായാസ ഗമനം. വിവിധതരം ഊര്‍ജപ്രവാഹങ്ങള്‍.
ഇവരിലൊന്നിലും ഉൾപ്പെടില്ലെങ്കിലും ഒട്ടിപ്പോയ തന്റെ വയറ്റിലെ ഒറ്റയുരുളച്ചോറിന് നല്‍കാനാവാത്തം ഊര്‍ജം അവരുടെ സാമീപ്യം തനിക്ക് തരുന്നുണ്ട്. അരികുപറ്റി നടന്നു.
ഗര്‍ഭഗൃഹത്തിലേക്ക് പോയില്ല. എന്തായാലും അവിടേക്കല്ല ചെല്ലേണ്ടതെന്ന് അറിയാമായിരുന്നു. മണ്ഡപത്തിനുള്ളില്‍ കിതപ്പാറ്റിനിന്നു. ചുവരിലെ ശില്പങ്ങളില്‍ മിഴിയുടക്കി.
കാലുകള്‍ അകറ്റി പ്രസവിക്കാന്‍ യോനീമുഖം വിടര്‍ത്തിയിരിക്കുന്ന ഒരു ദേവത !. അവളുടെ നെറ്റിയില്‍ ഗര്‍ഭക്ലേശം ധ്വനിപ്പിക്കുന്ന ചുളിവുകള്‍. അകത്തേക്കു കുഴിഞ്ഞ ഗുഹ്യതടത്തില്‍ കുങ്കുമം പൊതിഞ്ഞിരിക്കുന്നു. യുവതികള്‍ അവിടെ കൈയ്യമര്‍ത്തി സിന്ദൂരം നെറ്റിയില്‍ പതിപ്പിച്ച് വണങ്ങിപ്പോകുന്നു. കുറേ നേരം അത് നോക്കി നിന്നു.
‘‘താങ്കള്‍ ഒരു താന്ത്രികനാണോ ?..”– തിരിഞ്ഞുനോക്കി. മുപ്പത് വയസ് കടന്നിട്ടില്ലാത്ത ഒരുവള്‍. ഇടംകൈയ്യില്‍ നെഞ്ചോട്ചേര്‍ത്ത് ഒരു ഡ്രോയിങ്ങ് ബുക്ക് പിടിച്ചിട്ടുണ്ട്. ഭക്തയല്ലന്ന് വ്യക്തം.
‘‘നോ. അയാം നോട്ട് എ താന്ത്രിക്.”
‘‘പ്രിയങ്ക ശര്‍മ. ആര്‍ക്കിയോളജിസ്റ്റാണ്. ഗുവാഹത്തി ഐഐടിയില്‍ ഗവേഷക. കാമാഖ്യാ ക്ഷേത്രത്തിന്റെ ആര്‍ക്കിടെക്ചറില്‍ പിഎച്ച്ഡി ചെയ്യുന്നു”- ഉച്ചാരണശുദ്ധിയോടെ ഇംഗ്ലിഷിലുള്ള മറുപടി കേട്ടിട്ടാണ് വിശദമായ പരിചയപ്പെടുത്തല്‍.
അരവിന്ദ് മുഖം താഴ്ത്തി പ്രിയങ്കയെ അഭിവാദ്യം ചെയ്തു.
‘‘നിങ്ങള്‍ ലജ്ജാഗൗരീ ശില്പത്തിനുമുന്നില്‍ ഏറെനേരം നിന്നതുകൊണ്ടാണ് താന്ത്രികനാണോ എന്ന് തിരക്കിയത്’’- പ്രിയങ്ക വിശദീകരിച്ചു.
‘‘ഇതാണോ ലജ്ജാഗൗരി ??? !”
‘‘അതെ. നിങ്ങള്‍ ആരാണ് ?”
ലജ്ജാഗൗരിയെ കണ്ടെത്തിയതിന്റെ തിടുക്കത്തില്‍ അവന് സ്വന്തംപേര് നാവില്‍ക്കുരുങ്ങി. വിക്കിവിക്കിപ്പറഞ്ഞു- ‘‘അര... അരവിന്ദ്. ’’
പ്രിയങ്ക വിശദമായി ശില്പത്തെക്കുറിച്ചു വിവരിച്ചു.
‘‘ഉര്‍വരതയുടെ ദേവതയാണ് ലജ്ജാഗൗരി. അതിപ്രാചീനയായ അമ്മദൈവം. വേദങ്ങള്‍ക്ക് മുമ്പേയുള്ളവള്‍. പ്രസവിക്കാന്‍ ഒരുങ്ങുന്ന നിലയിലാണ് കാണാറ്. കുട്ടികളില്ലാത്തവര്‍ സന്താനഭാഗ്യത്തിന് ദേവിയുടെ അനുഗ്രഹം തേടുന്നു. ഇന്‍ഡസ് വാലിയില്‍നിന്ന് ലജ്ജാഗൗരിയുടേതിന് സമാനമായ മുദ്രകള്‍ കിട്ടിയിട്ടുണ്ട്. മധ്യ ഇന്ത്യയില്‍ നിന്നാണ് കൂടുതല്‍ വിഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ബദാമിയിലെ ചാലൂക്യരുടെ ഉപാസനാമൂര്‍ത്തികളിലൊന്നായിരുന്നു. അദിതി, ആദ്യശക്തി, മാതംഗി, യെല്ലമ്മ എന്നൊക്കെ അറിയപ്പെടുന്നത് ഒരേ ദേവതതന്നെ. ലജ്ജാഗൗരിയുെടെ ശില്പം നാലു തരത്തിലുണ്ട് – ശിരസിന്റെ സ്ഥാനത്ത് താമരപ്പൂവ് ഉള്ളനിലയില്‍, തലയും കൈകളുമില്ലാതെ വലിയ സ്തനങ്ങളോട് കൂടി, താമരത്തണ്ട് കൈയ്യിലേന്തി പത്മ ശിരസോടെ, തലയുള്ള രൂപത്തില്‍. കാമഖ്യയിലെ ശില്പം അസമില്‍ കണ്ടെത്തിയിട്ടുള്ള ഏക ലജ്ജാഗൗരി വിഗ്രഹമാണ്..”
‘‘പലയിടത്തും അന്വേഷിച്ചിട്ടും ലജ്ജാഗൗരിയുടെ ഉപാസനാ രീതിയോ മന്ത്രങ്ങളോ എനിക്ക് കിട്ടിയില്ല. നിങ്ങളുടെ മട്ടുകണ്ടപ്പോള്‍ ഒരു സാധകനാണെന്നു തോന്നി. അതാണ് തിരക്കിയത്.”
‘‘അല്ല ഞാന്‍ ഉപാസകനല്ല. ഈ പേര് കേട്ടിട്ടുണ്ടെന്നേയുള്ളൂ. മറ്റൊന്നും എനിക്കറിഞ്ഞുകൂട.”
‘‘ഇറ്റ്സ് ഒകെ.” പ്രിയങ്ക പിന്‍വാങ്ങി.
ലജ്ജാഗൗരിയുടെ യോനീതടത്തില്‍ അരവിന്ദ് തൊട്ടു. വിരലില്‍ ഈര്‍പ്പം നനയുന്നു. കുങ്കുമം നെറ്റിയില്‍ തൊടുമ്പോള്‍ മനുഷ്യ രക്തത്തിന്റെ ഗന്ധം മൂക്കിലേക്ക് ഒഴുകിയെത്തി !.
ചാവടിയിയിലേക്കു തിരിച്ചു നടക്കുമ്പോള്‍ ഊന്നുവടി വേണമെന്നു തോന്നിയില്ല. പടികളിറങ്ങയിപ്പോള്‍ ചെറുതായി വിയര്‍ത്തു.
വിജനതയില്‍ ഒാര്‍മകള്‍ കൂട്ടമായി ആക്രമിക്കുന്നു.
അത്ഭുതത്തോടെ ലോകത്തെ കണ്ട ബാല്യം, മോഹങ്ങളില്‍ വെമ്പിയ കൗമാരം, ചുവടുകള്‍ പതറിയ യൗവനം. അതെല്ലാം വേറെ ആരുടേയോ ജീവിതമായിരുന്നില്ലേ ? ഞാന്‍തന്നെയാണോ ആ ജീവിതങ്ങളുടെ ഉടമ ? തന്റെ മരണം അടുത്തുവരുന്നതുപോലെ... അതോ ലജ്ജാഗൗരി സൂചിപ്പിക്കുന്നത് തന്റെ മറുപിറവിയോ ?
********* ********* ********* *******
പതിനാലാം രാവ് ! അമാവാസി !
അരവിന്ദ് കുടിലിൽ കൂട്ടിവച്ച കല്ലുകൾ എണ്ണിനോക്കി. പതിനാല്. ചന്ദ്രായനവ്രതം അനുഷ്ടിച്ച് മുളങ്കുടിലിൽ പാർപ്പ് തുടങ്ങിട്ട് പതിനാലാമത്തെ ദിവസം. ദിവസങ്ങളുടെ എണ്ണം തെറ്റാതിരിക്കാൻ ഒരോ ചെറുകല്ലുകൾ മുളങ്കുടിലിന്റെ മൂലയ്ക്ക് എടുത്തുവച്ചിരുന്നു.
ഇന്നും മായിയെ കാണാൻ ആവുമോ എന്ന ഒറ്റ സംശയം മാത്രമേ ചാവടിയിലേക്ക് ചെല്ലുമ്പോൾ അവന്റെ മനസിൽ ഉണ്ടായിരുന്നുള്ളൂ. ചാവടിയുടെ വാതിൽ തുറന്നു കിടന്നിരുന്നു. അകത്തുനിന്ന് എള്ളെണ്ണ മണക്കുന്ന പന്തവുമായി ഒരു കിഴവി ഇറങ്ങിവന്നു. കറുത്ത ഒറ്റമുണ്ട് ഉടുത്ത് അതിന്റെ ഒരുതുമ്പ് വലതുതോളിലൂടെ പിന്നിലേക്കിട്ട് അരയിൽ തിരുകിയിരിക്കുന്നു. അവരുടെ നരച്ചമുടി ചെറുകാറ്റിൽ ഇളകുന്നു. കാത് അയഞ്ഞുതൂങ്ങിക്കിടന്നു. കഴുത്തിൽ മൂന്നു രുദ്രാക്ഷം കോർത്ത ചരട്. നഷ്ട യൗവനത്തിന്റെ ഓർമയിൽ അവർ ദുഖിതയാണെന്നുതോന്നി.
അകത്തിരിക്കുന്ന ഓട്ടുരുളി എടുത്തുകൊണ്ട് അടുപ്പിൽ വയ്ക്കടാ ? കിഴവി ആജ്ഞാപിച്ചു. അരവിന്ദ് ഉരുളി എടുക്കാൻ നോക്കി. ദുർബലമായ ഉടലിന് അത് തനിയെ പൊക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. കിഴവി ഒരു വക്ക് പിടിച്ചു. ഉരുളിയില്‍ ഒൗഷധക്കൂട്ടുകൾ പൊടിച്ചിട്ടിരുന്നു, അതിനുമേലെ സസ്യങ്ങളുടെ സ്വപ്നങ്ങളുറങ്ങുന്ന പുഷ്പങ്ങളും. കാഴ്ച ദ്രവ്യങ്ങളുടെ കൂട്ടത്തിൽ ഒരു കരിക്കും മുളങ്കുറ്റിയും ഇലപ്പൊതിയുും ഇരിപ്പുണ്ടായിരുന്നു. കിഴവി ഇലപ്പൊതി അഴിച്ച് അതിലുണ്ടാരുന്ന മാസം ചെറിയ കഷണങ്ങളായി ഉരുളിയിലേക്ക് അരിഞ്ഞിട്ടു. വെള്ളം മുക്കിയൊഴിപ്പിച്ചു. അരവിന്ദ് എന്നും പാചകത്തിന് ഉപയോഗിക്കുന്ന ചുള്ളിക്കമ്പുകൾക്ക് പകരം വിറക് കഷണങ്ങൾ വച്ച് തീ പൂട്ടി.
ഉരുളിയിലെ കൂട്ട് വെന്ത് വെള്ളം വറ്റിത്തുടങ്ങിയപ്പോൾ ശരക്കര ചേർത്ത് ഇളക്കി. ഇടയ്ക്ക് കിഴവി കരിക്കു ചെത്തി പകുതിവെള്ളം അരവിന്ദിന് കുടിക്കാന്‍ കൊടുത്തു. മുളങ്കുറ്റി തുറന്ന് അതില ചാരായം ബാക്കി കരിക്കിൻ വെള്ളത്തിലൊഴിച്ച് മോന്തി.
ശർക്കരകൂടി ചേർന്നതോടെ കട്ടിയായ ഒൗഷധക്കൂട്ട് അടിയ്ക്കുപിടിക്കാതെ വൃദ്ധ വേഗത്തിൽ ഇളക്കുന്നത് അയഞ്ഞു ദുർബലമായ ശരീരവുമായി അരവിന്ദ് നോക്കിയിരുന്നു. കിഴവിയാണെങ്കിലും നല്ല ആരോഗ്യം ! കുട്ടിക്കാലത്ത് അമ്മൂമ്മ വരിയ്ക്കച്ചക്ക അരിഞ്ഞ് ശർക്കരചേർത്ത് ഓട്ടുരുളിൽ വരട്ടുന്നത് അവനോർത്തു. കഴിഞ്ഞ പതിനാല് ദിവസങ്ങൾക്കിടയിൽ ആദ്യമായി മനസിലേക്ക് കടന്നുവന്ന ഓർമ. !
വിറകടുപ്പിന്റെ വെട്ടത്തിൽ അവരുടെ ഒഴിഞ്ഞുകിടക്കുന്ന മൂക്കുത്തി തുളയും താടിയെല്ലും നോക്കിയിരിക്കെ അരവിന്ദിന് മനസിലായി ഈ കിഴവി മായി തന്നെ !
‘‘രസായനമാണ്. ഇന്ന് ഒരു നെല്ലക്ക വലിപ്പത്തിൽ എടുത്ത് കഴിക്കണം. നാളെ രണ്ട്. അങ്ങനെ. തണുക്കുമ്പോൾ വാങ്ങി അടച്ചുവയ്ക്കണം.”
‘‘വരുന്ന പൗർണമിക്ക് പതിനാലാം രാത്രി നമുക്ക് വീണ്ടും കാണാം. ബാക്കിയെല്ലാം മുമ്പ് പറഞ്ഞപോലെ.”
മായി ചാവടിയുടെ കതക് ചാരി.
അതേ സമയം ഉപഭൂഖണ്ഡത്തിന്റെ തെക്കേ അതിരിൽ മൺസൂൺ കാറ്റ് കടലിനു മേലേ രണ്ടായി പിരിഞ്ഞു. ഒരുപാതി അറബിക്കടൽ കടന്ന് കാലവർഷമായി കേരളത്തിൽ പെയ്യാന്‍ തുടങ്ങി. മറുപാതി തമിഴ‍്‍നാട് തീരംവഴി അസം ഉൾപ്പെടുന്ന പൂർവദിക്കിനെ ലക്ഷ്യമാക്കി യാത്ര തുടങ്ങി.
(തുടരും)
Content Summary: Lajja Gauri, Tantric novel by Sreekumar V.S.