'വില്ലുകൊണ്ട് അയാൾ പാമ്പിനെ തോണ്ടിയെടുത്ത് സന്ന്യാസിയുടെ തോളിലേക്ക് വളച്ചിട്ടു, പിന്നെ രസിച്ച് ഉറക്കെ പൊട്ടിച്ചിരിച്ചു'
അടുത്ത ദിക്കിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് തൊട്ടുമുന്നിലായി ചത്തു കിടക്കുന്ന പാമ്പിനെ കണ്ടത്. ജീവനുളള സര്‍പ്പം അനങ്ങാതെ കിടക്കുകയാണോയെന്ന് ശങ്കിച്ചു. വില്ലുകൊണ്ട് തട്ടിനോക്കിയപ്പോള്‍ ചലനമില്ലെന്ന് ബോധ്യപ്പെട്ടു. ഉണങ്ങിപ്പിടിച്ച രക്തക്കറ അതിന്റെ ദേഹത്തുണ്ട്. പെട്ടെന്ന് മിന്നായം പോലൊരു ചിന്ത മനസിലൂടെ കടന്നു പോയി. തന്നെ അപമാനിച്ച അഹങ്കാരിയായ സന്ന്യാസിയെ ഒരു പാഠം പഠിപ്പിക്കണം. കൂടുതല്‍ ആലോചിച്ചില്ല. വില്ലുകൊണ്ട് പാമ്പിനെ തോണ്ടിയെടുത്ത് വീണ്ടും കുടിലില്‍ കടന്ന് സന്ന്യാസിയുടെ തോളിലേക്ക് വളച്ചിട്ടു. പിന്നെ തെല്ലകലെ മാറി നിന്ന് ആ കാഴ്ച നോക്കി രസിച്ച് ഉറക്കെ പൊട്ടിച്ചിരിച്ചു. ചത്തതിന് ഒക്കുമേ ജീവിച്ചിരിക്കിലും എന്ന ഭാവത്തില്‍ കഴിയുന്ന ഇയാളെ പരിഹസിക്കാനും അപമാനിക്കാനും ഇതിലും നല്ലൊരു മാര്‍ഗമില്ലെന്ന് പരീക്ഷിത്തിന് തോന്നി. ഇതൊക്കെയായിട്ടും ശമീകന്‍ കണ്ണു തുറന്നില്ല. തോള്‍ പോലും ചലിച്ചില്ല. അദ്ദേഹം ഈശ്വരാര്‍പ്പിതമായി...
അടുത്ത ദിക്കിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് തൊട്ടുമുന്നിലായി ചത്തു കിടക്കുന്ന പാമ്പിനെ കണ്ടത്. ജീവനുളള സര്‍പ്പം അനങ്ങാതെ കിടക്കുകയാണോയെന്ന് ശങ്കിച്ചു. വില്ലുകൊണ്ട് തട്ടിനോക്കിയപ്പോള്‍ ചലനമില്ലെന്ന് ബോധ്യപ്പെട്ടു. ഉണങ്ങിപ്പിടിച്ച രക്തക്കറ അതിന്റെ ദേഹത്തുണ്ട്. പെട്ടെന്ന് മിന്നായം പോലൊരു ചിന്ത മനസിലൂടെ കടന്നു പോയി. തന്നെ അപമാനിച്ച അഹങ്കാരിയായ സന്ന്യാസിയെ ഒരു പാഠം പഠിപ്പിക്കണം. കൂടുതല്‍ ആലോചിച്ചില്ല. വില്ലുകൊണ്ട് പാമ്പിനെ തോണ്ടിയെടുത്ത് വീണ്ടും കുടിലില്‍ കടന്ന് സന്ന്യാസിയുടെ തോളിലേക്ക് വളച്ചിട്ടു. പിന്നെ തെല്ലകലെ മാറി നിന്ന് ആ കാഴ്ച നോക്കി രസിച്ച് ഉറക്കെ പൊട്ടിച്ചിരിച്ചു. ചത്തതിന് ഒക്കുമേ ജീവിച്ചിരിക്കിലും എന്ന ഭാവത്തില്‍ കഴിയുന്ന ഇയാളെ പരിഹസിക്കാനും അപമാനിക്കാനും ഇതിലും നല്ലൊരു മാര്‍ഗമില്ലെന്ന് പരീക്ഷിത്തിന് തോന്നി. ഇതൊക്കെയായിട്ടും ശമീകന്‍ കണ്ണു തുറന്നില്ല. തോള്‍ പോലും ചലിച്ചില്ല. അദ്ദേഹം ഈശ്വരാര്‍പ്പിതമായി...
അടുത്ത ദിക്കിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് തൊട്ടുമുന്നിലായി ചത്തു കിടക്കുന്ന പാമ്പിനെ കണ്ടത്. ജീവനുളള സര്‍പ്പം അനങ്ങാതെ കിടക്കുകയാണോയെന്ന് ശങ്കിച്ചു. വില്ലുകൊണ്ട് തട്ടിനോക്കിയപ്പോള്‍ ചലനമില്ലെന്ന് ബോധ്യപ്പെട്ടു. ഉണങ്ങിപ്പിടിച്ച രക്തക്കറ അതിന്റെ ദേഹത്തുണ്ട്. പെട്ടെന്ന് മിന്നായം പോലൊരു ചിന്ത മനസിലൂടെ കടന്നു പോയി. തന്നെ അപമാനിച്ച അഹങ്കാരിയായ സന്ന്യാസിയെ ഒരു പാഠം പഠിപ്പിക്കണം. കൂടുതല്‍ ആലോചിച്ചില്ല. വില്ലുകൊണ്ട് പാമ്പിനെ തോണ്ടിയെടുത്ത് വീണ്ടും കുടിലില്‍ കടന്ന് സന്ന്യാസിയുടെ തോളിലേക്ക് വളച്ചിട്ടു. പിന്നെ തെല്ലകലെ മാറി നിന്ന് ആ കാഴ്ച നോക്കി രസിച്ച് ഉറക്കെ പൊട്ടിച്ചിരിച്ചു. ചത്തതിന് ഒക്കുമേ ജീവിച്ചിരിക്കിലും എന്ന ഭാവത്തില്‍ കഴിയുന്ന ഇയാളെ പരിഹസിക്കാനും അപമാനിക്കാനും ഇതിലും നല്ലൊരു മാര്‍ഗമില്ലെന്ന് പരീക്ഷിത്തിന് തോന്നി. ഇതൊക്കെയായിട്ടും ശമീകന്‍ കണ്ണു തുറന്നില്ല. തോള്‍ പോലും ചലിച്ചില്ല. അദ്ദേഹം ഈശ്വരാര്‍പ്പിതമായി...
അധ്യായം 4 - മഹാധ്യാനം
കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ പതിവായി വന്നിരുന്ന് വിശ്രമിക്കാറുളള ഇടത്ത് ഏകയായി ഇരിക്കുകയായിരുന്നു ഉത്തര. ഏകാന്ത നിമിഷങ്ങളില്‍ വര്‍ണ്ണനൂലുകള്‍ കൊണ്ട് തൂവാലയില്‍ ചിത്രത്തുന്നല്‍ ചെയ്യുക അവരുടെ വിനോദമാണ്. ഇന്നും അതിനുളള കൗതുകം ഉണര്‍ന്നപ്പോള്‍ സൂചിയും നൂലും കയ്യിലെടുത്തു. വിരലുകള്‍ അതിധൃതം തൂവാലയിലൂടെ സഞ്ചരിച്ചു. നിരന്നു നില്‍ക്കുന്ന അസംഖ്യം പൂക്കള്‍ക്കിടയിലൂടെ തെന്നിത്തെറിച്ചു നടന്ന് കൂട്ടത്തില്‍ വലിയ പൂവില്‍ നിന്ന് തേനുണ്ണുന്ന ഒരു ചിത്രശലഭം. അതായിരുന്നു ചിത്രം. രചന പൂര്‍ത്തിയാക്കി അവസാന മിനുക്കു പണികളിലേക്ക് കടക്കുമ്പോഴാണ് മുരടനക്കുന്ന ശബ്ദം കേട്ടത്. മിഴികളുയര്‍ത്തുമ്പോള്‍ മുന്നില്‍ പരീക്ഷിത്ത്.
യാത്രയ്ക്ക് മുന്‍പ് പതിവുളള അനുഗ്രഹം വാങ്ങാന്‍ ചെന്നതാണ്.
എല്ലാവരെയും തന്റെ സവിധത്തിലേക്ക് വിളിപ്പിക്കുന്ന രാജാവ് അമ്മ എവിടെയായിരുന്നാലും അവിടെ ചെന്ന് കാണുകയാണ് പതിവ്. തന്നിഷ്ടക്കാരനും അഹങ്കാരിയുമെന്ന് പരക്കെ അറിയപ്പെടുമ്പോഴും മാതൃത്വത്തെ ആദരിക്കുന്നതില്‍ കടുകിടെ വ്യത്യാസം വരുത്താറില്ല. ആ ഗുരുത്വം മകനുണ്ടല്ലോയെന്ന് ഉത്തര എന്നും സമാധാനിക്കും.
'എന്തേ? യാത്ര വല്ലതും?'
മകനെങ്കിലും രാജപദവിയോടുളള ആദരം മനസ്സിൽ വച്ച് ഉത്തര ഇരിപ്പിടത്തില്‍ നിന്ന് എണീറ്റു.
'നായാട്ടിന് പോകുന്നു. ഇക്കുറി ഉള്‍ക്കാടുകളിലേക്കാണ് യാത്ര. അനുഗ്രഹിക്കണം. പ്രാര്‍ഥനകളുണ്ടാവണം'
'എന്റെ അനുഗ്രഹവും പ്രാര്‍ഥനയും എന്നും നിനക്കുണ്ട്'
അവര്‍ ഹൃദ്യമായി മന്ദഹസിച്ചു.
'എന്നിരിക്കിലും അമ്മയുടെ നാവില്‍ നിന്ന് തന്നെ എനിക്കത് കേള്‍ക്കണം'
ഉത്തര അടുത്തേക്ക് ചെന്നു. പരീക്ഷിത്ത് പതിയെ തലകുനിച്ചു. ഉത്തര ഇരുകരങ്ങള്‍ കൊണ്ടും ആ ശിരസില്‍ സ്പര്‍ശിച്ച് മൂര്‍ദ്ധാവില്‍ ചൂംബിച്ചു.
പരീക്ഷിത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. അമ്മയുടെ സ്‌നേഹം, കരുതല്‍... അതിനോളം ആഴവും മഹിമയും മറ്റൊന്നിനുമില്ലെന്ന് അദ്ദേഹത്തിനറിയാം.
'ഉള്‍വനമാണ്. സൂരക്ഷ കൂടുതല്‍ ശക്തമാക്കണം'
ഉത്തര പറഞ്ഞു.
പരീക്ഷിത്ത് അനുസരണയോടെ മൂളി.
കൊട്ടാരമുറ്റത്ത് രഥമുനമ്പില്‍ അക്ഷമരായ ചാരനിറമുളള കുതിരകള്‍ ഒന്ന് ഉലഞ്ഞു. രഥത്തിന് മുന്നിലെ മണികള്‍ കിലുങ്ങി. കുതിരകളുടെ സീല്‍ക്കാരം മട്ടുപ്പാവോളം എത്തി.
'നായാട്ടിന് പോകാന്‍ നിന്നേക്കാള്‍ ധൃതി കുതിരകള്‍ക്കാണെന്ന് തോന്നുന്നു'
ഉത്തര തമാശ പറഞ്ഞു.
പരീക്ഷിത്ത് ചിരിച്ചുകൊണ്ട് പ്രതിവചിച്ചു.
'പോയ് വരട്ടെ..അമ്മേ..'
'പോയ് വരൂ'
ഉത്തരയുടെ നിര്‍ദ്ദേശം കിട്ടേണ്ട താമസം അയാള്‍ പിന്‍തിരിഞ്ഞു നടന്നു.
പെട്ടെന്ന് അമ്മേ എന്നൊരു ദീനവിലാപം ഉത്തരയുടെ ശ്രവണപുടങ്ങളില്‍ വന്നുടഞ്ഞു.
കുനിഞ്ഞു നിന്ന് കരയുകയാണ് പരീക്ഷിത്ത്.
'എന്തു പറ്റി മകനേ?'
അവര്‍ ഉത്കണ്ഠയോടെ അരികിലേക്ക് ചെന്നു.
അമ്മയെ കാണാന്‍ വരുമ്പോള്‍ മെതിയടികള്‍ ഉപയോഗിക്കാറില്ല. നഗ്നപാദങ്ങളോടെ വാതില്‍ കടന്നപ്പോള്‍ പടിയില്‍ കാല്‍ചെന്നിടിച്ച് വിരലുകള്‍ ചതഞ്ഞതാണ്.
ഉത്തര കുനിഞ്ഞിരുന്ന് തിരുമ്മി. ഭടന്‍മാര്‍ ശബ്ദം കേട്ട് ഓടി വന്നു.
'ദുര്‍ന്നിമിത്തമാണല്ലോ മകനേ...'
ഉത്തരയ്ക്ക് ആകെ വല്ലായ്മ തോന്നി.
'ഏയ്..സാരമില്ല. കാട്ടിലെത്തും മുന്‍പ് വേദന മാറും'
പരീക്ഷിത്ത് വേദന കടിച്ചമര്‍ത്തി നടുനിവര്‍ത്തി എണീറ്റു.
'വൈദ്യരെ വിളിക്കട്ടെ മഹാരാജന്‍?'
ഓടിക്കിതച്ചെത്തിയ മുഖ്യസൈന്ന്യാധിപന്‍ ആരാഞ്ഞു.
'വേണമെന്നില്ല.തുളസിയിട്ട് തിളപ്പിച്ച വെളിച്ചെണ്ണ പുരട്ടിയാല്‍ മതിയാവും. യാത്ര മുടക്കണ്ട'
രാജാവിന് ഉള്‍വനങ്ങളോടുളള ഔത്സുക്യം അറിയുന്ന സൈന്ന്യാധിപന്‍ തര്‍ക്കിക്കാന്‍ നിന്നില്ല. എന്ത് തന്നെ സംഭവിച്ചാലും താന്‍ പിടിച്ച മുയലിന് നാല് കൊമ്പ് എന്നതാണ് രാജാവിന്റെ രീതി.
കാതുകള്‍ മറിഞ്ഞ് വിവരം അറിഞ്ഞ് മാദ്രിയും ജനമേജയനും ഓടി വന്നു. അപ്പോഴേക്കും പരീക്ഷിത്ത് രഥത്തിലേക്ക് കയറി പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു.
'മഹാരാജന്‍...'
മാദ്രിയുടെ വിളികേട്ട് ഈര്‍ഷ്യയോടെ പരീക്ഷിത്ത് തിരിഞ്ഞു നോക്കി. അവള്‍ രഥത്തിന് അരികിലേക്ക് പാഞ്ഞു വരികയാണ്. മകനും പിന്നാലെയുണ്ട്്
'പിന്‍വിളി വേണ്ടിയിരുന്നില്ല'
അടുത്തെത്തിയ മാദ്രിയോട് പരീക്ഷിത്ത് അനിഷ്ടം മറച്ചു വച്ചില്ല.
'അങ്ങേയ്ക്ക് എന്തോ സംഭവിച്ചതായറിഞ്ഞു..''
മാദ്രി നന്നായി കിതച്ചു.
'ഏയ്...ചെറിയൊരു ചതവ്..കാട്ടിലെത്തും മുന്‍പേ ഭേദാവും'
അയാള്‍ ലാഘവത്തോടെ പറഞ്ഞു.
'യാത്ര നാളത്തേയ്ക്ക് മാറ്റിയാലോ?'
'എന്തിന്? അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല'
മാദ്രി അതിന് മറുപടി പറഞ്ഞില്ല. തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതാണ് പരീക്ഷിത്തിന്റെ ശീലം.
'അങ്ങ് പോയ് വരൂ. എന്റെ പ്രാര്‍ഥനകളുണ്ടാവും'
അത്രമാത്രം പറഞ്ഞ് അവള്‍ കൈകൂപ്പി.
ഉത്തര മട്ടുപ്പാവില്‍ നിന്ന് എല്ലാം കാണുന്നുണ്ടായിരുന്നു.
അവര്‍ മനസില്‍ മഹാദേവനെ പ്രണമിച്ചു.
'സംഹാരമൂര്‍ത്തിയായ ദേവാ.. എന്റെ കുഞ്ഞിന് ഒരാപത്തും സംഭവിക്കരുതേ..'
കുതിരകള്‍ വലിയ ശബ്ദത്തോടെ ഉലഞ്ഞു. രഥം അതിവേഗതയില്‍ കൊട്ടാരമതിലുകള്‍ കടന്ന് നഗരവീഥിയിലേക്ക് പാഞ്ഞു.
അഹിതമായ എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നതായി മാദ്രിക്ക് തോന്നി. അവളുടെ വലം കണ്ണ് നിരന്തരം തുടിച്ചു. മാദ്രി ഒരു തേങ്ങലിന്റെ ചീള് കേട്ട് പിന്നാക്കം തിരിഞ്ഞു. വിങ്ങി വിങ്ങിക്കരയുകയാണ് ജനമേജയന്‍.
'എന്ത് പറ്റി മകനേ...എന്തിനാ നീ കരയുന്നത്?'
അവള്‍ അവന്റെ അരികിലേക്ക് ചെന്നു.
'അച്ഛന്‍ കാട്ടില്‍ പോകേണ്ടിയിരുന്നില്ല. വേണ്ടിയിരുന്നില്ല'
അവന്‍ പറഞ്ഞു.
'അതെന്താ?'
മാദ്രിക്ക് അതിന്റെ കാരണം വ്യക്തമായില്ല.
'അറിയില്ല...പക്ഷെ അത് വേണ്ടിയിരുന്നില്ലമ്മേ..'
അവന്‍ വീണ്ടും വിങ്ങി വിങ്ങിക്കരഞ്ഞു.
ചില സൂചനകള്‍...ദുര്‍നിമിത്തങ്ങള്‍...അപലക്ഷണങ്ങള്‍..അതിലൊക്കെ വിശ്വാസമുളള ആളാണ് മാദ്രി.
പക്ഷെ തടയാന്‍ തനിക്കാവില്ല.
മഹാരാജാവിന്റെ രഥവും അനുയായികള്‍ സഞ്ചരിക്കുന്ന രഥങ്ങളും കാഴ്ചയുടെ പരിധി കടന്ന് ദൂരെ മറഞ്ഞു കഴിഞ്ഞു.
അനിവാര്യമായ വിധിയ്ക്ക് വിട്ടുകൊടുത്ത് പ്രാര്‍ഥനയില്‍ അഭിരമിക്കുകയല്ലാതെ മുന്നില്‍ മറ്റൊരു മാര്‍ഗമില്ല
മാദ്രി കുളിച്ച് ദേഹശുദ്ധി വരുത്തി പൂജാമുറിയില്‍ കടന്ന് സഹസ്രനാമം ജപിച്ചു. എല്ലാ ദേവീദേവന്‍മാരെയും പ്രീതിപ്പെടുത്താന്‍ ശ്രമിച്ചു. ജനമേജയന്‍ ഒന്നിലും പങ്കെടുക്കാതെ ഒരു ശില പോലെ അകലെ മാറി നിന്നു.
അവനറിയാം. ചില അനിവാര്യതകളെ പ്രതിരോധിക്കാന്‍ ഈശ്വരന്‍ പോലും അശക്തനാണ്.
അല്ലെങ്കില്‍ പിന്നെ പുറംകാടുകളില്‍ പതിവായി നായാട്ടിനിറങ്ങാറുളള അച്ഛന്‍ ഇക്കുറി എന്തിന് ഉള്‍ക്കാടുകളിലേക്ക് സ്ഥാനം മാറ്റണം. അപ്പോള്‍ വിധി നിശ്ചിതമായ എന്തോ സംഭവിക്കാന്‍ പോകുന്നു. അതില്‍ ദുരന്തത്തിന്റെ ലാഞ്ജന ഒളിഞ്ഞിരിക്കുന്നതായി അവന് തോന്നി.
പക്ഷെ പരീക്ഷിത്ത് പതിവിലും ഉത്സാഹത്തിലായിരുന്നു. കാലിലെ വേദന പോലും മറന്ന് അയാള്‍ പുറം കാഴ്ചകളില്‍ മതിമറന്നു.
നഗരചത്വരങ്ങള്‍ പിന്നിട്ട് രഥം പുറം കാടുകളിലേക്ക് പ്രവേശിച്ചു. അവിടെ നിന്നും ഏറെദൂരം സഞ്ചരിച്ച് വേണം ഉള്‍വനങ്ങളിലെത്താന്‍.
കാടിന്റെ വന്യതകളിലേക്ക് പ്രവേശിച്ചിട്ടും പരീക്ഷിത്തിന് തെല്ലും ഭയം തോന്നിയില്ല.
അത്രയ്ക്ക് സുശക്തരും സുശിക്ഷിതരുമായിരുന്നു അദ്ദേഹത്തെ അവധാനം ചെയ്യുന്ന സുരക്ഷാസംഘം. ഏത് ഒറ്റയാനെയും ഒറ്റക്കുത്തിന് വീഴ്ത്താന്‍ കെല്‍പ്പുളള മദഗജങ്ങള്‍ , കുന്തമേന്തിയ ഭടന്‍മാര്‍, അംഗരക്ഷകര്‍, പ്രത്യേക പരിശീലനം ലഭിച്ച വേട്ടപ്പട്ടികള്‍..
കാടിന്റെ ഹരിതഭംഗി രാജാവിന്റെ മനം കുളിര്‍പ്പിച്ചു. ഇന്നലെ പെയ്ത മഴയില്‍ ഈറനോടെ നില്‍ക്കുന്ന ഇലകള്‍ ഇളവെയിലില്‍ തിളങ്ങുന്നു.
പൊയ്കകളില്‍ നീന്തിത്തുടിക്കുന്ന ഹംസങ്ങള്‍..
താളനിബദ്ധമായി തലവെട്ടിച്ച് ഓടികളിക്കുന്ന മാന്‍പേടകള്‍, മുയല്‍ക്കുഞ്ഞുങ്ങള്‍..
മുഖം വക്രിച്ച് കോക്രി കാണിക്കുന്ന കുട്ടിക്കുരങ്ങന്‍മാര്‍..
നാനാതരം പക്ഷികള്‍, മയിലുകള്‍, കുയിലുകള്‍...എന്ന് വേണ്ട വര്‍ണ്ണവൈവിധ്യങ്ങളുടെ ഒരു സങ്കലനമായിരുന്നു കാട്.
കാട് വന്യമൃഗങ്ങള്‍ക്കൊപ്പം സുന്ദരജീവികളുടെയും ആവാസകേന്ദ്രമാണ്്.
കാട്ടുമൃഗങ്ങള്‍ രാജാവിന്റെ വില്ലിന്റെ ഞാണൊലി കേട്ട് പരക്കം പാഞ്ഞു. അവയുടെ ചകിതമായ നോട്ടവും ഭാവവും ഓട്ടവുമെല്ലാം കണ്ടും കേട്ടും രാജാവ് ഉറക്കെ പൊട്ടിച്ചിരിച്ചു.
ചീനവലവിരിച്ച പോലെ പടര്‍ന്ന് പന്തലിച്ചു നിന്ന ഒരു കൂറ്റന്‍ മരത്തില്‍ നിരന്നിരുന്ന അസംഖ്യം വെളളരിപ്രാവുകള്‍ കുതിരക്കുളമ്പടി കേട്ട് ഭയന്ന്ചിതറി പ്പറന്നു. ആകാശത്ത് തുമ്പപ്പൂക്കളമിട്ടതു പോലെ ചേതോഹരമായ ദൃശ്യമായിരുന്നു അത്.
മനസ് ആയാസരഹിതമായ അനുഭവത്തിന്റെ പാരമ്യതയിലൂടെ സഞ്ചരിക്കുന്നതായി പരീക്ഷിത്തിന് തോന്നി. ആനന്ദനൃത്തം ചെയ്യാന്‍ തോന്നിക്കുന്ന ഏകാന്തതയുടെ വിഹാരഭൂമി.
വനരാജാവായ സിംഹം ഭയന്ന് ഗുഹയില്‍ കയറി ഒളിക്കുന്ന കാഴ്ച കണ്ട് പരീക്ഷിത്ത് വീണ്ടും പൊട്ടിച്ചിരിച്ചു. തേര് തെളിയിക്കുന്ന ഭടനോട് രാജാവ് തമാശ പറഞ്ഞു.
'മനുഷ്യന്‍ മൃഗങ്ങളെ ഭയപ്പെടുന്നു. പാവം മൃഗങ്ങള്‍ മനുഷ്യനെ കണ്ട് ഭയന്നോടുന്നു. എത്ര വിചിത്രം അല്ലേ?'
'അതെ..മഹാരാജന്‍..'
രാജാവ് പറയുന്നതെന്തും-അത് സത്യമെങ്കിലും മിഥ്യയെങ്കിലും റാന്‍ മൂളുകയെന്നതാണ് ഭടന്‍മാരുടെ ദൗത്യം. അതുകൊണ്ട് തന്നെ ശിരസ് ചലിപ്പിച്ചും മൂളിയും ഭടന്‍ തന്റെ സമ്മതം അറിയിച്ചുകൊണ്ടിരുന്നു.
രഥം വൃക്ഷത്തലപ്പുകള്‍ വെട്ടിനിരത്തി കാട്ടുപാതകള്‍ ഇളക്കി മറിച്ച് അനവതരം മുന്നോട്ട് പാഞ്ഞുകൊണ്ടിരുന്നു.
പെട്ടെന്ന് ഭയചകിതനായ ഒരു പേടമാന്‍ കൂട്ടംതെറ്റിയതിന്റെ ആകുലതയോടെ ഓടിയൊളിക്കാന്‍ ശ്രമിക്കുന്നത് കണ്ടു.
'വിടരുത്.. വിടരുത് അതിനെ..'
രാജാവിന്റെ നിര്‍ദ്ദേശം കേട്ടപാതി തേരാളി രഥം സര്‍വവേഗവുമെടുത്ത് മുന്നോട്ട് നയിച്ചു. കുതിരകളെ വെല്ലുന്ന വേഗമായിരുന്നു മാനിന്. രാജാവ് എത്ര വില്ല് കുലച്ചിട്ടും എത്ര അമ്പ് എയ്തിട്ടും അത് സ്ഥാനം തെറ്റിത്തറച്ച് പാഴ്ശ്രമമായി. രാജാവിന് വീറും വാശിയുമേറി. സഹജമായ അഹംബോധം അദ്ദേഹത്തെ കോപാകുലനാക്കി.
'അത്രയ്ക്ക് അഹങ്കാരമോ..വിഭീഷണന്‍..വിടരുത് അവനെ.. വേഗത കൂട്ടി ഒപ്പമെത്താന്‍ നോക്കൂ'
മാന്‍ ഓടുന്ന വഴികള്‍ പിന്‍തുടരാന്‍ രഥത്തിന് കഴിയാതായി. എന്നിട്ടും വിഭീഷണന്‍ പരമാവധി ശ്രമിച്ച് സമാന്തര പാതകളിലൂടെ സഞ്ചരിച്ച് മാനിനെ അനുധാവനം ചെയ്തു. ഇടയ്ക്ക് ഭയപ്പാടോടെ പിന്‍തിരിഞ്ഞു നോക്കി അയാള്‍ ഓര്‍മ്മപ്പെടുത്തി.
'മഹാരാജന്‍...പിന്നാലെയുളളവര്‍ ഏറെ അകലത്തിലാണ്. ഇതിലും വേഗതയില്‍ മുന്നോട്ട് പോയാല്‍ അവര്‍ക്ക് നമ്മെ പിന്‍തുടരാന്‍ കഴിയാതെ വരും. കാരണം വഴികള്‍ പലതായി പിരിയുന്നതുകൊണ്ട് നാം ഏത് ഭാഗത്തേക്കാണ് പോയതെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല'
'അതെന്തെങ്കിലുമാകട്ടെ. ഇപ്പോള്‍ ഞാന്‍ പറയുന്നത് അനുസരിക്കൂ'
പരീക്ഷിത്തിന്റെ സഹജമായ അക്ഷമ തലപൊക്കി.
'എല്ലാം അവിടന്ന് പറയും പോലെ'
വിഭീഷണന്‍ വിനീത വിധേയനായി രഥവേഗം പരമാവധി വര്‍ദ്ധിപ്പിച്ചു. കുതിരകള്‍ ചാട്ടവാറടിയേറ്റ് പുളഞ്ഞു. കഠോരമായ പാതകളിലുടെ അനായാസം മൂന്നോട്ട് ചലിക്കാന്‍ കഴിയാതെ അവര്‍ മന്ദഗതിയിലായപ്പോഴൊക്കെ കോപാകുലനായി രാജാവ് അലറി.
'വേഗം വര്‍ദ്ധിപ്പിക്കൂ....വേഗം..ഈ അഹങ്കാരി മാനിനെ അങ്ങനെ രക്ഷപ്പെടാന്‍ ഞാന്‍ അനുവദിക്കില്ല'
രാജാവ് ഉന്മാദം ബാധിച്ചതു പോലെ വീണ്ടും അലറിവിളിച്ചു.
ഗത്യന്തരമില്ലാതെ വിഭീഷണന്‍ ചാട്ടവാര്‍ വായുവില്‍ ആഞ്ഞുവീശി. കുതിരകള്‍ വേദന കൊണ്ട് പുളഞ്ഞു. അവര്‍ മരണവെപ്രാളത്തില്‍ ഭ്രാന്തമായി മുന്നോട്ട് ഓടി.
നിയന്ത്രം വിട്ട് തേര് പാഞ്ഞുകൊണ്ടിരുന്നു. അത് ഒരു വലിയ പാറക്കല്ലില്‍ തട്ടി നിന്നു.
കുതിരകള്‍ എത്ര ശ്രമിച്ചിട്ടും തേര് മുന്നോട്ട് ചലിപ്പിക്കാന്‍ കഴിഞ്ഞില്ല.
കാത്തുനില്‍ക്കാന്‍ സമയമില്ല. മാന്‍ അതിവേഗത്തില്‍ ഓടുകയാണ്. പരീക്ഷിത്തിന്റെ വീറും വാശിയും ഏറി. അദ്ദേഹം തേരും കുതിരകളും തേരാളിയെയും വിട്ട് രഥത്തില്‍ നിന്നിറങ്ങി ഓടി.
നേരിട്ടുളള ആക്രമണമെന്ന് കണ്ടപ്പോള്‍ പുളളിമാന്‍ കൂടുതല്‍ ഭയചകിതനായി. അവന്‍ പരമാവധി വേഗം കൂട്ടിയെന്ന് മാത്രമല്ല നേര്‍വഴികള്‍ ഉപേക്ഷിച്ച് ചെങ്കുത്തായ ഇടവഴികളിലൂടെ ഘോരവനാന്തരത്തിലേക്ക് ചുവടുകള്‍ വച്ചു.
'പ്രഭോ...അരുത് പ്രഭോ...അപകടമാണ്...അപകടമാണ്..'
വിഭീഷണന്റെ മുന്നറിയിപ്പുകള്‍ ശബ്ദവിചീകളായി കാട്ടില്‍ അലയടിച്ചെങ്കിലും പരീക്ഷിത്ത് അതൊന്നും ചെവിക്കൊണ്ടില്ല. ലക്ഷ്യത്തിലേക്ക് ഭ്രാന്തമായി ചുവടുകള്‍ വയ്ക്കുന്ന യാത്രികനായിരുന്നു അദ്ദേഹം. വരും വരാഴികളും പ്രത്യാഘാതങ്ങളും വീണ്ടുവിചാരങ്ങളുമില്ലാത്ത ഉന്മാദി.
രാജാവിനെ കാല്‍നടയായി പിന്‍തുടരാമെന്ന് കരുതി വിഭീഷണന്‍ മുന്നോട്ടാഞ്ഞു. പക്ഷെ അയാള്‍ക്ക് ചലിക്കാന്‍ കഴിഞ്ഞില്ല. നിരന്തര യാത്രയുടെ ക്ഷീണവും മാനസിക സംഘര്‍ഷവും മൂലം തലചുറ്റുന്നതായി അയാള്‍ക്ക് തോന്നി. തേരിലെ ജലസംഭരണി എടുത്ത് വെളളം കുടിക്കാന്‍ പോലും ശേഷിയില്ലാതെ അയാള്‍ പുല്ലില്‍ കുഴഞ്ഞുവീണു.
പിന്നാലെ വന്നവര്‍ എവിടെയെന്ന് പോലും നിശ്ചയമില്ല. ദിക്കറിയാതെ എങ്ങോട്ട് പോകണമെന്ന് നിശ്ചയമില്ലാതെ അവര്‍ വിഷമിക്കുകയാവുമെന്ന് അയാള്‍ക്ക് തോന്നി.
പരീക്ഷിത്ത് ക്ഷീണം അറിഞ്ഞില്ല. തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ് പുളളിമാന്‍ ഇപ്പോള്‍. അദ്ദേഹം വില്ലില്‍ നിന്നും ഒരു അമ്പ് എടുത്ത് തൊടുത്തു. അത് മുന്നോട്ട് പോകും മുന്‍പ് മാന്‍ വീണ്ടും മറ്റൊരു ദിക്കിലേക്ക് വഴിമാറി. അമ്പ് ഒരു മരത്തില്‍ തറച്ച് വിറയലോടെ നിന്നു. പരീക്ഷിത്ത് ആത്മനിന്ദ കൊണ്ട് വീണ്ടും അലറി.
മാനിന് നേരെ അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞു. കുലവും സ്ഥാനവും മറന്നു.
ഇപ്പോള്‍ ഒരു നടുക്കത്തോടെ അദ്ദേഹം തിരിച്ചറിഞ്ഞു. മാന്‍ തന്റെ ദൃഷ്ടിപഥത്തിനപ്പുറം എവിടെയോ പോയ് മറഞ്ഞിരിക്കുന്നു.
പരീക്ഷിത്തിന് കടുത്ത നിരാശയും ദേഷ്യവും തോന്നി. നിസാരനായ ഒരു മാന്‍ ഹസ്തിനപുരിയുടെ അധിപതിയായ തന്നെ കബളിപ്പിച്ച് രക്ഷപ്പെട്ടിരിക്കുന്നു. ഛേ....അയാള്‍ക്ക് അയാളോട് തന്നെ അവമതിപ്പ് തോന്നി. കേവലം ഒരു മാന്‍കുഞ്ഞിനെ പോലും കീഴ്‌പെടുത്താന്‍ ശേഷിയില്ലാത്ത ശപ്പന്‍ ഹസ്തിനപുരിയുടെ അധികാരി ചമഞ്ഞ് നടക്കുന്നു. ഇനി എന്ത് ചെയ്യണമെന്നറിയാതെ അദ്ദേഹം ആദ്യം കണ്ട പാറയില്‍ തളര്‍ന്നിരുന്നു. വല്ലാത്ത ക്ഷീണവും പരവേശവും അനുഭവപ്പെട്ടു. ദാഹമാണ് സഹിക്കാനാവാത്തത്. ഒരു തുളളി വെളളം കിട്ടിയാല്‍ മതിയായിരുന്നു. പരീക്ഷിത്ത് തല ഉയര്‍ത്തി ചുറ്റും നോക്കി. അവിടെയെങ്ങും ഒരു തെളിനീരുറവ കണ്ടില്ല. നിറയെ മരങ്ങളും സസ്യങ്ങളും നിറഞ്ഞ ഇടമെങ്കിലും മരുഭൂമി പോലെ വരണ്ടതും ജലരഹിതവുമായിരുന്നു ആ ഭൂവിഭാഗം. പകല്‍സമയമായിട്ടും കടുത്ത ഇരുട്ടില്‍ മങ്ങിക്കിടക്കുന്ന ഗൂഢവും വന്യവും ഭയാനകവുമായ ഒരിടം.
പരീക്ഷിത്ത് പിന്‍തിരിഞ്ഞു നോക്കി. വിഭീഷണനും കുതിരകളും തേരും എവിടെ?
ഒരു മടങ്ങിപ്പോക്കിനുളള ശേഷി അയാള്‍ക്കുണ്ടായില്ല. അത്രമേല്‍ തീക്ഷ്ണമായ ക്ഷീണം ശരീരവും മനസും തളര്‍ത്തിക്കളയുന്നു.
ഏതാണ് ഈ കാട്? മുന്‍പൊരിക്കലും അന്ധകാര നിബിഢമായ ഇങ്ങനെയൊരു കൊടുംകാട്ടില്‍ താന്‍ വന്നുപെട്ടിട്ടില്ല. മടങ്ങിപ്പോകാനുളള വഴികള്‍ പോലും അറിയാന്‍ കഴിയുന്നില്ല. അതിലുപരി കടുത്ത ക്ഷീണം കൊണ്ട് ഒരു ചുവട് മുന്നോട്ട് വയ്ക്കാന്‍ കഴിയുന്നില്ല. അപമാനിക്കപ്പെട്ടതിന്റെ മനോവ്യഥ വേറെ. കേവലം ഒരു മിണ്ടാപ്രാണിയില്‍ നിന്നാണെങ്കിലും പരാജയത്തിന്റെ രുചി അറിയുന്നത് ജീവിതത്തില്‍ ആദ്യമായാണ്. ഇനിയെന്ത് എന്നറിയാതെ പരീക്ഷിത്ത് ചുറ്റും പകച്ചു നോക്കി. പൂമരങ്ങളും വളളിച്ചെടികളും മാത്രം നിറഞ്ഞ കൊടുംകാട്. മുന്നിലും പിന്നിലും ഇടത്തും വലത്തും വീതികുറഞ്ഞ ഒരുപാട് ചെറുവഴികള്‍. പല വഴിയിലൂടെയും നടന്നു നോക്കി. പലതും അവസാനിക്കുന്നത് ചെങ്കുത്തായ പാറക്കെട്ടുകളിലാണ്. അതിനപ്പുറം നടപ്പാതകളില്ല. എങ്ങും വളളികള്‍ പടര്‍ന്ന് ചുറ്റി മൂടിയിരിക്കുന്നു. ഒരു രക്ഷപ്പെടല്‍ അസാധ്യമെന്ന് തോന്നും വിധം ഭീതിദമാണ് സ്ഥിതി.
ഇതൊക്കെയാണെങ്കിലും അതീവശാന്തമായിരുന്നു അന്തരീക്ഷം. കാട്ടുമൃഗങ്ങളെയൊന്നും കാണ്‍മാനില്ല. പ്രാണികള്‍ പോലും എങ്ങുമുളളതായി തോന്നിയില്ല. പക്ഷികള്‍ പറക്കുന്നില്ല. എല്ലാ അര്‍ത്ഥത്തിലും പ്രശാന്ത സുന്ദരമായ ഒരിടം. പക്ഷെ ഭീതിപ്പെടുത്തുന്ന ഗൂഢാത്മകത ഓരോ ഇഞ്ചിലും നിറഞ്ഞു നില്‍ക്കുന്നു. അവിടെ നിന്നും പുറത്ത് കടക്കുക പ്രയാസമെന്ന് തോന്നിക്കും വിധം അടഞ്ഞ വഴിത്താരകള്‍. ഇടയ്ക്ക് വച്ച് അവസാനിക്കുന്ന മണ്‍പാതകള്‍. പുറത്ത് കടക്കാനാവാത്ത വിധം വലിയൊരു വ്യൂഹത്തില്‍ അകപ്പെട്ട പ്രതീതി. പെട്ടെന്ന് അച്ഛനെ ഓര്‍മ്മ വന്നു. രക്ഷപ്പെടാന്‍ പഴുതുകളില്ലാതെ അതിനുള്ള വഴിയറിയാതെ ചക്രവ്യൂഹത്തില്‍ കിടന്ന് ശ്വാസം മുട്ടിയ അച്ഛന്‍. വിധി ഇവിടെ മറ്റൊരു തലത്തില്‍ ആവര്‍ത്തിക്കുകയാണോ?
അറിയില്ല. അല്ലെങ്കില്‍ തന്നെ മനുഷ്യാവസ്ഥയെക്കുറിച്ച് ആര്‍ക്ക് എന്ത് അറിയാം?
ഓരോ നിമിഷവും അനിശ്ചിതത്വം മാത്രം. അപ്രതീക്ഷിത വഴിത്തിരിവുകള്‍ കൊണ്ട് അത്ഭുതപ്പെടുത്തുന്ന ജീവിതം.
ഇപ്പോള്‍ ഏകാന്തതയുടെ, ഒറ്റപ്പെടലിന്റെ അപൂര്‍വാനുഭവം സമ്മാനിച്ച് നമ്മെ വിസ്മയിപ്പിക്കുന്നു. ഉത്തരവ് കാത്തുനില്‍ക്കാന്‍ അനുചരന്‍മാരില്ല. ആപത്തില്‍ തുണയാകാന്‍ അംഗരക്ഷകരില്ല. സുരക്ഷാഭടന്‍മാരില്ല. എല്ലാ അര്‍ത്ഥത്തിലും താന്‍ തനിയെ...തനിയെ...
എന്ത് തന്നെയായാലും ഒരിറ്റ് ജലം കുടിക്കണം. ഇല്ലെങ്കില്‍ ദാഹം കൊണ്ട് താനിപ്പോള്‍ മരിച്ചുവീഴുമെന്ന് തോന്നി. അത്രയ്ക്കുണ്ട് പരവേശം. തളരുന്ന ദേഹം പണിപ്പെട്ട് ഉയര്‍ത്തി പരീക്ഷിത്ത് വീണ്ടും മെല്ലെ നടന്നു. നേര്‍ത്ത തെളിനീരുറവയുടെ അംശം എവിടെയെങ്കിലും പതിയിരിക്കുന്നുവോ? എല്ലാ ദിക്കിലും നോക്കി. ഒരിടത്തും ജലത്തിന്റെ കണിക പോലും കാണാന്‍ കഴിഞ്ഞില്ല. നിരാശയും ദുഖവും ഭയവും ഇച്ഛാഭംഗവും ക്ഷീണവും ദാഹവും എല്ലാം ചേര്‍ന്ന് ജീവിതം തന്നെ മടുത്തു പോയ അവസ്ഥയിലെത്തി കുറച്ച് മുന്‍പ് വരെ ആഹ്‌ളാദത്തേരില്‍ നിറഞ്ഞാടിയ മഹാരാജാവ്.
കുഴഞ്ഞു വീഴുമെന്ന് ഭയന്നിട്ടും അദ്ദേഹം ഒത്തിയൊത്തി ദീര്‍ഘദുരം നടന്നു. എവിടെയെങ്കിലും ഒരു ജലസ്രോതസ് ഒളിഞ്ഞിരിക്കുന്നുവോ? ഇല്ല. എങ്ങും അങ്ങിനെയൊന്ന് കാണാന്‍ കഴിയുന്നില്ല.
എന്നിട്ടും പ്രതീക്ഷ നഷ്ടപ്പെടാത്ത മനസുമായി നടന്നു. കുറച്ച് മുന്‍പോട്ട് ചെന്നപ്പോള്‍ പനയോല കൊണ്ട് മേഞ്ഞ ഒരു വളളിക്കുടില്‍ കണ്ടു. അതിനുള്ളിലേക്ക് പതുക്കെ തലചായ്ച്ച് നോക്കി. പഞ്ഞിക്കെട്ട് പോലെ നരച്ച് നീണ്ട താടിയുമായി ധ്യാനനിമഗ്നനായിരിക്കുന്ന ഒരു സന്ന്യാസി. പരീക്ഷിത്തിന്റെ മനസില്‍ പ്രതീക്ഷയുടെ പരാഗരേണുക്കള്‍ പറന്നു. മനുഷ്യസാന്നിദ്ധ്യമുളള സ്ഥിതിക്ക് ഇവിടെ അടുത്ത് എവിടെയെങ്കിലും ഒരു ജലസ്രോതസ് ഉണ്ടാവും.
പക്ഷെ ഈ മുനിശ്രേഷ്ഠനെ മുന്‍പ് കണ്ട പരിചയം തോന്നുന്നില്ല. അദ്ദേഹം കഠിനതപസ്യയിലാണെന്ന് വ്യക്തം. ചുമച്ച് ശബ്ദമുണ്ടാക്കിയിട്ടും കരിയിലകളില്‍ അമര്‍ത്തി ചവുട്ടിയിട്ടും കേട്ടഭാവമില്ല. ഒരുപക്ഷെ ധ്യാനത്തിന്റെ പാരമ്യതയില്‍ ഏകാഗ്രതപസില്‍ മുഴുകിയിരിക്കുന്ന താപസന്‍ ചുറ്റുപാടുകള്‍ അറിയണമെന്നില്ല. അത് ആഗ്രഹിക്കുന്ന താനാണ് വിഢി. അദ്ദേഹത്തെ ഉണര്‍ത്താതെ സ്ഥലം വിടുകയാണ് ഉചിതം. പക്ഷെ ഇവിടെ ആവശ്യക്കാരന്‍ താനാണ്. ഇനിയും ദാഹജലം കിട്ടിയില്ലെങ്കില്‍ താന്‍ ഈ വളളിപ്പടര്‍പ്പുകള്‍ക്കിടയില്‍ തളര്‍ന്നു വീഴും. അങ്ങനെ ആരുടെയും ശ്രദ്ധയില്‍ പെടാതെ മരിച്ചു പോകും. അത് സംഭവിക്കാന്‍ പാടില്ല. യുഗയുഗാന്തരങ്ങളോളം ജീവിക്കാന്‍ കൊതിച്ച് അതിനായി ആഹ്‌ളാദനിര്‍ഭരമായ മനസ് തേടി നായാട്ടിന് വന്ന താന്‍ അകാലത്തില്‍ കഥാവശേഷനാവുകയോ? ഇല്ല. അത് സംഭവിക്കാന്‍ അനുവദിക്കരുത്.
പരീക്ഷിത്ത് പതുക്കെ നടന്ന് സന്ന്യാസിയുടെ അടുത്തെത്തി. ശമീകമുനിയുടെ അതേ ഛായയുളള സന്ന്യാസി. അദ്ദേഹം ഈശ്വരനില്‍ പരിപൂര്‍ണ്ണമായി മനസര്‍പ്പിച്ച് കഠിന തപസ്സിലാണ്. അത് മനസിലായിട്ടും മറ്റ് പോംവഴിയില്ലാതെ പരീക്ഷിത്ത് പതുക്കെ ആ ചുമലില്‍ പിടിച്ച് കുലുക്കി. അദ്ദേഹം പാറപോലെ അചഞ്ചലനായി നിലകൊണ്ടതല്ലാതെ പ്രതികരണമുണ്ടായില്ല.
'മഹാത്മന്‍..കുടിവെളളം എവിടെ ലഭിക്കുമെന്ന് മൊഴിഞ്ഞാലും...'
ശമീകമഹര്‍ഷി പ്രതിവചിച്ചില്ല.
പരീക്ഷിത്ത് പല തവണ ആവര്‍ത്തിച്ചിട്ടും ശമീകന്‍ പ്രതികരിച്ചില്ല.
'മഹാത്മന്‍...ഇനിയും കുടിവെളളം കിട്ടിയില്ലെങ്കില്‍ ഞാന്‍ അങ്ങയുടെ മുന്നില്‍ തളര്‍ന്നു വീണ് മരിക്കും. അതുകൊണ്ട് ദയവുചെയ്ത് സഹായിച്ചാലും..'
അതേ വാക്കുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചിട്ടും ശമീകമഹര്‍ഷി കേട്ട ഭാവം നടിച്ചില്ല.
ഏകാഗ്രതയുടെ പാരമ്യതയില്‍ നിലകൊണ്ട അദ്ദേഹത്തിന് ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ജലപാനം പോലുമില്ലാതെയായിരുന്നു തപസ്യ. ഇടയ്ക്ക് എപ്പോഴെങ്കിലും ധ്യാനത്തില്‍ നിന്നുണരുമ്പോള്‍ പതുക്കെ നടന്ന് കാടിനപ്പുറത്തുളള പുല്‍മേട്ടിലേക്ക് പോകും. അവിടെ മേഞ്ഞു നടക്കുന്ന പൈക്കിടാങ്ങള്‍ തളളപ്പശുവിന്റെ അകിടില്‍ നിന്നും പാല്‍കുടിക്കുന്നത് കാണും. കിടാങ്ങളുടെ വായില്‍ നിന്ന് പുറത്തേക്ക് നിര്‍ഗമിക്കുന്ന പാല്‍പ്പത മാത്രമായിരുന്നു ശമീകന്റെ ഭക്ഷണം. ദാഹമകറ്റി വീണ്ടും വന്ന് തപസില്‍ മുഴുകും.
പരീക്ഷിത്തിന് അതൊന്നും അറിയുമായിരുന്നില്ല.
അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ പലകുറി താന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഒട്ടും വില കല്‍പ്പിക്കാതെ സന്ന്യാസി മൗനം പാലിക്കുകയാണ്. കേള്‍ക്കാത്ത മട്ട് നടിക്കുകയാണ്. അത് തന്നോടുളള അവഗണനയാണ്. ബോധപൂര്‍വമായ അപമാനിക്കലാണ്. ഒരു പുഴുവിന്റെ പോലും വിലകല്‍പ്പിക്കാത്തതു കൊണ്ടാണ് ഇദ്ദേഹം തന്നെ കാണാത്ത മട്ട് നടിക്കുന്നത്.
ആരാണ് താനെന്ന് ഇയാള്‍ക്കറിയുമോ? ഹസ്തിനപുരിയുടെ ചക്രവര്‍ത്തി. ചന്ദ്രവംശത്തിന്റെ അനന്തരാവകാശി, വില്ലാളി വീരനായ അര്‍ജുനന്റെ പൗത്രന്‍, ആത്മാഭിമാനിയായ അഭിമന്യുവിന്റെ പുത്രന്‍...അങ്ങനെയുളള തന്നെയാണ് ഇയാള്‍ തൃണവത്കരിക്കുന്നത്.
സ്വതവെ അക്ഷമനായ പരീക്ഷിത്തില്‍ രോഷം ഇരച്ചു കയറി. വില്ല് കുലച്ച് ഒരമ്പ് എയ്ത് തല്‍ക്ഷണം അഹങ്കാരിയായ ഈ താപസനെ അവസാനിപ്പിച്ചാലോ എന്ന് തോന്നി. പിന്നെ മനുഷ്യഹത്യയുടെ പാപം ഭയന്ന് സ്വയം പിന്‍തിരിഞ്ഞു.താന്‍ എത്ര കേണ് അപേക്ഷിച്ചാലും ഇദ്ദേഹം കനിയില്ലെന്ന് ബോധ്യപ്പെട്ട നിമിഷം പരീക്ഷിത്ത് കുടില്‍ വിട്ട് പുറത്തിറങ്ങി.
അടുത്ത ദിക്കിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് തൊട്ടുമുന്നിലായി ചത്തു കിടക്കുന്ന പാമ്പിനെ കണ്ടത്. ജീവനുളള സര്‍പ്പം അനങ്ങാതെ കിടക്കുകയാണോയെന്ന് ശങ്കിച്ചു. വില്ലുകൊണ്ട് തട്ടിനോക്കിയപ്പോള്‍ ചലനമില്ലെന്ന് ബോധ്യപ്പെട്ടു. ഉണങ്ങിപ്പിടിച്ച രക്തക്കറ അതിന്റെ ദേഹത്തുണ്ട്. പെട്ടെന്ന് മിന്നായം പോലൊരു ചിന്ത മനസിലൂടെ കടന്നു പോയി. തന്നെ അപമാനിച്ച അഹങ്കാരിയായ സന്ന്യാസിയെ ഒരു പാഠം പഠിപ്പിക്കണം. കൂടുതല്‍ ആലോചിച്ചില്ല. വില്ലുകൊണ്ട് പാമ്പിനെ തോണ്ടിയെടുത്ത് വീണ്ടും കുടിലില്‍ കടന്ന് സന്ന്യാസിയുടെ തോളിലേക്ക് വളച്ചിട്ടു. പിന്നെ തെല്ലകലെ മാറി നിന്ന് ആ കാഴ്ച നോക്കി രസിച്ച് ഉറക്കെ പൊട്ടിച്ചിരിച്ചു. ചത്തതിന് ഒക്കുമേ ജീവിച്ചിരിക്കിലും എന്ന ഭാവത്തില്‍ കഴിയുന്ന ഇയാളെ പരിഹസിക്കാനും അപമാനിക്കാനും ഇതിലും നല്ലൊരു മാര്‍ഗമില്ലെന്ന് പരീക്ഷിത്തിന് തോന്നി. ഇതൊക്കെയായിട്ടും ശമീകന്‍ കണ്ണു തുറന്നില്ല. തോള്‍ പോലും ചലിച്ചില്ല. അദ്ദേഹം ഈശ്വരാര്‍പ്പിതമായി പൂര്‍ണ്ണ ഏകാഗ്രതയോടെ ധ്യാനത്തില്‍ മുഴുകിയിരുന്നു.
പരീക്ഷിത്ത് അല്‍പ്പസമയം കൂടി ആ കാഴ്ച ആസ്വദിച്ച് നിന്നു. പകവീട്ടിയതിന്റെ താത്കാലികസംതൃപ്തിയില്‍ അദ്ദേഹം ഒരു നിമിഷം ദാഹത്തിന്റെ കാഠിന്യം മറന്നു. പിന്നെ കുടിവെളളം തേടി അടുത്ത ദിക്കിലേക്ക് നടന്നു.
മുനി അപ്പോഴും ചത്ത പാമ്പ് തൂങ്ങുന്ന ചുമലുമായി ധ്യാനനിമീലിതനായി ഇരുന്നു.
അദ്ദേഹത്തിന്റെ സാത്ത്വികമായ അധരങ്ങള്‍ ദലമര്‍മ്മരം പോലെ പതുക്കെ ചലിച്ചുകൊണ്ടേയിരുന്നു.
ഓം...നമ ശിവായ...
ഓം...നമ...ശിവായ...
ഓം...നമ...ശിവായ..
(തുടരും)
Content Summary: Paramapadam, Episode 04, e novel written by Sajil Sreedhar