ജീവന്റെ വില, അതിന്റെ പിടച്ചിലുകള്‍ അയാളുടെ തലമുറകളും അറിയണം; അരുതേയെന്ന് അവൾ കെഞ്ചിയിട്ടും...
പ്രജകള്‍ വാവിട്ട് നിലവിളിച്ചു. ഭക്ഷണം ഉപേക്ഷിച്ചു. പ്രാര്‍ഥനയും വഴിപാടുകളുമായി കഴിച്ചുകൂട്ടി. തങ്ങളിലൊരാളായി ജനങ്ങളിലേക്ക് ഇറങ്ങി വന്നിരുന്ന മഹാരാജാവിനെ ഒരു നോക്ക് കാണാനുളള അവസരം നിഷേധിക്കപ്പെട്ടു. എന്നിട്ടും അവര്‍ കൊട്ടാരത്തിന് പുറത്ത് പ്രതീക്ഷയോടെ കാത്തു നിന്നു.
പ്രജകള്‍ വാവിട്ട് നിലവിളിച്ചു. ഭക്ഷണം ഉപേക്ഷിച്ചു. പ്രാര്‍ഥനയും വഴിപാടുകളുമായി കഴിച്ചുകൂട്ടി. തങ്ങളിലൊരാളായി ജനങ്ങളിലേക്ക് ഇറങ്ങി വന്നിരുന്ന മഹാരാജാവിനെ ഒരു നോക്ക് കാണാനുളള അവസരം നിഷേധിക്കപ്പെട്ടു. എന്നിട്ടും അവര്‍ കൊട്ടാരത്തിന് പുറത്ത് പ്രതീക്ഷയോടെ കാത്തു നിന്നു.
പ്രജകള്‍ വാവിട്ട് നിലവിളിച്ചു. ഭക്ഷണം ഉപേക്ഷിച്ചു. പ്രാര്‍ഥനയും വഴിപാടുകളുമായി കഴിച്ചുകൂട്ടി. തങ്ങളിലൊരാളായി ജനങ്ങളിലേക്ക് ഇറങ്ങി വന്നിരുന്ന മഹാരാജാവിനെ ഒരു നോക്ക് കാണാനുളള അവസരം നിഷേധിക്കപ്പെട്ടു. എന്നിട്ടും അവര്‍ കൊട്ടാരത്തിന് പുറത്ത് പ്രതീക്ഷയോടെ കാത്തു നിന്നു.
അധ്യായം 7 - പ്രതികാരാഗ്നി
ഹസ്തിനപുരി ഒരു സങ്കടക്കടലായി.
കാതോട് കാതോരം പകര്‍ന്ന് രാജാവിന്റെ മേല്‍ നിപതിച്ച ശാപവാര്‍ത്ത രാജ്യമെങ്ങും പരന്നു.
പ്രജകള്‍ വാവിട്ട് നിലവിളിച്ചു. ഭക്ഷണം ഉപേക്ഷിച്ചു. പ്രാര്‍ഥനയും വഴിപാടുകളുമായി കഴിച്ചുകൂട്ടി. തങ്ങളിലൊരാളായി ജനങ്ങളിലേക്ക് ഇറങ്ങി വന്നിരുന്ന മഹാരാജാവിനെ ഒരു നോക്ക് കാണാനുളള അവസരം നിഷേധിക്കപ്പെട്ടു. എന്നിട്ടും അവര്‍ കൊട്ടാരത്തിന് പുറത്ത് പ്രതീക്ഷയോടെ കാത്തു നിന്നു. ചിലര്‍ ചങ്ങാടങ്ങളിലും വഞ്ചികളിലും പുറംകടലില്‍ ഇറങ്ങി. മാളികവീടിന്റെ കിളിവാതിലിലൂടെ ആ മുഖം ഒരു മിന്നായം പോലെ പുറത്തേക്കെങ്ങാനും നീളുന്നുണ്ടോ? അവര്‍ രാജാവിന്റെ ശ്രദ്ധ ക്ഷണിക്കാനായി ഉച്ചത്തില്‍ ആര്‍പ്പു വിളിച്ചു.
രാജാവിന്റെ സുരക്ഷ മുന്‍നിര്‍ത്തി ആളുകള്‍ കൂട്ടം കൂടുന്നത് ഉപേക്ഷിക്കണമെന്ന് സൈനികര്‍ നിര്‍ദ്ദേശിച്ചു. കൂട്ടത്തില്‍ അന്യരായ ആരെങ്കിലും കടന്നു കൂടിയിട്ടുണ്ടെങ്കില്‍ ആപത്താണ്. ജനങ്ങള്‍ ആ നിര്‍ദ്ദേശം ശിരസാ വഹിച്ചു. അവര്‍ക്ക് മറ്റെന്തിനേക്കാള്‍ പ്രധാനം ഇപ്പോള്‍ രാജാവിന്റെ ജീവനാണ്. ഹസ്തിനപുരിയുടെ ചരിത്രത്തില്‍ ഇന്നോളം ഇത്രയൂം പ്രജാക്ഷേമ തത്പരനായ ഒരു ഭരണാധികാരി ഉണ്ടായിട്ടില്ല. വ്യക്തി താത്പര്യങ്ങള്‍ക്ക് ലവലേശം പ്രാധാന്യം നല്‍കാതെ ജനങ്ങള്‍ക്ക് വേണ്ടി മാത്രം ജീവിച്ച രാജാവ്.
നികുതിപ്പണം അടിസ്ഥാനവര്‍ഗത്തിന്റെ അഭ്യുന്നതിക്ക് മാത്രം എന്ന സിദ്ധാന്തം ഉയര്‍ത്തിപ്പിടിച്ച മഹാനായ ഭരണാധികാരി. അദ്ദേഹത്തെ നഷ്ടപ്പെടുക എന്നത് അചിന്ത്യമാണ്. ജനങ്ങള്‍ തന്നെ രാജാവിനു സുരക്ഷാവലയം തീര്‍ത്തു. പുറം നാടുകളില്‍ നിന്ന് ഒരീച്ച പോലും രാജ്യാതിര്ത്തിക്കുളളില് കടക്കാത്ത വിധം അവര്‍ പ്രതിരോധം തീര്‍ത്തു.
ആ സ്നേഹം കേട്ടറിഞ്ഞ് പരീക്ഷിത്തിന്റെ ഹൃദയം നിറഞ്ഞു. തന്റെ ജന്മം ധന്യമായെന്ന് അദ്ദേഹത്തിനു തോന്നി. അധികാരം താത്കാലിക നേട്ടങ്ങള്‍ക്കുളള ഉപാധിയല്ല. അത് ചരിത്രത്തില്‍ നമ്മെ അനശ്വരനായി നിലനിര്‍ത്തേണ്ട മഹനീയ ദൗത്യമാണ്. ഇവിടെ ജനങ്ങളില്‍ ഓരോരുത്തരും രാജാവിന്റെ ജീവന് പകരം തങ്ങളുടെ ജീവന് വാഗ്ദാനം ചെയ്യുന്നു. ജനകോടികള്‍ ഇങ്ങനെ സ്നേഹിക്കുന്നതില്‍ പരം എന്ത് പുണ്യമാണ് തനിക്ക് വേണ്ടത്? ഓരോ തവണ അതേക്കുറിച്ച് ഓര്‍ക്കുമ്പോഴും ആനന്ദാതിരേകത്താല്‍ രാജാവിന്റെ കണ്ണുകള്‍ നിറഞ്ഞു.
പാല്‍ക്കഞ്ഞിയുമായി കടന്നു വന്ന മാദ്രി അതുകണ്ട് വിഷമിച്ചു. 'അങ്ങയുടെ കണ്ണുകള്‍ സജലങ്ങളായിരിക്കുന്നല്ലോ?''
'സന്തോഷം കൊണ്ടാണ് ഭവതി. ജനങ്ങള്‍ എത്രമാത്രം ആഴത്തില്‍ നമ്മെ സ്നേഹിക്കുന്നു. മറ്റേതെങ്കിലുമൊരു ഭരണാധികാരിക്ക് ഇങ്ങനെയൊരു സൗഭാഗ്യം ഉണ്ടായിട്ടുണ്ടോ?'
ഭര്‍ത്താവിന്റെ സന്തോഷം കണ്ട് മാദ്രിയുടെ മനസ് നിറഞ്ഞു. അവള് സൗമ്യമായി പുഞ്ചിരിച്ചു. പരീക്ഷിത്ത് അവളുടെ കരങ്ങളില്‍ നിന്നും പാല്‍ക്കഞ്ഞി വാങ്ങി രുചിയോടെ കഴിച്ച് പാത്രം മടക്കി കൊടുത്തു.
'എവിടെ ജനമേജയന്...?' അദ്ദേഹം ആരാഞ്ഞു.
'അവന് ഗുരുജിക്കൊപ്പം ചതുരംഗം കളിക്കുന്നു'
'ഉവ്വോ...ഗുരുജിയോട് എതിരിടാന്‍ മാത്രം വളര്‍ന്നുവോ...അവന്..'. പരീക്ഷിത്തിന്റെ മുഖത്ത് അഭിമാനം വിളങ്ങി.
'ഇത് മൂന്നാം തവണയാണ് അവന് ഗുരുജിയെ അടിയറവ് പറയിക്കുന്നത്'
രാജാവിന്റെ കണ്ണുകള്‍ തിളങ്ങി.
തന്നേക്കാള്‍ സമര്‍ഥനായ ഒരു പിന്‍ഗാമിയെ അദ്ദേഹം അവനില്‍ കണ്ടു. മുളയിലേ അറിയാം മുളക്കരുത്ത്.
പുറമെ ഭാവിച്ചില്ലെങ്കിലും തന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് മനസ് അദ്ദേഹത്തോട് പറഞ്ഞു. ചില ദുര്നിമിത്തങ്ങളില് നിന്ന് അത് വ്യക്തമാണ്. മനസിന് വിഷമം തട്ടേണ്ടെന്ന് കരുതി സംവര്‍ത്തകന്റെ മരണം മാദ്രിയും ഗുരുജിയും പരീക്ഷിത്തില്‍ നിന്ന് ഒളിപ്പിച്ചിരുന്നു. എന്നിട്ടും കാണുന്ന ഓരോ കാഴ്ചകളില്‍ നിന്നും അയാള്‍ തന്റെ വിധി വായിച്ചു.
ഒരിക്കലും സീമന്തരേഖയില്‍ കുങ്കുമം ചാര്‍ത്താന്‍ മറക്കാത്ത മാദ്രി ഈയിടെയായി പലകുറി അത് മറന്നു. ഉച്ചയുറക്കം കഴിഞ്ഞ് എണീറ്റ അവളുടെ താലി സ്ഥാനം തെറ്റി സപ്രമഞ്ചക്കട്ടിലിന്റെ ചിത്രപ്പണിയില്‍ ഉടക്കിയത് പരീക്ഷിത്തിനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. മാദ്രി വൈധവ്യത്തിലേക്കുളള യാത്രയുടെ മുന്നൊരുക്കങ്ങളിലാണെന്ന് ആ മനസ് ശങ്കിച്ചു. മാദ്രി അതൊന്നും പുറമെ ഭാവിച്ച് കണ്ടില്ല. ഒരുപക്ഷെ അവളുടെ ഉളളില്‍ തന്നേക്കാള്‍ തീവ്രവേദന ഉണ്ടാവാം. തനിക്ക് ദുഖഹേതുവാകരുതെന്നു കരുതി എല്ലാം ബോധപൂര്‍വം അടക്കി പിടിക്കുന്നതാവാം.
ജീവിതത്തില്‍ വിലപ്പെട്ട എല്ലാ അവസ്ഥകളിലൂടെയും താന്‍ കടന്നു പോയി. നല്ല ഭക്ഷണം, നല്ല വസ്ത്രങ്ങള്‍, ഉയര്‍ന്ന പദവികള്‍, സുന്ദരികളായ തരുണികള്‍, മനോമോഹനമായ യാത്രകള്‍...ലൗകിക ജീവിതത്തില്‍ ഇനി അനുഭവിക്കാന്‍ ബാക്കിയൊന്നുമില്ല.
ഈ നിമിഷം ഈ ലോകം വിട്ടു പോകേണ്ടി വന്നാലും അക്കാര്യത്തില്‍ നിരാശയ്ക്ക് വകയില്ല. പക്ഷെ ഒന്ന് മാത്രം തന്നെ വേദനിപ്പിക്കുന്നു. രാജ്യകാര്യങ്ങളുടെ തിരക്കിനിടയില്‍ ആഗ്രഹിച്ച അത്ര സമയം കുടുംബത്തിനായി മാറ്റി വയ്ക്കാന്‍ കഴിഞ്ഞില്ല. ജനമേജയന്റെ വളര്‍ച്ചയുടെ ഓരോ പടവുകളും കണ്ട് സന്തോഷിക്കാന്‍ തന്റെയുളളിലെ അച്ഛന് ആഗ്രഹിച്ചിരുന്നു.
തന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ കാണാന്‍ പിതാവിന് ഭാഗ്യമുണ്ടായില്ല. താന്‍ ജനിക്കും മുന്‍പേ അദ്ദേഹം ഈ ലോകം വിട്ടുപോയി. അത്രത്തോളമില്ലെങ്കിലും ജനമേജയന് കൗമാരത്തിന്റെ സന്ത്രാസങ്ങളിലേക്കു പദമൂന്നും മുന്‍പ് അവന്റെ പിതാവും വിടപറയുക? ഈശ്വരാ...ചിന്തിക്കുമ്പോള്‍ തന്നെ ഉളള് പിടയുന്നു. ചിന്തകളെ തടഞ്ഞു നിര്‍ത്താന്‍ എല്ലാവരും ഉപദേശിക്കുന്നു. പക്ഷെ എങ്ങനെ..?
ആര്‍ക്കും അറിയില്ല. ഉത്തരമില്ലാത്ത ചോദ്യമാണത്. മനസ് തിരമാലകള്‍ പോലെയാണ്. ഒന്നൊഴിയാതെ തീരത്ത് വന്ന് തല്ലും. ചെറുതും വലുതുമായ ചിന്തകള്‍. ഓരോന്നിന്റെയും പ്രഹരശേഷിക്ക് ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് മാത്രം. ഉറങ്ങാന്‍ ശ്രമിച്ച് കണ്ണടച്ചു കിടന്നാലും ക്ഷണിക്കാതെ കടന്നു വന്ന അതിഥിയെ പോലെ ചിന്തകള്‍ വന്ന് പൊതിയും.
പലപ്പോഴും അത്ഭുതം തോന്നും. മനുഷ്യന് എത്രമേല്‍ ആസക്തിയോടെയാണ് ജീവിതത്തെ വാരിപ്പുണരുന്നത്. ജീവന് നിലനില്ക്കാന് കൊതിക്കുന്നത്. ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ശതവര്‍ഷം മുഴുവന്‍ സുഖസുന്ദരമായി ജീവിച്ചാലും പിന്നെയും അവശേഷിക്കുന്നു മറ്റൊരു ശതവര്ഷത്തിനായുളള ആഗ്രഹം. അങ്ങനെ നോക്കിയാല്‍ എല്ലാവര്ക്കും ചിരഞ്ജീവികളാകണം. അങ്ങനെ ഈ ലോകം മനുഷ്യരെക്കൊണ്ട് നിറയും. ആളുകള്‍ക്ക് താമസിക്കാന്‍ പാര്‍പ്പിടവും ധരിക്കാന്‍ വസ്ത്രവും കഴിക്കാന്‍ ഭക്ഷണവും ഇല്ലാതെ വരും. അങ്ങനെ നെട്ടോട്ടമോടുന്ന ജനതയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ പരീക്ഷിത്തിന് ചിരി വന്നു.
താടിയും മുടിയും നരച്ച് ദേഹമാസകലം ചുളിവുകള്‍ വീണ വന്ദ്യവയോവൃദ്ധര് മേഞ്ഞു നടക്കുന്ന തെരുവുകള്‍.
അങ്ങനെയൊക്കെ സമാശ്വസിക്കുമ്പോഴും പാതിവഴിയില്‍ വച്ച് ഈ ലോകത്തോട് വിട പറയാനുളള വൈമുഖ്യം അദ്ദേഹത്തെ വേദനിപ്പിച്ചു. ഏത് വിധേനയും ഈ പരീക്ഷണഘട്ടത്തില്‍ നിന്ന് രക്ഷപ്പെടണം. സുരക്ഷാക്രമീകരണങ്ങള്‍ക്കൊപ്പം ഈശ്വരചിന്തയെ മുറുകെ പിടിക്കണം. എന്നാലും...
എപ്പോഴും ഒരു എന്നാലും ബാക്കി നില്ക്കുന്നു. എന്തൊക്കെ പ്രതിരോധ കവചങ്ങള്‍ തീര്‍ത്താലും അനിശ്ചിതത്വത്തിന്റെ ഒരു നിഴല്‍ സദാ പിന്നാലെയുണ്ട്.
ഭയം, നിരാശ, ആശങ്ക, ആകുലത, ഉത്കണ്ഠ, അസ്വസ്ഥത...സമ്മിശ്രവികാരങ്ങളുടെ നീര്ച്ചുഴയില് പരീക്ഷിത്തും ഉത്തരയും മാദ്രിയും ജനമേജയനും ഗുരുജിയും ഹസ്തിനപുരിയിലെ ജനങ്ങളും പിടയുമ്പോള്‍ കാടിന്റെ വിജനതയില്‍ മനസുകൊണ്ട് ആഘോഷിക്കുകയായിരുന്നു തക്ഷകന്.
പ്രതികാരാഗ്നിയുടെ കനലുകള്‍ അയാളുടെ നെഞ്ചില്‍ ആളിക്കത്തി. ഈ ലോകത്തെ മുഴുവന്‍ ചുട്ടെരിച്ച് ഭസ്മമാക്കാനുളള ശേഷി അതിനുണ്ടായിരുന്നു.
ശാപശക്തിയുടെ ചൂടും തീക്ഷ്ണതയും അഗ്നിപര്‍വതത്തേക്കാള്‍ മാരകവും പ്രഹരശേഷിയുളളതുമാണ്. ശാപം സത്യമെങ്കില്‍...അതില്‍ ന്യായാന്യായങ്ങളുടെയും ധാര്‍മ്മികതയുടെയും അടിസ്ഥാനമുണ്ടെങ്കില്‍...അല്ലാത്ത പക്ഷം അത് വെളളത്തില്‍ വരച്ച വര പോലെയാണ്.
പതിറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള ആ രാത്രിയിലേക്ക് തക്ഷകന്റെ മനസ് അതിദ്രുതം പാഞ്ഞുപോയി.
ജീവന്റെ വില...അതിന്റെ പിടച്ചിലുകള്‍...സന്ത്രാസങ്ങള്‍...അര്‍ജുനനും അയാളുടെ തലമുറകളും അറിയണം...
മനുഷ്യന് ഏറ്റവും തീവ്രമായി അഭിലഷിക്കുന്ന സത്യമാണ് ജീവന്. അത് കവര്‍ന്നെടുക്കാന്‍ ഈശ്വരന് ഒഴികെ ആര്‍ക്കും അവകാശമില്ല. അരുതേയെന്ന് എത്ര തവണ കെഞ്ചിയതാണ്. കേട്ടില്ല. ഒരു പെണ്ണിന്റെ ദീനവിലാപങ്ങള്‍ക്ക് ചെവികൊടുക്കാത്ത പോരാളി. മഹാധാര്മ്മികനെന്ന് പുകള്‍പെറ്റ യുധിഷ്ഠിരന്റെ നേരനുജന്.
എന്ത് ധാര്‍മ്മികതയാണ് അയാളുടെ ഉളളില്‍ ഉണ്ടായിരുന്നത്. തലനാരിഴക്കാണ് എന്റെ മകന് അശ്വസേന രക്ഷപ്പെട്ടത്...അവന്റെ അമ്മ മാനസ കൊടുംകാട്ടില്‍ നിദ്രയുടെ ആഴങ്ങളില്‍ ലയിച്ചിരിക്കെ അഗ്നിക്കിരയാവുമ്പോള് അവന്റെ കുഞ്ഞുമനസ് എത്രമാത്രം വേദനിച്ചിരിക്കും.
അഗ്നിയില്‍ പൊള്ളിപ്പിടഞ്ഞ് ഒരു പിടിചാരമാവുന്ന അമ്മയുടെ ചിത്രം കണ്മുന്നില് കാണേണ്ടി വരിക. ഒരു മകന്റെ മനസില്‍ അത് ഏല്‍പ്പിക്കുന്ന ആഘാതത്തിന്റെ തീവ്രത എത്ര വലുതാണ്?
കുരുക്ഷേത്ര യുദ്ധത്തില്‍ കര്‍ണ്ണനുമായി ഏറ്റുമുട്ടിയ അര്‍ജുനനെ പിന്നില്‍ നിന്ന് ആക്രമിക്കാന്‍ അവനെ പ്രേരിപ്പിച്ചതും ആ വേദനയുടെ കനലുകളാവാം. അവിടെയും അര്ജുനന് രക്ഷപ്പെട്ടു.
പക്ഷെ കാലത്തിന്റെ കണക്ക് പുസ്തകം ആ നരാധമനെ വെറുതെ വിടില്ല. അതിന് താന്‍ അനുവദിക്കില്ല.
താന്‍ ജീവിച്ചിരിക്കെ മകന്റെ ജീവന് തുലാസില്‍ തൂങ്ങുന്നത് കണ്ട് ഉത്തരയുടെ ഉളളം പിടയണം. ഭര്‍ത്താവിന്റെ നാളുകള്‍ എണ്ണപ്പെട്ടതറിഞ്ഞ് മാദ്രിയുടെ മനസ് ഉരുകണം. അച്ഛന്റെ മരണത്തിന് സാക്ഷിയാകാന്‍ വിധിക്കപ്പെട്ടതറിഞ്ഞ് ജനമേജയനും നീറീ നീറി മരിക്കണം. അങ്ങനെ ഏഴുദിവസം നാല് ആത്മാക്കള്‍ ജീവച്ഛവം പോലെ കഴിയണം. എല്ലാം കഴിഞ്ഞ് കാലത്തിന്റെ നിശ്ചയം പോലെ പരീക്ഷിത്തിന്റെ ജീവന് എന്റെ ദന്തങ്ങള്‍ കൊണ്ട്...
ആ ഭയാനക ദൃശ്യം കണ്ട് അഭിമന്യുവിന്റെ ആത്മാവ് വേദനിക്കണം...അര്‍ജുനന്റെ ആത്മാവ് പിടയണം...അപ്പോള്‍...അപ്പോള്‍ മാത്രം താന്‍ പൊട്ടിച്ചിരിക്കും. പതിറ്റാണ്ടുകളായി നെഞ്ചില്‍ കാത്ത നെരിപ്പോടിന് ശമനം കിട്ടും.
അതിന് നിമിത്തമായ ശമീക മഹര്‍ഷിക്ക് വന്ദനം.
മകന് ശൃംഗിക്കും വന്ദനം...
തക്ഷകന്റെ മനസ് പ്രതികാര വാഞ്ചയുടെ അഗണ്യകോടിയില്‍ ജ്വലിച്ചു. പരീക്ഷിത്തിന്റെ ജീവനെടുക്കുന്ന വിശുദ്ധ നിമിഷത്തിനായി അയാളുടെ ഹൃദയം തീവ്രമായി തുടിച്ചു.
പ്രലോഭനങ്ങള്‍ ഏറെയുണ്ടാവാമെന്നത് തക്ഷകനെ ആശങ്കപ്പെടുത്തി. ഹസ്തിനപുരിയുടെ ഭരണസംവിധാനം നിസാരമല്ല. അവര്‍ ശമീകമഹര്ഷിയിലും മകനിലും കടുത്ത സമ്മര്‍ദ്ദം ചെലുത്തും. ഏത് വിധേനയും തന്നെ പിന്തിരിപ്പിക്കാന് ശ്രമിക്കും. മഹര്ഹിയും ശൃംഗിയും നേരിട്ട് വന്നു കണ്ട് പിന്തിരിപ്പിക്കാന് ശ്രമിച്ചെന്ന് വരാം. പക്ഷെ ശാപശക്തിയെ തടയാന്‍ അവര്‍ക്കും സാധിക്കില്ല. ആരൊക്കെ പ്രേരിപ്പിച്ചാലും എത്ര എതിര്‍ത്താലും നെല്ലിട വിട്ടുവീഴ്ചയ്ക്ക് താന്‍ തയ്യാറാവില്ല.
സര്‍പ്പത്തിന്റെ പക എന്തെന്ന് കുരുവംശജര്‍ അറിയണം. കാത്തിരുന്ന് പക തീര്‍ക്കാന്‍ സര്പ്പങ്ങളോളം ക്ഷമയുള്ള മറ്റാരുമില്ല. താന്‍ വെറുമൊരു സര്‍പ്പമല്ല. പരീക്ഷിത്ത് ഹസ്തിനപുരിയുടെ ചക്രവര്‍ത്തിയെങ്കില്‍ താന്‍ നാഗങ്ങളുടെ ചക്രവര്‍ത്തിയാണ്. ഖാണ്ഡവ വനം നാഗങ്ങളുടെ മഹാരാജ്യമായിരുന്നു. വിഹാരഭൂമിയായിരുന്നു. ആ വിശുദ്ധ ദേശമാണ് ഒരു കരിയിലക്കൂട്ടം എരിക്കുന്ന ലാഘവത്തോടെ അര്ജുനന് തീയിട്ട് കളഞ്ഞത്. അതില്‍ ഹോമിക്കപ്പെട്ടത് ദശലക്ഷകണക്കിന് സര്‍പ്പങ്ങളുടെ ജീവനും സ്വപ്നങ്ങളുമായിരുന്നു.
ജീവന് എടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ജീവന് നല്കാന് കെല്‍പ്പില്ലാത്ത മനുഷ്യന് ജീവന് എടുക്കുക അരുത്. എടുത്താല്‍...അവനും അവന്റെ സന്തതി പരമ്പരകളും അതിന്റെ പരിണിതഫലം അനുഭവിച്ചേ തീരൂ.. തക്ഷകന് പല്ലുകള്‍ അമര്‍ത്തി ഞെരിച്ചു. സീല്‍ക്കാരം പുറപ്പെടുവിച്ചു.
ഒട്ടനവധി ചെറുനാഗങ്ങള്‍ കാരണമറിയാതെ ഇഴഞ്ഞ് അടുത്ത് എത്തി ആകാംക്ഷാപൂര്‍വം നോക്കി. തക്ഷകന് അവരെ നോക്കി സ്നേഹസ്നാതമായി മന്ദഹസിച്ചു.
പരീക്ഷിത്തേ...ഹസ്തിനപുരിയിലെ ജനങ്ങള്‍ നിനക്ക് എത്രത്തോളം പ്രിയപ്പെട്ടതാണോ അതിലേറെ പ്രിയപ്പെട്ടതാണ് എനിക്ക് എന്റെ ജനങ്ങള്‍...
എന്റെ ഭാര്യ...എന്റെ മകന്...അവരുടെ ജീവന്റെ വില നീ അറിഞ്ഞേ തീരൂ..അനുഭവിച്ചേ തീരൂ...
ഹസ്തിനപുരിയിലെ ഓരോ ചലനങ്ങളും തക്ഷകന് കൃത്യമായി നിരീക്ഷിച്ചു കൊണ്ടിരുന്നു. അന്തര്‍ദൃഷ്ടിയില്‍ കാണുന്നതിന് പുറമെ വിവരങ്ങള്‍ അറിഞ്ഞുവരാന്‍ പ്രത്യേകം ആളുകളെ നിയോഗിച്ചിരുന്നു. പരീക്ഷിത്തിന്റെ കടുത്ത സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം സ്വരൂപിച്ചു.
മൂന്ന് കടമ്പകളാണ് മുഖ്യമായും അതിജീവിക്കേണ്ടത്. ഒന്ന് രാജ്യാതിര്‍ത്തികള്‍ അടച്ച് ബന്ധിച്ചിരിക്കുന്നു. സേനാ ഭടന്മാര്ക്ക് പുറമെ ജനങ്ങളുടെ ഒരു വലിയ സംഘം ഓരോ അതിര്‍ത്തിക്കും കാവലായുണ്ട്. അതുകൊണ്ട് തന്നെ അജ്ഞാതരായ ആര്‍ക്കും ഹസ്തിനപുരിയിലേക്ക് പ്രവേശനമില്ല. പരിചയക്കാരെ പോലും ഉളളിലേക്കു കടത്തിവിടുന്നില്ലെന്നു കേള്‍ക്കുന്നു. അഥവാ രാജ്യത്ത് പ്രവേശിച്ചാല്‍ തന്നെ കൊട്ടാരത്തിലേക്കുളള എല്ലാ വഴികളും ബന്ധിച്ചിരിക്കുകയാണ്. ആ ബന്ധനങ്ങളെല്ലാം മറികടന്ന് കൊട്ടാരത്തിന് മുന്നിലെത്തിയാല്‍ പ്രധാന കവാടത്തില്‍ നൂറുകണക്കിന് കാവല്ക്കാരുടെ സംഘങ്ങളുണ്ട്. ഗജവീരന്മാരുണ്ട്. അവരുടെ എതിര്‍പ്പ് മറികടന്ന് ആര്‍ക്കും ഉളളില്‍ കടക്കാനാവില്ല.
കൊട്ടാരത്തിന് സമീപമുളള കടലിലാണ് ഒറ്റക്കാല്മണ്ഡപത്തില് തീര്‍ത്ത സത്രം. നേരിട്ട് കടലില്‍ ഇറങ്ങി സത്രത്തില്‍ പ്രവേശിക്കാനും പരിമിതികളുണ്ട്. കരയില്‍ നിന്ന് കടലിലേക്കുളള വഴികളെല്ലാം അടച്ചിരിക്കുന്നു. കടല്ത്തീരത്തുമുണ്ട് നൂറുകണക്കിന് സായുധരായ സൈനികര്‍. ഏതെങ്കിലും വിധത്തില്‍ ആ വിലക്കും മറികടന്ന് കടലില്‍ ഇറങ്ങാമെന്ന് വിചാരിച്ചാലും ഒത്തനടുവില്‍ സ്ഥാപിച്ച മണ്ഡപത്തിലെത്തിച്ചേരണമെങ്കില് ഒന്നുകില്‍ കപ്പലോ വഞ്ചിയോ വേണം.
ഗതാഗതമാര്‍ഗങ്ങളെല്ലാം മന്ത്രിമുഖ്യന് ഇടപെട്ട് പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു. ഒരാഴ്ചക്കാലത്തേക്ക് മുക്കുവര്‍ക്ക് പോലും കടലില്‍ ഇറങ്ങാന്‍ അനുവാദമില്ല.
ഏതെങ്കിലും മാര്‍ഗത്തില്‍ നീന്തിയോ മറ്റോ പോകാമെന്നു വച്ചാലും പുറംകടലില്‍ ആഴം കൂടുതലായതു കൊണ്ട് ജീവന് തിരിച്ചു കിട്ടിയെന്ന് വരില്ല. അതും മറികടന്ന് മണ്ഡപവാതിലിലെത്തിയാല് ചുറ്റിലും സുരക്ഷാ ഭടന്മാരാണ്. കടലില്‍ മനുഷ്യജീവന്റെ ചെറുചലനം കണ്ടാല്‍ അവര്‍ തത്ക്ഷണം വിഷഅമ്പ് എയ്ത് ഹനിച്ചു കളയും. വല്ലവിധേനയും അതിജീവിച്ച് സത്രത്തിന്റെ കവാടത്തിലെത്തിയാലും അകത്തേക്കുളള വാതിലില്‍ സദാ ജാഗരൂകരായ അംഗരക്ഷകര്‍ വാരിക്കൂന്തം കൊണ്ട് തീര്‍ത്തു കളയും. എത്ര അടുപ്പമുളളവരായാലും ഇത് തന്നെ സ്ഥിതി.
ഇത്ര വലിയ സുരക്ഷാസംവിധാനങ്ങള്‍ മറികടന്ന് സത്രത്തിലെത്തുക പ്രായോഗികമല്ലെന്ന് തക്ഷകന് ബോധ്യമായി. അനുനയത്തിന്റെ വഴികളെക്കുറിച്ച് അയാള്‍ തലപുകഞ്ഞ് ആലോചിച്ചു.
ഒടുവില്‍ മിന്നിയ ആശയത്തിന്റെ സാധ്യതകളോര്ത്ത് തക്ഷകന് കുലുങ്ങിക്കുലുങ്ങി ചിരിച്ചു.
കൊടിയ ബ്രാഹ്മണശാപത്തിന്റെ ഫലമാണ് പരീക്ഷിത്ത് ഇപ്പോള്‍ അനുഭവിക്കുന്നത്. ശമീകനും പൂത്രന് ശൃംഗനും പരമസാത്വികരായ ബ്രാഹ്മണരാണ്. അവര്‍ അനുഭവിച്ച വേദനയുടെയും അപമാനത്തിന്റെയും പരിണിത ഫലമാണ് അകാലമൃത്യുവിന്റെ രൂപത്തില്‍ പരീക്ഷിത്തിനെ വേട്ടയാടുന്നത്. അതില്‍ നിന്നൂം കുറച്ചൊക്കെ മോചിതനാവാന്‍ സാത്ത്വികരായ ബ്രാഹ്മണരുടെ പ്രാര്‍ഥനയും അനുഗ്രഹവും അനിവാര്യമാണ്. രാജഗുരു ഇതേക്കുറിച്ച് തികഞ്ഞ ബോധവാനാണ്.
എങ്ങനെയും കൊട്ടാരത്തില്‍ കടന്ന് അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. അദ്ദേഹം അനുമതി തന്നാല്‍ സത്രത്തില്‍ കടന്ന് പരീക്ഷിത്തിനെ കാണാം. പിന്നെ എല്ലാം എളുപ്പം. തക്ഷകന് മനസില്‍ കണക്ക് കൂട്ടി.
എന്നാല്‍ ബ്രാഹ്മണ രൂപത്തില്‍ താന്‍ തനിയെ ചെന്നാല്‍ അവര്‍ക്ക് പല വിധ സംശയങ്ങള്‍ ഉണ്ടാവാം. ആയതിനാല്‍ മൃത്യുഞ്ജയദേവന്റെ ഉപാസകരായ ഏഴ് ബ്രാഹ്മണര്‍ എന്ന നാട്യത്തില്‍ കൊട്ടാരത്തില്‍ കടന്ന് കൂടണം. ഞങ്ങള്‍ സമര്‍പ്പിക്കുന്ന ഫലവര്‍ഗങ്ങള്‍ ഭക്ഷിച്ചാല്‍ രാജാവിനെ ബാധിച്ചിരിക്കുന്ന ഗ്രഹപ്പിഴകളില്‍ നിന്ന് മോചനം എന്നും ധരിപ്പിക്കണം. ആ ചതിയില്‍ എന്തായാലും ഗുരു വീഴാതിരിക്കില്ല. ഗുരുവിന് പരിചിതരായ ബ്രാഹ്മണരുടെ വേഷം തന്നെ ധരിക്കണം. ഒടിവിദ്യ കൊണ്ട് അത് നിഷ്പ്രയാസം സാധ്യം. ആ കെണിയില്‍ ഗുരു മാത്രമല്ല ഒരു വിധപ്പെട്ട എല്ലാവരും വീഴും. തങ്ങളെ സത്രത്തിലെത്തിക്കുക എന്നത് അവരുടെ ആവശ്യമാണെന്ന തോന്നല്‍ ജനിപ്പിക്കണം. സമയാസമയങ്ങളില്‍ ഉചിതബുദ്ധി എത്തിച്ചു തന്ന ഗുരുകാരണവന്മാരെ തക്ഷകന് മനസില്‍ നമിച്ചു.
ഒപ്പം മനസില്‍ ദിവസങ്ങള്‍ എണ്ണി..
ഇന്നേക്ക് ഏഴാം പക്കം...
പരീക്ഷിത്തിന്റെ ജീവന്റെ വില നിശ്ചയിക്കപ്പെടുന്ന ദിവസം.
(തുടരും)
Content Summary: Paramapadam, Episode 07, E- Novel written by Sajil Sreedhar