ഭര്‍ത്താവിന്റെ ഓരോ വേളിക്കും മാറി മാറി സാക്ഷിയാവേണ്ടി വന്നവൾ, ഇതിൽപ്പരം എന്ത് ഗതികേട്!
അധ്യായം 5: തിരോധാനം കോസലരാജ്യത്ത് ഒരു ഉത്സവപ്രതീതിയായിരുന്നു. ദിവസങ്ങളോളം നീണ്ടു നിന്ന ആഘോഷം ലോമപാദനും വര്‍ഷിണിയും ഒരു വാരം മുന്‍പേ കോസലയിലെത്തി ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു. നേതൃത്വം നല്കി. ശാന്തയുടെ ദുര്‍മുഖം അവര്‍ കണ്ടില്ലെന്ന് നടിച്ചു. ഒപ്പം വരാന്‍ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല
അധ്യായം 5: തിരോധാനം കോസലരാജ്യത്ത് ഒരു ഉത്സവപ്രതീതിയായിരുന്നു. ദിവസങ്ങളോളം നീണ്ടു നിന്ന ആഘോഷം ലോമപാദനും വര്‍ഷിണിയും ഒരു വാരം മുന്‍പേ കോസലയിലെത്തി ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു. നേതൃത്വം നല്കി. ശാന്തയുടെ ദുര്‍മുഖം അവര്‍ കണ്ടില്ലെന്ന് നടിച്ചു. ഒപ്പം വരാന്‍ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല
അധ്യായം 5: തിരോധാനം കോസലരാജ്യത്ത് ഒരു ഉത്സവപ്രതീതിയായിരുന്നു. ദിവസങ്ങളോളം നീണ്ടു നിന്ന ആഘോഷം ലോമപാദനും വര്‍ഷിണിയും ഒരു വാരം മുന്‍പേ കോസലയിലെത്തി ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു. നേതൃത്വം നല്കി. ശാന്തയുടെ ദുര്‍മുഖം അവര്‍ കണ്ടില്ലെന്ന് നടിച്ചു. ഒപ്പം വരാന്‍ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല
അധ്യായം 5: തിരോധാനം
കോസലരാജ്യത്ത് ഒരു ഉത്സവപ്രതീതിയായിരുന്നു.
ദിവസങ്ങളോളം നീണ്ടു നിന്ന ആഘോഷം
ലോമപാദനും വര്‍ഷിണിയും ഒരു വാരം മുന്‍പേ കോസലയിലെത്തി ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു. നേതൃത്വം നല്കി.
ശാന്തയുടെ ദുര്‍മുഖം അവര്‍ കണ്ടില്ലെന്ന് നടിച്ചു.
ഒപ്പം വരാന്‍ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല കാലേകൂട്ടി തങ്ങള്‍ പോയതിലും അവള്‍ക്ക് പരിഭവമുണ്ട്. പ്രതിഷേധമുണ്ട്. പക്ഷെ എല്ലാം അംഗീകരിക്കാനാവില്ലല്ലോ?
ലോമപാദനും ദശരഥനും പണ്ടേ സുഹൃത്തുക്കളാണ്. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ശാന്തയേക്കാള്‍ മുന്‍പ് ഞാന്‍ കണ്ട ആളാണ് ദശരഥന്.
''അയാള്‍ ചെയ്തത് എന്റെ കാഴ്ചപ്പാടില്‍ ഒരു മഹാപരാധം ഒന്നുമല്ല. കുട്ടികളില്ലാത്ത കൂട്ടുകാരന് സ്വന്തം കുഞ്ഞിനെ ഭിക്ഷ തന്നു. കൂട്ടുകാരന് മാത്രല്ല, ഭാര്യയുടെ ജ്യേഷ്ഠസഹോദരിക്ക് കൂടിയാണ് നല്‍കിയത്..''
ലോമപാദന് അങ്ങനെയൊക്കെ ന്യായീകരിക്കാറുണ്ടെങ്കിലും ശാന്തയുടെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോള്‍ അവളുടെ സങ്കടങ്ങളാണ് ശരിയെന്ന് വര്‍ഷിണിക്ക് തോന്നാറുണ്ട്.
ശരികള്‍ എപ്പോഴും ആപേക്ഷികമാണ്. ഒരേ സാഹചര്യങ്ങള്‍ തന്നെ അതാത് വ്യക്തികളുടെ വീക്ഷണകോണുകളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.
ആരുടെയും എതിര്‍പ്പുകള്‍ക്കും ആശീര്‍വാദങ്ങള്‍ക്കും ജീവിതം കാത്തു നില്ക്കുന്നില്ല.
ദശരഥനും നവവധു കൈകേയിയും തമ്മിലുളള വിവാഹം കെങ്കേമമായി നടന്നു.
കൗസല്യയുടെ മുഖത്ത് നിരാശയുണ്ടോയെന്ന് വര്‍ഷിണി തിരഞ്ഞു. ഇല്ല. അവള് പൂര്‍ണ്ണ മനസോടെയാണ് ഈ വിവാഹത്തിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. കോസല രാജ്യത്തിന് ഒരു അനന്തരാവകാശി ഉണ്ടാവാന്‍ ദശരഥനോളം തന്നെ അവളും ആഗ്രഹിക്കുന്നു.
രാജ്യം അനാഥമാവരുതെന്ന് അവര്‍ ആഗ്രഹിക്കുന്നതില്‍ തെറ്റ് പറയാനില്ല. ഒരു സല്പുത്ര ജനനത്തിനായി എന്ത് വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറാണെന്ന് മുന്‍പും പലകുറി കൗസല്യ പറഞ്ഞിട്ടുളളത് വിവാഹപ്പന്തലില്‍ വച്ചും വര്‍ഷിണി ഓര്‍ത്തു.
ചടങ്ങ് കഴിഞ്ഞ് വര്‍ഷിണി അംഗരാജ്യത്ത് മടങ്ങിയെത്തുമ്പോഴും ശാന്തയുടെ മുഖം മ്ലാനമായിരുന്നു.
പുറമെ പരിഭവമില്ലെന്ന് ഭാവിക്കുമ്പോഴും ഉളളിലെ കരട് മുഖത്ത് കാണാം. കോസലയിലെ വിശേഷങ്ങള്‍ ഒന്നും അവള് തിരക്കിയില്ലെന്ന് മാത്രമല്ല ആവേശം കയറി വര്‍ഷിണി വിവരിച്ചതൊക്കെ കേട്ടില്ലെന്ന് നടിച്ചു. കുറച്ചു കഴിഞ്ഞ് അവള് മുറിയില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്തു.
'അവളുടെ മുന്നില്‍ വച്ച് അവിടത്തെ കാര്യങ്ങള്‍ എന്തിനാണ് വിളമ്പുന്നത്. അവള്‍ക്കത് ഇഷ്ടമല്ലെന്ന് അറിഞ്ഞൂടേ?'
ലോമപാദന് വര്‍ഷിണിയെ ശാസിച്ചു.
'അറിയാം പ്രഭോ. കേട്ടുകേട്ട് എങ്കിലും മനസില്‍ അല്‍പ്പം മാറ്റമുണ്ടായാലോ എന്ന് ഒരു പ്രതീക്ഷ'
'അങ്ങനെയൊരു പ്രതീക്ഷ എനിക്കില്ല'
ലോമപാദന് അറുത്തു മുറിച്ച് പറഞ്ഞു.
വര്‍ഷിണിക്കും ആ ബോധ്യമുണ്ടെങ്കിലും തന്റെ സ്വാര്‍ത്ഥത മൂലം ശാന്തയും കൗസല്യയും തമ്മില്‍ ഒരു ആജീവനാന്ത അകലം പാടില്ലെന്ന കുറ്റബോധം അവരെ അലട്ടിയിരുന്നു.
പക്ഷെ ശാന്തയ്ക്കറിയാം. വര്‍ഷിണിയമ്മ തെറ്റുകാരിയല്ല. ദശരഥനും കൗസല്യയും ഒഴിവാക്കാന്‍ തക്കം പാര്‍ത്തിരുന്ന വിസര്‍ജ്ജ്യവസ്തുവാണ് താന്‍. വര്ഷിണിയമ്മയ്ക്ക് കുട്ടികളുണ്ടാവില്ല എന്നത് അതിന് ഒരു കാരണം മാത്രം. ആ ബോധ്യം ഉളളിലുളളതു കൊണ്ട് ആരൊക്കെ ന്യായീകരിച്ചാലും വാദിച്ചാലും നിര്‍ബന്ധിച്ചാലും കോസല രാജ്യം അവളെ സംബന്ധിച്ച് ഒരു അടഞ്ഞ അദ്ധ്യായമാണ്. അവിടേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ല.
കോസലയുടെ തകര്‍ച്ചയുടെ ഓരോ അദ്ധ്യായങ്ങളും അവള് മനസില്‍ ആഘോഷിച്ചു.
തിരസ്കാരത്തിന്റെയും നിരാകരണത്തിന്റെയും വേദന തന്നെപ്പോലെ തന്നെ അവരും അറിയട്ടെ.
കൈകേയിയുമായുളള വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ദശരഥന് ഒരു കുഞ്ഞ് ജനിച്ചില്ല. ചികിത്സകളും പൂജകളും ഹോമങ്ങളും ദിനചര്യയായി. എന്നിട്ടും കോസല രാജകൊട്ടാരത്തില്‍ ഒരു നവജാതശിശുവിന്റെ രോദനം മുഴങ്ങിയില്ല. കിളിക്കൊഞ്ചല്‍ കേട്ടില്ല. നൈരാശ്യത്തിന്റെയും വിഷാദത്തിന്റെയും പാരമ്യതയിലേക്ക് ദശരഥനും സഹധര്‍മ്മിണിമാരും എറിഞ്ഞുടയ്ക്കപ്പെട്ടു.
ശാന്തയെ മടക്കികൊണ്ടു വന്നാലോ എന്നൊരു ചിന്ത പോലും കൗസല്യയുടെ ഉളളില്‍ പ്രബലമായി. അവരത് ദശരഥനുമായി കൈമാറി. അയാള്‍ക്കും അക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. ഒന്നുമില്ലാത്തതിലും ഭേദമാണ് അത്. പെണ്ണെങ്കില്‍ പെണ്ണ്. കോസല രാജ്യത്തിന് ഒരു പിന്തുടര്ച്ചക്കാരിയാവുമല്ലോ?
നേരിയ പകപ്പോടെ കൗസല്യ വിഷയം വര്‍ഷിണിയുമായി സംസാരിച്ചു. ഉളളിലെ ആന്തല് മറച്ചു വച്ച് വര്‍ഷിണി പറഞ്ഞു.
'നീ എനിക്ക് നല്കിയ ഭിക്ഷയാണ് ശാന്ത. നീ ചോദിക്കുന്ന ഏത് സമയത്തും അത് തിരിച്ചു തരാന്‍ ഞാന്‍ ബാധ്യസ്ഥയാണ്'
'ഇതില്‍ ദാനത്തിന്റെയോ ബാധ്യതയുടെയോ ഒന്നും പ്രശ്നമില്ല ഏടത്തി. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഗതികേട്. അത്രേയുളളു. എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു ചിന്ത പോലും മനസില്‍ വരുമായിരുന്നില്ല'
മനസിലാക്കാന്‍ കഴിയുന്നു എന്ന അര്‍ത്ഥത്തില്‍ വര്‍ഷിണി തലയാട്ടി.
കൗസല്യയുടെ അഭ്യര്‍ത്ഥന വളച്ചുകെട്ടില്ലാതെ, എന്നാല്‍ വെട്ടിത്തുറന്ന് പറയാതെ വര്‍ഷിണി ശാന്തയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു.
അവള് അല്‍പ്പസമയം മൗനം പാലിച്ചു. തന്റെ വാക്കുകള്‍ അവളെ വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു എന്ന് വര്‍ഷിണിക്ക് തോന്നി. പക്ഷെ പറയാതെ വയ്യല്ലോ?
'എന്താ മോളൊന്നും മിണ്ടാത്തത്? അമ്മ പറഞ്ഞത് തെറ്റായോ?'
'തെറ്റും ശരിയുമൊന്നും എനിക്കറിയില്ലമ്മേ..ഒരു കാര്യം ഞാന്‍ പറയാം. അംഗദേശത്തു നിന്ന് എന്നെ ഒഴിവാക്കിയാല്‍ പിന്നെ ഞാന്‍ പോകുന്നത് കോസലയിലേക്കായിരിക്കില്ല. മരണത്തിലേക്കാവും..'
വര്‍ഷിണി നടുങ്ങിത്തെറിക്കുന്നത് ശാന്ത കളളക്കണ്ണാല്‍ കണ്ടു.
മരണം പോയിട്ട് തന്റെ അസാന്നിദ്ധ്യം പോലും അമ്മയ്ക്ക് താങ്ങാനാവില്ലെന്ന് അവള്‍ക്ക് അറിയാം. പെറ്റ വയറല്ലെങ്കിലും സ്വന്തം അമ്മയെ പോലെയാണ് അവര്‍ തന്നെ സ്നേഹിക്കുന്നത്. പക്ഷെ ഇപ്പോള്‍ തനിക്ക് മുന്നില്‍ ഇങ്ങനെയൊരു അപേക്ഷയുമായി വരാന്‍ അവരെ പ്രേരിപ്പിച്ചതും ഒറ്റവാക്കില്‍ കൗസല്യ പറഞ്ഞത് തന്നെയാണ്. ഗതികേട്..!
ശാന്തയുടെ മനസ് വര്‍ഷിണി അനുജത്തിയെ അറിയിച്ചു. തനിക്ക് നേരിട്ട് സംസാരിക്കാന്‍ ഒരവസരം നല്‍കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. വര്‍ഷിണി ആവുന്നത്ര പറഞ്ഞു നോക്കിയിട്ടും കൗസല്യയ്ക്ക് മുഖം കൊടുക്കാന്‍ ശാന്ത തയ്യാറായില്ല.
'ഈ നാട്ടില്‍ ആശ്രമങ്ങള്‍ക്ക് പഞ്ഞമില്ലമ്മേ...എനിക്കുറപ്പുണ്ട് ഒരു കുമ്പിള്‍കഞ്ഞി അവിടെ എനിക്കായി കരുതിയിരിക്കും.'
കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് കണ്ടതോടെ വര്‍ഷിണി ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിഞ്ഞു.
അടുത്ത തവണ പതിവ് സന്ദര്‍ശനത്തിന് ചെന്നപ്പോള്‍ അറിഞ്ഞ വാര്‍ത്ത ആദ്യം കേട്ടതിലും പരിതാപകരമായിരുന്നു. ദശരഥന് വീണ്ടും വിവാഹിതനാവാന്‍ ഒരുങ്ങുന്നു പോലും. ഇക്കുറി സുമിത്ര എന്നൊരു പെണ്‍കുട്ടിയാണ് വധു. വര്‍ഷിണിക്ക് നാണം തോന്നി. ഒപ്പം കൗസല്യയുടെ അവസ്ഥയില്‍ സഹതാപവും. ഭര്‍ത്താവിന്റെ ഓരോ വേളിക്കും മാറി മാറി സാക്ഷിയാവേണ്ടി വരുന്നതില്‍ പരം എന്ത് ഗതികേടാണ് ഒരു സ്ത്രീയ്ക്കുണ്ടാവുക?
വിവരം അറിഞ്ഞ് ശാന്ത ഉറക്കെ പൊട്ടിച്ചിരിച്ചു. ഏറെനേരം നീണ്ടു നിന്നു ആ ചിരി.
ചിരിയുടെ അലകള്‍ അടങ്ങിയപ്പോള്‍ പരിഹാസത്തിന്റെ അഗണ്യകോടിയില്‍ നിന്നെന്ന പോലെ അവള് ചോദിച്ചു.
'മച്ചിപ്പശുവിനെ തൊഴുത്ത് മാറ്റിക്കെട്ടിയതു കൊണ്ട് വല്ല കാര്യവുമുണ്ടോ അമ്മേ?'
'ശാന്തേ..നീ അതിര് കടക്കുന്നു'
ഇക്കുറി വര്‍ഷിണിക്ക് ദേഷ്യം വന്നു. സ്വന്തം അച്ഛനെയാണ് ഇവള് പരിഹസിക്കുന്നത്.
'ആരും ലംഘിക്കാത്ത ചില അതിരുകള്‍ ലംഘിച്ചയാളല്ലേ ദശരഥന്. സ്വന്തം ചോരയില്‍ പിറന്ന മകളെ ഒരു കാരണവുമില്ലാതെ നാടുകടത്തുക. അതിനേക്കാള്‍ പരിഹാസ്യമായി മറ്റെന്താണുളളത്? വാദിക്കുമ്പോള്‍ എല്ലാം ചിന്തിക്കണ്ടേ അമ്മേ.'
വര്‍ഷിണി ഒന്ന് ഉലഞ്ഞെങ്കിലും പിന്‍വാങ്ങിയില്ല.
'നിന്റെ മനസ് നിറയെ പകയാണ്..പ്രതികാരമാണ്..'
'അതെ...തീര്‍ത്താല്‍ തീരാത്ത പകയാണ് എനിക്ക്. ഞാനൊരു അന്തസുളള പെണ്ണാണ്. പെണ്ണിന്റെ ആത്മാഭിമാനം വ്രണപ്പെട്ടാല്‍ നോവിച്ചുവിട്ട പാമ്പാവും അവള്. തക്കം പാര്‍ത്തിരുന്ന് കടിക്കും. അത്രയും ചെയ്യാത്തത് എന്റെ ഔദാര്യം'
'പക്ഷെ അവഗണന കൊണ്ട് നീ അവരെ തോല്‍പ്പിക്കുകയാണ്'
'അത്രയെങ്കിലും ചെയ്തില്ലെങ്കില്‍ ഞാനൊരു പെണ്ണാണോ അമ്മേ..'
വര്‍ഷിണി അതിന് ഉത്തരം പറഞ്ഞില്ല. ഒരു സ്ത്രീയുടെ അഭിമാനബോധത്തെക്കുറിച്ച് ഏതൊരു സ്ത്രീയെയും പോലെ അവരും ബോധവതിയായിരുന്നു.
സുമിത്രയും ദശരഥനുമായുളള വിവാഹത്തിനും പതിവു പോലെ വര്‍ഷിണിയും ലോമപാദനും സാക്ഷികളായി.
കാലം എല്ലാം കടന്ന് മുന്നോട്ട് പോയി.
ദശരഥന്റെ മാവ് പിന്നെയും പൂത്തില്ല.
കണ്ണീരും കൈയുമായി കൗസല്യയുടെ ദിനരാത്രങ്ങള്‍.
അന്തവിക്ഷോഭങ്ങളുടെ പാരമ്യതയില്‍ ഭരണകാര്യങ്ങളില്‍ പോലും ശ്രദ്ധിക്കാന്‍ കഴിയാതെ ദശരഥന് വീര്‍പ്പമുട്ടി. മഹാരാജാവ് എന്ന ആനൂകൂല്യം പോലും തരാതെ പരിഹാസശരങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും അയാളുടെ നേര്‍ക്ക് എയ്തുകൊണ്ടേയിരുന്നു പലരും. പിതാവാകാന്‍ ശേഷിയില്ലാത്ത ഒരു ഇരിക്കപ്പിണ്ഡം എന്ന തലത്തിലേക്ക് ദശരഥന് വ്യാഖ്യാനിക്കപ്പെട്ടു. അപ്പോള്‍ ശാന്തയോ എന്ന ചോദ്യം ഉന്നയിച്ചവര്‍ക്കും ചിലര്‍ മറുപടി നല്കി.
'അത് ലോമപാദന്റെ മകള്‍ തന്നെയായിരിക്കുമെന്നേ...അല്ലെങ്കില്‍ പിന്നെ ആരെങ്കിലും ആദ്യത്തെ കണ്മണിയെ ദാനം ചെയ്യുമോ? വിവാഹത്തിന് മുന്‍പ് കുറച്ചുകാലം കൗസല്യ അംഗദേശത്ത് പോയി താമസിച്ചിരുന്നതായി കേട്ടിട്ടുണ്ട്'
കൗസല്യയുടെ പോലും പാതിവ്രത്യത്തിന് നേര്‍ക്കാണ് ആക്ഷേപശരങ്ങള്‍.
എല്ലാം കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് കാലം പൂകി കൗസല്യയും ദശരഥനും.ആയിരം കുടങ്ങളുടെ വായ് മൂടിക്കെട്ടാം. ഒരു മനുഷ്യന്റെ വായ് മൂടാന്‍ കഴിയുമോ?
അന്യരേക്കാള്‍ കുടുതല്‍ ദ്രോഹം ബന്ധുക്കളില്‍ നിന്നാണ്. അവര്‍ പല തരം ചൊരുക്കുകള്‍ തീര്‍ക്കുകയാണ് ഈ വകയില്‍. ശിക്ഷാനടപടികള്‍ക്ക് ശ്രമിച്ചാല്‍ വാര്‍ത്ത പിന്നെയും കാട്ടുതീ പോലെ നാടാകെ പടരും.
ദശരഥന് പൗരുഷമില്ലാത്തവന്‍. ഒരു കുഞ്ഞിന് ജന്മം നല്കാന് കഴിയാത്ത നിര്ഗുണന്. സത്യം അതല്ലെങ്കിലും...
ഇത് ശാന്തയുടെ ആത്മശാപം തന്നെയെന്ന് വര്‍ഷിണിക്ക് ബോധ്യമായി. കൗസല്യയ്ക്കും. ശാപമോക്ഷത്തിന് ഇനിയെന്ത് എന്ന ചോദ്യം മനസിലുദിച്ചു. ജ്യോതിഷണ്ഡിതന്മാരെയും മുനിമാരെയും സമീപിച്ചു നോക്കി. എല്ലാവരും പറഞ്ഞത് ഒന്ന് മാത്രമായിരുന്നു.
'ഉളള് നൊന്ത് ഭഗവാനോട് പ്രാർഥിക്കുക. ഈശ്വരന് അറിയാതെ ഒന്നും സംഭവിക്കുന്നില്ല. ഏത് ശാപവും ഏത് ദോഷവും ഇല്ലാതാക്കാന്‍ അവിടത്തേക്ക് കഴിയും.
പിന്നെ സ്ഥാനം കൊണ്ട് മകളെങ്കിലും നിങ്ങള്‍ അവളോട് തെറ്റ് ചെയ്തവരാണ്. ശാന്തയെ നേരില്‍ കണ്ട് മാപ്പ് ചോദിക്കണം. അവള് മാപ്പ് തന്നാല്‍ ദോഷം പൂര്‍ണ്ണമായി തന്നെ അകന്ന് പോയെന്നും വരാം'
വര്‍ഷിണിയും കൗസല്യയും മുഖത്തോട് മുഖം നോക്കി. ദശരഥന്റെ കണ്ണുകള്‍ ലോമപാദന്റെ മുഖത്തായിരുന്നു.
അംഗദേശത്ത് മടങ്ങിയെത്തിയ വര്‍ഷിണി സാമം-ദാനം-ഭേദം-ദണ്ഡം എല്ലാ വഴികളിലൂടെയും ശ്രമിച്ചു നോക്കി. ലോമപാദനും ആവുന്നത്ര പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നോക്കി.
ശാന്ത കല്ലിന് കാറ്റ് പിടിച്ചതു പോലിരുന്നു. പിന്നെ ഒന്നും മിണ്ടാതെ ഇറങ്ങി സ്വന്തം മുറിയില്‍ കടന്ന് വാതിലടച്ചു.
രാത്രിയായിരുന്നു. ബാക്കി പിന്നീട് സംസാരിക്കാം എന്ന ധാരണയില്‍ രാജാവും റാണിയും പളളിയറയിലേക്ക് മടങ്ങി.
പിറ്റേന്ന് കാലത്ത് ഒരിക്കല്‍ക്കൂടി സംസാരിക്കാം എന്ന ധാരണയില്‍ വര്‍ഷിണി ശാന്തയുടെ മുറിയിലേക്ക് ചെന്നു.
അവള് അവിടെയുണ്ടായിരുന്നില്ല.
പരിചാരകരോട് തിരക്കാം എന്ന ധാരണയില്‍ പുറത്തേക്ക് നടക്കുമ്പോള്‍ ഭയചകിതമായ ഭാവത്തോടെ ശ്രുതകീര്‍ത്തി എന്ന പാചകക്കാരി അടുത്തേക്ക് വന്നു.
''തമ്പുരാട്ടി..കാലത്ത് പതിവുളള പാലുമായി വന്നപ്പോള്‍ പളളിയറയില്‍ കുമാരിയെ കണ്ടില്ല. കൊട്ടാരം മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും കണ്ടില്ല. കാവല്‍ക്കാരോട് ചോദിച്ചപ്പോള്‍ വെളുപ്പിന് പുറത്തേക്ക് കാല്‍നടയായി പോകുന്നത് കണ്ടുപോലും. ചോദ്യം ചെയ്തവരോട് കുമാരി തട്ടിക്കയറിയെന്നും പറയുന്നു.'
വര്‍ഷിണിക്ക് തലചുറ്റുന്നതു പോലെ തോന്നി. താഴെ വീണ് പോകാതിരിക്കാന്‍ അവര്‍ ശ്രുതകീര്‍ത്തിയുടെ തോളില്‍ അമര്‍ത്തിപ്പിടിച്ചു.
(തുടരും)
Content Summary: Santha, Episode 05, Malayalam E Novel Written by Sajil Sreedhar