ആ സത്യം പുറത്തു വരുന്നു; സൂസന്റെ ആത്മഹത്യയ്ക്ക് കാരണം മുഹാജിറല്ല, തെറ്റ് ചെയ്തത് കീർത്തി
കീർത്തി പഠിച്ച അതേ കാമ്പസിലാണ് സൂസനും പഠിച്ചിരുന്നത്. കീർത്തിയും മുഹാജിറുമെല്ലാം സൂസന്റെ സൂപ്പർ സീനിയേഴ്‌സായിരുന്നു. ഈറൻ മുടി അഴിച്ചിട്ട് നിറഞ്ഞ ചിരിയോടെ ഇടനാഴിയിലൂടെ നടന്നുവരുന്ന സൂസന്റെ ചിത്രം വേദനയായി അവളുടെ മനസ്സിൽ നിറഞ്ഞു. ആരും കാണാതെ അവൾ കണ്ണ് തുടച്ചു.
കീർത്തി പഠിച്ച അതേ കാമ്പസിലാണ് സൂസനും പഠിച്ചിരുന്നത്. കീർത്തിയും മുഹാജിറുമെല്ലാം സൂസന്റെ സൂപ്പർ സീനിയേഴ്‌സായിരുന്നു. ഈറൻ മുടി അഴിച്ചിട്ട് നിറഞ്ഞ ചിരിയോടെ ഇടനാഴിയിലൂടെ നടന്നുവരുന്ന സൂസന്റെ ചിത്രം വേദനയായി അവളുടെ മനസ്സിൽ നിറഞ്ഞു. ആരും കാണാതെ അവൾ കണ്ണ് തുടച്ചു.
കീർത്തി പഠിച്ച അതേ കാമ്പസിലാണ് സൂസനും പഠിച്ചിരുന്നത്. കീർത്തിയും മുഹാജിറുമെല്ലാം സൂസന്റെ സൂപ്പർ സീനിയേഴ്‌സായിരുന്നു. ഈറൻ മുടി അഴിച്ചിട്ട് നിറഞ്ഞ ചിരിയോടെ ഇടനാഴിയിലൂടെ നടന്നുവരുന്ന സൂസന്റെ ചിത്രം വേദനയായി അവളുടെ മനസ്സിൽ നിറഞ്ഞു. ആരും കാണാതെ അവൾ കണ്ണ് തുടച്ചു.
അധ്യായം: അഞ്ച്
കീർത്തി അതിവേഗത്തിലും അലക്ഷ്യമായും ഡ്രൈവ് ചെയ്ത് കൊണ്ടിരുന്നു. തിരക്കേറിയ നഗരവീഥിയിലൂടെ അശ്രദ്ധമായ ആ ഡ്രൈവിങ് അക്ഷരാർത്ഥത്തിൽ അവളുടെ മനസ്സിന്റെ പ്രതിഫലനമായിരുന്നു. നിയന്ത്രിക്കാനാവാത്ത മാനസിക സംഘർഷത്തിന്റെ ചൂടിൽ നിന്നായിരുന്നു ആ ഡ്രൈവിങ്ങിന്റെ ആരംഭം. തല പെരുക്കുന്നത് പോലെ അവൾക്ക് തോന്നി. നെഞ്ചിലും കഴുത്തിലും മുതുകിലുമെല്ലാം എന്തോ ഭാരം കയറ്റി വെച്ചത് പോലെ. അവൾ വാഹനം പതിയെ വഴിയോരത്ത് ഒതുക്കി നിർത്തി. സ്റ്റിയറിങ്ങിൽ തലവെച്ച് കിടന്നു. എത്രസമയം അങ്ങനെ കിടന്നുവെന്ന് അവൾക്ക് നിശ്ചയമില്ല. അവൾ സ്വബോധത്തിലായിരുന്നില്ല അപ്പോൾ. മയക്കത്തിലായിരുന്ന അവൾ പിടഞ്ഞെണീറ്റത് മൊബൈൽ ശബ്ദിച്ചപ്പോഴാണ്. സബ് ഇൻസ്‌പെക്ടർ പ്രസാദായിരുന്നു വിളിച്ചത്.
ഡാഷിലിരിക്കുകയായിരുന്ന മൊബൈലിന്റെ സ്പീക്കർ അവൾ ഓൺ ചെയ്തു. "എന്താടോ പറയ്..."
"മാഡം... പിടിയിലാകുമ്പോൾ മാർഗരറ്റിന്റെ പക്കൽ ഒരു ചെറിയ ബാഗുണ്ടായിരുന്നു. അതിന്റെ പരിശോധന പൂർത്തിയായി. അതില്‍നിന്നും കുറച്ച് കടലാസ് താളുകൾ കിട്ടിയിട്ടുണ്ട്. മാർഗരറ്റ് പറയുന്നത് അതവളുടെ അനുജത്തി സൂസന്റെ ഡയറിക്കുറിപ്പുകളാണ് എന്നാണ്. ഡോ. മുഹാജിറിന്റെ ക്രൈം സീനിൽ നിന്നും നമുക്കൊരു ഡയറി കിട്ടിയിരുന്നല്ലോ..."
"അതെ. ഒരു പച്ച പുറംചട്ടയുള്ള ഡയറി. പക്ഷേ അതിൽ നെരൂദയുടെ കവിതകൾ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. നിരവധി പേജുകൾ ശൂന്യവുമായിരുന്നു."
"കുറിപ്പുകളുള്ള താളുകൾ മുഹാജിർ കീറിയെറിഞ്ഞെന്നും, താനത് എടുത്ത് ബാഗിൽ വെച്ചെന്നുമൊക്കെയാണ് മാർഗ്ഗരറ്റ് പറയുന്നത്."
"എടോ... താനെന്താണ് പറഞ്ഞു വരുന്നത്? മാർഗരറ്റിന്റെ അനുജത്തിയുടെ ഡയറിക്കുറിപ്പും ഈ കേസും തമ്മിൽ എന്ത് ബന്ധമാണുള്ളത്?"
"മാഡം... മുഹാജിറാണ് തന്റെ ആത്മഹത്യക്ക് കാരണക്കാരൻ എന്ന തരത്തിലുള്ള സൂസന്റെ കുറിപ്പുകളാണ് നമുക്ക് ലഭിച്ച താളുകളിലുള്ളത്. കൊലയ്ക്കുള്ള മാർഗരറ്റിന്റെ മോട്ടീവ് തെളിയിക്കാൻ നമുക്കീ പേജുകൾ ഉപയോഗിക്കാമെന്ന് തോന്നുന്നു." സബ് ഇൻസ്‌പെക്ടർ പ്രസാദ് ഇത് പറഞ്ഞപ്പോൾ കീർത്തി വല്ലാത്ത അസ്വസ്ഥതയോടെ തലയിൽ കൈവെച്ചു.
"എന്താണ് ആ പേജുകളിൽ എഴുതിയിരിക്കുന്നതെന്ന് താൻ ശരിക്കും വായിച്ചോ?" കീർത്തി ദുർബലമായ ശബ്ദത്തിൽ ചോദിച്ചു.
"വായിച്ചു മാഡം. ആത്മഹത്യ ചെയ്യാനുള്ള കാരണവും മറ്റും സൂസൻ വിസ്തരിച്ച് എഴുതി വെച്ചിട്ടുണ്ട്. ഞാൻ വായിക്കട്ടെ?"
"വേണ്ട. താൻ ഇപ്പോൾ തന്നെ ഹാൻഡ്റൈറ്റിങ് എക്സ്പെർട്ടിനെ കണ്ട് ആ പേജുകളിൽ എഴുതിയിരിക്കുന്നത് സൂസൻ തന്നെയാണോ എന്ന് ഉറപ്പ് വരുത്തണം. ശേഷം വിവരമറിയിക്കണം."
"ശരി മാഡം." ഫോൺ കട്ടായി.
കീർത്തി പതിയെ വണ്ടിയിൽ നിന്നിറങ്ങി. അവൾ അടുത്ത് കണ്ട ഒരു ചെറിയ ചായക്കടയിൽ കയറിയിരുന്നു. ആവി പറക്കുന്ന ചായ ഊതിക്കുടിക്കുമ്പോൾ അവളുടെ മനസ്സിൽ മരിച്ചു കിടക്കുന്ന സൂസന്റെ മുഖമായിരുന്നു. വർഷങ്ങളോളം അവളുടെ ഉറക്കം കെടുത്തിയ, അവളെ പിന്തുടർന്ന മുഖം! പൊട്ടിത്തകർന്ന് രക്തമൊലിക്കുന്ന മുഖം!
കീർത്തി പഠിച്ച അതേ കാമ്പസിലാണ് സൂസനും പഠിച്ചിരുന്നത്. കീർത്തിയും മുഹാജിറുമെല്ലാം സൂസന്റെ സൂപ്പർ സീനിയേഴ്‌സായിരുന്നു. ഈറൻ മുടി അഴിച്ചിട്ട് നിറഞ്ഞ ചിരിയോടെ ഇടനാഴിയിലൂടെ നടന്നുവരുന്ന സൂസന്റെ ചിത്രം വേദനയായി അവളുടെ മനസ്സിൽ നിറഞ്ഞു. ആരും കാണാതെ അവൾ കണ്ണ് തുടച്ചു.
സമയമെടുത്ത് ചായ കുടിച്ച് തിരക്കേറിയ നിരത്തിലൂടെ അവൾ വെറുതെ നടന്നു. ആ സ്ഥലമേതെന്നോ, എത്ര നേരമായി താനവിടെ എത്തിട്ടെന്നോ അവൾക്കറിയില്ലായിരുന്നു. പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി. വെയിൽ മാഞ്ഞതോ അന്തരീക്ഷം ഇരുണ്ടതോ ഒന്നും അവൾ ശ്രദ്ധിച്ചിരുന്നില്ല. വേഗം ഒരു ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പാർക്കിങ്ങിലേക്ക് കയറി നിന്നു അവൾ. എത്രദൂരം താൻ നടന്നെന്നോ, ഏതെല്ലാം വഴികൾ പിന്നിട്ടെന്നോ അവൾക്കറിയില്ലായിരുന്നു. തിരിച്ച് തന്റെ വാഹനത്തിനടുത്തെത്താൻ പ്രയാസപ്പെടേണ്ടി വരുമെന്ന തിരിച്ചറിവിൽ അവൾ മടുപ്പോടെ തല കുടഞ്ഞു. പിന്നെ വെറുതെ, മഴയിലേക്കും നോക്കി നിന്നു. സൂസന്റെ ശവമടക്കുകഴിഞ്ഞ സായാഹ്നത്തിലും മഴ പെയ്തത് അവൾ ഓർത്തു. ഇത് പോലെ പെട്ടെന്നാണ് അന്തരീക്ഷം മാറി മഴ പെയ്തത്. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മഴ നനഞ്ഞ് നടന്നകലുന്ന മാർഗരറ്റിന്റെ രൂപം അവളുടെ മനസ്സിൽ തികട്ടിയെത്തി. അന്ന് മാർഗരറ്റിനെ അവൾക്ക് പരിചയമുണ്ടായിരുന്നില്ല. സൂസന്റെ ചേച്ചി എന്ന് പറഞ്ഞ് അവൾക്ക് മാർഗരറ്റിനെ ചൂണ്ടിക്കാണിച്ചു കൊടുത്തത് ഒരു ജൂനിയർ വിദ്യാർത്ഥിയായിരുന്നു. മുഹാജിർ അന്ന് അവർക്കടുത്തെത്തി അവരെ ആശ്വസിപ്പിക്കുന്നത് അവൾ കണ്ടിരുന്നു. മുഹാജിറും മാർഗരറ്റും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നതും അവിടെ ആ മരണവീട്ടിൽ നിന്നാണ്. അനുജത്തിയുടെയും, അതിന് തൊട്ട് മുൻപ് ഭർത്താവ് ഒലിവറിന്റേയും മരണത്തോടെ ഒറ്റക്കായിപ്പോയ മാർഗരറ്റിന് എല്ലാ അർത്ഥത്തിലും ഒരു കൂട്ടായി മാറി മുഹാജിർ. അതവന്റെ കൗമാര സ്വപ്നങ്ങളുടെ പൂർത്തീകരണത്തിനായുള്ള ഒരു അടവ് മാത്രമാണെന്നാണ് താൻ ആദ്യം കരുതിയതെന്ന കാര്യം തെല്ല് ജാള്യതയോടെ അവൾ ഓർത്തു. എന്നാൽ മനോഹരമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്!
മൊബൈൽ ശബ്ദിച്ചു. സബ് ഇൻസ്‌പെക്ടർ പ്രസാദായിരുന്നു മറുതലക്കൽ.
"പറയ് പ്രസാദ്... എന്തായി കാര്യങ്ങൾ?" അവൾ അലസമായി ചോദിച്ചു. മഴയുടെ ശക്തി പതിയെ കുറഞ്ഞു വരുന്നത് അവൾ ശ്രദ്ധിച്ചു.
"മാഡം... സൂസന്റെ പരീക്ഷാപേപ്പറുകൾ, കോളജ് നോട്ടുബുക്കുകൾ, കൈയെഴുത്തുള്ള മറ്റ് രേഖകൾ... എല്ലാം സംഘടിപ്പിച്ച് ഹാൻഡ്റൈറ്റിങ് എക്സ്പെർട്ടിനെകൊണ്ട് വെരിഫൈ ചെയ്യിച്ചു. ആ ഡയറിക്കുറിപ്പുകൾ സൂസന്റെ തന്നെയാണെന്നത് കൺഫോം ആണ് മാഡം." കീർത്തി ഒരു തളർച്ചയോടെ ഫോൺ വെച്ചു. മനസ്സിൽ നീറ്റലും വിങ്ങലുമൊക്കെ നിറയുന്നത് അവൾ അറിഞ്ഞു.
മഴ നേർത്തില്ലാതായിരുന്നു. അവൾ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പാർക്കിങ്ങിൽ നിന്നും ഇറങ്ങി, വന്ന വഴിയേ തിരിച്ചു നടന്നു. വഴി തെറ്റാതെ, അധികം അന്വേഷിച്ചലയാതെ തന്നെ അവൾ തന്റെ വണ്ടിക്കടുത്തെത്തി. ഹൈവേയിലൂടെ അതിവേഗം വാഹനം പായിച്ച്, മുക്കാൽ മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ തണ്ണീർക്കര എന്ന ഗ്രാമത്തിലേക്കവൾ എത്തി. മുഹാജിറിന്റെ ജന്മനാട്! നദിയാൽ ചുറ്റപ്പെട്ട അതിമനോഹര ഗ്രാമം. അവിടത്തെ ജുമാമസ്ജിദ് ഖബർസ്ഥാനിന് മുന്നിൽ അവൾ വണ്ടി നിർത്തിയിറങ്ങി. അവളുടെ പ്രിയ സുഹൃത്തിനെ അടക്കം ചെയ്തിരിക്കുന്നത് അവിടെയാണ്!
ചെടികളും മരങ്ങളും നിറഞ്ഞ, നിശബ്ദവും വിജനവുമായ ഖബർസ്ഥാനിലേക്കും നോക്കി അവൾ കുറച്ചു സമയം നിന്നു. പിന്നെ പതിയെ ഖബർസ്ഥാനിന്റെ പടി കടന്ന് വള്ളിപ്പടർപ്പുകൾ വകഞ്ഞു മാറ്റി മുന്നോട്ട് നടന്നു. പച്ച മണ്ണിന്റെ ഗന്ധം വിട്ട് മാറാത്ത മുഹാജിറിന്റെ ഖബറിനരികിൽ ഒരു തേങ്ങലോടെ അവൾ മുട്ട് കുത്തി. കരയാൻ മറന്ന സ്ത്രീയാണവൾ. ഏത് സാഹചര്യത്തെയും സധൈര്യം നേരിടാൻ ശീലിച്ച ഒരുവളാണവൾ. എന്നാൽ ആ ഖബറിനരികിൽ അവൾ തോറ്റ് പോയവളാണ്. പൊട്ടിപ്പൊട്ടി കരയുന്നവളാണ്. എല്ലാ ധൈര്യവും ആത്മവിശ്വാസവും ചോർന്ന് പോയവളാണ്.
"എനിക്ക് മാപ്പ് തരൂ മുഹാജിർ... മാപ്പ് തരൂ... ഞാനാണെല്ലാം തുടങ്ങി വെച്ചത്. ഞാനാണ് എല്ലാത്തിനും കാരണക്കാരി. ഒരു തെറ്റും ചെയ്യാത്ത നീ കൊത്തിനുറുക്കപ്പെട്ടു..!
അവളുടെ കണ്ണീർ വീണ് ആ ഖബർസ്ഥാനിലെ മണൽത്തരികളും പുൽക്കൊടികളും നനഞ്ഞു. അവിടമാകെ അവളുടെ ദുഃഖത്തിന്റെ ഇരുൾ പരന്നു. മണിക്കൂറുകൾക്ക് ശേഷമാണ് അവളാ ശ്‌മശാനത്തിൽ നിന്നും പുറത്ത് കടന്നത്. അവൾ വണ്ടി സ്റ്റേഷനിലേക്ക് വിട്ടു. അവൾക്ക് മാർഗരറ്റിനെ കാണണമായിരുന്നു. ചിലത് ചോദിച്ചറിയണമായിരുന്നു...
(തുടരും)