മരണത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച ആദിവാസി യുവാവാര്? അപൂർവ സസ്യം അവന് ലഭിച്ചതെങ്ങനെ?
അധ്യായം: എട്ട് പെരുമാൾ കാവിലെ നിറദീപം കാണേണ്ട കാഴ്ച തന്നെയാണ്. പൂത്തുലഞ്ഞു ആകാശത്തു നിന്നും ചിതറി വീണ നക്ഷത്രങ്ങളെന്നപോലെ ക്ഷേത്രവും വിശാലമായ മൈതാനവും കത്തിച്ചു വെച്ച മണ്‍ചിരാതുകളാൽ നിറഞ്ഞിരിക്കും. കറുപ്പും വെളുപ്പും ചുവപ്പും നിറങ്ങൾ വാരിപൂശി, കരിയെഴുതിയ കണ്ണുകൾ വിടർത്തി, തെറിച്ചു നിൽക്കുന്ന
അധ്യായം: എട്ട് പെരുമാൾ കാവിലെ നിറദീപം കാണേണ്ട കാഴ്ച തന്നെയാണ്. പൂത്തുലഞ്ഞു ആകാശത്തു നിന്നും ചിതറി വീണ നക്ഷത്രങ്ങളെന്നപോലെ ക്ഷേത്രവും വിശാലമായ മൈതാനവും കത്തിച്ചു വെച്ച മണ്‍ചിരാതുകളാൽ നിറഞ്ഞിരിക്കും. കറുപ്പും വെളുപ്പും ചുവപ്പും നിറങ്ങൾ വാരിപൂശി, കരിയെഴുതിയ കണ്ണുകൾ വിടർത്തി, തെറിച്ചു നിൽക്കുന്ന
അധ്യായം: എട്ട് പെരുമാൾ കാവിലെ നിറദീപം കാണേണ്ട കാഴ്ച തന്നെയാണ്. പൂത്തുലഞ്ഞു ആകാശത്തു നിന്നും ചിതറി വീണ നക്ഷത്രങ്ങളെന്നപോലെ ക്ഷേത്രവും വിശാലമായ മൈതാനവും കത്തിച്ചു വെച്ച മണ്‍ചിരാതുകളാൽ നിറഞ്ഞിരിക്കും. കറുപ്പും വെളുപ്പും ചുവപ്പും നിറങ്ങൾ വാരിപൂശി, കരിയെഴുതിയ കണ്ണുകൾ വിടർത്തി, തെറിച്ചു നിൽക്കുന്ന
അധ്യായം: എട്ട്
പെരുമാൾ കാവിലെ നിറദീപം കാണേണ്ട കാഴ്ച തന്നെയാണ്. പൂത്തുലഞ്ഞു ആകാശത്തു നിന്നും ചിതറി വീണ നക്ഷത്രങ്ങളെന്നപോലെ ക്ഷേത്രവും വിശാലമായ മൈതാനവും കത്തിച്ചു വെച്ച മണ്‍ചിരാതുകളാൽ നിറഞ്ഞിരിക്കും. കറുപ്പും വെളുപ്പും ചുവപ്പും നിറങ്ങൾ വാരിപൂശി, കരിയെഴുതിയ കണ്ണുകൾ വിടർത്തി, തെറിച്ചു നിൽക്കുന്ന തേറ്റകൾക്കിടയിലൂടെ ചുവന്ന നാക്കുനീട്ടി, കുരുത്തോലകൾ ഉടുപ്പാക്കിയ കരിമ്പൂതങ്ങൾ, വാദ്യങ്ങളുടെ അകമ്പടിയോടെ കാൽത്തള, കൈവള കിലുക്കി മൺചിരാതുകൾക്കിടയിൽ ആടി തിമിർക്കും. വലിയൊരു ജനസഞ്ചയം തന്നെ അത് കാണാനായി മൈതാനത്ത് തളം കെട്ടി നിൽക്കും.
ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങ് കുരുതി തർപ്പണമാണ്. വായ് വട്ടമുള്ള വലിയ ചെമ്പിൽ ചുണ്ണാമ്പും മഞ്ഞളും ചേർത്ത് ഒരുക്കിവെച്ച കടും ചുവപ്പ് വെള്ളത്തിലേക്ക്, ബലി നൽകിയ മുട്ടനാടിന്റെ ചുടുരക്തം കൂട്ടി കലർത്തും. ശ്രീകോവിലിന് മുന്നിൽ അൽപം വടക്കു മാറി മുറ്റത്ത് കളം വരഞ്ഞ്, വാഴ പോളകൾ തലങ്ങും വിലങ്ങും വെച്ച് നിർമ്മിച്ച അറുപത്തിനാല് ചതുരക്കളങ്ങളിൽ ഓരോന്നിലും തീ പന്തങ്ങൾ കുത്തിനിർത്തും. തുകൽ വാദ്യങ്ങളുടെ അകമ്പടിയോടെ, തീ നാളങ്ങൾ നൃത്തം ചെയ്യുന്ന കളത്തിലേക്ക് ചെമ്പിലെ കുരുതി ചോര പൂജാരി ഇരുകൈകളാലും തേകി തെറിപ്പിക്കുന്നതാണ് കുരുതി തർപ്പണം. മെല്ലെ മെല്ലെ തുടങ്ങി വാദ്യങ്ങളുടെ മുറുക്കത്തിനനുസരിച്ച് വേഗം വർധിപ്പിച്ച് ആ വലിയ ചെമ്പിലെ കുരുതി ചോര മുഴുവൻ തേകി തീർക്കുമ്പോഴേക്കും പൂജാരി മോഹാലസ്യപ്പെട്ടു വീഴും. ചെഞ്ചോര തുള്ളികളേറ്റ് തീ പന്തങ്ങൾ കെട്ടണയും. മുറുകിയ വാദ്യമേളത്തിൽ കരമ്പൂതങ്ങൾ ആർത്തട്ടഹസിച്ച് നൃത്തമാടും. ഭക്തരിൽ ചിലർ ഉറഞ്ഞു തുള്ളും. മുടിയഴിച്ചിട്ടാടും. കുരുതി തർപ്പണം തുടങ്ങണമെങ്കിൽ ഇനിയും നാഴികകൾ കാത്തിരിക്കണം. വീട്ടിൽ ചിരുത ഒറ്റയ്ക്കാണെന്ന വിചാരം വന്നതോടെ ചെക്കോട്ടി വൈദ്യരും സഹധർമ്മിണിയും വീട്ടിലേക്ക് തിരിച്ചു.
സായംസന്ധ്യ കറുത്തിരുണ്ടിട്ടും വീട്ടിൽ ഒറ്റയ്ക്കായ ചിരുത ഉമ്മറ പടിവാതിലടച്ചിരുന്നില്ല. ഉത്തരത്തിൽ തൂക്കിയിട്ട ഓട്ടുവിളക്കിലെ തിരി നീട്ടിവെച്ച് കോലായിലെ മരകസേരയിൽ അച്ഛനുമമ്മയെയും കാത്ത് അവളിരുന്നു. ഓട്ടുവിളക്കിലെ മഞ്ഞവെളിച്ചത്തിൽ ചിരുത ഒരു ദേവകന്യകയെ പോലെ തുടുത്തു നിന്നു. തുരുത്തി കാടിനെ തഴുകി വന്ന കുളിർന്ന കാറ്റ് അവളുടെ കവിളിലേക്ക് ചാഞ്ഞുകിടന്ന മുടിയിഴകളെ വിറപ്പിച്ചുകൊണ്ടേയിരുന്നു. നേരത്തെ നടന്ന അത്ഭുത കാഴ്ചയിൽ നിന്നും അവളപ്പോഴും മോചിതയായിരുന്നില്ല.
ഞാൻ നിസ്സഹായതയോടെ ചെമ്പനെ നോക്കുന്നത് കണ്ടിട്ടാകണം കിടാത്തിയുടെ കരച്ചിലിന് ശക്തി കൂടിയത്. സത്യം പറഞ്ഞാല്‍ ഉള്ള് പിടയുകയായിരുന്നു. ചെന്താമര പോലെ ഒരു പിഞ്ചുകുഞ്ഞ് മരണത്തിന്റെ ഇരുട്ടു നിറഞ്ഞ ആഴങ്ങളിലേക്ക് ഒഴുകി പോകുന്നത് നിറകണ്ണുകളോടെ നോക്കി നിൽക്കേണ്ടി വരുന്നത് എന്തൊരു ക്രൂരമായ അവസ്ഥയാണ്? കോലായ തിണ്ണയിൽ ആശയറ്റ് ഞാനിരിക്കുമ്പോഴാണ് ചെമ്പൻ അരയിൽ കെട്ടിവെച്ച ചെറിയൊരു ഓട്ടുപാത്രമെടുത്തത്. ഒറ്റ നോട്ടത്തിൽ ചെമ്പന്റെ അരയിൽ അങ്ങനെയൊരു സാധനമുണ്ടെന്ന് മനസ്സിലാകുമായിരുന്നില്ല. ചികിത്സ പുരയിൽ നിന്നെടുത്ത കാട്ടുതേനും പശുവിൻ പാലും കാട്ടുമഞ്ഞളിന്റെ നീരും സമം ചേർത്തിളക്കിയ മിശ്രിതത്തിലേക്ക് ഓട്ടുപാത്രത്തിൽ നിന്നുമെടുത്ത ചുരുണ്ട ഇലകൾ പത്തെണ്ണം ശ്രദ്ധയോടെ ചെമ്പനിട്ടു.
പൊടുന്നനെ മിശ്രിതം തിളച്ചുപൊന്തി. കടും പച്ചനിറത്തിലുള്ള കുഴമ്പ് ലായനിയായി അത് മാറി. പതഞ്ഞു വന്ന നുരയൊന്നു ആറിത്തണുത്തപ്പോൾ പാതി വിരൽ അളവിലെടുത്ത ആ ഔഷധം കുഞ്ഞിന്റെ വായിലേക്ക് അൽപാൽപമായി ചെമ്പൻ സൂക്ഷ്മതയോടെ ഒഴിച്ചു കൊടുത്തു. കുഞ്ഞിന്റെ കടിയേറ്റ കാലിൽ നേരത്തെ പുരട്ടിയ വിഷത്താളി തൈലം മുഴുവൻ ചെമ്പൻ വടിച്ചു കളഞ്ഞു. പകരം പുതിയ ഔഷധം തേച്ചു പിടിപ്പിച്ചു. കൈവെള്ള ഞാനും കാൽപാദം ചെമ്പനും തിരുമ്മി ചൂട് പിടിപ്പിച്ചുകൊണ്ടേയിരുന്നു. പക്ഷെ യാതൊരു മാറ്റവും ഉണ്ടായില്ല.
ഇനിയവനെ തിരിച്ചു കൊണ്ടുവരുവാൻ സാധ്യമല്ലെന്നറിഞ്ഞ് മനസ്സ് പിടഞ്ഞു. നിഷ്കളങ്കമായ അവന്റെ മുഖം നോക്കാനാകാതെ യാന്ത്രികമായി എത്ര നേരം പിഞ്ചു കൈ തിരുമ്മിക്കൊണ്ടിരുന്നു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല. കിടാത്തിയുടെ വിളി കേട്ടാണ് വീണ്ടുമവനെ ശ്രദ്ധിച്ചത്. പാദം മുതൽ തുട വരെ പടർന്ന് പന്തലിച്ച നീലനിറം ഭൂരിഭാഗവും അപ്രത്യക്ഷമായിരിക്കുന്നു..! കടിയേറ്റ ഭാഗത്തെ വീക്കത്തിനും നല്ല കുറവ് വന്നിട്ടുണ്ട്. എനിക്കത് വിശ്വസിക്കാൻ സാധിച്ചില്ല. പെട്ടെന്നു തന്നെ കൈതണ്ട പിടിച്ച് നാഡിമിടിപ്പ് പരിശോധിച്ചു. അത് കൂടിയിരിക്കുന്നു. കൺപോളകൾ തുറന്നു നോക്കിയപ്പോൾ കൃഷ്ണമണി താഴ്ന്നു വന്നിരിക്കുന്നു. ശ്വാസോച്ഛ്വാസത്തിന്റെ വേഗത കൂടി വരുന്നു! ഞാൻ ചെമ്പനെ അത്ഭുതത്തോടെയും ആശ്വാസത്തോടെയും നോക്കി. അവനൊന്നുമറിയാത്തവനെ പോലെ ആ ഔഷധം ചെറിയ അളവിൽ ഒരിക്കൽ കൂടി കാൽപാദം മുതൽ തുട വരെ തേച്ചു പിടിപ്പിച്ചു.
"ഉമ്മറത്തിങ്ങനെ ഒറ്റയ്ക്കിരിക്കുമ്പോൾ പേടിയാകില്ലേ കുട്ടി?" അച്ഛന്റെ ചോദ്യം കേട്ടാണ് ചിരുത മയക്കത്തിൽ നിന്നുണർന്നത്. അച്ഛനും അമ്മയും കുളിച്ചു വരുമ്പോഴേക്കും ചിരുത ഭക്ഷണം എടുത്തു വെച്ചു. അത്താഴം കഴിഞ്ഞ് ചെക്കോട്ടി വൈദ്യർ മുറ്റത്തു കൂടി ഉലാത്തുമ്പോഴാണ് ചിരുത നേരത്തെ നടന്ന സംഭവങ്ങൾ അച്ഛന് വിശദമായി വിവരിച്ചു കൊടുത്തത്. കാട്ടുപുലിയുടെ ആക്രമണത്തിൽ നിന്നും ചിരുതയെ രക്ഷപ്പെടുത്തിയ പ്രവർത്തനത്തെക്കാളും ചെക്കോട്ടി വൈദ്യരെ സ്വാധീനിച്ചത് കുട്ടിയെ രക്ഷിച്ച ചെമ്പന്റെ പ്രവൃത്തിയായിരുന്നു. ഓട്ടുപാത്രത്തിൽ നിന്നുമെടുത്ത ചുരുണ്ട ഇലകൾ..? തിളച്ചുപൊന്തിയ മിശ്രിത കൂട്ട്. അണലിയുടെ ദംശനമേറ്റ് ജീവച്ഛവമായ കുട്ടിയെ പുനർജീവിപ്പിച്ച ദിവ്യ ഔഷധം.
ഏതാണത്? ചെക്കോട്ടി വൈദ്യരുടെ തല പുകയാൻ തുടങ്ങി. അഷ്ടാംഗഹൃദയവും സസ്യപുരാണവും ഫലക സൂചികയും മറ്റും വൈദ്യരുടെ തലച്ചോറിൽ ഓട്ടപ്രദക്ഷിണം നടത്തി. പെട്ടെന്ന് വൈദ്യർ പാതിയില്‍ നടത്തം നിർത്തി. അതെ. അതുതന്നെ. വാഗ്ഭടൻ പ്രകീർത്തിച്ച, സഹ്യസാനുവിൽ മാത്രം കാണപ്പെടുന്ന, കറുത്തവാവിൽ മാത്രം തിരിച്ചറിയാൻ കഴിയുന്ന, മഹാമനീഷികൾ കാലങ്ങളായി തേടി കൊണ്ടിരിക്കുന്ന അത്ഭുതചെടി. ചന്ദ്രവിമുഖി.
ചെക്കോട്ടി വൈദ്യരുടെ മനസ്സില്‍ ആനന്ദത്തിന്റെ ഒരായിരം സൂര്യന്മാർ ഒന്നിച്ചുദിച്ചുയർന്നു. ചന്ദ്രവിമുഖി കണ്ടെത്താനുള്ള മാർഗ്ഗം തെളിഞ്ഞിരിക്കുന്നു. നൂറ്റാണ്ടുകളായി മഹാരഥന്മാർ കിണഞ്ഞു ശ്രമിച്ചിട്ടും സാധിക്കാത്തത്, ഇതാ എന്റെ കൈയ്യെത്തും അകലത്ത്. ചെമ്പൻ. കൊടുങ്കാറ്റുപോലെ ചുഴറ്റി വന്ന് കാട്ടുപുലിയെ കീഴ്പെടുത്തിയവൻ. അവനെങ്ങോട്ടാണ് പോയത്? എവിടെയാണവന്റെ താമസം? ഉൾക്കാട്ടിനുള്ളിലെ ആദിവാസി ഗോത്രത്തിൽപെട്ടവനാകാനാണ് സാധ്യത. ചെമ്പനെ കണ്ടെത്തണം. ചന്ദ്രവിമുഖി തിരിച്ചറിയണം. അതത്ര നിസ്സാരമായിരിക്കില്ല എന്ന ബോധ്യം വൈദ്യർക്ക് നല്ല നിശ്ചയമുണ്ട്. പക്ഷെ എന്ത് വില കൊടുത്തും അത് കണ്ടെത്തിയേ തീരൂ. ചെക്കോട്ടി വൈദ്യർ പ്രതീക്ഷയോടെ മകളെ നോക്കി.
(തുടരും)