കാട്ടുപുല്ലുകള്‍ക്കിടയിൽ യുവാവിന്റെ മൃതദേഹം; ചന്ദ്രവിമുഖി തുടർമരണങ്ങൾക്ക് കാരണമാകുകയാണോ?
അധ്യായം: പതിനൊന്ന് സായംസന്ധ്യയുടെ ചുവപ്പുരാശിയിൽ കുളിച്ചൊരുങ്ങി മന്ദം മന്ദം ഒഴുകുന്ന അകലാപ്പുഴയുടെ തീരത്തുകൂടി ഗോവിന്ദൻ അതിവേഗത്തിൽ നടന്നു. പിന്നിലായി വന്ന രണ്ടുമൂന്നു പേർ ഗോവിന്ദനോടൊപ്പം എത്താൻ മത്സരിച്ച് ഓടിക്കൊണ്ടിരുന്നു. തീരത്തെ മൺപുറ്റുകൾക്കിടയിൽ ഇര തേടിക്കൊണ്ടിരുന്ന ചെറിയ ചുവന്ന കാലന്‍
അധ്യായം: പതിനൊന്ന് സായംസന്ധ്യയുടെ ചുവപ്പുരാശിയിൽ കുളിച്ചൊരുങ്ങി മന്ദം മന്ദം ഒഴുകുന്ന അകലാപ്പുഴയുടെ തീരത്തുകൂടി ഗോവിന്ദൻ അതിവേഗത്തിൽ നടന്നു. പിന്നിലായി വന്ന രണ്ടുമൂന്നു പേർ ഗോവിന്ദനോടൊപ്പം എത്താൻ മത്സരിച്ച് ഓടിക്കൊണ്ടിരുന്നു. തീരത്തെ മൺപുറ്റുകൾക്കിടയിൽ ഇര തേടിക്കൊണ്ടിരുന്ന ചെറിയ ചുവന്ന കാലന്‍
അധ്യായം: പതിനൊന്ന് സായംസന്ധ്യയുടെ ചുവപ്പുരാശിയിൽ കുളിച്ചൊരുങ്ങി മന്ദം മന്ദം ഒഴുകുന്ന അകലാപ്പുഴയുടെ തീരത്തുകൂടി ഗോവിന്ദൻ അതിവേഗത്തിൽ നടന്നു. പിന്നിലായി വന്ന രണ്ടുമൂന്നു പേർ ഗോവിന്ദനോടൊപ്പം എത്താൻ മത്സരിച്ച് ഓടിക്കൊണ്ടിരുന്നു. തീരത്തെ മൺപുറ്റുകൾക്കിടയിൽ ഇര തേടിക്കൊണ്ടിരുന്ന ചെറിയ ചുവന്ന കാലന്‍
അധ്യായം: പതിനൊന്ന്
സായംസന്ധ്യയുടെ ചുവപ്പുരാശിയിൽ കുളിച്ചൊരുങ്ങി മന്ദം മന്ദം ഒഴുകുന്ന അകലാപ്പുഴയുടെ തീരത്തുകൂടി ഗോവിന്ദൻ അതിവേഗത്തിൽ നടന്നു. പിന്നിലായി വന്ന രണ്ടുമൂന്നു പേർ ഗോവിന്ദനോടൊപ്പം എത്താൻ മത്സരിച്ച് ഓടിക്കൊണ്ടിരുന്നു. തീരത്തെ മൺപുറ്റുകൾക്കിടയിൽ ഇര തേടിക്കൊണ്ടിരുന്ന ചെറിയ ചുവന്ന കാലന്‍ ഞണ്ടുകൾ പാദപതന ശബ്ദം കേട്ട്, യോദ്ധാക്കളെപോലെ ഈർച്ചവാൾ കാലുയർത്തി ഒരു നിമിഷം കാതോർത്തു നിന്നു. പിന്നെ വേഗത്തിൽ മാളങ്ങളിൽ ഓടിയൊളിച്ചു. ഒറ്റയടിപാതയോട് ചേർന്നുള്ള ആ ചെറിയ കുറ്റിക്കാടിന് ചുറ്റുമായി പത്തിരുപത് പേർ കൂട്ടം കൂടി നിൽപ്പുണ്ട്. ചെമ്പനേഴിയിലെ കാര്യസ്ഥൻ ഗോവിന്ദനെ കണ്ടതും അവരെല്ലാം സംസാരം നിർത്തി വഴിമാറി നിന്നു.
കാട്ടുപുല്ലുകള്‍ക്കിടയിൽ പാതിചെരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കളരി അഭ്യാസിയെ പോലെ അരക്കച്ച മാത്രമെ ധരിച്ചിട്ടുള്ളു. മേലാസകലം എണ്ണ തേച്ച് പിടിപ്പിച്ചിട്ടുണ്ട്. ഗോവിന്ദന്റെ നിർദ്ദേശപ്രകാരം മൃതദേഹം മലർത്തി കിടത്തി. മുപ്പത് വയസ്സില്‍ താഴെ പ്രായമുള്ള സുമുഖനും കരുത്തനുമായ ഒരു യുവാവ്. ഗോവിന്ദന്റെ കണ്ണുകൾ ഈച്ചയെ പോലെ ശരീരമാസകലം പരതി നടന്നു. "ഇവന്റെ കൈയ്യിലുണ്ടായിരുന്ന തുണി സഞ്ചിയെവിടെ?" ഗോവിന്ദന്റെ ചോദ്യത്തിനുത്തരമായി കൂട്ടം കൂടി നിന്നവരിൽ ഒരുവൻ ഒരു പണക്കിഴി സഞ്ചി നീട്ടി. ഗോവിന്ദൻ ആ ചെറിയ സഞ്ചി തുറന്നു നോക്കി. വാടിപോയ കുറച്ച് ഇരുണ്ട ഇലകൾ. ഗോവിന്ദന്റെ കൈയ്യൊന്നു വിറച്ചു.
ചന്ദ്രവിമുഖി! ഗോവിന്ദൻ മനസ്സിൽ ഉച്ചരിച്ചു. പിന്നെ ശ്രദ്ധയോടെ മടിശീലയിൽ ചുറ്റിവെച്ച് അരയിൽ തിരുകി. സന്ധ്യ കനത്തതോടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ ആൾപ്പാർപ്പില്ലാത്ത വീട്ടിലേക്ക് മാറ്റി. അകലാപ്പുഴയുടെ തീരത്തെ ഈ വീട് ഉൾപ്പെടുന്ന വിശാലമായ പറമ്പ് ചെമ്പനേഴി തറവാട്ട് വകയാണ്. രാത്രി കൂറ്റൻ എണ്ണ വിളക്കിന്റെ തെളിച്ചത്തില്‍ മിത്രൻ വൈദ്യരുടെ മക്കളായ കാർത്തികേയനും വിഷ്ണുകീർത്തിയും മൃതദേഹം പൂർണ്ണ പരിശോധനയ്ക്ക് വിധേയമാക്കി. സഹായിയായി ഗോവിന്ദൻ മാത്രമെ ഒപ്പമുണ്ടായിരുന്നുള്ളു. വലതു കൈയ്യിലെ ചെറുവിരലിൽ ധരിച്ചിരിക്കുന്ന ചെറിയൊരു ആയുധം മാത്രമാണ് അവർക്ക് കണ്ടെത്താനായത്. ചെറുവിരലിൽ നിന്ന് കാർത്തികേയൻ അത് അഴിച്ചെടുത്തു.
രണ്ട് മോതിരങ്ങളെ ബന്ധിപ്പിച്ച ചെറിയൊരു ലോഹദണ്ഡ്. അതിന്റെ പുറംഭാഗം വാൾത്തല പോലെ മൂർച്ചപ്പെടുത്തിയിരിക്കുന്നു. ഒരു മോതിരം പോലെ എളുപ്പത്തിൽ ധരിക്കാനും ഊരിയെടുക്കാനും കഴിയുന്ന, എതിരാളിയുടെ കണ്ണിലകപ്പെടാതെ സൂക്ഷിക്കാവുന്ന ചെറിയൊരായുധം. കൈവീശി അടിക്കുന്നതോടൊപ്പം ശരീരത്തിൽ മുറിവുണ്ടാക്കാനും ഒരേസമയം സാധിക്കുന്ന ആ ആയുധം കാർത്തികേയൻ ഒരു തുണിയിൽ പൊതിഞ്ഞു മാറ്റിവെച്ചു. അവരെ അത്ഭുതപ്പെടുത്തിയത് കരിമൂർഖൻ കടിച്ചതിന്റെ പാട് മൃതശരീരത്തിൽ എവിടെയും കണ്ടില്ല എന്നതാണ്. അതേ സമയം ശരീരത്തിൽ വിഷം കയറിയതിന്റെ എല്ലാ ലക്ഷണങ്ങളും കാണാനുണ്ടായിരുന്നു.
പിൻകഴുത്തിന്റെ വലതുവശത്തായി ഒമ്പത് കാലോടുകൂടിയ ഒരു ചക്രം പച്ചകൊത്തിയിട്ടുണ്ട്. അതൊരു തിരിച്ചറിയൽ അടയാളമായിരിക്കുമെന്ന് കാർത്തികേയനു തോന്നി. "ഗോവിന്ദാ.. ചാത്തനെയും കോരനെയും കൂട്ടി കുയിപ്പചാലിൽ കുഴി കുത്തി ഇവനെയങ്ങ് മൂടിയേക്ക്.." മൃതദേഹത്തിൽ നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിക്കില്ലെന്ന് മനസ്സിലായ കാർത്തികേയൻ പറഞ്ഞു.
അകലാപ്പുഴയെയും വിശാലമായ ഏച്ചിലോട്ട് വയലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തോടിനോടു ചേർന്നുള്ള ചതുപ്പ് നിലമാണ് കുയിപ്പചാൽ. അജ്ഞാത മൃതദേഹങ്ങൾ കുഴിച്ചിടുന്ന സ്ഥലം. അതിനടുത്തു തന്നെയാണ് പോതിച്ചാൽ. താഴ്ന്ന ജാതിക്കാരെ അടക്കം ചെയ്യുന്ന പറമ്പ്. "വിഷ്ണു.. നമ്മൾ വളരെ കരുതലോടെ ഇരിക്കേണ്ട സമയമാണിത്. അച്ഛനില്ലയെന്നത് ഉൾക്കൊള്ളാനെ പറ്റുന്നില്ല." ചൂട്ടുവെളിച്ചത്തിൽ ചെമ്പനേഴിയിലേക്ക് തിരിച്ചു നടക്കുമ്പോൾ കാർത്തികേയന്റെ കണ്ഠമിടറി. "അച്ഛന് പറയത്തക്ക ശത്രുക്കളാരുമില്ലായിരുന്നെന്ന് നിനക്കറിയാമല്ലോ. ശത്രുവിന്റെ ലക്ഷ്യം ചന്ദ്രവിമുഖിയാണ്. പണ്ടുമുതലേ പല ദേശക്കാരും തറവാട്ടുകാരും ചന്ദ്രവിമുഖിക്കായി നിരന്തരം ശ്രമിച്ചിട്ടുണ്ട്. ആർക്കും തന്നെ ഇതുവരെയും വിജയിക്കാനായിട്ടില്ല."
കാർത്തികേയൻ അനുജനെ തിരിഞ്ഞു നോക്കി. "ജ്യേഷ്ഠൻ ധൈര്യമായിരിക്കൂ. നമ്മുടെ കാലത്തും ചന്ദ്രവിമുഖി ചെമ്പനേഴിയുടെ മാത്രം സ്വത്തായി നിലനിൽക്കും" വിഷ്ണുകീർത്തിയുടെ വാക്കുകൾക്ക് ധീരനായ യോദ്ധാവിന്റെ ശക്തിയുണ്ടായിരുന്നു. "അവൻ നിരന്തരം പരിശീലനം ലഭിച്ച തികഞ്ഞ അഭ്യാസിയാണ്. ശരീരം ഏത് വിധത്തില്‍ വളയ്ക്കാനും തിരിക്കാനും കഴിയുംവിധം മണിബന്ധങ്ങളിലെ കെട്ടഴിഞ്ഞു കിടക്കുന്നത് നീ ശ്രദ്ധിച്ചിരുന്നോ?"
"കൈവെള്ളയിൽ എന്നതുപോലെ കൈ പുറത്തും തഴമ്പ് കണ്ടപ്പോഴെ ഞാനത് ശ്രദ്ധിച്ചതാണ്. ഒറ്റ വീശലിന് അച്ഛന്റെ കഴുത്തിലെ രണ്ട് നാഡികളും മുറിച്ചു കളയണമെങ്കിൽ അവന്‍ തികഞ്ഞ അഭ്യാസി തന്നെയാണ്." "അവനെ പറഞ്ഞയച്ചത് ആരെന്ന് കണ്ടെത്തണം. ശത്രുവിനെ കണ്ടെത്തി പകരം ചോദിച്ച് ചെമ്പനേഴിയുടെ യശസ്സ് വാനോളം ഉയർത്തണം." കാർത്തികേയന്‍ മനസ്സിൽ ഉറപ്പിച്ചു.
കുന്നത്ത് കാവും കടന്ന് ഇടവഴിയിലേക്ക് എത്തിയപ്പോൾ തറവാട്ടില്‍ നിന്നൊരു ബഹളം കാറ്റത്ത് കിതച്ചു വന്നു. അഞ്ചെട്ട് ചൂട്ടുകൾ മുറ്റത്തും പറമ്പത്തുമായി ഓടിക്കളിക്കുന്നു!! കാർത്തികേയന്റെയും വിഷ്ണുകീർത്തിയുടെയും നെഞ്ച് പിടഞ്ഞു. ആമാശയത്തിൽ നിന്നൊരു തീ നാളം അന്നനാളവും കടന്ന് തലച്ചോറിൽ വന്നിടിച്ചതുപോലെ കാർത്തികേയന് തോന്നി. "വിഷ്ണു ശത്രു തറവാട്ടിലുമെത്തിയെന്നാ തോന്നുന്നെ." ഇടവഴിയിലെ കരിയിലകളെ ചവിട്ടിമെതിച്ച് അവർ തറവാട്ടിലേക്ക് ഓടി. ചൂട്ടിൽ നിന്നുള്ള കനൽത്തരികൾ ഉൽക്കകളെ പോലെ പിന്നിലേക്ക് പോയ്മറഞ്ഞു.
(തുടരും)