ചിരുതയുടെ ബാക്കി കഥയറിയാൻ ശ്രമിച്ച് കാർത്തിക; അവളോട് പ്രണയത്തിലായി വൈദ്യരുടെ മകനും
അധ്യായം: ഇരുപത്തിയേഴ് ചികിത്സപ്പുരയിലെ മരക്കട്ടിലിൽ ചുമരും ചാരി ഇരുകാലും നീട്ടിവെച്ചിരിക്കുന്ന കാർത്തികയെ പരിചരിക്കുകയായിരുന്നു മീനാക്ഷിയും പല്ലവിയും. മീനാക്ഷി കാർത്തികയുടെ മുറിവേറ്റ ഭാഗത്ത് കെട്ടിവെച്ചിരുന്ന പരുത്തി തുണി അഴിച്ച് അവിടെ തുടച്ചു വൃത്തിയാക്കി. കാൽപാദം മുതൽ മുട്ട് വരെ
അധ്യായം: ഇരുപത്തിയേഴ് ചികിത്സപ്പുരയിലെ മരക്കട്ടിലിൽ ചുമരും ചാരി ഇരുകാലും നീട്ടിവെച്ചിരിക്കുന്ന കാർത്തികയെ പരിചരിക്കുകയായിരുന്നു മീനാക്ഷിയും പല്ലവിയും. മീനാക്ഷി കാർത്തികയുടെ മുറിവേറ്റ ഭാഗത്ത് കെട്ടിവെച്ചിരുന്ന പരുത്തി തുണി അഴിച്ച് അവിടെ തുടച്ചു വൃത്തിയാക്കി. കാൽപാദം മുതൽ മുട്ട് വരെ
അധ്യായം: ഇരുപത്തിയേഴ് ചികിത്സപ്പുരയിലെ മരക്കട്ടിലിൽ ചുമരും ചാരി ഇരുകാലും നീട്ടിവെച്ചിരിക്കുന്ന കാർത്തികയെ പരിചരിക്കുകയായിരുന്നു മീനാക്ഷിയും പല്ലവിയും. മീനാക്ഷി കാർത്തികയുടെ മുറിവേറ്റ ഭാഗത്ത് കെട്ടിവെച്ചിരുന്ന പരുത്തി തുണി അഴിച്ച് അവിടെ തുടച്ചു വൃത്തിയാക്കി. കാൽപാദം മുതൽ മുട്ട് വരെ
അധ്യായം: ഇരുപത്തിയേഴ്
ചികിത്സപ്പുരയിലെ മരക്കട്ടിലിൽ ചുമരും ചാരി ഇരുകാലും നീട്ടിവെച്ചിരിക്കുന്ന കാർത്തികയെ പരിചരിക്കുകയായിരുന്നു മീനാക്ഷിയും പല്ലവിയും. മീനാക്ഷി കാർത്തികയുടെ മുറിവേറ്റ ഭാഗത്ത് കെട്ടിവെച്ചിരുന്ന പരുത്തി തുണി അഴിച്ച് അവിടെ തുടച്ചു വൃത്തിയാക്കി. കാൽപാദം മുതൽ മുട്ട് വരെ തേച്ചുപിടിപ്പിച്ചിരുന്ന ഔഷധതൈലം വടിച്ചു കളഞ്ഞു. അപ്പോഴെക്കും കാർത്തികേയൻ സ്വർണ്ണ നിറത്തിലുള്ള ഒരു ചെല്ല പെട്ടിയുമായി അവിടേക്ക് കടന്നു വന്നു.
"വിഷലോപതൈലം മുഴുവൻ തുടച്ചു കളഞ്ഞില്ലേ?" കാർത്തികേയൻ മീനാക്ഷിയോട് ചോദിച്ചു. "തുടച്ചു, മുറിവും വൃത്തിയാക്കി." മീനാക്ഷി മറുപടി പറഞ്ഞു. കാർത്തികേയൻ ചെല്ലപ്പെട്ടി തുറന്ന് അതിനുള്ളിൽ നിന്നും കറുത്ത പട്ടുക്കൊണ്ട് പൊതിഞ്ഞ ഒരു ചെറിയ പെട്ടിയെടുത്തു. പിന്നീട് അതും തുറന്ന് കറുത്ത പട്ടിൽ തന്നെ പൊതിഞ്ഞ ഒരു ചില്ലുകുപ്പിയെടുത്ത് ശ്രദ്ധയോടെ മേശ പുറത്ത് വെച്ചു. മീനാക്ഷിയും പല്ലവിയും വളരെ ശ്രദ്ധയോടെ അത് നോക്കി നിന്നു.
ആ ഔഷധത്തിന് ലഭിച്ച പ്രത്യേക പരിഗണന കണ്ടിട്ട് അത് ചന്ദ്രവിമുഖിയായിരിക്കുമെന്ന് കാർത്തികയ്ക്ക് തോന്നി. ശ്രീകണ്ഠൻ്റെ ഭാഷയിൽ പറഞ്ഞാൽ ചെക്കോട്ടി വൈദ്യർ മുതൽ മഹാമനീഷികൾ വരെ കാലങ്ങളോളം അന്വേഷിച്ച് നടന്ന ദിവ്യ ഔഷധം. ഇപ്പോഴും മഹാവൈദ്യന്മാർ തേടിക്കൊണ്ടിരിക്കുന്ന രഹസ്യഔഷധ കൂട്ട്. ചെമ്പനേഴി തറവാടിന്റെ സ്വന്തം ചന്ദ്രവിമുഖി!
മീനാക്ഷി ഒരു ചെറിയ തളിക പാത്രത്തിൽ നിലവിളക്ക് തിരിയേക്കാൾ നീളം കൂടിയ ഒരു പരുത്തി തിരി എടുത്തു വെച്ചു. കാർത്തികേയൻ പതുക്കെ ചില്ലുകുപ്പി തുറന്നു പച്ച നിറത്തിലുള്ള ലായകം ചെറിയൊരു ചീന കോപ്പയിലൊഴിച്ചു. ഒരു സുഗന്ധം ആ മുറിയിലാകെ ഒഴുകി പരന്നു. തളികയിൽ നിന്നും തിരിയെടുത്ത് ഔഷധത്തിൽ മുക്കി കാർത്തികയുടെ ഇരു നാസാദ്വാരങ്ങളിലേക്കും അഞ്ചു തുള്ളി വീതം കാർത്തികേയൻ ഇറ്റിച്ചു കൊടുത്തു.
ഒരു കുളിർമയാർന്ന എരിവ് നാസാദ്വാരത്തിലൂടെ മസ്തിഷ്കത്തിലേക്ക് കയറി പോകുന്നത് കാർത്തികയ്ക്ക് അനുഭവപ്പെട്ടു. അതിൻ്റെ ആലസ്യത്തിൽ കാർത്തിക കാർത്തികേയന്റെ കണ്ണുകളിലേക്ക് നോക്കി. ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു. ചന്ദ്രവിമുഖി അടിവയറ്റിൽ എത്തിയതുപോലെ, ഒരു വിറയൽ ആമാശയവും കടന്ന് അന്നനാളത്തിലേക്ക് കടന്നപോലെ തോന്നിയപ്പോൾ കാർത്തിക കണ്ണുകൾ ഇറുകെയടച്ചു.
കാർത്തികേയന് രാവിലെ കണ്ട സ്വർണ്ണ വിഗ്രഹത്തെയാണ് ഓർമ്മ വന്നത്. ചികിത്സ കഴിഞ്ഞ് അവർ മൂവരും പോയതോടെ ആ ഒറ്റമുറിയിൽ കാർത്തിക ഒറ്റയ്ക്കായി. പുറത്തിറങ്ങി നടക്കാനൊന്നും അനുവാദമില്ലാത്തതിനാൽ നേരം കളയാൻ അവൾ നന്നേ ബുദ്ധിമുട്ടി. നേരം ഉച്ചയായിട്ടും അമ്മയും മൂത്തേടവും ഇതുവഴി വന്നുപോലുമില്ലല്ലോ?
ഉച്ചഭക്ഷണവുമായി മീനാക്ഷിയും പല്ലവിയും വന്നപ്പോൾ വിരസമായ പകലിനെ കുറിച്ച് അവൾ പരാതി പറഞ്ഞു. അതിന് ഫലമുണ്ടായി. ഉച്ചകഴിഞ്ഞ് മീനാക്ഷി അവളെ ചികിത്സപ്പുരയോട് ചേർന്നുള്ള ഗ്രന്ഥപ്പുരയിലേക്ക് കൂട്ടി ക്കൊണ്ടുപോയി. ഗ്രന്ഥങ്ങളുടെ ഒരു വലിയ ശേഖരം അവിടെ വെടിപ്പോടെ അടുക്കിവെച്ചിരിക്കുന്നു. അവൾ ഓരോ ഗ്രന്ഥക്കെട്ടെടുത്ത് പരിശോധിച്ചു. മിക്കതും ഔഷധസസ്യങ്ങളെ കുറിച്ചും ചികിത്സാ രീതികളെ കുറിച്ചുമുള്ളതായിരുന്നു. വിരസത മാറ്റാൻ പറ്റിയ ഗ്രന്ഥങ്ങൾ ...!
അവൾക്ക് ചിരി വന്നു. ഇതൊക്കെ വായിക്കാൻ തുടങ്ങിയാൽ വിരസത മാറി ഭ്രാന്താണ് വരിക. അതിലും നല്ലത് വെറുതെയിരുന്ന് നേരം കൊല്ലുക തന്നെ. കാർത്തിക തിരിച്ചു പോകാൻ തുടങ്ങിയ നേരത്താണ് ഒരു കെട്ട് ഓല മാറികിടക്കുന്നത് കണ്ടത്. അവളത് പതുക്കെ എടുത്തു നോക്കി.
'ഒളിവിലെ ഓർമ്മകൾ - ചിരുതമാനസത്തിനൊരു തുടർച്ച'
ഗ്രന്ഥ കർത്ത: അമൂർത്തൻ
കാർത്തികയ്ക്ക് വിസ്മയമായി. അവളാ ഗ്രന്ഥവുമെടുത്ത് വേഗത്തിൽ മുറിയിലേക്ക് നടന്നു.
കാട്ടിനുള്ളിൽ വെച്ച് ചാത്തുക്കുട്ടിയെ തൊടാൻ പോലും പറ്റില്ലെന്ന് കുഞ്ഞിച്ചോയിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. കോൽക്കാരുടെ വലിയൊരു സംഘത്തെ അവന് ചുറ്റും വിന്യസിച്ചാലും ഒരു മരഞ്ചാടിയെപോലെ പറന്നുയർന്ന് ശിഖരങ്ങളിൽ നിന്ന് ശിഖരങ്ങളിലേക്ക് ഓടിയും ചാടിയും ഉൾക്കാടിൻ്റെ വന്യതയിലേക്ക് അവൻ മാഞ്ഞു പോകും. അതുകൊണ്ട് ചാത്തുക്കുട്ടിയെ കാടിന് പുറത്ത് കിട്ടണം.
പൂക്കാടിനുള്ളിൽ നിന്നും ചാത്തുക്കുട്ടി പുറത്തിറങ്ങുന്നതു വരെ അവനെ രഹസ്യമായി നിരീക്ഷിക്കാനുള്ള സംവിധാനം കുഞ്ഞിച്ചോയി ഏർപ്പാടാക്കി. ഓരോ നാഴികനേരം കഴിയുമ്പോഴും ചാത്തുക്കുട്ടിയുടെ നീക്കങ്ങൾ എലത്തൂർ മനയിലെത്തി. ചാത്തുക്കുട്ടിയുടെ സ്വഭാവം വെച്ച് ഇന്നോ നാളെയോ രാത്രി എലത്തൂർ കളത്തിലെ ഏതെങ്കിലും സുന്ദരികളായ പെൺകുട്ടികളുള്ള കുടിലിൽ അവനൊരു വഷളചിരിയുമായി പ്രത്യക്ഷപ്പെടും. പെൺകുട്ടികളെ കണ്ടെത്താൻ ഒരു രഹസ്യസംഘം തന്നെ അവനു വേണ്ടി പ്രവർത്തിക്കുന്നുണ്ട്. കളവ് മുതലിൻ്റെ ഒരു ഭാഗം അവർക്കുള്ളതാണ്.
പെട്ടെന്നാണ് എലത്തൂർ കളത്തിലെ വേലൻ്റെ മകൾ കുട്ടിമാളുവിനെ കുഞ്ഞിച്ചോയിക്ക് ഓർമ്മ വന്നത്. ആരാലും നോക്കി നിന്നു പോകുന്ന അഴകാർന്നൊരു ചെമ്പനീർ പൂവ്. തൻ്റെ സ്വരമാധുര്യം കൊണ്ട് എലത്തൂർ നാട്ടിലെ പൊന്നോമനയായവൾ. എലത്തൂർ പുഴയോട് ചേർന്നുള്ള വിശാലമായ പാടത്ത് പുഞ്ചനടാൻ നേരത്തും കൊയ്ത്തുകാലത്തും വേലൻ അവളെയും കൂട്ടി വരും. പാടവരമ്പത്തെ തൈതെങ്ങിൽ ചോട്ടിലിരുന്നവൾ നീട്ടി പാടും. പുഞ്ച നടുന്ന കിടാത്തിമാർ അതേറ്റു പാടും.
അവളുടെ പാട്ടുകേൾക്കാൻ എലത്തൂർ പുഴ ഒഴുക്ക് നിർത്തി കാതോർക്കും. അങ്ങകലെ, നീലാകാശം പച്ച പാടത്തെ പുൽകുന്നിടത്തു നിന്നും ഓടി കിതച്ചു വരുന്ന പൂന്തെന്നൽ അവൾക്കു മുന്നിൽ നൃത്തമാടും. കാറ്റിനോടൊപ്പം പാടവരമ്പത്തെ കാക്കപ്പൂവും അരിപ്പൂവും വയൽ ചുള്ളിയും കൂടെ ചേരും. മാവിൻ കൊമ്പത്തെ താഴ്ന്ന ചില്ലയിരുന്ന് പൂങ്കുയിൽ ലജ്ജിച്ച് തല താഴ്ത്തും. തെങ്ങോലകളിൽ പാറികളിക്കുന്ന തത്തകൾ കളി നിർത്തി നിശ്ചലരാകും. നാട്ടിലെ കവികൾ അവളെക്കുറിച്ചങ്ങനെ പാടിയതിൽ അദ്ഭുതമില്ല എന്നഭിപ്രായക്കാരനാണ് കുഞ്ഞിച്ചോയി. ചാത്തുക്കുട്ടിയുടെ ലക്ഷ്യം കുട്ടിമാളു തന്നെയായിരിക്കണം. ആ പാവം കുട്ടിയെ രക്ഷപ്പെടുത്തേണ്ടതുണ്ട്. പക്ഷേ എങ്ങനെ?
കുശാഗ്രബുദ്ധിക്കാരനായ കുഞ്ഞിച്ചോയിയുടെ തലച്ചോറിലെ നാഡീഞരമ്പുകൾ പ്രാണി കുടുങ്ങിയ ചിലന്തി വല പോലെ വലിഞ്ഞുമുറുകി.
(തുടരും)