ADVERTISEMENT

അധ്യായം: ആറ്

ചൂതാട്ടഗൃഹത്തിൽനിന്നും ജ്യേഷ്ഠനെ പുറത്തേക്കു കാണാനേ ഇല്ലല്ലോയെന്നു ഭീമൻ ഓർത്തു. വിസ്തൃതമായ കൈത്തലത്തിൽ തലതാങ്ങി ചൂതാട്ടഗൃഹത്തിനു പുറത്തു ഇട്ടിരുന്ന ഇരിപ്പിടത്തിൽ അവൻ ഇരുന്നു. താമസിയാതെ സിംഹഗർജ്ജനം പോലെ കൂർക്കംവലി മുഴങ്ങി. അൽപസമയത്തിനുശേഷം നകുലനും സഹദേവനും ഇരുവരെയും അന്വേഷിച്ചു അവിടേക്കെത്തി. തെല്ലും മൃദുലമല്ലായിരിന്നിട്ടും ആ ഇരിപ്പിടത്തിൽ പുഷ്പതല്പത്തിലെന്നപോലെ ഉറങ്ങാനുള്ള ഭീമന്റെ കഴിവിനെ നകുലനും സഹദേവനും അമ്പരന്നു നോക്കി. 

ബലേ ഭേഷ് വിളികളും നിരാശയുടെ രോദനങ്ങളുമൊക്കെ ചൂതാട്ടഗൃഹത്തിൽ നിന്നും കേട്ടുകൊണ്ടിരുന്നു. അൽപസമയം കഴിഞ്ഞപ്പോൾ യുധിഷ്ഠിരൻ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയും പുറത്തേക്കെത്തി. യുധിഷ്ഠിരന്റെ മാറിടത്തിൽ കിടന്നിരുന്ന വൈഷ്ണവോമുഖമെന്ന മാല അപ്രത്യക്ഷമായത് അർജ്ജുനൻ ഭീമന് കാണിച്ചുകൊടുത്തു. അൽപ്പം നടന്നശേഷം തിരിഞ്ഞുനോക്കിയപ്പോൾ അവരെ രൂക്ഷമായി നോക്കി വാതിൽക്കൽ‍ നിൽക്കുന്ന ശകുനിയുടെ തിളങ്ങുന്ന കണ്ണുകൾ ഭീമൻ കണ്ടു. അതീവ സന്തോഷം വരുമ്പോഴാണ് ചത്ത മത്സ്യം പോലെ കാണപ്പെടുന്ന ആ കണ്ണുകൾ തിളങ്ങുന്നതെന്ന് ഭീമന് മനസിലായി.

'സൂതന്മാരുടെ ചുണ്ടുകളിലെല്ലാം വാരണവാതം എന്ന നാമമാണല്ലോ ജ്യേഷ്ഠാ എവിടെയാണ് സ്ഥലം? എന്താണ് അവിടെ വിശേഷം?' യുധിഷ്ഠിരന്റെ മൗനം മുറിക്കാൻ നകുലൻ ചോദ്യമെറിഞ്ഞു. അധ്യാപകനെപ്പോലെ കാര്യങ്ങൾ വിശദീകരിക്കാൻ അവസരം കിട്ടിയാൽ യുധിഷ്ഠിരൻ ആഹ്ലാദവാനാകും. അറിവിന്റെ മേൽക്കോയ്മ സ്ഥാപിക്കുകയെന്നതിനേക്കാൾ യുധിഷ്ഠിരനെ ആനന്ദിപ്പിക്കുന്ന മറ്റൊന്നുമില്ലെന്നു നകുലൻ ഓർത്തു. പക്ഷേ ഇപ്പോൾ ചൂതാട്ടവും സീമയില്ലാത്ത ലഹരിയാകുന്നുവെന്ന് അവൻ ഓർത്തു.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

വാരണവാതമെന്നത് ഗജവീരന്മാർ മദിച്ചാർത്തു നടക്കുന്ന പ്രദേശമാണ്. അവിടെ കാറ്റിനു പോലും ചന്ദന ഗന്ധമാണത്രെ. ഗംഗയുടെ കരയിലുള്ള ആ മനോഹര ഭൂമികയിൽ വലിയൊരു ഉത്സവം ആരംഭമാകുകയാണ്. ഉത്സവക്കാഴ്ചകൾക്കായി ദേവലോകം നേരിലെത്തുമെന്നാണ് വചനം. സുന്ദരിമാർ അണിനിരക്കുന്ന രാസനൃത്തവും ഉണ്ടെന്നു ദുര്യോദനൻ പറയുന്നതു കേട്ടു, സഹദേവൻ യുധിഷ്ഠിരന്റെ വാക്കുകളുടെ ഇടയിൽകയറിപ്പറഞ്ഞു. യുധിഷ്ഠിരൻ നോട്ടം കൊണ്ടു ശാസനയെറിഞ്ഞു. 

ധൃതരാഷ്ട്ര പുത്രരുടെ കുത്തുവാക്കുകൾ, സൂതരുടെ സംശയങ്ങൾ... ചിലപ്പോഴൊക്കെയുള്ള കൈയ്യാങ്കളികൾ, അമ്മയുടെ വഴക്ക് വേറെയും.. 'നമുക്ക് ഉത്സവം കൂടാനായി പോയാലോ? അമ്മയോടും അനുവാദം ചോദിക്കാം.' പക്ഷേ വൈകുന്നതുവരെ കാത്തിരിക്കേണ്ടി വന്നില്ല.  പ്രഭാതവന്ദനത്തിനുശേഷം മുഖം കാണിക്കാനെത്തിയപ്പോൾ ധൃതരാഷ്ട്രർ വിഷയം ഇങ്ങോട്ടവതരിപ്പിച്ചു. ഇത്തവണ രാജാവിന്റെ പ്രതിപുരുഷന്മാരായി ഉണ്ണികൾ വാരണവാതത്തിലേക്കു പോകുകയല്ലേയെന്ന് ആജ്ഞാസ്വരത്തിലാണ് നിര്‍ദേശം വച്ചത്. എന്തായാലും ദീര്‍ഘയാത്രയ്ക്കു മുൻപുള്ള ദാനവും ശുഭക്കാഴ്ചയുമൊക്കെ ആചാരപൂർവം നടന്നു. വാരണവാതത്തിലേക്കുള്ള യാത്രയിൽ പിതാവിന്റെ വീരഗാഥകൾ സൂതർ‌ അവരെ പാടിക്കേൾപ്പിച്ചു. അവർ അഭിമാനപുളകിതരായി തേർത്തട്ടിൽ സൂര്യതേജസോടെ ഇരുപ്പുറപ്പിച്ചു. 

യാത്രാവേളയിൽ കുന്തീദേവി മാത്രം അസ്വസ്ഥതയോടെ ചുറ്റും നോക്കിക്കൊണ്ടിരുന്നു. അർജ്ജുനൻ മാതാവിന്റ ആ മാറ്റം ശ്രദ്ധിച്ചു. 'എന്താണ് അമ്മേ എന്തെങ്കിലും മറന്നുവോ?' 'ഇല്ല അർജ്ജുനാ.. നീ ചുറ്റും നോക്കൂ. ഈ യാത്രയയപ്പ്. അതത്ര ശുഭസൂചകമല്ല. വാരണവാതം... അതിന്റെ പ്രൗഢി, ഉത്സവത്തിന്റെ ബഹുമുഖ വർണനകൾ‍... എല്ലാം പറഞ്ഞുപഠിപ്പിച്ചതുപോലെയുള്ള കഥനം. അതിനിടയിൽ ഉത്സവത്തിനയക്കാൻ പതിവില്ലാത്ത ഉത്സാഹത്തോടെ കൗരവരും. കളവും പൊളിയും തിരിച്ചറിയാതായിപ്പോയോ നിങ്ങള്‍ക്ക്. യുദ്ധതന്ത്രങ്ങളും ആയുധവിദ്യകളും ശേഖരിച്ചുവയ്ക്കാനുള്ള അറയായി മാത്രം മാറിയോ തല?'

യുധിഷ്ഠിരൻ ആലോചനാപൂർവം പറഞ്ഞു. അമ്മ പറഞ്ഞത് സത്യമാണ്. 'ഒരു തിടുക്കം എല്ലാ കണ്ണുകളിലും കണ്ടിരുന്നു. യാത്ര പറയുമ്പോൾ വലിയച്ഛൻ അമർത്തിപ്പിടിച്ച ചെങ്കോൽ ഞെരിയുന്നതു ഞാൻ കണ്ടു. പക്ഷേ എന്തും വരട്ടെ അമ്മേ. ഞങ്ങൾ 5 പേരെയും ആർക്ക് എതിരിടാനാവും.' 

'വിദുര മഹാശയൻ എന്താണ് ചൊല്ലിയയച്ചത്?' കുന്തി ആകാക്ഷയോടെ ചോദിച്ചു. 'ഒരുപാട് ഉപദേശങ്ങൾ നൽകിക്കൊണ്ടിരുന്നതിനാൽ എനിക്കു കൂടുതൽ ശ്രദ്ധിക്കാനായില്ല', ഭീമൻ അസഹ്യതയോടെ പറഞ്ഞു. 'അദ്ദേഹം വെറുവാക്കു പറയാറില്ല. തൊടുക്കുമ്പോൾ നൂറും കൊള്ളുമ്പോൾ ആയിരവുമാകുന്ന തീക്ഷ്ണ ശരങ്ങളാണ് അദ്ദേഹത്തിന്റെ നാവ്. എന്തൊക്കെയാണ് ഉപദേശിച്ചതെന്ന് പറയൂ', കുന്തി യുധിഷ്ഠിരന്റെ നേരേ സകൂതം മിഴിനട്ടു. 

ലോഹമല്ലാത്ത തീക്ഷ്ണശസ്ത്രത്തെ സൂക്ഷിക്കുക, മുള്ളൻപന്നിയോടെതിരിടുമ്പോൾ മുള്ളൻപന്നിയുടെ ഗുഹയിൽ ഒളിക്കണമെന്നും, നക്ഷത്രം വഴികാട്ടിടുമെന്നുമൊക്കെ പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ ആണ് പറഞ്ഞത്. കുന്തിയുടെ കണ്ണുകളിൽ ഭീതിയുടെ തീയാളി. അതെ സംശയിച്ചതു ശരിതന്നെ.. എല്ലാം ഒരു നാടകം...

(തുടരും)

English Summary:

Agneyam Enovel written by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com