ADVERTISEMENT

അധ്യായം: ഏഴ്

ലോഹമല്ലാത്ത തീക്ഷ്ണ ശസ്ത്രത്തെ സൂക്ഷിക്കണമെന്നും, മുള്ളൻപന്നിയോട് എതിരിടുമ്പോൾ മുള്ളൻപന്നിയുടെ ഗുഹയിൽ ഒളിക്കണമെന്നും, നക്ഷത്രം വഴികാട്ടിടുമെന്നും പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ ആണ് അദ്ദേഹം പറഞ്ഞത്. കുന്തിയുടെ കണ്ണുകളിൽ ഭീതിയുടെ തീയാളി. അതിമനോഹര കാഴ്ചകളായിരുന്നു യാത്രയിലെമ്പാടും. സന്ന്യാസിമാരും ബ്രാഹ്മണരും പ്രമുഖരുമെല്ലാം സ്വീകരിക്കാൻ പലയിടങ്ങളിൽ കാത്തുനിന്നിരുന്നു. ഒടുവിൽ യാത്രയുടെ അവസാന ദിനം. വിശ്രമത്തിനായി നിർത്തിയപ്പോൾ പുരോചനനെത്തി വന്ദിച്ചു നിന്നു. 

'റാണി, കൊട്ടാരത്തിൽ അൽപ്പം കൊത്തുപണികൾ കൂടി ബാക്കിയുണ്ടത്രെ. കുമാരന്മാരും റാണിയും 2 ദിനം എന്റെ ഗൃഹത്തിൽ തങ്ങണമെന്നു അഭ്യർഥന.'

കുന്തിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. 'നന്ദി പുരോചനാ. അവിടുത്തെ ആതിഥേയത്വം സ്വീകരിക്കുന്നതിൽ സന്തോഷമേയുള്ളൂ. ജനപഥത്തിലെ കാര്യങ്ങളെല്ലാം വിവരിക്കുകയും ചെയ്യാമല്ലോ.' 

വാരണവാതത്തിലെ കാനനഭംഗിയെക്കുറിച്ചു ചർച്ച ചെയ്തു കൊണ്ട് അവർ ഭവനത്തിലെത്തിച്ചേർന്നു. അവിടെ പാചകപ്പുരയിൽ നിന്നുയർന്ന മത്തുപിടിച്ച ഗന്ധം അവരെ ആഹ്ളാദത്തിലാക്കി. പുരോചനനും പത്നി സുധയും സൽക്കാരപ്രിയരായിരുന്നു. മക്കളായ മരുതനും നന്ദനും ചെറുപ്രായത്തിലേ സൈന്യത്തിലേക്കു ചേർന്നു, വൈകാതെ വീരസ്വർഗം പൂകുകയും ചെയ്തു. പുത്രദുഖമനുഭഭവിച്ചിരുന്ന സുധയ്ക്കു പാണ്ഡവർ മക്കളെപ്പോലെയാണ്. 

ഉത്സവം കാണലും ചുറ്റിക്കറങ്ങലും ദിവസങ്ങൾ കടന്നുപോയത് അറിഞ്ഞില്ല. വാരണവാതത്തിലെ ആ മനോഹര കൊട്ടാരം രാജകുമാരന്മാരെയും റാണിയെയും സ്വീകരിക്കാൻ തയാറായി. ജനങ്ങളെല്ലാം കൗതുകത്തോടെ നോക്കിയ ആ നിർമിതിയിലേക്ക് അവരെത്തി. മനോഹരമായ ഗൃഹത്തിന്റെ കാഴ്ചകളെല്ലാം അവരെ ആവേശഭരിതരാക്കി. പൂവം, പ്ലാശ്, ഇലന്ത മരങ്ങളുടെ തടികളാലാണ് കൊട്ടാരത്തിന്റെ ഭൂരിഭാഗവും നിർമിച്ചിരിക്കുന്നത്. നിരവധി വലിയ അറകൾ. എല്ലാ അറകളും മധ്യഭാഗത്തുള്ള വലിയ നൃത്തശാലയിലേക്കു തുറക്കും.

നൃത്തശാലയുടെ മേൽക്കൂരയിൽനിന്നു വർണാഭമായ വലിയ അലുക്കുകള്‍ തൂങ്ങിയാടി. പക്ഷേ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ കരയുന്ന കിടക്കയ്ക്ക് ഭീമസേനന്റെ ഭാരം താങ്ങാനായില്ല. മാത്രമല്ല, ജാലകങ്ങളെല്ലാം രണ്ട് ആൾ പൊക്കത്തിലായിരുന്നു. അടുത്തിടെ മാത്രം പണി കഴിഞ്ഞതിനാൽ അരക്കിന്റെ ഗന്ധവും അവിടെയാകെയുണ്ട്. ധൂപത്തൊട്ടികളിൽ ഉയർന്ന ചന്ദനഗന്ധത്തിന് ഭീമസേനന്റെ നാസികയെ കബളിപ്പിക്കാനായില്ല. ഭീമസേനൻ തന്റെ ഉറക്കം നൃത്തശാലയിലിട്ടിരുന്ന ഭീമാകാരമായ സപ്രമഞ്ചത്തിലേക്കു കിടപ്പ് മാറ്റി. വേട്ടയാടലും ചുറ്റിയടിക്കലും ഗ്രാമവാസികൾക്കു ദാനദർമ്മങ്ങളുമായി കുമാരന്മാരെല്ലാം എന്നും തിരക്കിലായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർക്കൊരു കാര്യം മനസിലായി. സുഖസമൃദ്ധിയുടെ നടുവിലും ബന്ധനത്തിലായിരുന്നു അവർ എന്ന യാഥാർഥ്യം.

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

അതേസമയം തിരക്കിലായിരുന്നു ചന്ദ്രപ്രഭനും സംഘവും. 11 തുരങ്ക കവാടങ്ങളും ചുരുള്‍ അറകളുമായിരുന്നു അവർക്കു നിർമിക്കേണ്ടിയിരുന്നത്. കവാടങ്ങളെല്ലാം വൃത്താകൃതിയുള്ള വലിയ ഒരു അകത്തളത്തിൽ‌ ഒന്നിക്കുകയും അവിടെ നിന്നു പോകുന്ന 11 കവാടങ്ങളിലൊന്നു ലക്ഷ്യസ്ഥാനത്തെത്തുകയും ചെയ്യുന്നതാവണം. കരിങ്കൽ ചീളുകള്‍ മാറ്റാൻ അവന്റെ ബുദ്ധിയിലുദിച്ച ഒരു തരം യന്ത്രസംവിധാനം  പ്രയോജനപ്പെടുത്തി. നീക്കം ചെയത മണ്ണ് ചെറിയ ചക്രങ്ങൾ ഘടിപ്പിച്ച പലകയിലേക്കു വയ്ക്കുകയും പുറത്തുനില്‍ക്കുന്ന മല്ലന്മാർ‍ അതൊക്കെ വലിച്ചുമാറ്റുകയും ചെയ്യുക എന്നതായിരുന്നു ആശയം.

തുരങ്കത്തിനുള്ളിൽ‌ ഇരുട്ടായതിനാൽ മണലുപയോഗിച്ചുള്ള ഒരു യന്ത്രസംവിധാനമായിരുന്നു സമയം കണക്കാക്കാനുപയോഗിച്ചിരുന്നത്. ദൂരെനിന്നും കുതിരപ്പടയാളികളുടെ സംഘം നദീതീരത്തുകൂടി കുതിച്ചെത്തുന്നത് യുയുത്സുവിന്റെ അംഗരക്ഷകനായ മൃണാറിന്റെ ശ്രദ്ധയിലാണ് പെട്ടത്. 24 മണിക്കൂറും 4 ദിശകളിലും ജാഗ്രതയോടെ വിശ്വസ്തരെ നിൽക്കാന്‍ യുയുത്സു ഏൽപ്പിച്ചിരുന്നു. സംഘം മണൽപ്പരപ്പിലേക്കെത്തിയതും സർപ്പവിഷം പുരട്ടിയ അസ്ത്രങ്ങൾ ഓരോരുത്തരുടെയും നെഞ്ചിൽ പതിച്ചു.

(തുടരും)

English Summary:

Agneyam Enovel written by Sanu Thiruvarppu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com