സ്കൂളിലെ വിശേഷങ്ങള് പങ്കുവെച്ച് തിത്തിമി; 'ടീച്ചറുടെ പ്രിയപ്പെട്ടവളാകാൻ മോഹം'

Mail This Article
അധ്യായം: പതിനാല്
വീട്ടിൽ വന്ന തിത്തിമി അമ്മയെക്കണ്ടതും ക്ലാസിലെ വിശേഷം പറഞ്ഞു, 'ശ്രീദേവി കല്യാണമണ്ഡലത്തിൽ വച്ച് അടുത്താഴ്ച ഞങ്ങടെ ഡാൻസ് ഉണ്ട്. അമ്മേം വരണം.' അമ്മ ചോദിച്ചു, 'എന്തിന്റെ പരിപാടിയാ മോളേ?' 'സ്കൂൾ ഡേയുടെ പരിപാടിയാ. അമ്മയും അച്ഛനും പരിപാടി കാണാൻ വരണമെന്ന് ടീച്ചർ പറഞ്ഞു. പിന്നെ അച്ഛൻ അന്നു ലീവെടുക്കണം.' തിത്തിമി ആളങ്ങ് സീരിയസായി.
ഇത്രയും കേട്ടതും അവളോട് അച്ഛന്റെ ചോദ്യം. 'പരിപാടി എവിടെ വച്ചാണെന്നാ പറഞ്ഞെ?' തിത്തിമി ഒന്നും സംഭവിക്കാത്തതു പോലെ വീണ്ടും പറഞ്ഞു. 'ശ്രീദേവി കല്യാണമണ്ഡലം. എന്താ കുഴപ്പം? ടീച്ചറ് പറഞ്ഞല്ലോ, ശ്രീദേവി കല്യാണമണ്ഡലം സ്കൂളിന് അടുത്താണെന്ന്.' അച്ഛന്റെ കളിയാക്കല് മനസ്സിലാവാതെപോയ തിത്തിമിയോട് അമ്മ പറഞ്ഞു, 'മോളേ, ശ്രീദേവി കല്യാണമണ്ഡലമല്ല, കല്യാണമണ്ഡപം.'
ഉടനെ തിത്തിമി, 'കല്യാണമണ്ഡലമെന്നാ ടീച്ചർ പറഞ്ഞത്. വേറെയൊന്നും എനിക്കറിഞ്ഞൂടാ.' അച്ഛൻ വീണ്ടും കളിയാക്കി. 'ടീച്ചർ എന്താ പറഞ്ഞെ, ശ്രീദേവി കല്യാണമണ്ഡലത്തി വച്ചാ മോൾടെ കല്യാണം എന്നു പറഞ്ഞോ?' അമ്മ ഇടപെട്ടു, 'ചുമ്മാ പോ. കൊച്ചിനെ കളിയാക്കാതെ.'
പിന്നെ തിത്തിമി എന്തോ വലിയ കാര്യം പറയുന്നതു പോലെ അമ്മയെ അറിയിച്ചു. 'പിന്നെ എന്നും വീട്ടില് വന്നിട്ട് അരമണ്ഡലത്തില് നിൽക്കണമെന്നാ ടീച്ചറ് പറഞ്ഞെ.' അച്ഛൻ വീണ്ടും അവളെ കുറുമ്പത്തിയാക്കാൻ ചോദിച്ചു, 'എന്തില് നിൽക്കണമെന്ന്. അരമണ്ഡലത്തിലോ...' 'ഈ അച്ഛന് ചുമ്മാ ഒന്നും അറിയത്തില്ല. ദാ ഇങ്ങനെ. ഇങ്ങനെ നിൽക്കുന്നതിനെയാ അരമണ്ഡലത്തി നിൽക്കുന്നതെന്നാ ടീച്ചറ് പറഞ്ഞെ. അമ്മയ്ക്കറിയാമോ അരമണ്ഡലത്തി നിൽക്കാൻ. ദേവനന്ദയ്ക്ക് അറിയാമെന്നു പറഞ്ഞ്. അവള് വീടിനടുത്ത് ഡാൻസ് പ്രാക്ടീസിന് പോകുന്നുണ്ടമ്മേ.'
എല്ലാം കേട്ടുവന്ന മുത്തശ്ശി അവളുടെ വർത്തമാനങ്ങൾ ഓരോന്നായി കേട്ടിരിക്കുകയാണ്. എന്നിട്ട് അവളെ അടുത്തു വിളിച്ച് ചോദിച്ചു, 'എന്തുവാ മോളേ, നീയി പറയുന്നെ. ക്ലാസ് വിട്ടു വന്നിട്ട് അവൾക്ക് വല്ലതും കഴിക്കണമെന്ന് വല്ല വിചാരവും ഉണ്ടോ എന്നു നോക്കിയേ. പോയി വല്ലതും കഴിച്ചിട്ട് മതി ബാക്കി വർത്താനം.'
തിത്തിമി വർത്തമാനം നിർത്തുന്നില്ല. ഇത്തവണ അവൾ അച്ഛനെ കയ്യിലെടുത്തിരിക്കുകയാണ്. കടയിൽ നിന്ന് എന്തെങ്കിലും സാധനങ്ങൾ വേണമെങ്കിലാണ് അവൾ ബുദ്ധിപരമായി അച്ഛന്റെ അടുത്തേക്ക് വരുന്നത്. 'അച്ഛാ , പിന്നേ, ടീച്ചറ് പറഞ്ഞ് ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന എല്ലാ കുട്ടികളും സ്വന്തമായി മേക്കപ്പ് സെറ്റ് വാങ്ങിക്കണമെന്ന്.' ഉടനെ തിത്തിമീടച്ഛൻ പറഞ്ഞു, 'അതിനെന്താ നമുക്ക് ഇവിടെ അടുത്തുള്ള ഏതെങ്കിലും കടയിൽ നിന്ന് വാങ്ങിക്കാട്ടോ' ഉടനെ തിത്തിമി നയം വ്യക്തമാക്കി. 'അയ്യോ, ചെറിയ മേക്കപ്പ് സെറ്റ് പോരാ. സിന്ധുച്ചേച്ചീടെ കയ്യിലുള്ള പോലത്തെ വലിയ മേക്കപ്പ് സെറ്റില്ലേ, അതു തന്നെ കൊണ്ടുവരണമെന്നാ ടീച്ചറ് പറഞ്ഞെ.'
.jpg)
'അതെന്താ, മോള് ക്ലാസില് ബ്യൂട്ടിപാർലറ് തുടങ്ങാൻ പോവുന്നോ? അതൊന്നറിയണമല്ലോ ടീ. നീ നാളെ രാവിലെ അവളെ കൊണ്ടുവിടാൻ പോവുമ്പം ടീച്ചറോട് വലിയ മേക്കപ്പ് സെറ്റ് വേണോ എന്നൊന്ന് ചോദിക്കണേ.' അച്ഛൻ പറഞ്ഞു. തിത്തിമിയുടെ അമ്മയുടെ കൂട്ടുകാരിയാണ് സിന്ധുച്ചേച്ചി. സിന്ധുച്ചേച്ചി ബ്യൂട്ടിപാർലർ നടത്തുന്നുണ്ട്. അവിടെച്ചെന്ന് ഓരോന്നൊക്കെ കണ്ടിട്ടാണ് തിത്തിമി സിന്ധുച്ചേച്ചിയുടെ മേക്കപ്പ്സെറ്റ് എന്നു പറഞ്ഞത്.
പിറ്റേന്ന് തിത്തിമിയെ ക്ലാസിൽ കൊണ്ടുവിടാൻ ചെന്നപ്പോ തിത്തിമീടമ്മ ടീച്ചറോട് ചോദിച്ചു, 'എല്ലാ കുട്ടികളും വലിയ മേക്കപ്പ്സെറ്റ് കൊണ്ടുവരണോ എന്ന്.' ഉടനെ ടീച്ചറിന്റെ മറുപടി, 'അയ്യോ, ഞാൻ അങ്ങനെയല്ല പറഞ്ഞത്. ഏതെങ്കിലും ഒരു കുട്ടി പ്രോഗ്രാമിന് വരുമ്പോ ഒരു മേക്കപ്പ് സെറ്റ് കൊണ്ടുവരണേ എന്നാ. അതിപ്പം മോള് തന്നെ കൊണ്ടുവരണമെന്നുമില്ല. ആര് കൊണ്ടുവന്നാലും മതി.' തിത്തിമി ഞാനൊന്നമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടിൽ അടുത്തുനിന്നിട്ട് ഓടി ക്ലാസിലേക്ക് പോയി.
കാര്യം എന്താണെന്നു വച്ചാൽ, ക്ലാസിൽ ടീച്ചർ എന്തെങ്കിലും ജോലി ഏൽപിച്ചാൽ അതു തിത്തിമിക്കു തന്നെ ഏറ്റെടുത്ത് ചെയ്യാൻ വലിയ ഇഷ്ടമാണ്. ടീച്ചർമാരുടെ ഇഷ്ടക്കാരിയായി മാറാനുള്ള എളുപ്പവഴി അതാണെന്ന് തിത്തിമിക്കറിയാം.
(തുടരും)